KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

കോഴിക്കോടും കായൽപട്ടണവും: ദക്ഷിണേന്ത്യയിലെ രണ്ട് മധ്യകാല തുറമുഖങ്ങൾ

ഡോ: അനസ് ബാബു ടി.

Antiquariat Daša Pahor/Johannes Van Keulen

പുരാതനകാലം മുതൽ തന്നെ ഇന്ത്യയുടെ ദക്ഷിണ മേഖല, മറ്റിടങ്ങളിൽ നിന്നും വിഭിന്നമായി അറേബ്യൻ ഉപദ്വീപ്, പേർഷ്യ, ഗ്രീക്ക്, റോം തുടങ്ങിയ വ്യത്യസ്ത ലോക രാജ്യങ്ങളുമായും സാമ്രാജ്യങ്ങളുമായും വാണിജ്യവിഭാഗങ്ങളുമായും വ്യാപാര ബന്ധത്തിൽ ഏർപ്പെടുകയും ദൃഢമായ ഇത്തരം സമ്പർക്കങ്ങളിലൂടെ ദക്ഷിണേന്ത്യൻ നാട്ടുരാജ്യങ്ങളിൽ മുസിരി പട്ടണം, അരിക്കമേട്, കോർക്കൈ തുടങ്ങിയ പിന്നീട് പ്രശസ്തമായി തീർന്ന നിരവധി തുറമുഖങ്ങൾ രൂപപ്പെടുകയും ചെയ്തിരുന്നു. ഇത്തരത്തിലുളള മിക്ക തുറമുഖങ്ങളും പിൽക്കാലത്ത് വലിയ നഗരങ്ങളായി മാറുകയും സമീപഭാവിയിൽ ഒരു പ്രക്രിയയെന്നോണം കോസ്മോപൊളിറ്റൻ മണ്ഡലങ്ങളായി വികാസം പ്രാപിക്കുകയും ചെയ്തത് നമുക്ക് കാണാൻ സാധിക്കും.


വസ്തുക്കൾ, ജീവജാലങ്ങൾ, സസ്യങ്ങൾ എന്നിവയോടൊപ്പം ആശയങ്ങളും സമുദ്രാനന്തര വ്യാപാരത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. ജൂതൻമാരുടേയും ക്രിസ്ത്യാനികളുടേയും മുസ്ലിംകളുടേയും ഇന്ത്യൻ മഹാസമുദ്രത്തിലെ ഒഴുക്കും, ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്കും മറ്റു തെക്കു കിഴക്കേഷ്യൻ രാജ്യങ്ങളിലേക്കുമുള്ള ബുദ്ധമതത്തിന്റെ വ്യാപനവും ഇതിന്റെ മകുടോദാഹരണങ്ങളാണ്.


ഏഴാം നൂറ്റാണ്ടിൽ ഇസ്ലാമിന്റെ ഉദയമായിരുന്നു ലോകത്തിന്റെ പല ഭാഗങ്ങളുമായുളള അറബികളുടെ വാണിജ്യ ബന്ധങ്ങൾക്ക് പുതിയ കുതിപ്പേകിയത്. രണ്ടാം സഹസ്രാബ്ദത്തിന്റെ ആദ്യ പകുതിയിൽ അതതിന്റെ ഉച്ചിയിലെത്തി. സമാനകാലഘട്ടത്തിൽ തന്നെയായിരുന്നു ദക്ഷിണേന്ത്യയിലെ പല പ്രാചീന തുറമുഖങ്ങളും കാലഹരണപ്പെടുകയും പുതിയ തുറമുഖങ്ങൾ ബദലായി വളർന്നു വരികയും ചെയ്തത്. ഇത്തരത്തിൽ തുറമുഖ നഗരങ്ങളായി വികസിച്ച രണ്ടിടങ്ങളാണ് മലബാർ തീരത്തെ കോഴിക്കോടും, കോറമണ്ടൽ തീരത്തെ കായൽപട്ടണവും.


കോഴിക്കോട്

പന്ത്രണ്ടാം നൂറ്റാണ്ടിലെ കുലശേഖര പെരുമാക്കളുടെ തകർച്ച ഒരു കേന്ദ്രീകൃത ഭരണകൂടത്തിൽ നിന്നും നാട്ടുരാജാക്കന്മാർക്കിടയിൽ കേരളത്തെ വിഭജിക്കുന്നതിന് കാരണമായി. കോഴിക്കോടും അതിന്റെ ഭരണാധികാരികളായിരുന്ന സാമൂതിരിമാരും കേരളത്തിലെ പ്രമുഖ ശക്തിയായി വളർന്നു വരികയും ചെയ്തു.


ചരിത്രാതീത കാലം മുതൽക്കെ ധാന്യവിളകളേക്കാൾ നാണ്യവിളകൾക്ക് അനുകൂലമായ ഭൂമിശാസ്ത്രവും കാലാവസ്ഥയുമായിരുന്നു ഇവിടങ്ങളിൽ ഉണ്ടായിരുന്നത് എന്നതിനാൽ, വിഭവ സമാഹരണത്തിനായി മറ്റു ദേശങ്ങളുമായുള്ള കടൽ കച്ചവടത്തിനെയായിരുന്നു മലബാർ തീരങ്ങൾ ആശ്രയിച്ചിരുന്നത്. ഇത്തരം സമുദ്രാന്തര കച്ചവടങ്ങളിലൂടെ കോഴിക്കോട് കേരളത്തിലെ നാട്ടുരാജാക്കന്മാർക്കിടയിലെ പ്രധാന തുറമുഖമായി വളർന്നുവരികയും അതേ സമയത്ത് അറബ് മുസ്ലിംകൾ ഇന്ത്യൻ മഹാസമുദ്ര വാണിജ്യത്തിലെ പ്രധാന ശക്തികളായി മാറുകയും പിന്നീടുള്ള രണ്ടു നൂറ്റാണ്ടുകൾ കോഴിക്കോടിന്റെ വാണിജ്യ പങ്കാളിയായി അവർ മാറുകയും ചെയ്തു.


മൺസൂൺ കാറ്റിന്റെ ഗതി ഇന്ത്യൻ മഹാസമുദ്രത്തിലെ കിഴക്കു നിന്നും പടിഞ്ഞാറു നിന്നുമുള്ള വ്യാപാരികളുടെ ഒരു അനിവാര്യ കേന്ദ്രമായി കോഴിക്കോടിനെ മാറ്റി. മധ്യകാല സഞ്ചാരിയായിരുന്ന ഇബ്നു മാജിദ് മൺസൂൺ കാറ്റിന്റെ ഗതികളെ കുറിച്ചും അതിൽ ഇന്ത്യൻ തീരങ്ങൾക്കുളള പങ്കിനെ കുറിച്ചും വിശദമായി വിവരിക്കുന്നുണ്ട്.


കോഴിക്കോടുള്ള ഇസ്ലാം മത വിശ്വാസികളെ പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് സഞ്ചാരിയായിരുന്ന ബാർബോസ പരദേശികളായ മുസ്ലിംകൾ എന്നും സ്വദേശികളായ മാപ്പിളകൾ എന്നും രണ്ടായി തരം തിരിക്കുന്നുണ്ട്. ഈജിപ്ഷ്യർ, പേർഷ്യക്കാർ, അറേബ്യൻ ഉപദ്വീപിലെ മറ്റു കച്ചവടക്കാർ തുടങ്ങിയവരായിരുന്നു പരദേശി മുസ്ലിംങ്ങളിൽ പ്രമുഖർ.


പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരുടെ ആഗമനം വരെ ഇവരായിരുന്നു കോഴിക്കോടിന്റ വിദേശ വാണിജ്യത്തെ നിയന്ത്രിച്ചിരുന്നത്. സാമൂതിരിമാരുടെ സാമ്പത്തിക അഭിവൃദ്ധി ഒരു പരിധിവരെ കടപ്പെട്ടിരുന്നതും ഇവരോടായിരുന്നു. ഇക്കാര്യം R. S. Whiteway തന്റെ 'The Rise of Portuguese Power in India 1497-1550' എന്ന കൃതിയിൽ കൃത്യമായി സൂചിപ്പിക്കുന്നുമുണ്ട്. എന്നാൽ, തദ്ദേശീയരായ മാപ്പിള മുസ്ലിംകൾ തീരദേശ- ഉൾനാടൻ വ്യാപാരത്തിലായിരുന്നു പൊതുവെ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്.


കോഴിക്കോടിന്റെ തുറമുഖപട്ടണമെന്ന തരത്തിലുള്ള വികാസത്തിന് മുമ്പേ തന്നെ മലബാറുമായി കച്ചവട ബന്ധത്തിൽ ഏർപ്പെട്ടിരുന്ന ഈജിപ്തിലെ കാരിമി വ്യാപാരികൾ പ്രധാനമായും കുരുമുളക് വാണിജ്യത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഈജിപ്ഷ്യൻ ഭരണകൂടം കാരിമി വ്യാപാരികൾക്ക് മാത്രമായി ഭരണ വകുപ്പുകൾ വരെ ഏർപ്പെടുത്തിയിരുന്നത് ഈജിപ്ഷ്യൻ വിഭവ സമാഹരണത്തിൽ അവർ വഹിച്ച പങ്കിനെ അടിവരയിടുന്നതായി നിരീക്ഷിക്കാനാവും. കോഴിക്കോടിന്റെ വളർച്ചയോടെ കോഴിക്കോടിന്റെയും ഈജിപ്തിന്റെയും വാണിജ്യത്തിന്റെ ഇടനിലക്കാരായി അവർ സ്വഭാവികമായും വളർന്നുവരികയും യമനിലെ ഏദൻ തുറമുഖവുമായി ബന്ധിച്ച് കോഴിക്കോട്-ഏദൻ-കൈറോ/അലക്സാണ്ട്രിയ വാണിജ്യ അച്ചുതണ്ട് രൂപീകരിക്കാൻ പാകത്തിൽ അവർ സ്വാധീന്യം കൈവരിക്കുകയും ചെയ്തു. ഈ വ്യാപാര വഴിയിലൂടെയായിരുന്നു ഈജിപ്തിൽ നിന്നും ചെങ്കടൽ വഴി വെനീഷ്യൻ കച്ചവടക്കാർ കോഴിക്കോടിലെ സുഗന്ധ വ്യഞ്ജനങ്ങൾ യൂറോപ്പിൽ എത്തിച്ചിരുന്നത്. യൂറോപ്പിലേക്കുള്ള സുഗന്ധ വ്യഞ്ജനങ്ങളുടെ ഇടനിലക്കാരായി കാരിമി വ്യാപാരികളെ അത് മാറ്റി. എ.ഡി 1502 ൽ നാലായിരത്തോളം കാരിമി വ്യാപാരികൾ കോഴിക്കോട് കുടിയേറിയതിന് ചരിത്രരേഖകളുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈജിപ്തിലെ മംലൂക്ക് ഭരണാധികാരികളുടെ പുതിയ വ്യാപാര നിയന്ത്രണങ്ങളായിരുന്നു കാരിമി വ്യാപാരികളുടെ തകർച്ചക്കു കളമൊരുക്കിയത്.


കോഴിക്കോടുമായി വാണിജ്യ സമ്പർക്കത്തിൽ ഏർപ്പെട്ട പരദേശി മുസ്ലിംകളിൽ മറ്റൊരു പ്രധാന വിഭാഗം അറേബ്യൻ ഉപദ്വീപിലെയും പേർഷ്യൻ ഗൾഫിലെയും കച്ചവടക്കാരായിരുന്നു. പ്രധാനമായും ഏദൻ, ഹോർമൂസ്, ബഹ്റൈൻ, ജിദ്ദ എന്നിവിടങ്ങളിൽ നിന്നുമുള്ളവരായിരുന്നു ഇവരിൽ സിംഹഭാവവും.


മധ്യകാല കേരളത്തിന് മറ്റേതൊരു തുറമുഖത്തെക്കാളും യമനിലെ ഏദൻ തുറമുഖവുമായുള്ള വാണിജ്യ ബന്ധം വലുതായിരുന്നു എന്ന് കാണാം. കേരളത്തിൻ്റെയും ഈജിപ്തിൻ്റെയും ഇടയിലുണ്ടായിരുന്ന ഏദൻ തുറമുഖത്തിന്റെ പങ്കിനെ മുമ്പ് സൂചിപ്പിച്ചുവല്ലോ. 1393 ൽ കോഴിക്കോട്ടിലെ പ്രബലരായ ഒരു കൂട്ടം വ്യാപാരികൾ കോഴിക്കോട് ഖാസിയുടെ നേതൃത്വത്തിൽ റസൂലിദ് സുൽത്താൻ അഷ്റഫിന് ഒരു കത്തയക്കുകയും സുൽത്താന്റെ പേരിൽ ഖുതുബ നിർവഹിക്കാൻ അനുമതി തേടുകയും ചെയ്തു. സുൽത്താൻ ഇതിനെ അംഗീകരിക്കുകയും ഒരു അലങ്കാര വസ്ത്രം ഖാസിക്ക് സമ്മാനമായി നൽകുകയും ചെയ്തു. ഹിന്ദു ഭരണാധികാരിയായ സാമൂതിരി ഭരിക്കുന്ന കോഴിക്കോടിലെ വെള്ളിയാഴ്ച ഖുതുബയിൽ റസൂലിദ് വംശ രാജാവിന്റെ പേരു പരാമർശിക്കുന്നു എന്നത് അടിവരയിടേണ്ടതാണ്. കോഴിക്കോടും ഏദൻ തുറമുഖവും തമ്മിലുള്ള സമ്പർക്കങ്ങളിൽ യമനിലെ റസൂലിദ് വംശത്തിനുള്ള തന്ത്രപ്രധാനമായ പങ്ക് ഖുതുബ നെറ്റ്‌വർക്കിൽ നിന്നും വ്യക്തമാവുന്നുണ്ട്. ഇത് റസൂലിദ് വംശത്തിന്റെ സമുദ്ര നയത്തിന്റെ ഭാഗമാണെന്നും, തൽഫലമായി കോഴിക്കോട്ടെ വ്യാപാരികളെ ഏദൻ തുറമുഖത്തേക്ക് ആകർഷിക്കാനും ശാഫി മദ്ഹബ് പിന്തുടരുന്ന മുസ്ലിം ദേശങ്ങളെ തങ്ങളോട് അടുപ്പിക്കാനുമുള്ള സൽത്തനേറ്റ് നയമായിരുന്നു എന്നും ഫ്രഞ്ച് ചരിത്രകാരനായ എറിക് വാലറ്റ് വാദിക്കുന്നുണ്ട്.


കോഴിക്കോടുമായി വാണിജ്യ ബന്ധത്തിൽ ഏർപ്പെട്ടിരുന്ന പരദേശി മുസ്ലിംകളുടെ പേര് വിവരങ്ങൾ ലഭിക്കുന്നതിനാൽ ഈ കത്ത് വളരെ നിർണായകമാണ്. എന്നാൽ 1420 കളോടെ റസൂലിദ് രാജ്യത്തുണ്ടായ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ ഫലമായി സുൽത്താൻ നാസർ അഹ്മദ് പുതിയ വാണിജ്യ നിയമങ്ങൾ നടപ്പിലാക്കി. ഇത് ചെങ്കടലുമായുള്ള വാണിജ്യ ബന്ധത്തിന്ന് പുതിയ ഒരു തുറമുഖത്തെ കണ്ടെത്തുന്നതിലേക്കു നയിച്ചു. തൽഫലമായി ജിദ്ദ തുറമുഖം കോഴിക്കോടിന്റെയും ഈജിപ്തിന്റെയും ഇടനില തുറമുഖമായി വളർന്നു വന്നു. ജിദ്ദ തുറമുഖവുമായി കോഴിക്കോടിലെ വ്യാപാരികൾക്ക് ദൃഢമായ കച്ചവട ബന്ധമുണ്ടായിരുന്നു. 1483 മുതൽ 1496 വരെ ഇന്ത്യയിൽ നിന്നും ജിദ്ദയിലെത്തിയ വാണിജ്യ കപ്പലുകളിൽ കൂടുതലും കോഴിക്കോട് നിന്നുള്ളവരായിരുന്നു എന്ന് സഞ്ജയ് സുബ്രഹ്മണ്യൻ, മുസഫർ ആലം എന്നിവർ സൂചിപ്പിക്കുന്നുണ്ട്.


ഇവരെ കൂടാതെ പേർഷ്യക്കാരും മറ്റു ദേശങ്ങളിൽ നിന്നുള്ള മുസ്ലിംകളും കോഴിക്കോടിന്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിച്ചു. ഇവരുടെ സാമീപ്യത്താൽ കോഴിക്കോട് ഒരു പ്രധാന മുസ്ലിം കുടിയേറ്റ നഗരമായി വളർന്നു. ചൈനീസ് സഞ്ചാരിയായിരുന്ന മാഹ്വാൻ പതിനഞ്ചാം നൂറ്റാണ്ടിൽ 20 മുതൽ 30 വരെ മുസ്ലിം പള്ളികൾ കോഴിക്കോടുണ്ടായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ലുത്ഫി എന്ന ഓട്ടോമൻ നാവികനും 1566 ൽ 24 പള്ളികളുള്ള, കൂടുതലായി മുസ്ലിംകൾ വസിക്കുന്ന ഒരു ദേശമായി കോഴിക്കോടിനെ പരാമർശിക്കുന്നുണ്ട്.


സാമൂതിരിമാരുടെ അറബികളോടുള്ള സമീപനവും ഇവിടെ അടിവരയിടേണ്ടതുണ്ട്. തങ്ങളുടെ വിഭവ സമാഹരണത്തിന്റെ ഏറിയ പങ്കും വാണിജ്യത്തിൽ നിന്നായിരുന്നതിനാൽ കച്ചവടക്കാർക്ക് ആവശ്യമായ എല്ലാ വിധ പിന്തുണയും, സ്വാതന്ത്ര്യവും, സുരക്ഷിതത്വവും സാമൂതിരിമാർ ഉറപ്പു വരുത്തിയിരുന്നു. ഇത് മധ്യകാല സഞ്ചാരികളായിരുന്ന ഇബ്നു ബത്തൂത്ത, അബ്ദുറസാഖ്, പിരാഡ്(Francois Pyrard de Laval) തുടങ്ങിയവരുടെ യാത്രാവിവരണങ്ങളിൽ നിന്നും, കേരളോല്പത്തി പോലുള്ള തദ്ദേശീയ കൃതികളിൽ നിന്നും വ്യക്തമാണ്. പരദേശി മുസ്ലിംകളോട് സാമൂതിരി പ്രത്യേക താല്പര്യം പ്രകടിപ്പിച്ചിരുന്നു എന്ന് ഇവയിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. തൽഫലമായി, സാമൂതിരിമാർ പരദേശി അറബികൾക്ക് തന്ത്രപ്രധാനമായ പല ഭരണ ചുമതലകളും നൽകിയിരുന്നു. ശാഹ്ബന്ധർ കോയയെ തുറമുഖ സ്ഥാനപതിയാക്കിയത് ഇതിന് തെളിവാണ്. മുസ്ലിംകൾക്ക് തങ്ങളുടെ നിയമ പ്രമാണമനുസരിച്ച് നീതി നടത്താനുള്ള സ്വാതന്ത്ര്യം പോലും സാമൂതിരിമാർ നൽകിയിരുന്നു. ഇവകൂടാതെ തന്റെ രാജ്യത്ത് മുസ്ലിം പള്ളി നിർമ്മിക്കുന്നതിനായി ഭൂമി ദാനം ചെയ്തതിനും ചരിത്രരേഖകളുണ്ട്.


കായൽപട്ടണം

ഇന്ത്യയിലെ സമുദ്രാനന്തര വാണിജ്യത്തിന്റെ അച്ചുതണ്ട് മലബാർ തീരമായിരുന്നെങ്കിലും കോറമണ്ടൽ തീരദേശവും ലോകത്തിന്റെ മറ്റു തുറമുഖങ്ങളുമായി പുരാതന കാലം തൊട്ടേ വ്യാപാര ബന്ധത്തിലേർപ്പെട്ടിരുന്നു. ഇവിടത്തെ പവിഴങ്ങളും തുണിത്തരങ്ങളും ആഗോളതലത്തിൽ തന്നെ പ്രിയമേറിയവയായിരുന്നു. സംഘകാല കൃതികളും വിദേശ നാടുകളിലെ നാണയങ്ങളും (ഗ്രീക്ക്, റോമൻ) കോറമണ്ടൽ തീരത്തിന്റെ പുരാതന സർവ്വദേശ വാണിജ്യ ബന്ധത്തെ കൃത്യമായി സൂചിപ്പിക്കുന്നുണ്ട്. ഇതിൽ നിർണായകമായ പങ്ക് വഹിച്ചിരുന്ന കോറമണ്ടൽ തീരം അറബികൾക്കിടയിൽ മഅ്ബർ എന്നാണ് അറിയപ്പെട്ടിരുന്നത് .


എ.ഡി എട്ടാം നൂറ്റാണ്ടോടു കൂടി പുരാതന തുറമുഖമായിരുന്ന കോർക്കൈയുടെ പതനാനന്തരമാണ് കായൽപട്ടണം ഒരു സുപ്രധാന തുറമുഖമായി കോറമണ്ടൽ തീരത്തു വളർന്നുവന്നത്. പിന്നീട് പതിമൂന്നാം നൂറ്റാണ്ടിലും പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഇന്ത്യയുടെ തെക്കു-കിഴക്കൻ തീരത്തിലെ സുപ്രധാന തുറമുഖമായി കായൽപട്ടണം രൂപപ്പെട്ടതായി സമകാലീന വിവരണങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മാർക്കോ പോളോ എന്ന ഇറ്റാലിയൻ സഞ്ചാരിയാണ് പതിമൂന്നാം നൂറ്റാണ്ടിൽ ഈ തുറമുഖത്തെ കുറിച്ചുള്ള ആദ്യ വിവരണം നൽകുന്നത്. കായൽ എന്നാണ് അദ്ദേഹം ഈ തുറമുഖത്തെ പരാമർശിക്കുന്നത്. തുടർന്നുവന്ന പല സഞ്ചാരികളും കാബിൽ, കാബൽ, ചയൽ, കായിൽ എന്നിങ്ങനെ പല പേരുകളിൽ ഈ തുറമുഖത്തെ വിശേഷിപ്പിക്കുകയുണ്ടായി. പശ്ചിമേഷ്യൻ തുറമുഖങ്ങളായ ഹോർമുസ്, കിസ്, ഏദൻ എന്നിവിടങ്ങളിലെയും ചൈനയിൽ നിന്നുള്ളതുമായ കപ്പലുകൾ ഇവിടെ നങ്കൂരമിട്ടിരുന്നതായി അക്കാലത്തെ സഞ്ചാരികൾ സൂചിപ്പിക്കുന്നുണ്ട്.


മധ്യകാല കായൽ തുറമുഖത്തിന്റെ സ്ഥാനനിർണയത്തിൽ ആധുനിക ചരിത്രകാരന്മാർക്കിടയിൽ പല അഭിപ്രായങ്ങളുണ്ടങ്കിലും കായൽ ദേശത്തെ ജനങ്ങളുടെ പിന്തുടർച്ചക്കാരാണ് ഇന്നത്തെ കായൽപട്ടണതിലുള്ളത് എന്നതിൽ ഭിന്നമായ വീക്ഷണങ്ങളില്ല. തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലാണ് ഇന്ന് കായൽപട്ടണം സ്ഥിതി ചെയ്യുന്നത്.


അറബികളെ കായൽ തുറമുഖത്തേക്ക് ആകർഷിക്കുന്നത് ദൃഢമായ കുതിരക്കച്ചവടത്തിലൂടെയായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ ഫലമായി തെക്കേ ഇന്ത്യയിലെ രാജാക്കന്മാർക്കിടയിലെ സായുധ സേനയിലെ അവിഭാജ്യ ഘടകമായി കുതിരപ്പട മാറിയിരുന്നു. അതേപോലെ മധ്യകാല വാണിജ്യത്തിലെ ആഡംബര വസ്തുവായും രാജാക്കമാരുടെ അധികാര-അന്തസ്സിന്റെ പ്രതീകമായും കുതിരകളെ കണക്കാക്കപ്പെട്ടിരുന്നതായും കാണാം. എന്നാൽ ആവശ്യകതക്കനുസൃതമായ കുതിരകളുടെ പ്രജനനം ഇവിടെയുണ്ടായിരുന്നില്ല. ഇതു ലോകത്തിലെ മികച്ച കുതിരകളായിരുന്ന അറേബ്യൻ, പേർഷ്യൻ കുതിരകളെ ദക്ഷിണേന്ത്യയിലേക്കു ധാരളമായി ഇറക്കുമതി ചെയ്യുന്നതിന് കാരണമായി. ഇതിൽ തന്നെ പതിമൂന്നാം നൂറ്റാണ്ടിൽ കൂടുതൽ യുദ്ധ കുതിരകളെ ഇറക്കുമതി ചെയ്തിരുന്ന നാട്ടുരാജ്യമായിരുന്നു രണ്ടാം പാണ്ഡ്യ വംശം. കടൽ മാർഗത്തിലൂടെ അറേബ്യൻ വ്യാപാരികളായിരുന്നു ദക്ഷിണേന്ത്യയിലേക്ക് കുതിരകളെ എത്തിച്ചിരുന്നത്.


പാണ്ഡ്യരാജാക്കന്മാർക്ക് കുതിരകൾ നിരന്തരമായി ആവശ്യമായി വന്നതും അറബികളുടെ ദൃഢമായ കച്ചവട ബന്ധവും മാർക്കോ പോളോ, വസാഫ് തുടങ്ങിയ സഞ്ചാരികളുടെ കുറിപ്പുകളിൽ നിന്നും വ്യക്തമാവുന്നുണ്ട്. ഓരോ വർഷവും പതിനായിരക്കണക്കിന് കുതിരകളെ പാണ്ഡ്യരാജാക്കന്മാർ സ്വന്തമാക്കിയിരുന്നു എന്ന് വസാഫ് സൂചിപ്പിക്കുന്നുണ്ട്. അറേബ്യയിൽ നിന്നും ഇറക്കുമതി സമയത്ത് യാത്രാക്ലേശം കൊണ്ട് മരണപ്പെട്ട കുതിരകൾക്ക് പോലും പണം നൽകിയിരുന്നുവെന്ന് മാർക്കോ പോളോയും സൂചിപ്പിക്കുന്നു. അറബികൾ കായൽ തുറമുഖത്തേക്ക് ആകർഷിച്ച പോലെ മറ്റേതൊരു ഇന്ത്യൻ തെക്കു-കിഴക്കൻ തുറമുഖത്തേക്കും ആകർഷിക്കപ്പെട്ടിരുന്നില്ല എന്ന് ഈ വിവരങ്ങൾ വ്യക്തമാക്കുന്നുണ്ട്.


ദൃഢമായ കുതിരക്കച്ചവടത്തിലൂടെ അറബികളിൽ പലരും കായൽ തുറമുഖത്ത് കുടിയേറുകയുണ്ടായി. പതിനാലാം നൂറ്റാണ്ടിലെ തുടക്കത്തിൽ പാണ്ഡ്യ വംശത്തിന്റെ പതനത്തിനു ശേഷം അവരിൽ പലരും പവിഴവ്യാപാരികളായി തീരുകയും അതിന്റെ വാണിജ്യ നിയന്ത്രണം കൈവശപ്പെടുത്തുകയും ചെയ്തു. പാണ്ഡ്യ വംശത്തിന്റെ പതനത്തിനുശേഷം അറബികളുടെ കായലുമായുള്ള കച്ചവട ബന്ധം അവസാനിക്കുകയും അവിടെ കുടിയേറിയ അറബികളും അവരുടെ പിന്തുടർച്ചക്കാരായ മരക്കായർമാരും പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരുടെ ആഗമനം വരെ വാണിജ്യത്തെ നിയന്ത്രിക്കുകയും ചെയ്തു.


കോഴിക്കോട്ടെ സാമൂതിരിമാർക്ക് സമാനമായി മധുരയിലെ പാണ്ഡ്യ രാജാക്കന്മാരും തങ്ങളുടെ കച്ചവടക്കാർക്ക് എല്ലാവിധ പിന്തുണയും ഉറപ്പുനൽകിയിരുന്നു. ഇതിൽ അറബികളോട് പാണ്ഡ്യരാജാക്കന്മാർക്ക് പ്രത്യേക താല്പര്യം നിലനിന്നിരുന്നതാൽ ധാരാളം അറബി മുസ്ലിംകൾ കായൽ പട്ടണത്തിലേക്ക് കുടിയേറുകയുണ്ടായി. അറബ് കുടിയേറ്റങ്ങൾ കായൽ പട്ടണത്തിൽ മുമ്പേ ആരംഭിച്ചിട്ടുണ്ടെങ്കിലും പതിമൂന്നാം നൂറ്റാണ്ടിലെ ദൃഢമായ വാണിജ്യ ബന്ധം അതിന്റെ തോത് വർധിപ്പിച്ചു. ഇത് സമകാലീന സഞ്ചാരകൃതികളിൽ നിന്നും കായൽപട്ടണത്തു നിന്ന് കണ്ടെടുക്കപ്പെട്ട ശിലാലിഖിതങ്ങളിൽ നിന്നും വ്യക്തമാണ്.


ഈ കുടിയേറ്റങ്ങളിൽ ഏറ്റവും പ്രശസ്തമായത് 1280 കളിൽ മാലിക് തഖിയുദ്ധീൻ തീബിക്കു കീഴിലുള്ളതാണ്. കായിസ് ദ്വീപിലെ ഭരണാധികാരിയായിരുന്ന ശൈഖ് ജമാലുദ്ദീൻ തീബിയുടെ സഹോദരനായിരുന്നു മാലിക് തീബി. സമുദ്രാനന്തര വാണിജ്യത്തിലുള്ള മാലിക് തീബിയുടെ സ്വാധീനം കണക്കിലെടുത്ത് അന്നത്തെ പാണ്ഡ്യരാജാവ് സുന്ദരപാണ്ടി അദ്ദേഹത്തെ കായൽ, ഫത്താൻ, മാലി ഫത്താൻ എന്നീ തുറമുഖങ്ങളിലെ ഗവർണറാക്കി. യമനിനും ഇന്ത്യക്കുമിടയിലെ വ്യാപാര ബന്ധങ്ങളിൽ ഏറ്റവും പ്രഗൽഭനായ വ്യാപാരിയായിരുന്നു മാലിക് തീബി എന്ന് യമനി റസൂലിദ് സുൽത്താനായിരുന്ന മുസഫർ രാജാവിന്റെ ഖുത്തുബ നെറ്റ്‌വർക്കിൽ നിന്നും വ്യക്തമാണ്. കടൽകൊള്ളക്കാരുടെ ആക്രമണത്തിൽ നിന്നും സംരക്ഷണം നൽകാൻ റസൂലിദ് സുൽത്താൻ പ്രത്യേക സൈന്യത്തെ മാലിക് തീബിക്കു അനുവദിച്ചിരുന്നു. മറ്റൊരു സ്വാധീനമുള്ള അറബ് വ്യാപാരിയായിരുന്ന അബു അലിയെ പാണ്ഡ്യ സഹോദരന്മാർക്കിടയിലെ ആറാമത് സഹോദരൻ എന്ന പദവി നൽകി ആദരിച്ചിരുന്നു. ഇതുകൂടാതെ പാണ്ഡ്യരാജാക്കന്മാർ നയതന്ത്ര ദൗത്യത്തിനായി മുസ്ലിംകളെ ചൈനയിലേക്ക് അയച്ചിരുന്നതായും ചരിത്രത്തിൽ പരാമർശങ്ങളുണ്ട്. തമിഴ്നാട്ടിലെ മറ്റിടങ്ങളിൽ നിന്ന് വിഭിന്നമായി ശാഫി മദ്ഹബിൻറെ കായൽപട്ടണത്തെ വ്യാപനവും നിരന്തര മുസ്ലിം വാണിജ്യ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നു.


അറബികളുമായുള്ള നിരന്തര വാണിജ്യബന്ധങ്ങൾ കോഴിക്കോടിനെയും കായൽപട്ടണത്തെയും ദക്ഷിണേന്ത്യയിലെ പ്രമുഖ മുസ്ലിം കേന്ദ്രങ്ങളാക്കി മാറ്റി. ഇന്നും മറ്റു ദക്ഷിണേന്ത്യൻ നാടുകളിൽ നിന്നും പ്രാദേശിക ഇസ്ലാമിക സംസ്കാരങ്ങളിൽ ഈ രണ്ട് നഗരങ്ങൾ വിഭിന്നമായി നില നിൽക്കുന്നത് അതുകൊണ്ടാണ്.

History

Related Posts

Loading