KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

അബ്ദുൽ ഖാദിർ അസ്സൂഫി: ആത്മയോഗത്തിൻ്റെ വർത്തമാന ചിത്രങ്ങൾ

മുഹമ്മദ് എ ത്വാഹിർ

ഹഗിയോഗ്രഫികൾ (പുണ്യാളചരിത്ര വർണ്ണനകൾ) എങ്ങനെയാണ് ഒരു സമൂഹത്തെ നിർമ്മിക്കുന്നത് എന്നതിനെ കുറിച്ച് ഹദ്റമി സൂഫികളുടെ ചരിത്ര വ്യവഹാരങ്ങളിൽ  ആഴത്തിൽ അറിവുള്ള ഒരു സുഹൃത്തുമായി നടത്തിയ  സംഭാഷണത്തിൽ, നമ്മൾ ചരിത്രപുരുഷന്മാരുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നതിലെ നൈരന്തര്യത്തെയും (മലബാറിലെ വിശ്വാസികൾക്കിടയിലെ 'മമ്പുറം തങ്ങളേ' എന്ന വിളിയൊക്കെ പോലെ) അതിൻ്റെ സൗന്ദര്യത്തെയും കുറിച്ച് സംസാരിച്ചത് ഓർക്കുന്നു. ഇത്രമേൽ തുറന്ന ഒരു ബന്ധം ഉണ്ടാകുന്നത് തീർച്ചയായും, മുൻ തലമുറകളിൽ നിന്ന് ലഭിച്ച ചരിത്ര വർണനകളിൽ നിന്നുമാണല്ലോ എന്നാണ്  സുഹൃത്ത് അതിനെ കുറിച്ച് പറഞ്ഞത്. ഇതു കൊണ്ടൊക്കെയാണ് നിയമവും വിശ്വാസവും പോലെ ചരിത്രവും നമ്മുടെ ജീവിതത്തിന്റെ അനുപേക്ഷണീയമായ ഒന്നായി മാറുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, വർത്തമാനത്തിൽ നിന്നു കൊണ്ട്, ഭൂതകാലത്തെക്കുറിച്ച് പറഞ്ഞും പാടിയുമെല്ലാം ഭാവിയിലേക്കുള്ള ജീവിതത്തെ നാം നെയ്തെടുക്കുന്നത് ഇത്തരം ഊർജ്ജങ്ങളിൽ നിന്നു കൂടിയാണ്. ശൈഖ് ഫരീദുദ്ദീൻ അത്താറിൻ്റെ 'തദ്കിറത്തുൽ ഔലിയാഅ്‌'  പോലെയുള്ള ഒരുപാട് തദ്‌കിറകൾ  വിരചിതമാവുകയും അവയെല്ലാം ജനകീയമാവുകയും ചെയ്യുന്നതിന് ഇങ്ങനെ ചില മാനങ്ങളുണ്ട്.


വിശ്വാസത്തിൻ്റെ നില നില്പിന് വേണ്ടി അധിനിവേശകരോടും മറ്റു ശത്രുക്കളോടും പോരാടിയ മഹാത്മാക്കളെ  പോലെത്തന്നെ പ്രധാനികളാണ് ആധുനികതയുടെ മാലിന്യങ്ങൾക്കെതിരെ പ്രതിരോധിച്ചു നിൽക്കുകയും ജനതയുടെയും സമൂഹത്തിൻ്റെയും ആത്മീയ ഔന്നിത്യത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത സൂഫികളും. ഏറ്റവും വലിയ ധർമ്മ സമരം സ്വേച്ഛക്കെതിരെയുള്ളതാണല്ലോ. ഇതുപോലെ, അത്ര മുൻപല്ലാത്ത ഒരു കാലത്ത് ജീവിച്ച, ഏതാണ്ട് നമ്മുടേത് പോലെ തന്നെയുള്ള സാഹചര്യങ്ങളെയും സമസ്യകളെയും അഭിമുഖീകരിച്ച  സൂഫികളുടെയും പണ്ഡിതരുടെയും ജീവിതങ്ങൾ ഒരുപാട് നമുക്ക് മുന്നിലുണ്ട്. അവരിൽ പ്രധാനിയാണ് ഈയിടെ മരണപ്പെട്ട ശൈഖ് അബ്ദുൽ ഖാദിർ അസ്സൂഫി. അദ്ദേഹത്തിൻ്റെ ജീവിതത്തെയും ഇടപെടലുകളെയും വായിക്കുന്നതിനുള്ള ഒരു ശ്രമമാണ് ഈ എഴുത്ത്.

ചില വ്യക്തികളെ കുറിച്ച് കാലത്തോളം വളരുക എന്ന് ചരിത്രത്തിൽ പറയപ്പെടാറുണ്ട്. കാലത്തിൻ്റെ ചരിത്രങ്ങളിലേക്ക് കൂടി അവർ  വിശാലമാകുമ്പോഴാണ് അങ്ങനെ പറയുന്നത്. തോമസ് കാർലൈലിന്റെ Great Man Theory  പറയുന്നത് പോലെ ചരിത്രം ഇവരിലൂടെ വികസിക്കുന്നു/സഞ്ചരിക്കുന്നു എന്ന് വേണമെങ്കിൽ നമുക്കതിനെ വിളിക്കാം. അത്തരത്തിൽ ഇരുപതാം നൂറ്റാണ്ടിലെ  പാരമ്പര്യ ഇസ്‌ലാം, സൂഫീ വ്യവഹാരങ്ങളിൽ നിറഞ്ഞു നിന്ന ഒരാളാണ് ശൈഖ് അബ്ദുൽ ഖാദിർ അസ്സ്വൂഫി. ശൈഖ് ഇമാം അബുൽ ഹസൻ അശ്ശാദുലിയുടെ ആത്മീയ ധാരയായ ശാദുലിയ്യ ത്വരീഖയിലെ ദർഖവി ഖാദിരി പാതയുടെ പ്രചാരകനും നേതാവുമൊക്കെയായി സ്വച്ഛവും സുന്ദരവുമായ ഒരായുസ്സ് അദ്ദേഹമിവിടെ ജീവിച്ചു കടന്നു പോയി. 

jen-dalls
Photo credits: IVI.tv

ഇയാൻ ഡലാസ് ആയി 1930 ൽ സ്കോട്ലൻ്റിൽ ജനിച്ച ശൈഖ്  തന്റെ മുപ്പത്തിയേഴാം വയസ്സിലാണ്  ഇസ്‌ലാം ആശ്ലേഷിക്കുന്നത്. മൊറോക്കോയിലെ ഖറവിയീൻ പള്ളിയിലെ ഇമാമാണ് അദ്ദേഹത്തെ സത്യധാരയോട് ചേർത്തിയത്. ഓസ്കാർ നേടിയ 8 ½ യിൽ അടക്കം പല സിനിമകളിലും അഭിനയിക്കുകയും തിരക്കഥ എഴുതുകയും ചെയ്ത്, ഒരു സെലിബ്രിറ്റി സംസ്കാരത്തിലൂടെയായിരുന്നു ശൈഖിന്റെ ഇസ്‌ലാം പൂർവ ജീവിതം. എന്നാൽ ഇസ്ലാമാശ്ലേഷണത്തിനു ശേഷം ജീവിതം ദിശമാറിയൊഴുകാൻ തുടങ്ങി. ജീവിതം ദഅ്‌വയാക്കി മാറ്റി ലോകത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിക്കുകയും  പ്രവർത്തിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലും സ്പെയിനിലും ആഫ്രിക്കയിലുമായി ഒട്ടേറെ പള്ളികൾ പണിതു.   നോർവിച്ചിലെ ഇഹ്‌സാൻ മസ്ജിദ് സ്ഥാപിച്ച് അവിടെ സേവനം അനുഷ്ടിച്ചു കൊണ്ടായിരുന്നു തുടക്കം. പിന്നീട് ഗ്രെനാഡ കേന്ദ്രമാക്കിയുള്ള മുറാബിത്വൂൻ വേൾഡ് മൂവ്മെന്റ് എന്ന സംഘടനയിലേക്കും  കേപ്ടൗണിൽ സെന്റർ ഫോർ ദി എഡ്യൂക്കേഷൻ ഓഫ് മുസ്‌ലിം ലീഡേഴ്‌സ് എന്ന സ്ഥാപനം തുടങ്ങുന്നതിലേക്കുമെല്ലാം അത് പടർന്നു പന്തലിച്ചു. ഒന്നാമത്തേത് ശാദുലി ദർഖാവി ഖാദിരി ധാരയിലെ പ്രവർത്തകരുടെ കൂട്ടായ്‌മയാണെങ്കിൽ രണ്ടാമത്തേത് സൗത് ആഫ്രിക്കയിലെ ദീനി ചലനങ്ങൾക്ക് നേതൃത്വം നൽകുന്ന വിപുലമായ ഒരു സംരംഭമായിരുന്നു. മുറാബിത്വൂൻ പ്രസ്ഥാനത്തിൽ പതിനായിരക്കണക്കിന് ആത്മാന്വേഷികൾ പ്രവർത്തകരായി ഉണ്ട്. സകാത്, ദഅ്‌വ, ബൈഅത് എന്നീ ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന സംഘടന സ്‌പെയിൻ കേന്ദ്രീകരിച്ച് ഇസ്ലാമിക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. അവസാന കാലങ്ങളിൽ കേപ് ടൗണിൽ ആണ് ശൈഖ് ജീവിച്ചിരുന്നത്. മരണവും അവിടെ തന്നെയായിരുന്നു. ഇരുപതോളം പുസ്തകങ്ങൾ അദ്ദേഹം  രചിച്ചു. ഇമാം മാലികിൻ്റെ ഹദീസ് സമാഹാരമായ മുവത്വ, ഇമാം ഖാളി ഇയാളിൻ്റെ വിശ്രുത ഗ്രന്ഥം അശ്ശിഫാ ഫീ തഅ്‌രീഫി ഹുഖൂഖിൽ മുസ്തഫാ, ഇമാം മുഹമ്മദ് അറബി അൽ ദർഖാവിയുടെ റസാഇൽ അടക്കമുള്ള പല ക്ലാസ്സിക്കൽ കൃതികളും വിവർത്തനം ചെയ്തു. മാലികി കർമ്മ ശാസ്ത്രപ്രകാരം അനുഷ്ടാനങ്ങൾ കൃത്യമായി  ജീവിതശീലമാക്കാൻ സമൂഹത്തെ നിരന്തരം ഓർമപ്പെടുത്തിയിരുന്ന ഒരാൾ എന്ന നിലക്ക് കൂടിയാണ് പലർക്കും ശൈഖ് അബ്ദുൽ ഖാദിറിനെ പരിചയം. 

പരിവർത്തനത്തിനു ശേഷം, മൊറോക്കോയിലെ മിക്നസിലെ ശൈഖ് മുഹമ്മദ് ബിൻ അൽ ഹബീബിൻ്റെയും ശൈഖ് മുഹമ്മദ് അൽ ഫയ്ത്വൂരിയുടെയും സഹവാസത്തിൽ ജീവിച്ച കാലത്താണ് ആഴത്തിൽ ഇസ്‌ലാം പഠിക്കുകയും ആധ്യാത്മിക മേഖലയിലേക്ക് കടന്നു വരികയും ചെയ്യുന്നത്. സീദി ഹമൂദ് ബിൻ അൽ ബശീർ, സീദി ഫുളൂൽ അൽ ഹുവാരി അസ്സ്വൂഫി എന്നിവരാണ് മറ്റു പ്രധാന ഗുരുക്കന്മാർ. ഇസ്‌ലാമിലേക്ക് വന്ന് അബ്ദുൽ ഖാദിർ  പ്രഥമ ആത്മ ഗുരുവായ ശൈഖ് മുഹമ്മദ് ബിൻ അൽ ഹബീബിനു കീഴിൽ  കാലങ്ങളോളം പഠനവും  ഒരുപാട് യാത്രകളും നടത്തുകയും ശാദുലി ദർഖാവി ഖാദിരി സരണിയിലെ മുഖദ്ദം ആകയും ചെയ്ത ശേഷമാണ് അബ്ദുൽ ഖാദിർ അസ്സ്വൂഫി ആകുന്നത്. 

ഇബ്നു അൽ ഹബീബ് ഒരിക്കൽ അദ്ദേഹത്തോട് പറയുന്നുണ്ട്; "നിനക്ക് വേണമെങ്കിൽ ഇവിടെ എന്നോടൊപ്പം സഹവസിക്കാം, എന്തെങ്കിലും ഒക്കെ സംഭവിക്കുകയും ചെയ്തേക്കാം, പക്ഷേ നീ ലണ്ടനിലേക്ക് പോകണം, പോയി അവിടെയെന്തു സംഭവിക്കുമെന്ന് കണ്ടറിയണം." വേദനയോടെയെങ്കിലും അവിടം വിട്ട് ലണ്ടനിലേക്ക് പോവുകയായിരുന്നു ശൈഖ്. ഇത്തരം വിട്ടു പോരലുകളും ഇറങ്ങിപ്പുറപ്പെടലുകളും ആണല്ലോ ഇസ്ലാമെന്ന സ്പഷ്ട സത്യത്തെ വിശ്വമെങ്ങും എത്തിച്ചത്. അബ്ദുൽ ഖാദിർ അസ്സ്വൂഫിയുടെ യാത്രയും യുഗങ്ങളായുള്ള സാർത്ഥവാഹക  പ്രയാണങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു. അവരെ പോലെ ഫലങ്ങൾ കാണുകയും ഈ ശാദ്വല തീരത്തേക്ക് ഒട്ടേറെ പേരെ വലിച്ചടുപ്പിക്കുകയും ചെയ്തു. അവിടെ എന്തു സംഭവിക്കുമെന്ന് നോക്കൂ എന്ന ഗുരുവിൻ്റെ വാക്കുകൾ  പിന്നീട് അനുഭവങ്ങളും നേർകാഴ്ചകളും ശരിവെച്ചു. എത്രയോ സത്യദാഹികൾ വെള്ളിത്തിരയും വെള്ളിവെളിച്ചവുമെല്ലാം വിട്ട് ഇറങ്ങി വന്ന് റബ്ബിലേക്ക് നടന്നു. 

ശൈഖ് അബ്ദുൽ ഖാദിറിൻ്റെ സാവിയ (പാഠശാല) യുടെ വാങ്മയ ചിത്രങ്ങൾ പങ്കു വെക്കുന്ന സുന്ദരമായ അനുഭവങ്ങൾ ഏറെയുണ്ട്.  സിയാവുദ്ധീൻ സർദാറിൻ്റെ Desperately seeking paradise; journeys of a skeptical Muslim എന്ന കൃതിയിലടക്കം പലയിടങ്ങളിലായി ഇവരുടെ സാവിയയുടെയും ഹള്റകളുടെയും മനോഹാരിത നമുക്ക് വായിക്കാം.  സംഗീത സാന്ദ്രമായ ഒരന്തരീക്ഷമാണ് ശൈഖ് അബ്ദുൽ ഖാദിറിൻ്റെ സാവിയക്ക് എന്നാണ് അവിടം സന്ദർശിച്ചവരുടെ അനുഭവം.എപ്പോഴും മനോഹരമായ, റബ്ബിലേക്ക് വഴി നടത്തുന്ന വരികളുടെയും ശീലുകളുടെയും സൗമ്യ സാന്നിധ്യം. പല തുറകളിൽ നിന്നുവന്നവർ ഇരുന്നും എഴുന്നേറ്റും വട്ടം കൂടി നിന്നും ലാ ഇലാഹ ഇല്ലല്ലാഹ് എന്ന മന്ത്രണത്തിൽ ലയിക്കുന്നു, ആടുകയും കറങ്ങുകയും ചെയ്യുന്നു. താളാത്മകമായി ദിക്റുകൾ പുരോഗമിക്കുന്നു. ലാ ഇലാഹ ഇല്ലല്ലാഹിൽ ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്നു. ആത്മീയ പ്രണയത്തിൻ്റെ സൗന്ദര്യം ഒട്ടേറെ ഹൃദ്യങ്ങളിലേക്ക് പടർത്തി അവസാനം ഒരു പടച്ചവനേ വിളിയിൽ എല്ലാം ഒടുങ്ങി ശാന്തമാകുന്നു. മധുരോതരമായ ഖുർആൻ പാരായണം അവിടമാകെ ഒഴുകിപ്പരക്കുന്നു. ഇങ്ങനെ ഹള്റകളുടെ സൗന്ദര്യം തന്നെ ഏറെ പറയാനുണ്ട്. 


ശൈഖിനെ പോലെ തന്നെ അനുയായി വൃന്ദത്തിലെ പലരും ഭൗതികതയുടെ സ്ഥാന മാനങ്ങൾ ഉപേക്ഷിച്ചു പോന്നവരാണ്. ഒരുകാലത്ത് പ്രശസ്തരായിരുന്ന പല മ്യൂസിഷ്യൻസും പിന്നീട് ശൈഖ് അബ്ദുൽ ഖാദിർ അസ്സ്വൂഫിയുടെ പാതയിലേക്ക് സസ്നേഹം കടന്നു വന്നു. ഇവരാണ് ഹള്റകളിൽ നശീദകൾക്കെല്ലാം നേതൃത്വം നൽകുന്നത്. റിച്ചാർഡ് തോംസൺ, ഇയാൻ വൈറ്റ്മാൻ, റോജർ പവൽ എന്നിവരാണ് അവരിൽ ചിലർ. പ്രശസ്ത ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ പീറ്റർ സാൻഡേഴ്‌സും ശൈഖ് അബ്ദുൽഖാദിറിൻ്റെ സ്വുഹ്ബതിൽ ഏറെ കാലം ജീവിച്ചിട്ടുണ്ട്. സാമി യൂസുഫുമായുള്ള അഭിമുഖത്തിൽ ഹാറൂൻ സുഗിച്ച് പറയുന്നത് പോലെ, എല്ലാ വിധ സെലിബ്രിറ്റി സ്റ്റാറ്റസും അനുഭവിച്ചും ആസ്വദിച്ചും ജീവിക്കുന്നതിനിടയിൽ എപ്പഴോ ഒരു  അഭൗതിക മരണത്തെ (Metaphysical Death) നേരിടുകയും സത്യം തേടി ഇറങ്ങുകയും ചെയ്തവരാണ്. ഒടുവിൽ തസ്വവുഫിൽ അവരത് കണ്ടെത്തുകയും ചെയ്തു. 

സൂയിസൈഡ് ബോംബിങ്ങിനെ കുറിച്ചും ബ്രിട്ടൻ്റെ അധപതനത്തെ കുറിച്ചുമെല്ലാമുള്ള ശൈഖിന്റെ അഭിപ്രായങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ബ്രിട്ടൻ മുസ്ലിംകൾ വിദൂരമല്ലാത്ത ഭാവിയിൽ പൗരാണിക ജ്ഞാനസംസ്കാരങ്ങളെ തിരിച്ചു പിടിക്കുമെന്ന പ്രതീക്ഷയും പല പ്രഭാഷണങ്ങളിലും അദ്ദേഹം പങ്കു വെക്കാറുണ്ടായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള ദാഇ എന്നാണ് അബ്ദുൽ ഖാദിർ അസ്സ്വൂഫിയുടെ വിശേഷണം. ശൈഖിൻ്റെ പ്രവിശാലമായ രചനാലോകവും പ്രവർത്തന മണ്ഡലവുമെല്ലാം ആഴത്തിലുള്ള പാഠങ്ങളാണ് സമൂഹത്തിന് നൽകുന്നത്. വെസ്റ്റിലും  ആഫ്രിക്കയിലുമെല്ലാം ഇവ സൃഷ്ടിച്ച അനുരണനങ്ങളും വിസ്മയാവഹം തന്നെ.

Religion
Literature

Related Posts

Loading