മുസ്ലിം ധൈഷണിക ചരിത്രത്തിൽ മോശമല്ലാത്ത സ്ഥാനമുള്ള അവാന്തരവിഭാഗമാണ് മുഅ്തസിലത്. വിശ്വാസപരമായി സുന്നത്ത് ജമാഅത്തുമായി അനേകം സംവാദങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും വൈജ്ഞാനികമായി അവർ എണ്ണമറ്റ സംഭാവനകൾ നൽകിയിട്ടുണ്ട്. അവയിൽ സുന്നി വിശ്വാസങ്ങളെ പോറലേൽപ്പിക്കാത്തവ സുന്നി സമൂഹം ഇരുകരവും നീട്ടി സ്വീകരിച്ച് മുസ്ലിം ധൈഷണികതയുടെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുണ്ട്. നേരെ തിരിച്ചാണെങ്കിൽ അതിന് ശക്തിയുക്തം മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. സുന്നി സമൂഹം അത്തരമൊരു പ്രതിരോധം തീർത്തില്ലായിരുന്നുവെങ്കിൽ മുഅ്തസിലതിന്റെ വൈജ്ഞാനിക സംഭാവനകൾ വഴി അവർ വ്യാപകമായി അംഗീകരിക്കപ്പെട്ടേനെ.
ഇസ്ലാമിക വിശ്വാസ ശാസ്ത്രത്തിന്റെ മുഖ്യധാരയിൽ നിന്നും അകറ്റി നിർത്തപ്പെട്ടതിനാൽ പാത്തും പതുങ്ങിയും വിശ്വാസത്തിന്റെ കാവലാളുകളായി പ്രത്യക്ഷപ്പെടാൻ മുഅ്തസിലത് കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. അക്കാദമിക പഠനങ്ങളും ഇതിൽ നിന്ന് ഭിന്നമല്ല. വിശ്വാസത്തെ പറ്റിയുള്ള പഠനവിഭാഗങ്ങളിൽ പ്രതിനിധീകരിക്കപ്പെടുന്നത് ഒരു പരിധി വരെ മുഅ്തസിലി ആശയങ്ങളാണ്. എന്നാൽ പടിഞ്ഞാറൻ ആധുനികതയുടെ സങ്കീർണ പദാവലികളിൽ അവ ആവിഷ്കരിക്കപ്പെടുന്നത് വഴി മുസ്ലിം സമൂഹത്തിൽ അറിഞ്ഞോ അറിയാതെയോ മുഅ്തസിലതിന്റെ സ്വാധീനമുണ്ടാകുന്നുണ്ട്. അക്കാദമിക തലങ്ങളിൽ അത്തരം മുഅ്തസിലി പ്രാതിനിധ്യങ്ങളെ തുറന്നുകാട്ടി അവർക്ക് തക്കതായ മറുപടി നൽകാൻ ശ്രമിച്ചവരിൽ പ്രമുഖനാണ് അമേരിക്കൻ മുസ്ലിം പണ്ഡിതനായ ഷർമൻ അബ്ദുൽ ഹകീം ജാക്സൺ, ഒരേസമയം അക്കാദമിക പണ്ഡിതനും ശരീഅത് പണ്ഡിതനുമായ അദ്ദേഹം അക്കാദമിക തലത്തിലെ ശരീഅത്തിന്റെ അപപ്രാതിനിധ്യങ്ങളെ ധൈര്യപൂർവം തുറന്നുകാട്ടുകയും ഇസ്ലാം -പടിഞ്ഞാറ് സംവാദങ്ങൾക്ക് പുതിയൊരു മുഖം നൽകുകയും ചെയ്തിട്ടുണ്ട്.
മതാദർശങ്ങളെ ദാർശനികവൽക്കരിക്കുക എന്നത് അക്കാദമിക രംഗത്തെ എക്കാലത്തുമുള്ള ഒരു പ്രവണതയാണ്. അടുത്തകാലത്തായി ഈ പ്രവണത വർധിച്ചുവരികയും ആധുനിക പദാവലികൾ ഉപയോഗിച്ച് മുഅ്തസിലി ആശയങ്ങളെ അക്കാദമിക തലത്തിൽ വ്യാപകമായി പ്രചരിപ്പി ക്കുകയും ചെയ്യുന്നുണ്ട്. ആർ.എം ഫ്രാങ്ക്, മാജിദ് ഫഖ് രി, ആൽബർട്ട് ഹൗറാനി എന്നിവരെല്ലാം ഇതിന്റെ വക്താക്കളാണ്. വിശ്വാസ ശാസ്ത്രത്തിലെ ഒരു പ്രധാന ശാഖയാണ് നൈതിക ശാസ്ത്രം (Ethics ), അഥവാ, ഹുസ്ന് (നന്മ), ഖുബ്ഹ് (തിന്മ എന്നിവയുടെ മാനദണ്ഡങ്ങളെ പറ്റിയുള്ള ചർച്ച. ഈ വിഷയത്തിൽ അശ്അരി അഭിപ്രായത്തെ പിഴച്ച ദാർശനികവൽക്കരണത്തിലൂടെ അവഹേളിക്കാനുള്ള ശ്രമത്തെ ജാക്സൺ നിഷ്ഫലമാക്കുന്നുണ്ട്. പുതുതായി മുളച്ചുപൊങ്ങുന്ന ഇത്തരം പ്രവണതകളെ പാരമ്പര്യ ഇസ്ലാമിന്റെ അടിസ്ഥാനത്തിൽ എങ്ങനെ പ്രതിരോധിക്കാം എന്നതിനെപ്പറ്റിയുള്ള ഷർമൻ ജാക്സന്റെ ആലോചനകളാണ് ഈ കുറിപ്പിനാധാരം. ബ്രസീലിയൻ ദാർശനികനായ റോബർട്ടോ ഉങ്കർ തന്റെ Knowledge and Politics എന്ന പ്രബന്ധത്തിൽ പറയുന്നതനുസരിച്ച്, പതിനേഴാം നൂറ്റാണ്ടിൽ തോമസ് ഹോബ്സ് മുതൽ തുടങ്ങുന്ന ലിബറൽ ദാർശനികതയുടെ ഏറ്റവും വലിയ വിജയം Intelligible Essence എന്ന ക്ലാസിക്കൽ തത്വത്തോടുള്ള അതിന്റെ നിരാകരണമാണ്. വ്യക്തിഗത നിരീക്ഷണങ്ങൾക്കും മോഹങ്ങൾക്കും അപ്പുറത്ത് ലോകത്ത് വസ്തുനിഷ്ടയാഥാർത്ഥ്യങ്ങൾ മാത്രമേ ഉള്ളുവെന്നും അവ മാത്രമാണ് മനസ്സി ലാക്കപ്പെടാൻ കഴിയുകയുള്ളൂ എന്ന തത്വമാണ് ഇന്റലിജിബ്ൾ എസ്സൻസ്. ഇക്കാര്യത്തെ അശ്അരി-മുഅതസിലി എന്നിവർക്കിടയിലെ നൈതിക ശാസ്ത്രവുമായി ബന്ധപ്പെട്ട ഹുസ്ന്, ഖുബ്ഹ് എന്നീ കാറ്റഗറികളുടെ ചർച്ചയുമായി ബന്ധപ്പെടുത്തിക്കൊണ്ട് പുതിയൊരു കണ്ടെത്തൽ നടത്തിയത് ബ്രിട്ടീഷ് ചരിത്രകാരനായ ആൽബർട്ട് ഹബീബ് ഹൗറാനിയാണ്. ഇവ്വിഷയകമായി മുഅ്തസിലികളുടെ സമീപനത്തെ Mu'atazilite Objectivism എന്നാണ് ഹൗറാനി വിശേഷിപ്പിക്കുന്നത്. മുഅ്തസിലി നിലപാടിനോടുള്ള അശ്അരീ പ്രതികരണമാണ് പടിഞ്ഞാറൻ ആധുനികതയിൽ ലിബറൽ ദാർശനികതക്ക് വിജയം നേടിക്കൊടുത്തത് എന്നാണ് ഹൗറാനി തന്റെ The two theories of law in Islam എന്ന പുസ്തകത്തിൽ വാദിക്കാൻ ശ്രമിക്കുന്നത്. അശ്അരികൾ Muazilite Objectivism ത്തെ തള്ളിപ്പറയുന്നതിലൂടെ സംഭവിക്കുന്നത് Intelligible Essence ന്റെ നിരാകരണമാണെന്നും അശ്അരികൾ ലിബറൽ ദാർശനികതയുടെ വിജയത്തിന് ഉത്തരവാദികളാണെന്നും വരുത്തിത്തീർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതരമായ പരിണതി ഉണ്ടാക്കിയേക്കാവുന്ന ഒരു ആരോപണമാണിത്. യുക്തിയുടെയും നിയമത്തിന്റെയും പൊതു ലോകത്തിനും മൂല്യത്തിന്റെയും മോഹത്തിന്റെയും സ്വകാര്യലോകത്തിനുമിടയിലെ ധാർമിക ജന്തുക്കളാക്കി നമ്മെ മാറ്റിയത് ലിബറൽ ദാർശനികതയാണ്. ഇതുതന്നെയാ വ്യക്തിമാഹാത്മ്യവാദ(Individualism) ത്തെ ഉത്തേജിപ്പിച്ചതും മനുഷ്യവർഗ്ഗത്തെ ധാർമിക മൂല്യച്യുതിയിൽ അകപ്പെടുത്തി മോഹങ്ങൾക്ക് പിറകെ പായാൻ പ്രേരിപ്പിച്ചതും. ലിബറൽ ദാർശനിക വ്യവസ്ഥിതിയിലെ മൂല്യത്തെ തോമസ് ഹോബ്സ് നിർവചിക്കുന്നത് ഇങ്ങനെയാണ്. ഒരാൾ ഇച്ഛിക്കുന്നതെന്തോ അതാണ് അയാൾക്ക് മൂല്യമുള്ളത്. അതായത് ഈ വ്യവസ്ഥയിൽ ഓരോ വ്യക്തിക്കുമനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന, ആപേക്ഷിക സ്വഭാവമുള്ളതാണ് മൂല്യം.
എന്നാൽ Intelligible Essence നും ലിബറൽ ദാർശനികതക്കും ഇടയിലെ ബന്ധം കണ്ടെത്തുന്നതിൽ ഹൗറാനിക്ക് ഭീമാബദ്ധങ്ങൾ പിണഞ്ഞിട്ടുണ്ട്. ഇവ രണ്ടിനും ഇടക്ക് ഒരു വിപരീത സ്വഭാവം പ്രവർത്തിക്കുന്നുണ്ട്. Intelligible Essence കൊണ്ട് വിവക്ഷിക്കപ്പെടുന്നത് ലോകത്തെ എല്ലാ കാര്യങ്ങളും ഗ്രഹിക്കപ്പെടാവുന്നതാണ് അല്ലെങ്കിൽ ന്യായീകരിക്കപ്പെടാവുന്നതാണ് എന്നാണ്. വ്യക്തിഗത ഊഹങ്ങൾക്കും നിരീക്ഷണങ്ങൾക്കും അവിടെ യാതൊരു സ്ഥാനവുമില്ല. ഉദാഹരണത്തിന് ഒരു കല്ല് ചെടിയിൽ നിന്നും വ്യത്യാസപ്പെടുന്നത് അതിന്റെ വസ്തുനിഷ്ഠപരമായ കല്ല് (stonerness) എന്ന വിശേഷണം മൂലമാണ്. അതായത്, വ്യക്ത്യധിഷ്ഠിത നിരീക്ഷണത്തിന് യാതൊരു സ്ഥാനവുമില്ല. എന്നാൽ ലിബറൽ ദാർശനി കതയുടെ വക്താവായ കാൾ പോപ്പർ തന്റെ The open society and its enemies (1945) എന്ന ഗ്രന്ഥത്തിൽ സമൂഹത്തിലെ ലിബറൽ ധാരണകളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. സമൂഹത്തിൽ മനുഷ്യന്റെ വ്യക്തിഗത അപഗ്രഥനങ്ങളിലൂടെയാണത്രേ ലിബറലിസം നിലനിൽക്കുന്നത്. അതായത്, വ്യക്തിഗത അപഗ്രഥനങ്ങൾക്ക് മുൻതൂക്കം നൽകുന്ന മുഅ്തസിലികൾ ലിബറലിസത്തെയാണ് വാദിക്കുന്നതെന്നർഥം. അതേപ്രകാരം ലിബറലിസത്തിന്റെ ആദ്യകാല വക്താവായ ജോൺ സ്റ്റുവാർട്ട് മില്ലിനെ ശ്രദ്ധിക്കാതെ പോയത് പോലെ ഹൗറാനിക്ക് മറ്റൊരു അബദ്ധം കൂടി പിണഞ്ഞിട്ടുണ്ട്. ജെ.എസ്. മിൽ തന്റെ On Liberty എന്ന ഗ്രന്ഥത്തിൽ മനുഷ്യന് സ്വാതന്ത്ര്യ ഇച്ഛ ഉണ്ടാകാത്തിടത്തോളം ലിബറലിസത്തിന് യാതൊരു വിധത്തിലുള്ള പ്രായോഗിക സാധ്യതയുമില്ലെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. മറ്റാരുടെയും സ്വാധീനമില്ലാതെ തന്റെതായ താൽപര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന സമ്പൂർണമായ സ്വതന്ത്ര ഇച്ഛയെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. അത്തരമൊരു സമ്പൂർണ ഇച്ഛ മുഅ്തസിലി അധ്യാപനങ്ങളിലാണുള്ളത്. മനുഷ്യ പ്രവർത്തനങ്ങൾ പൂർണമായും ദൈവത്തിൽ നിന്നുള്ളതാണ് എന്ന് പറയുന്ന ജബരിയ്യാക്കൾക്കും പൂർണമായും മനുഷ്യരിൽ നിന്ന് തന്നെയാണെന്ന് വാദിക്കുന്ന മുഅ്തസിലി പക്ഷത്തിനും ഇടയിലാണ് അശ്അരിപക്ഷം. അതായത്, സമ്പൂർണ ഇച്ഛയെ പ്രഘോഷിക്കുന്നത് മുഅ്തസിലത് മാത്രമെന്നർഥം. ചുരുക്കത്തിൽ ലിബറലിസത്തിന്റെ പ്രായോഗികസാധ്യത നിലനിൽക്കുന്നത് മുഅ്തസിലി അധ്യാപനങ്ങളിലാണ്.
എന്നാൽ ഹൗറാനിയുടെ ആരോപണത്തെ ഷർമൻ ജാക്സൺ നേരിടുന്നതും അശ്അരി വാദത്തെ സമർപ്പിക്കുന്നതും വ്യത്യസ്തരീതിയിലാണ്. ഇത്തരം സാഹചര്യങ്ങളിൽ ക്ലാസിക്കൽ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി സംവാദങ്ങളിൽ ഏർപ്പെടുന്ന രീതിയാണ് ജാക്സൺ പിന്തുടരാറുള്ളത്. യഥാർത്ഥത്തിൽ ഇവിടെ അശ്അരികൾ നിരാകരിച്ചത് മുഅ്തസിലി ഭവശാസ്ത്രത്തെയോ അവരുടെ അതിഭൗതികശാസ്ത്രത്തെയോ അല്ല, മറിച്ച് നൈതികതയെ അതിഭൗതികതയുടെ ഭാഗമാക്കാനുള്ള ശ്രമത്തെയാണ് നിരാകരിച്ചത് എന്നാണ് ജാക്സൺ പറയുന്നത്. അതായത്, മൂല്യങ്ങൾക്ക് വസ്തുനിഷ്ഠമായ സ്വഭാവമാണുള്ളത് എന്നും അവർക്ക് സ്വയം നിലനിൽപ്പുണ്ട് എന്നുമുള്ള വാദത്തെ. അശ്അരി പക്ഷമനുസരിച്ച് ഒരു വസ്തുവിന് സ്വയം നിലനിൽപ്പോമൂല്യമോ ഇല്ല എല്ലാം അല്ലാഹു വകവച്ചുകൊടുക്കുന്നതു മാത്രമാണ്.
മുഅ്തസിലി നൈതികശാസ്ത്രത്തോട് അശ്അരികൾ നടത്തിയ പ്രതികരണം അല്ലാഹുവിന്റെ സർവ്വശക്തിത്വം (Omnipotence) എന്ന തത്വത്തെ സംരക്ഷിക്കുന്നതായിരുന്നു. സർവ്വ പരിമിതികൾക്കുമപ്പുറത്താണ് അല്ലാഹുവിന്റെ കഴിവ്. ഒരു വസ്തുവിന് മൂല്യം ഉണ്ടാക്കുന്നതും മൂല്യത്തെ നിർണയിക്കുന്നതും അവനാണ്. മനുഷ്യൻ വഹ് യിന് വിധേയനാണെങ്കിൽ പോലും സഹജമായി അവനിൽ ഒരു മൂല്യവുമില്ല. ഈ വസ്തുതയാണ് യുക്തിയുടെ പരിസരത്തിനുമപ്പുറത്ത് മൂല്യത്തെ പ്രതിഷ്ഠിക്കപ്പെടാൻ കാരണമായത്. മൂല്യത്തിനും യുക്തിക്കുമിടയിൽ പ്രതിഷ്ഠിക്കപ്പെട്ട നൈതികതയുടെ ചോദ്യത്തിന് അശ്അരി പണ്ഡിതനായ ഇമാം ഗസാലി(റ), ഇമാം റാസി(റ), ഇമാം ഖറാഫി (റ) എന്നീ മൂന്ന് പേരുടെ നിലപാടുകൾ വിശദീകരിച്ചുകൊണ്ട് അശ്അരികൾ എങ്ങനെയാണ് Intelligible Essence നെ എതിർക്കുന്നതെന്നും മുഅ്തസിലികൾ എങ്ങനെയാണ് ലിബറൽ ദാർശനികതയുടെ വക്താക്കളാകുന്നതെന്നുമാണ് ജാക്സൺ ചൂണ്ടിക്കാട്ടുന്നത്.
ഹുസ്ന്, ഖുബ്ഹ് എന്നിവയുടെ നൈതികതയിൽ യുക്തിക്കും മൂല്യത്തിനുമിടയിലെ മുഅ്തസിലത്തിന്റെ നിലപാടിനെ ശക്തിയുക്തം എതിർത്തുകൊണ്ട് ഇമാം ഗസാലി തക്കതായ മറുപടി നൽകുന്നുണ്ട്. യുക്തിക്കും മൂല്യത്തിനും അപ്പുറത്ത് പ്രകൃത(ത്വബഅ) മാണ് ഹുസ്നിനെയും ഖുബ്ഹിനെയും നിശ്ചയിക്കുന്നത് എന്നാണ് ഗസാലിയുടെ പക്ഷം. മുഅ്തസിലീ നൈതികതക്കെതിരെ ഏറ്റവും ശക്തമായ പ്രതിരോധവും ഇമാം ഗസാലിയുടെതാണ്.
മനുഷ്യ പ്രവർത്തനങ്ങൾ പൊതുവേ രണ്ടു തരത്തിലുള്ളതാണ്. ഹസന് (നല്ലത്) ഖബീഹ് (മോശമായത്). മനുഷ്യ പ്രവർത്ത നങ്ങൾ ഓരോന്നും ഈ രണ്ടുകാറ്റഗറിയിൽ ഏതിൽ പെടുന്നു എന്ന് തിരിച്ചറിയാൻ മൂന്ന് ഉപാധികളുണ്ട് എന്ന് ഇമാം ഗസാലി തന്റെ അൽ മുസ്തഫ ഫീ ഇൽമി ഉസ്വൂലിൽ ഫിഖ്ഹ് എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നുണ്ട്.
ഒന്ന്, സ്വാഭാവിക യുക്തി (ളറൂറത്തുൽ അഖൽ) രണ്ട്, ഊഹിക്കാവുന്ന യുക്തി (നള്റുൽ അഖൽ) മൂന്ന്, ശറഅ് (വെളിപാട്) വെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരാളെ രക്ഷിക്കൽ ഒന്നാമത്തെ ഉദാഹരണവും തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടും എന്നത് ഊഹിച്ചാൽ മനസ്സിലാകുന്നതും നിസ്കാരം നോമ്പ് പോലത്തെ ആരാധനാകർമങ്ങളുടെ പുണ്യം ശറഇലൂടെ മാത്രം അറിയപ്പെടുന്നതുമാണ്. ഹസന്, ഖബീഹ് എന്നിവയെ നിർവചിക്കാൻ പൊതുവേ മൂന്ന് രീതികൾ ഉണ്ട്. ഒരു പ്രവർത്തനം ചെയ്യുന്ന വ്യക്തിയുടെ ഉദ്ദേശലക്ഷ്യങ്ങളോട് യോജിക്കുന്നതാണ് ഹസന് അല്ലാത്തവ ഖബീഹ് എന്നതാണ് ഒന്നാമത്തെ നിർവചനം. അതേസമയം ഉദ്ദേശലക്ഷ്യങ്ങളോട് ഗുണകരമോ ദോഷകരമോ ആയ പ്രതിഫലനങ്ങൾ ഉളവാക്കാത്തവ ഈ നിർവചനപ്രകാരം അബസ് (വൃഥാവിലായത്) എന്ന് പറയും. കർമശാസ്ത്രത്തിൽ വളരെ പ്രചാരമുള്ള ഒരു നിർവചനമാണെങ്കിലും ഒരു പ്രവർത്തനത്തിന്റെ സഹജമായ സ്വഭാവത്തെ ഇത് തുറന്നു കാണിക്കുന്നില്ല.
മനുഷ്യ പ്രവർത്തനങ്ങളുടെ ഉദ്ദേശലക്ഷ്യ ങ്ങളോട് യാതൊരു പരിഗണനയുമില്ലാതെ വഹ് യ് കൽപ്പിക്കുന്നതെന്തോ അതാണ് ഹസന് അത് നിരോധിക്കുന്നത് എന്തോ അതാണ് ഖബീഹ് എന്നതാണ് രണ്ടാമത്തെ നിർവചനം. ഈ നിർവചനപ്രകാരം വാജിബ് (അനിവാര്യമായ അഞ്ചുനേരത്തെ നമസ്കാരം പോലെ ) സുന്നത്ത് (സുന്നത്ത് നിസ്കാരം പോലെ )എന്നിവമാത്രമേ ഹസന് എന്ന തലക്കെട്ടിൽ ഉൾപ്പെടുന്നുള്ളൂ. മുബാഹ് (പാൽ കുടിക്കൽ പോലെ) ഈ നിർവചന ത്തിന്റെ പരിധിയിൽ പെടുന്നില്ല. മൂന്നാമത്തെ നിർവചനമനുസരിച്ച് ഒരു വ്യക്തിക്ക് നിയമ പരമായി ചെയ്യാവുന്നതെല്ലാം ഹസന് ആണ്. രണ്ടാമത്തെ നിർവചനത്തിലേതു പോലെ എല്ലാത്തിനെയും ഉൾക്കൊള്ളാൻ കഴിയാത്ത പ്രശ്നമോ ഒന്നാമത്തേതുപോലെ പ്രത്യേക ഉപകാരമില്ലാത്തതോ അല്ല ഈ നിർവചനം. അതേസമയം ഇമാം ഗസാലി മൂന്നു നിർവചനത്തെയും സ്വീകാര്യയോഗ്യമായി പരിഗണിക്കുന്നുണ്ട്. കാരണം ഇവ മൂന്നിനും ആപേക്ഷിക സ്വഭാവമുണ്ട്. മൂന്നു നിർവചനമനുസരിച്ചും പ്രവർത്തനങ്ങളല്ല, അവക്ക് പുറത്തുള്ള ഒരു ഘടകമാണ് ആ പ്രവർത്തനങ്ങളെ അർഥമുള്ളതാക്കി മാറ്റുന്നത്. അതായത് ഇവയെല്ലാം Intelligible Essence എന്ന തത്വത്തിൽ നിന്നും മുക്തമാണ്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ വഹ് യിന്റെന്റെ അഭാവത്തിൽ ഒരു വ്യക്തിയുടെ പ്രവർത്തനത്തെ ആത്മനിഷ്ഠമായ പക്ഷപാതിത്വത്തിലൂടെയല്ലാതെ വിലയിരുത്താൻ കഴിയില്ല. മുഅ്തസിലത് നടത്തുന്ന എല്ലാ ധാർമിക വിലയിരുത്തലുകളും ആത്മനിഷ്ഠമായ പക്ഷപാതിത്വത്തിലേ ചെന്നുപതിക്കുകയുള്ളൂ. ഇതാണ് ഈ മൂന്നു നിർവചനത്തിലും ഇമാം ഗസാലി തെളിയിക്കാൻ ശ്രമിക്കുന്നത്. നടേ പറഞ്ഞതുപോലെ Intelligible Essence ൽ നിന്നും മനുഷ്യ പ്രവർത്തനങ്ങൾ മുക്തമാണെങ്കിൽ പിന്നെ അശ്അരി സരണി ഈ തത്വത്തെ എതിർക്കുന്നില്ല എന്നാണ് വരിക. അതായത് ഹൗറാനിയുടെ ഹൈപോതെസിസ് യാതൊരു അടിസ്ഥാനവുമില്ല എന്നാണ് ജാക്സൺ ചൂണ്ടിക്കാട്ടുന്നത്.
Intelligible Essence എന്ന വാദം ഇമാം ഗസാലിയുടെ കാലത്തും ഉണ്ടായിട്ടുണ്ട്. ചില കുറ്റങ്ങൾക്ക് വധശിക്ഷ വിധിക്കൽ ഒരു തെറ്റല്ല എന്ന് മുഅ്തസിലികൾ തന്നെ സമ്മതിക്കുന്നുണ്ട്. അപ്രകാരം ഒരു പ്രവാചകനെ കൊല്ലാൻ ഒരുങ്ങിനിൽക്കുന്ന അവിശ്വാസികൾക്ക് മുമ്പിൽ കളവ് പറയുന്നതിലൂടെ പ്രവാചകനെ രക്ഷിക്കാൻ സാധിക്കുമെങ്കിൽ കളവ് പറയാവുന്നതാണ്. എന്നാൽ കളവിനും കൊലപാതകത്തിനും ഒറ്റ സത്ത മാത്രമേ ഉള്ളൂ. തെറ്റാണ് എന്ന സത്ത. അതേസമയം ഉപര്യുക്തമായത് പോലെ ഈ പ്രവർത്തനങ്ങളെല്ലാം തന്നെ വ്യത്യസ്തസാഹചര്യങ്ങളിൽ വ്യത്യസ്ത പദവി അലങ്കരിക്കുന്നുവല്ലോ. ഒരു പ്രവർത്തനത്തിന്റെ ധാർമിക പദവി സഹജമാണെന്നും മാറ്റാവുന്നതല്ലെന്നുമുള്ള മുന്നതസിലി വാദത്തെ ദുർബലമാക്കാൻ ഈ കേവലവസ്തുത മാത്രം മതി.
മൂല്യത്തെ കണ്ടെത്താനും മനുഷ്യനെ നൈതിക പ്രവർത്തനത്തിലേക്ക് വഴിതിരിച്ചുവിടാനും യുക്തിക്ക് സാധിക്കുമെന്നാണ് മുഅ്തസിലത്തിന്റെ വിശ്വാസം. ഇമാം ഗസാലി ഈ വാദത്തെ ശക്തിയുക്തം എതിർക്കുന്നുണ്ട്. തന്റെ മുസ്ത്വസ്ഫയിൽ ഇങ്ങനെ പറയുന്നത് കാണാം, യുക്തിയെ പ്രേരകവസ്തുവായി കാണുന്നത് തെറ്റാണ്. ഉൾപ്രേരണയും പ്രചോദനവും ഉണ്ടാകുന്നത് ആത്മ ഇച്ഛയിൽ നിന്നാണ്. യുക്തി കേവലം വഴികാട്ടി മാത്രമാണ്. യുക്തി നൽകുന്ന നിർദേശമനുസരിച്ച് പ്രചോദനങ്ങളത്രയും പ്രവർത്തിക്കുന്നു (മുസ്തസ്ഫ 1/2). ഇതേ കാര്യം
തോമസ് ഹോബ്സും പറയുന്നുണ്ട്. യുക്തിക്ക് മൂല്യത്തെ കണ്ടെത്താൻ കഴിയില്ല. നിലവിലെ മൂല്യങ്ങളുടെ താൽപ്പര്യമനുസരിച്ച് പ്രവർത്തിക്കാനേ കഴിയൂ. പതിനേഴാം നൂറ്റാണ്ടിൽ ആധുനികതയുടെ വക്താവായ ദെക്കാർത്തെയുടെ സിദ്ധാന്തങ്ങളെ രൂപപ്പെടുത്തുന്നതിൽ ഇമാം ഗസാലിയുടെ ആഴത്തിലുള്ള സ്വാധീനമുള്ളതുപോലെ ഹോബ്സിലും ഇമാം ഗസാലിയുടെ സ്വാധീനം ഉണ്ട് എന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.
ഇമാം ഗസാലിയെ പോലെ മുഅതസിലികൾക്കെതിരെ ശക്തമായ പ്രതിരോധം തീർത്ത മറ്റൊരു അശ്അരി പണ്ഡിതനാണ് ഇമാം റാസി (റ), നൈതികതയെ യുക്തിയുടെ പരിസരത്തു നിന്നും നീക്കം ചെയ്ത്, മനുഷ്യ പ്രവർത്തനങ്ങളുടെ മൂല്യത്തെ നിർണയിക്കുന്ന ഏക നിയമ അംഗീകൃത സ്രോതസ്സ് പ്രമാണം (ഖുർആൻ, സുന്നത്ത്) മാത്രമാണെന്ന് സ്ഥാപിച്ച ദൈവ ശാസ്ത്ര പണ്ഡിതനാണ് ഇമാം റാസി.
മനുഷ്യ പ്രവർത്തനങ്ങളെല്ലാം ഒന്നുകിൽ യാദൃച്ഛിക (ഇത്തിഫാഖ്) മായോ അല്ലെങ്കിൽ അനിവാര്യത (ഇള്തിറാർ) മൂലമോ സംഭവിക്കുന്നതാണ് (അൽ മഹസൂൽ, ഇമാം റാസി 1 54). എന്നാൽ മനുഷ്യ പ്രവർത്തനത്തിൽ സ്വതന്ത്ര ഇച്ഛ (Free will) അഥവാ ഇഖ്തിയാർ ഇല്ലെങ്കിൽ ഹസനും ഖബീഹും ഏതൊക്കെയാണ് എന്ന് തിരിച്ചറിയാൻ സാധിക്കില്ല. ധാർമിക നൈതിക ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനം സ്വതന്ത്ര ഇച്ഛയാണ് എന്ന് പ്രമുഖ മുഅ്തസിലീ പണ്ഡിതനായ ഖാളി അബ്ദുൽ ജബ്ബാർ തന്റെ മുഗ്നിയിൽ രേഖപ്പെടുത്തുന്നുണ്ട്. അപ്പോൾ ഇഖ്തിയാർ ഇല്ലാതെ ചെയ്യുന്നവരുടെ പ്രവർത്തനങ്ങൾ, ഉദാഹരണത്തിന് ഉറങ്ങുന്നവൻ, മറവിക്കാരൻ എന്നിവരുടെ പ്രവർത്തനങ്ങൾക്ക് നൈതികമായ ഉത്തരവാദിത്വമില്ല. അതായത് അവയെ ഹസന് ഖബീഹ് എന്നി വേർതിരിവ് നടത്താൻ കഴിയില്ല. അബ്ദുൽ ജബ്ബാറിന്റെ വാദത്തെ കൂടി മുന്നിൽ കണ്ടുകൊണ്ട് ഇമാം റാസി സ്വതന്ത്ര ഇച്ഛയുടെ അഭാവത്തെ പ്രശ്നവൽക്കരിക്കാൻ ശ്രമിക്കുന്നുണ്ട്. സ്വതന്ത്ര ഇച്ഛ ഇല്ലെങ്കിൽ യാദൃച്ഛികതയും അനിവാര്യതയും തമ്മിൽ പരസ്പര വിരുദ്ധതയുണ്ടാകും. അപ്പോൾ ഹസന്, ഖബീഹ് എന്നിവ മനസ്സിലാക്കാൻ കഴിയാതെ വരും. ഇത് രണ്ടു മറുപടികളിലേക്കാണ് നമ്മെ എത്തിക്കുന്നത്. ഒന്ന് ഒരു പ്രവർത്തനത്തിൽ പോലും ഹസന് ഖബീഹ് എന്ന വിശേഷണം സഹജമായി നിലനിൽക്കുന്നില്ല. കാരണം സ്വതന്ത്ര ഇച്ഛക്ക് അഭാവം സംഭവിക്കുമ്പോൾ ഹസന് ഖബീഹ് എന്നിവയെ തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ. ഒരു പ്രവൃത്തിയിൽ സഹജമായി അവ നിലനിൽക്കുന്നില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. രണ്ട് സ്വതന്ത്ര ഇച്ഛയെ നിഷേധിക്കുമ്പോൾ മനുഷ്യ പ്രവർത്തനങ്ങളുടെ ധാർമിക ഉത്തരവാദിത്വം കൂടി നിഷേധി ക്കപ്പെടുന്നു. ഇതും മനുഷ്യ പ്രവർത്തനത്തിൽ സഹജസ്വഭാവം ഉള്ളതായി നിലനിൽക്കുന്നില്ല എന്ന് തന്നെയാണ് തെളിയിക്കുന്നത്.
"മനുഷ്യ പ്രവർത്തനത്തിൽ പ്രകൃത്യാൽ യോജിക്കുന്നത് ഹസന് എന്നും അതിനോട് എതിരാവുന്നത് ഖബീഹ്" എന്നുമാണ് ഹസന് ഖബീഹ് എന്നതിന്റെ ഒരു നിർവചനമെന്ന് ഇമാം റാസി തന്റെ അൽ മഹ്‌സൂലിൽ രേഖപ്പെടുത്തുന്നുണ്ട്. ഈ അർഥത്തിൽ അത് യുക്തി പര(അഖ്ലിയ്യ്)വുമാണ്. അതായത് യുക്തി കൊണ്ട് മനസ്സിലാക്കാവുന്നതാണ്. എന്നാൽ മനുഷ്യ പ്രവർത്തനങ്ങൾക്ക് ദുനിയാവിൽ വെച്ച് തന്നെ പ്രകീർത്തനം അപകീർത്തനം ലഭിക്കുന്നതും പരലോകത്ത് പ്രതിഫലം ശിക്ഷ ലഭിക്കുന്നതും എന്ന അർഥത്തിൽ ഹസന് ഖബീഹ് എന്നിവ ശറഇയ്യുമാണ്. ശറഇൽ നിന്ന് മാത്രമേ അത് മനസ്സിലാക്കാൻ കഴിയുകയുള്ളൂ. മുഅ്തസിലികളെ സംബന്ധിച്ചിടത്തോളം ഹുസ്ന് ഖുബ്ഹ് എന്നാൽ യുക്തിപരമാണ്. സ്വാഭാവിക യുക്തികൊണ്ടോ ഊഹിക്കാവുന്ന യുക്തികൊണ്ടോ മനസ്സിലാക്കാവുന്ന ഒന്ന്. എന്നാൽ യഥാർത്ഥത്തിൽ ശറഇനെ (വഹ് യ്) കൂടാതെ മനസ്സിലാക്കാവുന്ന ഒന്നല്ല ഹസന്/ ഖബീഹ്. അതുകൊണ്ടാണ് ഇമാം ഗസാലി അവയെ മനസ്സിലാക്കാനുള്ള ഉപാധികൾ മൂന്നെണ്ണമാണെന്ന് (മുകളിൽ സൂചിപ്പിച്ചതുപോലെ) പറഞ്ഞതും. അതേ പ്രകാരം ശിക്ഷ പ്രതിഫലം എന്ന അർഥത്തിൽ ഹസന് ഖബീഹ് എന്നിവ ശറഇയ്യ് ആണെന്ന് ഇമാം റാസി പറഞ്ഞതും.
ഇമാം റാസിയുടെ പാണ്ഡിത്യം ആഴത്തിൽ സ്വാധീനിക്കപ്പെട്ട മറ്റൊരു അശ്അരി പണ്ഡിതനാണ് ഇമാം ഖറാഫി. മാലികീ മദ്ഹബുകാരനായ ഇമാം ഖറാഫി ഇമാം റാസിയുടെ അൽ മഹ്സൂലിന് ശറഹുൽ തൻഖീഹുൽ ഫുസൂൽ എന്ന ഒരു വ്യാഖ്യാനം തന്നെ രചിച്ചിട്ടുണ്ട്. മധ്യകാല ഈജിപ്തിലെ ദൈവശാസ്ത്ര സംവാദങ്ങളിൽ അശ്അരി അഖീദക്ക് ശക്തമായ പ്രതിരോധം തീർത്ത പ്രമുഖരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നിർവചനപ്രകാരം അല്ലാഹു കൽപ്പിച്ചതാണ് ഹസന് അവൻ നിരോധിച്ചവയെല്ലാം ഖബീഹുമാണ്. അതായത്, ഹറാമിന്റെ പരിധിയിൽ പെടുന്നതും ഉറങ്ങുന്നവൻ, മറവിക്കാരൻ, മൃഗങ്ങളും എന്നിവ ചെയ്യുന്ന പ്രവർത്തനങ്ങൾ ഒഴിച്ചുനിർത്തിയാൽ മറ്റെല്ലാ പ്രവർത്തനങ്ങളും ഹസന് ആണ്.
ഹുസ്ന്, ഖുബ്ഹ് എന്നിവക്ക് ഇമാം ഗസാലിയും ഇമാം റാസിയും ഇമാം ഖറാഫിയും വ്യത്യസ്ത നിർവചനങ്ങളാണ് നൽകുന്നതെങ്കിലും മൂന്നുപേരും ഊന്നൽ നൽകുന്നത് ശറഇന്റെ ആവശ്യകതയെയാണ്. ശറഇല്ലാതെ ഹുസ്ന് ഖുബ്ഹ് എന്നിവ തിരിച്ചറിയൽ സാധ്യമല്ല. ചില പ്രവർത്തനങ്ങളുടെ ഔചിത്യവും അനൗചിത്യവും ഒരുപക്ഷേ യുക്തിപരമായി മനസ്സിലാക്കാൻ സാധിക്കുമെങ്കിലും പരലോകത്ത് അവയുടെ പരിണതഫലമെന്ത് എന്ന് മനസ്സിലാക്കണമെങ്കിൽ ശരീഅത്ത് തന്നെ അനിവാര്യമാണ്. നിസ്കാരം, നോമ്പ് പോലുള്ള പ്രവർത്തനങ്ങൾ ശറഇൽനിന്നു മാത്രമേ മനസ്സിലാക്കാൻ കഴിയുകയുള്ളൂ. മുഅ്തസിലതിന്റെ വാദപ്രകാരം സ്വാഭാവിക യുക്തിയോ ഊഹിക്കാവുന്ന യുക്തിയോ വെളിപ്പെടുത്തിത്തരുന്ന കാര്യത്തെ സ്ഥിരപ്പെടുത്തുക എന്ന ധർമം മാത്രമേ ചെയ്യുന്നുള്ളു എന്നാണ്. എന്നാൽ ശരീഅതിന്റെ അഭാവത്തിൽ നിസ്കാരം (ഉദാഹരണത്തിന്) നിർബന്ധമാണോ അല്ലയോ എന്ന് അറിയാൻ കഴിയില്ലായിരുന്നല്ലോ. അതുകൊണ്ടാണ് അശ്അരികൾ എല്ലാത്തിനും മീതെ ശറഇന് പ്രാധാന്യം കൊടുത്തത്. അതേസമയം, അശ്അരികൾ യുക്തിയെ അവഗണിക്കുന്നുമില്ല.
ചുരുക്കത്തിൽ, Intelligible Essence എന്ന തത്വത്തിന്റെ വിവക്ഷ വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങളെ കുറിച്ചാണ് എന്നതിൽ തർക്കമില്ല. പക്ഷേ Intelligible Essence എന്ന തത്വത്തിന്റെ സത്തയാണ് മുഅ്തസിലികൾ വാദിക്കാൻ ശ്രമിക്കുന്നത് എന്ന് വിധിക്കുന്ന ഹൗറാനിയുടെ പക്ഷത്താണ് തെറ്റ്.
അങ്ങനെ സ്ഥാപിച്ചാൽ മാത്രമേ ലിബറൽ ദാർശനികതയുടെ സർവ്വ പാപവും സൈദ്ധാന്തികമായി അശ്അരികളുടെ തലയിൽ കെട്ടിവയ്ക്കാൻ ഹൗറാനിക്ക് സാധിക്കുകയുള്ളൂ. എന്നാൽ വസ്തുക്കൾക്കോ പ്രവൃത്തികൾക്കോ വസ്തുനിഷ്ഠ സ്വഭാവം മാത്രമല്ല ഉള്ളതെന്നും നൈതികത അവയിൽ സഹജമായി നിലനിൽക്കുന്നില്ല എന്നുമാണ് ഇമാം ഗസാലി, ഇമാം റാസി, ഇമാം ഖറാഫി എന്നിവർ സമർത്ഥിച്ചത്. മാത്രമല്ല മതത്തെ സ്വകാര്യലോകത്തേക്ക് ചുരുക്കുന്നതും വ്യക്തി താൽപ്പര്യങ്ങളെ പൊതുരംഗത്തേക്ക് കൊണ്ടുവരുന്നതുമായ ലിബറൽ ചിന്തകളുടെ ഉത്തരവാദികൾ അശ്അരികളാണെന്ന് വരുത്തിത്തീർക്കാനുള്ള ഹൗറാനിയുടെ ശ്രമം മുഅതസിലതിലേക്ക് തന്നെ തിരിച്ചുവരുന്ന ഒരു ഒളിയമ്പാണ്. ലിബറലിസത്തിന്റെ അടിസ്ഥാന പരമായ ഒരു ഘടകം സ്വതന്ത്ര ഇച്ഛയാണെന്ന വസ്തുത മുഅതസിലി സൈദ്ധാന്തികതയുടെ നിലനിൽപ്പിനെ ഭീഷണിയിലാക്കുന്നതും ലിബറലിസത്തിന്റെ വക്താക്കൾ മുഅതസിലുകളാണെന്ന വസ്തുതയിലേക്ക് നയിക്കാൻ കെൽപ്പുള്ളതുമാണ്.
(രിസാല 2020 ജനുവരി 22 ൽ പ്രസിദ്ധീകരിച്ചത്)