KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

Across the Green Sea: പശ്ചിമ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ചരിത്രവായനകൾ (Part-1)

സഞ്‌ജയ്‌ സുബ്രഹ്മണ്യം / മിറാൻഡ മെൽച്ചർ

അടുത്തിടെ ടെക്സാസ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച Across a Green Sea; Histories from the Western Indian Ocean 1440 to 1640 എന്ന പുസ്തകത്തെ സംബന്ധിച്ച് ഗ്രന്ഥകർത്താവ് സഞ്ജയ് സുബ്രമണ്യം ഡോ.മിറാൻഡ മെൽച്ചറുമായി സംസാരിക്കുന്നു.


പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളുടെ രണ്ടു നൂറ്റാണ്ടു കാലത്തെ വൈവിധ്യമാർന്ന സമ്പർക്കങ്ങളുടെയും രാഷ്ട്രീയങ്ങളുടെയും ആശ്ചര്യകരമായ ചരിത്രമാണല്ലോ ഈ പുസ്തകം പങ്കുവെക്കുന്നതും അവതരിപ്പിക്കുന്നതും. താങ്കളെ സ്വയം പരിചയപ്പെടുത്തിയും എന്തുകൊണ്ടാണ് ഈ പുസ്തകം എഴുതാൻ തീരുമാനിച്ചത് എന്നു വിശദീകരിച്ചു കൊണ്ടും നമുക്ക് ആരംഭിക്കാം.


ഏതാണ്ട് ഇരുപതു വർഷമായി അമേരിക്കയിൽ ജീവിക്കുന്ന, ഇന്ത്യൻ വംശജനായ ചരിത്രകാരനാണ് ഞാൻ. ഇംഗ്ലണ്ട്, ഫ്രാൻസ്, പോർച്ചുഗൽ തുടങ്ങിയ പലയിടങ്ങളിലും മുമ്പ് അക്കാദമിക് പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഒരു സാമ്പത്തിക ചരിത്രകാരനായി എൻ്റെ കരിയർ ആരംഭിക്കുന്നത് ഡൽഹിയിലാണ്. എന്നാൽ അതിനുശേഷം, ചരിത്രത്തിൻ്റെ മറ്റു മേഖലകളിലേക്ക് തിരിഞ്ഞു. അതിനാൽ തന്നെ, ഇപ്പോൾ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിൽ പ്രമേയപരമായി തികച്ചും വിശാലവീക്ഷണമുള്ള വ്യക്തിയാണ് ഞാൻ. ഈ പുസ്തകത്തെ സംബന്ധിച്ചിടത്തോളം തന്നെ, അൽപ്പം നീണ്ട, കാലദൈർഘ്യമുള്ള ഈ പരിണാമവുമുണ്ട്. താരതമ്യ സാഹിത്യത്തിൽ (comparative literature) ഇന്ത്യൻ മഹാസമുദ്രത്തെക്കുറിച്ച് ഒരു പ്രഭാഷണം നടത്താൻ ആവശ്യപ്പെട്ട് പത്തു വർഷം മുമ്പ് ലഭിച്ച ഒരു ക്ഷണമാണ് ഈ പുസ്തകത്തിലേക്ക് പ്രേരിപ്പിച്ചത്. ഇന്ത്യൻ ചരിത്രകാരന്മാർ ഇന്ത്യൻ മഹാസമുദ്രത്തെ ഇന്ത്യയുടെ മഹാസമുദ്രമാണെന്ന മട്ടിൽ നോക്കിക്കാണുന്ന പതിവുപ്രശ്നം ഒഴിവാക്കാനായി, ഇന്ത്യൻ മഹാസമുദ്രത്തെക്കുറിച്ചുള്ള കര കേന്ദ്രീകൃതമായ ദേശീയ വീക്ഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് ഞാൻ ആഗ്രഹിച്ചത്. നിർഭാഗ്യവശാൽ, ഒരുപാട് രചനകളെ ഇപ്പോഴും ആ പ്രശ്നം അലട്ടുന്നുണ്ട്.


ഈ പുസ്തകത്തിൻ്റെ ലക്ഷ്യങ്ങളെ സംബന്ധിച്ചും അവയെ എങ്ങനെയാണ് വികസിപ്പിച്ചത് എന്നും അൽപം കൂടി വിശദീകരിക്കാമോ?

വിവിധ ഭാഷകളിലുള്ള ആർക്കൈവൽ - ടെക്സ്റ്റൽ സ്രോതസ്സുകളിലൂടെയും മറ്റും വളരെ വിപുലമായ ഉപാദാനങ്ങളെ ആശ്രയിച്ചുള്ള ഒരു ചരിത്രം എഴുതാൻ ശ്രമിക്കുക എന്നതായിരുന്നു ഈ ഗ്രന്ഥത്തിൻ്റെ ലക്ഷ്യം. ഈ സ്രോതസ്സുകളാവട്ടെ എൻ്റെ മനസ്സിൽ പൂർണ്ണമായും ഇഴചേർന്നതോ കൂടി കലർന്നതോ ആണ്. പരാമർശിത ഇടത്തിൻ്റെ (space) സങ്കീർണ്ണതയെ സംബന്ധിച്ച് ഒരു ചിത്രം നൽകുക എന്നതായിരുന്നു എൻ്റെ അടിസ്ഥാന ലക്ഷ്യം. ഇക്കാര്യത്തിൽ, തീയതികൾ പ്രധാനപ്പെട്ട ഘടകമാണ്. അതുകൊണ്ട് 1498/1500 -ൽ പോർച്ചുഗീസുകാർ ഇന്ത്യൻ മഹാസമുദ്രത്തിൽ എത്തിച്ചേർന്നു എന്ന് പറഞ്ഞു തുടങ്ങാൻ ഞാൻ ആഗ്രഹിച്ചില്ല. എല്ലാം അവരിൽ നിന്നാണ് ആരംഭിച്ചത് എന്ന ധാരണ അതു നൽകും. അതിനാലാണ്, പോർച്ചുഗീസ് ഘട്ടം അവസാനിക്കുന്നതിന് മുമ്പ് തന്നെ പുസ്തകത്തിൻ്റെ പ്രതിപാദ്യം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചത്. ആ പ്രവൃത്തി, പോർച്ചുഗീസുകാർ എത്തുന്നതിനു മുമ്പ് വളരെ സജീവമായ ആമുഖങ്ങൾ ഉണ്ടെന്ന് വായനക്കാർക്ക് ബോധ്യപ്പെടുത്താൻ വേണ്ടിയാണ്.


1640-ലാണ് പുസ്തകത്തിൻ്റെ പ്രതിപാദ്യം ഞാൻ അവസാനിപ്പിക്കുന്നത്. ആ സമയത്ത് ചില പ്രധാനപ്പെട്ട കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. അതിനാലാണ്, ഈ പുസ്തകത്തിൽ ഉപയോഗിക്കുന്നത് വളരെ സാമ്പ്രദായികമായ കാലഗണനയല്ല എന്ന് പറയുന്നത്. ഇവിടെ ചെയ്യാൻ ശ്രമിക്കുന്നത് പരമ്പരാഗത ഭൂമിശാസ്ത്രങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിച്ച്, പരാമർശിത ഭൂമികയുടെ ഇടം വേർപെടുത്തി സംസാരിക്കുക എന്നതാണ്. ഇങ്ങനെ, പരാമർശിത ഇടത്തെ സംബന്ധിച്ച് ഒന്നിലധികം വീക്ഷണങ്ങൾ പുലർത്താനാണ് ഞാൻ ശ്രമിക്കുന്നത്.


വ്യത്യസ്ത ഭൂമിശാസ്ത്രങ്ങൾ, സ്രോതസ്സുകൾ എന്നിവയുടെ സംയോജനം എന്ന ആശയത്തെ സംബന്ധിച്ച് വിശദീകരിക്കാമോ?


ഇന്ത്യൻ മഹാസമുദ്രം ഭൂമിശാസ്ത്രപരമായി അത്ര മേൽ സംക്ഷിപ്തമല്ല. മെഡിറ്ററേനിയൻ, കരിങ്കടൽ തുടങ്ങിയവ താരതമ്യേന സംക്ഷിപ്തമായ ഭൂമിശാസ്ത്രമാണ്. കരിങ്കടലിന് ബോസ്ഫറസിലൂടെ ഒരു നിർഗ്ഗമന മാർഗം മാത്രമേ ഉള്ളൂ, അതൊരു പകുതി അടഞ്ഞ കടലാണ്. ആന്തരികമായി കടലുകൾ ഉള്ളതിനാൽ മെഡിറ്ററേനിയൻ അൽപ്പം സങ്കീർണ്ണമാണ് എന്ന് നമുക്ക് അറിയാം. എന്നാൽ ഇന്ത്യൻ മഹാസമുദ്രം, പ്രത്യേകിച്ചും പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രം മറ്റൊരു തരത്തിലാണ്. അതിൻ്റെ തെക്ക് ഭാഗം പൂർണ്ണമായും തുറന്നു കിടക്കുന്നു. അതു പിന്തുടർന്നു പോയാൽ അൻ്റാർട്ടിക്കയിലെത്താം. അത്തരമൊരു സഞ്ചാരം ആ സമയത്ത് ജനങ്ങൾ ചെയ്തിട്ടില്ല. വടക്കു ഭാഗത്ത് ഇന്ത്യൻ മഹാസമുദ്രത്തിന് പേർഷ്യൻ ഗൾഫ് പോലെയുള്ള ഉൾക്കടലുകളും, ചെങ്കടലുമുണ്ട്. അതിനാൽ തന്നെ, ഈ ഇടങ്ങളിൽ സംഭവിക്കുന്ന സവിശേഷ വികാസങ്ങൾക്ക് ഈ ഭൂമിശാസ്ത്രപരമായ സങ്കീർണ്ണത കണക്കിലെടുക്കേണ്ടതുണ്ട്.


അതേസമയം, ഈ ഇടങ്ങൾ പുസ്തകം പ്രതിപാദിക്കുന്ന കാലയളവിൽ വിശാലമായ ചക്രവാളങ്ങളിൽ നടക്കുന്ന മറ്റു വിക്രയങ്ങൾക്കും പശ്ചാത്തലമായിട്ടുണ്ട്. പരമ്പരാഗത ചരിത്രം സാധാരണയായി ഒരു വശമാണ് പരിഗണിക്കുക എന്നതാണ് സ്വഭാവികമായ പ്രശ്നം. അതിനാൽ തന്നെ, ഈ പ്രദേശത്ത് പോർച്ചുഗീസുകാർ പ്രവർത്തിച്ചതോ അല്ലാത്തതോ ആയ കാര്യങ്ങളാവും അത് കൈകാര്യം ചെയ്യുന്നവർ പരാമർശിക്കുന്നത്. എന്നാൽ, എന്നെ വളരെയധികം സ്വാധീനിച്ച പഴയ തലമുറയിലെ ഗവേഷകരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എൻ്റെ വല കഴിയുന്നത്ര വീതിയിൽ വീശാൻ ഞാൻ തീരുമാനിച്ചു. എൻ്റെയും അടുത്ത ചില സുഹൃത്തുകളുടെയും കഴിവുകളുടെ പരിധിയിൽ, ഈ വിഷയത്തിൽ കൊണ്ടുവരാൻ കഴിയുന്നത്ര വ്യത്യസ്ത സ്രോതസ്സുകളുടെ ഭാഷകൾ ഞാൻ ഉപയോഗിച്ചു. അതിനാൽ തന്നെ, ഈ പുസ്തകത്തിൽ നിങ്ങൾ കണ്ടെത്തുന്നത് പരസ്പര വിച്ഛേദങ്ങളായ സ്രോതസ്സുകളുടെ ഒരു വലിയ തരം സാന്ദ്രത ആയിരിക്കുമെന്ന് ഞാൻ കരുതുന്നു.


ഈ പുസ്തകം വായിക്കുമ്പോൾ താങ്കൾ പറഞ്ഞ കാര്യം വളരെ വ്യക്തമാണ്. ഗ്രന്ഥത്തിൻ്റെ തുടക്കം മുതൽ തന്നെ താങ്കൾ സൂചിപ്പിച്ച രീതിക്ക് പ്രാമുഖ്യം കൽപ്പിച്ചിരിക്കുന്നു. നമുക്ക് ഇപ്പോൾ പുസ്തകത്തിലൂടെ ഹോർമൂസ് (Hormuz) പോലോത്ത ഒരു സ്ഥാനത്തേക്ക് മാറാനും അവിടെ നിന്നു കൊണ്ട് പുസ്തകത്തിൻ്റെ പ്രതിപാദ്യ ഇടത്തിൽ എന്താണ് സംഭവിക്കുന്നത് എന്നു നിരീക്ഷിക്കാനും അവലോകനം ചെയ്യാനും സാധിക്കുന്നുണ്ട്. അതിലൂടെ ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ പടിഞ്ഞാറൻ ഭാഗത്തിൻ്റെ ചരിത്രം നന്നായി മനസ്സിലാക്കാനും ഈ മേൽക്കൈ സഹായിക്കുന്നുണ്ട്.


ഹോർമുസ് എന്നത് ഒരു രാജ്യമാണ്, യഥാർതത്തിൽ ജറുൻ(Jarun) എന്നായിരുന്നു ദ്വീപിൻ്റെ നാമം. പേർഷ്യൻ ഗൾഫിലേക്കുള്ള പ്രവേശനവഴിയെ സംരക്ഷിക്കുന്ന, ചെറിയ ദ്വീപാണ് അത്. അതിനാൽ തന്നെ, കപ്പൽ മാർഗം ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും തെക്കൻ ഇറാനിലെ തുറമുഖങ്ങളിലേക്കോ ബസറയിലേക്കോ പോകുമ്പോൾ ഈ ദ്വീപിൽ പോവേണ്ടി വരും. ഈ ദ്വീപിനെ നിയന്ത്രിക്കുന്നവർക്ക് എന്താണ് സംഭവിക്കുന്നതെന്ന് ഏറിയ തോതിലോ കുറഞ്ഞ രീതിയിലോ നിരീക്ഷിക്കാൻ സാധിക്കുന്നതിനാൽ ജനങ്ങൾ ചിലപ്പോൾ ഹോർമുസിനെ ചോക്ക് പോയിൻ്റ് എന്നു വിളിച്ചിരുന്നു. ഇന്നും ഇറാനും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ഇടപെടലുകൾ കൊണ്ട് ഹോർമുസ് കടലിടുക്ക് പ്രധാനമാണ്.


അതിനാൽ തന്നെ, ഈ ദ്വീപ് ഒരു തുറമുഖമായി തീരുകയും ഏകദേശം പതിനാലാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഒരു രാഷ്ട്രീയ വ്യവസ്ഥയുടെ കേന്ദ്രമായി മാറുകയും ചെയ്തു. പിന്നീട്, ഈ തുറമുഖം കൂടുതൽ ഏകീകരിക്കപ്പെടുകയും പതിനാലാം നൂറ്റാണ്ടിലും, പതിനഞ്ചാം നൂറ്റാണ്ടിൽ പ്രത്യേകിച്ചും, കൂടുതൽ പ്രാധാന്യം കൈവരുകയും ചെയ്തു. ഒടുവിൽ തുറമുഖത്തിൻ്റെ ഈ പ്രാധാന്യം തിരിച്ചറിഞ്ഞാണ് പോർച്ചുഗീസുകാർ അധീനപ്പെടുത്താൻ ആഗ്രഹിക്കുന്നത്. അവർ രണ്ട് വ്യത്യസ്ത ശ്രമങ്ങൾക്ക് മുതിരുകയും വൈകാതെ, 1515-ൽ തുറമുഖം തങ്ങളുടെ നിയന്ത്രണത്തിന് കീഴിലാക്കുകയും ചെയ്തു. തുടർന്ന് അടുത്ത നൂറ്റാണ്ടിലും തുടർന്നും അത് പോർച്ചുഗീസ് അധികാരത്തിന് കീഴിൽ തുടർന്നു.


അതിനാൽ തന്നെ, ഈ ദ്വീപ് യഥാർത്ഥത്തിൽ വളരെ താത്പര്യം ഉണർത്തുന്ന ഒരു ഇടമാണ്. ഇറാനിയൻ വൻകരയിൽ നിലകൊള്ളുന്നില്ല എന്ന വീക്ഷണകോണിൽ, വളരെ വിചിത്രമായ ഒരു ദ്വീപാണ് ഇത്. ഹോർമുസ് വളരെ ചൂടുള്ള ഒരു ഭൂഭാഗമാണ്. അവിടെ ജനസംഖ്യ പതിനായിരക്കണക്കിന് ഉയർന്നതിനെ തുടർന്ന് കുടിവെള്ളം പോലും വൻകരയിൽ നിന്ന് കൊണ്ടുവരേണ്ടിയിരുന്നു. ദ്വീപിൽ വളരെ ദുർബലമായ ഒരു ഭൂപ്രകൃതിയായിരുന്നു. എന്തായാലും, രണ്ടു നൂറ്റാണ്ടു കാലത്തെ ഒരു വിജയഗാഥയുടെ കഥയാണ് ഈ ദ്വീപിനുള്ളത്. പതിനഞ്ചാം നൂറ്റാണ്ടിലെ ചൈനീസ് കപ്പലുകൾ ഇവിടം സന്ദർശിച്ചിരുന്നു. അതൊരു അപൂർവത എന്ന നിലയിലാണ് കണക്കാക്കപ്പെട്ടിരുന്നത്. പല വർണ്ണങ്ങളിലുള്ള മണ്ണുകളുള്ള വളരെ മനോഹരമായ ഒരു സ്ഥലമായതിനാൽ ഇന്ന് അവിടെ സഞ്ചാരികൾ എത്തിച്ചേരുന്നുണ്ട്. നിർഭാഗ്യവശാൽ, മധ്യകാല നഗരങ്ങളിൽ ചുരുക്കം ചിലതൊഴികെ ഭൂരിഭാഗവും നാശോന്മുഖമാണ്.


പതിനഞ്ചാം നൂറ്റാണ്ടിൻ്റെ ഉത്തരാർധത്തിനു ഏതാനും പതിറ്റാണ്ടുകൾക്ക് ശേഷം 1510-കളുടെ അവസാനത്തിൽ അരങ്ങേറിയ സംഭവവികാസങ്ങൾ വിശദമാക്കാമോ?


ആമുഖത്തിന് ശേഷമുള്ള, രീതിശാസ്ത്ര പ്രതിഫലനം കൂടിയ അധ്യായത്തിൽ ഞാൻ ശ്രദ്ധ കൊടുത്തിരിക്കുന്നത് അതിനാണ്. പ്രസ്തുത അധ്യായത്തിൻ്റെ ആദ്യഭാഗത്ത് ഞാൻ അവലോകനം ചെയ്യുന്നത് ഉപരിസൂചിത ഇടത്തിൻ്റെ മാറുന്ന രാഷ്ട്രീയ സമ്പദ് വ്യവസ്ഥയാണ്. ഈ മാറ്റത്തിൻ്റെ ചോദനകളിലൊന്ന് പോർച്ചുഗീസുകാരുടെ ആവിർഭാവമായിരുന്നു. അതായത്, ആരുടെ കപ്പലുകളാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ ആദ്യം എത്തുന്നത് എന്നതും നങ്കൂരമിടുന്നത് എന്നതും കൂടുതൽ പ്രാധാന്യമർഹിക്കുന്ന കാര്യമായിരുന്നു. ഈ ഭൂമികയിൽ സംഭവിച്ച പരിണാമങ്ങൾ, അധികാര ശക്തികളുടെ പ്രാധാന്യം, ബലക്ഷയം എന്നിവയുമായി ബന്ധപ്പെട്ട് വിശേഷിച്ചും. അതിനാൽ തന്നെ, പതിനഞ്ചാം നൂറ്റാണ്ടിൻ്റെ മധ്യകാലത്തെ സങ്കൽപ്പിക്കുമ്പോൾ ചെങ്കടലിൻ്റെ തുറമുഖങ്ങളെ നിയന്ത്രിക്കുന്നു എന്ന നിലയിൽ ഈജിപ്തിലെ മംലൂക്കുകളുടെ സാമൂഹികശ്യംഖല ഈ ഇടത്തിൽ വളരെ പ്രധാനമാണ്. അവരുടെ സ്വാധീനം പുണ്യനഗരങ്ങളായ മക്ക, മദീന എന്നിവയിലൂടെ ഇന്ത്യ വരെ നീണ്ടിരുന്നു. എന്നാൽ,1510-ൻ്റെ അവസാനത്തിൽ ആ രാഷ്ട്രീയ വ്യവസ്ഥ തകരുകയും ഓട്ടോമൻ സാമ്രാജ്യം ഭൂഭാഗത്തിലെ നിർണായക ശക്തിയായി മാറുകയും ചെയ്തു.


ഈ ഭൂമികയുടെ ഇന്ത്യൻ അഗ്രത്ത് ഇതിനനുസരിച്ച് ഒരു നിശ്ചിത അളവിലുള്ള സുപ്രധാനമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. പശ്ചിമ ഇന്ത്യൻ സംസ്ഥാനമായ ഗുജറാത്തിനാണ് ഇവിടെ ഞാൻ ഊന്നൽ നൽകുന്നത്. അക്കാലത്ത് അവിടെ പ്രത്യേക ഭരണകൂടമായിരുന്നു നിലനിന്നിരുന്നത്. ഈ സമയത്ത് മറ്റു രാഷ്ട്രീയ കേന്ദ്രങ്ങളും നഗരങ്ങളും പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിന് കുറുകെ എത്തിച്ചേരുന്നുണ്ട്. ഉദാഹരണത്തിന്, എയ്ദൻ, സൗദി അറേബ്യ, ഉത്തരാഫ്രിക്ക എന്നിവയുമായി പടിഞ്ഞാറൻ ഇന്ത്യയുടെ സമ്പർക്കങ്ങൾ നിലനിന്നിരുന്നു. അതിനാൽ തന്നെ, ഇവ തമ്മിൽ ഏറെ കൗതുകമുണർത്തുന്നതും സങ്കീർണ്ണവുമായ, വാണിജ്യ പ്രാധാന്യമുള്ള പരസ്പര ബന്ധമുണ്ട്. യാത്രയുടെയും തീർഥാടനത്തിൻ്റെയും പാതകൾ എന്ന നിലയിൽ ഇവകൾക്ക് മതപരമായ പ്രാമുഖ്യവും കാണാം. കൂടാതെ, അവിടെ സ്ഥിരമായി സംഭവിക്കുന്ന മനുഷ്യ ഇടപെടലുകളുടെ പ്രധാന സവിശേഷതകൾ നമുക്കറിയാം. എന്നാൽ പോലും, 1450-ൽ നിന്നും ഏകദേശം 1520 ആയപ്പോഴേക്കും ഈ ഇടം തികച്ചും വ്യത്യസ്തമായ ഭൂമിശാസ്ത്രമാണെന്ന് പറയാം.


തയ്യാറാക്കിയത്: മുഹമ്മദ് സിറാജുറഹ്മാൻ നൂറാനി


Featured Image: The position of the city of Hormuz on the strait at the entrance of the Persian/ Arabian Gulf, 1572.

History
Author Talk

Related Posts

Loading