പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിൽ നടന്നിരുന്ന വാണിജ്യ സംബന്ധിയും മതകീയവുമായ വിനിമയങ്ങളെ കുറിച്ച് കൂടുതൽ വിശദീകരിക്കാമോ?
ഈ ശൃംഖലകൾക്ക് ഒരു കേന്ദ്രമല്ല ഉണ്ടായിരുന്നത് എന്ന കാര്യമാണ് ഏറ്റവും ശ്രദ്ധേയം. പ്രതിപാദ്യത്തിന് അനുസൃതമായി ഈ ശൃംഖലകളുടെ കേന്ദ്രവും വ്യത്യസ്തമാവും. ഉദാഹരണത്തിന് നമുക്ക് മുസ്ലിം വീക്ഷണം പരിശോധിക്കാം. ഈ വിനിമയങ്ങളുടെയെല്ലാം കേന്ദ്രം വിശുദ്ധ നഗരമായ മക്കയാണ് എന്നാണ് അവരുടെ കാഴ്ചപ്പാട്. ചെങ്കടൽ തീരത്തെ ജിദ്ദ ആയിരുന്നു മക്കയുടെ സമീപസ്ഥമായ തുറമുഖ നഗരം. മുസ്ലീങ്ങളുടെ വാർഷിക തീർഥാടനം വഴി മക്ക അത്യന്തം പ്രാധാന്യമുള്ള ഒരു നഗരമായിരുന്നു. ഹജ്ജ് തീർത്ഥാടനം നടക്കുന്നത് സൗര കലണ്ടർ പ്രകാരമല്ല, ചാന്ദ്ര കലണ്ടറിന് അനുസരിച്ചാണ്. ഈ കാലഗണനകൾ തമ്മിലുള്ള അന്തരം മൂലം ഓരോ വർഷവും അൽപ്പം ആശയക്കുഴപ്പവും സൃഷ്ടിക്കപ്പെട്ടിരുന്നു. എന്തായാലും, ആളുകൾ എല്ലാ വർഷവും ഈ മേഖലയിൽ പ്രത്യക്ഷപ്പെടുന്നു എന്നാണ് പറഞ്ഞു വരുന്നതിന്റെ ചുരുക്കം. തീർഥാടന കലണ്ടറും കപ്പൽ യാത്ര കലണ്ടറും എത്രത്തോളം യോജിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഈ സാന്നിധ്യത്തിൻ്റെ ദൈർഘ്യം കണക്കാക്കപ്പെടുക.
ഈ യാത്രക്കാർ പലപ്പോഴും കച്ചവട സാധനങ്ങളും കൊണ്ടുവന്നിരുന്നു. അതിനാൽ തന്നെ, ഇന്ത്യൻ മഹാസമുദ്രത്തിൽ ഉടനീളം വ്യാപാര ചരക്കുകളുടെ കൈമാറ്റം നടന്നു കൊണ്ടേയിരുന്നു. ധാരാളം ആളുകൾ അനറ്റോലിയയിൽ നിന്നും വടക്കേ ആഫ്രിക്കയിൽ നിന്നും മറ്റും ഈ മേഖലയിൽ എത്തിച്ചേർന്നിരുന്നു. ഇന്ത്യൻ മഹാസമുദ്ര വ്യാപാര സംവിധാനത്തിന് പുറത്തുനിന്നു പോലും അവർ സജീവമായി ചരക്കുകൾ കൊണ്ടുവന്നു.
കച്ചവടവും മതവും ഇവിടെ പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണ്. അതേ സമയം മതകീയമായ ക്രയവിക്രയങ്ങൾ ഇറാനിലും നടക്കുന്നുണ്ടായിരുന്നു. മതവിദഗ്ധരും മറ്റും പലപ്പോഴും ഇന്ത്യൻ മഹാസമുദ്രത്തിലൂടെ സഞ്ചരിച്ചു കൊണ്ടേയിരുന്നു. തൻ്റെ ജീവിതത്തിൻ്റെ ഒരു ഭാഗം തന്നെ ഇന്ത്യയിൽ ചെലവഴിക്കാൻ തീരുമാനിച്ച്, ഉപഭൂഖണ്ഡത്തിൽ ഒരു രക്ഷാധികാരിയെ കണ്ടെത്തുന്ന ഇറാനിൽ നിന്നുള്ള ചില പ്രഗത്ഭരെ നമുക്ക് കാണാൻ സാധിക്കുന്നുമുണ്ട്. ഇതിൽ ചിലരെ കത്തിടപാടുകൾ പോലോത്തവ കൊണ്ട് കൃത്യമായി നമുക്ക് നിർണയിക്കാൻ കഴിയും. ഇക്കൂട്ടത്തിൽ, കച്ചവടക്കാരെ കേന്ദ്രീകരിച്ച് സഞ്ചരിക്കുന്ന വ്യക്തികളെയും ഭരണകൂടങ്ങളിലെ ചലനാത്മകതയുള്ള ഉന്നതരെയും കാണാം. ഒരു ശ്യംഖല എന്ന നിലയിൽ ഇതിനെയൊക്കെയും നമുക്ക് നിരീക്ഷിക്കാനാവും. പിന്നീട് പോർച്ചുഗീസുകാർ വരികയും ആ ശൃംഖലയെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു. അവർ ഒരു ഘട്ടം വരെ ആ ലക്ഷ്യത്തിൽ വിജയം വരിക്കുന്നുവെങ്കിലും ചിലപ്പോഴൊക്കെ ഈ ശൃംഖലകളാൽ നിരസിക്കപ്പെടുന്നുമുണ്ട്.
പതിനാറാം നൂറ്റാണ്ടിലെ ഹിജാസിനെ കുറിച്ച് കൂടുതൽ വിശദീകരിക്കാമോ ?
പുതിയ ഉറവിടങ്ങൾ കണ്ടെത്താനുള്ള ആവേശമാണ് ഈ പുസ്തകത്തിൻ്റെ ഭാഗികമായ പ്രചോദനം. വളരെ പ്രധാനപ്പെട്ട സ്രോതസ്സുകൾ പ്രസിദ്ധീകരിക്കപ്പെടാത്തതോ അത്ര എളുപ്പത്തിൽ സമീപിക്കാൻ കഴിയാത്തതോ ആണെന്ന് പലപ്പോഴും മനസ്സിലാക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം.
ഹിജാസിൻ്റെ കാര്യത്തിൽ തലമുറകളാൽ തന്നെ അസാധാരണമായ ബനൂഫഹദ് കുടുംബം വളരെ പ്രധാനപ്പെട്ടതാണ്. പതിനഞ്ചാം നൂറ്റാണ്ടിൽ എഴുതപ്പെട്ട അവരുടെ വിവരണങ്ങളിൽ പരാമർശിക്കുന്ന രണ്ടു തലമുറകളെ ഇതിനകം അക്കാലഘട്ടത്തിൽ കേന്ദ്രീകരിക്കുന്ന വിദഗ്ധരായ ഗവേഷകർ പഠിച്ചിട്ടുണ്ട്. ഞാൻ അവസാനത്തേതും മൂന്നാമത്തേതുമായ തലമുറയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മൂന്നാം തലമുറയിലെ ജാറുല്ലാഹ് ഇബ്നു ഫഹദ് എന്ന വ്യക്തി ഹിജാസിലെ തൻ്റെ കാലത്തെക്കുറിച്ചുള്ള വിപുലമായ വിവരണം എഴുതി സൂക്ഷിച്ചിരുന്നു. വളരെ പ്രക്ഷുബ്ധവും അത്ഭുതാവഹമായ സന്ദർഭങ്ങൾ, മക്കയിൽ എത്തിച്ചേരുന്ന വിവിധ മനുഷ്യർ എന്നിവയെ കുറിച്ചെല്ലാം അതിൽ പരാമർശിക്കുന്നുണ്ട്. 1540-കളിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും അദ്ദേഹം അതിൽ വിവരിക്കുന്നു. ആ കാര്യങ്ങളാണ് ഞാൻ പുസ്തകത്തിലെ ഒരു അധ്യായത്തിൽ ചർച്ച ചെയ്യുന്നത്.
അദ്ദേഹത്തിൻ്റെ വിവരണത്തെ മറ്റു സ്രോതസ്സുകളുടെ കൂടെ സമീകരിച്ചു വായിക്കാനാണ് ശ്രമിച്ചത്. പ്രസ്തുത വിവരണം വിശകലനം ചെയ്യാനായി ചിക്കാഗോ സർവകലാശാല പ്രൊഫസറും പ്രമുഖ ചരിത്രകാരനുമായ മുസാഫർ ആലമിൻ്റെ കൂടെ ധാരാളം സമയം ഞാൻ ചെലവിട്ടു. അങ്ങനെയാണ് അക്കാലഘട്ടത്തിൽ എന്തു സംഭവിച്ചു എന്ന നിഗമനത്തിലേക്ക് ഞാൻ എത്തിച്ചേരുന്നത്.
ജാറുല്ലാഹ് ഇബ്നു ഫഹദ് മക്കയിൽ താമസിക്കുന്ന, വല്ലപ്പോഴും യാത്ര ചെയ്യുന്ന ഒരാളായിരുന്നു. എന്നാൽ, മക്കയിൽ താമസിക്കുമ്പോൾ അദ്ദേഹം തീർഥാടകരെയും മറ്റും കണ്ടുമുട്ടുകയും നർമസല്ലാപങ്ങളിൽ ഏർപ്പെടുകയും വിവരങ്ങൾ ശേഖരിക്കുകയും കാര്യങ്ങളിൽ സ്വന്തം വീക്ഷണം വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിൽ ചില കാഴ്ചപ്പാടുകൾ അതിശയിപ്പിക്കുന്നതായിരുന്നു. അദ്ദേഹം പലപ്പോഴും ജനങ്ങളുടെ വലിയ വിമർശകനായിരുന്നു. മറ്റൊരു കാര്യം ഈ സ്രോതസ്സ് ഒരുതരത്തിലുള്ള രഹസ്യവിവരണം ആയിരുന്നു എന്നതാണ്. തൻ്റെ വിവരണത്തിൻ്റെ വിമർശനസ്വഭാവം മൂലമാവാം, ഈ എഴുത്തുകൾ വ്യാപകമായി വായിക്കപ്പെടാൻ അദ്ദേഹം ഉദ്ദേശിച്ചിരുന്നില്ല. അക്കാലത്തെ പ്രബലരായ വ്യക്തികൾ ഉൾപ്പെടെയുള്ള സമകാലികരെ തൻ്റെ വിവരണത്തിൽ അദ്ദേഹം വിമർശനവിധേയമാക്കുന്നുണ്ട്.
ഈ സ്രോതസ്സുമായി വർത്തിച്ച പ്രക്രിയയെക്കുറിച്ച് കുറച്ചു കൂടി സംസാരിക്കാമോ? പ്രസ്തുത വിവരണം നിങ്ങളെ ആശ്ചര്യപ്പെടുത്തിയതും ഗവേഷണത്തിൽ വെളിച്ചം പകർന്നതും ഏതു രീതിയിലാണ് ?
പ്രാഥമികമായി ഈ സ്രോതസ്സ് വളരെ വലിയ ടെക്സ്റ്റാണ്. ഈ ടെക്സ്റ്റിനെ സംബന്ധിച്ച് ചുരുക്കം ചില ആളുകൾക്ക് മാത്രമാണ് അറിവുള്ളത് എന്ന കാര്യം എനിക്കേറെ ആശ്ചര്യകരമായി തോന്നി. ഇതിൻ്റെ ഒരൊറ്റ കയ്യെഴുത്തുപ്രതി മാത്രമായിരുന്നു അവശേഷിച്ചിരുന്നത്. എന്നാൽ ഭാഗ്യവശാൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഈ കയ്യെഴുത്തുപ്രതി പുനക്രമീകരിക്കപ്പെടുകയും കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തിരുന്നു. അത് ഞങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കി. ഇപ്പോൾ ഈ സ്രോതസ്സിൻ്റെ കൂടെ ഒരു വിവരസൂചികയും മറ്റുമുണ്ട്.
ഏതായാലും, ഈ ടെക്സ്റ്റിൻ്റെ സ്വഭാവം വളരെ സങ്കീർണ്ണമാണ്. ഒരുപക്ഷേ, ഈ സ്രോതസ്സ് ഉപയോഗിച്ചു തീർന്നു എന്ന് അവകാശപ്പെടുന്ന അവസാന വ്യക്തി ഞാനായിരിക്കും. വ്യത്യസ്തമായ പല കാര്യങ്ങൾ പരാമർശിക്കുന്നുണ്ടെങ്കിലും, ഈ ടെക്സ്റ്റിലെ ചില വശങ്ങൾ മാത്രമാണ് ഞാൻ പരാമർശിക്കുന്നത്. പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലും ഇന്ത്യയിലുടനീളമുള്ള ബന്ധത്തെക്കുറിച്ച് എഴുത്തുകാരൻ്റെ പരാമർശങ്ങളിലാണ് ഞാൻ കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചത്.
1530-കളിൽ രാഷ്ട്രീയ പ്രശ്നങ്ങളിൽ അകപ്പെട്ട ഗുജറാത്ത് സുൽത്താൻ തൻ്റെ കുടുംബത്തെ മുഴുവൻ പണവും നൽകി ഒരു കൂട്ടം സന്ദേശവാഹകരുടെ കൂടെ മക്കയിലേക്ക് അയക്കാൻ തീരുമാനിക്കുന്ന പ്രത്യേക സന്ദർഭമുണ്ട് ഈ സ്രോതസ്സിൽ. അതു സൃഷ്ടിക്കുന്ന വലിയ പ്രതിസന്ധി ഈ വിവരണത്തിലെ പ്രധാനപ്പെട്ട ഭാഗമാണ്. മറ്റു സ്രോതസ്സുകളിൽ നിന്നും നമുക്ക് അറിയാവുന്ന കാര്യമാണെങ്കിലും ഈ ടെക്സ്റ്റ് ഈ സംഭവം കൂടുതൽ വിശദമായി വിശകലനം ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള മറ്റു സന്ദർഭങ്ങളും നിങ്ങൾക്ക് ഈ ടെക്സ്റ്റിൽ കാണാൻ കഴിയും.
എന്നാൽ, വളരെ ആശ്ചര്യമെന്ന് ഞാൻ കരുതുന്നത്, പതിനാറാം നൂറ്റാണ്ടിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ജീവിച്ചിരുന്ന വിവിധ മുസ്ലീങ്ങൾക്കിടയിൽ സ്വയം പ്രേരിതമായ ഐക്യദാർഢ്യം ഉണ്ടായിരുന്നില്ല എന്ന കാര്യമാണ്. അക്കാലത്ത്, വ്യത്യസ്ത സംഘങ്ങൾക്കും വ്യത്യസ്ത താൽപ്പര്യങ്ങൾക്കും ഇടയിൽ നടക്കുന്ന നിരവധി പിരിമുറുക്കങ്ങളും സൂക്ഷ്മമായ ഭിന്നതകളും നമുക്ക് നിരീക്ഷിക്കാനാവും. ഉദാഹരണത്തിന്, ഉപരിസൂചിത ടെക്സ്റ്റ് എഴുതിയ വ്യക്തി, ഓട്ടോമൻ ജനതയെ ഇഷ്ടപ്പെട്ടിരുന്നില്ല. അക്കാര്യം വിവരണത്തിൽ ഇടക്കിടെ കടന്നുവരുന്നുമുണ്ട്. മംലൂക്കുകളെ ആയിരുന്നു അദ്ദേഹത്തിന് കൂടുതൽ പ്രിയം.
പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ മറ്റൊരു ഭാഗമായ സ്വാഹിലി തീരവും ഡെക്കാനുമായുള്ള സമ്പർക്കങ്ങൾ വിശദീകരിക്കാമോ?
പുസ്തകത്തിലെ അടുത്ത അധ്യായത്തിൻ്റെ പ്രമേയം ഇതു തന്നെയാണ്. പതിനാറാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ പോർച്ചുഗീസുകാർ ഈ വിശാലമായ തീരത്തും എത്തിയിരുന്നു. ഈ പ്രദേശങ്ങളുടെ വ്യക്തമായ ഭൂമിശാസ്ത്രം അവർക്ക് അജ്ഞാതമായിരുന്നു. തീരപ്രദേശങ്ങളിലുടെ തെക്കു ദിശയിൽ ഇസ്ലാം വ്യാപിച്ചത് അക്ഷരാർഥത്തിൽ അവരെ ഞെട്ടിച്ചു. മൊസാംബിക്കിൽ വരെ മുസ്ലീങ്ങൾ ഉണ്ടെന്ന് പോർച്ചുഗീസുകാർ തിരിച്ചറിഞ്ഞു. മുസ്ലിംകൾ ആഫ്രിക്കൻ നിവാസികളോ, ചെങ്കടലിൽ നിന്നും കപ്പലേറി വന്ന തുർക്കി വംശജരും മറ്റുമായി വിശേഷിപ്പിക്കപ്പെടുന്ന ആളുകളോ ആയിരുന്നു. അതിനാൽ തന്നെ, തീരപ്രദേശത്തെ നഗര രാഷ്ട്രങ്ങളുടെ സംസ്കാരം ഈ പ്രദേശത്തിൻ്റെ മുഴുവൻ സംസ്കൃതിയുടെ ഭാഗമായിരുന്നു. ഈ സമയത്ത് തന്നെ, ഉൾനാടുകൾ അത്രമേൽ ഇസ്ലാം എത്തിച്ചേർന്നിരുന്നില്ല. എന്നാൽ നിരവധി നൂറ്റാണ്ടുകളായി നിലനിൽക്കുന്നതിനാൽ തന്നെ സ്വാഹിലി തീരത്ത് ഇസ്ലാം കാര്യമായ സ്വാധീനങ്ങൾ വരുത്തിയിരുന്നു. അപ്പോഴും, ഏകീകൃത രാഷ്ട്രീയ സംവിധാനമായോ ബൃഹത്തായ, ശക്തമായ ഭരണകൂടമായോ അത് രൂപാന്തരം പ്രാപിച്ചിരുന്നില്ല. മറ്റുള്ള മേഖലകൾ നഗര രാഷ്ട്രങ്ങൾക്ക് കീഴിലെ ചെറിയ പ്രദേശങ്ങളുടെ രൂപത്തിലായിരുന്നു. അവകളാവട്ടെ, പലപ്പോഴും അന്യോനം പ്രതിയോഗികളും ആയിരുന്നു.
അപ്പോഴും, ഈ പ്രദേശത്തിന് ചെങ്കടലും പേർഷ്യൻ ഗൾഫുമായി വ്യാപാരബന്ധം നിലനിന്നിരുന്നു. ഡെക്കാൻ, ഗുജറാത്ത് എന്നീ പ്രദേശങ്ങളുമായി ഈ മേഖലക്ക് വാണിജ്യ പാരമ്പര്യം ഉണ്ടായിരുന്നു. ഈ രണ്ടു മേഖലകൾക്കാവട്ടെ, ഇതിനകം നിരവധി നൂറ്റാണ്ടുകളായി സ്വാഹിലി തീരവുമായി അടുത്ത സമ്പർക്കവുമുണ്ട്. ഇത്തരം ക്രയവിക്രയങ്ങളുടെ രൂപവും അവയുടെ രസകരമായ ചില മാനങ്ങളുമാണ് ഈ അധ്യായത്തിൽ ഞാൻ അന്വേഷിക്കുന്നത്.
ആഫ്രിക്കയിലുടനീളം ഇന്ത്യയിലേക്കുള്ള അടിമക്കച്ചവടം നടന്നിരുന്നു. സ്വാഹിലി തീരത്തോടൊപ്പം തന്നെ, ആഫ്രിക്കയുടെ കൊമ്പ് (horn of africa) എന്നു വിളിക്കപ്പെടുന്ന എറിത്രിയ, സൊമാലിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും അടിമകൾ വന്നിരുന്നു. തുണിത്തരങ്ങൾ പോലുള്ള ഇന്ത്യൻ ഉൽപ്പന്നങ്ങളും മറ്റും തിരിച്ചും സഞ്ചരിക്കുന്നുണ്ട്. ആഫ്രിക്കയിൽ നിന്നുള്ള ആനക്കൊമ്പ് കച്ചവടവും സജീവമായിരുന്നു. ഇവിടെ കുറച്ചു വിശദമായി പറയേണ്ട ആശ്ചര്യമുണർത്തുന്ന ഒരു കാര്യം, ഈ ആഫ്രിക്കൻ അടിമകൾ ഇന്ത്യയിലെ രാഷ്ട്രീയ വ്യവസ്ഥിതിയിൽ ചെലുത്തിയ കാര്യമാത്ര പ്രസക്തമായ സ്വാധീനമാണ്.
തയ്യാറാക്കിയത്: മുഹമ്മദ് സിറാജുറഹ്മാൻ നൂറാനി
Featured Image: Kabah, shown in the hajj certificate of a women from the year 836 AH - 1432/1433 CE (photo: British Library).