പതിനാറാം നൂറ്റാണ്ടിൽ, സ്വാഹിലി തീരത്തു നിന്നും ഇന്ത്യയിലേക്കുള്ള അടിമ വിനിമയങ്ങളുടെ സ്വഭാവം എപ്രകാരമായിരുന്നു?
അടിമ വിനിമയങ്ങളുമായി ബന്ധപ്പെട്ട് പ്രൊഫഷണൽ ചരിത്രകാരന്മാർ പോലും പരിഗണിക്കുന്ന ഒരേയൊരു മാതൃക അറ്റ്ലാൻ്റിക് അടിമക്കച്ചവടമാണ്. അതാവട്ടെ, നമ്മൾ പരാമർശിക്കുന്ന സ്വാഹിലി - ഇന്ത്യ അടിമ വിനിമയത്തിൽ നിന്നും വളരെ വ്യത്യസ്തവുമാണ്. അടിസ്ഥാനപരമായി, തോട്ടങ്ങളിൽ ജോലിചെയ്യാനുള്ള ആളുകളെ ലഭ്യത ലക്ഷ്യം വെച്ചുള്ള പതിനഞ്ച് - പതിനാറ് നൂറ്റാണ്ടുകളിലെ വ്യാപാരമാണ് അറ്റ്ലാൻ്റിക് അടിമക്കച്ചവടം. ബ്രസീലിയൻ കരിമ്പു തോട്ടങ്ങളിലേക്കാവാം അവരെ ആദ്യം കൊണ്ടുപോയിരുന്നത്. പിന്നീട് കരീബിയൻ മേഖലയും അമേരിക്കൻ ഭൂഖണ്ഡത്തിലെ പരുത്തിത്തോട്ടങ്ങളുമായി അതു മാറി.
അറ്റ്ലാൻ്റിക് സമുദ്രത്തിന് കുറുകെ മനുഷ്യർ സഞ്ചരിച്ചതിന് സമാനമായി പതിനാറാം നൂറ്റാണ്ടിൽ ഇന്ത്യൻ മഹാസമുദ്രത്തിലും യാത്രകൾ സംഭവിക്കുന്നുണ്ട്. അതു പക്ഷേ, അടിസ്ഥാനപരമായി പ്ലാൻ്റേഷൻ സമ്പദ് വ്യവസ്ഥക്ക് വേണ്ടിയായിരുന്നില്ല. ഇന്ത്യൻ മഹാസമുദ്രത്തിലെ പ്ലാൻ്റേഷൻ സമ്പദ് വ്യവസ്ഥ ആരംഭിക്കുന്നത് തന്നെ പതിനേഴാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിലാണ്. പതിനാറാം നൂറ്റാണ്ടിൽ സ്വാഹിലി തീരത്തു നിന്നും ഇന്ത്യയിലേക്ക് തോട്ടം പണിക്കാരായി അടിമകളെ കൊണ്ടു വന്നിരുന്നില്ല എന്നർഥം. വീട്ടുജോലിക്ക് വേണ്ടിയായിരുന്നു അവരെ പലപ്പോഴും ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ, അവരിൽ പലരും സൈനിക വിദഗ്ധരും സൈനിക അടിമകളും ആയിരുന്നതിനാൽ ഇന്ത്യൻ നാട്ടുരാജ്യങ്ങളുടെ സൈന്യത്തിൽ പലപ്പോഴും ഭാഗമായി. പതിനഞ്ചാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ സൈന്യത്തിലെ അവരുടെ സ്ഥാനം വളരെ പ്രധാനപ്പെട്ടതായി തീർന്നു. ഇത് ഒരു പക്ഷേ, വിരോധാഭാസമായി തോന്നിയേക്കാം. എത്തിച്ചേർന്ന സ്ഥലങ്ങളിലെ രാഷ്ട്രീയ ശ്രേണിയിൽ ഉയർന്നുവന്ന അടിമകളായ വരേണ്യവർഗത്തെ കുറിച്ച് നിങ്ങൾക്ക് സങ്കൽപിക്കാൻ സാധിക്കുന്നുണ്ടോ? എന്നാൽ, അവരിൽ ചിലർ അക്കാലത്ത് ഭരണാധികാരികൾക്ക് ഒഴിവാക്കാനാവാത്ത വളരെ പ്രധാനപ്പെട്ട തന്ത്രജ്ഞർ ആയിരുന്നു. ചിലർ ദക്ഷിണേഷ്യയിലെ ചിലയിടങ്ങളിൽ ഭരണാധികാരികളായിരുന്നു. വളരെ വ്യത്യസ്തമായ ഒരു മേൽവിലാസം ഇന്ത്യയിൽ അവർക്ക് ഉണ്ടായിരുന്നു എന്നു ചുരുക്കം.
അത്തരം അടിമകളായ വ്യക്തികളുടെയോ സംഘങ്ങളുടെയോ ഉദാഹരണങ്ങൾ പറയാമോ ?
ചിലരെ പരാമർശിക്കാം. അതിലൊന്ന്, പതിനാറാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ജീവിച്ചിരുന്ന മാലിക് ദസ്തൂർ എന്ന വ്യക്തിയാണ്. പടിഞ്ഞാറൻ ഇന്ത്യയിൽ ബഹ്മണി ഭരണകൂടം തകരുന്ന സമയത്ത് ഒരു രാജ്യം രൂപീകരിക്കാൻ അദ്ദേഹത്തിന് ഏറെക്കുറെ കഴിഞ്ഞു. എന്നാൽ, അവസാനഘട്ടത്തിൽ കാര്യങ്ങൾ മാലിക് ദസ്തൂറിന് പ്രതികൂലമായിരുന്നു. പതിനാറാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ പേർഷ്യൻ ഭാഷയിൽ എഴുതിയ വളരെ ശ്രദ്ധേയമായ ഒരു കവിതയിലും അദ്ദേഹം ചർച്ച ചെയ്യപ്പെടുന്നുണ്ട്.
പതിനാറാം നൂറ്റാണ്ടിൻ്റെ അവസാനം മുതൽ പതിനേഴാം നൂറ്റാണ്ടിൻ്റെ ആരംഭം വരെയുള്ള കാലയളവിൽ കൂടുതൽ വിഖ്യാതൻ മാലിക് അംബർ ആണ്. എത്യോപ്യയിൽ നിന്നും പടിഞ്ഞാറൻ ഇന്ത്യയിലേക്ക് വന്ന അദ്ദേഹം 1610- 1620 കാലഘട്ടത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയായി തീരുന്നുണ്ട്. അദ്ദേഹത്തിൻ്റെ ശവകുടീര സമുച്ചയം ഖുൽദാബാദ് (Khuldabad) എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. അദ്ദേഹത്തെക്കുറിച്ച്, അക്കാലത്ത് ഹനഫീ ഇസ്ലാമിൻ്റെയും പണ്ഡിതന്മാരുടെയും മറ്റും രക്ഷാധികാരി എന്ന നിലയിൽ വിവരിക്കുന്നത് പോലോത്ത നിരവധി ശ്രദ്ധേയമായ സ്രോതസ്സുകൾ ഞങ്ങളുടെ പക്കലുണ്ട്.
പ്രസ്തുത സവിശേഷകാലയളവിലും ഇടത്തിലുമുള്ള സംഭവങ്ങളും യൂറോപ്യൻ കേന്ദ്രീകൃത മാതൃകകളും എത്തരത്തിലാണ് അന്യോനം പ്രവർത്തിക്കുന്നത് ? താങ്കൾ കോസ്മോ പൊളിറ്റനിസത്തിൻ്റെ ജ്ഞാനോദയ സങ്കൽപ്പങ്ങളെക്കുറിച്ചും അതിൻ്റെ വ്യാപ്തിയെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. പതിനാറാം നൂറ്റാണ്ടിലെ സൂറത്ത് പോലുള്ള ഇടങ്ങൾ അതിനോട് യോജിച്ചു വന്നേക്കാം. പുസ്തകത്തിൽ വിശകലനം ചെയ്യുന്ന ആ തലത്തെ സംബന്ധിച്ച് സംസാരിക്കാമോ?
തീർച്ചയായും. ഇത് യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ചലോസിലെ (UCLA) എൻ്റെ മുൻകാല സഹപ്രവർത്തകരുമായും മറ്റു ചരിത്രകാരന്മാരുമായും ഞാൻ തുടരുന്ന ഒരു സംവാദമാണ്. കോസ്മോപൊളിറ്റനിസം ഒരു യൂറോപ്യൻ പ്രതിഭാസമാണ് എന്നും അതു പ്രധാനമായും യൂറോപ്പിൽ മാത്രമാണ് സംഭവിച്ചത് എന്നും പറയുന്ന ഒരു വീക്ഷണം നിലനിന്നിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രാഞ്ചൈസി എൻസൈക്ലോപീഡിയകൾ നൽകിയ ഈ നിർവചനം ആളുകൾ പലപ്പോഴും ഉപയോഗിച്ചു വരുന്നുണ്ട്.
എന്നാൽ ഇഴകീറി പരിശോധിക്കുമ്പോൾ, ഇതൊരു യൂറോപ്യൻ ആശയമാണ് എന്ന കാര്യം ഒരു മുൻവിധിയായി നിങ്ങൾ ശഠിക്കുന്നില്ലെങ്കിൽ, കോസ്മോപൊളിറ്റനിസത്തിൻ്റെ പല ഘടകങ്ങളും പടിഞ്ഞാറിനു പുറത്ത് നിലനിൽക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. വ്യത്യസ്ത മതവിശ്വാസങ്ങളുള്ള, വ്യത്യസ്ത വംശജരായ ആളുകൾ ജീവിച്ചിരുന്ന, പരസ്പരം കലഹങ്ങളില്ലാത്ത ഇടങ്ങൾ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, ഈ വ്യത്യാസങ്ങൾക്കിടയിലും സമാധാനപൂർണമായ സഹവർത്തിത്വം അവർക്കുണ്ടായിരുന്നു. അത് അവർക്ക് സാമൂഹിക -സാംസ്കാരിക -രാഷ്ട്രീയഘടന ഉറപ്പു നൽകിയിരുന്നു. ഇക്കാര്യം പഠിക്കാനുള്ള നല്ല ഇടം ഒരു തുറന്ന കേന്ദ്രമോ നഗരമോ ആണ്. വിവിധ നഗരങ്ങൾ നിങ്ങൾ പരിശോധിക്കൂ. എന്താണ് കോസ്മോ പൊളിറ്റൻ നഗരം, എന്ത് അല്ല എന്നു സ്വയം ചോദിക്കൂ.
മാഡ്രിഡ് ഒരു ഉദാഹരണമായി എടുക്കാം. പതിനാറാം നൂറ്റാണ്ടിൽ അവിടെ അവിടെ പ്രൊട്ടസ്റ്റൻ്റുകാരും ജൂതന്മാരും മുസ്ലിംകളും ഇല്ല. അവരെയെല്ലാം പുറത്താക്കിയിരുന്നു. അതിനാൽ തന്നെ, ഇതൊരു കത്തോലിക്കാ നഗരമായിരുന്നു. അവിടെ വംശീയതയുടെ കാര്യത്തിൽ ചില ഏറ്റക്കുറച്ചിലുകൾ നിലനിന്നിരുന്നു. കുറച്ചു അടിമകളും മറ്റും അവിടെ ഉണ്ടായിരുന്നു. അപ്പോഴും, ഈ നഗരത്തിൻ്റെ കോസ്മോപൊളിറ്റനിസം പലപ്പോഴും പരിമിതമാണെന്ന് കാണാൻ കഴിയും. പതിനേഴാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ആംസ്റ്റർഡാം പോലെയുള്ള ഒരു സ്ഥലത്തെ ജനങ്ങൾ അധോലോകമായി കണക്കാക്കിയിരുന്നു. സൂറത്ത് നഗരം പോലെയുള്ള ഒരു സ്ഥലത്തേക്ക് നോക്കുകയാണെങ്കിൽ, കോസ്മോപൊളിറ്റൻ എന്നു കരുതുന്ന പല സവിശേഷതകളും അതിനുണ്ട് എന്നാണ് എൻ്റെ കാഴ്ചപ്പാട്. സൂറത്ത് ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയ കേന്ദ്രമായിരുന്നില്ല. പക്ഷേ, അവിടെ കോസ്മോപൊളിറ്റനിസത്തിൻ്റെ സവിശേഷതകൾ നിലനിന്നിരുന്നു.
സൂറത്തിനെ കോസ്മോപൊളിറ്റൻ എന്ന് വിശേഷിപ്പിക്കുന്ന ആദ്യത്തെ വ്യക്തി ഞാൻ അല്ല. പതിനെട്ടാം നൂറ്റാണ്ടിൽ ഒരു ഫ്രഞ്ച് എഴുത്തുകാരൻ എഴുതിയ രസകരമായ സൂറത്ത് കഫേ എന്നൊരു ദൃഷ്ടാന്ത കഥ (parable) ഉണ്ട്. മതപരമായ വ്യത്യാസങ്ങളെക്കുറിച്ചും അവ എങ്ങനെ പരിഹരിക്കപ്പെടുന്നുവെന്നും അദ്ദേഹം അതിൽ സംസാരിക്കുന്നുണ്ട്. കഫേയിലെ വ്യത്യസ്ത ആളുകൾക്ക് ഇടയിലാണ് ഈ ചർച്ച നടക്കുന്നത്. എന്നാൽ എനിക്ക് ആശ്ചര്യം തോന്നിയത്, തൻ്റെ കഫേ നിലനിൽക്കേണ്ട സ്ഥാനം അദ്ദേഹം സൂറത്തിൽ കണ്ടെത്തി എന്നതാണ്.
താങ്കൾ തുടക്കത്തിൽ സൂചിപ്പിച്ചതു പോലെ 1640 -കൾ വളരെ ആശ്ചര്യജനകമായ സംഭവങ്ങൾ അരങ്ങേറിയ കാലമാണ്. അതേ സമയത്ത് പുസ്തകം അവസാനിപ്പിക്കാൻ താങ്കളെ പ്രേരിപ്പിച്ചത് എന്താണ്?
പതിനേഴാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതി എത്തിക്കഴിഞ്ഞാൽ ഡച്ചുകാർ ഇന്ത്യൻ മഹാസമുദ്ര വ്യാപാരവും നാവികപാതകളും കൂടുതൽ ശക്തിയോടെ നിയന്ത്രിക്കാൻ തുടങ്ങുന്നുണ്ട്. എല്ലാം ഏറ്റെടുക്കാനോ എല്ലാം നശിപ്പിക്കാനോ അവർക്ക് കഴിഞ്ഞു എന്ന് അതിന് അർഥമില്ല. അക്കാലത്ത് വ്യത്യസ്ത യൂറോപ്യൻ ശക്തികൾ തമ്മിലുള്ള അധികാര സന്തുലിതാവസ്ഥ മാറുന്നുണ്ട്. അത് പ്രത്യേകിച്ച് ഡച്ചുകാർക്ക് അനുകൂലമായിരുന്നു. മറ്റൊരു കാര്യം, 1630-കൾ ഇന്ത്യയിലുണ്ടായ വലുതും വളരെ പ്രധാനപ്പെട്ടതുമായ ക്ഷാമമാണ്. അത് ഗുജറാത്തിലും പടിഞ്ഞാറൻ ഇന്ത്യയിലും വലിയ കോളിളക്കങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. അതിനാൽ തന്നെ, ആ സമയത്ത് വ്യത്യസ്തമായ ഒരു കൂട്ടം ബന്ധനങ്ങളും മറ്റും ഉയർന്നുവരുന്നത് കാണാൻ കഴിയും. കാലഗണനയുടെയും സമയനിർണയത്തിൻ്റെയും പ്രശ്നമാണിത്. കാലഗണനയെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഏതു രീതിക്കും എതിരായി എപ്പോഴും നല്ല കാരണങ്ങൾ കണ്ടെത്താനാകും. എന്നാൽ പോലും, പുസ്തകം അവസാനിപ്പിക്കാൻ ഇതൊരു വഴിയാണ് എന്നാണ് ഞാൻ കരുതിയത്. വ്യത്യസ്‌ത സ്രോതസ്സുകളും മറ്റും വികസിപ്പിക്കുന്നതിന് ആവശ്യമായ സമയം രണ്ട് നൂറ്റാണ്ടുകൾ എനിക്കു നൽകിയിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിലേക്ക് ഞാൻ പുസ്തകം നീട്ടിയാൽ, വളരെയധികം സങ്കീർണ്ണമായേക്കാവുന്ന നിരവധി കാര്യങ്ങൾ വന്നേക്കാം എന്നാണ് ഞാൻ ചിന്തിച്ചത്.
ചരിത്രത്തിൻ്റെ ഭൂമിശാസ്ത്രം, സമയം, സ്രോതസ്സുകൾ എന്നിവയിൽ വായനക്കാരും മറ്റു ഗവേഷകരും താങ്കളുടെ പുസ്തകത്തിൽ നിന്നും സ്വീകരിക്കും എന്നു പ്രതീക്ഷിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?
പ്രാഥമികമായി, എൻ്റെ മൗലികമായ വെല്ലുവിളിയിലേക്ക് തിരികെ പോവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലുള്ള സ്രോതസ്സുകൾ വായിച്ച്, ഒരു ഇന്ത്യൻ പ്രാദേശിക ഭാഷയിൽ നിന്ന് അൽപ്പം ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി, ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ ചരിത്രം എഴുതാൻ കഴിയുമെന്ന ചിന്തയിൽ നിന്ന് ഗവേഷകർ പിന്മാറണം. അത്തരത്തിലുള്ള നിരവധി പുസ്തകങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. ഇത് മാറ്റത്തിനുള്ള സമയമാണ്. അടിസ്ഥാനപരമായി, സ്രോതസ്സുകളുടെ കാര്യത്തിൽ ഇന്ത്യൻ മഹാസമുദ്ര ചരിത്രം സമ്പന്നമായ ഇടമാണ് എന്ന ചിന്ത ഗവേഷകർ സ്വീകരിക്കേണ്ടതുണ്ട്. ഇതൊരു ഗുണാത്മകമായ വാഗ്ദാനമായി ഞാൻ വിശ്വസിക്കുന്നു. ഇതാണ് ഒന്നാമത്തെ കാര്യം.
Connected History: Essays and Arguments പുസ്തകത്തിൻ്റെ ആമുഖ അധ്യായത്തിലേക്ക് എത്തിച്ചേരുന്നതാണ് രണ്ടാമത്തേത്. ഈ പ്രദേശത്തെ സംബന്ധിച്ച് എഴുതപ്പെടുന്ന തരത്തിലുള്ള ചരിത്രങ്ങളിൽ സാംസ്കാരിക ദേശീയതയുടെ വളരെ നിഷേധാത്മകമായ സ്വാധീനം ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് മറ്റൊരു വെല്ലുവിളി. നിങ്ങൾ ഒരു സമുദ്രസംബന്ധമായ ചരിത്രം (maritime history) എഴുതാൻ പോകുകയാണെങ്കിൽ, ദേശീയതകളിൽ നിന്ന് ദൂരം പാലിക്കണം. ദേശീയ ചരിത്രങ്ങളുടെ പ്രാധാന്യത്തിൽ എനിക്ക് സംശയമില്ല. എന്നാൽ ഇവിടെയല്ല അത് പരിശീലിക്കേണ്ടത്. ദേശീയ ചരിത്രരചനയുടെ കീഴിൽ മെഡിറ്ററേനിയൻ പോലോത്തതിൻ്റെ ചരിത്രത്തിൽ നിർബന്ധ ബുദ്ധ്യാ കണ്ണടച്ചു ഇരുട്ടാക്കൽ പ്രവർത്തിക്കുന്നുണ്ട്. അത് ഇസ്‌ലാമിക ലോകത്തിൻ്റെ കാര്യത്തിലാണ്. അതിനാൽ മെഡിറ്ററേനിയൻ്റെ തെക്കൻ ഭാഗത്തേക്കാളും വടക്കൻ ഭാഗത്തിൽ നിന്നാണ് അവ ചരിത്രത്തെ നോക്കിക്കണ്ടത്.
ഈ പുസ്തകം അനിവാര്യമായ ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ പുസ്തകം ആയിരം പേജുള്ള ഒരു വാതിൽപ്പടി ആണെന്ന് ഞാൻ അവകാശപ്പെടുന്നില്ല. ഒരു കൂട്ടം അധ്യായങ്ങൾ മാത്രമാണിത്. ഈ പുസ്തകം ചില കാര്യങ്ങളുടെ പ്രാരംഭം ആണെന്നും അന്ത്യം അല്ലെന്നും ഞാൻ ശുഭാപ്തി പുലർത്തുന്നു.