ഇസ്‌ലാമിക ക്രിമിനോളജിയുടെ ദാർശനിക അടിത്തറ അതിന്റെ തന്നെ മറ്റുള്ള നിയമ വ്യവസ്ഥകൾക്ക് സമാനമായി അല്ലാഹുവിൻ്റെ പരമാധികാരത്തിലും സമ്പൂർണ്ണ നീതിയിലുമുള്ള (ഇഹാലോകത്തും പരലോകത്തും) വിശ്വാസത്തിൽ അധിഷ്ഠിതമാണ്. ഇസ്‌ലാമിക വീക്ഷണത്തിൽ, കുറ്റകൃത്യങ്ങൾ കേവലം സാമൂഹിക ലംഘനങ്ങൾ മാത്രമല്ല, ദൈവിക നിയമങ്ങളോടുള്ള ധിക്കാരം കൂടിയാണ്. 'അദ്ൽ' (നീതി), 'റഹ്മത്ത്' (കാരുണ്യം), 'മീസാൻ' (തുലനം/സന്തുലിതാവസ്ഥ) തുടങ്ങിയ അടിസ്ഥാന ഇസ്‌ലാമിക തത്വങ്ങൾ കുറ്റകൃത്യങ്ങളോടുള്ള സമീപനങ്ങളെ രൂപപ്പെടുത്തുന്നതായി നിരീക്ഷിക്കാവുന്നതാണ്. കുറ്റവാളിക്ക് ന്യായമായ ശിക്ഷ ഉറപ്പാക്കുന്നതോടൊപ്പം, അവരെ തിരുത്തി സമൂഹത്തിലേക്ക് പുനഃസംയോജിപ്പിക്കുന്നതിനും (Rehabilitation), ഇരയ്ക്ക് നീതിയും പരിഹാരവും ഉറപ്പാക്കുന്നതിനും, അതുവഴി സാമൂഹിക കെട്ടുറപ്പ് (Social Cohesion) നിലനിർത്തുന്നതിനും ഇസ്‌ലാം പ്രാധാന്യം നൽകുന്നു. കുറ്റകൃത്യങ്ങളുടെ പ്രതിരോധം (Prevention), തിരുത്തൽ (Correction), പ്രതികാരം (Retribution), പുനരധിവാസം (Rehabilitation) എന്നിവയെല്ലാം ഈ ദർശനത്തിൻ്റെ അവിഭാജ്യ ഘടകങ്ങളാണ്.
യാഥാർത്ഥ്യവും പ്രയോഗവും
ഇസ്‌ലാമിക നിയമത്തിൻ്റെ ദാർശനിക ഔന്നത്യങ്ങൾ പ്രായോഗിക തലത്തിൽ എങ്ങനെ നടപ്പിലാക്കുന്നു എന്നത് പുതിയകാലത്ത് സങ്കീർണ്ണമായ ഒരു വിഷയമാണ്. ചരിത്രപരമായും ആധുനിക കാലഘട്ടത്തിലും ഇസ്‌ലാമിക രാജ്യങ്ങളിൽ ശരീഅത്ത് നിയമങ്ങളുടെ പ്രയോഗത്തിൽ പ്രാദേശികവും വ്യാഖ്യാനപരവുമായ വൈവിധ്യങ്ങൾ കാണാം. ആധുനിക രാഷ്ട്രഘടനയിൽ, ഭരണകൂടം, നീതിന്യായ വ്യവസ്ഥ (Judicial System), സാമൂഹിക സ്ഥാപനങ്ങൾ എന്നിവയുടെ സ്വാധീനം ഇസ്‌ലാമിക ക്രിമിനോളജിയുടെ പ്രായോഗിക സമീപനങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഉദാഹരണത്തിന്, 'ഹുദൂദ്' (നിർബന്ധിത ശിക്ഷകൾ), 'ഖിസ്വാസ്' (പ്രതിക്കൊല), 'തഅ്സീർ' (ന്യായാധിപന്റെ വിവേചനാധികാരത്തിലുള്ള ശിക്ഷകൾ/Discretionary Punishments) എന്നിങ്ങനെയുള്ള ശിക്ഷാവിധികൾ നടപ്പാക്കുന്നതിൽ ഓരോ രാജ്യത്തിൻ്റെയും നിയമവ്യവസ്ഥയും സാമൂഹിക സാഹചര്യങ്ങളും ഒരു പ്രധാന പങ്ക് വഹിക്കുന്നു.
കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പുള്ള പ്രതിരോധ മാർഗ്ഗങ്ങൾ (Preventive Measures), തെളിവുകളുടെ ഉയർന്ന മാനദണ്ഡങ്ങൾ (High Evidentiary Standards), സംശയത്തിൻ്റെ ആനുകൂല്യം (Benefit of Doubt) – അഥവാ 'അൽ-ഹുദൂദ് തദ്റഹു ബി അൽ-ശുബഹാത്' (സംശയങ്ങൾ വഴി ഹുദൂദ് ശിക്ഷകൾ ഒഴിവാക്കപ്പെടണം) എന്ന തത്വം – ഇരയുടെ കുടുംബത്തിന് മാപ്പ് നൽകാനോ നഷ്ടപരിഹാരം (Restitution) സ്വീകരിക്കാനോ ഉള്ള അധികാരം എന്നിവയെല്ലാം ഇസ്‌ലാമിക നിയമത്തിലെ മനുഷ്യത്വപരമായ സമീപനങ്ങളെയാണ് എടുത്തു കാണിക്കുന്നത്. എന്നിരുന്നാലും, ആധുനിക സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിൽ, ഈ ദാർശനിക തത്വങ്ങൾ യാഥാർത്ഥ്യത്തിൽ എത്രത്തോളം ഫലപ്രദമായി നടപ്പാക്കപ്പെടുന്നു എന്നത് നിരന്തരമായ അക്കാദമിക പഠനങ്ങൾക്കും സംവാദങ്ങൾക്കും വിധേയമാണ്.
ഏത് സാമൂഹിക-നിയമ വ്യവസ്ഥയിലും, സംഘർഷങ്ങളും കുറ്റകൃത്യങ്ങളും ഉണ്ടാകുമ്പോൾ നീതിയും കാരുണ്യവും തമ്മിലുള്ള സന്തുലിതാവസ്ഥ ഒരു നിർണായക വിഷയമാണ്. ഒരു ദുരന്തകരമായ സാഹചര്യത്തിൽ, നഷ്ടപ്പെട്ടവരുടെ വികാരങ്ങളെ മാനിച്ചുകൊണ്ടുതന്നെ, നിയമപരമായ ശിക്ഷകൾക്കപ്പുറം ക്ഷമയും അനുരഞ്ജനവും ഒരു സാധ്യതയായി മുന്നോട്ട് വെക്കാൻ മത പണ്ഡിതർക്ക് കഴിയുന്നത് മുകളിൽ സൂചിപ്പിച്ച അവരുടെ മത പാരമ്പര്യങ്ങളിൽ (ഇവിടെ ഉദ്ദേശ്യം കർമ്മശാസ്ത്ര വിശകലങ്ങൾ) അധിഷ്ഠിതമായ ധാർമികവും നൈതികവുമായ കാഴ്ചപ്പാടുകൾകൊണ്ടാണ്. അവ രൂപപ്പെടുന്നത് തന്നെ കർമ്മശാസ്ത്ര നിയമ സംഹിതയിലുള്ള ആഴത്തിലുള്ള അറിവു കൊണ്ടാണ്. സമൂഹത്തിൽ ഉന്നത സ്ഥാനമുള്ള വ്യക്തികൾക്ക്, തീവ്രമായ വൈകാരിക പശ്ചാത്തലത്തിൽപ്പോലും, അതിജീവിച്ചവരോട് 'മാപ്പുനൽകുക' എന്ന സാന്ദർഭികമായി പ്രയാസകരമായ ഒരാവശ്യം ഉന്നയിക്കാൻ ധാർമികമായ ഉൾക്കരുത്ത് ലഭിക്കുന്നത് കേവലം വ്യക്തിബന്ധങ്ങളിൽ നിന്നല്ല. മറിച്ച്, അത് ഇസ്‌ലാമിക ക്രിമിനോളജിയുടെ (നിയമ വ്യവസ്ഥയിൽ) ഫിലോസഫിയിൽ അന്തർലീനമായ കരുണയിലും അനുരഞ്ജനത്തിലുമുള്ള നിയമ സാധ്യതയുടെ പ്രതിഫലനമാണ്.
പലരും വിലയിരുത്തുമ്പോഴും, അത് നിയമത്തിന് പുറത്തുള്ള വ്യക്തിഗത സ്വാധീനങ്ങളായി കണക്കാക്കേണ്ടതില്ല. അല്ലെങ്കിൽ അങ്ങനെ അല്ല അത് സംഭവിക്കുന്നത്. മറിച്ച്, നിലവിലുള്ള ശരീഅത്ത് നിയമവ്യവസ്ഥ തന്നെ അനുവദിക്കുന്ന ഒരു സാധ്യതയിലേക്കുള്ള ശ്രമം മാത്രമാണത്. നൂറ്റാണ്ടുകളിലൂടെ വളർന്നു വേരൂന്നിയ ഇസ്‌ലാമിക നിയമശാസ്ത്രത്തിൻ്റെയും ആത്മീയതയുടെയും ഭാഗമായ, സമാധാനപരവും നീതിയുക്തവുമായ ഒത്തുതീർപ്പുകൾക്ക് വഴിയൊരുക്കുന്ന ഒരു നിയമപരമായ ഇടമാണത്. ഇസ്‌ലാമിക ക്രിമിനോളജിയുടെ ഫിലോസഫി ശിക്ഷയെ കേവലം പ്രതികാരമായോ ഭയം സൃഷ്ടിക്കാനുള്ള ഉപാധിയായോ കാണാതെ, പുനഃസ്ഥാപനം (Restitution), അനുരഞ്ജനം (Reconciliation), പുനരധിവാസം (Rehabilitation) എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകുന്നുണ്ട്. ഈ നിയമപരമായ ചട്ടക്കൂടിലൂടെയാണ് അത്തരം സാധ്യതകളും ശ്രമങ്ങളും മുന്നോട്ട് വരുന്നത്.
ചില സന്ദർഭങ്ങളിൽ, നിയമത്തിൻ്റെ പരമാവധി പ്രയോഗത്തിനപ്പുറം മനുഷ്യബന്ധങ്ങൾക്കും സാമൂഹിക സൗഹാർദത്തിനും മുൻഗണന നൽകി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമങ്ങൾ നടക്കാറുണ്ട്. നിയമത്തെ കേവലം ശിക്ഷാ ഉപാധിയായി കാണാതെ, സാമൂഹിക നൈതികതയുടെയും ധാർമിക സന്തുലിതാവസ്ഥയുടെയും ഉപകരണമായി വീക്ഷിക്കുന്ന ഒരു കാഴ്ചപ്പാടാണിത്. ഇത് ഇസ്‌ലാമിക നിയമവ്യവസ്ഥയുടെ തനതായ സവിശേഷതയാണ്.
ചില പ്രത്യേക സാഹചര്യങ്ങളിൽ, നിയമവ്യവസ്ഥ തന്നെ ഇരകൾക്ക് മാപ്പ് നൽകാനുള്ള വിശാലമായ അധികാരം നൽകുന്നുണ്ട്. ഇസ്‌ലാമിക നിയമത്തിൽ, കൊലപാതകം പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ 'ഖിസ്വാസ്' (തുല്യമായ പ്രതികാരം) എന്ന അവകാശം ഇരയുടെ കുടുംബത്തിനുണ്ടെങ്കിലും, ഇതിന് ബദലായി 'ദിയത് ' (സാമ്പത്തിക നഷ്ടപരിഹാരം) സ്വീകരിക്കാനോ, അല്ലെങ്കിൽ യാതൊരു നിബന്ധനകളുമില്ലാതെ 'അഫ്വ്' (നിരുപാധിക മാപ്പ്) നൽകാനോ ഉള്ള സാധ്യതയും ശരീഅത്ത് മുന്നോട്ട് വെക്കുന്നു. ജഡ്ജിക്കോ രാഷ്ട്രത്തിനോ അല്ല, മറിച്ച് ഇരകൾക്ക് നൽകുന്ന ഈ അധികാരം, നീതിനിർവഹണത്തിൽ കരുണയ്ക്കും മനുഷ്യത്വത്തിനും ശരീഅത്ത് നൽകുന്ന അനിഷേധ്യമായ പ്രാധാന്യം വിളിച്ചോതുന്നു. മാത്രമല്ല, ഒരു വ്യക്തിയോട് രക്തബന്ധമുള്ളവർക്ക് ഉള്ളത്ര പരിഗണനയും ബന്ധവും മറ്റാർക്കും കൽപ്പിക്കാനാകില്ല. ഒരുവന്റെ നഷ്ടം ഏറ്റവും കൂടുതൽ അനുഭവിക്കുന്നതും പ്രയാസപ്പെടുന്നതും രക്തബന്ധുക്കൾ തന്നെയാകും. വിവേചനാധികാരം അവർക്ക് തന്നെ നൽകുന്നത് നിയമ വ്യവസ്ഥയെ കൂടുതൽ മാനുഷികവും സാമൂഹിക പ്രാധാന്യമുള്ളതുമാക്കുന്നു.
ഇസ്‌ലാമിക ക്രിമിനോളജിയുടെ അടിസ്ഥാന പ്രമാണങ്ങൾ കുറ്റകൃത്യങ്ങളെ സാമൂഹിക ക്രമത്തോടുള്ള ലംഘനങ്ങളായി കാണുന്നതോടൊപ്പം, വ്യക്തിഗത വൈകാരിക ബന്ധങ്ങൾക്കും കുടുംബങ്ങളുടെ പങ്കിനും പ്രാധാന്യം നൽകുന്നു എന്നതിന്റെ തെളിവാണിത്. ശിക്ഷയുടെ ലക്ഷ്യം കേവലം പ്രതികാരത്തിലോ ശിക്ഷാവിധിയിലോ ഒതുങ്ങുന്നില്ല. മറിച്ച്, തെറ്റ് ചെയ്ത വ്യക്തിക്ക് തിരുത്തൽ നൽകുക, സമൂഹത്തിന് പാഠം പഠിപ്പിക്കുക, കുറ്റകൃത്യത്തിലൂടെ തകർന്ന സാമൂഹിക ബന്ധങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കുക എന്നിവകൂടിയാണ്. ഈ സമീപനം, കുറ്റകൃത്യങ്ങളുടെ സാമൂഹിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും, കുറ്റവാളിയും ഇരയും തമ്മിലുള്ള ബന്ധങ്ങൾ ഉൾപ്പെടെ, ബന്ധപ്പെട്ട കക്ഷികൾക്കിടയിൽ സൗഹൃദം വീണ്ടെടുക്കാനും ശ്രമിക്കുന്നു. നിയമനടപടികളിൽ മനുഷ്യത്വരഹിതമായ കാർക്കശ്യങ്ങൾക്ക് പകരം മാനുഷിക മൂല്യങ്ങൾക്കും സാമൂഹിക പുനരധിവാസത്തിനും ഊന്നൽ നൽകുന്ന ഒരു മാതൃകയാണിത്. അതോടൊപ്പം പൂർണ്ണമായതും ഏറ്റവും നീതിയുക്തമായതുമായ വിധിയും പ്രായശ്ചിതവും അല്ലാഹുവിന്റെ അടുക്കൽ മാത്രമാണെന്നും ഇത് പഠിപ്പിക്കുന്നുണ്ട്. പരിപൂർണ്ണവിശ്വാസിക്ക് ക്ഷമയും സംതൃപ്തിയുമാണ് ഇവിടെ ഇസ്‌ലാം പ്രധാനം ചെയ്യുന്നത്.
അദ്‌ൽ, റഹ്മ:, മീസാൻ
ആധുനിക ക്രിമിനോളജി പ്രധാനമായും കുറ്റകൃത്യങ്ങളുടെ ഉത്ഭവം, അവയെ തടയുന്നതിനുള്ള മാർഗ്ഗങ്ങൾ, കുറ്റവാളികളുടെ പുനരധിവാസം, ശിക്ഷാ നടപടികൾ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോകമെമ്പാടുമുള്ള പാശ്ചാത്യ-ഇതര നിയമവ്യവസ്ഥകൾ പൊതുവെ പ്രതികാരത്തിലും (retribution) തടങ്കലിലും (incarceration) ഊന്നൽ നൽകുമ്പോൾ, ഇസ്‌ലാമിക ക്രിമിനോളജി കൂടുതൽ വിശാലവും മാനുഷികവുമായ ഒരു സമീപനമാണ് മുന്നോട്ട് വെക്കുന്നത്. ശരീഅത്ത് (ഇസ്‌ലാമിക നിയമം) കുറ്റകൃത്യങ്ങളെ കേവലം നിയമലംഘനങ്ങളായി കാണാതെ, സമൂഹത്തിൻ്റെ ധാർമ്മികവും സാമൂഹികവുമായ കെട്ടുറപ്പിനെ ബാധിക്കുന്ന ഗൗരവമേറിയ വിഷയങ്ങളായാണ് വിലയിരുത്തുന്നത്. അതിനാൽ, നിയമനടപടികൾക്ക് പുറമെ, സാമൂഹികവും ആത്മീയവുമായ പരിഹാരങ്ങൾക്കും ശരീഅത്ത് പ്രാധാന്യം നൽകുന്നു. ഈ വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഇസ്‌ലാമിക ക്രിമിനോളജിയെ ആധുനിക നീതിന്യായ വ്യവസ്ഥകൾക്ക് ഒരു പഠന വിഷയവും മാതൃകയുമാക്കി മാറ്റുന്നത്.
ഇസ്‌ലാമിക ക്രിമിനോളജി പ്രധാനമായും മൂന്ന് അടിസ്ഥാന തത്വങ്ങളെ കേന്ദ്രീകരിച്ചാണ് നിലകൊള്ളുന്നത് എന്ന് വേണമെങ്കിൽ പറയാം. അദ്‌ൽ (നീതി), റഹ്മ (കരുണ), മീസാൻ (സന്തുലിതാവസ്ഥ). ഈ തത്വങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവയുമാണ്. ഇവയാണ് ഇസ്‌ലാമിക ശിക്ഷാ നിയമങ്ങളെയും കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെയും നിർവചിക്കുന്നത്.
അദ്‌ൽ (നീതി): ഇസ്‌ലാമിക നിയമവ്യവസ്ഥയുടെ അടിസ്ഥാന പ്രമാണമാണ് അദ്‌ൽ. ഇത് കേവലം നിയമം നടപ്പാക്കലല്ല, മറിച്ച് കുറ്റവാളി, ഇര, സമൂഹം എന്നിവർക്കെല്ലാം നീതിയും സമത്വവും ഉറപ്പാക്കുന്ന ഒരു സമഗ്രമായ സമീപനമാണ്. വിശുദ്ധ ഖുർആനും സുന്നത്തും നീതിക്ക് അതീവ പ്രാധാന്യം നൽകുന്നതായി കാണാൻ കഴിയും. തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം തീരുമാനങ്ങളെടുക്കുക, പ്രതിക്ക് നീതിയുക്തമായ വിചാരണ ഉറപ്പാക്കുക, വിവേചനം ഒഴിവാക്കുക എന്നിവയെല്ലാം അദ്‌ലിന്റെ ഭാഗമാണ്.
റഹ്മ: (കരുണ): ഇസ്‌ലാമിക വിശ്വാസ ദർശനത്തിലെ സുപ്രധാന ഘടകമാണ് റഹ്മ. ഇത് അല്ലാഹുവിന്റെ മഹത്തായ ഗുണവിശേഷങ്ങളിൽ അതിപ്രധാനമായ ഒന്നായി പരിഗണിക്കപ്പെടുന്നതാണ്. ഇസ്‌ലാമിക നിയമ വ്യവസ്ഥയിലും ശിക്ഷാ നടപടികളിൽ കരുണയ്ക്ക് വലിയ പ്രാധാന്യം നൽകുന്നുണ്ട്. അത് ശിക്ഷയുടെ കാർക്കശ്യം കുറയ്ക്കാനും, മാനുഷികമായ ഒരു സമീപനം സ്വീകരിക്കാനും പ്രേരിപ്പിക്കുന്നു. ഹുദൂദ് ശിക്ഷകൾക്ക് പോലും കർശനമായ തെളിവ് മാനദണ്ഡങ്ങളും, 'സംശയത്തിന്റെ ആനുകൂല്യം' (Benefit of Doubt) നൽകുന്നതും റഹ്മയുടെ പ്രതിഫലനമാണ്. ഇരയുടെ കുടുംബത്തിന് മാപ്പുനൽകാനുള്ള അധികാരം നൽകുന്നതും ഈ തത്വത്തിൽ അധിഷ്ഠിതമാണ്. ഇത് കേവലം ശിക്ഷാ നിർവഹണത്തിനപ്പുറം, ക്ഷമയും അനുരഞ്ജനവും വളർത്തുന്ന ഒരു രീതിയെയാണ് മുന്നോട്ടു വെക്കുന്നത്.
മീസാൻ (സന്തുലിതാവസ്ഥ): നീതിയും കരുണയും തമ്മിലുള്ള സന്തുലിതാവസ്ഥ (മീസാൻ) ഒരു ഇസ്‌ലാമിക സമൂഹത്തിൽ അനിവാര്യമാണ്. ശിക്ഷാ നടപടികളിൽ അമിതമായ കാർക്കശ്യം അനീതിയിലേക്കും ക്രൂരതയിലേക്കും നയിക്കാം. അതേസമയം, അമിതമായ കരുണ കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും സാമൂഹിക ക്രമം തകർക്കുകയും ചെയ്യും. അതിനാൽ, ഈ രണ്ട് തത്വങ്ങളെയും സന്തുലിതമായി നിലനിർത്തുന്നതിലൂടെയാണ് ഒരു നീതിയുക്തവും സമാധാനപരവുമായ സമൂഹം നിലനിൽക്കുന്നത്. കുറ്റകൃത്യം തടയുക, കുറ്റവാളിയെ തിരുത്തുക, ഇരയ്ക്ക് നീതി ലഭ്യമാക്കുക, സമൂഹത്തിൽ സമാധാനം പുനഃസ്ഥാപിക്കുക എന്നീ ലക്ഷ്യങ്ങൾ മീസാൻ ഉറപ്പാക്കുന്നു. നിയമം കേവലം പ്രതികാരത്തിനുള്ള ഒരു ഉപകരണമാകാതെ, സാമൂഹികവും ധാർമ്മികവുമായ സന്തുലിതാവസ്ഥ നിലനിർത്താനുള്ള ഒരു ഉപാധിയായി വർത്തിക്കുന്നു.
a. പുനഃസ്ഥാപന നീതി (Restorative Justice)
ആധുനിക ക്രിമിനോളജിയിൽ പുനഃസ്ഥാപന നീതി (Restorative Justice) ഒരു നൂതന സമീപനമായി പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും, ഇസ്‌ലാമിക നിയമവ്യവസ്ഥയിൽ ഇത് നൂറ്റാണ്ടുകളായി പ്രാബല്യത്തിലുണ്ട്. കുറ്റകൃത്യത്തിലൂടെ സംഭവിച്ച ദോഷങ്ങളെ പരിഹരിക്കുന്നതിലും, ഇര, കുറ്റവാളി, സമൂഹം എന്നിവർക്കിടയിലുള്ള ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിലുമാണ് ഇസ്‌ലാമിക നിയമം ഊന്നൽ നൽകുന്നത്.
ഖിസ്വാസ് (തുല്യ പ്രതികാരം) Vs. ദിയത് (നഷ്ടപരിഹാരം) / അഫ്വ് (മാപ്പ്): കൊലപാതകം പോലുള്ള ഗുരുതരമായ കുറ്റങ്ങളിൽപ്പോലും, ഇസ്‌ലാം ഇരയുടെ കുടുംബത്തിന് പ്രതികാര നടപടിക്ക് (ഖിസ്വാസ്) അപ്പുറം സാമ്പത്തിക നഷ്ടപരിഹാരം (ദിയത്) സ്വീകരിക്കാനോ അല്ലെങ്കിൽ നിരുപാധികം മാപ്പ് (അഫ്വ്) നൽകാനോ ഉള്ള അവകാശം നൽകുന്നു. ഇത് കുറ്റകൃത്യം കാരണം കൂടുതൽ നഷ്ടം അനുഭവിക്കുന്ന ഇരയുടെയും കുടുംബത്തിൻ്റെയും വികാരങ്ങൾക്കും തീരുമാനങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്നു. ആധുനിക നിയമവ്യവസ്ഥകളിൽ ഈയൊരു സാധ്യത അപൂർവമാണ്.
അനുരഞ്ജനം (സുൽഹ്): ഇസ്‌ലാമിക നിയമത്തിൽ തർക്കങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും കോടതി നടപടികളിലൂടെയല്ലാതെ അനുരഞ്ജനത്തിലൂടെ പരിഹാരം കാണാൻ വലിയ പ്രോത്സാഹനമുണ്ട്. മധ്യസ്ഥതയും (mediation) അനുരഞ്ജന സംഭാഷണങ്ങളും കുറ്റവാളിയെയും ഇരയെയും ഒരുമിച്ച് കൊണ്ടുവന്ന് പ്രശ്നപരിഹാരത്തിന് വഴിയൊരുക്കുന്നു. ഇത് കേവലം ശിക്ഷ നൽകുന്നതിനേക്കാൾ ഉപരി, തകർന്ന ബന്ധങ്ങളെ സുഖപ്പെടുത്താനും സമൂഹത്തിൽ സമാധാനം പുനഃസ്ഥാപിക്കാനും സഹായിക്കുന്നു. നിയമ വ്യവസ്ഥ കൊണ്ടുള്ള താല്പര്യവും അതാണല്ലോ.
b. സാമൂഹിക ഉത്തരവാദിത്തവും പങ്കാളിത്തവും (Community Responsibility & Participation)
ഇസ്‌ലാമിക ക്രിമിനോളജി വ്യക്തികളെ മാത്രം കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ പരിമിതപ്പെടുത്തുന്നില്ല. മറിച്ച്, കുറ്റകൃത്യങ്ങൾ തടയുന്നതിലും അവ പരിഹരിക്കുന്നതിലും സമൂഹത്തിൻ്റെ കൂട്ടായ പങ്കാളിത്തത്തിന് ഊന്നൽ നൽകുന്നു. അൽ-അംറ് ബിൽ മഅ്‌റൂഫ് വ നഹ്യു അനിൽ മുൻകർ (നന്മ കൽപ്പിക്കലും തിന്മ വിലക്കലും): ഇത് വ്യക്തിഗതമായൊരു മതപരമായ ബാധ്യത എന്നതിനപ്പുറം, ഓരോ പൗരനും സമൂഹത്തിനും ഉള്ള സാമൂഹിക ഉത്തരവാദിത്തമാണ്. കുറ്റകൃത്യങ്ങൾ തടയുന്നതിനും സാമൂഹിക ക്രമം നിലനിർത്തുന്നതിനും ഓരോ വ്യക്തിക്കും സമൂഹത്തിനും നിർണായകമായ പങ്കുണ്ട്. ആധുനിക ക്രിമിനോളജിയിലെ 'കമ്മ്യൂണിറ്റി പോലീസിംഗ്' പോലുള്ള ആശയങ്ങൾക്ക് ഇതിനോട് സമാനതകളുണ്ട്. സാമൂഹിക പുനരധിവാസവും ഇതിന്റെ ഭാഗമാണ്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം കുറ്റവാളികളെ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരാനും, അവരെ ഉൽപ്പാദനക്ഷമമായ പൗരന്മാരാക്കി മാറ്റാനും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. കുറ്റവാളികൾക്ക് രണ്ടാമതൊരു അവസരം നൽകി, സമൂഹത്തിൽ ക്രിയാത്മകമായി ഇടപെടാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
c. ശിക്ഷകളുടെ നിയന്ത്രണം (തഖ്‌യീദുൽ ഉഖൂബാത്ത്)
ഇസ്‌ലാമിക ക്രിമിനൽ നിയമത്തിലെ ഹുദൂദ് ശിക്ഷകളെ (ഖുർആനിലോ ഹദീസിലോ വ്യക്തമാക്കിയ ശിക്ഷകൾ) പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ അവയുടെ പ്രയോഗം കർശനമായ തെളിവ് മാനദണ്ഡങ്ങളാലും (മആയീർ അൽ-ഇസ്ബാത്ത്) നടപടിക്രമങ്ങളാലും ആഴത്തിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. പ്രമുഖ ഇസ്‌ലാമിക നിയമ പണ്ഡിതനായ വാഇൽ ബി. ഹല്ലാഖ് തൻ്റെ 'Shari‘a: Theory, Practice, Transformations' എന്ന ഗ്രന്ഥത്തിൽ ഹുദൂദ് ശിക്ഷകളെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തുന്നതായി കാണാം: "ബാഹ്യമായി ശരീഅത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടിരുന്നുവെങ്കിലും, ഹുദൂദ് ശിക്ഷകൾ ഇസ്‌ലാമിക ക്രിമിനൽ നിയമത്തിൽ അപൂർവ്വമായി മാത്രമേ നടപ്പിലാക്കിയിരുന്നോള്ളൂ. നിയമശാഖകളും ഖാദിമാരും ഉയർന്ന തെളിവ് മാനദണ്ഡങ്ങളും, നടപടിക്രമങ്ങളിലെ കടുപ്പവും, വ്യാഖ്യാനപരമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തി, മിക്ക കേസുകളിലും അവയുടെ പ്രയോഗം ഏതാണ്ട് അസാധ്യമാക്കിയിരുന്നു." (Hallaq, 2009, p. 306)
ഉയർന്ന തെളിവ് മാനദണ്ഡങ്ങൾ വഴി (മആയീർ ഇസ്ബാത്ത് അലിയ) ഹുദൂദ് ശിക്ഷകൾക്ക്, പ്രത്യേകിച്ച് സിന (വ്യഭിചാരം) പോലുള്ള കുറ്റകൃത്യങ്ങൾക്ക്, വളരെ ഉയർന്നതും ഖണ്ഡിതവുമായ തെളിവുകൾ ആവശ്യമാണ്. ഇത് അത്തരം ശിക്ഷകൾ അമിതമായി ഉപയോഗിക്കുന്നത് തടയുന്നു. അതോടൊപ്പം സംശയത്തിന്റെ ആനുകൂല്യം (ഇസ്തിഫ്താഅ് അൽ-ശക്ക് - സംശയത്തിന്റെ ആനുകൂല്യം നൽകി ശിക്ഷ ഒഴിവാക്കുക) ഇസ്‌ലാമിക നിയമത്തിൽ വളരെ പ്രധാനമാണ്. ശിക്ഷകൾ ഒഴിവാക്കാൻ ന്യായമായ സംശയങ്ങൾപോലും മതിയാകും. ഇത് ആധുനിക നിയമങ്ങളിലെ "innocent until proven guilty" (കുറ്റം തെളിയുന്നതുവരെ നിരപരാധി) എന്ന തത്വത്തിന് സമാനമാണ്. മറ്റൊന്നാണ് താ'സീർ (Ta'zīr). ഖുർആനിലോ ഹദീസിലോ വ്യക്തമാക്കാത്ത കുറ്റകൃത്യങ്ങൾക്ക്, ന്യായാധിപന്മാർക്ക് ശിക്ഷയുടെ കാര്യത്തിൽ വിവേചനാധികാരം (സലാഹിയ്യത് അൽ-ഖാദി) നൽകിയിട്ടുണ്ട്. കുറ്റത്തിന്റെ സാഹചര്യങ്ങൾ, കുറ്റവാളിയുടെ മാനസികാവസ്ഥ, പശ്ചാത്താപം (തൗബ) എന്നിവ പരിഗണിച്ച് ശിക്ഷ ലഘൂകരിക്കാൻ ഇത് സഹായിക്കുന്നു. ഇത് ആധുനിക ശിക്ഷാ നിയമങ്ങളിലെ 'ശിക്ഷാ ലഘൂകരണം' (Mitigation of Punishment) എന്ന ആശയത്തോട് ചേർന്നുനിൽക്കുന്നു.
ഇസ്‌ലാമിക ക്രിമിനോളജിയുടെ തത്വങ്ങൾ ആധുനിക ക്രിമിനോളജിയുടെ വിവിധ മേഖലകളിൽ, വിശിഷ്യാ പുനഃസ്ഥാപന നീതിക്ക് (Restorative Justice) ഊന്നൽ നൽകുന്ന സമീപനങ്ങളിൽ, ഗണ്യമായ പ്രസക്തി അർഹിക്കുന്നുണ്ട്. ഇസ്‌ലാമിക നിയമത്തിലെ ദിയത് (നഷ്ടപരിഹാരം), അഫ്വ് (മാപ്പ്) എന്നീ ആശയങ്ങൾ, നിയമപരമായ ശിക്ഷാ നടപടികളിൽ മാത്രം ഒതുങ്ങാതെ, കുറ്റകൃത്യത്തിലൂടെ ഇരയ്ക്കുണ്ടായ നഷ്ടങ്ങളെ പരിഹരിക്കുന്നതിലും കുറ്റവാളിയെ സമൂഹത്തിൽ പുനരധിവസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആധുനിക മാതൃകകൾക്ക് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്ന വ്യവസ്ഥകളാണ്. കൂടാതെ, കുറ്റവാളികളുടെ മാനസികാവസ്ഥയ്ക്കും പശ്ചാത്താപത്തിനും ഇസ്‌ലാമിക നിയമം നൽകുന്ന പ്രാധാന്യം ആധുനിക നിയമവ്യവസ്ഥകൾക്കും സ്വീകരിക്കാവുന്നതാണ്. ഇത് മാനസികാരോഗ്യ പ്രശ്നങ്ങളുള്ള കുറ്റവാളികളോടുള്ള സമീപനത്തിൽ ഗുണപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കും. കുറ്റകൃത്യങ്ങൾ തടയുന്നതിലും നീതി നടപ്പാക്കുന്നതിലും സമൂഹത്തിൻ്റെ സജീവമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന ഇസ്‌ലാമിക മാതൃക, ആധുനിക സമൂഹത്തിൽ 'കമ്മ്യൂണിറ്റി ജസ്റ്റിസ്' സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ പ്രചോദനമാകും.
വാഇൽ ബി. ഹല്ലാഖിനെപ്പോലുള്ള ഇസ്‌ലാമിക നിയമ വ്യവസ്ഥയെ അക്കാദമിക ഭാഷയിൽ വിശകലനം ചെയ്ത പണ്ഡിതർ ചൂണ്ടിക്കാണിക്കുന്നതുപോലെ, ശരീഅത്ത് കേവലം ശിക്ഷ നടപ്പാക്കുന്ന ഒരു യന്ത്രമായിരുന്നില്ല, മറിച്ച് നൈതിക സന്തുലിതാവസ്ഥയുടെ ഉപകരണം ആയിരുന്നു. ഈ ധാർമ്മിക സന്തുലിതത്വമാണ് ഇസ്‌ലാമിക ക്രിമിനോളജിയെ ആധുനിക നിയമവ്യവസ്ഥകൾക്ക് ഒരു പഠന വിഷയവും മാതൃകയുമാക്കി മാറ്റുന്നത്. കരുണയും പൊറുക്കലും കേവലം ഔദ്യോഗിക നടപടിക്രമങ്ങളായി ചുരുങ്ങാതെ, നീതിയുടെ അവിഭാജ്യ ഘടകമായി നിലനിൽക്കുന്ന ഒരു വ്യവസ്ഥിതിയാണ് ഇസ്‌ലാമിക ശരീഅത്ത് മുന്നോട്ട് വെക്കുന്നത്.
ഇസ്‌ലാമിക നിയമവ്യവസ്ഥയുടെ സമഗ്രമായ മേഖലയിലാണ് അതിൻ്റെ മാനുഷികവും ധാർമികവുമായ മാനങ്ങൾ പ്രകടമാകുന്നത്. ഈ വ്യവസ്ഥിതി നീതിയെ വെല്ലുവിളിക്കുകയല്ല, മറിച്ച് നീതിനിർവഹണത്തെ അതിൻ്റെ പരിപൂർണ്ണതയിൽ ആദരിക്കുകയാണ് ചെയ്യുന്നത്. പ്രമുഖ ഇസ്‌ലാമിക നിയമ പണ്ഡിതനായ വാഇൽ ബി. ഹല്ലാഖ് തൻ്റെ 'The Impossible State' എന്ന ഗ്രന്ഥത്തിൽ ഈ കാഴ്ചപ്പാടിനെക്കുറിച്ച് വിശദീകരിക്കുന്നു: "ശരീഅത്ത് നിയമവ്യവസ്ഥ പതിവായി വധശിക്ഷകളും അവയവവിച്ഛേദനങ്ങളും നടപ്പാക്കാനായി രൂപകൽപ്പന ചെയ്തതല്ല. മറിച്ച് അതിൻ്റെ ഘടനയും ഫിഖ്ഹിന്റെ സംസ്കാരവും ഇത്തരത്തിലുള്ള ശിക്ഷകൾ ഒഴിവാക്കാൻ സ്വാഭാവികമായി പ്രേരിപ്പിച്ചതാണ്... നിയമം അധികാരപ്രയോഗത്തിൻ്റെ യന്ത്രമായിരുന്നില്ല, മറിച്ച് നൈതിക സന്തുലിതാവസ്ഥയുടെ ഉപകരണമായിരുന്നു." (Hallaq, 2013)
ഈ ധാർമിക സന്തുലിതത്വമാണ് ശരീഅത്തിനെ ആധുനിക നിയമവ്യവസ്ഥകളിൽ നിന്ന് വേർതിരിക്കുന്നത്. ആധുനിക നീതിന്യായ വ്യവസ്ഥയിൽ കരുണയും പൊറുക്കലും പലപ്പോഴും കേവലം ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായി മാത്രം ചുരുങ്ങുകയും, നീതി രാഷ്ട്രത്തിൻ്റെ കുത്തകയായി മാറുകയും ചെയ്യുന്നു. എന്നാൽ ഇസ്‌ലാമിക ശരീഅത്താകട്ടെ, മാപ്പുനൽകാനുള്ള അധികാരം ഇരകളുടെ കുടുംബത്തിന് നൽകുന്നു. ഇത് ജഡ്ജിക്കോ രാഷ്ട്രത്തിനോ അല്ല, മറിച്ച് ഇരകൾക്ക് നൽകുന്ന അവകാശമാണ്. ഇരകളെയും അവരിലെ മനുഷ്യത്വത്തെയും ഇസ്‌ലാമിക ശരീഅത്ത് എത്രമാത്രം വിശ്വാസത്തിലെടുക്കുന്നു എന്നതിൻ്റെ തെളിവുകൂടിയാണിത്.
അതുകൊണ്ട്, (ഇപ്പോഴത്തെ കേരളീയ പരിസരത്തെ സംഭവം മുൻനിർത്തി) ഒരു പണ്ഡിതൻ ഇത്തരം വിഷയങ്ങളിൽ ഇടപെടുന്നത് കേവലം വ്യക്തിബന്ധങ്ങൾക്കപ്പുറം, ആഴത്തിലുള്ള ധാർമികവും നിയമപരവുമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. അവർ ഫിഖ്ഹിലും (കർമ്മശാസ്ത്ര-നിയമപരിജ്ഞാനം) അതിന്റെയെല്ലാം അടിസ്ഥാനമായ തഖ്‌വയിലും ആത്മീയതയിലും (തസ്വവുഫ്) അടിയുറച്ചാണ് പ്രവർത്തിക്കുന്നത്. അവർ നിയമത്തിലെ പഴുതുകൾ കണ്ടെത്തുകയായിരുന്നില്ല, മറിച്ച് ശിക്ഷ വിധിക്കുന്ന അതേ നിയമം തന്നെ അനുവദിക്കുന്ന, എന്നാൽ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു വശത്തെ വെളിച്ചത്തിൽ കൊണ്ടുവരികയായിരുന്നു. ഇസ്‌ലാമിക നിയമ സംവിധാനങ്ങളെ ഇത്തരത്തിൽ തെറ്റിദ്ധരിപ്പിച്ച് വിശകലനം ചെയ്യുന്ന ആധുനിക അഖ്യാനങ്ങളുടെ പരിമിതിയാണ് ഇവിടെയും പ്രതിഫലിച്ചത്.
ഈ ഇടപെടലുകളിലെ വെല്ലുവിളികളെക്കുറിച്ച് പണ്ഡിതന്മാർക്ക് നല്ല ധാരണയുണ്ടായിരിക്കും. ഇരയുടെ കുടുംബത്തോട് അനാവശ്യമായ എന്തോ ഒന്ന് ആവശ്യപ്പെടുകയാണെന്നും, ശിക്ഷയ്ക്ക് പകരം മാപ്പിനെ പ്രതിഷ്ഠിക്കുകയാണെന്നും ചിലപ്പോൾ ഇത് വ്യാഖ്യാനിക്കപ്പെടാം. എന്നാൽ, ശരീഅത്തിൻ്റെ അധ്യാപനം അവർക്ക് നന്നായി അറിയാം. ശിക്ഷ എന്നത് പകയല്ലെന്നും, അത് അവസാനത്തെ ആശ്രയം മാത്രമാണെന്നും അവർക്ക് ബോധ്യമുണ്ട്. പൊറുത്തുകൊടുക്കൽ സാധ്യമാവുന്നിടത്ത് ശരീഅത്ത് നിയമം പൊറുക്കലിനെ മഹത്വപ്പെടുത്തുന്നുവെന്നും അത് വിശ്വാസിയുടെ കാരുണ്യമാണെന്നും മനുഷ്യരെ പഠിപ്പിക്കുന്ന ഗുരുക്കന്മാർ ഈ പാരമ്പര്യത്തിൽ എന്നും നിലകൊള്ളുന്നു. നൂറ്റാണ്ടുകളിലൂടെ സഞ്ചരിച്ചുവന്ന ഒരു ധാർമിക നിയമ വ്യവസ്ഥയുടെ പാരമ്പര്യത്തിനകത്ത്, സമകാലിക ലോകത്തും കാരുണ്യവും മാപ്പുനൽകലും നീതിയുടെ അംഗീകൃത രൂപങ്ങളാണെന്ന പാഠവും, ശരീഅത്തിന്റെ മറഞ്ഞിരിക്കുന്ന (വിമർശകർ മറച്ചുവെച്ച) കാരുണ്യത്തിൻ്റെ മുഖവും ഇത്തരം ഇടപെടലുകളിലൂടെയാണ് വെളിപ്പെടുന്നത്. ഇത്തരം വ്യക്തിത്വങ്ങൾ കേവലം നിമിത്തങ്ങൾ മാത്രമാണ്; അതിനപ്പുറം ഇസ്‌ലാമിക നിയമവ്യവസ്ഥയുടെ ആഴത്തിലുള്ള മാനുഷിക മൂല്യങ്ങളെയാണ് ഇത് അടയാളപ്പെടുത്തുന്നത്.