KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

ഖുർആനിക സൗന്ദര്യം; അതിസാഹിത്യവായനയുടെ അനിവാര്യതകൾ

ഇയാസ് സുലൈമാൻ

കാലങ്ങൾ പിന്നിട്ടിട്ടും പരിഹരിക്കാനാവാത്ത ഒരു സാഹിത്യ വെല്ലുവിളിയാണ് വിശുദ്ധ ഖുർആൻ. ഭാഷയുടെ പരിധികൾ കടന്ന് അനുഭവ സാക്ഷ്യങ്ങളാകുന്ന ഖുർആനിക തലങ്ങൾ അക്ഷരങ്ങളുടെയും പദാവലികളുടെയും ഇടയിൽ നിന്നും മനുഷ്യനെ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. പ്രത്യക്ഷത്തിൽ അനാവൃതമാകുന്ന ആശയങ്ങൾക്കതീതമാണ് ഖുർആനിന്റെ അകക്കാമ്പ്. അവിടെ അല്ലാഹുവിന്റെ പ്രത്യേക ഉദ്ദേശങ്ങളാണ് ഓരോ അക്ഷരങ്ങളും പദങ്ങളും പരസ്പരം ബന്ധിക്കുന്നിടത്ത് പ്രവർത്തിക്കുന്നത്. ആന്തരികമായ ഈ സാഹിത്യ ഗുണം അനുഭവിക്കണമെങ്കിൽ കേവല വായനക്കപ്പുറത്ത് ഖുർആനിനെ പ്രതിഷ്ഠിക്കേണ്ടതുണ്ട്. കാരണം വിശുദ്ധ ഗ്രന്ഥത്തിന്റെ സ്വതന്ത്ര്യമായ സാഹിത്യ ശ്രേഷ്ഠതകൾ (Sublimity) ഏറെ പരികല്പനകൾ നൽകുന്നതാണ്.



അറബി ഭാഷയുടെ ആദ്യകാല വക്താക്കളെ അക്ഷരത്തിലും ആശയത്തിലും മരവിപ്പിച്ചു കൊണ്ടായിരുന്നു ഖുർആനിന്റെ തുടക്കം. അവരെ സംബന്ധിച്ചിടത്തോളം സാഹിത്യം മറ്റെല്ലാത്തിനെക്കാളും മൂല്യമുള്ളതും വിനോദങ്ങളിലെ മുഖ്യ ഘടകവുമായിരുന്നു. ഇബ്നു റാഷിഖിന്റെ കവിതകളിൽ പറയുന്നു : "ഒരു അറബ് ഗോത്രത്തിൽ ഒരു കവി ഉദയം ചെയ്താൽ, മറ്റ് ഗോത്രങ്ങൾ അഭിനന്ദിക്കാൻ വരും, വിരുന്നുകൾ ഒരുക്കും, സ്ത്രീകൾ വീണകളാൽ ഒത്തുചേരും, വൃദ്ധരും യുവാക്കളും എല്ലാം സന്തോഷവാർത്തയിൽ ആനന്ദിക്കും". ഗോത്രത്തിൽ ഒരു കവിയുടെ പിറവി ആത്മാഭിമാനത്തിന്റെയും ആഘോഷത്തിന്റെയും കാരണമായി കണ്ടിരുന്ന അറബികൾക്ക്, സാഹിത്യം ജീവിതമായിരുന്നു എന്നു തന്നെ പറയാം. അക്കാലത്ത് ഭാഷയിൽ പൂർണമായും പ്രാവീണ്യമുള്ളവനായ കവി എന്ന പദവി ലഭിക്കുന്നതിനു മുമ്പ് കൃത്യമായും ഒരു ശ്രേഷ്ഠ ഗുരുവിന്റെ അരികിൽ നിന്നും അറബി പദങ്ങളും വ്യാകരണ ശാസ്ത്രവും കാവ്യ നിയമങ്ങളും പഠിക്കേണ്ടിയിരുന്നു. ഇതിനായി വർഷങ്ങളും പതിറ്റാണ്ടുകളുമാണ് അവർ ചിലവഴിച്ചത്. സാഹിത്യത്തിൽ തങ്ങളേക്കാൾ കുലപതികളായി ആരുമില്ല എന്ന് വിശ്വസിച്ചിരുന്ന പൂർവ്വ അറബികൾ അറബ്യേതര സമൂഹങ്ങളെ അജമികൾ എന്നാണ് വിളിച്ചിരുന്നത്. ഇത്തരമൊരു സാഹചര്യത്തിലേക്കാണ് വിശുദ്ധ ഖുർആൻ നിർണയിക്കാൻ പോലുമാകാത്ത സാഹിത്യ ഭംഗിയിൽ ഒരു നിരക്ഷരനിലൂടെ അവരെ സംബോധന ചെയ്തതും സാഹിത്യലോകത്തേക്ക് തത്തുല്യമായ ഒരു രചനയെ കൊണ്ടുവരാൻ ആവശ്യപ്പെടുന്നതും.


സബ്ലിമിറ്റി

ഖുർആനിന്റെ സാഹിത്യ ശ്രേഷ്ഠത (Sublimity) മനസ്സിലാക്കുക എന്ന ഉദ്ദേശത്തോടെയാണ് അറേബ്യയിൽ പത്താം നൂറ്റാണ്ടോടെ വൈജ്ഞാനിക വ്യവഹാരങ്ങൾ അറബി ഭാഷയെ കേന്ദ്രീകരിച്ചത്. അൽ ഖാളി അബ്ബൂബക്കർ ബാക്കില്ലാനി രചിച്ച ഇഅ്ജാസുൽ ഖുർആനും ശൈഖ് അബ്ദുൽ ഖാഹിറിന്റെ ദലാഇലുൽ ഇഅ്ജാസുമെല്ലാം തത്താല്പര്യത്തിലാണ് വിരചിതമാകുന്നത്. കാരണം ഖുർആനിന്റെ ഉൽകൃഷ്ടമായ സാഹിത്യ ശുദ്ധിയും ശൈലിയുമാണ് വിശുദ്ധ ഗ്രന്ഥം ഇലാഹികമാണെന്നതിന്റെ മുഖ്യ തെളിവ്. അതിനെ അന്വേഷിക്കാനും പഠിക്കാനും ചേതോവികാരമായത് സമാനമായ ഒരു രചനയെ ആവശ്യപ്പെട്ടുകൊണ്ടുള്ള ഖുർആനിന്റെ വെല്ലുവിളിയായിരുന്നു. ഖുർആനിന്റെ സാഹിത്യ അനന്യത്വത്തെ കുറിച്ച് ആധുനിക അക്കാദമിക് മേഖലയിലും ചർച്ചകൾ നടക്കുന്നുണ്ട്. പ്രൊ. മാർട്ടിൻ സാമ്മിത് A Comparative Lexical Study Of Qur'anic Arabic എന്ന ഗ്രന്ഥത്തിലൂടെ പറയുന്നു : " ഇസ്ലാമിന് മുമ്പുള്ള മഹാകാവ്യങ്ങളുടെ സാഹിത്യ മികവ് എന്തുതന്നെ ആയാലും, അറബി ഭാഷയുടെ ഏറ്റവും മികച്ച ലിഖിത പ്രകടനമെന്ന നിലയിൽ ഖുർആൻ തീർച്ചയായും അതിന്റേതായ ഒരു തലത്തിലാണ് "



പ്രൊ. മാർട്ടിൻ സാമ്മിത് സൂചിപ്പിച്ച ഖുർആനിന്റെ സ്വതന്ത്രമായ ആ തലം പദങ്ങളുടെ ആകാരത്തിലും ശബ്ദത്തിലും ഘടനയിലും കൈമാറുന്ന ആശയത്തിലൂടെയും വ്യക്തമാണ്. ഓരോ പദത്തിന്റെയും അർത്ഥം അവയുടെ പര്യായപദങ്ങളേക്കാൾ മികച്ചതായി ഖുർആനിൽ കാണാൻ സാധിക്കും. വാക്യങ്ങളിലെ പദവിന്യാസക്രമം വ്യക്തമായ താളത്തിൽ അദ്വിതീയമായി ഖുർആനിലുടനീളം വത്യസ്തമാണ്. ഒരു ഖണ്ഡികയുടെ ആഴത്തിലുള്ള അർത്ഥങ്ങൾ ചിത്രീകരിക്കുന്നതിന് വത്യസ്ത കാലഘട്ടങ്ങളെ ഉപയോഗിച്ചിരിക്കുന്നു (ഭൂതകാലവും വർത്തമാനവും, ബഹുവചനവും ഏകവചനവും പോലെ). വാക്കുകളുടെ അർത്ഥവുമായി പൊരുത്തപ്പെടുന്ന ഉച്ചാരണമാണ് മറ്റൊരു പ്രത്യേകത. പ്രോത്സാഹജനകവും സന്തോഷവാർത്ത നൽകുന്നതുമായ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ, ഉച്ചരിക്കാൻ എളുപ്പമുള്ളതും കേൾക്കാൻ ഇമ്പമുള്ളതുമായ പദങ്ങളാണ് ഖുർആൻ ഉപയോഗിക്കുന്നത്. അതേസമയം പരുഷമായ വിഷയങ്ങൾ പരുഷമായ ശബ്ദത്തോടെ പറയുന്നു. സംക്ഷിപ്തതയുടെയും വിശദാംശങ്ങളുടെയും തികഞ്ഞ സംയോജനം ഖുർആനിലൂടെ അനുഭവിക്കാൻ സാധിക്കും. വിശദീകരണം ആവശ്യമായി വരുമ്പോൾ വിശദമായി തന്നെ കാര്യങ്ങൾ ചർച്ച ചെയ്യുന്നു. സമ്പന്നമായ ആശയങ്ങൾ പ്രകടിപ്പിക്കാൻ കുറഞ്ഞ വാക്കുകൾ ഉപയോഗിക്കുന്ന ശൈലിയും ഉണ്ട്. അക്ഷരങ്ങളുടെ താളങ്ങൾ ഗദ്യത്തേക്കാൾ കൂടുതൽ സുസ്ഥിരവും കവിതയേക്കാൾ പാറ്റേണിക്കുമാണ്. അതുകൊണ്ടുതന്നെ വിരാമങ്ങൾ ശ്രുതിമധുരമായ ഒഴിക്കോടെ അവസാനിക്കുന്നതായി കാണാം. ഖുർആനിന്റെ വാക്കുകൾ പൂർണ്ണമായും അപരിചിതമല്ല. അറബി സംസാരിക്കുന്ന ഒരാൾക്ക് വലിയ ബുദ്ധിമുട്ടില്ലാതെ പ്രത്യക്ഷത്തിൽ ഖുർആൻ മനസ്സിലാക്കാൻ കഴിയും. അതേസമയം ദൈവശാസ്ത്രത്തിനും കർമ്മശാസ്ത്രത്തിനും മറ്റു ഇസ്ലാമിക ശാസ്ത്രങ്ങളുടെയും കലകളുടെയും തത്വങ്ങൾക്കും നിയമങ്ങൾക്കും അടിസ്ഥാനമായി വർത്തിക്കുന്ന ഖുർആനിനെ അറിയാൻ സമൂലമായ ശേഷി ആവശ്യമാണ്. യുക്തിയെയും വികാരത്തെയും ഖുർആൻ സംയോജിപ്പിക്കുന്നത് ഏറെ വത്യസ്തമായാണ്. ആഖ്യാനങ്ങൾ, വാദങ്ങൾ, ഉപദേശങ്ങൾ, നിയമങ്ങൾ, ധാർമ്മിക തത്ത്വങ്ങൾ എന്നിവയിൽ വാക്കുകൾക്ക് വൈകാരിക ശക്തിയും ആശയ ധർമവും നൽകുന്നു. പദങ്ങളുടെ തിരഞ്ഞെടുപ്പ്, പദ ക്രമം, വ്യാകരണ വ്യതിയാനങ്ങൾ, സൂക്ഷ്മതകൾ, ആലങ്കാരികവും അക്ഷരാർത്ഥവുമായ ഭാഷ, ചരിതം, ഘടന എന്നിവയുടെ സംയോജനം ഒരു സൂക്തത്തിലും അദ്ധ്യായത്തിലും മാത്രമല്ല ഖുർആനിലുടനീളം പരിഗണിച്ചിട്ടുണ്ട്. ഖുർആനിന്റെ ഈ സാഹിത്യ പെരുമയെല്ലാം അറബി ഭാഷയെ വിശകലനം ചെയ്തു കൊണ്ടു മാത്രം മനസ്സിലാക്കാനാകുന്ന കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ ഒരു ഖുർആൻ പഠിതാവിന് അറബി ഭാഷയിലും സാഹിത്യത്തിലും അഗാധ ജ്ഞാനം ഉണ്ടായിരിക്കൽ അനിവാര്യമാണ്.


നബിയും ഷെയ്ക്സ്പിയറും

അർഥർ.ജെ.ആർബറിയെ പോലുള്ള നിരൂപകർ വാദിക്കുന്നത് ഖുർആൻ ഒരു സാഹിത്യ മാസ്റ്റർപീസ് ആണെങ്കിലും, അമാനുഷികമാണെന്ന് വിശേഷിപ്പിക്കാനാവില്ല എന്നാണ്. കാരണം ഇംഗ്ലീഷിൽ ഷെയ്ക്സ്പിയറിന്റെ സോണറ്റ്സ്, ഗ്രീക്കിൽ ഹോമറിന്റെ ഇലിയഡ് എന്നിങ്ങനെ സമാനതകളില്ലാത്ത സാഹിത്യ കൃതികൾ എല്ലാ നാഗരികതക്കും ഉള്ളതാണ്. മാത്രമല്ല സാഹിത്യ ലോകത്ത് ഇന്നും അവ അതുല്യമായി തുടരുകയും ചെയ്യുന്നു. എന്നിരിക്കെ ഖുർആനിന്റെ അനന്യതയെയും ഇപ്രകാരമാണ് കാണേണ്ടത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യഥാർത്ഥത്തിൽ ആർബറിയുടെ ഈ വാദം നബി (സ്വ) യും യൂറോപ്യൻ ക്ലാസിക് സാഹിത്യകാരന്മാരും തമ്മിലുള്ള അന്തരത്തെ മറച്ചുവെക്കുകയാണ് ചെയ്യുന്നത്.



ലോകചരിത്രത്തിലെ ഏറ്റവും മികച്ച എഴുത്തുകാരനും നാടകകൃത്തുമായി കണക്കാക്കപ്പെടുന്ന ഇംഗ്ലീഷ് കവിയാണ് വില്യം ഷെയ്ക്സ്പിയർ. അദ്ദേഹം പ്രവാചകനിൽ നിന്നും വ്യത്യസ്തമായി അധ്യാപകരിൽ നിന്നും ഗ്രീക്ക് ലാറ്റിൻ ഭാഷകൾ പഠിക്കുകയും സ്വന്തം ഗ്രന്ഥശാല എഴുത്തിനും മറ്റു വൈജ്ഞാനിക വ്യവഹാരങ്ങൾക്കുമായി ഉപയോഗിക്കുകയും ചെയ്ത വ്യക്തിയാണ്. ഷെയ്ക്സ്പിയറിനു മുമ്പേ സോണറ്റ് എന്ന സാഹിതീയ രൂപം നിലനിന്നിരുന്നു. അവയെല്ലാം വായിക്കാനും പഠിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നാടകകൃത്ത് എന്ന നിലയിൽ അദ്ദേഹം ഉപജീവനം നടത്തുകയും ഓരോ രചനയിലും സാഹിതീയ പരിഷ്കാരങ്ങളും തിരുത്തലുകളും കൊണ്ടു വന്നു. തന്റെ കൃതികളിൽ എന്തൊക്കെ പ്രദർശിപ്പിക്കണം ഒഴിവാക്കണം എന്നതിനെ കുറിച്ച് ഷെയ്ക്സ്പിയറിന് പതിറ്റാണ്ടുകളുടെ ആലോചന ഉണ്ടായിരുന്നു. ഷെയ്ക്സ്പിയർ തന്റെ കൃതികൾ ഒരു രേഖീയ ശൈലിയിലാണ് എഴുതിയിരുന്നത്. ഏതൊരു രചയിതാവും ചെയ്യുന്നതുപോലെ പ്രത്യേക അടിത്തറയിൽ നിന്നും കെട്ടിപ്പടുക്കുന്ന ആശയ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ഷെയ്ക്സ്പിയറിന്റെതായ വാക്കുകളും ശൈലികളും രചനകളിലെല്ലാം തന്നെ പ്രതിഫലിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ രചനകൾ അയാളുടെ സമകാലിക സാഹിത്യകാരന്മാരാൽ മനുഷ്യാതീതമെന്ന് വിശേഷിക്കപ്പെടുകയോ അതുല്യമെന്ന രീതിയിൽ പരിഗണിക്കപ്പെടുകയോ ചെയ്തിട്ടില്ല. മാത്രമല്ല ന്യൂകാസ്റ്റിൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഹ്യൂ ക്രെയ്ജ് ഷേക്സ്പിയറിനെ വെബ്സ്റ്റർ, ഡെക്കർ, പീലെ, മാർലോ, ജോൺസൺ, ഗ്രീൻ എന്നിവർക്ക് പിന്നിൽ ഏഴാമത്തെ മികച്ച ഇംഗ്ലീഷ് വാച്യ നാടകകൃത്തായിട്ടാണ് പരിഗണിച്ചിട്ടുള്ളത്.



ഒരു കൃതി ഖുർആനിനോട് താദാത്മ്യമുള്ളതാകണമെങ്കിൽ ഭാഷാസൗന്ദര്യം, അതിന്റെ മൂല്യം എന്നിവയോടു കൂടെ പരിഗണിക്കേണ്ട മറ്റു ചില കാര്യങ്ങളാണ് ഖുർആനിന്റെ പരിപൂർണ്ണത, അവതീർണ പശ്ചാത്തലം, കാലഗണനാപരമല്ലാത്ത ആഖ്യാനം, ഖുർആനിന്റെ ആരംഭം എന്നിവ. റസൂലിന്റെ (സ്വ) ജീവിതവും ഖുർആനിന്റെ അവതീർണ പശ്ചാത്തലവും എടുത്ത് പരിശോധിക്കുമ്പോൾ ചരിത്രപരമായി ഒരു വലിയ സമസ്യയാണ് അറേബ്യൻ നാഗാരികതക്ക് അകത്തും പുറത്തുമായി ഖുർആൻ തീർത്തിട്ടുള്ളത്. ഷെയ്ക്സ്പിയറിനെയോ മറ്റു ക്ലാസ്സിക്‌ സാഹിത്യ രചയിതാക്കളെയോ പോലെ ആയിരുന്നില്ല റസൂലിന്റെ വൈയക്തികവും സാമൂഹ്യപരവുമായ സാഹചര്യങ്ങൾ. നബി (സ്വ) അന്നത്തെ അറേബ്യയിൽ നിലനിന്നിരുന്ന സാഹിത്യ ഗുരുകുലങ്ങളിലോ കവിയരങ്ങുകളിലോ ഭാഗമായിരുന്നില്ല. അതേസമയം അന്നത്തെ മഹാകവികൾ ഉപയോഗിച്ചിരുന്ന എഴുത്തിന്റെയോ സംസാരത്തിന്റെയോ മുഴുവൻ ഭാഗങ്ങളിൽ നിന്നും വ്യതിചലിക്കുന്ന സവിശേഷമായ ഒരു രചനാ ഘടന ഖുർആനിലൂടെ പരിചയപ്പെടുത്തി. പ്രവാചകരുടെയും ഖുർആനിന്റെയും ഭാഷാ പരിസ്ഥിതി വത്യസ്തമായിരുന്നു എന്നതിന്റെ പ്രധാന തെളിവാണ് ഹദീസുകൾ. ഖുർആനിന്റെയും ഹദീസിന്റെയും ഭാഷകളെ വിശകലനം ചെയ്തുകൊണ്ട് നടന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്, ഒരു മനുഷ്യനും ജീവിതകാലം മുഴുവൻ അവരുടെ ഭാഷയെ ഇത്രയും വിപുലമായ രീതിയിൽ നിയമാനുസൃതമായി പ്രയോഗിക്കാനാകില്ല എന്നാണ്. മാത്രമല്ല ഖുർആനിന്റെ സാഹിത്യ പൂർണ്ണത അംഗീകരിച്ചുകൊണ്ട് ഒരുപാടു സാഹിത്യകാരനമാർ ഇസ്ലാമിലേക്ക് കടന്നുവന്നിട്ടുണ്ട്. മാനുഷിക വിനോദമായിരുന്നു ക്ലാസിക് രചനകളുടെ ഉദ്ദേശമെങ്കിൽ ഖുർആൻ അതിൽ നിന്നും വ്യത്യസ്തമായി മാനുഷിക പുരോഗതിയും ധാർമിക ഉൽബോധനവും സത്യാധിഷ്ഠിത സംബോധനവുമാണ് ലക്ഷ്യം വെക്കുന്നത്.


അനുകരണാതീതം

ഖുർആനിന്റെ പൂർണതയെ ഖുർആൻ തന്നെ പ്രഖ്യാപിച്ചത് സമാനമായ ഒരു രചന ആവശ്യപ്പെട്ടുകൊണ്ടാണ്. അതു കേൾക്കേണ്ട താമസം അറേബ്യൻ കവികൾ ആ വെല്ലുവിളിയുടെ പൊരുളും സാഹിതീയ നിഗൂഢതയും മനസ്സിലാക്കാതെ അക്ഷരങ്ങൾ ഖുർആൻ പോലുള്ള ഒന്നിനായി ചലിപ്പിച്ചിരുന്നു. പക്ഷെ ഫലം കണ്ടില്ല. അവരുടെ വാക്കുകൾ പരാജയപ്പെടുകയും പിന്നീട് വാളുകൾ വിശ്വാസികൾക്കെതിരെ ശബ്ദിക്കുന്നതുമാണ് ചരിത്രത്തിൽ കാണാൻ സാധിക്കുന്നത്. വലീദ്-ഇബ്നു-മുഗീറ എന്ന പ്രതിഭാശാലിയായായ കവിയോട് ഖുർആനിനെ വിമർശിക്കാനായി ഖുറൈശികൾ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം പറയുന്നു : " എനിക്ക് എന്ത് പറയാൻ കഴിയും? ഗദ്യത്തിലും പദ്യത്തിലും ജിന്ന് കവിതകളിലും എന്നേക്കാൾ പ്രാവീണ്യമുള്ള ഒരു മനുഷ്യനും നിങ്ങൾക്കിടയിൽ ഇല്ല. അല്ലാഹുവാണെ, അവൻ പറയുന്ന കാര്യങ്ങൾ ഇവയിലൊന്നിനോടും സാമ്യമുള്ളതല്ല. അല്ലാഹുവാണെ, അവൻ പറയുന്ന അവന്റെ പ്രസ്‌താവനകൾക്ക് ഒരു മാധുര്യമുണ്ട്. അതിന്റെ ഏറ്റവും ഉയർന്ന ഭാഗങ്ങൾ (ഉപരിതല അർത്ഥങ്ങൾ) ഫലപുഷ്ടിയുള്ളതും അതിന്റെ ആഴങ്ങൾ അവസാനിക്കാതെ പുറത്തേക്ക് ഒഴുകുന്നതുമാണ്. അത് ആധിപത്യം സ്ഥാപിച്ചിരിക്കുന്നു, അതിന്റെ മുകളിൽ ഇനി ഒന്ന് സാധ്യമല്ല. മാത്രമല്ല അത് തീർച്ചയായും അതിന്റെ താഴെയുള്ളതിനെയെല്ലാം തകർക്കും".
ബ്രിട്ടീഷ് ഓറിയന്റലിസ്റ്റയിരുന്ന ഫോർട്ടർ ഫിസ്ഗറാൾഡ് ആർബട്ട്നോട്ട് തന്റെ ശ്രമങ്ങളുടെ അവസാനമെന്ന നിലയിൽ The Constitution Of the Bible And The Koran എന്ന പുസ്തകത്തിലൂടെ പറയുന്നു : " ഈ അതിഗംഭീരമായ രചനക്ക് തുല്യമായ ഒരു കൃതി നിർമ്മിക്കാൻ നിരവധി ശ്രമങ്ങൾ ഞാൻ നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല". മനുഷ്യ ലോകത്തു നിന്നും ഖുർആനിന് അനുകരണീയമായി ഒരു രചന വരാതിരിക്കുന്നതിൽ നിരവധി കാരണങ്ങളുണ്ട്. പ്രധാനമായും അറബി ഭാഷയിലെ എല്ലാ നിബന്ധനകളും വാക്കുകളും പൂർണമായും ഉൾക്കൊള്ളാനും കരസ്ഥമാക്കാനുമുള്ള സമഗ്രത മനുഷ്യ അറിവിനോ ബുദ്ധിക്കോ ഇല്ല എന്നതാണ്. അതുപോലെ വാക്കുകൾ കൈമാറുന്ന ആശയങ്ങളും ആശയങ്ങളുടെ സ്രോതസ്സുകളും മനുഷ്യനിൽ അപൂർണ്ണമാകുന്നു. മനുഷ്യ കഴിവിൽ അറബി ഭാഷയിൽ ഒരു പുതിയ സാഹിത്യ രൂപമോ അല്ലെങ്കിൽ നിലവിലുള്ളവയുടെ വാക്കുകളും ശൈലികളും മികച്ചതെന്ന് തോന്നുന്നവകൊണ്ട് മാറ്റിസ്ഥാപിക്കാൻ കഴിയും. പക്ഷെ ഖുർആനിന് നിർണയിച്ചു നൽകാവുന്ന സാഹിതീയ രൂപമോ ബദലീകരിക്കേണ്ട പദമോ ഇല്ല.


ഖുർആനിന്റെ സാഹിതീയ ഭംഗിയും ഗുണവും പൂർണമായും വിശദീകരിക്കാൻ സാധ്യമല്ല. മനുഷ്യ ഗ്രാഹ്യതയുടെ പൂർണതക്ക് അന്യം നിൽക്കുന്ന ഈ ഗ്രന്ഥത്തിൻ്റെ സാഹിത്യ ശ്രേഷ്ഠത ഇലാഹികമാണ് എന്നതിൽ കവിഞ്ഞ് ഒന്നുമില്ല. ഈ അതുല്യതയുടെ സൗന്ദര്യമാണ് ഖുർആനിന്റെ പൂർണ്ണത.


റഫറൻസ്:
മുഖ്തസറുൽ മആനി / അൽഖതീബുൽ ഖസ് വീനി
ബയാനു ഇഅ്ജാസിൽ ഖുർആൻ / അൽഖത്വാബി
The Sublime Quran and Orientalism / Dr. Mohammad Khalifa
Shakespeare’s Vocabulary: Myth and Reality / Hugh Craig
Poetry and Language / Navid Kermani

Literature
Theology

Related Posts

Loading