KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

മുഗൾ ചിത്രങ്ങളിലെ അജ്മീർ പ്രതിനിധാനങ്ങൾ

മുഹമ്മദ് സിറാജുറഹ്മാൻ നൂറാനി

ആലംബമറ്റവരുടെ ആശ്രയമായി ജീവിതസന്ധികളിൽ ഇടപെടുന്ന അദൃശ്യകരങ്ങൾ (Invisible hand) എന്ന രീതിയിലാണ് ദർഗകളും സൂഫികളും പൊതുവെ വായിക്കപ്പെടാറുള്ളത്. Jinnealogy; Time, Islam, and Ecological Thought in the Medieval Ruins of Delhi എന്ന ഗ്രന്ഥത്തിലെ ഡൽഹി ഫിറോസ് ഷാഹ് കോട്ലയിലെ സൂഫീ ദർഗയുടെ പശ്ചാത്തലത്തിലായി നടത്തിയ പഠനത്തിൽ ഗരീബ് നവാസ് എന്ന നാമവുമായി ബന്ധപ്പെട്ട് ആനന്ദ് വിവേക് തനേജ അതിന്റെ ചില തലങ്ങൾ ചർച്ച ചെയ്യുന്നുണ്ട്.


വിശ്വാസികൾ എന്നതിനുമപ്പുറം മധ്യകാല ഇന്ത്യയിലെ ഭരണാധികാരികളും അക്കാലങ്ങളിൽ ജീവിച്ചിരുന്ന സൂഫികളും തമ്മിലുള്ള സമ്പർക്കങ്ങളുടെ വായന ഇതിൽ നിന്നും വ്യത്യസ്തമാണ്. ദ്വന്ദ്വങ്ങളായി കണക്കാക്കപ്പെടുന്ന ആത്മീയാധികാരം (spiritual authority), രാജാധികാരം (Monarchy) എന്നീ സംജ്ഞകൾ പരസ്പര പൂരകങ്ങളായി വർത്തിക്കുന്നത് എങ്ങനെയാണെന്നും മുഗൾ ഭരണാധികാരികളെ സംബന്ധിച്ച് അജ്മീർ പോലെയുള്ള ഇടങ്ങൾ എന്തുകൊണ്ടാണ് പ്രധാനമാകുന്നത് എന്നും അത്തരം തിരച്ചിലുകൾ ബോധ്യപ്പെടുത്തും. അധികാരത്തിന്റെ ഇടനാഴികളിൽ ആത്മീയതയുടെയും അദൃശ്യകരങ്ങളുടെയും ഇടപെടലുകൾ അവിടെ നമുക്ക് നിരീക്ഷിക്കാനും സാധിക്കും. അത്തരത്തിൽ അക്ബർ, ജഹാംഗീർ, ഷാജഹാൻ എന്നീ മുഗൾ ഭരണാധികാരികളുടെ അജ്മീർ സമ്പർക്കങ്ങളുടെ തിരഞ്ഞെടുത്ത ചിത്രീകരണങ്ങൾ ചർച്ചാ വിധേയമാക്കാനാണ് ഈ ലേഖനം ശ്രമിക്കുന്നത്.


അക്ബർ


IMG-20240119-WA0060.jpg.jpg/

ചിത്രം 01

IMG-20240119-WA0059.jpg.jpg/

ചിത്രം 02

IMG-20240119-WA0058.jpg.jpg/

ചിത്രം 03


1562- 1579 കാലയളവിനിടയിൽ മൂന്നാം മുഗൾ ഭരണാധികാരിയായിരുന്ന അക്ബർ 17 തവണ അജ്മീർ സന്ദർശിക്കുന്നുണ്ട്. ഈ യാത്രകൾ അധികാര സംസ്ഥാപനത്തിൽ എങ്ങനെയാണ് നിർണായകമായി വർത്തിച്ചത് എന്ന് Pilgrimage, performance, and peripatetic kingship: Akbar’s journeys to Ajmer and the formation of the Mughal Empire എന്ന പഠനത്തിൽ പ്രത്യയ് നാഥ് (Pratyay Nath) നിരീക്ഷിക്കുന്നുണ്ട്.


അക്ബർനാമയിൽ നിന്നുള്ള ഈ പെയിന്റിംഗ് (ചിത്രം 01) മുഗൾ ചക്രവർത്തിയായ അക്ബർ തനിക്ക് ഒരു പുത്രനെ ലഭിക്കണം എന്ന ആഗ്രഹത്തോടെ അജ്മീർ സന്ദർശിക്കാനായി ആഗ്രയിൽ നിന്ന് പുറപ്പെട്ട് 370-ഓളം കിലോമീറ്ററുകൾ യാത്ര ചെയ്യുന്നതിന്റെ ചിത്രീകരണമാണ്. തുടർന്നാണ് സലീം ചിശ്തിയുടെ ആശിർവാദത്തിൽ ജഹാംഗീർ ജനിക്കുന്നതും 1571 ൽ ഫത്തേപ്പൂർ സിക്രിയുടെ നിർമാണം ആരംഭിക്കുന്നതും. രാജകീയ ചിഹ്നങ്ങൾ വഹിക്കുന്ന സേവകർക്കൊപ്പമാണ് അദ്ദേഹത്തെ ഈ പെയിൻ്റിംഗിൽ ചിത്രീകരിച്ചിരിക്കുന്നത്. ചക്രവർത്തി ഒരു ഔപചാരിക ആവശ്യത്തിനായി സഞ്ചരിക്കുമ്പോഴെല്ലാം, അദ്ദേഹത്തിന് സമീപത്തായി അഞ്ച് പതാകകളും പതാകകളുടെയും മറ്റ് ചിഹ്നങ്ങളുടെയും ഒരു ശേഖരവും (ഖുർ) വഹിക്കുമെന്ന് അക്ബർനാമയുടെ മൂന്നാം വാല്യത്തിൽ അബുൽ ഫസൽ പരാമർശിക്കുന്നുണ്ട്. ചക്രവർത്തിയുടെ ശിരസ്സിന്റെ മുകളിൽ പിടിച്ചിരിക്കുന്നതായി ചിത്രത്തിൽ കാണുന്ന അഫ്താബ്ഗീർ, അബുൽ ഫസലിന്റെ രാജകീയ ചിഹ്നങ്ങളുടെ പട്ടികയിലും കാണാം. അജ്മീർ സന്ദർശിക്കുമ്പോഴെല്ലാം, അക്ബർ ദർഗയിൽ ദാനങ്ങൾ വിതരണം ചെയ്യുകയും പ്രദേശത്തെ മറ്റു പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയും പുതിയ പള്ളികൾ നിർമ്മിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നതായി രേഖകളുണ്ട്. ഏതാനും മാസങ്ങൾക്കുശേഷം ഫത്തേപൂർ സിക്രിയിൽ വെച്ച് മറ്റൊരു ഭാര്യയിൽ രണ്ടാമത്തെ മകൻ മുറാദ് ജനിച്ചപ്പോൾ അക്ബർ അജ്മീറിലേക്ക് വീണ്ടുമെത്തുകയും കോട്ട വിപുലീകരിക്കുകയും പുതിയ കെട്ടിടങ്ങൾ പണിയുകയും കൊട്ടാരത്തിലെ ഉന്നതർക്കായി പൂന്തോട്ടങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ അക്ബറിന്റെ അജ്മീർ സന്ദർശനവുമായി ബന്ധപ്പെട്ട് ദർഗയും സൂഫികളെയും സന്ദർശിക്കുന്നതാണ് രണ്ടു ചിത്രീകരണങ്ങളാണ് മറ്റു രണ്ടു പെയിൻ്റിംഗുകൾ. (ചിത്രം 02, ചിത്രം 03)


ജഹാംഗീർ


IMG-20240119-WA0057.jpg.jpg/

ചിത്രം 04

IMG-20240120-WA0034.jpg.jpg/

ചിത്രം 05


മുകളിൽ കൊടുത്തിരിക്കുന്ന പ്രസിദ്ധമായ സാങ്കൽപിക ചിത്രീകരണത്തിൽ ജഹാംഗീർ സിംഹാസനത്തിൽ ഇരിക്കുന്നതായാണ് ആവിഷ്കരിച്ചിരിക്കുന്നത് (ചിത്രം 04). ഒരു നാഴിക പളുങ്കുപാത്രത്തിന്റെ ( Hour glass) ആകൃതിയിലുള്ള ആ സിംഹാസനം തന്നെ കാഴ്ചക്കാരിൽ കൗതുകം ഉണർത്തും എന്നത് സ്വാഭാവികമാണ്. സമയത്തെ പ്രതിനിധീകരിക്കുന്ന മണൽത്തരികൾ അദ്ദേഹത്തിന്റെ കീഴിൽ നിന്ന് സാവധാനം വീഴുന്നുണ്ട്. ചിത്രീകരണത്തിന്റെ ഉള്ളടക്കം ഇങ്ങനെ സംഗ്രഹിക്കാം : ചക്രവർത്തി ഒരു വരേണ്യ സംഘത്തെ അഭിമുഖീകരിക്കുകയാണ്. തന്റെ മുന്നിൽ ഇംഗ്ലണ്ടിലെ രാജാവും ഓട്ടോമൻ സുൽത്താനുമാണ് സന്നിഹിതരായി നിൽക്കുന്നത്. അപ്പോഴും, ജഹാംഗീർ ഈ ശക്തരായ ഭരണാധികാരികളെ അവഗണിക്കുകയും പകരം ഒരു സൂഫി ശൈഖിനെ അഭിസംബോധന ചെയ്യുകയും തന്റെ പ്രീതിയുടെ പ്രതീകമായി ഒരു ഗ്രന്ഥം നൽകുകയും ചെയ്യുന്നു. "രാജാക്കന്മാർ അദ്ദേഹത്തിൽ മുമ്പിൽ നിന്നിട്ടു പോലും, അദ്ദേഹം വിലമതിക്കുന്നത് ദർവീശുകളെ മാത്രമാണ്" എന്ന് പെയിന്റിംഗിന് മുകളിലും താഴെയുമുള്ള കാർട്ടൂച്ച് വാക്യങ്ങളിൽ (cartouches) നിന്നും വായിച്ചെടുക്കാനുമാവും.ചിത്രത്തിൽ ജഹാംഗീർ യൂറോപ്പിലെ ശക്തരായ ഭരണാധികാരികളെക്കാൾ പരിഗണന നൽകുന്നത് സൂഫി ശൈഖ് അജ്മീർ ദർഗയുടെ തലവനായിരുന്ന ഹസൻ ചിശ്തിക്കായിരുന്നു എന്നതാണ് പ്രധാനം!


ജഹാംഗീറിന്റെ സാങ്കൽപിക ചിത്രങ്ങൾ അപഗ്രഥിക്കുക എന്നത് പൊതുവെ പ്രഹേളികയാണ് എന്നിരിക്കെ, നാഴിക പളുങ്കുപാത്രത്തിന്റെ ( Hour glass) ചിത്രീകരണങ്ങൾ വ്യാഖ്യാനിക്കൽ വിശേഷിച്ചും ബുദ്ധിമുട്ടാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതിനാലാണ് ഇത്തരം ചിത്രീകരണങ്ങൾ സൂക്ഷ്മാർഥത്തിൽ വായിക്കപ്പെടണമെന്ന് Dressed to Impress: Fashioning Allegiance in the Mughal Court എന്ന പഠനത്തിൽ ആർട്ട് ഹിസ്റ്റോറിയനായ അന്ന സീസ്ട്രാൻഡ് (Anna Seastrand) നിരീക്ഷിക്കുന്നത്.


അപ്പോഴും, ഇംഗ്ലണ്ടിലെ ജെയിംസ് ഒന്നാമന്റെയും ഇതുവരെ തിരിച്ചറിയപ്പെടാത്ത ഓട്ടോമൻ സുൽത്താന്റെയും ഛായാചിത്രങ്ങളുടെ ഉറവിടങ്ങൾ, ഈ ചിത്രീകരണം നടത്തിയ ബിചിത്ര എന്ന കലാകാരൻ ഇടതുവശത്ത് താഴെ ചേർക്കുന്ന അദ്ദേഹത്തിന്റെ ഛായാചിത്രം, നാഴിക പളുങ്കു പാത്രത്തിൽ (Hour glass) തീർത്ത സിംഹാസനത്തിന്റെയും സ്വർണ്ണ പാദപീഠത്തിന്റെയും പ്രതീകാത്മകത, വായുവിൽ പറക്കുകയും സിംഹാസനത്തിന്റെ ചുവട്ടിൽ ശുഭാശംസകൾ എഴുതുകയും ചെയ്യുന്ന മാലാഖമാർ തുടങ്ങിയ ഈ ചിത്രീകരണത്തിന്റെ വിവിധ വശങ്ങളെ സംബന്ധിച്ച് പല ഗവേഷകരും എഴുതിയിട്ടുമുണ്ട്.


1613 മുതൽ 1616 വരെ ജഹാംഗീർ തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി വിശുദ്ധ നഗരമായ അജ്മീറിനെ തിരഞ്ഞെടുത്തിരുന്നു. സൈനിക കാരണങ്ങളാലാണ് ജഹാംഗീറിന്റെ അജ്മീറിലേക്കുള്ള തലസ്ഥാനമാറ്റം നടന്നതെങ്കിലും ആത്മീയമായ കാര്യങ്ങളിൽ കൂടുതൽ ആഴത്തിൽ ഇടപഴകാൻ ആ തീരുമാനം ജഹാംഗീറിനെ പ്രചോദിപ്പിച്ചിരിക്കണം എന്ന് കവിത സിംഗ് തന്റെ Real birds in imagened gardens; Mughal paintings between Persia and Europe എന്ന പുസ്തകത്തിൽ അഭിപ്രായപ്പെടുന്നുണ്ട്. ആത്മീയ സൂചനകൾ എന്ന നിലയിൽ, സ്വപ്നങ്ങളിലും ദർശനങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്താനും പ്രചോദനം ലഭിക്കാനുമുള്ള സാധ്യതകളെ മുൻനിർത്തി ജഹാംഗീറിന്റെ സാങ്കൽപിക ചിത്രങ്ങളിൽ ഭൂരിഭാഗവും അജ്മീറിലെ താമസസമയത്ത് വരച്ചതാണ് എന്നാണ് ചില ഗവേഷകർ അനുമാനിക്കുന്നത്. 1620 -ൽ ജഹാംഗീർ അജ്മീറിൽ ഭക്ഷണം വിതരണം ചെയ്യുന്നതിൻ്റെ ചിത്രീകരണമാണ് കൂടെയുള്ളത് ( ചിത്രം 05).


ഷാജഹാൻ


IMG-20240119-WA0055.jpg.jpg/

ചിത്രം 06

IMG-20240119-WA0056.jpg.jpg/

ചിത്രം 07

IMG-20240119-WA0054.jpg.jpg/

ചിത്രം 08


1636 -ൽ നാൽപ്പത്തിയഞ്ച് വയസ്സുകാരനായ ഷാജഹാൻ ചക്രവർത്തിയുടെ അജ്മീർ സന്ദർശനം വിവരിക്കുന്ന പാദ്ഷാനാമ ഗ്രന്ഥത്തിലെ ഒരു ഖണ്ഡികയ്ക്കൊപ്പം രണ്ടു പേജുകളിലായുള്ള ചിത്രീകരണമാണ് മുകളിൽ (ചിത്രം 06). എന്നാൽ പെയിന്റിംഗിലെ അദ്ദേഹത്തിന്റെ വാർധക്യ സഹജമായ ശരീരഘടന ഇത് പിന്നീട് 1654 -ൽ മകൻ ദാരാ ഷിക്കോയുടെ കൂടെ നടത്തിയ സന്ദർശനത്തിന്റെ സ്മരണാർഥമുള്ള ചിത്രീകരണം ആയിരിക്കാമെന്ന് സൂചന നൽകുന്നുണ്ട്.


ചിത്രത്തിൽ, ഒരു സൂഫിയെ കുതിരപ്പുറത്ത് ഇരുന്ന് അഭിമുഖീകരിക്കുന്ന ചക്രവർത്തിയെ ആണ് കാണാൻ സാധിക്കുന്നത്. ലോകത്തിന്റെ സർവാധികാരത്തിന്റെ പ്രതീകമായി ഒരു ഭൂഗോളവും കയ്യിലേന്തിയാണ് സൂഫി ഷാജഹാനെ അഭിവാദ്യം ചെയ്യുന്നത്. ഈ സൂഫി പ്രവാചകർ ഖിള്ർ (അ) ആണെന്നാണ് ആഖ്യാനിക്കപ്പെടുന്നത്. 1616 ഏപ്രിലിൽ അജ്മീറിൽ വെച്ച് ജഹാംഗീറിനെ മകൻ ഖുറം രാജകുമാരൻ സന്ദർശിക്കുന്ന പാദ്ഷാ നാമയിലെ ആബിദിന്റെ ചിത്രീകരണത്തിലും ഒരു ഗോളം കൈകളിലേന്തി നിൽക്കുന്ന ഒരു സൂഫിയെ നിഴൽ രൂപമായി ചിത്രീകരിക്കുന്നത് കാണാം. "ലോകത്തിന്റെ രാജാവ്(ഷാജഹാൻ)”, “ലോകം കീഴടക്കിയവൻ (ജഹാംഗീർ)” എന്നീ നാമങ്ങൾക്ക് ദിവ്യമായ പരികല്പന രൂപപ്പെടുത്താനുള്ള താത്പര്യം കൂടി ഇവക്കുണ്ടാവാം (ചിത്രം 07). അടുത്ത ചിത്രീകരണത്തിൽ ഖാജ മുഈനുദ്ദീൻ ചിശ്തി(റ) വിന്റെ ദർഗയുടെ വിദൂര കാഴ്ചയും ഷാജഹാനെയും പരിവാരങ്ങളെയും സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളും കാണാം (ചിത്രം 08).


ജലാൽ ഖുലി എന്ന കശ്മീരി കലാകാരനാണ് ഈ ചിത്രീകരണം ആവിഷ്കരിച്ചത് എന്നാണ് അനുമാനിക്കപ്പെടുന്നത്. ചിത്രീകരണത്തിന്റെ പശ്ചാത്തലത്തിലുള്ള മലകളും കുന്നുകളും കശ്മീർ ഭൂപ്രകൃതിയിൽ നിന്നും സ്വാധീനപ്പെട്ടതാവാം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.


Courtesy :

1. Royal collection trust, London
2. Victoria and Albert Museum, London
3. Metropolitan Museum of Art, New York
4. National Museum of India, New Delhi
5. Real birds in imagened gardens; Mughal paintings between Persia and Europe, Kavita Singh, Getty Publications(2017)

Sufism
Religion
History

Related Posts

Loading