KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

ദക്ഷിണേഷ്യയുടെ(യിലെ) അറബി ഭാഷ Part- 1

നൈൽ ഗ്രീൻ

അടുത്തിടെ ഉയർന്ന് വന്ന ‘പേർഷ്യനേറ്റ് വേൾഡ്’അക്കാദമിക സമീപനങ്ങൾ, സൗത്ത് ഏഷ്യയുമായി ബന്ധപ്പെട്ട് പേർഷ്യൻ ഭാഷയിൽ എഴുതപ്പെട്ട നിരവധി രചനകളുടെ പുനരുദ്ധാരണത്തിന് നിമിത്തമായി തീർന്നിരുന്നു. കേവലം പേർഷ്യൻ ഭാഷയ്ക്കുപരിയായി സാഹിതീയ നിർമ്മിതികളുടെ വളർച്ചയ്ക്ക് ഭാഗികമായോ മുഴുവനായോ പേർഷ്യൻ ഭാഷയെ ആശ്രയിച്ചിരുന്ന പ്രാദേശിക, ഉന്നത-സാംസ്കാരിക ഭാഷകൾ കൂടി ഉൾക്കൊണ്ട മാർഷൽ ഹോഡ്ജ്സൻ്റെ ‘പേർഷ്യനേറ്റ്’ എന്ന വിശാലമായ ആശയത്തിൽ അധിഷ്ഠിതമായിരുന്നു ഇത്. ഈയൊരു വീക്ഷണകോൺ നിരവധി പുതിയ ചർച്ചകൾക്കും പഠനങ്ങൾക്കും ഹേതുവായി തീർന്നെങ്കിലും മനപ്പൂർവമല്ലെങ്കിൽ കൂടി, സൗത്ത് ഏഷ്യയുടെ വളരെ ബൃഹത്തായ അറബി സംസ്കൃതിയെ അതിൻ്റെ നിഴലിലാക്കിത്തീർത്തിട്ടുണ്ട്. അടുത്തിടെ വന്ന ഗവേഷണ പഠനങ്ങളിൽ അതിൻ്റെ അനുരണനങ്ങൾ കാണാനുണ്ട് താനും. ഉദാഹരണത്തിന് “അറബി ഭാഷയ്ക്ക് ഇന്ത്യയിൽ നിന്നുള്ള സംഭാവനകൾ” എന്ന നിലയ്ക്ക് ഇംഗ്ലീഷ് ഭാഷയിൽ സമഗ്രമായ ഒരു പഠനം കാണാൻ കഴിയുന്നത് 1929 കളിലേതാണ്.


അതിന് ശേഷം ഏകദേശം ഒരു നൂറ്റാണ്ടിനടുത്ത് കാലമായെങ്കിലും, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് അടങ്ങിയ ഇന്ത്യൻ ഉപഭൂകണ്ഡത്തിൽ അറബി ഭാഷ ഇന്നും നിലനിൽക്കുന്നുണ്ട്. പോസ്റ്റ് കൊളോണിയൽ കാലഘട്ടത്തിൽ പാകിസ്ഥാനി വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ ഇസ്ലാമികവത്ക്കരണം, ഇന്ത്യയിൽ നിന്നുള്ള ഗൾഫ് കുടിയേറ്റങ്ങൾ തുടങ്ങിയ കാരണങ്ങളാലും, മുസ്ലിം പണ്ഡിതരുടെയും ഇസ്ലാമിക മതപഠിതാക്കളുടെയും സൗത്ത് ഏഷ്യയിലെയും പശ്ചിമേഷ്യയിലേയും പ്രധാന വിദ്യാഭ്യാസ മാധ്യമം എന്ന നിലയിലും, അറബി ഭാഷയുടെ സ്ഥാനം സമൂഹത്തിൽ വിഭിന്നമാവുകയും അതിനോടുള്ള ആഭിമുഖ്യം വളരുകയും ചെയ്തു. സൗത്ത് ഏഷ്യയുടെ അറേബ്യൻ പൈതൃകം എന്ന നിലയിൽ അറബിയിലും ഉർദു പോലുള്ള പ്രാദേശിക ഭാഷകളിലും നിരന്തരമായുണ്ടായ പ്രസിദ്ധീകരണങ്ങൾ ഇതിൻ്റെ പ്രകടമായ പരിണിതികളിൽ ഒന്നാണ്.


ഭാഗ്യകരമെന്ന് പറയട്ടെ, യൂറോപ്പിലേയും നോർത്ത് അമേരിക്കയിലേയും പുതുതലമുറയിലെ ഒരു കൂട്ടം ഗവേഷകർ ഇന്ത്യയിൽ അറബി ഭാഷ, അറബി ഭാഷയും ഇന്ത്യയും, അറബി ഭാഷയിലെ ഇന്ത്യ, തുടങ്ങിയ പരസ്പരബന്ധിതമായ നിരവധി തലങ്ങളിലൂടെ ഇന്ന് സമഗ്രപഠനങ്ങൾ നടത്തുന്നുണ്ട്. ഈ ആമുഖ ലേഖനം വളർന്നുവരുന്ന ഈ ഗവേഷകരുടെ സംഭാവനകളെ ചർച്ച ചെയ്യുന്നതും, ഈ മേഖലയിൽ വഴി തെളിച്ച ഏതാനും മുതിർന്ന പണ്ഡിതരുടെ അടിസ്ഥാന പ്രവർത്തനങ്ങളെ എടുത്തുകാണിക്കുന്നതുമാണ്. അതിനെല്ലാമുപരിയായി ഒരു അവിഭാജ്യ ഇന്ത്യൻ ഭാഷയായി അറബി ഭാഷയെ അംഗീകരിക്കേണ്ടതിൻ്റെ ചരിത്രപരവും ചരിത്രരചനാപരവുമായ പ്രാധാന്യവും ഈ ലേഖനം സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. ഈ ലേഖനം കഴിഞ്ഞ രണ്ട് ദശകങ്ങളിലെ "ഇന്തോ-പേർഷ്യൻ", "പേർഷ്യനേറ്റ് വേൾഡ്" പഠനങ്ങളിലെ വളർച്ചയെ അടിസ്ഥനമാക്കുന്നതിനൊപ്പം വിമർശനാത്മകമായി അതിനെ വിലയിരുത്താനും ശ്രമിക്കുന്നു. പേർഷ്യൻ ഭാഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ദക്ഷിണേഷ്യയുടെ അറബിയുമായുള്ള ഇടപഴകലിൻ്റെ ശാശ്വതവും സുപ്രധാനവുമായ ചരിത്രത്തെ പലപ്പോഴും മറച്ചുവെച്ചത് എങ്ങനെയെന്ന് പറയുന്നതിലൂടെയാണത് അനാവരണം ചെയ്യാൻ ശ്രമിക്കുന്നത്. ഒരു നിഗമനത്തിൽ എത്തിച്ചേരുക എന്നതിലുപരിയായി ഭാവിയിലെ ഗവേഷകർക്ക് പുതിയ വഴികൾ തുറന്നിടുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഈ ലക്ഷ്യം സുഗമമാക്കുന്നതിന്, നിർദ്ദിഷ്ട വിഷയങ്ങളിൽ നിലവിലുള്ള പഠനങ്ങൾ പരാമർശിക്കുമ്പോൾ തന്നെയും ഇതുവരെ സൂക്ഷ്മസഞ്ചാരം ചെയ്യപ്പെടാത്ത നിരവധി ഗവേഷണ സാധ്യതകളെ രൂപപ്പെടുത്തുന്ന അടിസ്ഥാന ചോദ്യങ്ങൾ ഉന്നയിക്കുന്നുമുണ്ട്. ദക്ഷിണേഷ്യയിലെ അറബിക് ഉപയോഗത്തിൻ്റെ താത്കാലികവും സ്ഥലപരവും സാമൂഹികവും പ്രവർത്തനപരവുമായ അളവുകൾ ചിത്രീകരിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ചോദ്യങ്ങൾ ആയിരം വർഷത്തിലേറെയായി ഈ മേഖലയിലെ അറബി ഭാഷയുടെ സാന്നിധ്യം "എപ്പോൾ," "എവിടെ," "ആരിലൂടെ", "എങ്ങനെ" എന്നതിനെ അഭിസംബോധന ചെയ്യുന്നു.


When: Temporal Aspects of South Asian Arabic

സൗത്ത് ഏഷ്യയുടെ അറബി ഭാഷ പൈതൃകം പഠനവിധേയമാക്കുന്നവരോട് കാൾ ബ്രോക്കൽമാൻ പറയുന്നത് ഇവിടെ ശ്രദ്ധേയമാണ്; “വളരെ തുടക്കം മുതൽ തന്നെ ഇന്ത്യയുടെ ഇസ്ലാമിക് സംസ്കാരം പേർഷ്യൻ സ്വാധീനത്തിലാണ് [...] മുസ്ലിം ഇന്ത്യയിലെ രാജകൊട്ടാരങ്ങളിൽ നിന്ന് ഇബ്നു ബത്തൂത്ത, അൽ ഫിറൂസാബാദി തുടങ്ങിയ സഞ്ചാരികളായ പണ്ഡിതർക്ക് ബഹുമതികൾ ലഭിച്ചിരുന്നുവെങ്കിലും അവരുടെ സ്വാധീനം, പേർഷ്യൻ ഭാഷ വെച്ച് താരതമ്യം ചെയ്യുമ്പോൾ അറബി സാഹിത്യത്തിന് വലിയ തോതിൽ സഹായകമായിട്ടൊന്നുമില്ല. അത് പോലെത്തന്നെ ഇന്ത്യൻ മുസ്ലിം പണ്ഡിതർക്ക് മക്ക പോലുള്ള അറേബ്യയിലെ സാംസ്കാരിക കേന്ദ്രങ്ങളുമായുള്ള ബന്ധങ്ങൾക്കും വലിയ തെളിവൊന്നുമില്ല. അതിനാൽ തന്നെ ഇന്ത്യൻ മുസ്‌ലിംകളിൽ നിന്ന് അറബിഭാഷയിലേക്കുള്ള സംഭാവനകൾ തുച്ഛമാണ്.” ദക്ഷിണേഷ്യയിൽ ഇസ്ലാമിക സംസ്കാരം രൂപപ്പെടുത്തുന്നതിൽ പേർഷ്യൻ ഭാഷ ആധിപത്യം പുലർത്തുന്നുവെന്ന് അടിവരയിടുന്നതോടൊപ്പം തന്നെ ഈ വീക്ഷണം അറബിയുടെ സ്വാധീനം, പ്രത്യേകിച്ച് സാഹിത്യത്തിൽ, പേർഷ്യനുമായി താരതമ്യം ചെയ്യുമ്പോൾ നാമമാത്രമായിരുന്നുവെന്നും സൂചിപ്പിക്കുന്നുണ്ട്.


വളർന്നുവരുന്ന ദക്ഷിണേഷ്യൻ അറബി പഠന മേഖലയെ അക്കാദമിക പര്യവേക്ഷണം ചെയ്യുന്നവർക്ക് ബ്രോക്കൽമാൻ്റെ ഈ വിലയിരുത്തൽ ഒരു നിരുത്സാഹപ്പെടുത്തലായി തോന്നുമെങ്കിലും, അദ്ദേഹത്തിൻ്റെ പരാമർശങ്ങൾ 1500-ന് മുമ്പുള്ള കാലഘട്ടത്തെ കേന്ദ്രീകരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഈ വ്യക്തത സൗത്ത് ഏഷ്യൻ അറബിയുടെ താൽക്കാലിക ചലനാത്മകതയെക്കുറിച്ചുള്ള നിർണായക ഘട്ടത്തിലേക്ക് വിരൽ ചൂണ്ടുന്നു: ഇന്തോ-ഇസ്‌ലാമിക് ചരിത്രത്തിൻ്റെ ആദ്യഘട്ടങ്ങളിൽ ഒതുങ്ങി നിന്നിരുന്നുവെങ്കിലും, കാലക്രമേണ ഇന്ത്യയിൽ അറബി ഗ്രന്ഥങ്ങളുടെ നിർമ്മാണവും, എഴുതപ്പെട്ടതും സംസാരിക്കുന്നതുമായ അറബിയുമായുള്ള വിശാലമായ ഇടപെടലുകളും ഗണ്യമായി വികസിച്ചു. ഒട്ടോമൻ ഹിജാസ്, ബ്രിട്ടീഷ് അധീന ഈജിപ്ത്, പിന്നീട് കൊളോണിയൽ ഗൾഫ് രാജ്യങ്ങൾ എന്നിവയുമായുള്ള വർദ്ധിച്ചുവന്ന ഇടപെടലുകളാണ് ഈ വളർച്ചയ്ക്ക് കാരണമായത് എന്ന് പറയാം.


ദക്ഷിണേഷ്യയിലുടനീളമുള്ള അറബി ഭാഷാ ഉപയോഗത്തിൻ്റെ ചരിത്രം ലളിതമായ ഒരു രേഖീയ പുരോഗതിയെ അടിസ്ഥാനമാക്കിയുള്ളതല്ല (കോസ്മോപൊളിറ്റൻ അറബി, പേർഷ്യൻ ഭാഷയിലേക്കും പിന്നീട് പ്രാദേശിക ഭാഷകളിലേക്കും ഒടുവിൽ ദേശീയ ഭാഷകളിലേക്കും കൊളോണിയൽ ഇംഗ്ലീഷിലേക്കും വഴിമാറുന്നു). മറിച്ച്, ഈ ചർച്ചയിൽ കൂടുതലും നിരീക്ഷിക്കുന്നത് പോലെ, "എവിടെ", "ആര്" എന്നതിലെ സ്ഥല- സാമൂഹിക പരിവർത്തിത വസ്തുക്കളെ ഉപയോഗിച്ച് രൂപപ്പെടുത്തിയ കൂടുതൽ സങ്കീർണ്ണവും ചലനാത്മകവുമായ പാതകളെ പ്രതിഫലിപ്പിക്കുന്ന ഒന്നാണിത്. പഴയ കയ്യെഴുത്തുപ്രതികളുമായി താരതമ്യപ്പെടുത്തുമ്പോൾ അടുത്തിടെ അച്ചടിച്ച കൃതികളുടെ നിലനിൽപ്പ് ആഖ്യാനത്തെ വളച്ചൊടിക്കാൻ സാധ്യതയുണ്ടെങ്കിലും, ഉയർന്നുവരുന്ന ഗവേഷണങ്ങൾ വിശാലമായ ഒരു മാതൃക നിർദ്ദേശിക്കുന്നു: ആദ്യകാല ആധുനിക അറബി ശൃംഖലകൾ ഇന്ത്യൻ മഹാസമുദ്രത്തിലുടനീളം വ്യാപിച്ചു, തുടർന്ന് കൊളോണിയൽ ഇന്ത്യയിൽ അറബി പഠനത്തിൽ വർദ്ധനവുണ്ടായി, ഗ്രന്ഥങ്ങളിലേക്കും വിദ്യാഭ്യാസത്തിലേക്കുമുള്ള മെച്ചപ്പെട്ട പ്രവേശനം ഭാഗികമായി സുഗമമാക്കി എന്ന് ഈ പാറ്റേണിനെ വായിക്കാം.


അറബിയുടെ പുനരുജ്ജീവനത്തിന് വഴിയൊരുക്കുന്ന ഈ ട്രെൻ്റ് 19-ആം നൂറ്റാണ്ടിൻ്റെ മധ്യത്തിലുണ്ടായ പേർഷ്യൻ സ്റ്റഡീസിൻ്റെ തകർച്ചയെ തുടർന്ന് വന്നതാണെന്ന് തോന്നുന്നു. 20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ, ദക്ഷിണേഷ്യൻ അറബി പണ്ഡിതന്മാരും ഗ്രന്ഥകാരന്മാരും അടങ്ങുന്ന ഒരു പ്രവാസി സമൂഹം കൊളോണിയൽ ഈജിപ്തിലും സൗദി അറേബ്യയിലും ഹിജാസിലെ മുൻകാല ഇന്ത്യൻ പണ്ഡിതന്മാരുടെ പ്രശസ്തി ഉയർത്തി. മൊഹ്‌സിൻ അലി വിലയിരുത്തിയത് പോലെ, 19-ഉം 20-ഉം നൂറ്റാണ്ടുകളുടെ അവസാനത്തിൽ ദക്ഷിണേഷ്യൻ ചരിത്രരചനയുടെ ഭാഷയായി അറബിയുടെ പുനരുജ്ജീവനം ഈ പ്രവണതയെ ഉദാഹരിക്കുന്നു. ഈ നവോത്ഥാനം ഉത്തരേന്ത്യൻ പണ്ഡിതനായ സയ്യിദ് അബുൽ-ഹസൻ അലി നദ്‌വിയുടെ (1913-99) കൃതികളിൽ കലാശിച്ചു, അദ്ദേഹം മക്കയിൽ വിപുലമായ രീതിയിൽ പ്രഭാഷണങ്ങൾ നടത്തുകയും ഡമാസ്കസിൽ അറബി ഭാഷയിൽ ചരിത്രങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇത് സൗത്ത് ഏഷ്യൻ ബൗദ്ധിക പാരമ്പര്യങ്ങളിൽ അറബിയുടെ ശാശ്വതമായ പ്രാധാന്യമാണ് പ്രകടമാക്കുന്നത്.


കൊളോണിയൽ ഇന്ത്യയിൽ, അറബിക് പഠനത്തിനായി പുതിയ സ്ഥാപനങ്ങൾ സ്ഥാപിക്കപ്പെട്ടതോടെ അറബ് ലോകവുമായുള്ള അടുത്ത ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കപ്പെട്ടു, പ്രത്യേകിച്ചും 1898-ൽ സ്ഥാപിതമായ ലഖ്‌നൗവിലെ നദ്‌വത് അൽ-ഉലമ പോലെ. കെയ്‌റോയിലേയും ഓട്ടോമൻ ലെവൻ്റിലെയും പെഡഗോജിക്കൽ രീതികളോടെ ഈ സ്ഥാപനം അറബിക് വിദ്യാഭ്യാസത്തെ നവീകരിക്കാൻ ശ്രമിച്ചു. അതുപോലെ, അച്ചടിയുടെ ചില സ്ഥലകാല ബന്ധങ്ങൾ ചൈനീസ് മുസ്ലീം പരിഷ്കരണവാദികളെ ബെയ്ജിംഗിൽ ചെംഗ്ഡ ഷിഫാൻ സ്യൂക്സിയോ (ചെങ്ഡ നോർമൽ സ്കൂൾ) സ്ഥാപിക്കാൻ പ്രേരിപ്പിച്ചു, അവിടെ നിന്നുള്ള ബിരുദധാരികൾ പിന്നീട് ലഖ്നൗവിലും കെയ്റോയിലും പഠിക്കാൻ എത്തിത്തുടങ്ങി.


അലിഗഡിലെ മുഹമ്മദൻ ആംഗ്ലോ-ഓറിയൻ്റൽ കോളേജും, പ്രാഥമികമായി ഒരു ഉറുദു-മീഡിയം സ്ഥാപനം ആയിരുന്നെങ്കിലും, ഭാഗികമായി അറബിയെ ഒരു മുസ്ലീം ഭാഷയായി പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇതിൻ്റെ ഭാഗമായി. ഭാഷാപരവും ബൗദ്ധികവുമായ കൈമാറ്റത്തിൻ്റെ ഈ ശൃംഖല ദക്ഷിണേഷ്യൻ വായനക്കാർക്കിടയിൽ പ്രചരിപ്പിക്കാൻ റഷീദ് റിദയുടെ കീഴിലുള്ള ജേണൽ, അൽ-മനാർ ("ദി ലൈറ്റ്ഹൗസ്") സഹായിച്ചു. ഇത് ഇന്ത്യയെ അറബ് ബൗദ്ധിക നവോത്ഥാനമായ നഹ്ദയുമായി ബന്ധപ്പെടുത്തി, അതിൻ്റെ അച്ചടി സംസ്കാരം ഇന്ത്യൻ തുറമുഖങ്ങളിലേക്കും ഉൾനാടൻ ലൈബ്രറികളിലേക്കും അഭൂതപൂർവമായ വേഗതയിൽ എത്തുകയും അത് മധ്യകാല, ആദ്യകാല ആധുനിക ബന്ധങ്ങളെ മറികടക്കുകയും ചെയ്തു.


ഈ കാലയളവിൽ അറബി ഗ്രന്ഥങ്ങളുടെ നിർമ്മാണത്തിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിച്ചു. ഹിന്ദു സംരംഭകനായ നേവൽ കിഷോറിൻ്റെതുപോലുള്ള വാണിജ്യ അച്ചടിശാലകൾ ആഭ്യന്തരവും അന്തർദേശീയവുമായ പ്രേക്ഷകർക്കായി നിരവധി അറബി ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. കൂടാതെ, ഹൈദ്രാബാദിലെ ദൈറത്ത് അൽ-മആരിഫ് അൽ-ഉത്മാനിയ പോലുള്ള സ്റ്റേറ്റ് സ്പോൺസർ ചെയ്ത അറബിക് പ്രസ്സുകളും ഈ സാഹിത്യ ഉൽപ്പാദനത്തിൽ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. ഈ സംഭവവികാസങ്ങൾ അറബി സാഹിത്യത്തിലും ബൗദ്ധിക ഉൽപ്പാദനത്തിലും ദക്ഷിണേഷ്യയുടെ സുപ്രധാന സംഭാവനകളെയാണ് അടിവരയിടുന്നത്.


ആധികാരിക ഗ്രന്ഥനിർമ്മാണവും സ്വീകരണത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും ചലനാത്മക പ്രക്രിയകളും പാരമ്പര്യമായി പഠിക്കേണ്ടതിൻ്റെ ആവശ്യകതയെ ഊന്നിപ്പറയുന്ന (The art of ‘handing down’) ആധുനിക പ്രസിദ്ധീകരണ സംഭവവികാസങ്ങൾ മധ്യകാല അറബി ഗ്രന്ഥങ്ങളുടെ സ്വീകാര്യതയെ മാറ്റിമറിച്ചു. നൂറ്റാണ്ടുകളായി, സൗത്ത് ഏഷ്യയ്ക്ക് പുറത്തുള്ള അറബി കൃതികൾ ഇറക്കുമതി ചെയ്യുകയോ പകർത്തുകയോ അച്ചടിക്കുകയോ ചെയ്‌ത് അവിടെ പഠിക്കുകയും, പിന്നീടവ അറബിയിലോ പ്രാദേശിക ഭാഷകളിലോ വളർന്നുവരുന്ന വ്യാഖ്യാന സാഹിത്യത്തിൻ്റെ അടിസ്ഥാനമായി മാറുകയും ചെയ്തു. ഒരു കൃതിയുടെ താത്കാലിക ആയുസ്സിനെ ക്രമാനുഗതമായി സമ്പന്നവും കൂടുതൽ വലുതുമാക്കി, കാലക്രമേണ വിപുലീകരിക്കുന്ന വ്യാഖ്യാനങ്ങളുടെയും മെറ്റാ-വ്യാഖ്യാനങ്ങളുടെയും ഒരു ശൃംഖലയെ നിർമ്മിക്കാൻ കേവലം ഒരൊറ്റ ഇമ്പോർട്ടഡ് ടെക്‌സ്‌റ്റിന് എങ്ങനെ കഴിയുമെന്ന് ഈ പ്രക്രിയ കാണിക്കുന്നു.


സമീപകാല ഗവേഷണങ്ങൾ പ്രകാരം പതിനേഴാം നൂറ്റാണ്ടിലെ ലോജിക് പാഠപുസ്തകമായ സുല്ലമുൽ-ഉലൂം (Ladder of the Science) പോലുള്ള ഉദാഹരണങ്ങളിലൂടെ ദക്ഷിണേഷ്യയുടെ പശ്ചാത്തലത്തിൽ ഈ പ്രതിഭാസം കൂടുതൽ മനസ്സിലാക്കപ്പെടുന്നു. തുടക്കത്തിൽ, ഈ ടെക്സ്റ്റിൻ്റെ വ്യാഖ്യാനങ്ങൾ അറബിയിൽ മാത്രമായിരുന്നു എഴുതിയിരുന്നത്, പിന്നീട് ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഉറുദു വ്യാഖ്യാനങ്ങൾ ഉയർന്നുവരാൻ തുടങ്ങി. പണ്ഡിതോചിതമായ ഗദ്യത്തിൻ്റെ ഭാഷയായി ഉറുദു ഉയർന്നുവെങ്കിലും അറബി ഭാഷ അതിൻ്റെ പ്രാധാന്യം നിലനിർത്തി. മതശാസ്ത്രത്തിൻ്റെ മണ്ഡലത്തിന് പുറത്തുള്ളതായി മുമ്പ് താരീഖിനെ (ചരിത്രം) വീക്ഷിച്ചിരുന്ന 'ഉലമ'കൾക്കിടയിൽ അറബി ഭാഷയ്ക്ക് ഇരുപതാം നൂറ്റാണ്ടിൽ ചരിത്രരചനയുടെ ഭാഷ എന്ന നിലയിൽ കൂടുതൽ പ്രാധാന്യം ലഭിച്ചു. കൂടാതെ, ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യത്തോടെ, ദക്ഷിണേഷ്യൻ അറബി എഴുത്തുകാരുടെയും അധ്യാപകരുടെയും ഒരു പുതിയ ഡയസ്‌പോറ, ഹിജാസിലെ മുൻകാല ഇന്ത്യൻ പണ്ഡിതന്മാരുടെ പൈതൃകത്തെ അടിസ്ഥാനമാക്കി സൗദി അറേബ്യയിൽ നിലയുറപ്പിക്കുകയും മക്ക ആസ്ഥാനമായുള്ള മുസ്ലീം വേൾഡ് ലീഗും ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് മദീനയും പോലെയുള്ള സ്ഥാപനങ്ങൾ ദക്ഷിണേഷ്യയിലുടനീളമുള്ള അറബി പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ നിർണായകമായിത്തീരുകയും ചെയ്തു. ഇത് സൗത്ത് ഏഷ്യയിൽ അറബി ഭാഷയുടെ സ്വാധീനത്തെ കൂടുതൽ ഉറപ്പിച്ചു എന്ന് പറയാം.


വിവർത്തനം: മുഹമ്മദ് അലി എരിമയൂർ

History

Related Posts

Loading