KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

ദക്ഷിണേഷ്യയുടെ(യിലെ) അറബി ഭാഷ Part-2

നൈൽ ഗ്രീൻ

Where; spatial Aspects of South Asian Arabic


ദക്ഷിണേഷ്യയിൽ ‘എപ്പോൾ’ അറബി ഭാഷ എത്തി എന്ന ചോദ്യത്തിന് ഉത്തരം നൽകുന്നത് പോലെതന്നെ അത് ‘എവിടെ’ വ്യാപിച്ചു എന്ന ചോദ്യത്തിനും ഉത്തരം നൽകുന്നത് എളുപ്പമല്ല. "ദക്ഷിണേഷ്യൻ അറബിക്" എന്ന ഒരു പൊതു ലേബൽ പോലും ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡത്തിലെ വിവിധ പ്രദേശങ്ങളിൽ അറബി എങ്ങനെ ഉപയോഗിപ്പെട്ടു എന്നതിനെക്കുറിച്ചുള്ള പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. അറബി ഭാഷ ആദ്യമായി ഈ പ്രദേശത്തേക്ക് ഏറ്റവും കുറഞ്ഞത് രണ്ട് വ്യത്യസ്ത വഴികളിലൂടെയാണ് കടന്നു വരുന്നത്: ഒന്ന് കരമാർഗ്ഗവും മറ്റൊന്ന് കടൽമാർഗ്ഗവും. അബ്ബാസിദ്, ഗസ്നവിദ് സാമ്രാജ്യങ്ങളുടെ പ്രദേശങ്ങളിൽ നിന്ന് സിന്ധിലേക്കും പഞ്ചാബിലേക്കും കരമാർഗ്ഗം വഴിയും, അറബ് വ്യാപാരികളുടെ കച്ചവട കേന്ദ്രങ്ങളിൽ (Emporia) നിന്ന് തീരദേശ ഗുജറാത്തിലെയും മലബാറിലെയും ഉൾപ്രദേശങ്ങളിലേക്ക് കടൽമാർഗ്ഗം വഴിയും ഇത് അവതരിപ്പിക്കപ്പെട്ടു. പ്രത്യക്ഷത്തിൽ വിശദീകരിക്കാൻ എളുപ്പമാണെന്ന് തോന്നുമെങ്കിലും, ദക്ഷിണേഷ്യയിലെ അറബി ഭാഷയുടെ ആദ്യകാലം എന്നത് ഇന്നും അവ്യക്തമായും ചർച്ചാവിഷയമായും തുടരുന്നു. ദക്ഷിണേഷ്യയിൽ നിന്ന് തന്നെ, ഇന്ന് നിലവിലുള്ള ചരിത്ര സ്രോതസ്സുകളുടെ എണ്ണം പരിമിതമാണ് എന്നതാണ് ഇതിനുള്ള ഒരു പ്രധാന കാരണം. (ചാച്‌നാമ എന്നറിയപ്പെടുന്ന സിന്ധിലെ അറബ് വിജയങ്ങളെക്കുറിച്ചുള്ള പേർഷ്യൻ വിവർത്തനമാണ് ഒരു ഉദാഹരണം.)


പതിമൂന്നാം നൂറ്റാണ്ട് മുതൽ, പേർഷ്യൻ ഭാഷയുടെ ഉയർച്ചയ്ക്കും വ്യാപനത്തിനും, പ്രത്യേകിച്ച് 1206-ൽ ഡൽഹി സുൽത്താനേറ്റ് സ്ഥാപിതമായതിനുശേഷവും തുഗ്ലക്ക് സുൽത്താൻമാർ കിഴക്കും തെക്കും നടത്തിയ സാമ്രാജ്യ വികസന നടപടികളുടെ ഫലമായും, ചരിത്രപരമായ മാറ്റത്തിന്റെ മറ്റൊരു രൂപരേഖ കൈവന്നതായി കാണാം. ഖുറാസാൻ, മധ്യേഷ്യ എന്നീ പ്രദേശങ്ങളെ ഡൽഹി, ബംഗാൾ, ഡെക്കാൻ എന്നിവിടങ്ങളിലെ ‘പേർഷ്യൻ നഗര’ങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു പേർഷ്യൻ-ഇസ്ലാമിക് "സാംസ്കാരിക അച്ചുതണ്ട്" എന്ന് വിവരിക്കാൻ ഈ വികസനം റിച്ചാർഡ് ഈറ്റണിനെ പ്രേരിപ്പിച്ചു. എന്നിരുന്നാലും, ഈ പേർഷ്യൻ ഇടത്തിലുടനീളം, മദ്രസകളുടെ അടഞ്ഞ പരിസ്ഥിതിയിലായാലും, സ്വകാര്യ പ്രാർത്ഥനകളിലൂടെയായാലും, ലിഖിതങ്ങളുടെ പൊതു ഗാംഭീര്യത്തിലാണെന്കിലും, അറബി ഭാഷ ആധിപത്യം പുലർത്തിയിരുന്നതിനാൽ, ഒരു പ്രധാന ചോദ്യം അവശേഷിക്കുന്നു: അറബിക്കും ഈ പേർഷ്യൻ സാംസ്കാരിക അച്ചുതണ്ടിനും ഇടയിലുള്ള സ്ഥലബന്ധം നമ്മൾ എങ്ങനെ മനസ്സിലാക്കണം? ഈ ചട്ടക്കൂടിൽ അറബി ഉൾപ്പെടുത്താനുള്ള ഒരു ലളിതമായ മാർഗം ഒരു പേർഷ്യൻ-അറബിക് ഭൂമിശാസ്ത്രത്തെക്കുറിച്ച് സംസാരിക്കുക എന്നതാണ്. എന്നാൽ അങ്ങനെ ചെയ്യുന്നത് അറബിക്ക് അതിന്റെ വ്യത്യസ്തമായ ഇടങ്ങൾ, വഴികൾ, പഠന കേന്ദ്രങ്ങൾ എന്നിവയാൽ രൂപപ്പെട്ടതാണെന്ന സാധ്യതയെ അവഗണിക്കലാകും. അത്തരമൊരു സ്ഥലത്തിന്റെ വ്യക്തമായ ഉദാഹരണമാണ് ഇന്ത്യയുടെ പടിഞ്ഞാറൻ തീരം, ഗുജറാത്ത് മുതൽ കൊങ്കൺ ഉൾപ്പെടെ മലബാർ വരെ വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം അടുത്തിടെ നിരവധി പണ്ഡിതപഠനങ്ങളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. ഈ പ്രദേശത്തിന്റെ സമുദ്ര സ്വഭാവം സൂചിപ്പിക്കുന്നത് ഒരു രേഖീയ സാംസ്കാരിക അച്ചുതണ്ട് എന്ന ആശയം ഉചിതമല്ലായിരിക്കാം എന്നാണ്. പകരം, മിഡിൽ ഈസ്റ്റിനും ദക്ഷിണേഷ്യയ്ക്കും ഇടയിലുള്ള തുടർച്ചയായ ചലനത്തെ ആശ്രയിച്ചുള്ള ഒരു സമുദ്ര ശൃംഖലയായി ഇതിനെ കൂടുതൽ മനസ്സിലാക്കാം. തീരദേശ, ഉൾനാടൻ ദക്ഷിണേഷ്യയിലുടനീളമുള്ള വിവിധ പ്രദേശങ്ങളുമായുള്ള പണ്ഡിത വിനിമയത്തിന്റെ പ്രധാന മേഖലകളായി ഹിജാസും ഹദ്റമൗത്തും ഉൾപ്പെടുത്തുമ്പോൾ ഈ വ്യാഖ്യാനം കൂടുതൽ പ്രസക്തമാകുന്നുണ്ട്. ഈ ഇടപെടലുകൾ സൂചിപ്പിക്കുന്നത് ഭാഷാ-ഉപയോഗം തന്നെ തനതായ ഭൂമിശാസ്ത്രങ്ങൾ സൃഷ്ടിക്കുന്നു എന്നതാണ്. ഇത്തരത്തിൽ സാംസ്കാരികവും ബൗദ്ധികവുമായ കൈമാറ്റത്തിൻ്റെ ഈ ഒരു ട്രാൻസ്ലോക്കൽ മേഖലയെയാണ് റോണിറ്റ് റിച്ചി "അറബിക് കോസ്മോപോളിസ്" എന്ന് വിശേഷിപ്പിച്ചത്.


ഈ കൈമാറ്റങ്ങളിൽ അറേബ്യ പലപ്പോഴും ഭൂമിശാസ്ത്രപരമായ ഇടനിലക്കാരനായി പ്രവർത്തിച്ചു. ഉദാഹരണത്തിന്, മൊറോക്കൻ സൂഫി അഹമ്മദ് സറൂഖിൻ്റെ (1493) അറബി കൃതികൾ ഗുജറാത്തി പണ്ഡിതനായ ‘അലി മുത്താഖി (1568) ഹിജാസിൽ വച്ച് പഠിച്ച്, പിന്നീട് അതിനെ ഇന്ത്യയിലേക്ക് കൈമാറി. വലിയ തോതിൽ, ഫാത്തിമിദ് ഇസ്മാഈലി അധ്യാപനങ്ങളും ഈജിപ്തിൽ നിന്ന് യെമൻ വഴി ഗുജറാത്തിലേക്ക് യാത്ര ചെയ്യുകയും ബോഹ്‌റ സമൂഹത്തെ പരിപോഷിപ്പിക്കുകയും ചെയ്തു. അത് പിന്നീട് ഈ ചരിത്ര കേന്ദ്രങ്ങളുമായുള്ള ഭാഷാപരവും ഭൂമിശാസ്ത്രപരവുമായ ബന്ധം പുനരുജ്ജീവിപ്പിച്ചതായി കാണാം. 19-ാം നൂറ്റാണ്ടിൻ്റെ മധ്യത്തോടെ, അറബ്-ഇന്ത്യൻ മുസ്‌ലിംകൾ തമ്മിലുള്ള അറബിയധിഷ്‌ഠിത ഇടപെടലുകളുടെ സുപ്രധാന കേന്ദ്രങ്ങളായി ബോംബെയും അതിൻ്റെ അറേബ്യൻ ഔട്ട്‌പോസ്റ്റുകളും ഉയർന്നു വന്നു. അറേബ്യയുമായി പൂർവ്വിക ബന്ധത്തിൻ്റെ ശക്തമായ ബോധം നിലനിർത്തുന്ന അനേകം ഇന്ത്യൻ മുസ്ലീങ്ങൾക്കിടയിൽ ഈ കൈമാറ്റങ്ങൾ ലിഖിത രൂപത്തിലും സംസാര രൂപത്തിലും കടന്നു കൂടി. എന്നിരുന്നാലും, അറേബ്യൻ പെനിൻസുലയ്‌ക്കപ്പുറം, ഏഷ്യയിലെയും ആഫ്രിക്കയിലെയും അറബി സംസാരിക്കുന്ന മറ്റ് പ്രദേശങ്ങളുമായുള്ള ദക്ഷിണേഷ്യൻ മുസ്‌ലിംകളുടെ വിശാലമായ ഇടപെടലുകളെക്കുറിച്ചും അവരുടെ അറബി രചനകളെക്കുറിച്ചും ഉള്ള നമ്മുടെ ധാരണ പരിമിതമായി തുടരുന്നു, ഇത് തുടർ പഠനത്തിനുള്ള സുപ്രധാന മേഖല തുറന്നു നൽകുന്നുണ്ട്. അറബിയുടെ പരസ്പര ബന്ധിത ശൃംഖലയുടെ ഭൂമിശാസ്ത്രത്തെ വലിയ തോതിൽ ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നഗര, തീരദേശ ക്രമീകരണങ്ങൾക്കപ്പുറമുള്ള അതിൻ്റെ സാന്നിധ്യത്തെ മറയ്ക്കുന്നതാവരുത്. അറബി ഭാഷയുടെ ഈ പ്രത്യേകത ഒരു നഗര, അല്ലെങ്കിൽ തീരദേശ പ്രതിഭാസമായിരുന്നില്ല; പകരം, നഗരങ്ങളിൽ മാത്രമല്ല, ചെറിയ ഖസ്ബകളിലും തുറമുഖ പട്ടണങ്ങളിലും സ്ഥിതി ചെയ്യുന്ന പള്ളികൾ, മക്തബകൾ, മദ്രസകൾ, ഖാൻഖാഹുകൾ എന്നിവയുടെ സ്ഥാപനപരമായ ഭൂമിശാസ്ത്രത്തിലേക്ക് അതിൻ്റെ ഉപയോഗം ആഴത്തിൽ വ്യാപിച്ചിരുന്നു.


ദക്ഷിണേഷ്യയിലുടനീളമുള്ള ചില ഖാൻഖാഹുകളിലും മദ്രസകളിലും പഠിപ്പിച്ച സാങ്കേതിക തസവ്വുഫ് (സൂഫിസം), ഫൽസഫ (തത്ത്വചിന്ത) എന്നിവയിലേക്കും അറബിയുടെ സ്വാധീനം വ്യാപിച്ചു. എന്നിരുന്നാലും, അറബി ഉൾപ്പെട്ടിരിക്കുന്ന സവിശേഷ സാമൂഹിക സ്ഥാപനങ്ങൾ, അവ തമ്മിലുള്ള പരസ്പര ബന്ധങ്ങൾ, അവയുടെ ഭൂമിശാസ്ത്രപരമായ വ്യാപ്തി എന്നിവ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് അത്ര വ്യക്തമായ രീതിയിലൊന്നുമല്ല. ഇത് സൗത്ത് ഏഷ്യയിൽ അറബി എവിടെയാണ് ഉപയോഗിച്ചിരുന്നത് എന്നതിനെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ പരിമിതപ്പെടുത്തുന്നുണ്ട്.


സ്ഥാപനപരമായ ഉപയോഗത്തിന് പുറമേ, മുസ്‌ലിംകൾ പ്രാർത്ഥിക്കുന്നിടത്തെല്ലാം വാക്കാലുള്ളതും മനഃപാഠമാക്കിയതും ഉൾക്കൊള്ളുന്നതുമായ തലത്തിലും അറബി ദൃശ്യമായിരുന്നു. ഇത്തരത്തിൽ അക്ഷരാഭ്യാസമുള്ള ഖാളി, താലിബ് (വിദ്യാർത്ഥി), എന്നിവർക്ക് പുറമേ അക്ഷരജ്ഞാനമില്ലാത്ത വിശ്വാസി പോലും അടങ്ങുന്ന, ഭാഷയുമായി ഇടപഴകുന്ന വൈവിധ്യമാർന്ന വ്യക്തിത്വങ്ങളെ ഇത് എടുത്തുകാണിക്കുന്നു. ഇത്തരം ഗ്രൂപ്പുകളെ ഗവേഷണം ചെയ്യുന്നതിലൂടെ, ദക്ഷിണേഷ്യയിൽ "ആരാണ്" അറബി ഭാഷ ഉപയോഗിച്ചത് എന്ന വിശാലമായ ചോദ്യത്തിനും, പ്രദേശത്തെ വലിയ മുസ്ലീം ഇതര ജനങ്ങളുമായുള്ള ബന്ധം ഉൾപ്പെടെ - കൂടുതൽ അന്വേഷണത്തിനും ഒരു നിർണായക മേഖല ഉരുവപ്പെട്ട് വരുന്നു.


വിവർത്തനം: മുഹമ്മദ് അലി എരിമയൂർ

History

Related Posts

Loading