KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

ദക്ഷിണേഷ്യയുടെ(യിലെ) അറബി ഭാഷ Part-3

നൈൽ ഗ്രീൻ

Who: Social Aspects of South Asian Arabic

സൗത്ത് ഏഷ്യൻ ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നവരാണെങ്കിൽ കൂടി ‘ഉലമ’ എന്നത് ഇന്നും അധികം ശ്രദ്ധിക്കപ്പെടാത്ത പഠനമേഖലയാണ്. പ്രത്യേകിച്ച് വലിയ തോതിൽ ഗവേഷണപഠനങ്ങൾക്ക് വിധേയമായ മദ്ധ്യ പൂർവ്വേഷ്യൻ മേഖലകളിലെ അവരുടെ പകർപ്പുരൂപങ്ങളുമായി താരതമ്യം ചെയ്യപ്പെടുമ്പോൾ. സൗത്ത് ഏഷ്യയിലെ സൂഫികളെ കേന്ദ്രീകരിച്ച് നിരവധി പഠനങ്ങൾ വരുന്നുണ്ട്, അത്തരം ഒരു ശ്രമം (ഹജിയോഗ്രഫികളും ജീവചരിത്ര നിഘണ്ടുകളും ചേർത്തുകൊണ്ടുള്ള) ‘ഉലമാക്കളുടെ‘ സാമൂഹിക ചരിത്രം നിർമിക്കുന്നതിനും സഹായകമാവുന്നതാണ്. അത്തരം പഠനങ്ങൾക്ക് പ്രത്യേക സ്ഥാപനങ്ങളിലോ, പ്രദേശങ്ങളിലോ, അല്ലെങ്കിൽ വിശാലമായ രാഷ്ട്രീയ, ചരിത്ര സന്ദർഭങ്ങളിലോ അവർ ചെലുത്തിയ പങ്കിനെക്കുറിച്ച് അന്വേഷണം നടത്താൻ സാധിക്കും. 'ഉലമ'കളുടെ സാമൂഹിക ചരിത്രത്തെക്കുറിച്ചുള്ള ഗവേഷണത്തിൽ, പ്രത്യേകിച്ച് മേലധികാരികളുമായുള്ള അവരുടെ ഇടപെടലുകളെ കുറിച്ചും (ഭരണാധികാരികളായാലും സാധാരണക്കാരായാലും) ഈ പരിതസ്ഥിതി അറബി ഗ്രന്ഥങ്ങളുടെ വ്യാഖ്യാനത്തെയും പ്രയോഗത്തെയും എങ്ങനെ രൂപപ്പെടുത്തി എന്നുള്ളതിലും വലിയ ഗവേഷണവിടവ് നിലനിൽക്കുന്നുണ്ട്. ഭരണകൂട പിന്തുണയുള്ള നിയമ വിധികളിലൂടെയോ പ്രാദേശിക കോടതികളുടെ തീരുമാനങ്ങളിലൂടെയോ, ശരീഅത്ത് സമൂഹത്തിൽ എത്രത്തോളം വ്യാപിച്ചിരിക്കുന്നു എന്ന ചോദ്യം അടുത്തിടെയാണ് ഒരു വ്യവസ്ഥാപിതശ്രദ്ധ നേടാൻ തുടങ്ങിയത്. അതിനാൽ, നിയമ ചരിത്രത്തിലെ (Legal History) സമീപകാല പഠനങ്ങൾ ഇപ്പോൾ കർമ്മശാസ്ത്ര ഗ്രന്ഥങ്ങളെ മാത്രമല്ല, പ്രത്യേക ചരിത്ര പശ്ചാത്തലങ്ങൾക്കുള്ളിലെ ഖാളിമാരുടെ വിധിന്യായങ്ങളെയും പരിശോധിക്കുന്നുണ്ട്.


ഈ പ്രശ്നം മുസ്ലീങ്ങളുടെ ചരിത്രത്തിൽ മാത്രം ഒതുങ്ങുന്നതല്ല. മുസ്ലീം ഭരണത്തിൻ കീഴിലുള്ള അമുസ്ലിംകളുടെ (ദിമ്മികൾ) നിയമപരമായ പദവികൾ ചില മുഗൾ ജൂറികൾക്കെങ്കിലും ഒരു പ്രധാന ആശങ്കയായിരുന്നു. കൂടാതെ, ഇന്ത്യൻ മഹാസമുദ്രത്തിലുടനീളമുള്ള ഹിന്ദു, മുസ്ലീം വ്യാപാരികൾ ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള വാണിജ്യ കരാറുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നുവെന്ന് സമീപകാല ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. കാലക്രമേണ, അത്തരം കരാറുകൾ സൗത്ത് ഏഷ്യൻ പ്രാദേശിക ഭാഷകളിലേക്ക് കൂടെ പൊരുത്തപ്പെട്ടു വന്നു. ഇത് മുസ്‌ലിമേതര വ്യാപാരികൾക്ക് അവ പ്രാപ്യമാകുന്നതിന് ഹേതുവായി. വൈവിധ്യമാർന്ന ഇടപെടലുകളിൽ തങ്ങളുടെ അറബി പരിജ്ഞാനം പ്രയോഗിച്ച ഒരേയൊരു വ്യക്തി ആലിം (പണ്ഡിതൻ) മാത്രമായിരുന്നില്ല. മറ്റൊരു പ്രധാന ഉദാഹരണം യുനാനി തിബ്ബിൽ (ഗ്രീക്ക്-അറബിക് വൈദ്യശാസ്ത്രം) വിദഗ്ദ്ധരായ ഹകീമുകൾ ആണ്. കൊളോണിയൽ കാലഘട്ടത്തിന്റെ അവസാനത്തിന് മുമ്പ്, യുനാനി തിബ്ബ് പരസ്പരം പങ്കുവെക്കപ്പെട്ടിരുന്ന ഒരു വൈദ്യശാസ്ത്ര പാരമ്പര്യമായിരുന്നു. എന്നാൽ വർദ്ധിച്ചുവരുന്ന സാമുദായികവൽക്കരണം (Communalization) ഹിന്ദുക്കൾക്കിടയിൽ ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുകയും, കൊളോണിയൽ ശ്രീലങ്കയിലേക്ക് പോലും വ്യാപിച്ച യുനാനി വൈദ്യശാസ്ത്രം മുസ്ലീങ്ങൾക്കിടയിൽ പ്രാധാന്യം നേടുന്നതിലേക്കും നയിച്ചു. മതപരവും നിയമപരവുമായ മേഖലകൾക്കപ്പുറം ശാസ്ത്രത്തിലേക്കും വൈദ്യശാസ്ത്രത്തിലേക്കും വ്യാപിച്ചുകിടക്കുന്ന അറബി വിജ്ഞാനീയത്തിൻ്റെ പരിണാമപരമായ പങ്കിനെ ഈ മാറ്റങ്ങൾ എടുത്തുകാണിക്കുന്നു. മുഗൾ സാമ്രാജ്യം പോലുള്ള മുസ്ലീം ഭരണപ്രദേശങ്ങളിലെ കയസ്ഥുകൾ (Kayasths) പോലുള്ള ഹിന്ദു മതത്തിൽ പെട്ട പകർപ്പെഴുത്ത് സമൂഹങ്ങളുടെ പങ്കാളിത്തം കണക്കിലെടുക്കുമ്പോൾ, ഹിന്ദുക്കൾ സ്വന്തം ഉപയോഗത്തിനായി അറബി പഠിച്ചിരുന്നോ എന്ന ചോദ്യം സങ്കീർണ്ണമാണ്. കയസ്ഥുകൾ പലപ്പോഴും ഭരണപരമായ ജോലികളിൽ നിയമിക്കപ്പെട്ടിരുന്നു. പേർഷ്യനോടൊപ്പം അറബി അറിയുന്നത് ഈ സന്ദർഭത്തിൽ വിലപ്പെട്ടതായിരിക്കും. കയസ്ഥുകൾ ഇടയ്ക്കിടെ അറബി പഠിച്ചിരുന്നു എന്നതിന് ചില തെളിവുകൾ ഉണ്ടെങ്കിലും, അവരുടെ വിദ്യാഭ്യാസത്തിന്റെ ഈ വശം, പ്രത്യേകിച്ച് പേർഷ്യനുമായുള്ള അവരുടെ ഇടപെടലുകൾ, വിശദമായ പഠനത്തിന് വിധേയമായിട്ടില്ല.


ഹിന്ദുക്കളും മുസ്ലീങ്ങളും പോലുള്ള വിവിധ മതസമൂഹങ്ങൾക്കിടയിൽ അറബി ഭാഷയുടെ പൊതുവായ ഉപയോഗം, മതാന്തര അതിരുകൾ നിലനിർത്തുന്നതിലും ആ അതിരുകളെ ചുറ്റിപ്പറ്റിയുള്ള വാദ പ്രതിവാദങ്ങളിലും അറബി ഭാഷയുടെ പങ്കിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പണ്ഡിത ശ്രദ്ധയുടെ ഭൂരിഭാഗവും പേർഷ്യൻ വഴിയുള്ള ഹിന്ദു-മുസ്ലീം സഹകരണത്തിലായിരുന്നു, എന്നാൽ മതപരമായ സംവാദങ്ങൾക്കും വിമർശനങ്ങൾക്കുമുള്ള അറബി ഭാഷയുടെ ഉപയോഗം ( അത് വിഭാഗീയ മുസ്ലീം തർക്കങ്ങളോ ക്രിസ്ത്യൻ മിഷനറി സംവാദങ്ങളോ ആകട്ടെ) സാമൂഹികവും ബൗദ്ധികവുമായ ഒരു സവിശേഷമായ ഭൂപ്രകൃതിയെ രൂപപ്പെടുത്തി. പലപ്പോഴും അറബിയിൽ എഴുതപ്പെട്ട ഈ ഗ്രന്ഥങ്ങൾ ഇസ്ലാമിനെ പ്രതിരോധിക്കുക മാത്രമല്ല, ഹിന്ദുമതവും ക്രിസ്തുമതവും ഉൾപ്പെടെയുള്ള മറ്റ് വിശ്വാസധാരകളുമായി ഇടപെടുകയും ചെയ്തിരുന്നു. ജവാദ് ഇബ്നു സബത്തിന്റെ ‘ബറാഹിൻ അസ്-സബതിയ്യ’, റഹ്മത്തുള്ള കൈറാനവിയുടെ ‘ഇസ്ഹാർ അൽ-ഹഖ്’ തുടങ്ങിയ കൃതികൾ ഇത്തരത്തിൽ അറബി ഗ്രന്ഥങ്ങളാൽ നയിക്കപ്പെടുന്ന, മതപരമായ പരിധികൾക്കിടയിലൂടെ നടന്ന പണ്ഡിത-ദൈവശാസ്ത്ര കൈമാറ്റങ്ങളെ വരച്ചു കാണിക്കുന്നുണ്ട്. എന്നിരുന്നാലും, അറബിക്കും മറ്റ് ഭാഷകൾക്കും ഇടയിലുള്ള ബന്ധത്തെ അമിതമായി അസംങ്കീർണ്ണമാക്കാതിരിക്കൽ പ്രധാനമാണ്. പേർഷ്യൻ ഭാഷയെ പലപ്പോഴും കൂടുതൽ കോസ്മോപൊളിറ്റൻ, അല്ലെങ്കിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഭാഷ എന്ന രീതിയിലെല്ലാം കാണുമ്പോൾ തന്നെ മതാന്തര ഇടപെടൽ പ്രോത്സാഹിപ്പിക്കുന്നതിൽ അറബി ഭാഷയ്ക്ക് അതിന്റേതായ പങ്കുണ്ട്, പ്രത്യേകിച്ച് 1920-കളിൽ, ഗാന്ധി, ടാഗോർ തുടങ്ങിയ വ്യക്തികളുടെ കൃതികളുടെയും സംസ്കൃത ക്ലാസിക്കുകളുടെയും അറബി വിവർത്തനങ്ങൾ ഇന്ത്യയ്ക്കകത്തും ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും മുസ്ലീങ്ങൾക്കിടയിലും അസന്ദിഗ്ധമായ ഹിന്ദു-മുസ്ലീം ഇടപെടലുകൾ സുഗമമാക്കാൻ സഹായിച്ചു. ഇത് സൂചിപ്പിക്കുന്നത് അറബി ഭാഷയ്ക്ക്, ഒരു പ്രത്യേകമായ അല്ലെങ്കിൽ വിഭാഗീയമായ എന്നതിലുപരിയായി, ആധുനിക കാലഘട്ടത്തിലേ മതപരമായ വിഭജനങ്ങൾക്കിടയിൽ സൃഷ്ടിപരമായ സംഭാഷണങ്ങൾ വളർത്തിയെടുക്കാൻ കഴിയുമെന്നതാണ്.


ദക്ഷിണേഷ്യയിലെ അറബി പഠനത്തെ ഇസ്ലാമിക പാരമ്പര്യവുമായുള്ള ആഴത്തിലുള്ള ബന്ധത്തിൽ നിന്ന് വേർതിരിക്കുമ്പോൾ അത് കൃത്യമല്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായേക്കാം. കാരണം, തഹേര ഖുത്ബുദ്ദീന്റെ അഭിപ്രായത്തിൽ, ബ്രോക്കൽമാൻ പട്ടികപ്പെടുത്തിയ ദക്ഷിണേഷ്യയിൽ രചിക്കപ്പെട്ട അറബി പുസ്തകങ്ങളിൽ ഏകദേശം 85 ശതമാനവും ഖുർആൻ പഠനങ്ങൾ, ഹദീസ്, കർമ്മശാസ്ത്രം, സൂഫിസം, ദൈവശാസ്ത്രം, ഹജിയോഗ്രഫി എന്നിവയുമായി ബന്ധപ്പെട്ടതാണ്, അതേസമയം 15% മാത്രമേ ഭാഷാശാസ്ത്രം, തത്ത്വചിന്ത, സാഹിത്യം, വൈദ്യം തുടങ്ങിയ മതേതര വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുള്ളൂ. എന്നിരുന്നാലും, സുബൈദ് അഹ്മദിന്റെ വർഗ്ഗീകരണത്തിൽ മതപരമായ വിഷയങ്ങളിൽ 360 ഇന്ത്യൻ രചയിതാക്കളെയും മതേതര വിഷയങ്ങളിൽ 217 പേരെയും ആയി പട്ടികപ്പെടുത്തിയിട്ടുണ്ട് ഇത് കൂടുതൽ സൂക്ഷ്മമായ ഒരു വീക്ഷണം നൽകുന്നുണ്ട്. ഈ കണക്കുകൾ ഒരിക്കലും ദക്ഷിണേഷ്യയിൽ ഔപചാരിക മതപഠനങ്ങൾക്കപ്പുറത്തേക്കുള്ള അറബിയുടെ നിരവധി മാനങ്ങളെ മനസ്സിലാക്കുന്നതിൽ നിന്നും നമ്മെ പിന്തിരിപ്പിക്കേണ്ടതില്ല. അതിന്റെ സാമൂഹിക മാനങ്ങളിൽ കാണുന്നതുപോലെ, ഭാഷയുടെ പ്രതീകാത്മക പദവി, തൊഴിൽ പുരോഗതി, ഉദ്യോഗപരമായ സേവനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉദ്ദേശ്യങ്ങൾ നിറവേറ്റിയിരുന്നു. അറബി പഠനം പണ്ഡിതന്മാർക്ക് മാത്രമല്ല, സർക്കാർ നിയോഗിച്ച മുഫ്തികൾക്കും, ഖുർആൻ പാരായണക്കാർക്കും, പ്രതിശ്രുധ വധുക്കൾക്കും, ഏലസ്സ് നിർമ്മാതാക്കൾക്കും (ടാലിസ്മാൻ), കുടിയേറ്റ തൊഴിലാളികൾക്കും, ഉൾപ്പെടെ മതപരവും ദൈനംദിനവുമായ ജീവിതത്തിൽ അതിന്റെ പ്രായോഗിക പ്രാധാന്യം പ്രകടമാക്കുന്നതിനും വിലപ്പെട്ടതായിരുന്നു. അത് മത ജീവിതത്തിലും ദൈനംദിന ജീവിതത്തിലും അറബിയുടെ പ്രായോഗിക പ്രാധാന്യം പ്രകടമാക്കി.


ദക്ഷിണേഷ്യയിൽ അറബിയുടെ പങ്കിനെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ, ലിംഗപരമായ ചലനാത്മകത പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. നിയമപരമായ വിധികൾ സ്ത്രീകളിൽ (മുസ്ലിം ഇതര ഭാര്യമാർ ഉൾപ്പെടെ) ചെലുത്തുന്ന സ്വാധീനം മുതൽ അറബി ഗ്രന്ഥങ്ങളുമായി നേരിട്ടുള്ള സ്ത്രീ ഇടപെടലുകൾ വരെയുള്ള വിവിധ വശങ്ങളിലൂടെ ഈ വിഷയം പ്രസക്തമാണ്. വ്യാപകമായ നിരക്ഷരതയുള്ള ഒരു ബഹുഭാഷാ സമൂഹത്തിൽ, അറബിയുമായുള്ള സ്ത്രീകളുടെ ഇടപെടൽ ഒന്നിലധികം രൂപങ്ങൾ സ്വീകരിച്ചിരുന്നു. ഖുർആൻ ഭാഗങ്ങളും നീണ്ട പ്രാർത്ഥനകളും (ദുആ) വാമൊഴിയായി മനഃപാഠമാക്കുന്നത് മുതൽ അറബി താലിസ്‌മാൻ (ദക്ഷിണേഷ്യയിൽ ത'വീദ് എന്നറിയപ്പെടുന്നു) പകർത്തുന്നതും അറബി ഗ്രന്ഥങ്ങൾ ഔപചാരികമായി പഠിക്കുന്നതും വരെ ഇതിൽ ഉൾപ്പെടുന്നുണ്ട്. ദക്ഷിണേഷ്യയിൽ മുസ്ലീം സ്ത്രീ വിദ്യാഭ്യാസത്തിലും സാഹിത്യ സംഭാവനകളിലും പണ്ഡിത ശ്രദ്ധ വർദ്ധിച്ചുവരികയാണെങ്കിലും, ഗവേഷണം പ്രധാനമായും ഇംഗ്ലീഷ്, ഉറുദു, പേർഷ്യൻ ഭാഷകളിൽ കേന്ദ്രീകരിച്ചിരിക്കുന്നത് അറബിയുമായുള്ള സ്ത്രീകളുടെ ഇടപെടലിനെക്കുറിച്ചുള്ള പഠനങ്ങളിൽ ഒരു വിടവ് അവശേഷിപ്പിക്കുന്നു. നന്നായി രേഖപ്പെടുത്തപ്പെട്ട മിഡിൽ ഈസ്റ്റിലെ സ്ത്രീ ഹദീസ് പണ്ഡിതരുടെ പാരമ്പര്യത്തിൽ നിന്ന് വ്യത്യസ്തമായി, ദക്ഷിണേഷ്യയിലെ സമാനമായ പകർപ്പുകൾ വലിയതോതിൽ പര്യവേക്ഷണം ചെയ്യപ്പെടാതെ തുടരുന്നു. അറബി പഠനത്തിലും പാണ്ഡിത്യത്തിലും, പ്രത്യേകിച്ച് മത-വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, സ്ത്രീകൾ പങ്കെടുത്ത രീതികളെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തേണ്ടതിന്റെ ആവശ്യകത ഈ വിടവ് എടുത്തുകാണിക്കുന്നു.


അങ്ങനെ, ദക്ഷിണേഷ്യയിൽ അറബിയുടെ സ്വാധീനം ഭൂമിശാസ്ത്രപരവും ലിംഗപരവും മതപരവുമായ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിച്ചു, എന്നിരുന്നാലും ഈ ഇടപെടലിന്റെ പൂർണ്ണ വ്യാപ്തി വ്യക്തമല്ല. പ്രദേശത്ത് നിന്നുള്ള നിലവിലുള്ള മിക്ക അറബി ഗ്രന്ഥങ്ങളും പ്രധാനമായും ഇസ്ലാമിക മത വിഷയങ്ങളെക്കുറിച്ചാണെന്ന് കൈയെഴുത്തുപ്രതി കാറ്റലോഗുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, അറബി ഉപയോഗത്തിന്റെ സാമൂഹിക ചലനാത്മകതയെ സൂക്ഷ്മമായി പരിശോധിക്കുന്നത് അതിന്റെ വിശാലമായ പങ്ക് വെളിപ്പെടുത്തുന്നു. വൈവിധ്യമാർന്ന മുസ്ലീം ഇതര സമൂഹങ്ങളുമായി ഇടപഴകാൻ സഹായിക്കുന്ന, സഹകരണത്തിനും തർക്കത്തിനുമുള്ള ഒരു മാധ്യമമായി അറബി ഭാഷ പ്രവർത്തിച്ചു. ഇതിൽ ഹിന്ദു എഴുത്തുകാർ, വ്യാപാരികൾ, വൈദ്യചികിത്സ തേടുന്ന രോഗികൾ, ബ്രിട്ടീഷ് ഓറിയന്റലിസ്റ്റുകൾ, കൊളോണിയൽ ഭരണാധികാരികൾ, മിഷനറിമാർ, അറബ് ക്രിസ്ത്യാനികൾ, വിവിധ പ്രദേശങ്ങളിലെ സഹ മുസ്ലീങ്ങൾ എന്നിവരും ഉൾപ്പെടുന്നു.


വിവർത്തനം: മുഹമ്മദ് അലി എരിമയൂർ

History

Related Posts

Loading