How: Operational Aspects of South Asian Arabic
ദക്ഷിണേഷ്യയിൽ അറബി ഭാഷ ആരുപയോഗിച്ചു എന്ന ചോദ്യത്തിൽ നിന്ന് അത് "എങ്ങനെ" ഉപയോഗിക്കപ്പെട്ടു എന്ന വിശാലമായ ചോദ്യത്തിലേക്ക് നീങ്ങുമ്പോൾ, ഭാഷ പ്രവർത്തിച്ചിരുന്ന വിശാലമായ നിരവധി മാധ്യമങ്ങളെ നമുക്ക് കാണാൻ സാധിക്കും. കൈയെഴുത്തുപ്രതിയും അച്ചടിച്ചതുമായ രേഖകൾക്കുപരിയായി, നാണയങ്ങളിലെ ലിഖിതങ്ങൾ, ശിലാരേഖകൾ, ആശയവിനിമയപരമോ ആചാരപരമോ ആയ പ്രസംഗങ്ങൾ എന്നിവ കൂടി ഇതിൽ ഉൾപ്പെടുന്നു. പ്രാദേശിക ഭാഷകളിലെ പദാവലിയുടെ ഉറവിടമായോ, മതപരമായ ആചാരങ്ങളിലെ ഒരു ആരാധനാ ഭാഷയായോ, ഗൾഫ് രാജ്യങ്ങളിലെ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്ക് സംസാരിക്കാനുള്ള ഭാഷയായോ മറ്റോ വിവിധ മാർഗങ്ങളിലൂടെ അറബി ദക്ഷിണേഷ്യൻ മുസ്ലീം ജീവിതവുമായി സംയോജിച്ചിരിക്കുന്നു.
അറബി ഭാഷയുടെ വൈവിധ്യമാർന്ന ഉപയോഗങ്ങൾക്ക് പിന്നിലുയർന്നു വരുന്ന ഒരു പ്രധാന ചോദ്യം അത് എങ്ങനെ ജനങ്ങൾ പഠിച്ചു എന്നതാണ്. മദ്രസകൾ പോലുള്ള സ്ഥാപനപരമായ ക്രമീകരണങ്ങൾ മാത്രമല്ല, അധ്യാപന ശാസ്ത്ര സാങ്കേതിക വിദ്യകളും പാഠപുസ്തകങ്ങളും ഉൾപ്പെടുന്ന അധ്യാപന രീതികളും ഇതിൽ ഉൾപ്പെടുന്നു. ഇതിന് മധ്യകാല നൂറ്റാണ്ടുകളിൽ നിന്നുള്ള തെളിവുകൾ വിരളമാണെങ്കിലും പിൽക്കാല ലഘുലേഖകൾ, ദക്ഷിണേഷ്യയിലെ പേർഷ്യൻ ഭാഷാപഠന രീതിക്ക് സമാനമായി, അറബിപഠനത്തെ കുറിച്ചും വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്നുണ്ട്. എന്നിരുന്നാലും, പ്രാഥമിക ഭാഷാ സഹായികളും വ്യാകരണ പുസ്തകങ്ങളുമെല്ലാം നിഘണ്ടു കൃതികളുടെ (Lexicographical Works) നീണ്ട നിരയിലെ ഒരു ചെറിയ ഭാഗം മാത്രമായിരുന്നു. റാദഉദ്ധീൻ അൽ-അസ്തറാബാദി (ചരമം: 1287 or 1289) എഴുതിയ ഷർഹു റാദി പോലുള്ള വിപുലമായ അറബി വ്യാകരണ ഗ്രന്ഥങ്ങളെക്കുറിച്ചുള്ള മുഗൾ കാലഘട്ടത്തിലെ വ്യാഖ്യാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. 19-ാം നൂറ്റാണ്ടിലെ ദക്ഷിണേഷ്യൻ പണ്ഡിതന്മാർ അറബി ഭാഷാ പാരമ്പര്യങ്ങളുമായി ശക്തമായ ബൗദ്ധിക ഇടപെടലുകൾ നിലനിർത്തിയിരുന്നു. ഭോപ്പാലിലെ നവാബ് മുഹമ്മദ് സിദ്ദിഖ് ഖാൻ, തന്റെ അൽ-ബുൽഗാ ഫി ഉസൂൽ അൽ-ലുഗാ (ഇസ്താംബൂളിൽ പ്രസിദ്ധീകരിച്ചത്) എന്ന കൃതിയിലൂടെ, ജലാലുദ്ധീൻ അൽ-സുയൂതിയുടേത് ഉൾപ്പെടെയുള്ള അറബി ഭാഷാശാസ്ത്രത്തിലെ പ്രധാന കൃതികളുമായി ഇടപെടലുകൾ നടത്തിയിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇത്തരം ശ്രമങ്ങൾ അറബി ഭാഷാ പഠനത്തിൽ ഈ പ്രദേശങ്ങളുടെ പണ്ഡിത സംഭാവനകൾ എടുത്ത് കാണിക്കുന്നുണ്ട്.
വ്യപകമായിത്തന്നെ അറബി ലിഖിതങ്ങളുടെ സാന്നിധ്യം ഈ പ്രദേശത്ത് ഉണ്ടായിരുന്നിട്ടും, ദക്ഷിണേഷ്യയിൽ വളരെ കുറച്ച് പേർക്ക് മാത്രമേ അറബി ഭാഷ അനായാസം വായിക്കാൻ കഴിയൂ എന്നത് കൗതുകകരമാണ്. ഉപഭൂഖണ്ഡത്തിന്റെ പല ഭാഗങ്ങളിലും, ഇന്നും നിലനിൽക്കുന്ന ആദ്യകാല ഇസ്ലാമിക ഗ്രന്ഥങ്ങളെയാണ് ഈ ലിഖിതങ്ങൾ സൂചിപ്പിക്കുന്നത്. പലപ്പോഴും (എല്ലായ്‌പ്പോഴും അല്ലെങ്കിലും) ഖുർആൻ വാക്യങ്ങൾ ഉൾക്കൊള്ളുന്നുണ്ടെങ്കിലും, അത്തരം "പൊതു ഗ്രന്ഥങ്ങൾ" വാക്കാലുള്ള ആശയവിനിമയത്തിലും പ്രതീകാത്മക സ്ഥിരീകരണത്തിലും ലിഖിതങ്ങളുടെ പങ്കിനെക്കുറിച്ചുള്ള പ്രധാനപ്പെട്ട ചോദ്യങ്ങൾ ഉയർത്തുന്നതോടൊപ്പം ലിഖിതങ്ങൾ അവ രേഖപ്പെടുത്തപ്പെട്ട കെട്ടിടങ്ങളുടെയും അവയിൽ നടക്കുന്ന ചടങ്ങുകളുടെയും അർത്ഥത്തെ എങ്ങനെ രൂപപ്പെടുത്തുന്നു എന്ന ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. വാസ്തുവിദ്യയ്‌ക്കപ്പുറം, അറബി ഭാഷ നാണയങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഇത് മുഖേന സ്ഥാവരമായ കെട്ടിടങ്ങളിൽ നിന്ന് വ്യത്യസ്തമായി വ്യാപകമായി പ്രചരിച്ചു. ഈ നാണയ ലിഖിതങ്ങൾ മുസ്ലീം ഭൂതകാലത്തെക്കുറിച്ചുള്ള ചരിത്ര സ്രോതസ്സുകൾ മാത്രമല്ല; മുസ്ലീം ഇതര സാഹചര്യങ്ങളിൽ, പൊരുത്തപ്പെടുത്തലോ പരിവർത്തനമോ വഴിയുള്ള സാംസ്കാരിക ഇടപെടലുകളെയും ഇവ വെളിപ്പെടുത്തുന്നുണ്ട്. 11, 12 നൂറ്റാണ്ടുകളിൽ കശ്മീരി സ്മാശ്തിലെ (Kashmir Smast) ഹിന്ദു ഗുഹാക്ഷേത്ര സമുച്ചയം അറബി ലിപിയിലുള്ള നാണയങ്ങൾ വലിയ തോതിൽ പുറത്തിറക്കിയതാണ് ഒരു ശ്രദ്ധേയമായ ഉദാഹരണം. കല്ലിലോ ലോഹത്തിലോ ആകട്ടെ, ആദ്യകാലത്തുള്ളത്തും എന്നാൽ നിലനിൽക്കുന്നതുമായ ഇത്തരം ലിഖിതങ്ങളിൽ നിന്ന് ലഭിച്ച ഉൾക്കാഴ്ചകൾ എപ്പിഗ്രഫിയുടേതോ നാണയശാസ്ത്രത്തിൻ്റെയോ പ്രത്യേക മേഖലകൾക്കപ്പുറത്തേക്കുള്ള അവയുടെ പ്രാധാന്യത്തെ എടുത്തുകാണിക്കുന്നു.
കടലാസിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ദക്ഷിണേഷ്യയിലെ അറബി രേഖകളുടെ മേഖല വലിയതോതിൽ പര്യവേക്ഷണം ചെയ്യപ്പെടാതെ കിടക്കുന്നു. ഇജാസത്ത് (അംഗീകാര സർട്ടിഫിക്കറ്റുകൾ), ഷജറാത്ത് (വംശാവലി), വഖ്ഫ് (വസ്തു ദാന രേഖകൾ), മറ്റ് നിയമ, ഭരണ ഗ്രന്ഥങ്ങൾ തുടങ്ങിയ രേഖകൾ ആഴത്തിൽ പഠിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് അതിൻ്റെ ചുറ്റുപാടിനെ സ്വാധീനിച്ച ലിഖിത ഉപകരണങ്ങൾ എന്ന നിലയിലുള്ള അവയുടെ പ്രായോഗികപ്രവർത്തനങ്ങൾ ശ്രദ്ധിച്ചാൽ. നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ഓട്ടോമൻ ആർക്കൈവിന് തുല്യമായ മുഗൾ കാലഘട്ടത്തിന്റെ ആർക്കൈവിൻ്റെ അഭാവമാണ് ഈ ഗവേഷണത്തിനുള്ള ഒരു വെല്ലുവിളി. എന്നിരുന്നാലും, അറബിക് രേഖകളുടെ മറ്റ് ശേഖരണങ്ങൾ നിലവിലുണ്ട്, പ്രത്യേകിച്ച് സ്വകാര്യ മത സ്ഥാപനങ്ങൾക്കുള്ളിൽ. കൂടാതെ, അറബിക് ഉപയോഗത്തിന്റെ ഏറ്റവും വ്യാപക രൂപമായ ഉറുക്കെഴുത്തുകളുടെ (Talisman Writing) എണ്ണമറ്റ ആധുനിക ഉദാഹരണങ്ങൾ ദക്ഷിണേഷ്യ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവയുടെ നിലനിൽപ്പ്, അറബിക് ഒരു ഭാഷാ രൂപമായി മാത്രമല്ല, വെറും ആശയവിനിമയത്തിനുപകരം ആചാരപരവും ആത്മീയ പരവുമായ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്ന ഒരു ഇന്ദ്രജാലമായി (Lingua Magica) പ്രവർത്തിക്കുന്ന സന്ദർഭങ്ങളെക്കുറിച്ചുള്ള പ്രധാനപ്പെട്ട ചോദ്യങ്ങളെയും ഉയർത്തുന്നു.
ദക്ഷിണേഷ്യയിൽ രചിക്കപ്പെട്ട നൂറുകണക്കിന് ഔപചാരിക അറബി ഗ്രന്ഥങ്ങളും, അവിടെത്തന്നെ പകർന്നു പ്രസരിപ്പിക്കുകയും വ്യാഖ്യാനം ചെയ്യപ്പെടുകയും ചെയ്ത നിരവധി ഇറക്കുമതി ഗ്രന്ഥങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്. അറബി കയ്യെഴുത്തുകളുടെ പ്രചരണം, പകർപ്പ്, വ്യാഖ്യാനം എന്നീ പ്രവർത്തനങ്ങളിലൂടെ വളർന്നു വന്ന ഈ "കൊളോഫോണുകളുടെ സംസ്കാരം", ദക്ഷിണേഷ്യയും അറേബ്യയും തമ്മിലുള്ള, അല്ലെങ്കിൽ ദക്ഷിണേഷ്യയിലെ തന്നെ വ്യാപകമായി അറിയപ്പെടാത്ത അറബി പണ്ഡിത കേന്ദ്രങ്ങളിലുള്ള, എഴുത്തിന്റെയും വായനയുടെയും പരസ്പരബന്ധിതമായ പാരമ്പര്യങ്ങളിലേക്ക് വെളിച്ചം വീശുന്നുവെന്നു പുതിയ സമീപനങ്ങൾ വ്യക്തമാക്കുന്നു. വായനയുടെയും എഴുത്തിന്റെയും കൈയെഴുത്തുപ്രതി (Manuscripts) അടിസ്ഥാനമാക്കിയുള്ള ഈ രീതികൾ അച്ചടിയുടെ ആവിർഭാവത്തോടെ അപ്രത്യക്ഷമായില്ല. യൂറോപ്പിൽ മുമ്പ് സംഭവിച്ചതുപോലെ, അച്ചടി, കൈയെഴുത്തുപ്രതി പാരമ്പര്യങ്ങൾ ഇരുപതാം നൂറ്റാണ്ടിൽ പരസ്പരം സഹവർത്തിക്കുകയും സ്വാധീനിക്കുകയും ചെയ്തു, എന്നിരുന്നാലും ഈ ബന്ധത്തിന്റെ കൃത്യമായ ചലനാത്മകത ഇപ്പോഴും അപവായനയ്ക്ക് വിധേയമാവുന്നുണ്ട്. സമീപ വർഷങ്ങളിൽ, അച്ചടിച്ച പുസ്തകത്തിന്റെ ചരിത്രം പൂർവേഷ്യൻ, ദക്ഷിണേഷ്യൻ പഠനങ്ങളിൽ ഒരു ചലനാത്മക മേഖലയായി മാറിയിരിക്കുന്നു. എന്നിരുന്നാലും, ദക്ഷിണേഷ്യയിലെ അറബി അച്ചടിയുടെ ചരിത്രം പലപ്പോഴും മേഖലാ പഠനത്തിൻ്റെ ഭാഷാപരമായ അതിരുകൾക്കുള്ളിലേക്ക് മാത്രമാക്കി അവഗണിക്കപ്പെട്ടു. മധ്യപൂർവേഷ്യൻ, ദക്ഷിണേഷ്യൻ അച്ചടി ചരിത്രങ്ങൾ പരസ്പരം ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നതിനാൽ മാത്രമല്ല, അറബി അച്ചടിയിലെ ദക്ഷിണേഷ്യയുടെ ആദ്യകാല നേതൃത്വം (സാങ്കേതികമായും വാണിജ്യപരമായും) ശ്രദ്ധേയമായ നിരവധി അറബി പുസ്തകങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ടെന്ന് കൂടി നോക്കുമ്പോൾ ഈ പിഴവ് നിർഭാഗ്യകരമാണ്. ഏറ്റവും ശ്രദ്ധേയമായ ഉദാഹരണങ്ങളിൽ ഒന്നാണ് 1814 നും 1818 നും ഇടയിൽ കൊൽക്കത്തയിൽ പ്രസിദ്ധീകരിച്ച ദി അറേബ്യൻ നൈറ്റ്സിന്റെ ആദ്യത്തെ അച്ചടി പതിപ്പ്. ഈ പതിപ്പ് ആദ്യത്തെ മിഡിൽ ഈസ്റ്റേൺ പതിപ്പിനും (1835 ലെ ബുലാഖ് പതിപ്പിന്) ഈജിപ്തിലെ മുൻനിര പ്രസിദ്ധീകരണ സ്ഥാപനമായ ബുലാഖ് പ്രസിന്റെ രൂപീകരണത്തിനും മുമ്പാണ്.
അച്ചടിച്ച ഗ്രന്ഥങ്ങളുടെ കൈമാറ്റം ഒരു തരത്തിലും ഏകപക്ഷീയമായിരുന്നില്ല. മിഡിൽ ഈസ്റ്റേൺ അറബി കൃതികൾ കൊൽക്കത്ത, ബോംബെ, ലഖ്‌നൗ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ അച്ചടിച്ചിരുന്നെങ്കിലും, ദക്ഷിണേഷ്യൻ അറബി "ക്ലാസിക്കുകളും" മിഡിൽ ഈസ്റ്റേൺ അച്ചടി സംസ്കാരത്തിലേക്ക് കടന്നു വന്നു. ശുദ്ധീകരിച്ച വിമർശനാത്മക പതിപ്പുകൾക്കായുള്ള ഓറിയന്റലിസ്റ്റ് പ്രേരണയിൽ നിന്ന് വ്യത്യസ്തമായി, അറബിക് പാണ്ഡിത്യം വ്യാഖ്യാന പാരമ്പര്യങ്ങളിൽ ആഴത്തിൽ വേരൂന്നിയിരുന്നു എന്ന ഓർമ്മപ്പെടുത്തലെന്നോണം, അൽ-ഉത്ബിയുടെ, ആദ്യകാല ഗസ്‌നവിദ് സുൽത്താനേറ്റിന്റെ ചരിത്രം പറയുന്ന ഗ്രന്ഥം, ഒരു ഓട്ടോമൻ സിറിയൻ വ്യാഖ്യാനത്തോടെ കൈറോയിലാണ് അച്ചടിച്ച് വന്നത്. അറബി കയ്യെഴുത്തുപ്രതികളുടെ പ്രചാരത്തെയും സ്വീകരണത്തെയും കുറിച്ചുള്ള നിരവധി സമീപകാല പഠനങ്ങൾ പുറത്ത് വന്നിട്ടും, ഇന്ത്യൻ മഹാസമുദ്രത്തിന്റെ വിശാലമായ "അറബി കോസ്‌മോപോളിസിൽ" ദക്ഷിണേഷ്യയിൽ അറബി ഭാഷയിൽ അച്ചടിക്കപ്പെട്ട കൃതികളുടെ പങ്ക് ഇപ്പോഴും തുറന്നതും പര്യവേക്ഷണം ചെയ്യപ്പെടാത്തതുമായ ഒരു ചോദ്യമായി തുടരുന്നു. യൂറോപ്യൻ (പിന്നീട് അമേരിക്കൻ) സാങ്കേതികവിദ്യകളുടെ വരവ് ലിഖിത അറബി ഗ്രന്ഥങ്ങളുടെ പ്രചാരത്തെ മാത്രമല്ല, റെക്കോർഡുചെയ്‌ത സംഗീതത്തിലൂടെ വാമൊഴി പാരമ്പര്യങ്ങളുടെ ആശയവിനിമയത്തെയും മാറ്റിമറിച്ചു. അച്ചടിയുടെ വികസനം ഒരു നൂറ്റാണ്ട് മുമ്പ് വാചക സംസ്കാരത്തെ പുനർനിർമ്മിച്ചതുപോലെ, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയിലെ ഗ്രാമഫോൺ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള പുരോഗതി ബോംബെയെയും അതിന്റെ ഉപഗ്രഹ തുറമുഖമായ ഏദനെയും അറബി ഗാനങ്ങളുടെ (പ്രത്യേകിച്ചും ഗൾഫിൽ നിന്നുള്ള) റെക്കോർഡിംഗിനും വിതരണത്തിനുമുള്ള പ്രധാന കേന്ദ്രങ്ങളായി പ്രതിഷ്ഠിച്ചു. ബോളിവുഡും അറബി സാംസ്കാരിക ഉൽപാദനവും തമ്മിലുള്ള ഇത്തരം സമകാലിക ബന്ധങ്ങൾക്ക് ഈ സാങ്കേതിക മാറ്റം അടിത്തറയിട്ടിട്ടുണ്ട്.
വിദേശത്തുള്ള അറബി സംസാരിക്കുന്ന സമൂഹങ്ങളുമായി ഘടനാപരമായ ഇടപഴകൽ രീതി കൂടുതലും എഴുത്തുപരീക്ഷകളിലൂടെയായിരുന്നു സംഭവിച്ചിരുന്നത്. അപൂർവമായി അവശേഷിക്കുന്ന കത്തുകൾ ഇന്ത്യൻ വ്യാപാര തുറമുഖങ്ങളുമായുള്ള മംലൂക്ക് കാലഘട്ടത്തിലെ ഇടപെടലുകളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്നുണ്ടെങ്കിലും, അത്തരം കൈമാറ്റങ്ങൾ മധ്യകാലഘട്ടത്തിലും ആദ്യകാല ആധുനിക കാലഘട്ടങ്ങളിലും മാത്രമായി ഒതുങ്ങി നിന്നില്ല. കൊൽക്കത്തയ്ക്കും ലണ്ടനും ഇടയിലുള്ള ഒരു പ്രധാന ആശയവിനിമയ കേന്ദ്രമായി ഏദനെ സ്ഥാപിച്ച ബ്രിട്ടീഷ് സാമ്രാജ്യത്വ തപാൽ സംവിധാനത്തിന്റെ വികാസം, കൊളോണിയൽ ഭരണകൂടത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കുള്ളിൽ തന്നെ ഇന്തോ-അറബ് ബന്ധങ്ങളെ ഉൾപ്പെടുത്തിയിരുന്നു. ഒരു കൊളോണിയൽ പോസ്റ്റ്മാസ്റ്ററുടെ മാനുവൽ സാക്ഷ്യപ്പെടുത്തിയതുപോലെ, ഉപഭൂഖണ്ഡത്തിലെ ഭാഷാപരവും പ്രാദേശികവുമായ വ്യതിയാനങ്ങളെ പ്രതിഫലിപ്പിക്കുന്ന വൈവിധ്യമാർന്ന കാലിഗ്രാഫിക് ശൈലികളിൽ രചിക്കപ്പെട്ട ഈ സംവിധാനം ഇന്ത്യയിൽ നിന്നുള്ള അറബി അക്ഷരങ്ങളുടെ കൈമാറ്റം സുഗമമാക്കി.
വ്യത്യസ്ത ചരിത്ര ഘട്ടങ്ങളിൽ അറബി ഒരു ഔപചാരിക നയതന്ത്ര ഭാഷയായും പ്രവർത്തിച്ചു. ‘പേർഷ്യൻ സ്പെഷ്യലിസ്റ്റുകൾ’ എന്ന് പലപ്പോഴും തരംതിരിക്കപ്പെടുന്ന ചില സെക്രട്ടേറിയൽ ഉദ്യോഗസ്ഥർ വാസ്തവത്തിൽ അറബി അക്ഷര രചനയിലും ഒരുപോലെ പ്രാവീണ്യമുള്ളവരായിരുന്നു. എന്നിരുന്നാലും, അറബിയധിഷ്ഠിത നയതന്ത്രം കത്തിൻ്റെ രൂപത്തിലുള്ള (Epistolory) കൈമാറ്റങ്ങൾക്കപ്പുറത്തേക്ക് വ്യാപിച്ചു. മാത്രമല്ല, ഇരുപതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ, ഇന്ത്യയിലും പാകിസ്ഥാനിലും ഭരണകൂട നേതൃത്വത്തിലുള്ള സാംസ്കാരിക നയതന്ത്രത്തിന്റെ ഉപകരണങ്ങളായി അറബി ഭാഷാ ജേണലുകൾ സ്ഥാപിക്കപ്പെട്ടു. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (മജ്‌ലിസ് അൽഹിന്ദ് ലിൽ റവാബിതിൽ-സഖാഫിയ്യ) പോലുള്ള സ്ഥാപനങ്ങൾ ഇവയ്ക്ക് നേതൃത്വം നൽകി. 1980-കളോടെ, സ്റ്റേറ്റ് സ്പോൺസർഷിപ്പോടെ, നോൺ-സ്റ്റേറ്റ് അഭിനേതാക്കൾ അറബി ജേണലുകളും വിവർത്തനങ്ങളും വിപരീത ദിശയിൽ പ്രചരിപ്പിക്കാൻ തുടങ്ങി. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് വിരുദ്ധ പോരാട്ടവും പാകിസ്ഥാനിലെ അതിന്റെ പിന്തുണാ ശൃംഖലകളും, ജിഹാദിസ്റ്റ് പ്രസിദ്ധീകരണങ്ങളുടെയും അനുബന്ധങ്ങളുടെയും ദ്രുതഗതിയിലുള്ള വ്യാപനത്തിന് കാരണമായി. അതിൽ പുണ്യാളചരിത്രത്തിലെ രക്തസാക്ഷിത്വങ്ങൾ വരെ ഉൾപ്പെടുന്നു.
അതേസമയം തന്നെ ഇസ്ലാമിക രാഷ്ട്രീയ വ്യവഹാരങ്ങളുടെ കൂടുതൽ ക്രിയാത്മകമായ ഒരു ധാര പ്രാധാന്യം നേടിയിരുന്നു; ഇസ്ലാമിക ധനകാര്യത്തിന്റെ അറബി, ഉറുദു വിവരണങ്ങൾ. ആധുനിക-പാശ്ചാത്യ സാമ്പത്തിക സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ ഇസ്ലാമിക വാണിജ്യ നിയമത്തിന്റെ ഒരു നൂറ്റാണ്ട് നീണ്ട പുനഃപരിശോധനയിൽ വേരൂന്നിയ ഈ ബൗദ്ധിക പ്രസ്ഥാനം ഗൾഫ് രാജ്യങ്ങൾ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ സ്ഥാപനപരമായ അടിത്തറ കണ്ടെത്തി. ദക്ഷിണേഷ്യയിലെ മറ്റ് ഭാഷകൾക്കൊപ്പം അറബി എങ്ങനെ പ്രവർത്തിച്ചു എന്നതിനെക്കുറിച്ചുള്ള വിശാലമായ അന്വേഷണത്തിലേക്ക് ഈ ഇടപെടലുകളുടെ രീതികൾ നമ്മെ ക്ഷണിക്കുന്നുണ്ട്. ഒരു പ്രധാന വഴി വിവർത്തനമായിരുന്നുവെങ്കിലും, ഈ തരത്തിൽ ഏറ്റവും കൂടുതൽ പഠിച്ച ഗ്രന്ഥം ഖുർആനാണ്. എന്നിരുന്നാലും, മറ്റ് വിവർത്തന രീതികൾ, (പ്രത്യേകിച്ച് മെഡിക്കൽ ഗ്രന്ഥങ്ങൾ പോലുള്ള അറബി കൃതികൾ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നത്) വ്യത്യസ്ത കാലഘട്ടങ്ങളിലും വിഷയങ്ങളിലും ഈ രണ്ട് ഭാഷകൾ തമ്മിലുള്ള വികസിച്ചുകൊണ്ടിരിക്കുന്ന ബന്ധത്തെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ച നൽകാൻ സഹായിക്കും. അറബിയിൽ നിന്ന് ഇന്ത്യൻ പ്രാദേശിക ഭാഷകളിലേക്കുള്ള വിവർത്തനം "ഹെർമെന്യൂട്ടിക്കൽ പോപ്പുലിസത്തിന്റെ ശക്തമായ മാധ്യമമായി" വർത്തിച്ചുവെന്ന ഷേർഅലി തരീന്റെ വാദത്തെ അടിസ്ഥാനമാക്കി, ഇബ്‌നു ഖൽദൂന്റെ മുഖദ്ദിമ, ഇബ്‌നു ബത്തൂത്തയുടെ റിഹ്‌ല തുടങ്ങിയ അറബി ക്ലാസിക്കുകൾ പുനഃസൃഷ്ടിക്കുന്നതിൽ ഉറുദു വിവർത്തനങ്ങളുടെ പങ്ക് കൂടുതൽ ശ്രദ്ധ അർഹിക്കുന്നു. ഓറിയന്റലിസ്റ്റ് പാണ്ഡിത്യവുമായുള്ള സങ്കീർണ്ണമായ ഇടപെടലുകളിലൂടെ ദക്ഷിണേഷ്യയിൽ ഈ കൃതികൾ പലപ്പോഴും "കണ്ടെത്തപ്പെട്ടു" (അല്ലെങ്കിൽ ഒരുപക്ഷേ പുനർനിർമ്മിക്കപ്പെട്ടു).
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ആധുനിക അറബി സാഹിത്യഗ്രന്ഥങ്ങളുടെ ഇന്ത്യൻ ഭാഷകളിലേക്കുള്ള വിവർത്തനവും ശ്രദ്ധ നേടിയിരുന്നു. അറബി നോവലുകളുടെ ഉറുദു പതിപ്പുകൾ പ്രത്യേകിച്ചും ജനപ്രിയമായി. ജുർജി സയ്ദാൻ (1861–1914) നടത്തിയ ചരിത്ര ഫിക്ഷനും വലിയ പ്രേക്ഷകരെ കണ്ടെത്താൻ കഴിഞ്ഞു. സർ വാൾട്ടർ സ്കോട്ടിന്റെ നോവലുകളുടെ അനുകരണങ്ങൾക്കൊപ്പം ഈ വിവർത്തനങ്ങളും തുടർന്നുള്ള ദശകങ്ങളിൽ ഉറുദു ചരിത്ര നോവലിന്റെ വികാസത്തെ സ്വാധീനിച്ചിരിക്കാം. സംസ്കൃതത്തിൽ നിന്ന് പേർഷ്യനിലേക്കുള്ള വിവർത്തനങ്ങളെക്കുറിച്ചുള്ള വിപുലമായ പാണ്ഡിത്യവുമായി താരതമ്യപ്പെടുത്തുമ്പോൾ, സംസ്കൃത വിജ്ഞാനം അറബിയിലേക്ക് കൈമാറുന്നതിനെ സംബന്ധിച്ച ഗവേഷണങ്ങളിൽ കാര്യമായ ശ്രദ്ധ ചെലുത്തപ്പെട്ടിട്ടില്ല. അബ്ബാസിദ് ബാഗ്ദാദിൽ ആരംഭിച്ച് പിന്നീട് അൽ-ബിറൂണി (മരണം. ഏകദേശം 1048) പോലുള്ള വ്യക്തികളുടെ കൃതികളിലൂടെ ദക്ഷിണേഷ്യയിൽ ഈ പ്രക്രിയയുടെ തുടർച്ച നിലനിന്നിരുന്നു.
സാംസ്കാരിക സമ്പർക്കത്തിന്റെ പ്രാരംഭ ഘട്ടത്തിനുശേഷം ഉപേക്ഷിക്കപ്പെടുന്നതിന് പകരം, ഈ വിവർത്തനങ്ങൾ നൂറ്റാണ്ടുകളായി തുടർന്നു വന്നു. പ്രത്യേകിച്ച് ഇന്ത്യൻ യോഗ ശാസ്ത്രം പോലുള്ള പ്രത്യേക മേഖലകളിൽ. ഇരുപതാം നൂറ്റാണ്ടോടെ, ഓറിയന്റലിസ്റ്റ് പതിപ്പുകളിലൂടെയും ഇംഗ്ലീഷിലേക്കും ഫ്രഞ്ചിലേക്കും ഉള്ള വിവർത്തനങ്ങളിലൂടെയും വിശാലമായ ഒരു കൂട്ടം സംസ്കൃത ഗ്രന്ഥങ്ങൾ കൂടി അറബിയിലേക്ക് പ്രവേശിച്ചു. എന്നിരുന്നാലും, ഇന്ത്യൻ ഭാഷകളിൽ നിന്ന് അറബിയിലേക്ക് നേരിട്ടുള്ള വിവർത്തനങ്ങളും ഉണ്ടായിരുന്നു. 1950 കളിൽ കെയ്‌റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ പണ്ഡിതനായ മുഹമ്മദ് ഹസൻ അസമി എഴുതിയ മുഹമ്മദ് ഇഖ്ബാലിന്റെ (1877–1938) വിശദമായ അറബി പഠനമാണ് ഒരു ഉദാഹരണം. കൂടാതെ, സൗത് അൽ-ഹിന്ദ് (വോയ്‌സ് ഓഫ് ഇന്ത്യ) യുടെ എഡിറ്ററായ മുഹി അൽ-ദിൻ അൽ-അൽവഇ, 1967 മുതൽ കെയ്‌റോയിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്തോ-അറബ് സാംസ്കാരിക വിവർത്തനത്തെക്കുറിച്ച് നിരവധി ഉപന്യാസങ്ങൾ പ്രസിദ്ധീകരിച്ചു. റൂമിയുടെ പേർഷ്യൻ കവിതകളുടെ അറബി വിവർത്തനങ്ങൾ സങ്കീർണ്ണമായ മറ്റൊരു ഉദാഹരണമാണ്. 1960 കളിൽ ആദ്യമായി പ്രസിദ്ധീകരിക്കുകയും 2021 ൽ കെയ്‌റോയിൽ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്ത അബു ഹസൻ അലി നദ്‌വിയുടെ റിജാൽ അൽ-ഫിക്കർ വ -ദഅ'വ ഫിൽ-ഇസ്ലാമിൽ (ഇസ്ലാമിലെ ചിന്തകരും പ്രഭാഷകരും) ഇവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദക്ഷിണേഷ്യൻ ഭാഷകളുമായി അറബി എങ്ങനെ ഇടപഴകി എന്നതിനെക്കുറിച്ച് അന്വേഷിക്കുന്നത് ഭാഷാപരമായ പരിവർത്തനത്തിന്റെ ചോദ്യത്തിലേക്ക് കൂടെ നമ്മെ നയിക്കുന്നു: പ്രദേശത്തിന്റെ സാഹിത്യ പാരമ്പര്യങ്ങളെ രൂപപ്പെടുത്തിയ മന്ദഗതിയിലുള്ളതും സൂക്ഷ്മവുമായ പ്രക്രിയകൾ. ദക്ഷിണേഷ്യയിൽ "പേർഷ്യനേറ്റ്" ഭാഷകളും സാഹിത്യങ്ങളും സൃഷ്ടിക്കുന്നതിൽ പേർഷ്യൻ ഭാഷകളുടെ പങ്ക് വിപുലമായി പഠിക്കപ്പെട്ടിട്ടുണ്ടെങ്കിലും അറബിയുടെ സാന്നിധ്യവും സ്വാധീനവും വളരെ കുറച്ച് മാത്രമേ പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടുള്ളൂ. ദക്ഷിണേഷ്യയിൽ അറബിയുടെ ഭൂമിശാസ്ത്രപരമായ സാന്നിധ്യത്തെക്കുറിച്ചും അതിന്റെ പാഥ പേർഷ്യനുമായി എങ്ങനെ കവിഞ്ഞു കടന്നു, അല്ലെങ്കിൽ വ്യതിചലിച്ചു എന്നതിനെക്കുറിച്ചുമുള്ള ചോദ്യത്തിലേക്ക് ഇത് നമ്മെ തിരികെ കൊണ്ടുവരുന്നു. ഈ സാഹചര്യത്തിൽ, മലബാർ, കോറമാണ്ടൽ തീരങ്ങളിലെ അറബി-മലയാളം, അറബി-തമിഴ് സാഹിത്യങ്ങളെ ഒരു "അറബിക്കേറ്റ്" സാഹിത്യ പാരമ്പര്യം രൂപപ്പെടുത്തുന്നതായി മനസ്സിലാക്കാൻ കഴിയുമോ എന്ന് പരിഗണിക്കേണ്ടതാണ്. ബോഹ്‌റ ഇസ്മാഈലി സമൂഹം ഉപയോഗിക്കുന്ന ഗുജറാത്തിയുടെ അറബിവൽക്കരിച്ച രൂപമായ ലിസാൻ അൽ-ദഅ'വയിലും സമാനമായ ഭാഷാ സങ്കരം കാണപ്പെടുന്നു.
വിവർത്തനം: മുഹമ്മദ് അലി എരിമയൂർ