KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

അർബഊന ഹദീസ്; ഹദീസിന്റെ സാഹിതീയ അടയാളങ്ങൾ

ബാസിത് ഹംസ നൂറാനി

ക്രോഡീകരാണനന്തര കാലഘട്ടം മുതൽ ഹദീസ് സാഹിത്യത്തിൽ ഇന്നും വളരെ സജീവമായി നിലകൊള്ളുന്നതും ആയിരക്കണക്കിന് രചനകൾ എഴുതപ്പെടുകയും ചെയ്ത പ്രധാന മേഖലയാണ് അർബഈനിയ്യാത് അഥവാ നാൽപത് ഹദീസുകളുടെ സമാഹാരങ്ങൾ. പ്രമുഖ ഹദീസ് പണ്ഡിതരായ ഖതീബ് അൽ ബാഗ്ദാദി, ഇബ്നു അസാകിർ, ഇബ്നു ഹജർ അൽ അസ്ഖലാനി തുടങ്ങിയവർ ഓരോരുത്തരം ഇവിഷയകമായി പത്തിലേറെ രചനകൾ നിർവഹിച്ചിട്ടുണ്ട്. നാൽപത് ഹദീസുകളുമായി ബന്ധപ്പെട്ട് ധാരാളം വാഗ്ദാനങ്ങൾ തിരുമൊഴികളിൽ വന്നിട്ടുള്ളതാണ് മുഹദ്ദിസുകൾക്ക് ഈ മേഖലയിൽ പ്രോത്സാഹനം നൽകുന്നത്. ഒരു സഹസ്രാബ്ദ കാലയളവിലൂടെ എങ്ങനെയാണ് അർബഊന ഹദീസ് സമാഹാരങ്ങൾ വികസിച്ചു വന്നത് എന്നാണ് ഈ ലേഖനം അന്വേഷിക്കുന്നത്.


ഹിജ്റ 181 ൽ വഫാത്തായ അബ്ദുള്ളാഹി ബ്നു മുബാറക് ആണ് ഈ മേഖലയിൽ ആദ്യമായി രചന നിർവഹിക്കുന്നത്. ആചാരങ്ങൾ, ആത്മീയ ഉപദേശങ്ങൾ, നിസ്കാരം, കച്ചവടം എന്നിങ്ങനെ വ്യത്യസ്തങ്ങളായ വിഷയങ്ങൾ ആസ്പദമാക്കി എഴുതപ്പെട്ട ആദ്യ കാല രചനകളിൽ മിക്കതിലും നിവേദക ശ്യംഖലയെ പൂർണമായും പ്രതിപാദിച്ചിരുന്നു. എന്നാൽ പിൽക്കാല രചനകളിൽ നബി തങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്ത നിവേദക ശ്യംഖലയിലെ അവസാനത്തെ കണ്ണിയായ സ്വഹാബിയെ മാത്രമേ കൊണ്ട് വരുന്നുള്ളൂ. വിവാഹം, ജിഹാദ് മുതൽ ജറുസലേം പോലെയുള്ള സ്ഥലങ്ങളുടെ മഹത്വങ്ങൾ വരെ അത്തരം രചനകളിൽ ഉൾപ്പെടുന്നു. താരീഖുൽ ഇസ്ലാമിൽ ദഹബി നാൽപത് വ്യത്യസ്ത അർബഊന ഹദീസ് സമാഹാരങ്ങൾ ക്രോഡീകരിച്ച പണ്ഡിതനെ കുറിച്ച് പരാമർശിക്കുന്നതായി കാണാം. ചുരുക്കത്തിൽ മുസ്‌ലിം പണ്ഡിത പാരമ്പര്യത്തിൽ ഇത്തരം സമാഹാരങ്ങൾക്ക് ആദ്യ കാലം മുതൽ ഒരു പ്രധാന സ്ഥാനം നൽകി വരുന്നു.


തങ്ങൾക്ക് ലഭിച്ച ഹദീസുകൾക്ക് പുറമേ ഇത്തരം ഹദീസ് സമാഹാരങ്ങളിൽ മറ്റുള്ളവർക്ക് ലഭിച്ചിട്ടുള്ള ഹദീസുകളും അവകളിൽ ഇടം കണ്ടെത്തിയിരുന്നു. അത് കാരണം ഒരുപാട് ഹദീസുകൾ കുറഞ്ഞ സമയം കൊണ്ട് പിൽക്കാല ജനതക്ക് ലഭ്യമായി. സ്വഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്‌ലിം തുടങ്ങിയ വലിയ സമാഹാരങ്ങൾ പൂർണമായും പാരായണം ചെയ്ത് ഇജാസതുകൾ വാങ്ങുന്നതിൽ നിന്ന് വ്യത്യസ്തമായി ഇവകളിലൂടെ പ്രധാനപ്പെട്ട ഹദീസുകളിൽ ഒരു കണ്ണിയാവാനുള്ള അവസരമാണ് ലഭിച്ചത്. അമ്പതോളം വാള്യങ്ങളുള്ള ഇമാം അഹ്മദ് ബ്നു ഹമ്പലിന്റെ മുസ്നദ് പൂർണമായും പാരായണം ചെയ്യാനുള്ള പരിമിതികൾ പോലെ. ഒരിക്കൽ അഹ്മദ് ബ്നു ഹമ്പൽ (റ) അലപ്പോയിൽ വരുന്നുണ്ട് എന്നും ഇമാം ഹമ്പൽ ഒരൊറ്റ രാത്രി മാത്രമേ അലപ്പോയിൽ തങ്ങുകയുള്ളൂ എന്നുമറിഞ്ഞപ്പോൾ അവിടുത്തെ ഹദീസ് പണ്ഡിതർ മുസ്നദു ഇമാം ഹമ്പലിൽ നിന്ന് പ്രധാനപ്പെട്ട നാൽപത് ഹദീസുകൾ ക്രോഡീകരിച്ച് അദ്ദേഹത്തിൽ നിന്ന് സനദ് സ്വീകരിച്ചു. ബുഗ് യതു ത്വലബ് ഫീ അഖ്ബാറിൽ ഹലബ് എന്ന ഗ്രന്ഥത്തിൽ കമാലുദ്ധീൻ ബ്നു അദീം ഈ സംഭവം ഉദ്ധരിക്കുന്നുണ്ട്. ഈ ഹദീസ് സമാഹാരം അതിർത്തികൾ ഭേദിച്ച് പിന്നീട് മുസ്‌ലിം ലോകത്ത് വ്യാപകമായി പ്രചരിക്കപ്പെട്ടു. അത്തരത്തിൽ പ്രധാന സമാഹാരങ്ങളിൽ നിന്ന് ക്രോഡീകരിച്ചവയിൽ പ്രസിദ്ധമാണ് ഇബ്നു ഹജർ അൽ അസ്ഖലാനി ഇമാം മുസ്ലിമിന്റെ സ്വഹീഹിൽ നിന്ന് അടർത്തിയെടുത്ത അർബഊനും ഹാഫിളുൽ ഇറാഖി സ്വഹീഹ് ഇബ്നു ഹിബ്ബാനിൽ നിന്നും ക്രോഡീകരിച്ചവയും. ഇബ്നു അബ്ദുൽ ഹാദി സ്വഹീഹുൽ ബുഖാരിയിൽ നിന്നും സമാഹരിച്ചതും മറ്റൊരു അറിയപ്പെട്ട കൃതിയാണ്.


പ്രസിദ്ധമായ സമാഹാരങ്ങളിൽ നിന്ന് ക്രോഡീകരിച്ച ഇത്തരം അർബഊനുകൾക്ക് പുറകെ അത്രമേൽ പ്രചാരണത്തിലില്ലാത്ത സമാഹാരങ്ങളിൽ നിന്ന് ക്രോഡീകരിച്ചവയും രചിക്കപ്പെട്ടിട്ടുണ്ട്. തഖ്‌യുദ്ധീൻ സുബ്കിയുടെ മുഅജമു ശുയൂഖിൽ നിന്ന് അദ്ദേഹത്തിൻ്റെ മകനായ താജുദ്ദീൻ സുബ്കി ഉണ്ടാക്കിയ അർബഊൻ പോലെ. ഈ സമാഹാരം പിന്നീട് അവരുടെ കുടുംബം കൈമാറി പോരുകയും അവരുടെ കുടുംബത്തിന്റെ ഒരു പ്രധാന സവിശേഷതയായി മാറുകയും ചെയ്തു. തഖ്‌യുദ്ധീൻ സുബ്കിയുടെ ചെറിയ മകളായ സാറ പിതാവിന്റെ ഹദീസ് നിവേദന സദസ്സുകളിൽ പങ്കെടുക്കുകയും പിന്നീട് തന്റെ പേരമകളായ റജബ് ബിൻത് ശിഹാബ് അഹ്മദ് അൽ ഖലീജിയെ അവളുടെ മൂന്നാം വയസ്സിൽ തന്നെ കേൾപ്പിക്കുകയും ചെയ്ത സംഭവം അ ദൗഉൽ ലാമിഅയിൽ സഖാവി റിപ്പോർട്ട് ചെയ്യുന്നുണ്ട്.


നിവേദക ശൃംഖലയെ അടിസ്ഥാനമാക്കിയുള്ള ഹദീസ് സമാഹാരങ്ങൾ ഹിജ്റ ആറാം നൂറ്റാണ്ടു മുതലാണ് നിലവിൽ വന്നത്. നിവേദക ശൃംഖലകളിൽ കൃത്യമായ കണ്ണികൾ ഉള്ള ഹദീസുകൾ സമാഹരിച്ചു കൊണ്ടുള്ള അത്തരം അർബഊനകളിൽ ഏഴു പേർ നിവേദനം ചെയ്ത ഹദീസുകൾ മാത്രം അടിസ്ഥാനമാക്കി സമാഹരിച്ച സുബാഇയ്യാത്. അഹ്മദ് ബ്നു മുഹമ്മദ് അൽ മാലിക്കി (ഹി. 547), അബൂ സഅദ് മുഹമ്മദ് ബ്നു യഹ്യ അനൈസാബൂരി (ഹി. 548), അബ്ദുള്ളാഹി ബ്നു മുഹമ്മദ് ബ്നു ഫളൽ അൽ ഫുറാവി (ഹി.549) തുടങ്ങിയവരുടെ സുബാഇയ്യാത് അതിൽ പ്രസിദ്ധമാണ്. ആറാം നൂറ്റാണ്ടിന്റെ പകുതി ആയപ്പോഴേക്കും ഇത്തരത്തിൽ എണ്ണങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്തങ്ങളായ സമാഹാരങ്ങൾ രചിക്കപ്പെട്ടു. ഇത്തരത്തിൽ നിവേദക ശൃംഖലയെ ആസ്പദമാക്കിയുള്ള അർബഊൻ സമാഹാരങ്ങൾ പിന്നീട് നൂറ്റാണ്ടുകളോളം വികസിക്കുകയും വിപുലമാവുകയും ചെയ്തു.


ഹിജ്റ ഒമ്പതാം നൂറ്റാണ്ട് മുതൽ ഒമ്പത് ഹദീസ് നിവേദകർ റിപ്പോർട്ട് ചെയ്ത ഹദീസുകളെ അടിസ്ഥാനമാക്കി 'തുസാഇയ്യാത്' എന്ന പേരിൽ ധാരാളം അർബഊനുകൾ വെളിച്ചം കണ്ടു. പിന്നീട് ഹിജ്റ ഏഴാം നൂറ്റാണ്ടിലെ അവസാനത്തിലും എട്ടാം നൂറ്റാണ്ടിലെ ആദ്യത്തിലുമായി 'ഉശാരിയ്യാത്' കളും രചിക്കപ്പെട്ടു. ഹിജ്റ പത്താം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇത്തരത്തിൽ നിവേദക ശൃംഖലകൾ അടിസ്ഥാനമാക്കിയുള്ള അർബഊനുകൾക്ക് പ്രചാരണം കുറഞ്ഞു വരുന്നതായി കാണാം. വാമൊഴി സംസ്കാരത്തിലുള്ള ഹദീസ് കൈമാറ്റത്തോട് താൽപര്യം കുറഞ്ഞു വന്നതാണ് ഇതിന് പ്രധാന കാരണമെന്ന് നമുക്ക് മനസ്സിലാക്കാം.


മുസ്ലിം ധൈഷണിക പാരമ്പര്യത്തിന്റെ പ്രധാന സംസ്കാരമായി ഹദീസുകൾ തേടിയുള്ള യാത്രകൾ പരിണമിച്ചിരുന്നു. അത്തരം യാത്രകളുടെ നന്മകൾ മാത്രം വിശദീകരിക്കുന്ന ഗ്രന്ഥങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. ആദ്യകാല ഹദീസ് സമാഹരകർക്ക് ഇത്തരം യാത്രകൾ പ്രായോഗികമായിരുന്നെങ്കിലും ക്രോഡീകരണാനന്തരം വ്യത്യസ്ത ദേശങ്ങളിലായി പരന്നു കിടക്കുന്ന ഹദീസുകൾക്ക് വേണ്ടിയുള്ള ഇത്തരം യാത്രകൾ പ്രയാസകരമായി മാറി. ഹദീസുകൾ സംരക്ഷിക്കുന്നതിന് അത്തരം യാത്രകൾ അക്കാലത്ത് അനിവാര്യമല്ലെങ്കിലും ഹദീസുകളോടുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ ഭാഗമായി മുഹദ്ദിസുകൾ തങ്ങളുടെ യാത്രകൾ തുടർന്നു. മുൻകാല മുസ്ലിം സംസ്കാരത്തിന്റെ തുടർച്ചയായിരുന്നു അവർക്ക് പ്രചോദനമായി വർത്തിച്ചത്. അങ്ങനെ ഹിജ്റ ആറാം നൂറ്റാണ്ട് മുതൽ 40 വ്യത്യസ്ത ദേശങ്ങളിൽ നിന്ന് 40 വ്യത്യസ്ത ശൈഖുമാരിൽ നിന്ന് നിവേദനം ചെയ്ത 40 വ്യത്യസ്ത ഹദീസുകളുടെ സമാഹാരങ്ങൾ പിറവിയെടുക്കുകയുണ്ടായി. അർബഊന ബുൽദാനിയ അഥവാ ദേശശാസ്ത്രപരമായ നാൽപത് ഹദീസുകളുടെ സമാഹാരങ്ങൾ എന്ന പേരിൽ ഇവ അറിയപ്പെട്ടു. ഹിജ്റ ആറാം നൂറ്റാണ്ടിലെ ഹദീസ് പണ്ഡിതനായ ത്വാഹിറുൽ സിലഫിയുടെ രചനയാണ് ലഭ്യമായവയിൽ ആദ്യത്തേതായി ഗണിക്കപ്പെടുന്നത്. തന്റെ ഹദീസ് തേടിയുള്ള യാത്രകൾ സ്വന്തം ദേശമായ ഇസ്ഫഹാനിൽ നിന്ന് ആരംഭിക്കുകയും പിന്നീട് 18 വർഷത്തോളം നീണ്ടുനിന്ന പ്രയാണത്തിനിടയിൽ കിഴക്കൻ - കേന്ദ്ര മുസ്ലിം രാജ്യങ്ങളിലൂടെ സഞ്ചരിച്ച് അലക്സാണ്ട്രിയയിൽ എത്തിച്ചേരുകയും ചെയ്തു. തൻ്റെ യാത്രയിൽ കണ്ടുമുട്ടിയ ആയിരക്കണക്കിന് ഹദീസ് നിവേദകരിൽ നിന്നും സ്വീകരിച്ചവ മുഅജമു സഫർ എന്ന അതിബൃഹത്തായ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ഗ്രന്ഥങ്ങളിലേക്കുള്ള സൂചകയായും സംഗ്രഹമായ തൻ്റെ അർബഊന ബുൽദാനിയ പിൽക്കാലക്കാർ ഉപയോഗപ്പെടുത്തി. അദ്ദേഹത്തിൻ്റെ സമകാലികരായ പല മുഹദ്ദിസുകളും ഇത്തരം രചനകൾക്ക് മുന്നോട്ട് വന്നു. ഇമാം ഇബ്നു അസാകിർ തൻറെ നാല്പത് ഹദീസുകളുടെ സമാഹാരത്തിന്റെ പ്രവേശികയിൽ പറയുന്നതായി കാണാം ; " തൻ്റെ കൂട്ടുകാരനായ ഒരു വ്യക്തി സിലഫിയുടെ അർബഊന ബുൽദാനിയ യിൽ ആകൃഷ്ടനാവുകയും അതിനു സമാനമായ മറ്റൊരു ഗ്രന്ഥം രചിക്കണമെന്ന് തന്നോട് ആവശ്യപ്പെടുകയും ചെയ്തു." ഇബ്നു അസാകിറിന്റെ അർബഊന ബുൽദാനിയ യിൽ മറ്റൊരു പ്രത്യേകതയും കൂടി കാണാവുന്നതാണ്. സിലഫിയിൽ നിന്ന് വ്യത്യസ്തമായി 40 ഹദീസുകൾ വ്യത്യസ്ത ദേശങ്ങളിലെ വ്യത്യസ്ത ശൈഖുമാരിൽ നിന്ന് സ്വീകരിക്കുന്നതോടൊപ്പം വ്യത്യസ്ത 40 സ്വഹാബികളിൽ നിന്നുള്ള ഹദീസുകൾ ക്രോഡീകരിച്ചു കൊണ്ടാണ് തന്റെ രചന നിർവഹിച്ചിരിക്കുന്നത്. മറ്റൊരു പ്രധാന ഇത്തരം ഹദീസ് സമാഹാരത്തെ കുറിച്ചുള്ള വിവരണം ഇബ്നു ഖാദി ശുഹ്ബ രേഖപ്പെടുത്തുണ്ട് "മക്കയിൽ തീർത്ഥാടനത്തിനു വേണ്ടി വന്ന സമയത്ത് അൽപത് ഇത്തരം നഗരങ്ങളിലെ വ്യത്യസ്ത ശൈഖുമാരെ കണ്ടുമുട്ടി ഹദീസ് സമാഹരിച്ചവരുണ്ട്. അതുപോലെ ഇമാം ദഹബി ഒരു നഗരത്തിലെ തന്നെ വ്യത്യസ്ത ഗ്രാമങ്ങളിൽ നിന്നുള്ള ഹദീസ് പണ്ഡിതരെ കണ്ടുമുട്ടി ശേഖരിച്ചവരെ കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. അങ്ങനെ യുഗാന്തരം ഈ സാഹിതീയ മേഖല വികസിക്കുകയും ഹദീസുകളുടെ പ്രചാരണം ത്വരിതപ്പെടുത്തുകയും ചെയ്തു.


മലബാറിലെ അർബഈനിയ്യാതുകൾ

മലബാറിലെ മുസ്ലിം വൈജ്ഞാനിക മുന്നേറ്റങ്ങളിലും ധാരാളമായി ഇത്തരം 40 ഹദീസുകളുടെ സമാഹാരങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. പണ്ഡിതന്മാരും മുതഅല്ലിമുകളും എന്ന് വ്യത്യാസമില്ലാതെ പരന്നു കിടക്കുന്ന ഈ കൃതികൾ പലതും ശരിയായ വിധം സൂക്ഷിക്കപ്പെടാത്തതിനാൽ തന്നെ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. ലഭ്യമായതിൽ പ്രധാനപ്പെട്ട ഒരു രചനയാണ് ശിഹാബുദ്ദീൻ അഹ്മദ് കോയ ശാലിയാത്തി (1954) രചിച്ച അസ്സൈറുൽ ഹസീസ് ലി തഖ് രീജി അർബഈനൽ ഹദീസ്. മലബാറിൽ ജനകീയമായ 'പത്തു കിതാബിലെ' അർബഈൻ ഹദീസ് സമാഹാരത്തിൽ വന്നിട്ടുള്ള ദുർബലവും അവലംബയോഗ്യമല്ലാത്തതുമായ ഹദീസുകൾക്ക് മറുപടിയായിട്ടാണ് ഈ രചന നിർവഹിച്ചത്. പ്രസ്തുത ഹദീസുകൾ പരാമർശിച്ചതിനു ശേഷം അതിനു സമാനമായ ആശയം കുറിക്കുന്ന സ്വീകാര്യയോഗ്യമായ ഹദീസുകൾ തന്റെ ഗ്രന്ഥത്തിൽ ശാലിയാത്തി കൊണ്ടുവരുന്നുണ്ട്. പത്തു കിതാബിലെ തന്നെ മറ്റു രചനകളായ ബാബു മഅരിഫതുൽ കുബ്റ, മുതഫരിദ് തുടങ്ങിയവയിൽ പരാമർശിച്ചിട്ടുള്ള ഹദീസുകൾക്കും ഇത്തരത്തിൽ അദ്ദേഹം വ്യാഖ്യാനം നൽകിയിട്ടുണ്ട്. കൂടാതെ ഇന്ന് കേരളത്തിലെ ഹദീസ് വൈജ്ഞാനിക രംഗത്ത് വലിയ സംഭാവനകൾ അർപ്പിച്ച ശൈഖ് അബൂബക്കർ അഹ്മദ് രചിച്ച ഫയ്ളുൽ മുഈൻ എന്ന പേരിലുള്ള അർബഊനും പ്രസിദ്ധമാണ്.


ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന 40 ഹദീസ് സമാഹരണങ്ങളോടുള്ള ഗാഢമായ ബന്ധം മുസ്ലിം സമൂഹത്തിൽ ആത്മീയമായും ഭൗതികമായും വലിയ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. അത്തരം ചലനങ്ങൾ തന്നെയാണല്ലോ പാരമ്പര്യ പണ്ഡിതരെ പ്രചരിപ്പിക്കുന്നതും.

Religion
Prophet
Hadith Literature

Related Posts

Loading