KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

അശ്റഫുൽ ഖൽഖ് അഥവാ, അല്ലാഹുവിന്റെ റസൂൽ

ഫസ്ന പൊയിലൻ

മീലാദുന്നബി (സ്വ). പ്രപഞ്ചത്തിന് മഹാനുഗ്രഹത്തെ ലഭിച്ച ദിനം. തിരുദൂതരെ അറിയാനും അനുഭവിക്കാനും വിശ്വാസി ജീവിത വ്യവസ്ഥിതിയുടെ പ്രയോക്താവ് എന്ന നിലയിൽ ആറ്റലോരെ ഉൾകൊള്ളാനുമുള്ള ശ്രമം സ്വഭാവികമായും ഉണ്ടാകുന്ന, ഉണ്ടാകേണ്ട അസുലഭ മുഹൂർത്തം. ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നുള്ള ആത്മാർത്ഥ പ്രേമാവിഷ്കാരം എന്നതോടൊപ്പം യഥാർത്ഥ ഇസ്ലാമിൻറെ സേവന മാർഗമായി കൂടി മൗലിദുകളും മദ്ഹുകളും പരന്നൊഴുകണം. അല്ലാഹുവിന്റെ റസൂലിനോടുള്ള അദമ്യമായ പ്രണയത്തെ വിശ്വാസിയുടെ അസ്ത്വിത്വ യോഗ്യതകളിൽ ഒന്നായാണ് മതം പഠിപ്പിക്കുന്നത്. സ്വഹാബത്തും താബിഉകളും മഹാന്മാരും ഇസ്ലാമിൻറെ പതാക ഉയർത്തിപ്പിടിച്ചത് ഈയൊരു വികാരത്തിൽ പ്രചോദിതരായിട്ടായിരുന്നു. അവരിലൂടെ ഈ സ്നേഹധാര വ്യത്യസ്ത രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടു. അവർ രചിച്ച മദ്ഹു കാവ്യങ്ങളും, നിവേദനം ചെയ്ത തിരു ഹദീസുകളും വിശുദ്ധ റൗളാ ശരീഫിന്റെ വർണക്കൂട്ടുകളെ, മൂഹിബ്ബീങ്ങളുടെ കണ്ണീർത്തുള്ളികളെ, ഓരോ ഹൃദയത്തിലും പുന:സൃഷ്ടിച്ചുകൊണ്ടേയിരുന്നു.


റബ്ബും അവന്റെ റസൂലും പ്രണയ ചമങ്ങളുടെ നിറക്കൂട്ടുകൾ തുന്നിച്ചേർത്ത അനശ്വര കാവ്യങ്ങളിലെ മായാ പ്രകാശങ്ങളാണ്. ഇലാഹിനോടുള്ള തങ്ങളുടെ ബന്ധം, 'അബ്ദ്' എന്ന വിശേഷണത്തോടുള്ള തിരുനബിയുടെ വിശിഷ്ട താല്പര്യത്തിൽ പ്രതിഫലിക്കുന്ന അനിർവചനീയ കാഴ്ചയിൽ കാണുക. ഒരു നീർച്ചുഴിയിലെ കറക്കം പോലെ അത് അനുഭവിക്കുക. കഴിയാത്തതാണെങ്കിൽ ആ ശ്രമം പഠനവിഷയമാക്കുക. കടലിൽ ഊളിയിട്ട് വെള്ളം കുടിച്ചു വറ്റിക്കുമെന്ന് ലക്ഷ്യം വെച്ചാൽ, ഒരു മുറുക്കെങ്കിലും ലഭിക്കാതിരിക്കില്ലെന്ന പ്രത്യാശ കൈവിടാതിരിക്കുക. തങ്ങളെ അറിയുമ്പോൾ എന്താണ് സംഭവിക്കുക. അറിവ് അനുരാഗമായും അനുരാഗം അനുധാവനമായും പരിണമിച്ചുകൊള്ളും.


നോക്കൂ, തിരുനബിയെ അറിഞ്ഞാൽ അതൊരു പ്രണയമായി പരിണമിക്കും. ഇന്നോളം നമ്മൾ അനുഭവിച്ച സർവ രസസീമകളെയും അതിർ ലംഘിക്കുന്ന മഹാപ്രണയം. അനന്തരം നിങ്ങൾ റബ്ബിലേക്ക് ചേരും. അതൊരു നിവൃത്തികേടാണ്. കൂടാതെ മതിയാകാത്ത ഒരു സ്ഥിതി. റബ്ബിനെ പ്രിയം വെച്ച് ചെന്നാലും കാണും, ‘നിങ്ങൾ എന്നെ ഇഷ്ടപ്പെടുന്നെങ്കിൽ എന്റെ റസൂലിനെ അനുധാവനം ചെയ്യുക’ എന്ന്. അപ്പോഴും നിങ്ങൾ തങ്ങളിലേക്ക് തന്നെ തിരിച്ചെത്തുന്നു. ദിവ്യ പ്രണയത്തിന്റെ പരകോടി കണ്ട സൂഫിയാക്കൾ ഓർമപ്പെടുത്താറുണ്ട്, എന്നെ ആരെങ്കിലും പ്രവാചകരുടെ വഴിയിൽ നിന്ന് മാറി വായിച്ചാൽ അതെന്റെ മതമല്ലെന്ന്. അങ്ങനെയേ വഴിയുള്ളു. ഒരൊറ്റ വഴി. മുത്ത് നബിയുടെ വഴി. ലോകീയർ ചാന്ദ്ര ഭംഗിയെയും നിലാവിനെയും പുകഴ്ത്തുമ്പോൾ, അതിന് ജ്വലിക്കാൻ കാരണമായ സൂര്യനും സ്വയം സന്തോഷിക്കുന്നു. പ്രകാശം തെളിയുന്ന നിലാവിനെ പ്രകീർത്തിക്കുന്നത് സൂര്യനെത്ര ആനന്ദം!


ലോകസ്രഷ്ടാവായ അല്ലാഹു തആലയുടെ വാഗ്ദാന പൂർത്തീകരണമാണ് അന്ത്യപ്രവാചകരായ മുസ്വത്വഫായ തങ്ങൾ. “നേർമാർഗം കാട്ടുന്നതിനായി ഒരു വഴികാട്ടിയെ കൂടാതെ ഒരു സമുദായത്തെയും ഭൂമിയിലേക്ക് ഞാൻ അയക്കുകയില്ല” എന്നതാണാ വാഗ്ദാനം. തീർത്തും നമ്മുടെ ഗുണത്തിനു വേണ്ടിയായിരുന്നല്ലോ അത്. ഒരു അറിവ് സ്ഥിരപ്പെടുന്നതിനുള്ള മൂന്ന് കാരണങ്ങളിലൊന്നായ വിശ്വസനീയമായ അറിയിപ്പിൽ (خبر صادق) നബിവചനങ്ങളും ഉൾപ്പെടുന്നു. പരിപൂർണമായും പടച്ചവന്റെ നിർദശാനുസരണം ചലന നിശ്ചലനങ്ങൾ നടക്കുന്നത് കൊണ്ട് മാത്രമാണത് സംഭവിക്കുന്നത്. ان هو الا وحي يوحي (തിരുനബിയുടെ ചെയ്തികൾ ദിവ്യ സന്ദേശം അല്ലാതെയല്ല) എന്നാണ് ഖുർആനിക അധ്യാപനം.


സയ്യിദുനാ മുഹമ്മദ്‌ (സ്വ) ക്ക് അല്ലാഹു മറ്റെന്തിനെക്കാളും മഹത്വം നൽകി. സൃഷ്ടിപ്പിന്റെ ആരംഭത്തിൽ തന്നെ ഹബീബിന്റെ നൂറിനെ പടച്ച്, അശ്റഫുൽ ഖൽഖ് എന്ന സ്ഥാനത്തിരുത്തി. അതൊളിവായ് ജ്വലിച്ചു, ചലിച്ചു. പ്രപഞ്ച സൃഷ്ടിപ്പിന് തന്നെ കാരണമായി. ഒരു അടിമക്കും സമ്മാനിക്കാത്ത സുമോഹന സമ്മാനം, റബ്ബുമായുള്ള സംഗമത്തിനായി രാപ്രയാണം നടത്തി. ശാശ്വത മുഅ്ജിസത്തായ വിശുദ്ധ ഖുർആൻ അവതരിച്ചു. സമ്പൂർണ ജീവിതപദ്ധതി എന്നതോടൊപ്പം തിരുനബിയുടെ ഏത് പ്രയാസത്തിലും സമാധാനിപ്പിച്ചും പ്രവാചകരെ നിഷേധിക്കുന്നവർക്ക് താക്കീത് ചെയ്തും ആക്ഷേപിച്ചും നാഥൻ ഖുർആനിൽ സൂക്തങ്ങൾ അവതരിപ്പിച്ചു. വിശുദ്ധ ഗ്രന്ഥം തങ്ങളുടെ മദ്ഹ് കാവ്യമായി പ്രകാശിച്ചു. ഓരോ വിളിയിലും തന്റെ പ്രിയപ്പെട്ട അടിമയോടുള്ള സ്നേഹ വാത്സല്യങ്ങൾ ആഴത്തിൽ പ്രതിഫലിച്ചു. തിരുനബിക്ക് നേരെ ഒരു കൈനീട്ടി, ‘നിനക്ക് നാശം’ എന്ന് പറഞ്ഞ അബൂ ലഹബിന്റെ ഇരുകൈകൾക്കും നാശമെന്ന് റബ്ബ് പ്രഖ്യാപിച്ചത് തൽക്ഷണമായിരുന്നു. ആ പ്രണയം അനവരതം തുടർന്നു.


നിങ്ങൾ അല്ലാഹുവിൻറെ മഹത്വത്തെയും റഹ്മത്തിനെയും (കാരുണ്യം) കുറിച്ച് സംസാരിക്കുക എന്ന് ഖുർആൻ നിർദേശിച്ചു. മറ്റൊരവസരത്തിൽ, നബിയേ, അങ്ങയെ ലോകത്ത് റഹ്മത്തായിട്ടല്ലാതെ അയച്ചിട്ടില്ല എന്നും വിളംബരമുണ്ടായി. ആ കാരുണ്യത്തെയും റബ്ബിന്റെ മഹത്വത്തെയും സംയോജിപ്പിച്ച് നിരന്തരം ഓർക്കുകയും ലോകത്തോട് വിളിച്ചു പറയുകയും വേണം. അങ്ങനെയാണ് മുസ്ലിം ജീവിക്കേണ്ടത്. റബ്ബുമായുള്ള മുനാജാത്തായ നിസ്കാരം പരിപൂർണമാവാൻ അവന്റെ റസൂലിന്റെ മേൽ സ്വലാത്ത് കൂടിയേ തീരൂ എന്ന് റബ്ബ് തീർച്ചപ്പെടുത്തുന്നത് സ്നേഹത്തിന്റെ പ്രതലത്തിൽ നിന്ന് കൊണ്ടു കൂടെയാകണം. അല്ലാഹുവിനെ ഇഷ്ടപ്പെടുന്നവർക്ക് മുത്ത് നബിയോട് സ്നേഹം രൂപപ്പെടുന്നത് അത്രമേൽ സ്വാഭാവികമായാണ് എന്ന് തന്നെ. വീണ്ടും, അതൊരു അനിവാര്യതയാണ്. നിൽക്കക്കള്ളിയില്ലാത്ത അവസ്ഥ.


പ്രപഞ്ച സ്രഷ്ടാവിനെ കുറിച്ച് ഒരു നിമിഷം പോലും ഓർക്കാത്തവർക്ക് തിരുനബിയെയും ഉൾകൊള്ളാൻ, പ്രേമിക്കാൻ സാധിക്കില്ല. നിർമാതാവിനെ അംഗീകരിക്കുകയും പ്രിയം വെക്കുകയും ചെയ്യാതെ ആത്മാർത്ഥമായി ഉത്പന്നത്തെ അംഗീകരിക്കാനും ഇഷ്ടപ്പെടാനും ഒക്കുമോ? ഒരിക്കലുമില്ല. മുത്ത് നബി നമ്മെ പഠിപ്പിച്ചതും അങ്ങനെ തന്നെയാണ്. തങ്ങളുടെ പ്രാർത്ഥനയിൽ കാണാം: അല്ലാഹുവേ നിന്റെ സ്നേഹവും നിന്നെ സ്നേഹിക്കുന്നവരുടെ സ്നേഹവും നിന്റെ സ്നേഹത്തിലേക്ക് അടുപ്പിക്കുന്ന കർമങ്ങളോടുള്ള സ്നേഹവും നിന്നോട് ഞാൻ ചോദിക്കുന്നു (തുർമുദി). എത്ര മനോഹരമാണ് ആ ചോദ്യം, പ്രാർത്ഥന. നാഥനോടും അവനെ സ്നേഹിക്കുന്നവരോടുമുള്ള തങ്ങളുടെ അടുപ്പത്തിന്റെ നീളവും വീതിയും ആഴവുമാണത്. ഒരിക്കൽ അബൂ സഈദിൽ ഖവ്വാസ് (റ) തിരുദൂതരെ സ്വപ്നത്തിൽ കണ്ടപ്പോൾ ഒരു ക്ഷമാപണം നടത്തി. അല്ലാഹുവുമായുള്ള പ്രണയത്തിൽ മതിമറന്ന് അങ്ങയെ സ്നേഹിക്കാൻ കഴിഞ്ഞില്ല എന്നതാണ് ക്ഷമാപണം. തിങ്കൾ അരുളി: ഓ മുബാറക്, അല്ലാഹുവിനെ സ്നേഹിച്ചവൻ എന്നെയും സ്നേഹിച്ചവനാണ് (രിസാലത്തുൽ ഖുശൈരിയ്യ). അല്ലാഹുവിനോടുള്ള സ്നേഹം ഭക്തിക്ക് പോലും ശക്തി പകരുന്ന തുടിപ്പാണ്. അതിന്റെ ഈർപ്പത്തിലാണ് തഖ്‌വ പോലും തഴച്ചു വളരുന്നത്. വിശ്വാസത്തിന്റെയും കർമത്തിന്റെയും കരുത്തും അതിനോട് ബന്ധപ്പെട്ടിരിക്കുന്നു. ഇഹ്സാനിൻ്റെ ഔന്നത്യത്തിലേക്ക് നയിക്കുന്ന ഇബാദത്തിന്റെ മാഹാത്മ്യം അതിലൂടെയാണ്. ഇഖ്ലാസിൽ ഊട്ടപ്പെട്ട ഹുബ്ബിൻറെ പ്രഭവം തന്നെയാണ് ഇഹപര വിജയത്തിലേക്കുള്ള മാർഗത്തെ നിർണയിക്കുന്നത്.


സത്യവിശ്വാസികൾക്ക് അല്ലാഹുവിനോട് അതിയായ സ്നേഹമാണുള്ളത്, എന്ന ഖുർആനിക തത്വം ഇലാഹിന്റെ ദാസന്മാരായ മനുഷ്യരിൽ സൃഷ്ടിക്കുന്ന അത്ഭുതവും ആഹ്ലാദവും അളവറ്റതാണ്. മുത്ത് നബി രാത്രി കഷ്ടപ്പെട്ട് നിന്ന് നിസ്കരിക്കുന്നതു കണ്ട ആഇശാ ബീവി, അങ്ങയുടെ മുൻ കഴിഞ്ഞതും വരാനിരിക്കുന്നതുമായ മുഴുവനും റബ്ബ് പൊറുത്തു നൽകിയതല്ലേ എന്ന ചോദിച്ചപ്പോൾ, ഞാനൊരു നന്ദിയുള്ള അടിമ ആവേണ്ടയോ എന്നാണ് തങ്ങൾ പ്രതിവചിച്ചത്. റബ്ബിലേക്ക് അടുക്കുന്നതും അവനെ ഓർക്കുന്നതും മുത്ത് നബിയെ സന്തോഷിപ്പിക്കാൻ നമുക്ക് ലഭിക്കുന്ന സുവർണാവസരമാണ്. റസൂലിനെ സ്നേഹിക്കുന്നതും വാഴ്ത്തുന്നതും അനുഗമിക്കുന്നതും അല്ലാഹുവിന്റെ തൃപ്തിക്ക് കാരണവുമാണ്. വിശ്വാസിയുടെ ഹൃദയം തഖ്‌വയുടെയും ഇഖ്ലാസിന്റെയും ഉത്തുംഗ സ്ഥാനം പ്രാപിക്കുമ്പോൾ അതിൽ സ്നേഹത്തിൻറെ ഉറവ പൊട്ടണം. സ്നേഹത്തിൽ കുതിർന്ന തഖ്‌വ വിശ്വാസത്തെയും കർമത്തെയും അത്യുൽകൃഷ്ടമായ അവസ്ഥാ വിശേഷത്തിലേക്ക് ഉയർത്തുന്നു. അവയിൽ മധുരം വിതറുന്നു. അവനോടുള്ള ഭയവും സ്നേഹവും സത്യ വിശ്വാസിയുടെ നേത്രങ്ങളെ ആർദ്രമാക്കുന്നു. പ്രാർത്ഥനയോടൊപ്പം ഉയർന്ന കൈകുമ്പിളിൽ അശ്രൂകണങ്ങൾ പതിക്കുമ്പോൾ അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഒന്നൊന്നായി വന്നു വീഴുന്നു. അവനെ ഓർത്തു കരയുന്ന കണ്ണുകൾക്ക് നരകസ്പർശം ഇല്ലെന്ന് നബി അരുളുന്നു. അല്ലാഹു അവന്റെ ഏറ്റവും മികച്ച സൃഷ്ടിയെയും, അവന്റെ റസൂൽ ഏകനായ അല്ലാഹുവിനെയും പരസ്പരം പറഞ്ഞു തന്ന്, നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു.


അല്ലാഹുവിൻറെ സ്നേഹം കരസ്ഥമാക്കാതെ വിശ്വാസിയുടെ ജീവിത ലക്ഷ്യം പൂർണമാവുകയില്ല. ഖുദ്‌സിയ്യായ ഹദീസ് കാണുക: ഒരു അടിമ എന്നോടൊരു ചാണടുത്താൽ അവനോട് ഞാൻ ഒരു മുഴമടുക്കും. അവനൊരു മുഴമടുത്താൽ അവനിലേക്ക് ഞാൻ രണ്ട് കൈദൂരമടുക്കും. എന്നിലേക്കവൻ നടന്നു വന്നാൽ ഞാൻ അവനിലേക്ക് ഓടിയെത്തും. അതിമഹത്തായ ആ അനുരാഗം കൈവരിക്കാനുള്ള മാർഗവും അവൻ തന്നെ നിർണയിച്ചു തന്നു. ഭൂമിയിൽ പരിപൂർണമായി പതിഞ്ഞ തിരുദൂതരുടെ പാദങ്ങളുടെ വ്യക്തമായ പാടുകൾ ശ്രദ്ധിച്ചും പിന്തുടർന്നും ജീവിക്കുക എന്നത് തന്നെയാണ് പോംവഴി. ആ നിത്യവിശുദ്ധിയെ അവഗണിച്ച് റബ്ബിലേക്ക് എത്തിച്ചേരാനാവില്ല.


അല്ലാഹുവല്ലാതെ ഒരു ആരാധനക്കർഹൻ ഇല്ലെന്ന് സാക്ഷ്യപ്പെടുത്തിയതിന്റെ തൊട്ടു പിറകെ മുസ്ലിം സാക്ഷ്യപ്പെടുത്തേണ്ടത് മുഹമ്മദ്‌ നബി അല്ലാഹുവിന്റെ തിരുദൂതരാണ് എന്ന വാസ്തവത്തെയാണ്. അവയിൽ ഒന്നാമത്തേത് രണ്ടാമത്തേതിനോടും, രണ്ടാമത്തേത് ഒന്നാമത്തേതിനോടും ഇഴുകിച്ചേർന്നാണ് നില നിൽക്കുന്നത്. ഈ മഹത്തായ പ്രാപഞ്ചിക പ്രമാണം ഭൂമിയുടെ എട്ട് ദിക്കിലുമുള്ള മസ്ജിദുകളുടെ മിനാരങ്ങളിലൂടെ പ്രതിധ്വനി കൊള്ളുമ്പോൾ ഉദാത്തമായ സ്നേഹത്തിന്റെ മന്ത്രമാണ് യഥാർത്ഥത്തിൽ പ്രകമ്പനം കൊള്ളുന്നത്.


സ്നേഹം വീർപ്പുമുട്ടലുകളുടെ ഒരു ലോകമാണ്. ആ ലോകത്തെ തുടിക്കുന്ന ഹൃദയങ്ങൾ പ്രേമഭാജനത്തിന് മുന്നിൽ അടിയറവ് പറയുന്നു. വിശ്വാസികൾക്ക് ഈ നാളുകളിൽ, നിന്നെ സ്നേഹിക്കുന്നവരുടെ സ്നേഹത്തെ നിന്നോട് ഞാൻ ചോദിക്കുന്നുവെന്ന തിരുനബിയുടെ പ്രാർത്ഥനയെ മനസ്സിൽ കുറിക്കാം. ശേഷം, സൃഷ്ടിയോടുള്ള പ്രേമം സ്രഷ്ടാവിനോടുള്ള ദിവ്യാനുരാഗത്തിന്റെ മധുരാനുഭൂതിയാകും വിധം അശ്റഫുൽ ഖൽഖിലേക്കുള്ള ഉത്കടമായ പ്രണയ സഞ്ചാരം നടത്താം.

Prophet
Islam

Related Posts

Loading