KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

അപരവൽക്കരണത്തിന്റെ ഭരണകൂട അതിക്രമങ്ങൾ

സാബിത്ത് ആവിലോറ

രാത്രി നിസ്കാരത്തിനും മരുന്ന് വാങ്ങുവാനും വേണ്ടി വീട്ടിൽ നിന്ന് പുറത്തിറങ്ങിയതായിരുന്നു ഓൾഡ് ഡൽഹിയിലെ സദാർ ബസാർ എന്ന ഗല്ലിയിൽ വസിക്കുന്ന ആമിർഖാൻ എന്ന യുവാവ്. ആളും ബഹളവും കുറഞ്ഞ ആ നിശാ നേരത്തെ ശീതകാല തണുപ്പിൽ വെളുത്ത ജിപ്സി വാഹനം കണ്ട ആമിറിന്റെ കാലടികൾക്ക് വേഗത കൂടി. പെട്ടെന്ന്, പിറകിൽ നിന്ന് ശക്തമായ തള്ളൽ. വീഴുംമുൻപ് രൂക്ഷമായി കാറിലേക്ക് വലിച്ചിട്ടു. കൈകൾ ബന്ദിയാക്കുകയും കണ്ണുകൾ മറക്കുകയും ചെയ്തു. ശേഷം, അവനെ ഒരു മുറിയിലേക്ക് കൊണ്ടു പോകുന്നു. വസ്ത്രങ്ങൾ അഴിച്ചു മാറ്റുന്നു. അസഭ്യം പുലമ്പുന്നു. തുടർദിനങ്ങളിൽ, തുടയുടെ മേൽ റോളറുകൾ വെച്ച് താഴോട്ടും മേലോട്ടും ഉരുട്ടൽ, ശ്വസം എടുക്കാൻ കഴിയാത്ത വിധം മൂക്കിലേക്കും വായിലേക്കും ശക്തമായി വെള്ളം ചീറ്റൽ, മലദ്വാരത്തിൽ പെട്രോൾ ഒഴിക്കൽ. ഇങ്ങനെ കണ്ണും ഹൃത്തും നനയ്ക്കുന്ന ക്രൂര ശിക്ഷകളുടെ നൈരന്തര്യം. 'വിശ്രമം'എന്നത് ആമിറിനെ സംബന്ധിച്ചിടത്തോളം അടുത്ത മർദ്ദനത്തിനുള്ള ഇടവേള മാത്രമായിരുന്നു.


നിരപരാധിയായിരിക്കെ തീവ്രവാദിയെന്ന് മുദ്ര കുത്തപ്പെടുകയും നീണ്ട 14 വർഷക്കാലം ഇന്ത്യൻ ശിക്ഷാവ്യവസ്ഥയുടെ ഇരുളടഞ്ഞ ഇടങ്ങളിൽ അത്യധികം സങ്കീർണതയോടെ കഴിയേണ്ടി വരികയും ചെയ്ത മുഹമ്മദ്‌ ആമിർ ഖാൻ എന്ന ഒരു സാധാരണ യുവാവിന്റെ ആത്മകഥയാണ് നന്ദിത ഹക്സറുമായി ചേർന്നെഴുതിയ 'Framed as a terrorist: My 14 year struggle to prove my innocence'. 2016 ൽ പ്രസിദ്ധപ്പെടുത്തിയ ഈ പുസ്തകത്തിന്റെ മലയാള വിവർത്തനമാണ് മിസ്അബ് മുസ്തഫ നൂറാനി പരിഭാഷപ്പെടുത്തിയ 'ടെററിസ്റ്റ്‘. ഓൾഡ് ഡൽഹിയിലെ ഇടവഴികളിൽ താമസിക്കുന്ന ഒരു മുസ്‌ലിം കുടുംബത്തിൽ പിറന്ന ആമിറിന്റെ വേദനാജനകമായ ജയിൽ ജീവിതം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ കുറിച്ചും ജയിലറകളെ കുറിച്ചുമുള്ള പച്ചയായ യാഥാർഥ്യം വരച്ചു കാട്ടുന്നു. ഭരണകൂട താത്പര്യങ്ങളുടെ ആയുധോപാധികളായി ജനാധിപത്യത്തിന് മേൽ കത്തി വെക്കുന്ന മുഖ്യധാരകളുടെ കുതന്ത്രബുദ്ധിയുടെ ഫലമെന്നോണം മറഞ്ഞു പോകുന്ന നിരപരാധികളുടെ അനേകം സ്ഥിതിഗതികളുടെ പ്രതിനിധാനമാണ് ഈ ആത്മകഥ.


ലോകതലത്തിൽ തന്നെയും കാലങ്ങളായി തുടരുന്ന ഒരു പ്രതിഭാസമായി ഇത്തരം സംഭവങ്ങളെ കരുതേണ്ടിയിരിക്കുന്നു. ആമിറിനെ പോലെ നീതി തേടി ക്ഷമയുടെ നെല്ലിപ്പടി കാണുന്നവർ അനവധിയാണ്. പല വിധേന മുഖ്യധാര ഇടങ്ങളിൽ ശ്രദ്ധ കിട്ടാതെ പോകുന്ന സമാനമായ ക്രിമിനൽ കൃത്യങ്ങളിലേക്കുള്ള എത്തിനോട്ടമാണ് ഈ സാഹചര്യത്തിൽ ഏറ്റവും പ്രധാനം.


മുസ്‌ലിംകൾ അപരരായി മാറുന്ന അല്ലെങ്കിൽ അങ്ങനെ ചമക്കപ്പെടുന്ന കാര്യത്തിൽ സമീപ കാലത്ത് വലിയ തോതിൽ വർധനവ് വന്നിരിക്കുന്നു. 'അപരൻ' എന്ന പദത്തിൽ തന്നെയും മാറ്റിനിർത്തലിന്റെ സ്വരമുണ്ട്. മുസ്‌ലിം സമൂഹം അരികുവത്കരിക്കപ്പെടുന്ന അപരരായി മാറുന്ന സംഭവങ്ങൾ, ലോകത്തെ പല വലത് ഭരണകൂടങ്ങൾ എടുക്കുന്ന തീരുമാനങ്ങളിൽ നിന്നും വ്യക്തമാണ്.


ലോകത്ത് വർധിച്ചു വരുന്ന മുസ്‌ലിം തടവുകാരെ കുറിച്ചുള്ള ചർച്ചകൾ ഇന്ന് സജീവമാണ്. ഇതിൽ പലരും യഥാർഥ കുറ്റവാളികളല്ലെന്നതിനു പുറമെ പലരും വിചാരണ ചെയ്യപ്പെടാതെ കാലം കഴിക്കുകയാണ്. ആമിർഖാനെ ഇത്രമേൽ ശിക്ഷിക്കാൻ ക്രിമിനലുകൾക്ക് പ്രേരണയായി മാറിയതിൽ പ്രധാനപ്പെട്ട ഒരു നിമിത്തം മുസ്ലിം വെറുപ്പാണ്. വിദ്വേഷവും കെട്ടിച്ചമച്ച മുൻവിധികളുമാണ് ഇതിന് പ്രധാന ഹേതുകം. ഇന്ത്യയിലെയും പാശ്ചാത്യൻ രാജ്യങ്ങളിലെയും ജയിലറകളിൽ രാത്രികഴിക്കുന്നവരിൽ വലിയൊരു വിഭാഗം മുസ്ലിംകളാണ്. കൂടുതലും വ്യാജ തീവ്രവാദ കേസുകൾ ചമക്കപ്പെട്ടവർ. പ്രിസൺ പോപുലേഷൻ സ്റ്റാറ്റിസ്റ്റിക്സിന്റെ 2024 ലെ റിപ്പോർട്ട് അനുസരിച്ച്, ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടുന്ന ബ്രിട്ടീഷ് ജയിലുകളിലെ മുസ്ലിം ബന്ദികളുടെ എണ്ണം 15,909 ആണ്. 2012 ൽ ഇത് 11,248 ആയിരുന്നു എന്നോർക്കണം. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) പുറത്തുവിട്ട 'പ്രിസൺ സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യ' (PSI) റിപ്പോർട്ടുകൾ പ്രകാരം 2023 ൽ ഇന്ത്യൻ ജയിലുകളിലെ മൊത്തം ജനസംഖ്യ 5,54,034 ആണ്. ഇതിൽ മുസ്ലിംകളുടെ അനുപാതം ഏകദേശം 17.7% കോടതി വിചാരണ ചെയ്യാൻ കാത്തിരിക്കുന്നവരാണ്. ഏകദേശം 69,000-ത്തിലധികം പേർ.


ഉമർഖാലിദിലേക്ക് വരാം. പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളുടെ അനന്തരഫലമായി ഭരണകൂട വേട്ടക്കിരയാവുകയും ഒടുവിൽ യു. എ. പി. എ ചുമത്തപ്പെട്ട് ജയിലിൽ അടക്കപ്പെടുകയും ചെയ്ത സ്റ്റുഡന്റ് ആക്ടിവിസ്റ്റ്. അഞ്ചു വർഷങ്ങൾക്കിപ്പുറം താൻ എഴുതിയ ലേഖനത്തിൽ നിന്നും കുറഞ്ഞ വരികൾ ഇവിടെ ചേർക്കുന്നു: പ്രതീക്ഷ എന്ന വാക്ക് എന്നെ ഭയപ്പെടുത്തുന്നു. ഞാൻ പണ്ടത്തെ പോലെ ഒരു ശുഭാപ്തി വിശ്വാസിയല്ല. ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ് കാരണം. അഞ്ച് വർഷമാകുന്നു. ഒരു പതിറ്റാണ്ടിന്റെ പകുതി. ഒരാൾക്ക് തന്റെ PhD പൂർത്തിയാക്കി ജോലി നേടാവുന്നത്ര സമയം. പ്രണയിക്കാനും വിവാഹം കഴിക്കാനും കുടുംബമുണ്ടാക്കാനുമുള്ളത്ര സമയം. ഗാസയിലെ വംശഹത്യയെ നോർമലൈസ് ചെയ്യാൻ വേണ്ടത്ര സമയം. പക്ഷെ, ഞങ്ങളെ മോചിപ്പിക്കാൻ സമയമായോ...? " ഇപ്പോഴും ജാമ്യം നിഷേധിച്ചു കൊണ്ടിരിക്കുന്ന ഈ കേസ് ഇത്ര മേൽ നീണ്ടു പോകാൻ കാരണമെന്താണ്? ഹിന്ദുത്വ വർഗീയതയുടെ മൂർച്ചയേറിയതും എന്നാൽ സങ്കല്പത്തിനൊത്ത് വികാസം പ്രാപിക്കാതെ പോവുകയും ചെയ്ത ഒന്നാണല്ലോ 2019 ൽ പ്രാബല്യത്തിൽ വന്ന പൗരത്വ ഭേദഗതി ബില്ല് (citizenship amendment act). ഇതുകൊണ്ട് പ്രത്യേകിച്ചും മുസ്‌ലിം സമുദായത്തെയാണ് ഭരണകൂടം ഉന്നം വെച്ചത്. ഈ ആക്റ്റിനെതിരെ ജനാധിപത്യപരമായ പ്രതിരോധം തീർത്തവരെ പോലും ക്രൂരമായി മർദ്ധിക്കുകയായിരുന്നു അധികാരികൾ. 2020 ഫെബ്രുവരി 23 നും 29 നും ഇടയിൽ CAA വിരുദ്ധ സമരക്കാർക്ക് നേരെ നോർത്ത് ഈസ്റ്റ് ഡൽഹിയിൽ അക്രമം അഴിച്ചു വിട്ടു. മുസ്‌ലിം വിഭാഗത്തെയും ആക്ടിവിസ്റ്റുകളെയും ടാർഗറ്റ് ചെയ്തുള്ള ആക്രമണത്തിൽ 53 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക ഡാറ്റ. ഇതിൽ ഭൂരിഭാഗവും മുസ്‌ലിംകൾ ആയിരുന്നു.


ഡൽഹി യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ ആയിരുന്ന ഹനി ബാബുവിനെതിരെ മാവോയിസ്റ്റ് ആരോപണം നടത്തി ജയിലിൽ അകത്താക്കിയതിൽ ഹിന്ദുത്വ അജണ്ടയല്ലാതെ മറ്റെന്താണ്? പൊലീസ് നടത്തിയ വീട് റൈഡിൽ ലാപ്ടോപ്പ് പിടിച്ചടക്കുകയും 63 ഡോക്യൂമെന്റുകൾ കൃത്രിമമായി നിർമിച്ചെടുക്കുകയുമായിരുന്നു. അവർക്ക് ഹാഷ് വാല്യൂ, ക്ലോൺ (ലാപ്ടോപ് പിടിച്ചടക്കുമ്പോൾ ഉള്ള ഡോക്യുമെന്റ്) പോലും നൽകപ്പെട്ടിട്ടുണ്ടായിരുന്നില്ല. ഹനി ബാബുവിന്റെ ഭാര്യ ഡോ. ജെന്നി റൊവീനയോടുള്ള ചോദ്യം മതവർഗീയതയുടെ വിഷം തുപ്പുന്നതായിരുന്നു. ബാബു മുസ്‌ലിം ആണല്ലേ... നിങ്ങൾ എന്തിനാണ് മുസ്ലിമിനെ വിവാഹം കഴിച്ചത്? നിങ്ങൾ കേരളത്തിൽ നിന്നാണോ... കേരളത്തിൽ മുസ്ലിംകൾ ബീഫ് വെട്ടി റോട്ടിൽ ഇടും. ഹിന്ദുക്കളെ പ്രയാസപ്പെടുത്താൻ വേണ്ടിയാണത്. ഇത്തരത്തിലുള്ള കാര്യങ്ങൾ പൊലീസ് മേഖേന അവർ നേരിട്ടു കൊണ്ടിരുന്നു.


അധികാരികളുടെ ഗുണ്ടായിസമാണ് പുസ്തകം അന്വേഷണ വിധേയമാക്കുന്ന മറ്റൊരു പ്രശ്നം. ഇറോം ശർമിളയെ ഓർക്കുന്നുണ്ടോ? മണിപ്പൂരിലെ പട്ടാള നിയമമായ AFSPA യ്ക്കെതിരെ നീണ്ട 16 വർഷക്കാലം നിരാഹാരസമരത്തിലൂടെ പോരാടിയ ധീര വനിത. അവർ നിരാഹാരം അവസാനിപ്പിച്ചു. പക്ഷെ, AFSPA എന്ന കരിനിയമം പിൻവലിച്ചില്ല. ആഭ്യന്തര സംഘർഷങ്ങൾ മൂർച്ഛിച്ച സംസ്ഥാനങ്ങളെ സഹായിക്കുക എന്ന ഉദ്ദേശ്യം മുന്നിൽ നീട്ടി കൊണ്ടുവന്ന ഈ നിയമം സൈന്യത്തിന് അസാധാരണമായ അധികാരങ്ങളാണ് സമ്മാനിച്ചത്. ഈ നിയമം കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ടു. സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടു. രാജ്യം സൈന്യത്തിന് വകവെച്ചു നൽകുന്നതു പോലെ പൊലീസ് സംവിധാനത്തിനും പ്രത്യക്ഷമായും പരോക്ഷമായും കൂടുതൽ ദുരുപയോഗം ചെയ്യുന്നതിന് ഉതകും വിധമുള്ള അവകാശങ്ങൾ നൽകുന്നു. കൂടുതലായി ദുർബല മനുഷ്യരാണ് ഇത്തരം കൊടും ക്രൂരതകൾക്കിരയാവുന്നത്. പടിഞ്ഞാറൻ സംസ്ഥാനമായ ഗുജറാത്തിലെ ഒരു ചേരിയിൽ പോലീസ് ഇരച്ചുകയറുകയും 65 വയസ്സുള്ള ഹിര ബജാനിയ എന്നവരെ രാത്രിയുടെ ഇരുളിൽ, വലിച്ചിഴച്ച് അടുത്തുള്ള ഒരു പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, മറ്റ് 11 പുരുഷന്മാരോടൊപ്പം മൊബൈൽ ഫോണുകൾ മോഷ്ടിച്ചതായി ആരോപിച്ച സംഭവം ഓർക്കൂ. ഒരു ദിവസം പുലർന്നപ്പോൾ, പുരുഷന്മാരെ ഓരോരുത്തരെയായി അവരുടെ സെല്ലിൽ നിന്ന് 30 മിനിറ്റ് വരെ ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോയി എന്ന് പിന്നീട് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. സി. എൻ. എൻ അവരെ കണ്ടു. അവരെ ബന്ദിയാക്കി, വസ്ത്രം മാറ്റി, മർദിച്ചു, അധിക്ഷേപിച്ചു, കൂട്ടത്തിലെ രണ്ടുപേർ പറയുന്നതനുസരിച്ച്, ലൈംഗികമായി പീഡിപ്പിച്ചു, കുറ്റസമ്മതം നടത്താൻ പറഞ്ഞു. പലരും എഴുന്നേൽക്കാനോ ഇരിക്കാനോ കഴിയാതെ മുടന്തനായി സെല്ലിലേക്ക് മടങ്ങിയതായി പുരുഷന്മാരിൽ പലരും വിവരിച്ചു. എല്ലാവരും കുറ്റം നിഷേധിക്കുകയാണുണ്ടായത്. ഹിരയും മറ്റുള്ളവരും നാറ്റ് ബജാനിയ ജാതിയിൽ നിന്നുള്ളവരാണ്. 1800-കളിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണാധികാരികൾ നിയമപരമായി 'ക്രിമിനൽ ഗോത്രം' എന്ന് വർഗ്ഗീകരിച്ച ഒരു പിന്നാക്ക സമുദായമായിരുന്നു ഇത്. ആ ലേബൽ മുഴുവൻ ജനസംഖ്യാശാസ്‌ത്രക്കാരെയും പതിവ് കുറ്റവാളികളായി മുദ്രകുത്തി. തനിക്കും മറ്റുള്ളവർക്കും മോഷണത്തിന്റെ ക്രിമിനൽ റെക്കോർഡുകൾ ഇല്ലെന്ന് ശങ്കർ ബജാനിയ പറയുന്നു.


"ദരിദ്രർ എളുപ്പത്തിൽ പിടിക്കപ്പെടുന്ന ഇരകളാണ്. പോലീസിനെ സംബന്ധിച്ചിടത്തോളം, ദരിദ്രരുടെ പീഡനമോ മരണമോ ഒരു ഫലവും ഉണ്ടാക്കുന്നില്ല," തമിഴ്‌നാട്ടിലെ പിന്നാക്കം നിൽക്കുന്ന സമൂഹങ്ങൾക്കിടയിൽ കസ്റ്റഡി അതിക്രമത്തിന് ഇരയായവർക്ക് വേണ്ടി പ്രവർത്തിക്കുന്ന വിറ്റ്‌നസ് ഫോർ ജസ്റ്റിസിലെ അംഗവും അഭിഭാഷകനുമായ ഐ. പാണ്ഡ്യൻ പറയുന്ന കാര്യമാണിത്.


കേരള പോലീസിലേക്ക് വരുമ്പോൾ, സ്റ്റേഷനുകളിൽ വെച്ചും കസ്റ്റഡിയിലും പ്രതികൾ മരിക്കുന്ന സംഭവങ്ങൾ നിരന്തരമായി ഉണ്ടാകുന്നു. ശ്രീജിത്ത്, വിനായകൻ, കസ്റ്റംസ് ഉദ്യോഗസ്ഥൻ ഷാജഹാൻ എന്നിങ്ങനെ നിരവധിയായ യുവാക്കൾ കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് കേരള പോലീസിന്റെ ക്രൂരതയുടെ പ്രത്യക്ഷ രേഖകളാണ്. സംശയത്തിന്റെ പേരിൽ കസ്റ്റഡിയിലെടുക്കുന്ന ഒരാളുടെ ജീവന് സംരക്ഷണം നൽകേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണ്. എന്നാൽ, മിക്കപ്പോഴും ലോക്കപ്പ് മർദനങ്ങളാണ് ഇത്തരം മരണങ്ങളിലേക്ക് നയിക്കുന്നത്.


സിനിമാറ്റിക് സ്റ്റീരിയോ ടൈപ്പുകളിൽ മികച്ചതും രുചികരവുമായ ഭക്ഷണവിഭവങ്ങൾ വിളമ്പുന്ന ചിത്രങ്ങൾ മാത്രം വെളിച്ചത്താക്കുകയും വിചാരണ ചെയ്യപ്പെടാതെ മറകൾക്കുള്ളിൽ കൊല്ലം തീർക്കേണ്ടി വരുന്ന ആയിരങ്ങളെ കുറിച്ചുള്ള ആലോചനകളെ മറവിലാക്കുകയും ചെയ്യുന്ന പ്രവണതക്കെതിരെയുള്ള ശക്തമായ പ്രതികരണമെന്ന നിലയിൽ ഇതിനെ വായിക്കാം. ഒരു 'തുറന്നു പറച്ചിൽ' ശൈലിയാണ് ഈ പുസ്തകത്തിന്. പലവിധ വൈകാരികതകൾ പ്രത്യക്ഷപ്പെട്ടു പോകുന്ന വായനയിൽ ഏറ്റവും നീറ്റലുളവാക്കുന്ന രംഗം ആമിർ മർദ്ധിക്കപ്പെടുന്ന മുഹൂർത്തങ്ങളാണ്. പല നോവലുകളിലും കൊണ്ടു വരുന്നതു പോലെ, മാതാപിതാക്കൾ - മക്കൾ ബന്ധം ഇവിടെയും ഊഷ്മളമായി നിലനിൽക്കുന്നു.


വിഷയത്തിന്റെ സമഗ്രത അറിയിക്കുന്ന രൂപത്തിൽ ആത്മകഥയോടൊപ്പം പുസ്തകത്തെ അധികരിച്ചെഴുതിയ ഹർഷ് മന്ദർ, രാം പുനിയാനി തുടങ്ങിയ ആക്റ്റിവിസ്റ്റുകളുടെ കുറിപ്പുകൾ മലയാള വിവർത്തനത്തിൽ ഉൾപെടുത്തിയത് കേമമായി. ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ ആത്മകഥ കൂടുതൽ വായന ആവശ്യപ്പെടുന്ന ഒരു കൃതിയാണ്. പുസ്തകത്തിന്റെ മലയാള വിവർത്തനം ഐ പി ബി ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില: 310

Book Review

Related Posts

Loading