KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

അവാലി; പ്രവാചകരിലേക്കുള്ള പരമ്പരയുടെ വഴിദൂരങ്ങൾ

ബാസിത് ഹംസ നൂറാനി

മരണത്തിന്റെ അവസാന സമയങ്ങളിൽ ബാഗ്ദാദിലെ പ്രമുഖ ഹദീസ് പണ്ഡിതനായ യഹ്‌യ ബ്നു മഈനോട് (ഹി.158-233) ചോദിക്കുകയുണ്ടായി :- അവസാനമായി വല്ല ആഗ്രഹങ്ങളും പ്രത്യേകം മനസ്സിൽ കരുതുന്നുണ്ടോ? അദ്ദേഹം പ്രതിവചിച്ചു "വിജനമായ വാസസ്ഥലവും ആലിയായ സനദും. ഒരു നാട്ടിലെ അവാലികളും പ്രധാന ഹദീസുകളും നേടിയാൽ നിങ്ങൾ അടുത്ത വഴിദൂരങ്ങളിലേക്ക് യാത്രയാവുക". ഇബ്നു സ്വലാഹ് തന്റെ മുഖദ്ദിമയിൽ നടത്തിയ പരാമർശമാണിത്. ആലിയായ സനദ് അഥവാ എണ്ണം ചുരുങ്ങിയ നിവേദകരിലൂടെ നബി തങ്ങളിലേക്ക് ചേർക്കപ്പെടുന്ന ഹദീസിൽ കണ്ണിയാകുന്നതിനാണ് 'സനദുൻ/ഇസ്നാദുൻ ആലിൻ' എന്ന് പറയുന്നത്. ആലി എന്നതിന്റെ ബഹുവചനമാണ് അവാലി. പിൽക്കാലത്ത് ഇത്തരം ആലിയായ ഹദീസുകളുടെ സമാഹാരങ്ങൾ 'അവാലി' എന്ന പേരിലറിയപ്പെട്ടു.


ഹിജ്റ മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ തങ്ങൾക്ക് ലഭ്യമായ അപൂർവമായ ഹദീസുകളും സ്വന്തം ശേഖരങ്ങളും പ്രധാന തിരു വചനങ്ങളും പ്രത്യേകം തിരഞ്ഞെടുത്ത് കൊണ്ട് ഹദീസ് പണ്ഡിതർ സമാഹരിച്ചിരുന്നു. ആദ്യ കാലത്ത് ഇത്തരം സമാഹാരങ്ങളെ 'മുൻതഖബ്', 'മുൻതഖ' തുടങ്ങിയ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. എങ്കിലും അന്ന് സമാഹാരത്തിന്റെ പ്രേരകങ്ങൾ വ്യത്യസ്തമായിരുന്നു. എന്നാൽ ക്രോഡീകരണാനന്തരം നിവേദക ശൃംഖലയുടെ വഴിദൂരങ്ങളെ അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുത്ത ഹദീസ് സമാഹാരങ്ങൾ മുഹദ്ദിസുകളുടെ പ്രാഥമിക പരിഗണനയിലുൾപ്പെട്ടു. ഹിജ്റ നാലാം നൂറ്റാണ്ടോട് കൂടെ ഈ പ്രവണത അധികരിക്കുകയും 'അവാലി' എന്ന പുതിയ ഹദീസ് ശാഖക്ക് ജന്മം നൽകുകയും ചെയ്തു. നാൽപത് ഹദീസുകളുടെ സമാഹാരം പോലെ ഒരു നിവേദകന്റെ പ്രഥമപ്രധാനമായ ഹദീസുകളുടെ ശേഖരമായിരുന്നു അവാലി. അവാലി ശാഖക്ക് കീഴിൽ കാലങ്ങളിലായി പല ഉപശാഖകളും നിലവിൽ വന്നിട്ടുണ്ട്. നേരത്തേ നാൽപത് ഹദീസുകളുടെ (അർബഊന ഹദീസ്) സമാഹാരങ്ങളിൽ എണ്ണം അടിസ്ഥാനപ്പെടുത്തി പല ഉപശാഖകളും പരിചയപ്പെടുത്തിയിരുന്നല്ലോ. അവാലി യിലും അത്തരം ഉപശാഖകൾ ദർശിക്കാവുന്നതാണ്. കൂടാതെ ചെറിയ ഇസ്നാദ് പ്രത്യേക നിബന്ധനകൾ പൂർത്തിയാക്കിയാൽ അബ്ദാൽ, മുവാഫഖാത് എന്നെല്ലാം തുടങ്ങി വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നു. നാൽപത് ഹദീസ് സമാഹാരങ്ങളുടെ വലിപ്പത്തിൽ നിന്ന് വ്യത്യസ്തമായി ഓരോ ശേഖരങ്ങളുടെയും സ്വഭാവമനുസരിച്ച് അവാലികളുടെ വണ്ണവും മാറിക്കൊണ്ടിരിക്കും. ഇബ്നു തൂലൂനിന്റെ അവാലിയിൽ കേവലം പത്ത് ഹദീസുകൾ മാത്രമാണ് ഉൾകൊള്ളിച്ചിട്ടുള്ളത്. അതേസമയം ഇബ്നു അസാക്കിറിന്റെ 'അവാലി മാലിക്കും' സാഹിർ ബ്നു ത്വാഹിറിന്റെ 'അവാലി ബ്നു ഖുസൈമ' യും അമ്പതും മുപ്പതും വാള്യങ്ങളിലായി വലിയ ശേഖരങ്ങളായി നിലനിൽക്കുന്നു. എങ്കിലും പൊതുവേ വണ്ണം കുറഞ്ഞ സമാഹാരങ്ങളാണ് കൂടുതലായി എഴുതപ്പെട്ടിട്ടുള്ളത്.


താരീഖു ബാഗ്ദാദിൽ പ്രമുഖ ഹദീസ് പണ്ഡിതനും ചരിത്രകാരനുമായ ഖതീബ് അൽ ബാഗ്ദാദി ഒരു ഉപകഥ പങ്കുവെക്കുന്നുണ്ട്. മുസ്ലിം മധ്യകാലഘട്ടത്തിൽ ഉടലെടുത്ത സൻഞ്ച് കലാപത്തിന്റെ സമയത്ത് ദക്ഷിണ ഇറാഖിൽ നിന്ന് ഒരു വലിയ ചാക്കും ചുമന്ന് പാലായനം ചെയ്യുന്ന മുഹമ്മദ് ബിൻ അബ്ബാസ് അൽ ഖാദിമി എന്ന ഹദീസ് പണ്ഡിതനെ കുറിച്ചാണ് ഖതീബുൽ ബാഗ്ദാദി വിവരിക്കുന്നത്. അദ്ദേഹത്തോട് താനെന്താണ് ചുമന്നു കൊണ്ടിരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പ്രതിവചിച്ചു :"ഇത് നന്മയുടെ ചുമടാണ്. ഇത് എന്റെ അവാലി ഹദീസ് സമാഹാരങ്ങളാണ്." ഹിജ്റ മൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നടന്നിട്ടുള്ള ഈ സംഭവം അക്കാലത്ത് തന്നെ അവാലി ഹദീസ് സമാഹാരങ്ങൾ ഒരു പ്രത്യേക ശാഖയായി രൂപം കൊണ്ടിരുന്നു എന്നതിന്റെ അടയാളങ്ങളാണ്. ഹിജ്റ നാലാം നൂറ്റാണ്ടിലെ പ്രസിദ്ധമായ അവാലി സമാഹാരമാണ് ബാഗ്ദാദിലെ ഹദീസ് പണ്ഡിതനായ അബൂബക്കർ അൽ ഖതീഇയ്യിയുടെ "ഖതീഇയ്യാത്" എന്ന അഞ്ചു വാള്യങ്ങളുള്ള സമാഹാരം. പ്രമുഖ മുസ്ലിം ചരിത്രകാരനായ ഇമാം ദഹബി പറയുന്നതായി കാണാം :" ഖതീഇയ്യാത് പോലെയുള്ള സമാഹാരങ്ങളിലെ ഹദീസുകൾ കേൾക്കാൻ കഴിയാത്ത ഹദീസ് പണ്ഡിതർ മുഹദ്ദിസുകളുടെ ശ്രേണിയിൽ രണ്ട് പടി താഴെയായി ക്രമീകരിക്കപ്പെടാൻ കാരണമാകുന്നതാണ്. അത്തരത്തിൽ ഹിജ്റ ഒമ്പതാം നൂറ്റാണ്ട് വരെ ഖതീഇയ്യാത് പിൽക്കാല പണ്ഡിത വ്യവഹാരങ്ങളിലും വലിയ പ്രാധാന്യത്തോടെ കണ്ട് പോന്നിരുന്നു. ആദ്യകാലങ്ങളിൽ സ്വന്തം ഹദീസ് സമാഹാരങ്ങളിൽ നിന്നാണ് ഇത്തരം അവാലി ശേഖരങ്ങൾ ഹദീസ് പണ്ഡിതർ തിരഞ്ഞെടുത്തിരുന്നതെങ്കിലും പിന്നീട് മറ്റു ഹദീസ് പണ്ഡിതരുടെ ശേഖരങ്ങളിൽ നിന്നും അവാലികൾ സമാഹരിച്ചതായി കാണാം.


മദീനയിലെ ഇമാമും പ്രമുഖ പണ്ഡിതനുമായ ഇമാം മാലിക് (റ) വാണ് ഈ ഉപശാഖയിൽ വളരെ പ്രാധാന്യം കൽപ്പിക്കപ്പെടുന്ന വ്യക്തിത്വം. ഹിജ്റ നാലാം നൂറ്റാണ്ടിലെ പണ്ഡിതനായ അൽ ഹാക്കിം അൽ കബീറാണ് ഇമാം മാലിക് (റ) വിന്റെ അവാലി ആദ്യമായി ക്രോഡീകരിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ സമകാലികനായ അബൂ അബ്ദുള്ളാ അൽ ഹാക്കിം എന്നവർ മറ്റൊരു മാലിക് (റ) ന്റെ മറ്റൊരു അവാലിയും രചിച്ചു. മറ്റു പ്രസിദ്ധമായ ഇമാം മാലിക്കിന്റെ അവാലികളാണ് അഞ്ചാം നൂറ്റാണ്ടിലെ സാലിം ബ്നു അയ്യൂബ് അൽ റാസി എഴുതിയ അവാലിയും ആറാം നൂറ്റാണ്ടിലെ ഇബ്നു അസാക്കിറിന്റെ അവാലിയും.


പിന്നീട് അതൊരു സംസ്കാരമായി മുസ്ലിം ലോകത്ത് വികസിച്ചു വന്നു. ആദ്യ കാല ഹദീസ് ഗ്രന്ഥങ്ങളുടെ അവാലി സമാഹാരങ്ങൾക്ക് പുറമേ പിന്നീട് പിൽക്കാല രചനകളായ ഇമാം ബുഖാരി, ഇമാം മുസ്‌ലിം തുടങ്ങിയവരുടെ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയും അവാലികൾ വന്ന് തുടങ്ങി.


സുലാസിയ്യാതുൽ ബുഖാരി

മുസ്‌ലിം ധൈഷണിക പാരമ്പര്യത്തിൽ ഹദീസ് മേഖലയിലെ എക്കാലത്തെയും മികച്ച സംഭാവനയായ ഇമാം ബുഖാരി (റ) വിന്റെ സ്വഹീഹുൽ ബുഖാരിയെ ആസ്പദമാക്കിയും ധാരാളം അവാലികൾ രചിക്കപ്പെട്ടു. ഇമാം ബുഖാരി (റ)വിനും നബി തങ്ങൾക്കും ഇടയിൽ മൂന്ന് നിവേദകർ മാത്രമുള്ള ഹദീസുകളാണ് സ്വഹീഹുൽ ബുഖാരിയിലെ ഏറ്റവും ആലിയായ ഇസ്നാദ്. 'സുലാസിയ്യാതുൽ ബുഖാരി' എന്ന പേരിൽ വിശ്രുതമായ ഈ ആലിയായ സനദുകളുള്ള ഹദീസുകളെ മാത്രം സമാഹരിച്ചാൽ ഏകദേശം ഇരുപത്തി രണ്ടോളം ഹദീസുകൾ നമുക്ക് കാണാൻ സാധിക്കും. അതേ സമയം ഇമാം മുസ്ലിമിന്റെ സ്വഹീഹിൽ ഏറ്റവും ആലിയായ ഇസ്നാദ് നാല് നിവേദകരിലൂടെ നബി തങ്ങളിലേക്കെത്തുന്ന ഹദീസുകളാണ്. അതിനാൽ തന്നെ, ഇത്രയും സുലാസിയ്യാത് സ്വിഹാഹുകളിൽ ഒരുമിച്ച് കൂട്ടിയത് സ്വഹീഹുൽ ബുഖാരിയുടെ മാത്രം പ്രത്യേകതയാണ്. സുനനു ഇബ്നു മാജയിൽ മൂന്ന് സുലാസിയ്യാതും ഇമാം തുർമുദിയുടെ ജാമിഇൽ ഒരു സുലാസിയ്യാതും മാത്രമാണുള്ളത്. എന്നാൽ സുനനു അബൂ ദാവൂദിലോ സുനനു നസാഇയിലോ ഒരൊറ്റ സുലാസിയ്യാത് പോലും ഉദ്ധരിച്ചിട്ടില്ല.


സ്വഹീഹുൽ ബുഖാരിയിലെ സുലാസിയ്യായ ഹദീസുകളുടെ കൈമാറ്റം വലിയ പ്രാധാന്യത്തോടെ മുസ്ലിം പണ്ഡിതർ കൊണ്ടുനടന്നു. നബി തങ്ങളിലേക്ക് ഏറ്റവും അടുത്തിടപഴകാൻ ഒരു അവസരമായി ഇത്തരം സനദുകളെ ഹദീസ് സ്നേഹികൾ ഉപയോഗപ്പെടുത്തി. ഹിജ്റ ഏഴാം നൂറ്റാണ്ടിലെ കുർദിഷ് പണ്ഡിതനായ ഇബ്നു അസീർ പറയുന്നതായി കാണാം." ഞങ്ങളുടെ കാലത്ത് നബി തങ്ങളിലേക്ക് ഏറ്റവും ദൂരം കുറഞ്ഞ അവലംബ യോഗമായ വഴി ഇമാം ബുഖാരിയുടെ സുലാസിയ്യാത് വഴി വെറും എട്ട് നിവേദകർ മാത്രമുള്ള ഹദീസുകളാണ്". ഹദീസ് തേടി ദേശങ്ങളിലൂടെ സഞ്ചരിച്ച പല മുഹദ്ദിസുകളും സുലാസിയ്യാതുകളെ പ്രത്യേകം പരിഗണിച്ചിരുന്നതായി കാണാം. ഹിജ്റ എട്ടാം നൂറ്റാണ്ടിലെ അന്തലൂസിയൻ ഹദീസ് പണ്ഡിതനും യാത്രികനുമായ അൽ തുജീബി കിഴക്കൻ രാജ്യങ്ങളിലൂടെ താൻ നടത്തിയ യാത്രകൾക്കിടയിൽ ഒരുപാട് പേരിൽ നിന്നായി ഒരുമിച്ച് കൂട്ടിയ സുലാസിയ്യാതുകളെ കുറിച്ച് വിവരിക്കുന്നുണ്ട്. കൂടാതെ, മക്കയിലും മദീനയിലും വെച്ച് തങ്ങളുടെ തീർത്ഥാടന യാത്രകൾക്കിടെ മുഹദ്ദിസുകൾ സുലാസിയ്യായ ഹദീസുകൾ കൈവശമുള്ള ഹദീസ് പണ്ഡിതരെ പരതി നടക്കാറുണ്ട്. ഹിജ്റ ഏഴാം നൂറ്റാണ്ടിലെ പണ്ഡിതനായ ഇബ്നു റാഷിദ് അൽ ഫിഹ് രി ഇത്തരം കേന്ദ്രങ്ങളിൽ വെച്ച് ഒരുപാട് പേർക്ക് സുലാസിയ്യാത് കൈമാറിയതായി കാണാം. ഹദീസ് പഠനത്തിൽ വലിയ സ്വാധീനം ചെലുത്തിയ ഹിജ്റ മൂന്നാം നൂറ്റാണ്ടിലെ ഈജിപ്ഷ്യൻ പണ്ഡിതൻ ഹാഫിള് അൽ ഇറാഖിയും മകനും മസ്ജിദുൽ ഹറാമിന് ഉള്ളിൽ വെച്ച് ഇബ്രാഹീം ബ്നു യഹ്‌യ അ-സൻഹജി എന്ന പണ്ഡിതനിൽ നിന്ന് സുലാസിയ്യാത് സ്വീകരിച്ചതായി അദ്ദേഹം വിവരിക്കുന്നുണ്ട്.


സുലാസിയ്യാത് സമാഹാരങ്ങൾക്ക് വ്യാഖ്യാന ഗ്രന്ഥങ്ങളായി പിൽകാലഘട്ടത്തിൽ ധാരാളം രചനകൾ ഉടലെടുക്കുകയുണ്ടായി. ക്രോഡീകരണാനന്തര സാഹിതീയ വികാസങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയ ഇത്തരം കൃതികൾ ഹിജ്റ ഒമ്പതാം നൂറ്റാണ്ടിലാണ് ആദ്യമായി എഴുതപ്പെട്ടത്. ഈജിപ്ഷൻ പണ്ഡിതരായ ഇബ്നു ഹജറുൽ അസ്ഖലാനിയും ശിഹാബുദ്ധീൻ അഹ്മദും ഇന്ത്യൻ പണ്ഡിതരായ അബ്ദുൽ ബാസിത് അൽ ഖനൂജിയും സാദിഖ് ഹസൻ ഖാനും മൊറോക്കൻ പണ്ഡിതനായ അബ്ദുൽ ഹയ്യ് അൽ കത്താനിയും ഇത്തരം സുലാസിയ്യാതുകൾക്ക് വ്യാഖ്യാനങ്ങൾ രചിച്ചിട്ടുണ്ട്. പിൽക്കാലത്ത് ധാരാളം നിബന്ധനകൾ അടിസ്ഥാനപ്പെടുത്തി വ്യത്യസ്തങ്ങളായ അവാലി സമാഹാരങ്ങൾ നിലവിൽ വന്നിട്ടുണ്ടെങ്കിലും സുലാസിയ്യാതുൽ ബുഖാരി മുസ്ലിം പണ്ഡിതർ തങ്ങളുടെ ഒരു സ്വകാര്യ അഹങ്കാരമായി കണ്ടു പോന്നു.

Religion
Prophet
Hadith Literature

Related Posts

Loading