KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

ബഷീർ: ഒരു തനിനാടൻ കോസ്മൊപോളിറ്റൻ

മുബഷിർ. എം

'ഉപ്പൂപ്പാന്റെ കുയ്യാനകൾ'. 1990 ൽ മലയാള നിരൂപണ സാഹിത്യ മേഖലയിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഒരു വിമർശന പുസ്തകം. എ. ബി. രഘുനാഥൻ നായർ എഴുതിയ ഈ പുസ്തകത്തിന്റെ ഒരേയൊരു വിമർശന പാത്രം വൈക്കം മുഹമ്മദ് ബഷീറായിരുന്നു എന്നത് മാത്രമായിരുന്നു പ്രസ്തുത പുസ്തകത്തിന്റെയും പ്രസാധകരുടെയും പേരുകൾ മലയാള സാഹിത്യത്തിൽ വലിയ ചർച്ചകൾക്കിടയാക്കിയത്. വിമർശനം ഓശാന പാടാനുള്ളതല്ലയെന്ന മട്ടുകാരനാണ് രഘുനാഥൻ നായർ. 10 ൽ പ്പരം കൃതികളിലൂടെയും 150 ഓളം വരുന്ന വിമർശന ലേഖനങ്ങളിലൂടെയും അദ്ദേഹമത് തെളിയിച്ചിട്ടുണ്ട്. കുയ്യാനകളുടെ അവതാരികയിൽ ബഷീറിന് ഭാവനയില്ലെന്ന് എസ്. ഗുപ്തൻ നായർ ആക്ഷേപിച്ചെഴുതുന്നുണ്ട്. 'ബഷീറിന്റെ ഭാവന നിങ്ങളുടെ ജീവിതത്തേക്കാൾ വലുതായത് കൊണ്ടാണ് ബഷീറിന് ഭാവന വേണ്ടാതെ വരുന്നതെ'ന്ന് പറഞ്ഞ് എം. എൻ. വിജയൻ മറുവാദമുന്നയിച്ചു രംഗത്തു വരികയും ചെയ്തിരുന്നു.
സത്യത്തിൽ ബഷീറിന് ഭാവനാത്മകമായ സർഗ്ഗശക്തിയുണ്ടായിരുന്നോ? എന്താണ് സാഹിത്യത്തിലെ ഭാവനയുടെ ആധാരം? അവയുടെ നിജസ്ഥിതി എങ്ങനെ ഒരു സമ്പൂർണ കൃതിയെ രൂപപ്പെടുത്തുന്നു? ഭാവനയുടെ ഉത്തുംഗത പ്രാപിച്ച തൊണ്ണൂറുകളിലെ ഒട്ടുമിക്ക സാഹിത്യ അതികായരും വലിയ രീതിയിൽ വിമർശനമേറ്റു വാങ്ങുമ്പോഴും ഇവയിലൊന്നും പെടാതെ ബഷീർ വഴിമാറി സഞ്ചാരിച്ചിരുന്നതായി കാണാം. മാത്രമല്ല ബഷീറിനെ വിമർശിച്ചെഴുതിയ പുസ്തകങ്ങളെ വിമർശിച്ചെഴുതാൻ നിരൂപകവൃന്ദം തയ്യാറാവുകയായിരുന്നു പലപ്പോഴും. മലയാളത്തിന്റെ സർഗ്ഗാത്മക സാഹിത്യ ചർച്ച അവിടെ തുടങ്ങുന്നുവെന്ന് ഞാൻ കരുതുന്നു.


ജയിലിന്റെ പടുകൂറ്റൻ വാതിൽ ഭയങ്കരശബ്ദത്തോടെ എന്റെ പിന്നിൽ അടഞ്ഞു. ഞാൻ തനിച്ചായി. ഞാൻ ആ സുഗന്ധം പരത്തുന്ന ചുവന്ന റോസാപ്പൂവു കൈയിലെടുത്തു നോക്കിക്കൊണ്ട് ആ പെരുവഴിയിൽ സ്തബ്ധനായി വളരെനേരം നിന്നു.


മതിലുകൾ അവസാനിക്കുന്നത് ഇങ്ങനെയാണ്. തന്റെ അസ്ഥിയെ പിടിച്ചുലച്ച പ്രണയത്തിന്റെ പര്യവസാനം എത്ര പെട്ടെന്നാണ് അദ്ദേഹം പറഞ്ഞു തീർത്തത്. എന്നിട്ടെത്ര നേരമാണ് അദ്ദേഹം വിഷാദിച്ചു നിന്നത്. നാരായണിയെ പ്രണയിച്ച ബഷീർ ഇപ്പോഴും ആ ജയിലകത്തിനു പുറത്ത് ഒരു റോസാപ്പൂവും ചുള്ളിക്കമ്പും കൈയിൽ പിടിച്ച് നിൽക്കുന്നുണ്ടാകണം. അത്രമേൽ പ്രിയം വെച്ച അസ്വാതന്ത്ര്യത്തിന്റെ ഒറ്റപ്പെടലിന്റെ വീണ്ടുവിചാരത്തിന്റെ നാളുകൾക്കു മേൽ സംഭവിച്ച തന്റെ മോചനദിനം ബഷീർ ഒരിക്കലും മറക്കാനിടയില്ല. അല്ലെങ്കിലും മനുഷ്യനെന്നാണ് മോചിതനാകുന്നതെന്ന് അദ്ദേഹം പലപ്പോഴായും ചോദിച്ചിട്ടുണ്ട്. ചെറിയ മതിൽക്കെട്ടിൽ നിന്ന് വലിയ മതിൽക്കെട്ടിലേക്ക് പറിച്ചു നടുന്ന പ്രക്രിയ മാത്രമാണ് ജയിൽമോചനമെന്ന് അദ്ദേഹം ദുഖിക്കുന്നതും മതിലുകളിൽ കാണാൻ സാധിക്കും.
ഈ ഗ്രന്ഥകാരന്റെ മാനസികാന്തരീക്ഷം ഇത്ര ഇരുണ്ടു പോകാൻ സംഗതിയെന്ത്? യഥാർഥലോകത്തിൽ കരയാൻ വേണ്ടുവോളം വകയുണ്ടല്ലോ; പിന്നെ എന്തിനാണു സങ്കൽപ്പ ലോകത്തിലും വിഷാദധൂമം പരത്തുന്നത്? ബാല്യകാലസഖി ക്കെഴുതിയ അവതാരികയിൽ ബഷീറിന്മേലുള്ള പൊതുവിചാരത്തെ വീണ്ടും ഉന്നയിക്കുകയായിരുന്നു എം. പി. പോൾ. നിസ്സംഗമായ ജീവിതനിഴൽപ്പാടുകളിലൂടെ സ്വബോധത്തോടെ തന്നെ നിരന്തരം സഞ്ചരിക്കുകയും അങ്ങനെ തന്നെ ജീവിക്കാൻ ത്വര കാട്ടുകയും ചിലപ്പോഴൊക്കെ പ്രണയിച്ചും കളി പറഞ്ഞും കോക്രി കാട്ടിയും സാഹിത്യജീവിതം നടത്തിയ ഒരെഴുത്തുകാരന്റെ ജീവിതരേഖയിൽ ഇനിയുമേറെ അനുഭവസ്ഥലികൾ നടന്നുതീർക്കാൻ ബാക്കിയുണ്ടായിരുന്നുവെങ്കിലെന്ന് ആശിച്ചു പോകാറുണ്ട് പലപ്പോഴും. പക്ഷെ, താൻ ഏറ്റെടുത്ത ദൗത്യം സാഹിത്യമെഴുതുക എന്നതല്ലായിരുന്നുവെന്ന് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നുവെന്ന് കാണാം. അതദ്ദേഹത്തിന്റെ തൊഴിൽ മാത്രമായിരുന്നു. പക്ഷെ, തൊഴിലിനെ ചൂഷണം ചെയ്തുകൊണ്ട് തന്നെ, തന്റെ ദൗത്യം നിർവഹിക്കാൻ അദ്ദേഹം ശ്രമിച്ചു. സാഹിത്യത്തോടുള്ള വഞ്ചന!
ഇത്രയും വെടിപ്പായി മനുഷ്യന്റെ ജീവിതഗല്ലികളെ സധൈര്യം എഴുതാനും പറയാനും പാടില്ലായിരുന്നു ബഷീർ. മലയാളിക്ക് അന്യമായ അനുഭവങ്ങളെ ഭാഷയിലേക്ക് കൊണ്ടുവന്നതിൽ ഖേദമുണ്ട്. മലയാളം ബഷീറിനെ ഒറ്റപ്പെടുത്തിയിട്ടേയുള്ളു. ഭാഷയുടെ പരിമിതികൾ ബഷീററിയാതെ അദ്ദേഹത്തെ വരിഞ്ഞുമുറുക്കാൻ ശ്രമിച്ചിരുന്നു. ക്ഷാമമനുഭവിച്ചിരുന്ന ഭാഷ എന്നെന്നേക്കുമായി അദ്ദേഹത്തെ കൈപ്പിടിയിലൊതുക്കാൻ തക്കം പാർത്തിരുന്നു. എന്നിട്ടും, ഇനിയും പിറവി കൊള്ളാത്ത വാക്കുകളുടെ പൊളിച്ചെഴുത്തുമായി സാഹിത്യത്തിലേക്ക് ബഷീർ രംഗപ്രവേശം ചെയ്തു. ഇംഗ്ലീഷിൽ കാഫ്കയും ജോയ്സും വൂൾഫും ചെയ്തതുപോലെ പുതിയ സങ്കേതങ്ങളും ഭാഷാപ്രയോഗങ്ങളും മലയാളത്തെ പഠിപ്പിച്ചു. പുതിയ വിചാരവികാരങ്ങൾക്ക് ചായം നൽകി മലയാളിയുടെ അനുഭവമണ്ഡലത്തെ വിശാലമാക്കി. സവർണ മനോഭാവത്തിന്റെ ഗരിമയിൽ മൂടുപടം പുതച്ച ഭാഷയെ അദ്ദേഹം കുത്തിയെടുത്തു നോവിച്ചു. വലയം ചെയ്യപ്പെട്ട അതിരുകളെ ഓരോന്നായി ഭേദിച്ചു ഭേദിച്ച് പുതിയ വലയങ്ങൾ നിർമിച്ചു തുടങ്ങി. അതെ, മലയാളത്തിന്റെ നമസ്കാരമേറ്റുവാങ്ങിയ ഒരേയൊരു എഴുത്തുകാരനായിരുന്നു ബഷീർ.


പൊളിച്ചെഴുത്തിന്റെ ബഷീർ

"പ്രിയപ്പെട്ട കൊച്ചങ്ങുന്നേ, ഒരു കഥ പറയാം. കേൾക്കാൻ അപേക്ഷ" തീർത്തും ഭവ്യത നിറഞ്ഞ തുടക്കത്തോടെയായിരുന്നു എന്റെ തങ്കം എന്ന കഥയുടെ ആദ്യ വാചകം. വിശപ്പ് സഹിക്കാതെ വല്ല ജോലിയും അന്വേഷിച്ച് അലയുന്ന ബഷീറിന് 'ജയകേസരി' എന്ന തന്റെ പത്രത്തിൽ ഒരു കഥയെഴുത്തു ജോലി തരാമെന്ന് പത്മനാഭപൈയും എഴുതാമെന്ന് ബഷീറും കരാർ ചെയ്തു. ഒരു കറുത്ത പെണ്ണിനെ നായികയാക്കി, ചട്ടുകാലും കോങ്കണ്ണും കൂനുമുള്ള ഒരു യാചകനെ നായകനുമാക്കി നീണ്ടു പോകുന്ന കഥ, അന്നേവരെ ഉണ്ടായിരുന്ന എല്ലാ സൗന്ദര്യ സങ്കൽപ്പങ്ങൾക്കെതിരെയുള്ള ശക്തമായ തിരിച്ചടിയായിരുന്നു. എൺപത് വർഷങ്ങൾക്കിപ്പുറം ജൻഡ്രൽ ന്യൂട്രൽ, കളർ ഡിസ്ക്രിമിനേഷൻ, സൊസൈറ്റൽ ഡിസ്ക്രിമിനേഷൻ തുടങ്ങിയ ചർച്ചകൾക്കിടയിൽ തങ്കം കടന്നു വീണ്ടും വരികയുണ്ടായിരുന്നല്ലോ. സമൂഹത്തിന്റെ അസ്ഥിരതയെ ചോദ്യം ചെയ്യുന്ന വായനയുടെ അപനിർമാണങ്ങളെ ബഷീർ കൃതികൾക്ക് വലിയ പ്രിയമാണെന്ന് മനസ്സിലാക്കാൻ സാധിക്കും. ധീരമായ എഴുത്തുകൾ ജനങ്ങളിലേക്ക് വെച്ചു നീട്ടുമ്പോൾ (പ്രത്യേകിച്ച് ഭൂരിപക്ഷ താല്പര്യങ്ങൾക്ക് വിരുദ്ധമായ രചനകൾ) എന്റെ തങ്കത്തെ മലയാള സാഹിത്യത്തിലെ ലക്ഷണമൊത്ത ആദ്യ കഥയെന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു. സവർണതയായിരുന്നു മലയാളത്തിന്റെ ഗരിമ. ഭാഷയുടെ നെഗളിപ്പ്. ചീഞ്ഞു നാറുന്ന അത്തരം കുലീനതകളെ വളരെ സിമ്പിളായി ബഷീർ നുള്ളിയെറിഞ്ഞു. ഏതൊരു അടകോടനും ആദർശമുണ്ടെന്നും മനുഷ്യനോട് കരുണ കാണിച്ചു ജീവിച്ചു നോക്കൂവെന്നും തന്റെ കഥാപാത്രങ്ങളിലൂടെ ബഷീർ ലോകത്തോട് വിളിച്ചു പറഞ്ഞു. കൃതികളുടെ അന്തരംഗങ്ങളിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ ബഷീറിയൻ ഭാഷയുടെ കളിയും കാര്യവും കൂടുതൽ കൂടുതൽ വ്യക്തമാകുന്നതു പോലെ തോന്നിയേക്കാം. പറയാനുദ്ദേശിച്ചതല്ലായിരുന്നുവെങ്കിലും അതുംകൂടി പറഞ്ഞിട്ടു പോയതാണെന്ന് തോന്നിപ്പിക്കും വിധം മറ്റൊരു ലോകത്തെക്കുറിച്ച് സംവദിക്കുവാൻ കെല്പുള്ള താളുകൾ ബഷീറിയിനിസത്തിന്റെ മറ്റൊരു മാറ്റു മാത്രം.
ശബ്ദങ്ങൾ വായിക്കാൻ കൊള്ളത്തില്ല, നിങ്ങളത് കെട്ടിരുന്നാൽ മാത്രം മതിയെന്നു പറഞ്ഞ് വളരെ ഉച്ചത്തിൽ സംസാരിക്കുകയായിരുന്നു ശബ്ദങ്ങളിൽ ബഷീർ. ഏതൊരു യുദ്ധത്തിന്റെ രണ്ടറ്റത്തും രണ്ടാശയങ്ങളുടെ തേറ്റകൾ അങ്കുരിച്ചു നിൽക്കുന്നുണ്ടെന്നും യുദ്ധം മനുഷ്യരെ പിച്ചിച്ചീന്തുക മാത്രമാണ് ചെയ്യുന്നതെന്നും ബഷീർ അപലപിച്ചു. ലൈംഗികത്തൊഴിലാളികൾ, വെയ്സ്റ്റ് പെറുക്കികൾ, കൊള്ളക്കാർ, പിടിച്ചു പറിക്കാർ, അക്രമികൾ, തെരുവു തെണ്ടികൾ, കാക്കാത്തികൾ തുടങ്ങിയ ഒരു പറ്റം ജീവബന്ധങ്ങളെ സൃഷ്ടിക്കുകയും സമൂഹത്തെ അതിന്റെ നിയതമായ ക്രമത്തിൽ നിന്ന് പുതിയൊരു ക്രമക്കേടിലേക്ക് തള്ളിവിടുകയും ചെയ്യുക വഴി ഈ യുദ്ധവാദികൾ മറ്റെന്താണ് ലോകത്തിന് നൽകുന്നത്. മനുഷ്യനെ വീണ്ടും വീണ്ടും അരികുവത്കരിക്കുന്ന, ചെറിയ സ്വാതന്ത്ര്യത്തിൽ നിന്ന് വലിയ ബന്ധനങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്ന ഒരലങ്കോല വ്യവഹാരത്തിന്റെ മുഴുവൻ തീക്ഷ്ണതയും ഒരറുപതു പേജിൽ എങ്ങനെയാണ് ബഷീർ എഴുതി വെച്ചത്. മലയാള ഭാഷയ്ക്ക് യുദ്ധമറിയില്ലായിരുന്നു. യുദ്ധത്തിന്റെ ഭീകരത മലയാളിയനുഭവിച്ചിട്ടില്ലായിരുന്നു. തന്റെ മാസ്റ്റർപീസ് കൃതിയിലൂടെ ഭാഷസാഹിത്യത്തിന് നൽകിയത് അമൂല്യ ഇതിവൃത്തം തന്നെയായിരുന്നു


അന്ന കരേനീന വായിക്കുന്ന തന്റെ കൊച്ചുമകളോട് കൊള്ളാവുന്ന വല്ലതും വായിച്ചൂടെ എന്ന് ടോൾസ്റ്റോയ് ഒരു സമയത്ത് പറയുന്നുണ്ട്. അന്ന കരേനീന ലോക സാഹിത്യത്തിലെ ഏറ്റവും വലിയ നോവലുകളിലൊന്നാണ്. ടോൾസ്റ്റോയിയുടെ ഏറ്റവും മോശപ്പെട്ട നോവലെന്ന് വായനക്കാർ വാതുവെച്ച റെസറെക്ഷൻ ആയിരുന്നു പക്ഷെ അദ്ദേഹത്തിന്റെ പ്രിയ നോവൽ. വലിയ എഴുത്തുകാരിൽ മാത്രമാണ് സ്വയം തിരുത്തലുകൾ കൂടുതലായും സംഭവിക്കുകയെന്നും ഒരേ രസത്തിൽ ജീവിക്കാനോ എഴുതാനോ സാധിക്കാത്ത വിധം പലജാതി ക്രമങ്ങളിലൂടെ ഉരുവപ്പെട്ട വ്യക്തിത്വമോ സ്വഭിമാനമോ ആയിരിക്കും പലപ്പോഴും അവർക്കുണ്ടാവുകയെന്നും ടോൾസ്റ്റോയിയെ ഉദ്ധരിച്ച് സുനിൽ പി. ഇളയിടം പറഞ്ഞു വെക്കുന്നുണ്ട്. ഒരേ ക്രമത്തിലെഴുതുന്ന എഴുത്തുകാരുടെ അനുഭവ രേഖയും പ്രായോഗിക കഴിവും സാധാരണവും പ്രതീക്ഷിതമായിരിക്കും. അവയുടെ ഉള്ളടക്കങ്ങളിൽ നിന്നും വാക്കുകളിൽ നിന്നും നമ്മൾ വഴുതിപ്പോകുന്നത് സാധാരണവുമായിരിക്കും. ചെറിയ സങ്കൽപ്പങ്ങളിലൊരിക്കലും വലിയ മനുഷ്യർ കുടുങ്ങിപ്പോകാറില്ലല്ലോ.
ബഷീറിന്റെ കൃതികളിൽ വായനക്കാർ കാലിടറുന്നതും തപ്പിത്തടയുന്നതും വിശേഷാൽ കുടുങ്ങിപ്പോകുന്നതും സർവസാധാരണമാണ്. തകഴി, ദേവ്, പൊറ്റെക്കാട്, പൊൻകുന്നം, മുട്ടത്തുവർക്കി തുടങ്ങിയ അതികായരുടെയും പിൻതലമുറയിൽ വന്ന എം. ടി., വിജയൻ, പത്മനാഭൻ, മലയാറ്റൂർ, മുകുന്ദൻ, ആനന്ദ് മുതലായവരുടെയും കൃതികളിൽ ഏറിയും കുറഞ്ഞും സംഭവിക്കുന്ന ഉദാത്തതയോ പരമോന്നതയോ ബഷീർ കൃതികളിലും കഥാപാത്രങ്ങളിലും കൂടിയ അളവിൽ അനുഭവിക്കാൻ സാധിക്കും. കഥാപാത്രങ്ങളുടെ ഇന്റൻസിറ്റി ഇത്രയും തീക്ഷ്ണമായ രീതിയിൽ വായനക്കാരിൽ സംവേദനം നടത്തിയ മറ്റൊരെഴുത്തുകാരൻ ഭാഷയിലില്ല. ഇമിറ്റേറ്റ് ചെയ്യാനും റിലേറ്റ് ചെയ്യാനും ഓർത്തുവെക്കാൻ പ്രയാസമില്ലാത്തതുമായ നോർമലൻ മനുഷ്യരുടെ ജീവിത സാഹചര്യങ്ങൾ കൊണ്ട് ബഷീറിനോളം വളർന്ന കഥാപാത്രങ്ങളാണ് ബഷീർ കൃതികളിലുള്ളത്. പക്ഷെ, അവയെല്ലാം കഥയ്ക്കു വേണ്ടി കഥിച്ചതല്ലെന്ന് പലാവർത്തി നമ്മോട് അദ്ദേഹം വിളിച്ചു പറഞ്ഞു. തന്റെ എല്ലാ കഥാപാത്രങ്ങളെയും ബഷീർ കണ്ടുമുട്ടിയിട്ടുണ്ട്. ബഷീർ അവരെയും അവർ ബഷീറിനെയും തിരുത്തിയിട്ടുണ്ട്. നേടാൻ ബാക്കിയുള്ള ജീവൽപ്പടവുകളെക്കുറിച്ച് വാതോരാതെ ചർച്ച നടത്തിയിട്ടുണ്ട്. മിക്ക കഥകളിലും ബഷീറും ഒരു കഥാപാത്രമായി വരുന്നത് അക്കാരണം കൊണ്ടാണ്. പാത്തുമ്മായുടെ ആടിൽ നമ്മൾ വായിക്കുന്നത് വളരെ രസകരമായ ഒരു കുടുംബകഥയായിരിക്കും. ചാമ്പയും, പൂച്ചയും, മാവും, പ്ലാവും, ആടും, കൂടും, മനുഷ്യരായ ഉമ്മയും മക്കളും മാത്രമുൾക്കൊള്ളുന്ന ഒരു രസികൻ കുടുംബകഥ. പക്ഷെ, നോവലിന്റെ മുഖവുരയിൽ ബഷീർ എഴുതുന്നത് കാണാം, "ഇതെഴുതുമ്പോൾ ഞാനാകെ വെന്തുനീറുകയായിരുന്നു". ഹൃദയഭാഷയായിരുന്നുവത്രെ ബഷീറിന്റെ മലയാളം. വായനക്കാരന്റെ ഉള്ളു പൊള്ളിക്കുന്ന കഥകൾ അദ്ദേഹമെഴുതിയത് ഞാനീ എഴുതുന്ന സിമ്പിളൻ വാക്കുകൾ കൊണ്ടുതന്നെയായിരുന്നു. നാടുവിട്ടഭ്യസിച്ച പലജാതി പണികൾ, കഴിവുകൾ, തന്ത്രങ്ങൾ അനുഭവിച്ചറിഞ്ഞ മനുഷ്യർ, മനുഷ്യാവസ്ഥകൾ, മനുഷ്യാവസ്ഥയുടെ നിരർഥക വിധികൾ, അസ്ഥിര വേഷങ്ങൾ, അനർഘ നിമിഷങ്ങൾ, എല്ലാം ബഷീറെഴുതി വെച്ചു. പലതും വെട്ടിക്കുറച്ചു. ചിലതൊക്കെ കൂട്ടിയിട്ട് കത്തിച്ചു. അനുഭവം നേരെ ചൊവ്വെ കഥയാക്കുകയല്ല ബഷീർ ചെയ്തത്. പലാവർത്തി തന്നോട് തന്നെ ചോദ്യങ്ങൾ ചോദിച്ചു ചോദിച്ച് തേച്ചു മിനുക്കിയെടുത്ത വാക്കുകളിലേക്ക് അവയെല്ലാം മെല്ലെ മെല്ലെ പാകുകയായിരുന്നു. എം. എൻ. വിജയന്റെ വാക്കുകൾ വളരെ ശ്രദ്ധേയമാണ്, അക്ഷരം മുഴുവനുമറിയാത്ത ഒരു ചെറുപ്പക്കാരൻ അര നൂറ്റാണ്ടു മുമ്പ് നമ്മുടെ സാഹിത്യത്തിലെ വർണ വ്യവസ്ഥ തിരുത്തിക്കുറിക്കുകയായിരുന്നു. ബഷീർ എഴുതുമ്പോൾ വാക്കുകൾ വിറച്ചിരുന്നു. തന്റെ അനുഭവങ്ങൾ കുറിക്കാനുള്ള അടയാളങ്ങൾ തേടിയാണ് അദ്ദേഹം വാക്കുകളിൽ തടഞ്ഞുവീണിരുന്നത്. നുള്ളിപ്പറിക്കുന്ന വേദനകളോട് കിന്നാരം പറയുന്ന, ഐറണിയുടെ അപൂർവമായ ഭാഷ ബഷീർ നമ്മെ പഠിപ്പിച്ചു. ഞാനാണ് എന്റെ ഭാഷ എന്ന് അദ്ദേഹം നമ്മെ ഓർമിപ്പിച്ചു.


അപനിർമാണ വായനകൾ

ഭാഷയിലെ ലാളിത്യം കൊണ്ടുവന്ന വൻ ജനപിന്തുണ ബഷീറിനെ തന്നെയാണ് കുരുക്കിലാക്കുന്നത്, ബഷീർ വായനക്കാർ എന്നതിനു പകരം ബഷീർ കുതുകികളാണ് മിക്കരും, ഏതു ബഷീർ കൃതിയെടുത്ത് വായിക്കുമ്പോഴും ഒരു മുൻധാരണയുണ്ടാകണം എന്നൊക്കെയുള്ള വിമർശനങ്ങൾ എൻ. എസ്. മാധവനും എൻ. ഇ. സുധീറും പങ്കു വെക്കുന്നുണ്ട്. സിഗരറ്റ് പാക്കറ്റിനു പുറത്തെ വാണിംഗ് മെസ്സേജ് പോലെയാണ് 'ജീവിതത്തിൽ നിന്നു വലിച്ചു ചീന്തിയെടുത്ത ഏട്' എന്ന എം. പി. പോളിന്റെ അവതരികയെന്ന് എൻ. എസ്. മാധവൻ വീണ്ടും പരിഹസിക്കുന്നുണ്ട്. പക്ഷെ, ആ വിമർശനത്തിനുള്ള മറുപടി അവതരികയുടെ മറ്റൊരു ഭാഗത്തുണ്ടായിരുന്നത് പലരും ശ്രദ്ധിച്ചു കാണില്ല. 'കെട്ടുകല്യാണം സാഹിത്യത്തിന് വിഷയമാകാമെങ്കിൽ, മാർക്കക്കല്യാണവും സാഹിത്യത്തിന് വിഷയമാകാം'. ബഷീർ കൃതികളുടെ സമീപനം അത്തരത്തിലായിരുന്നു. നിലനിന്നിരുന്ന അറുബോറൻ സാമൂഹിക വ്യവഹാരത്തെ നിരന്തരം ചോദ്യം ചെയ്ത് സകലമാന മനുഷ്യരെയും ഉൾക്കൊള്ളിച്ച് ജനാധിപത്യ സാഹിത്യത്തെ ആദ്യമായി മലയാളത്തിലേക്ക് കൊണ്ടുവന്നത് ബഷീറായിരുന്നു. സ്ഥലത്തെ പ്രധാന ദിവ്യൻ, മുച്ചീട്ടു കളിക്കാരന്റെ മകൾ, ആനവാരിയും പൊൻകുരിശും പേരുകളായ കൃതികളിൽ കടന്നു വരുന്ന കഥാപാത്രങ്ങളുടെ പേരുകളിൽ തന്നെയുണ്ടായിരുന്നു അത്തരം പ്രഖ്യാപനങ്ങൾ. മണ്ടൻ മുത്തപ്പാ, ആനവാരി രാമന്നായർ, പൊൻകുരിശു തോമ, ഉണ്ടാക്കണ്ണനന്ത്രു, വീര പാണ്ഡ പണ്ടാരം, ഭാര്യ മുനിയമ്മ, മകൾ മിസ്സ് ലച്ചി, എട്ടുകാലി മമ്മൂഞ്ഞ്, ഒറ്റക്കണ്ണൻ പോക്കർ, മുഴയൻ നാണു, റാവുത്തർ ഇതിനെല്ലാം പുറമെ രണ്ടു പോലീസ്മൂരാച്ചികളും. അധസ്തിത വിഭാഗം എന്ത് പറയുന്നു എന്ന ലൈനിലല്ല ബഷീർ കൃതികൾ സഞ്ചരിക്കുന്നത്, അവരെന്ത് അനുഭവിക്കുന്നു എന്നർഥത്തിലാണ്. വീറോടെഴുതിയ പല കഥകളും കൃതികളും ഗവൺമെന്റ് കണ്ടുകെട്ടി കത്തിച്ചിട്ടുണ്ട്, പ്രസിദ്ധീകരണശാല അടച്ചുപൂട്ടി സീല് ചെയ്തിട്ടുണ്ട്, തദവസരത്തിൽ സ്വന്തം പുസ്തകങ്ങൾ തലയിലേറ്റി വില്പനക്കിറങ്ങിയ ബഷീറിനെയാണ് നമ്മൾ കണ്ടത്. ഒരു സ്വാതന്ത്ര്യസമരസേനാനിയുടെ സകല വീറും എഴുത്തിലും അദ്ദേഹത്തിനുണ്ടായിരുന്നു. ജീവിതത്തിൽ ഗാന്ധിയുടെ അനുഭാവിയും ബ്രിട്ടീഷ് മൂരാച്ചികളുടെ ആജന്മശത്രുവുമായി കഥാപാത്രമവതരിപ്പിച്ചിട്ടുണ്ടെന്ന ഹുങ്ക് പലപ്പോഴും എഴുത്തിൽ തെളിഞ്ഞു വരുന്നത് കാണാൻ കഴിയും.


മൈനർ ലിറ്ററച്ചർ എന്നൊരു ടെം സാഹിത്യത്തിലുണ്ട്. സബാട്ടെൺ, ഫെമിനിസ്റ്റ് ലിറ്റെറേച്ചറുകൾക്കപ്പുറം നിൽക്കുന്ന, ഇവ രണ്ടിന്റെയും നൂലാമാലകളൊന്നും ഏശാത്ത എന്നാലോ വളരെ ഗംഭീരമായ ഒന്ന്. ചിലപ്പോൾ ബഷീറും കാഫ്കയും കൂടിച്ചേരുന്നത് ഇവിടെയായിരിക്കാം. കാഫ്കയിസ്ക് എന്ന കാഫ്കിയൻ രചനകളും ബഷീറിയനിസം എന്ന ബഷീറിയൻ രചനകളും സമപ്പെടുന്നത് ഇവിടെയാണെന്നാണ് ലേഖകനായ റഫീഖ് ഇബ്രാഹിം പറയുന്നത്. സവർണ ചിന്താഗതിയുടെ സൗന്ദര്യ രാഷ്ട്രീയത്തെയും മറ്റു മാനുഷിക സങ്കൽപ്പങ്ങളെയും പുറമെ നിന്ന് പ്രതിരോധിക്കുന്നതിനു പകരം അകമേ നിന്ന് പിളർത്തുകയാണ് കാഫ്കയും ബഷീറും ചെയ്യുന്നത്. അതായത്, അത്തരം സങ്കൽപ്പങ്ങളെ നിശിതമായി വിമർശിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതിന് പകരം അവയുടെ കോർ പോയിന്റിൽ നിന്ന് തന്നെ പുതിയ സങ്കല്പത്തെ സൃഷ്ടിച്ചെടുക്കുന്ന ഏറ്റവും ക്രിയാത്മകവും സമാധാനപരവുമായ സാഹിത്യ ഇടപെടൽ. ബഷീറെപ്പോഴും തന്റെ കൃതികളിൽ അസ്വസ്തനായിരുന്നു. അതുകൊണ്ടായിരിക്കും അദ്ദേഹത്തിന്റെ പലകൃതികൾക്കും കഥയെന്നോ നോവലെന്നോ നോവല്ലയെന്നോ കൃത്യമായ വിശദീകരണം നൽകാൻ സാധിക്കാത്തത്. അസ്വസ്തരായ മനുഷ്യരുടെ ഇടയിൽ ജീവിക്കുവാൻ നമ്മോട് പ്രേരിപ്പിക്കുകയും അവരോട് സംസാരിച്ചു നോക്കൂ എന്ന് നിരന്തരം ഓർമപ്പെടുത്തുകയും ചെയ്യുന്ന രചനശൈലിയാണ് പൊതുവെ ബഷീറിൽ കാണാൻ സാധിക്കുന്നതെങ്കിലും, 'ശബ്ദങ്ങൾ' പോലോത്ത കൃതികൾ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ നിന്നാണ് നമ്മോട് സംവദിക്കുന്നത്. നില നിൽക്കുന്ന ആഭിജാത്യങ്ങളോടെല്ലാം അവ്വിധം പെരുമാറേണ്ടി വരുന്ന തരത്തിൽ നിസ്സഹായവും കലുഷിതവുമായ രീതിയിൽ സാഹിത്യത്തെ സമീപിക്കുകയും അവയെല്ലാം വായനക്കാരന് സമർപ്പിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം ബഷീർ കൃതികളിൽ കാണേണ്ടി വരുന്നത് നില നിൽക്കുന്ന ആഭിജാത്യങ്ങളോടും നെറികെട്ട സാമൂഹിക വ്യവഹാരത്തോടുമുള്ള അദ്ദേഹത്തിന്റെ തീവ്രമായ വെറുപ്പ് മൂലമാണ്. കേവല സ്വാതന്ത്ര്യം മാത്രമാണ് മനുഷ്യൻ അനുഭവിക്കുന്നതെന്നും മരണമാണ് പരിപൂർണ സ്വാതന്ത്രത്തിലേക്കുള്ള വഴിയെന്നും ആ വഴി മനുഷ്യന്റെ അനിഷേധ്യമായ വിധിയാണെന്നും ഇങ്ങനെയൊക്കെയേ ഒരു എഴുത്തുകാരന് പറയാൻ സാധിക്കുകയുള്ളു.

Literature
Basheer

Related Posts

Loading