KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

'ബഷീറിയനിസ'ത്തിനകത്തെ ആധുനികാനന്തര ലോകം

ഇബ്രാഹീം ബാദുഷ

മലയാള സാഹിത്യ ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച അതുല്യ എഴുത്തുക്കാരാനാണ് വൈക്കം മുഹമ്മദ്‌ ബഷീർ. മലയാള ഭാഷയിൽ സ്വന്തമായൊരു അസ്ഥിത്വം സൃഷ്ടിക്കുകയും തന്റേതു മാത്രമായ ഭാഷാ ശൈലി കൊണ്ട് മലയാളിയുടെ ഭാഷാ ലാവണ്യ ബോധത്തെ അതിജയിക്കുകയും ചെയ്ത പ്രതിഭാഷാലിയാണ് അദ്ദേഹം. അർത്ഥശൂന്യമെന്ന് പൊതുവിൽ ധരിക്കുന്ന വാക്കുകൾക്കും ശബ്ദങ്ങൾക്കും മൂല്യവത്തായ ആശയങ്ങൾ സംവേദനം ചെയ്യാനുള്ള ശേഷിയുണ്ടെന്ന് മലയാളിയെ പറഞ്ഞു പഠിപ്പിച്ച അക്ഷരങ്ങളുടെ സുൽത്താനായിരുന്നു ബഷീർ. അതുകൊണ്ട് തന്നെയാണ് 'ബഷീറിയനിസം' ഇത്രമേൽ മലയാള സാഹിത്യലോകത്ത് പുതിയ ഇടങ്ങൾ കണ്ടെത്തിയതും. കുണ്ട്രപ്പി, ഡ്രങ്ക്, ബുസ്സാട്ടോ, ഡിങ്കാഹോ, ഹുലീ ഹലീയോ, ഹുലാലോ, ഹൻധോന്തു തുടങ്ങിയ വാക്കുകളും പ്രയോഗങ്ങളും 'ബഷീറിയനിസത്തെ' സമ്പുഷ്ടമാക്കുകയായിരുന്നു. കാലതീതമായി തീർത്ഥാടനം നടത്തിയവയായിരുന്നു ബഷീർ കൃതികൾ. അദ്ദേഹം ദീർഘ വീക്ഷണത്തോടെ ഈ ലോകത്തെ സമീപിക്കാൻ ശ്രമിച്ചു. അത്തരം വീക്ഷണങ്ങൾ മലയാളികൾക്ക് പല പ്രിയപ്പെട്ട പുസ്തകങ്ങളും സമ്മാനിച്ചു. ചിലരെങ്കിലും അദ്ദേഹത്തെ വിമർശിക്കാൻ ആവേശം കാണിച്ചു. കാരണം, അദ്ദേഹത്തിന്റെ രചനകൾ, കൃതികൾ, ഭാഷപ്രയോഗങ്ങൾ സ്ഥല -കാലതീതമായി നിലകൊള്ളുന്നവയായിരുന്നു. അത്തരം പ്രവണതകൾ തന്റെ കൃതികളിൽ സന്നിവേശിപ്പിക്കാൻ കൂടി അദ്ദേഹം ധൈര്യം കാണിച്ചു.


ചരിത്ര സംഘർഷങ്ങളും, സാമൂഹിക സമ്മർദ്ദങ്ങളും ചേർന്നാണ് ബഷീർ രൂപപ്പെടുന്നത്. സാഹിത്യത്തെ യാന്ത്രിക പ്രവർത്തനമായി ഗണിക്കാത്തതിനാൽ കഥാ പാത്രങ്ങളെ രൂപപ്പെടുത്തുന്നതും അതേ രീതി ശാസ്ത്രമുപയോഗിച്ച് തന്നെയായിരുന്നു. അഗാധമായ തലത്തിൽ നിലകൊള്ളുന്ന മനുഷ്യ പ്രേമാത്മക സമീപനമാണ് ബഷീറിനെയും രചനകളെയും വ്യത്യസ്തമാക്കുന്നത്. അദ്ദേഹത്തേക്കാൾ എഴുതിയ എത്രെയോ പേരുണ്ടെങ്കിലും അദ്ദേഹത്തോളം എഴുതപ്പെട്ട മറ്റൊരു വ്യക്തിയും മലയാള സാഹിത്യത്തിൽ ഉണ്ടാകാൻ വഴിയില്ല. ബഷീർ മലയാളികൾക്ക് ജീവിതത്തിന് ഭാവുകത്വത്തെ അതിജയിക്കുന്ന മാനിഫെസ്റ്റോ രൂപപ്പെടുത്തി കൊടുത്ത അവരുടെ സ്വന്തം വിപ്ലവ നക്ഷത്രമാണ്. അധികാര വ്യവസ്ഥയെയും അധികാര ബന്ധങ്ങളെയും പ്രതിഫലിപ്പിക്കുകയും അടയാളപ്പെടുത്തുകയും ചെയ്യുന്ന ഉപകരണമായാണ് ബഷീർ തന്റെ ഭാഷയെ സമീപിച്ചത്. നാമേറ്റവും സ്വകാര്യമെന്നോ സൂക്ഷ്മമെന്നോ വിശേഷിപ്പിക്കുന്ന ഓരോ ഇടവും അധികാരമായും രാഷ്ട്രീയമായും പരിവർത്തനപ്പെടുന്ന, സ്ഥൂലാർത്ഥത്തിൽ നിന്നും രാഷ്ട്രീയ സ്ഥൂലാർത്ഥത്തിലേക്ക് പ്രവഹിക്കുന്ന കാല സന്ധിയിലാണ് പുതുകാല മനുഷ്യൻ നിലകൊള്ളുന്നത്. രാഷ്ട്രീയമെന്നാൽ അധികാരത്തിന്റെ സാമൂഹികപ്രയോഗമാണല്ലോ. ഈ അധികാരത്തിന്റെ പ്രയോഗത്തിൽ നിന്നും മനുഷ്യാവിഷ്ക്കാരങ്ങളുടെ പ്രധാന പ്രകടനോപാധിയായി ഭാഷക്ക് ഒരിക്കലും മാറിനിൽക്കാൻ കഴിയില്ല എന്നത് കൊണ്ടുതന്നെ ആഭിജാത്യരുടെ ചിഹ്നങ്ങൾക്ക് മേൽക്കോയ്മ നൽകി മറ്റുള്ളവരിൽ നിരന്തരം അധികാരം ചെലുത്തുന്ന ശക്തിയായി ഭാഷ മാറുന്നു. സമൂഹത്തിൽ മേൽക്കോയ്മ പുലർത്തുന്ന ആശയങ്ങൾ ഭരണ വർഗ്ഗത്തിന്റെതായിരിക്കുമെന്ന് മാർക്ക്സും ഏങ്കൽസും കമ്മ്യൂണിസ്റ് മാനിഫെസ്റ്റോയിൽ പരാമർശിക്കുന്നതു പോലെ മേൽക്കോയ്മ ഭാഷ ആധിപത്യ വിഭാഗത്തിന്റെതായിരിക്കും. അതിനെയാണ് 'മുഖ്യധാര സാഹിത്യ'മെന്ന അരികുവൽക്കരണ പദാവലി ഉപയോഗിച്ച് നാം അലങ്കരിച്ചു പോരുന്നത്. ഇത്തരത്തിൽ, 'ബാർബറോയി 'എന്ന പദത്തിന് ഗ്രീക്ക് ഭാഷ അറിയാത്തവൻ, അപശബ്ദമുണ്ടാക്കുന്നവൻ എന്നൊക്കെയാണ് അർത്ഥം നൽകിയിരിക്കുന്നത്. ഈ പ്രയോഗം അന്നത്തെ ആധിപത്യ വർഗ്ഗത്തിന്റെ ഭാഷയായ ഗ്രീക്ക് അറിയാത്തവരെല്ലാം അപശബ്ദങ്ങൾ ഉണ്ടാക്കുന്നവരാണെന്ന ധ്വനി ഉയർത്തുന്നു. അപ്രകാരം തന്നെ 'യജമാനൻ 'എന്ന പദത്തിന് യജ്ഞം ചെയ്യുന്നവൻ, ഭരണാധികാരി, ഭർത്താവ് എന്നൊക്കെയാണർത്ഥം. ഈ അർഥങ്ങൾ ഭ്രാമണാധിപത്യം, പുരുഷാധിപത്യം, രാഷ്ട്രീയാധിപത്യം എന്നിങ്ങനെ നിലനിൽക്കുന്ന അധികാര ആധിപത്യ ഘടനയിലേക്കുള്ള സൂചനകളാണ്. ഭാഷാ ഘടനകളിൽ നിലനിൽക്കുന്ന ഇത്തരം പ്രവണതകളിൽ ആധിപത്യ ഭാഷയിലേക്ക് സ്വാംഷീകരിക്കപ്പെടാൻ നിർബന്ധിതരാകുന്ന അരികുവൽകൃതരുടെ ദുരന്ത സമാനമായ വിധിക്ക് ബഷീർ തന്റെ ഭാഷകൊണ്ടും, പ്രയോഗങ്ങൾ കൊണ്ടും, പ്രവണതകൾ കൊണ്ടും മാറ്റമുണ്ടാക്കി. അധിനിവേഷ മുദ്രകൾ കണ്ടെടുക്കപ്പെടുന്ന ഭാഷയിൽ തന്നെ പ്രതിരോധത്തിന്റെ ചിഹ്നങ്ങളും ഉൾക്കൊള്ളുന്നുവെന്നത് ബഷീർ രചനകളുടെ വലിയ പ്രത്യേകതയാണ്. ഭാഷയിലെ സ്വാതന്ത്ര്യം സ്വപ്നം കണ്ട അദ്ദേഹം ഭാഷയെ കുത്തിനോവിക്കുകയാണ് ചെയ്തത്. കാമ സൂത്രങ്ങളിൽ അത്യന്തം അഭിരമിചിരിക്കുന്ന ഭാരത പുരാണങ്ങളുടെ സത്ത മറച്ചുപ്പിടിച്ച് കപട സദാചാരം അഭിനയിച്ചിരുന്ന സമൂഹത്തിലേക്കാണ് ബഷീർ 'ഭഗവത് ഗീതയും കുറേ മുലകളും' എന്ന കൃതി അവതരിപ്പിക്കുന്നത്. ഭഗവത് ഗീതയോട് ചേർത്തുവെക്കാൻ കഴിയുന്ന പദമാണ് 'മുല' എന്ന തിരിച്ചറിവിലേക്കാണ് ബഷീർ സമൂഹത്തെ തിരിച്ചു വിളിച്ചത്. ഇതാണ് ബഷീറിന്റെ അപനിർമാണം. സ്വവർഗ രതിയും പാപമായി കണക്കാക്കിയിരുന്ന ജനങ്ങൾക്കിടയിലേക്കാണ് യുദ്ധം, അനാധത്വം, രോഗം, വിശപ്പ്, വ്യപിചാരം ഇവയെയെല്ലാം കൂടി ഉൾപ്പെടുത്തി ബഷീർ 'ശബ്ദങ്ങൾ'പ്രകാശിപ്പിക്കുന്നത്. കാരണം, മുസഫർ അഹ്മദ് പറഞ്ഞത് പോലെ, "ശബ്ദങ്ങൾ ഇറങ്ങിയ കാലത്തും ബഷീർ മരിക്കുന്നത് വരെയും ആ നോവൽ മലയാളത്തിലെ പ്രാമാണികരായ നിരൂപകർക്കും അതിനേക്കാൾ പ്രാമാണികരായ വായനക്കാർക്കും ഒരു അശ്ലീല കൃതി മാത്രമായിരുന്നു. കാരണം അതിൽ സ്വവർഗ രതി ഉണ്ട്."


ബഷീർ ഒരു ചരിത്രക്കാരൻ കൂടിയാണ്. താൻ ദേശത്തിന്റെ ചരിത്രക്കാരനാണെന്ന് ബഷീർ തന്നെ എത്രയോ തവണ പറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ കഥയും കഥാ പാത്രങ്ങളും കഥാ ഗതിയും വിളിച്ചുപറയുന്നതും മറിച്ചൊന്നല്ല. മേൽ തട്ടിലുള്ളവർ കഥപറയുന്ന ആഖ്യാന രീതിയാണ് എക്കാലവും അധിപത്യം സ്ഥപ്പിച്ചിട്ടുള്ളത്. അത് രാജാക്കന്മാരിൽ നിന്നും രാജാക്കന്മാരിലേക്കും, പ്രമാണിമാരിൽ നിന്നും പ്രമാണിമാരിലേക്കും പ്രവഹിക്കുന്ന ഒരു അധീഷ വ്യവഹാരമായി നിലനിൽക്കുന്നു. ഇത്തരം കാഴ്ചപ്പാടുകളെ കീഴ്മേൽ മറിച്ചിടുന്ന ആശയ സംഹിത കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പദാരംഭത്തിൽ "ദി മേക്കിങ് ഓഫ് വർക്കിംഗ്‌ ക്ലാസ്സ്‌ " എന്ന രചനയിലൂടെ ഇ. പി. തോംസൺ എന്ന ചരിത്രക്കാരൻ അവതരിപ്പിക്കുകയുണ്ടായി. ഈ രചന പിൽക്കാലത്ത് കീഴാള ചരിത്ര രചനാരീതി ശാസ്ത്രത്തിന് നാന്ദി കുറിക്കുകയുണ്ടായി. പിൽക്കാല ചരിത്രമെഴുത്തിന്റെയും, ആഖ്യാന രീതിശാസ്ത്രത്തിന്റെയും ഗതി തിരിച്ചു വിടാൻ ഈ രചനക്ക് സാധിച്ചു. അതിന്റെ സ്വാധീന വലയത്തിൽ നിന്നും രൂപപ്പെട്ടതാണ് വിരഹത്തിന്റെയും വിഭജനത്തിന്റെയും കഥപറയുന്ന ഉർവശി ബൂട്ടാലിയയുടെ 'ദി അദർ സൈഡ് ഓഫ് സൈലെൻസ്' പോലുള്ള കൃതികൾ. വാമൊഴി ചരിത്ര (Oral History)രചന പാരമ്പര്യത്തിൽ അധിഷ്ഠിതമായിരുന്ന ജന വിഭാഗങ്ങളെ അക്കാഡമിക് ടെസ്റ്റുകളിലേക്ക് പരിവർത്തനപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഈ എഴുതുകാരൻ സാധ്യമാക്കിയത്. ബഷീറും അത്തരമൊരു പ്രവണതക്ക് ഊറ്റം കാണിച്ച ചരിത്രക്കാരനാണ്. ഓരോ കഥാപാത്രവും സാങ്കല്പികമാണെന്ന യുക്തി ബോധത്തോടെ കൃതിയെ സമീപിക്കുമ്പോഴും ആ യുക്തിക്കകത്ത് നിന്നും പുറത്തുവരാൻ വായനക്കാരനെ നിരന്തരം പ്രേരിപ്പിക്കുന്ന ഘടകങ്ങൾ മുന്നിട്ടു നിൽക്കുന്നതിലൂടെയാണ് ബഷീർ സാഹിത്യം യാഥാർഥ്യമാണെന്ന അക്കാദമിക ലോകത്തിലേക്ക് വഴിമാറുന്നത്. കള്ളന്മാരുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ബഷീറിന്റെ 'ഒരു മനുഷ്യൻ' എന്ന കൃതി കള്ളന്മാരെ കുറിച്ച് സമൂഹം രൂപപ്പെടുത്തിയ മിഥ്യാധാരണകളെ പൊളിച്ചെഴുതുകയായിരുന്നു. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് ബില്ല് കൊടുക്കാനാകുമ്പോൾ മാത്രം ക്യാഷ് മോഷ്ടിക്കപ്പെടുന്ന കഥാപാത്രത്തെ ഹോട്ടലുടമ നഗ്നനാക്കി നിർത്താൻ ആവശ്യപ്പെടുന്നു. നഗ്നനത അടിവസ്ത്രത്തിൽ എത്തുമ്പോഴേക്ക് ഒരാൾ വന്ന് കഥാപാത്രത്തിന്റെ കൂടി പണമടക്കുന്നു. ബില്ലടച്ച വ്യക്തി ഇതിലേതാണ് താങ്കളുടെ പേഴ്‌സ് എന്ന് ചോദിച്ച് തിരികെ നൽകുന്നു. മോഷ്ടിച്ചപമാനിച്ചവൻ തന്നെ രക്ഷ പരിവേഷത്തിലെത്തുന്നു. നഗ്നനാക്കപ്പെടുന്നു എന്ന അവസ്ഥ സംജാതമാകുമ്പോൾ കഥാപാത്രവുമായി തന്മയീഭവിക്കുവാൻ കള്ളന് സാധിക്കുന്നു. മാന്യനായ ഹോട്ടലുടമ നിരപരാതിയെ നഗ്നനനാക്കി നിർത്താൻ തുനിയുന്നു. ഇതിലാരാണ് കൊടും കുറ്റവാളിയെന്ന സങ്കീർണമായ ചോദ്യം ബഷീർ അവതരിപ്പിക്കുന്നു.


സ്വാതന്ത്ര്യ സമര സേനാനികൾ ജയിലുകളിൽ അനുഭവിക്കുന്ന ദുസ്സഹമായ അവസ്ഥകൾ വരച്ചിടുകയായിരുന്നു 'ടൈഗർ' എന്ന കഥയിലൂടെ ബഷീർ. തടവുകാർക്കുള്ള വിഭവങ്ങൾ കൂടി പോലീസുകാരന്റെ പട്ടിക്ക് നൽകി പട്ടിണിക്കിട്ടത്തോടെ മനസ്സിൽ രൂപപ്പെടുന്ന അന്ത സംഘർഷങ്ങളെ കുറിച്ച് ബഷീർ എഴുതി. അത് സമൂഹം പൊതുവെ ഗണിക്കപ്പെടാത്ത തടവുപുള്ളികളുടെ യാതനകൾ തുറന്നുകാട്ടി. പാത്തുമ്മയുടെ ആട് പ്രസവിക്കുന്നതിൽ ലോകർക്ക് ചിന്തിക്കാൻ മാത്രം എന്തിരിക്കുന്നു എന്ന ചോദ്യത്തെ അപ്രസക്തമാക്കും വിധം വീടകങ്ങളിൽ താൻ അനുഭവിച്ച ജീവിത സാഹചര്യത്തെ ചരിത്രത്തിലേക്ക് ആവഹിക്കുകയായിരുന്നു ബഷീർ.


ഒരേ സമയം തന്റെ മതമായ ഇസ്ലാമിനെയും മുസ്ലിങ്ങളെയും തന്റെ എഴുത്തിൽ ആവാഹിച്ചെടുക്കാൻ ബഷീറിന് സാധിച്ചു."ഞാൻ വായിച്ച ആഭാസ കഥാപാത്രങ്ങളൊക്കെയും മുസ്ലിങ്ങൾ ആയിരുന്നു. ഇസ്ലാമിനെയും മുസ്ലിങ്ങളെയും ശരിയായി ചിത്രീകരിക്കാനാണ് ഞാൻ എഴുതുന്നത്". എഴുത്തിലേക്ക് കടന്നുവരാനുള്ള കാരണത്തെ കുറിച്ച് ചോദിച്ചപ്പോൾ ബഷീർ നൽകിയ മറുപടിയായിരുന്നു ഇത്. 'തേൻമാവ്' എന്ന ഇസ്ലാമിക മാനത്തിൽ ആവിഷ്കരിക്കാൻ ശ്രമിച്ച കൃതിയെ ബഷീർ കൃതികളുടെ ആമുഖമായി പോലും അടയാളപ്പെടുത്തിയിട്ടുണ്ട്. മരണാസ്സന്നനായി കിടക്കുന്ന യുസുഫ് സിദ്ധീഖ് എന്ന വൃദ്ധ കഥാപാത്രത്തിന് വെള്ളം കൊണ്ട് കൊടുക്കുന്ന റഷീദ്. തനിക്കു കിട്ടിയ വെള്ളത്തിൽ നിന്നും അൽപ്പം തൊട്ട് കിടക്കുന്ന വൃക്ഷ തൈക്ക് ഒഴിച്ചു കൊടുത്ത് ബാക്കി വന്നത് കുടിച്ച് അവിടെ വെച്ച് തന്നെ മരണമടയുന്ന യുസുഫ് സിദ്ധീഖ്. ലോകാവസാനം ആസ്സന്നമായിരികുന്നു വെന്നറിഞ്ഞാൽ പോലും നിങ്ങളുടെ കയ്യിലുള്ള വൃക്ഷ തൈ നട്ടുപിടിപ്പിക്കൽ പുണ്യമാണെന്ന പ്രവാചകധ്യാപനത്തെ സരളമായി അവതരിപ്പിക്കുകയായിരുന്നു കഥയിലൂടെ ബഷീർ. റഷീദ് പിന്നീട് തന്റെ മകന് നൽകിയ പേര് യൂസഫ് സിദ്ധീഖ് എന്നായിരുന്നു. ലോകത്തുള്ള നിഖില മുസ്ലിങ്ങളും യുസുഫ് സിദ്ധീകുമാരാകണമെന്ന് ബഷീർ പ്രത്യാശിച്ചു. ഇതാണ് ബഷീർ രചനകൾ പങ്കു വെക്കുന്ന അദ്ധ്യാത്മിക്തത.


ബഷീറിന്റെ 'ആനവാലും പൊൻകുരിശും', 'സ്ഥലത്തെ പ്രധാന ദിവ്യൻ' തുടങ്ങിയ കൃതികൾ അതുവരെ നമ്മുടെ കലാ സാഹിത്യ വ്യവഹാരങ്ങൾ ആഘോഷിച്ചിരുന്ന സാമൂഹിക സാംസ്കാരിക പൊതു മണ്ഡലങ്ങളെ കുറിച്ചുള്ള ധാരണകളെയും സങ്കല്പങ്ങളേയും കാറ്റിൽ പറത്തുകയായിരുന്നു. ദേശം, ദേശീയത തുടങ്ങീ കോളനി ആധുനികത സൃഷ്ടിച്ചെടുത്ത വ്യവഹാരങ്ങളോട് ചരിത്രകാരന്റെ പരിവേഷത്തോടെ സമീപിക്കുകയായിരുന്നു ബഷീർ. ഇത്തരത്തിലുള്ള രചനകൾ മുഖ്യ ധാര നവോത്ഥാന സങ്കൽപ്പതിനകത്തു മേൽക്കോയ്മ നേടിയ സാമൂഹ്യ ശ്രേണി വിചാരത്തെ ബഹുത്വവൽക്കരിക്കുന്നു. സ്വതന്ത്ര സമര സേനാനിയായ ബഷീർ കഥയെഴുത്തിന്റെ ദേശ-ദേശാന്തര രാഷ്ട്രീയത്തിന്റെ അന്ത സത്തയും ഉള്ളുകള്ളിയും മറനീക്കി പുറത്തു കൊണ്ടുവരാനുള്ള തീവ്ര ശ്രമങ്ങൾ തന്റെ രചനയിലൂടെ നിർവഹിക്കുന്നു.


യുദ്ധം സൃഷ്ടിക്കുന്ന അമാനവീകരണത്തെ ചൊല്ലി ഏറെ ആശങ്കകൾ പങ്കു വെച്ച എഴുതുക്കാരനാണ് ബഷീർ. പിടിച്ചുപറ്റലിന്റെ ഭാഗമാണ് ലോക ചരിത്രത്തിന്റെ അധിക ഭാഗവുമെന്ന് 'മരണത്തിന്റെ നിഴലിൽ' എന്ന കൃതിയിൽ അദ്ദേഹം പരിഹാസ്യേന അവതരിപ്പിക്കുന്നുണ്ട്. ലോക സമാധാനമുണ്ടാക്കണമെങ്കിൽ ഓരോ ആണിനും പെണ്ണിനും വരട്ട ചൊറി വരണമെന്ന പ്രഖ്യാപനം ബഷീറിന്റെ യുദ്ധവിരുദ്ധ പ്രതികരണത്തെയാണ് തുറന്ന് കാണിക്കുന്നത്.


ബഷീർ രചനകൾ നിലവിലെ സാമൂഹിക സാംസ്കാരിക സാമുദായിക സങ്കൽപ്പങ്ങളോടുള്ള സമരസപ്പെടലായിരുന്നില്ല. മറിച്ച്, മോചനമായിരുന്നു. അദ്ദേഹത്തിന്റെ ഭാഷയും, അപനിർമാണവും, കഥയും കഥാപാത്രങ്ങളും കാലാതീതമായി സഞ്ചരിച്ചു. സംഭവങ്ങളെയും സന്ദർഭങ്ങളെയും ദീർഘ വീക്ഷണത്തോടെ സമീപിക്കാൻ ശ്രമിച്ചു. മുഖ്യധാര സാഹിത്യത്തിനപ്പുറം നിൽക്കുന്ന ബഷീറിയൻ രചനകൾ ഇത്തരത്തിൽ ആധുനികാനന്തര പ്രവണതകൾ ഉളവാക്കി. ഒടുവിൽ ബഷീറിയനിസം വിജയം കണ്ടു. വിജയിച്ചു കൊണ്ടേയിരുന്നു.

Literature
Study

Related Posts

Loading