KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

റീലും റിയലും, ബ്രെയിൻ റോട്ടും: ആൽഫാ സീ ജനറേഷന്റെ വർത്തമാനങ്ങൾ

യൂസുഫ് നൂറാനി, അഹ്മദ് ഷറീൻ, ഹുസൈൻ അഹ്മദ്

(ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റെന്റീവ്യൂ 2025 നോടനുബന്ധിച്ച് “റീലും റിയലും, ബ്രെയിൻ റോട്ടും:ആൽഫാ സീ ജനറേഷന്റെ വർത്തമാനങ്ങൾ” എന്ന പ്രമേയത്തിൽ നടന്ന ചർച്ചയുടെ പ്രസക്തഭാഗം. യൂസുഫ് നൂറാനി (കേരള യൂണിവേഴ്സിറ്റിയിലെ പബ്ലിക്ക് അഡ്മിനിസ്ട്രേറ്റീവ് ആൻഡ് പോളിസി വിഭാഗത്തിലെ മുതിർന്ന ഗവേഷകൻ), അഹ്‌മദ്‌ ഷറീൻ (സൈക്കോളജിസ്റ്റ്, കാസർഗോഡ് ജില്ലയിലെ ശിശുക്ഷേമ സമിതി അംഗം), ഹുസൈൻ അഹ്‌മദ്‌ (കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജിയിലെ കമ്പ്യൂട്ടർ സയൻസ്, എൻജിനീയറിംഗ് വിഭാഗത്തിലെ ഗവേഷകൻ) എന്നിവർ സംസാരിക്കുന്നു.


യൂസുഫ് നൂറാനി (കേരള യൂണിവേഴ്സിറ്റിയിലെ പബ്ലിക്ക് അഡ്മിനിസ്ട്രേറ്റീവ് ആൻഡ് പോളിസി വിഭാഗത്തിലെ മുതിർന്ന ഗവേഷകൻ): കഴിഞ്ഞ വർഷം ഓക്സ്ഫോർഡ് സർവകലാശാല മുന്നോട്ടുവെച്ച ഏറ്റവും പ്രധാനപ്പെട്ട വാക്ക് എന്ന നിലയിൽ ബ്രെയിൽ റോട്ടിനെ സംബന്ധിച്ചാണ് ഇവിടെ നാം സംസാരിക്കുന്നത്. ഒരു പ്രശ്നത്തെ പ്രശ്നമാണെന്ന് മനസ്സിലാക്കലാണ് പ്രശ്ന പരിഹാരത്തിന്റെ ആദ്യ ചുവട്. ഇന്നത്തെ സമൂഹത്തിന് ഇതൊരു വലിയ പ്രതിസന്ധിയാണെന്ന്, ഓൺലൈൻ വോട്ടിങ്ങിലൂടെ പ്രഥമ പദമായി ബ്രെയിൻ റോട്ട് മുന്നോട്ട് വരുന്നതിലൂടെയാണ് അവർക്ക് മനസ്സിലാക്കാൻ സാധിച്ചത്. ഇത്തരം പ്രാധാന്യം കൊണ്ടാണ് ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവെൽ റൊൻന്റിവ്യൂവിൽ ബ്രെയിൻ റോട്ടിനെ ചർച്ച ചെയ്യുന്നത്.


നിത്യജീവിതത്തെ വരിഞ്ഞു മുറുക്കുന്ന ഈ പ്രശ്നത്തെ എങ്ങനെ പരിഹരിക്കാൻ സാധിക്കുമെന്ന ലക്ഷ്യത്തിലാണ് ചർച്ച മുന്നോട്ടു പോകുന്നത്. മനസ്സിന്റെ ബൗദ്ധിക നിലവാരമാണ് ഒരു വ്യക്തിയുടെ ഏറ്റവും പ്രധാനപ്പെട്ട സ്വത്ത്. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം കാരണത്താൽ മാനസിക ശക്തി കീറിമുറിച്ച് ദുർബലപ്പെടുന്നതായി കാണാൻ സാധിക്കുന്നു. ആഗോള തലത്തിൽ ടിക്ടോക്ക് പോലുള്ള ആപ്പുകളിലൂടെ റീലുകളിലൂടെയും ഷോർട്സിലൂടെയും വിവിധതരം ചലഞ്ചുകൾ നടക്കാറുണ്ട്. നാം പഠിക്കുന്ന കോളേജിലെ, സ്കൂളിലെ സ്വത്തുക്കൾ തകർക്കുന്നത് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്ന ഡീവിയന്റ് ക്ലിക്ക് (Deviant Click) എന്ന ചലഞ്ച് അതിൽ പ്രധാനപ്പെട്ടതാണ്. ഇത് വ്യാപകമായി പടരുകയും അമേരിക്കൻ ഫെഡറേഷനായ എഫ് ഡി ഐ നേരിട്ട് ഇടപെടേണ്ട അവസ്ഥയിലേക്ക് മാറിയതും നാം കണ്ടതാണ്. ഇവിടെ നാം മനസ്സിലാക്കേണ്ടത്, നമ്മുടെ പൗരസ്ത്യ സമൂഹം വിജ്ഞാനത്തെ ആദരവർഹിക്കുന്ന വസ്തുവായിട്ടാണ് കണ്ടിട്ടുള്ളത്. ഇത്തരമൊരു ബഹുമാനിക സൂചകങ്ങളെ തകർക്കുന്ന ട്രെന്റുകൾ ആവിഷ്കരിക്കുന്ന സമയത്തും തെറ്റ് മനസ്സിലാക്കാൻ സാധിക്കാതെ, തിന്മയിൽ നിന്നും നന്മയെ മനസ്സിലാക്കാനുള്ള വിദ്യാർത്ഥികളുടെ ക്ഷമത ഇല്ലാതാവുന്നു എന്നതാണ് ബ്രെയിൻ റോട്ടിന്റെ അനുരണനമായി മനസ്സിലാക്കാൻ സാധിക്കുന്നത്.


മസ്തിഷ്ക അപചയം എന്നതാണ് ബ്രെയിൻ റോട്ടിന്റെ ഭാഷാർത്ഥം. സോഷ്യൽ മീഡിയ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ മനസ്സിലുണ്ടാകുന്ന ബൗദ്ധിക നിലവാര തകർച്ചയെന്ന് ഇതിനെ നിർവചിക്കാം. ഇത് പ്രധാനമായും വിദ്യാർത്ഥികളെയാണ് ബാധിക്കുന്നതെങ്കിലും മില്ലേനിയൻ ജനറേഷനേയും ജെൻ. സിയെയും ജെനറേഷൻ ആൽഫയെയും ബാധിക്കുന്ന പ്രധാന പ്രതിസന്ധിയായിട്ടാണ് നമ്മൾ മുഖവിലക്കെടുക്കേണ്ടത്. യഥാർത്ഥത്തിൽ മനുഷ്യ സമൂഹത്തിന്റെ വികസനത്തെ സഹായിക്കാൻ വേണ്ടി നിർമിച്ചെടുത്ത ടൂൾ മാത്രമാണ് ടെക്നോളജി. സാങ്കേതിക വിദ്യ നമ്മെ നിയന്ത്രിക്കുമെന്ന പ്രവചനങ്ങളും മുന്നറിയിപ്പുകളും എഴുത്തിലൂടെയും മറ്റും പതിറ്റാണ്ടുകൾ മുമ്പേ അറിഞ്ഞതുമാണ്.


‘The Time Machine’ എന്നത് എച്ച് ജി വെൽസിന്റെ പ്രസിദ്ധ കൃതിയാണ്. ഭാവികാലത്തെ മാറ്റിമറിക്കുന്ന യന്ത്രങ്ങളെ കുറിച്ച് എഴുത്തുകാരൻ അതിൽ അടയാളപ്പെടുത്തുന്നു. ‘The Machine Stops’ എന്ന ഇ എം ഫ്രോസ്റ്റിന്റെ എഴുത്തിൽ യന്ത്രങ്ങൾ മനുഷ്യനെ കൺട്രോൾ ചെയ്ത്, പിന്നീട് യന്ത്രത്തെ ആരാധിക്കുന്ന സാഹചര്യത്തിലേക്ക് എത്തുന്ന ഭീകരാവസ്ഥയെ വിലയിരുത്തുന്നു. നൂറ്റാണ്ടുകൾ മുമ്പ് എഴുതിയ കൃതിയിലാണ് വരാൻ പോകുന്ന വിപത്തിനെക്കുറിച്ച് എഴുത്തുകാരന്മാർ വ്യക്തമായി മനസ്സിലാക്കിത്തരുന്നത്. സുപ്രസിദ്ധമായ മേരി ഷെല്ലിയുടെ ‘ഫ്രാങ്കേൻസ്റ്റീനി’ൽ മനുഷ്യൻ ഉണ്ടാക്കിയ ഭീകരസത്വം പിന്നീട് മനുഷ്യനെ അടിമയായി നിലനിർത്തുന്ന രൂപത്തിലുള്ള സാഹചര്യവും വ്യക്തമാക്കുന്നു. സമകാലിക ഡോക്യുമെന്ററികളിലും കോമിക്കുകളിലും സാങ്കേതിക വിദ്യ മനുഷ്യ ജീവിതത്തെ നിയന്ത്രിക്കുന്ന അവസ്ഥയെ വ്യക്തമാക്കുന്നു. അത്തരമൊരു നിയന്ത്രണത്തിന്റെ ഭാഗമാണ് ബ്രെയിൻ റോട്ട്. ഇതിന്റെ മറ്റൊരു വശമാണ് കഴിഞ്ഞ വർഷം നമ്മൾ ചർച്ച ചെയ്തത്.


ഡോപ്പമിൻ ലൂപ്പ് പോലെയുള്ള കാരണങ്ങളാൽ സോഷ്യൽ മീഡിയ മനുഷ്യനെ വലിഞ്ഞു മുറുക്കുന്ന സമയത്ത് ഉണ്ടാകുന്ന പ്രതിസന്ധിയാണ് ബ്രെയിൻ റോട്ടിലൂടെ മനസ്സിലാക്കേണ്ടത്. അതും മീഡിയയും തമ്മിലുള്ള ബന്ധമെന്താണ്?, ഇത്തരമൊരു അപചയം എങ്ങനെ തടയാൻ കഴിയും? എന്നിങ്ങനെയുള്ള വിഷയത്തിന്റെ ഒരു ചർച്ചയാണ് ഇവിടെ നടക്കാൻ പോകുന്നത്. ഈ ചർച്ചയിൽ പങ്കെടുത്ത്, അത് ജീവിതത്തിലേക്ക് സ്വാംശീകരിക്കാനുള്ള സന്നദ്ധത നമുക്ക് ഉണ്ടാകണമെന്ന് ഓർമ്മപ്പെടുത്തുന്നു.


അഹ്‌മദ്‌ ഷറീൻ (സൈക്കോളജിസ്റ്റ്, കാസർഗോഡ് ജില്ലയിലെ ശിശുക്ഷേമ സമിതി അംഗം): മനുഷ്യൻ പ്രതിദിനം രണ്ടായിരത്തിലധികം തവണ തന്റെ ഫോണിനെ സ്പർശിക്കുന്നുവെന്നതാണ് കഴിഞ്ഞ വർഷത്തെ കണക്ക്. അമ്പതിൽപരം പ്രാവശ്യം പുതുവിവരങ്ങൾ പരിശോധിക്കുന്നു. അഞ്ച് തവണയാണ് മുസ്‌ലിമീങ്ങൾ നിസ്ക്കരിക്കുന്നതെങ്കിൽ അതിന്റെ പത്ത് ഇരട്ടി ഫോൺ ഉപയോഗിക്കുന്നു. തലച്ചോർ സ്കാൻ ചെയ്ത് നോക്കിയാൽ ബ്രെയ്ൻ റോട്ട് മനസ്സിലാക്കാൻ സാധിക്കുകയില്ല. ബ്രെയ്ൻ കോശങ്ങൾ നശിച്ചു പോവുന്ന രീതിയാണ് ബ്രെയ്ൻ അട്രൊഫി (Brain Atrophy). ഇവിടെ കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നില്ല എന്നതാണ് വാസ്തവം.


മനുഷ്യനെ മനുഷ്യനാക്കുന്നത് തലച്ചോറ് എന്ന് പറയുന്ന ഹാർഡ് വെയറല്ല, അതിന്റെ ചിന്ത എന്ന് പറയുന്ന സോഫ്റ്റ്‌വെയർ ആണ്. ഇത്തരം ചിന്തകളെയാണ് ബ്രെയ്ൻ റോട്ട് ഇല്ലാതാക്കുന്നത്. അട്രോഫിക്ക് പകരം മനുഷ്യന്റെ ഓർമ്മ, ലോജിക്കൽ റീസണിങ്, വിശദീകരണ ഭാവന തുടങ്ങിയ കോഗ്നിറ്റീവ് കപ്പാസിറ്റീസ് (Cognitive Capacities) കുറയ്ക്കുകയാണ് ഇത് ചെയ്യുന്നത്. ഉദാഹരണം, ഒരാൾ രാവിലെ എഴുന്നേറ്റ് ഫോൺ നോക്കുകയാണ്. വാട്സ്അപ്പിലെ പുതിയ മെസേജുകളും ഇൻസ്റ്റഗ്രാമിലെ റീൽസുമൊക്കെ കണ്ടു. ഒരു മണിക്കൂർ കഴിഞ്ഞ് ആലോചിച്ചാൽ മനസ്സിലാകും, അനാവശ്യമായി ഒരു മണിക്കൂർ നഷ്ട്ടപ്പെടുത്തിയെന്ന്. ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു മണിക്കൂർ വളരെ നിസാരമായി ഇല്ലാതാക്കി. അനാവശ്യമായി ഫ്രിഡ്ജ് തുറക്കുക, വെള്ളം തിരിക്കുകയും പൂട്ടുകയും ചെയ്യുക, ലൈറ്റ് വെറുതെ ഇട്ടു നോക്കുക, ഇതുപോലെ ഒരു പ്രവർത്തനം എന്തിനു ചെയ്യുന്നുവെന്ന് മനസ്സിലാകാതിരിക്കുന്നതാണ് ബ്രെയ്ൻ റോട്ട്. മനുഷ്യന്റെ സമയം നഷ്ടപ്പെടുന്നു, കോഗ്നിറ്റീവ് കപ്പാസിറ്റി കുറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സാധിക്കും.


പൊതു നിയമങ്ങളാണ് ഇതിന്റെ ആദ്യത്തെ പ്രശ്നം. എങ്ങനെയാണ് മൊബൈൽ ഉപയോഗത്തിന് പരിധി വെക്കാൻ കഴിയുക? മൊബൈൽ നിയന്ത്രിക്കണമെന്ന് പറയുമ്പോൾ, എപ്പോഴാണ് നിയന്ത്രിക്കേണ്ടതെന്ന് കുട്ടി ചോദിക്കുന്നുണ്ട്. ഇതിന് രണ്ട് കാഴ്ചപ്പാടാണുള്ളത്. സൈക്കോളജിയിൽ അവ്യവസ്ഥകളെ (Disorders) മനസ്സിലാക്കാൻ വേണ്ടി രണ്ട് വിഭാഗമാക്കുന്നതാണ് ഒന്നാമത്തേത്. ഡി എസ് എം, ഐ എസ് ഡി എന്നതാണ് ആ വിഭാഗങ്ങൾ. എന്നാൽ ഇവ രണ്ടിലും മൊബൈലിന്റെ അമിത ഉപയോഗം എന്ന അവ്യവസ്ഥയെ കാണാൻ സാധിക്കുകയില്ല. ഇത്തരമൊരു പ്രവൃത്തിയെ നോമോഫോബിയ എന്നാണ് വിളിക്കാറുള്ളത്. ഇത്തരം കാര്യങ്ങളുടെ സാങ്കേതിക ഭാഷയിലേക്ക് നിർവചനത്തെ കണ്ടെത്താൻ കഴിയാത്തത്, ഇത് പ്രശ്നമല്ലാത്തതിനാൽ അല്ല. വ്യക്തമായി നിർവചിക്കാൻ കഴിയാത്തതിനാലാണ്.


ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഒരു ടീമിനോട് സംസാരിച്ചപ്പോൾ, നമുക്ക് ഒരു പരിധി വെക്കാൻ സാധിക്കുകയില്ല എന്നാണ് പറഞ്ഞത്. എത്ര സമയം ഉപയോഗിക്കലാണ് അമിത ഉപയോഗം എന്ന വ്യക്തമായ പഠനം ഇല്ലാത്തതിനാൽ പരിധി വെക്കാൻ കഴിയുകയില്ല. നിയമപരമായി തെറ്റായി മാറുന്നില്ലെങ്കിലും ഇതു കാര്യമായ കുഴപ്പങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഈ കാരണത്താൽ ഭരണഘടനാ സംവിധാനങ്ങൾക്ക് നിയന്ത്രിക്കാനുള്ള പരിമിതിയുണ്ട്. അതാണ് മറ്റൊരു കാഴ്ചപ്പാട്. ഭരണഘടനാ സംവിധാനങ്ങൾ തളരുന്നു എന്നതിന്റെ അടയാളമാണിത്. ഇന്ത്യയിൽ സിനിമ റിലീസ് ചെയ്യണമെങ്കിൽ സെൻസർ ബോർഡിന്റെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ജനങ്ങൾ എന്ത് കാണണമെന്ന് തീരുമാനിക്കാൻ സർക്കാറിനു സാധിക്കുമായിരുന്നു. എന്നാൽ, റീൽസ് ഷോർട്ട്സ് റിലീസ് ചെയ്യുന്നതിനു ഏതെങ്കിലും സംവിധാനങ്ങൾ ഉണ്ടോ? യൂടുബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിന് സെൻസർ സംവിധാനങ്ങൾ നിയമിച്ചിട്ടുണ്ടോ? ആർക്ക് വേണമെങ്കിലും അപ്ലോഡ് ചെയ്യാൻ സാധിക്കുന്ന രൂപത്തിലാണുള്ളത്. വാഹനങ്ങളുടെ വേഗത കുറയ്ക്കാൻ നടപടികളുണ്ട്. നിത്യവും അറുപത്തഞ്ചിലേറെ തവണ തൊട്ടു കൊണ്ടിരിക്കുന്ന സാധനത്തെ നിയന്ത്രിക്കാൻ നിലവിൽ നിയമ വ്യവസ്ഥയില്ല എന്നതാണ് സത്യം. യഥാർത്ഥത്തിൽ, അഡിക്ഷന് (Addiction) നിരവധി കാറ്റഗറികളാണുള്ളത്. പത്ത് കാറ്റഗറിയാണ് ഡി എസ് എമിൽ കാണാൻ സാധിക്കുക. അതിൽ മുന്നെണ്ണം മാത്രം ഇപ്പോൾ മനസ്സിലാക്കാം.


ക്രേവിങ്ങ് (Craving) ഉണ്ടാവുകയെന്നതാണ് ഒന്നാമത്തെ അടയാളം. ഒരു സാധനം ഉപയോഗിക്കാനും ആസ്വദിക്കാനും തൊട്ടു നോക്കാനുമൊക്കെ വീണ്ടും തോന്നുക എന്നതിനാണ് ക്രേവിങ് എന്നു പറയുന്നത്. അതാണ് ആദ്യത്തെ അലാറം. ടോളറൻസ് (Tolerance) എന്നതാണ് രണ്ടാമത്തെ അലാറം. ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ വേണമെന്നുള്ള ആർത്തിയാണിത്. വീണ്ടും വീണ്ടും വേണമെന്നുള്ള ചിന്ത. വിത്ഡ്രോവൽ സിംപ്റ്റംസാണ് (Withdrawal Symptoms) മൂന്നാമത്തേത്. സാധനം കൈയ്യിൽ നിന്നും ഇല്ലാതായാൽ ദേഷ്യം വരുക, വിറയ്ക്കുക, അമിത ശബ്ദമുണ്ടാക്കുക, ഭക്ഷണം കഴിക്കാതിരിക്കുക തുടങ്ങിയവയാണിത്. ഈ മൂന്ന് കാര്യങ്ങൾ ഒരു സാധനത്തിനോട് ഒരാൾക്ക് ഉണ്ടെങ്കിൽ, അതിനോട് അഡിക്ഷനായി എന്നതാണ് അർത്ഥം. നിങ്ങൾ ആലോചിച്ചു നോക്കൂ. മൊബൈൽ എടുക്കാതിരിക്കുമ്പോൾ മനസ്സ് പിടിമുറുകുന്നുണ്ടോ?, കുട്ടികൾക്ക് ഇത് അനുഭവപ്പെടുന്നുണ്ടോ?. അങ്ങനെയാണെങ്കിൽ, ഈ മൂന്നിന്റെയും ചുവപ്പ് വര കടന്നുവെന്ന് മനസ്സിലാക്കാം. ഇതൊക്കെ സ്വയം നിയന്ത്രണ വിധേയമാക്കുകയാണ് ചെയ്യേണ്ടത്. ഇത്തരം പ്രശ്നങ്ങളിലേക്ക് എത്തുന്നതിന്റെ കാരണം മുതലാളിത്ത സംവിധാനങ്ങളുടെ ഗൂഢാലോചനയാണ്.


പരസ്യം ജനങ്ങൾക്ക് കാണിക്കാനും കാണിക്കാതിരിക്കാനും പണം വാങ്ങുന്ന ഏക കമ്പനിയാണ് യൂട്യൂബ്. കമ്പനികളോട് പരസ്യം ചെയ്യുന്നതിന്റെ പേരിൽ പണം വാങ്ങുകയും, ഉപഭോക്താക്കളോട് പരസ്യം കാണിക്കാതിരിക്കാൻ പണം വാങ്ങുകയും ചെയ്യുന്നു. നാടൻ ഭാഷയിൽ എന്താണ് ഇതിനെ പറയുക? രണ്ട് ഭാഗത്തും നിൽക്കുന്നവൻ എന്ന് പറയും. രണ്ട് ഭാഗത്തും തീ കൊളുത്തിയിട്ട് നടുവിൽ നിൽക്കുന്ന ശൈലിയാണിത്. മീഡിയയുടെ സംവിധാനങ്ങൾ ശക്തമായിട്ടുണ്ട് എന്നതാണ് ഇതിന്റെ അർത്ഥം. നമ്മൾ വെറുതെ സംസാരിച്ചു കഴിഞ്ഞാൽ ആ വിഷയത്തെ സംബന്ധിച്ചുള്ള വീഡിയോ നമുക്ക് ലഭിക്കും. ഈ ചർച്ച അവസാനിച്ചാൽ നോമോഫോബിയയെ അടിസ്ഥാനമാക്കിയുള്ള വീഡിയോകളാണ് നമുക്ക് ലഭിക്കുക. ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം.


ജീവിതം സുഖകരമാക്കാനാണ് മെഷീനുകളെ നിർമിച്ചെടുത്തത് എന്നത് ശരിയാണ്. പിന്നീട് പരിണമിച്ച്, മനുഷ്യന്റെ മസ്തിഷ്ക പ്രവർത്തനങ്ങൾ കുറയ്ക്കുന്ന രൂപത്തിലേക്ക് എത്തിച്ചേർന്നു. ഇത് കാൽക്കുലേറ്ററിൽ തുടങ്ങി സൂപ്പർ കമ്പ്യൂട്ടറിലേക്ക് എത്തി നിൽക്കുന്നു. തലച്ചോറിനെ ഉപയോഗ ശ്യൂനമാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഒരാൾ എന്തു സംസാരിക്കണമെന്ന് സ്ക്രീനിൽ തെളിഞ്ഞു വരുന്ന ടെക്നോളജിയുടെ കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഏത് മരുന്നാണ് രോഗിയ്ക്ക് എഴുതേണ്ടതെന്ന് ചിന്തിക്കുന്നതിനു മുമ്പു തന്നെ ‘പ്ലീസ് പ്രിസ്ക്രൈബ് ദിസ് ദിസ് ദിസ്’ എന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞു. മനുഷ്യനെ യന്ത്രങ്ങൾ നിയന്ത്രിക്കുന്ന ഈ കാലഘട്ടത്തിൽ കോഗ്നിറ്റീവ് കപ്പാസിറ്റികൾ മാത്രമാണ് ബാക്കിയാവുന്നത്. അതും നഷ്ട്ടപ്പെട്ടാൽ കിളി പോയി നടക്കുന്ന അവസ്ഥയിലേക്ക് ജനങ്ങൾ എത്തിച്ചേരും. ‘മൈ ലൈഫ് മൈ ചോയിസ്’,’മൈ ബോഡി മൈ റൈറ്റ്’ എന്ന തിയറികളിലൂടെയാണ് ന്യൂജനറേഷൻ കടന്നുപോകുന്നത്. അവർ പറയുന്നത് ശരിയാണ്, പക്ഷേ സർക്കാർ സംവിധാനങ്ങൾക്ക് വരെ പരിധി നിശ്ചയിക്കുമ്പോൾ, സ്വയം നിയന്ത്രണം (Self control) മാത്രമാണ് പരിഹാര മാർഗ്ഗം. ഈ വിഷയത്തെ കുറിച്ച് സൂക്ഷ്മ പഠനങ്ങൾ നടത്തുകയും ജനങ്ങളിലേക്ക് എത്തിക്കുകയുമാണ് നമ്മുടെ ഉത്തരവാദിത്തം. ഇത്തരം പഠനങ്ങൾ നടത്തുന്നതിനു സന്തോഷങ്ങളും പൂർണ്ണമായ പിന്തുണയും അറിയിക്കുന്നു.


ഹുസൈൻ അഹ്‌മദ്‌ (കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജിയിലെ കമ്പ്യൂട്ടർ സയൻസ്, എൻജിനീയറിംഗ് വിഭാഗത്തിലെ ഗവേഷകൻ): ബ്രെയിൻ ഉപയോഗ ശ്യൂനമാകുന്നു എന്നതാണ് സത്യം. റീൽസ്, ഷോർട്ട്സുമൊക്കെ അമ്പതു മുതൽ അറുപത് സെക്കന്റുകൾ വരെയുള്ള കുറഞ്ഞ സമയം മാത്രമാണ്. ഡോക്യുമെന്ററി പോലെ മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന വീഡിയോകളുമുണ്ട്. മണിക്കൂറുകൾ പിന്നിടുന്ന വീഡിയോകൾ കാണുമ്പോൾ ഒരു അതിക്ലേദന ബിന്ദുവിൽ എത്തും. അതിനു ശേഷം മറ്റൊരു ദൈർഘ്യമേറിയ വീഡിയോ പെട്ടെന്നു കാണാൻ മനസ്സ് സമ്മതിക്കുകയില്ല. പക്ഷേ, റീൽസിലും ഷോർട്ടിലുമൊക്കെ അതിവേഗ ചലനമെന്ന നിലയിലാണ് ലക്ഷ്യം വെക്കുന്നത്. ‘ടു എക്സ്’ സ്പീഡിൽ വീഡിയോകൾ കേൾക്കുന്നതാണ് ഇപ്പോഴത്തെ പതിവ്. വൺ എക്സിൽ വീഡിയോ കാണാൻ കഴിയാത്ത നിലയിൽ ന്യൂജനറേഷൻ മാറിയിട്ടുണ്ട്. അതിനാൽ പരമാവധി റീച്ച് ലഭിക്കാൻ വേണ്ടി പ്രേക്ഷകർക്ക് ആകർഷണീയമാവുന്ന രൂപത്തിലുള്ള ക്യാപ്ഷനുകളും അമിതമായ ഹാഷ്ടാഗുകളും നിർമ്മാതാക്കൾ നൽകുന്നു. വീഡിയോ കണ്ടു കഴിഞ്ഞാൽ പ്രത്യേക തരം കൗതുകം ഉണ്ടാവുന്നു. അതിന്റെ പ്രത്യാഘാതമായി മറ്റു വീഡിയോകളിലേക്കും എത്തുന്നു. എന്ത് കൊണ്ടാണ് റീലുകൾ അമിതമായി ഉപയോഗിക്കുന്നു, എന്നതിന്റെ സാങ്കേതിക ഭാഷ പറയാം. ഡോക്യുമെന്ററികളുടെയും റീലുകളുടെയും നീളവും വീതിയും തമ്മിലുള്ള വ്യത്യാസമാണ് ഇതിന്റെ പ്രധാന കാരണം. ഡോക്യുമെന്ററികളുടെ അനുപാതം 19:6 എന്നതാണെങ്കിൽ റീലുകളുടേത് 6:19 എന്ന രീതിയിലാണ്. റീലുകളുടെ അടിസ്ഥാനത്തിലാണെങ്കിൽ നമ്മുടെ ഫോക്കസ് മുഴുവനും അതിലേക്ക് മാത്രമായിരിക്കും. ചുറ്റിലും സംഭവിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുകയില്ല. നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ഫോണിലേക്ക് എത്തുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?.


എങ്ങനെയാണ് അനാവശ്യ കാര്യങ്ങൾ സ്ക്രീനിൽ തെളിയുന്നതെന്നും, അത് എങ്ങനെ ഇല്ലാതാക്കാമെന്നും ഞാൻ അടുത്ത റൗണ്ടിൽ അവതരിപ്പിക്കാം. ബ്രെയിൻ റോട്ട് കാരണം സ്ഥിരത നഷ്ട്ടപ്പെടുന്നു എന്നതാണ് സത്യം. അര മണിക്കൂറിലേറെ വ്യതിചലനങ്ങളില്ലാതെ ഇരുന്നു കഴിഞ്ഞാൽ കാലിനും കൈയ്യിനുമൊക്കെ മരവിപ്പ് അനുഭവപ്പെടുന്നത് ഇതിനു ഉദാഹരണമാണ്. ഇടവിടാതെ റീൽസ് കാണുന്നതിനാൽ വലിയ നേട്ടങ്ങളൊന്നും ലഭിക്കുന്നില്ല. മണിക്കൂറുകൾ ചെലവഴിക്കുന്നതിന്റെ അവസാനം എന്തു നേടിയെന്ന് ചോദിക്കുമ്പോൾ ഉത്തരം പറയാൻ സാധിക്കുകയില്ല. വളരെ ഉപകാരം ലഭിക്കുന്ന ചാനലുകൾ ഉണ്ടെങ്കിലും ചുരുങ്ങിയ ദൈർഘ്യമുള്ള വീഡിയോകൾ ബ്രെയ്ൻ റോട്ടിലേക്ക് വഴിത്തിരിവാകുന്നു.


യൂസുഫ് നൂറാനി: യുവ തലമുറകളുടെ സ്ഥിരത നശിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ വരുന്ന സർക്കാർ സംവിധാനങ്ങളുടെയും മറ്റു കമ്പനികളുടേയും പ്രശ്നത്തെ സംബന്ധിച്ച് ഷെറീൻ സാർ സംസാരിച്ചു. യഥാർത്ഥത്തിൽ, മുഴുവൻ കാര്യങ്ങളും ക്യാപിറ്റലിസം നിയന്ത്രിക്കുന്നു എന്നതാണ് പ്രധാന കാരണം. മെറ്റ, ഗൂഗിൾ തുടങ്ങിയുള്ള എല്ലാ ഗ്ലോബൽ ഗയന്റ്‌സ് (Global Giants)കമ്പനികളുടേയും ആർത്തി കാരണമാണ് ഇത്തരം പ്രശ്നങ്ങൾ സംഭവിക്കുന്നത്. ആർത്തി സംസ്കാരത്തെ മനസ്സിലാക്കി തരുന്നതാണ്. ആർത്തി മൂലം മനുഷ്യനോടുള്ള സഹതാപം നഷ്ടപ്പെടുന്നു എന്നത് നാം മനസ്സിലാക്കേണ്ടതുണ്ട്. ഗസ്സയിൽ ഒന്നര വർഷത്തോളം വംശഹത്യ നടന്നു. പാശ്ചാത്യ സമൂഹത്തിന്റെ കൺമുന്നിൽ നിന്നും ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളും ദുരന്തങ്ങളും അരങ്ങേറിയിട്ടും പ്രതികരണം ഇല്ലാതിരുന്നതും ഗ്ലോബൽ ഗയന്റ്സ് കമ്പനികളുടെ ആർത്തിയുടെ അടയാളമാണ്. യുദ്ധ കാരണത്താൽ ഇരുപത്തി നാല് ബില്യൺസാണ് ഇത്തരം കമ്പനികൾക്ക് ലാഭമുണ്ടായത്. ദുരന്തം നടന്നുകൊണ്ടിരിക്കുമ്പോൾ പുതിയ ആയുധങ്ങളിലൂടെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വ്യത്യസ്തമായ രൂപത്തിൽ കൊലപാതകം നടത്തുകയാണ് ചെയ്യുന്നത്. ആയുധങ്ങൾ അഭ്യസിക്കുന്ന പരീക്ഷണ കളരിയായി, ഗിനി പന്നികളെ പോലെയാണ് മനുഷ്യരെ ഇവർ കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് വേറേയും ഉദാഹരണങ്ങളുണ്ട്.


ഫലസ്തീൻ- ഇസ്രായേൽ പ്രശ്നത്തിൽ ആദ്യമായി അയർലന്റാണ് എതിർത്തത്. എന്ത് കൊണ്ടാണ് എതിർത്തത് എന്ന ചോദ്യത്തിന് ചരിത്ര പശ്ചാത്തലവുമുണ്ട്. ബ്രെയിൻ റോട്ട് എന്ന പദം 1854ൽ ഇറങ്ങിയ ‘വാൾഡൻ’ എന്ന നോവലിൽ ഹെൻറി ഡേവിഡ് തോറ എന്ന ഫിലോസഫിക്കൽ അമേരിക്കൻ എഴുത്തുകാരനാണ് ആദ്യമായിട്ടു ഉപയോഗിക്കുന്നത്. മിതത്വം എന്ന ആശയത്തിനാണ് അദ്ദേഹം ഊന്നൽ നൽകിയിരുന്നത്. ഉരുളക്കിഴങ്ങ് ചീഞ്ഞു നശിക്കുന്ന രോഗത്തിന്റെ ആഗമനത്തോടെ ഇംഗ്ലണ്ടിൽ വ്യാപകമായ ക്ഷാമം അനുഭവപ്പെട്ടു. അതിനെ തുടർന്ന് ഗവൺമെന്റ് നിരവധി ശ്രമങ്ങൾ നടത്തി. പക്ഷേ, എന്തുകൊണ്ടാണ് മാനസിക തകരാറു സംഭവിക്കുന്ന ബ്രെയിൻ റോട്ടിനെ തടയാൻ സർക്കാർ ശ്രമിക്കുന്നില്ല എന്ന നിലയിലാണ് ഈ വാക്ക് രൂപപ്പെട്ടത്. ഇംഗ്ലണ്ടിന്റെ കീഴിൽ അയർലന്റ് നിലനിന്ന ഒരു കാലമുണ്ടായിരുന്നു. ഈ കാലഘട്ടത്തിൽ ഇംഗ്ലണ്ടിലും അയർലന്റിലും സാമ്പത്തിക ക്ഷാമമുണ്ടായി. കോളനി വൽക്കരിക്കപ്പെട്ടു, ജനങ്ങൾ പട്ടിണിയിലിരിക്കുന്ന സമയത്തും ഇംഗ്ലണ്ടിലെ സമ്പത്ത് കൊള്ളയടിക്കുകയാണ് ബ്രിട്ടീഷുകാർ ചെയ്തത്. രാജ്യങ്ങളുടെ ദയനീയത കണ്ടപ്പോൾ ഓട്ടോമൻ ചക്രവർത്തിയായിരുന്ന സുൽത്താൻ അബ്ദുൽ ഹമീദ് ബ്രിട്ടീഷ് രാജ്ഞി കൊടുത്തതിനേക്കാൾ ഇരട്ടി പണം നൽകി സഹായിക്കാൻ ശ്രമിച്ചെങ്കിലും ബ്രിട്ടീഷ് രാജ്ഞി നൽകാൻ സമ്മതിച്ചില്ല. ആയതിനാൽ രണ്ടു മൂന്ന് കപ്പലുകൾ നിറയെ ഭക്ഷണ സാധനങ്ങൾ അയർലാന്റിലേക്ക് അയച്ചു. അതിന്റെ അടയാളമായി ഫുട്ബോൾ ക്ലബ്ബുകളിൽ ഓട്ടോമൻ ചിഹ്നങ്ങൾ കാണാൻ കഴിയും.


രണ്ടു സംസ്കാരങ്ങൾ തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ രേഖപ്പെടുത്തുന്നത്. മനുഷ്യപ്പറ്റില്ലാതെ അത്യാഗ്രഹം കൊണ്ടു വരുന്നതും വികസനത്തിനു വേണ്ടി യത്നിക്കുന്നതുമാണ് രണ്ടു സംസ്കാരങ്ങൾ. ഇതിനെ സംബന്ധിച്ചു മറ്റു ഉദാഹരണം പറയാം. ഇന്ത്യയിൽ നിരവധി വരൾച്ചകൾ ഉണ്ടായിട്ടുണ്ട്. ഔറംഗസീബ് ചക്രവർത്തിയുടെ കാലത്ത് കാലവർഷക്കെടുതി സംഭവിച്ചപ്പോൾ, വലിയ ക്ഷാമം ഉണ്ടായിട്ടും ജനങ്ങൾ കൊല്ലപ്പെട്ടിട്ടില്ല. അത്ഭുത നിർമ്മിതികൾ സൃഷ്ടിച്ച ചക്രവർത്തിയാണ് ഷാജഹാൻ. അദ്ദേഹത്തിന്റെ കാലത്തും രണ്ട് ക്ഷാമങ്ങൾ ഉണ്ടാവുകയും ജനങ്ങൾ മരണപ്പെട്ടിട്ടുമുണ്ട്. അമ്പതു വർഷങ്ങൾക്ക് ശേഷം, ബ്രിട്ടീഷുകാരുടെ കാലത്ത് ക്ഷാമം ഉണ്ടാവുകയും മൂന്നിലൊന്ന് ജനങ്ങളെ ബംഗാളിൽ നിന്ന് തുടച്ചു നീക്കപ്പെടുകയും ചെയ്തു. ഇപ്പോൾ കേരളത്തിൽ മൂന്നു കോടി മുപ്പത്തിമൂന്നു ലക്ഷം ജനങ്ങൾ താമസിക്കുന്നു. അതിൽ നിന്നും ഒരു കോടി പതിനൊന്ന് ലക്ഷം ജനങ്ങളും കൊല്ലപ്പെട്ട്, മൃതദേഹങ്ങൾ പലനാടുകളിലുമായി അടിഞ്ഞു കഴിഞ്ഞാൽ എന്തായിരിക്കും അവസ്ഥ!? ഇത്രയും പ്രശ്നമുണ്ടായിട്ടും ഈസ്റ്റ് ഇന്ത്യ കമ്പനി പ്രതിസന്ധി മനസ്സിലാക്കി സഹായം ചെയ്യാത്തത് ഗയന്റ്സുകളുടെ ആർത്തിയെ അളക്കുന്ന അളവു കോലാണ്. റീലും റിയലും നിർമിക്കുന്ന പ്രധാന പ്രതിസന്ധി, ഉദാരവൽക്കരണത്തിന്റെ വൃത്തികെട്ട സ്വഭാവങ്ങൾ വളർത്തുന്നു എന്നതാണ്. ഹുസൈൻ സാർ പറഞ്ഞ പ്രകാരം ഷോർട്ട് വീഡിയോകൾക്ക് ഡോപ്പമിൻ ലൂപ്പ് (Dopamine Loop)എന്ന പദമാണ് ഉപയോഗിക്കാറുള്ളത്. പുതിയ രീതിയിലുള്ള ന്യൂസുകളും നോട്ടിഫിക്കേഷനുകളും കാണുമ്പോൾ തലച്ചോറിൽ അതിനോടുള്ള ത്വര വർധിക്കുന്നു. ഇതിനെയാണ് ന്യൂറോ ട്രാൻസ്മിറ്റർ (Neurotransmitter) എന്ന് പറയുന്നത്. വീഡിയോ കണ്ടു കഴിഞ്ഞാൽ മാനസിക പ്രീതി കൈകൊള്ളുകയും വീണ്ടും കാണണമെന്നു തോന്നുകയും ചെയ്യുന്നു. ഒരു സ്ഥലത്തു തന്നെ തളച്ചിടുന്ന അവസ്ഥയിലേക്ക് മാറുന്നതിലൂടെ അദ്ദേഹത്തിന്റെ നിർമ്മാണാത്മകത കഴിവ് തളരാൻ തുടങ്ങുന്നു.


ബ്രെയ്ൻ റോട്ടിന്റെ വിപരീത പദം നിർമ്മാണാത്മകതയാണ് എന്നു പറയാം. മനുഷ്യനു പല രീതിയിലാണ് സർഗ്ഗശക്തിയുണ്ടാവുക. മനുഷ്യന്റെ ചിന്താശക്തി കുറയുന്നതിലൂടെ സർഗ്ഗശേഷി നഷ്ടപ്പെടുന്നു. ആൽഗോരിതങ്ങളുടെ (Algorithms)സഹായത്തോടെ കൃത്യമായ പ്ലാനുകൾ നിർമിച്ച് സമയത്തെ ഇല്ലാതാക്കുകയാണ് കമ്പനികൾ ചെയ്യുന്നത്. ഡിജിറ്റൽ മിനിമലിസം എന്ന പുസ്തകം എഴുതിയ വ്യക്തിയാണ് കാൾ ന്യൂപോർട്ട്. മനുഷ്യന്റെ പ്രധാന സമ്പത്ത് എന്ന നിലയിൽ അദ്ദേഹം കണക്കു കൂട്ടുന്നത് ശ്രദ്ധയേയാണ്. ബ്രെയ്ൻ റോട്ടിലൂടെ ശ്രദ്ധയെ തളച്ചിടുന്ന അവസ്ഥയിലേക്കാണ് മാറുന്നത്. നാൽപത്തിനാലു വർഷം ജീവിച്ച, ജനിച്ചതു മുതൽ എല്ലാ ദിവസവും ശരാശരി പതിനാറു പേജുകൾ എഴുതിയ മഹാ പണ്ഡിതനായ ഇമാം നവവി(റ), നഫാഇസുൽ ഔകാത്ത് (അമൂല്യമായ സമയം) എന്നാണ് സമയത്തെ കുറിച്ച് പരിചയപ്പെടുത്തിയത്.


പ്രീഫ്രണ്ടൽ കോർട്ടക്സ് (Prefrontal Cortex) തലച്ചോറിന്റെ പ്രധാന ഭാഗമാണ്. ആസൂത്രണങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന, തലച്ചോറിന്റെ മുൻ വശത്തുള്ള പ്രീഫ്രണ്ടൽ കോർട്ടക്സിനേയാണ് ബ്രെയ്ൻ റോട്ട് പ്രധാനമായും ബാധിക്കുക. ഡൂം സ്ക്രോളിങ്ങ് (Doom Scrolling) കോവിഡ് സമയത്ത് വ്യാപിച്ചതായ ഒന്നാണ്. നിഷേധാത്മകമായ സന്ദേശങ്ങൾ ആവർത്തിച്ചു അനുഭവിക്കുന്നതിലൂടെ താതാത്മ്യപ്പെടുന്നതാണ് ഡൂം സ്ക്രോളിങ്ങ്. അവസാന കാലങ്ങളിൽ പൊതു നിരത്തുകളിൽ പോലും വ്യഭിചാര പ്രവർത്തനങ്ങൾ നടത്തുമെന്നും, ആ സന്ദർഭത്തിൽ പൊതു സ്ഥലങ്ങളിൽ നിന്ന് മാറി നിൽക്കണമെന്ന് കൽപ്പിക്കുന്നവർക്കാണ് ഈമാൻ ഉണ്ടാവുകയെന്നും ഹദീസിൽ പറയുന്നുണ്ട്. ഇത് ഇരുപത് കൊല്ലം മുമ്പ് കേൾക്കുമ്പോൾ വ്യക്തിപരമായിട്ട് എനിക്ക് അത്ഭുതമുണ്ടായിരുന്നു. കാലാതീതമായി അതിനോട് സമീകരിക്കുന്ന സ്ഥിതിയിലേക്ക് മനുഷ്യൻ മാറിക്കൊണ്ടിരിക്കുന്നു. ഇതൊക്കെ ബ്രെയിൻ റോട്ടിന്റെ മാനവസമുദായ ശാസ്ത്രത്തിന്റെ അനന്തരഫലമാണ്. ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടി മറ്റുള്ളർ ചെയ്യുന്നതിൽ നിന്നും ഏറെ വ്യത്യസ്തമായത് കൊണ്ടു വരുകയാണ് ന്യൂജനറേഷൻ ചെയ്യുന്നത്. അത് പലതര കോപ്രായങ്ങളിലേക്കും വിരോധാഭാസങ്ങളിലേക്കും എത്തിക്കുന്നു. കുട്ടികളെ വളർത്തുന്നത് സ്വാഭാവിക പ്രക്രിയയായി നോക്കി കാണരുത്. വ്യക്തമായ ആസൂത്രണങ്ങളിലൂടെയാണ് കുട്ടികളെ അഭിസംബോധനം ചെയ്യേണ്ടത്. അവരുടെ പിഴവുകളുടെ ഉത്തരവാദി നാമാണെന്നത് മനസ്സിലാക്കണം. എന്നാൽ, ക്രിയാത്മകമായ രൂപത്തിൽ കുട്ടികളെ നിർമ്മിച്ചെടുക്കുന്നു എന്നതാണ് മദീനതുന്നൂർ പോലെയുള്ള സ്ഥാപനങ്ങളുടെ ഗുണം. സമൂഹത്തിലെ തെറ്റും ശരിയും മനസ്സിലാക്കാനും നടപടികൾ സ്വീകരിക്കാനും കഴിയുന്ന രൂപത്തിൽ വിദ്യാർത്ഥികളെ വളർത്തുകയുമാണ് സ്ഥാപനങ്ങൾ ചെയ്യുന്നത്. ഇത്തരം ഗുണനിലവാരമുള്ള ചർച്ചകൾ നടത്തുന്നത് അതിനു ഉദാഹരണമാണ്. എങ്ങനെ നല്ലൊരു രൂപത്തിൽ ജീവിതത്തെ ചിട്ടപ്പെടുത്താമെന്നത് അടുത്ത അവസരത്തിൽ പറയാം.


അഹ്‌മദ്‌ ഷറീൻ: വേദിയിലേക്ക് വരുന്ന ഒരാൾക്ക് ഇരിക്കാൻ വേണ്ടി വിവിധ നിറം കസേരകളുണ്ട്. ഏതു കസേരയിൽ ഇരിക്കണമെന്ന് നിങ്ങളുടെ താത്പര്യമാണ്. തീരുമാനമെടുക്കുന്നതും നിങ്ങൾ തന്നെയാണ്. വലതു-ഇടതു വശങ്ങളിൽ ഏതെങ്കിലുമൊരു കസേരയിൽ ഇരിക്കുമ്പോൾ അവിടെ തീരുമാനമെടുക്കൽ പ്രക്രിയ നടക്കുന്നുണ്ട്. ഈ തീരുമാനം സ്വയം പ്രേരിതമാണോ, അല്ലെങ്കിൽ മനഃപൂർവ്വം ചെയ്യുന്നതാണോ എന്ന സംശയം സ്വാഭാവികമാണ്. ഇതിനേയാണ് ലോക്കസ് ഓഫ് കൺട്രോൾ (Locus of Control) എന്ന് പറയുന്നത്.


ഇന്റേണൽ(Internal) ലോക്കസ് ഓഫ് കൺട്രോൾ, എക്സ്റ്റേണൽ(External) ലോക്കസ് ഓഫ് കൺട്രോൾ എന്നിങ്ങനെ രണ്ടു തരമുണ്ട്. എല്ലാ കാര്യങ്ങളും നേരത്തെ എഴുതപ്പെട്ടതാണ്, അതിനകത്ത് പ്രത്യേകിച്ച് തീരുമാനങ്ങൾ എടുക്കാൻ സാധ്യമല്ല എന്ന ചിന്തയും, എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കാൻ കഴിയും എന്ന ചിന്തയുമുണ്ട്. രണ്ട് ചിന്തകൾക്കിടയിലാണ് തീരുമാനമെടുക്കേണ്ടത്. കാറ്റിനനുസൃതം നീങ്ങുന്നതിലുപരി അതിജയിക്കുകയാണ് നാം ചേയ്യേണ്ടത്. സ്വാഭാവികമായും അസ്വാഭാവികമായും നേരിടുന്ന പ്രശ്നങ്ങളെ നമ്മളാണ് അതിജയിക്കേണ്ടത്. വിജയത്തിന്റെ ആദ്യത്തെ പടവ് ആരംഭിക്കുന്നത് പ്രശ്നത്തെ ചിന്തിക്കുന്നതിലല്ല, നമുക്ക് ആവശ്യമില്ലാത്ത ആപ്പുകളെ ഡിലീറ്റ് ചെയ്താണ് തുടങ്ങേണ്ടത്.


എന്റെ അരികിലേക്ക് ഒരു സ്ത്രീ കുറച്ചു ദിവസങ്ങൾക്കു മുമ്പ് വന്നിട്ടുണ്ടായിരുന്നു. മുല്ലപ്പെരിയാർ പൊട്ടുമോ എന്ന് ഭയന്ന് ഉറങ്ങാൻ കഴിയാത്തതായിരുന്നു കാരണം. വിഷയം കേൾക്കുമ്പോൾ ചിരി വരുന്നുണ്ടെങ്കിലും ഇത് വലിയൊരു പ്രശ്നമാണ്. മുൻ കാലങ്ങളിൽ സ്കൂൾ കഴിഞ്ഞ് കുട്ടികൾ വയലുകളിലേക്ക് കളിക്കാൻ പോവുകയും മഗ്‌രിബ് ബാങ്ക് കൊടുത്താൽ വീട്ടിലേക്ക് തിരിച്ചെത്തുകയുമാണ് നാട്ടിൻ പുറങ്ങളിലെ വീടുകളിൽ പതിവ്. അഞ്ചു മണിക്ക് വീട്ടിലെത്തുന്ന കുട്ടി അഞ്ചു മിനിറ്റ് വൈകിയാൽ വാട്സ് അപ്പ് ഗ്രൂപ്പിലേക്ക് മെസേജ് അയക്കുകയും ഏഴുമണി കഴിഞ്ഞാൽ പോലീസിലേക്ക് പരാതി നൽകുന്നതുമാണ് ഇപ്പോഴത്തെ പതിവ്. സ്ഥിരമായി നെഗറ്റീവ് വാർത്തകൾ കേൾക്കുന്നതിലൂടെയും ബ്രെയിൽ തകരുകയും ചെയ്യുന്നുണ്ട്. അതിനുദാഹരണമാണ് മുല്ലപ്പെരിയാർ പൊട്ടുമെന്ന് ഭയന്ന് ഉറക്കം വരാതിരിക്കുന്നത്. ഒരുപാട് പ്രശ്നങ്ങൾ അറിയുന്നതും മനസ്സിനെ തകർക്കുന്നതാണ്. ഇത്തരം കാര്യങ്ങൾ അറിയാത്തവനു വലിയ തലവേദന ഇല്ലാതാവുന്നു എന്നതാണ് സത്യം. ദിവസത്തിൽ ഏകദേശം മുപ്പതിനായിരത്തിലേറെ തീരുമാനങ്ങളാണ് മനുഷ്യൻ എടുക്കുന്നത്. മൂക്ക് ചൊറിയുന്നതു മുതൽ തൊപ്പി തലയിൽ വെക്കുന്നതു പോലോത്ത കാര്യങ്ങൾ ചെയ്യുമ്പോഴും അനാവശ്യമായി സമയം ചെലവഴിക്കുമ്പോഴും സ്വയം നിയന്ത്രണമാണ് ആവശ്യമുള്ളത്.


എന്തു കാര്യവും സ്വയം നിയന്ത്രിക്കാൻ കഴിയുമെന്ന വിശ്വാസത്തോടെ വിജയത്തിന്റെ ഒന്നാമത്തെ പടവ് പൂർത്തിയാകുന്നതാണ്. ആധുനിക സാങ്കേതിക വിദ്യകളിൽ നിന്നു മാറി നിൽക്കാനുള്ള കഴിവാണ് രണ്ടാമത്തെ പടവ്. സമൂഹത്തിന്റെ ഭാഷയും അവരുടെ പ്രയോഗങ്ങളും മനസ്സിലാക്കുകയും നിശ്ചിത കാര്യങ്ങളോടുള്ള നിയന്ത്രണവുമാണ് മൂന്നാമത്തെ പടവ്. എതിർത്ത് തോൽപ്പിക്കുന്നതിൽ നിന്നും പകരമായി, ഇത്തരം വേളകളിൽ സ്വാംശീകരിക്കുകയാണ് ചെയ്യേണ്ടത്.


ഹുസൈൻ അഹ്‌മദ്‌: വേദിയിൽ നിന്നും കസേരകൾ തെരെഞ്ഞെടുക്കുന്നതു പോലെ വിർച്വൽ ലോകത്തും വിവിധ തരം കസേരകളുണ്ട്. പക്ഷേ, നിങ്ങളുടെ മുമ്പിലേക്ക് ഒരു കസേര മാത്രം തെളിയിക്കുകയാണ് ആൽഗോരിതം ചെയ്യുന്നത്. അതു എങ്ങനെയാണെന്ന് വിശദീകരിക്കാം. ആൽഗോരിതം പത്തു കസേരകളുണ്ടെങ്കിൽ ഒമ്പതെണ്ണവും മറച്ചു വെക്കും. പിന്നീട് ആ രൂപത്തിലുള്ള മനോരമ്യം മുമ്പിലേക്ക് പ്രത്യക്ഷപ്പെടുത്തും. ഇതിനേയാണ് റെക്കമണ്ടേഷൻ സിസ്റ്റം (Recommendation System) എന്നു പറയുന്നത്.


നമ്മുടെ സർക്കിളിൽ ഒരാൾ ഹോട്ടലിനെ കുറിച്ച് അഭിപ്രായം ചോദിക്കുമ്പോൾ വിർച്വൽ ലോകത്തിലെ ദശലക്ഷത്തോളം വരുന്ന ഉപഭോക്താക്കളുടെ അഭിപ്രായം സ്വരൂപിക്കുകയും, മറ്റൊരാളുടെ ഇഷ്ട്ടങ്ങളോട് സാമീപ്യം പുലർത്തുകയും വഴി നമ്മുടെ പ്രഥമഗണനയ്ക്ക് അനുസൃതമായ വിഭാഗങ്ങൾ മുന്നിൽ തെളിയിക്കാൻ ആൽഗോരിതം തയ്യാറാകുന്നു. ഇതു രണ്ടു രൂപത്തിലാണ് ഉപയോഗിക്കുന്നത്. കൊളബറേറ്റീവ് ഫിൽറ്ററിങ്ങും (Collaborative Filtering) കണ്ടെന്റ് ബേസ്ഡ് ഫിൽറ്ററിങ്ങുമാണ് (Content Based Filtering) ആ രണ്ടു രൂപങ്ങൾ. അതിനെ കുറിച്ച് ഉദാഹരണങ്ങൾ പറയാം. കെ എഫ് സി ലൈക്ക് ചെയ്യുന്ന നമ്മുടെ സ്ക്രീനിലേക്ക് സുഹൃത്ത് ലൈക്ക് ചെയ്ത ബർഗർ പ്രത്യക്ഷപ്പെടുത്തുന്നതിനേയും, ദശലക്ഷങ്ങൾ ലൈക്ക് അടിക്കുന്ന, ട്രെന്റിങ്ങിൽ നിൽക്കുന്നതിനെ സ്ക്രീനിലേക്ക് എത്തിക്കുന്നതിനേയുമാണ് കൊളാബറേറ്റ് ഫിൽറ്ററിങ്ങ് എന്നു പറയുന്നത്. ഒരു പ്രാവശ്യം നമ്മൾ പരിശോധിക്കുന്ന വീഡിയോ അനുസരിച്ച്, ആ രൂപത്തിലുള്ള വീഡിയോ മുന്നിലേക്ക് നൽകുന്നതാണ് കണ്ടെന്റ് ബേസ്ഡ് ഫിൽറ്ററിങ്ങ് എന്നു പറയുന്നത്. നമ്മൾ കാണുന്ന ഷോർട്ടുസുകളുടെ പാറ്റേൺ ആൽഗോരിതം മനസ്സിലാക്കുന്നുണ്ട്.


നമ്മുടെ പാറ്റേണുകൾ പോലോത്ത സൂക്ഷ്മമായ കാര്യങ്ങൾ നിരീക്ഷിക്കുകയും അതിനനുസരിച്ച് വീഡിയോ നൽകുകയുമാണ് ചെയ്യുന്നത്. ആദ്യത്തെ വീഡിയോയിൽ നിന്നും അഞ്ചാമത്തെതിലേക്ക് സ്ക്രോൾ ചെയ്താൽ പിന്നീട് ആ ശൈലിയിലായിരിക്കും കണ്ടെന്റുകൾ വരിക. രണ്ട്, മൂന്ന്, നാല് റീലുകൾ വ്യർത്ഥമായതിലേക്ക് മാറും. ലൈക്ക് അടിച്ചതു പിന്തുടരുകയും അതുമായി ബന്ധപ്പെട്ടുള്ളതും സ്ക്രീനിലേക്ക് പ്രത്യക്ഷപ്പെടുത്തുകയും ചെയ്യും. അതു മാത്രമല്ല, നമ്മൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന സമയവും, കാലദൈർഘ്യവും, സംയമനങ്ങളും തുടങ്ങി നേരിയ വിവരങ്ങൾ വരെ കൃത്യമായി അടയാളപ്പെടുത്തുന്നു. പിന്നീട്, ആ രൂപത്തിൽ പാറ്റേണുകൾ ചിത്രീകരിക്കുകയും വിജ്ഞാനപരമായ സന്ദേശങ്ങൾ തടഞ്ഞു നിർത്തുകയും ചെയ്യുന്നു.


കണ്ടെന്റ് നിർമ്മാതാക്കൾ റിവാർഡ് സിസ്റ്റത്തിലാണ് സഞ്ചരിക്കുന്നത്. ഇതിനെ റീഇൻഫോഴ്സ്മെന്റ് (Reinforcement) എന്നു പറയും. പോസ്റ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന ലൈക്കുകളും പ്രതികരണങ്ങളും നിർമ്മാതാക്കൾക്ക് ഊർജം നൽകുന്നു. കൂടുതൽ ലൈക്ക് ലഭിക്കുന്ന കണ്ടന്റുകൾ സൃഷ്ടിക്കുകയും പരമാവധി റീച്ച് ലഭിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നതിനനുസരിച്ച് നിരവധി പ്രവണതകൾ ആൽഗോരിതം ഘടിപ്പിക്കുന്നു. ആദ്യമായി ഇൻസ്റ്റഗ്രാം ഡൗൺലോഡ് ചെയ്യുന്ന, മുൻ സംഭാവന വിവരണമില്ലാത്ത വ്യക്തികൾക്കും പുതിയ കാര്യങ്ങൾ എത്തുന്നു. ഇതിനെ കോൾഡ് സ്റ്റാർട്ട് (Cold Start)എന്നാണ് പറയുക. ഈ സന്ദർഭത്തിൽ നമ്മുടെ അഭിരുചികളെ സംബന്ധിച്ചുള്ള വിവരങ്ങൾ അവരുടെ കൈകളിൽ ഉണ്ടാവില്ല. പക്ഷേ, സ്ഥലകാലത്തോടു യോജിച്ചതായ വീഡിയോകൾ അയച്ചു തരുമ്പോൾ അബദ്ധവശാൽ രണ്ടു മൂന്നെണ്ണം പ്ലേ ചെയ്തു കഴിഞ്ഞാൽ പിന്നെ അതുമായി സാമീപ്യമുള്ളതായിരിക്കും കടന്നു വരിക. ഇങ്ങനെ തുടർച്ചയായി നോക്കുമ്പോഴാണ് ബ്രെയിൻ റോട്ട് സംഭവിക്കുന്നത്. മുൻ കാലങ്ങളിൽ റെക്കമെൻഡേഷൻ സിസ്റ്റം ഈ മാതൃകയിലാണെങ്കിലും മെഷീൻ ലേണിങ്ങ് ആൽഗോരിതമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ദൈനം ദിനം ഡാറ്റകൾ അനുസരിച്ചാണ് മുൻ കാലങ്ങൾ പ്രവർത്തിച്ചത്. എന്നാൽ എ/ബി ടെസ്റ്റിംഗ് (A/B Testing)എന്ന ടെക്‌നോളജി അടിസ്ഥാനത്തിലാണ് ഇപ്പോൾ വിവരങ്ങൾ ശേഖരിക്കുന്നതും രൂപപ്പെടുത്തുന്നതും. ഒരു കണ്ടെന്റ് രണ്ട് രീതിയിൽ പ്രദർശിപ്പിക്കുമ്പോൾ കൂടുതൽ സമയം ജനങ്ങൾ ചെലവഴിക്കുന്നതിനെ എആർ ടൈപ്പ് കണ്ടെന്റ് എന്നാണ് പറയുക. എ ആണ് കൂടുതൽ വീക്ഷിക്കുന്നതെങ്കിൽ എ വിഭാഗത്തിലുള്ള കണ്ടെന്റ് മാത്രമാണ് സ്ക്രോൾ ചെയ്യുമ്പോൾ നമുക്ക് കാണാൻ സാധിക്കുക.


വീഡിയോകൾ വ്യത്യസ്ത സമയപരിധിയിലായിരിക്കും ജനങ്ങൾ കാണുന്നത്. അറുപത് മിനുട്ട് ദൈർഘ്യമുള്ളതിനെ ചുരുങ്ങിയ സമയത്തിനുള്ളിൽ കണ്ടു തീർക്കുന്നവരുമുണ്ട്. ഇത്തരം വ്യക്തികൾക്ക് ആ രൂപത്തിലുള്ള വീഡിയോകളാണ് പിന്നീട് നൽകുക. മെഷീനുകൾ ഉപയോഗിച്ചാണ് പാറ്റേണുകൾ കണ്ടുപിടിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ ഫീഡുകൾ ആൽഗോരിതം നിർമിക്കുന്നത്. ഇവിടെ സ്വയം നിയന്ത്രണവും, സമയ നിർവ്വഹണവും കാര്യക്ഷമമാക്കേണ്ടതുണ്ട്.


വീഡിയോകൾ ഹ്രസ്വമായ ഘടനയിൽ നിർമിക്കുന്ന കൊക്കോനെറ്റ് എ ഐ പോലോത്ത കമ്പനികൾ നിലവിലുണ്ട്. പി ഡി എഫ് വായിച്ച് പരീക്ഷകൾ എഴുതാൻ ബുദ്ധിമുട്ടാണെങ്കിൽ, അതിനെ ബ്രെയിൻ റോട്ട് രൂപഘടനയിലേക്ക് മാറ്റുന്ന കമ്പനികൾ നിലവിലുള്ളത് ഇതിന്റ ഗുണവശമാണ്. ഇത്തരം വ്യത്യസ്ത സംവിധാനങ്ങൾ ഉപയോഗിച്ച് സുനിശ്ചിതമായ രീതിയിൽ വളരാനും സാധിക്കും. ഇതിൽ നിന്നും വിട്ടു നിൽക്കാൻ പല മാർഗ്ഗങ്ങളുമുണ്ട്. അനാവശ്യ കണ്ടെറ്റുകൾ റിപ്പോർട്ട് ചെയ്തു ഒഴിവാക്കുകയും ഹൈട് (Hide) ചെയ്ത് മറച്ചുവെക്കുകയുമാണ് ചെയ്യേണ്ടത്. പിന്നീട്, ഇത്തരം നോട്ടിഫിക്കേഷൻ പ്രവർത്തന രഹിതമാക്കുകയും ചെയ്യുക. റീലുകളുടെ ഇടതു ഭാഗത്തു വരുന്ന മൂന്നു കുത്തുകൾ പലരും ശ്രദ്ധിക്കാറില്ല. അല്ലെങ്കിൽ ലൈക്ക് ചെയ്യുന്ന വലിയ ബട്ടണുകളുടെ അടിയിൽ വീർപ്പു മുട്ടി നിൽക്കുന്നു എന്നതാണ് സത്യം.


കുട്ടികളുടെ മൊബൈൽ ഉപയോഗത്തെ പരിധിയിൽ വരുത്താൻ വിവിധ ആപ്പുകൾ ലഭ്യമാണ്. ഫാമിലി ലിങ്ക് എന്ന ഗൂഗിളിന്റെ സ്വച്ഛന്ദമായ അപ്ലിക്കേഷൻ, മാതാപിതാക്കൾക്ക് ഏറെ ഉപകാരപ്രദമാണ്. കൃത്യമായ സമയം നിശ്ചയിക്കുന്നതിനാൽ, അതിനു ശേഷം കുട്ടികൾക്ക് ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കുകയില്ല. അമിതമായി യൂട്യൂബ് വീഡിയോ ശ്രവിക്കുന്ന കുട്ടിയാണെങ്കിൽ, നിശ്ചിത സമയപരിധി വെക്കുന്നതിലൂടെ ആ പ്രശ്നത്തെ തടയാൻ സാധിക്കുന്നതാണ്. യഥാർത്ഥത്തിൽ, പ്രശ്നങ്ങളുടെ പരിഹാരവും വിർച്വൽ ലോകത്ത് സാധ്യമാണ്. തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നമ്മുടേതാണ്. ആൽഗോരിതത്തിന്റെ നിയന്ത്രണത്തിലേക്ക് നാം മാറിയെന്ന് മനസ്സിലാക്കിയാൽ, അതിൽ നിന്നും വിട്ടു നിൽക്കുകയാണ് വേണ്ടത്. നമ്മൾ ഉപയോഗിക്കാത്തതിനാൽ ഒന്നും നഷ്ടപ്പെടാനില്ല. മുൻകാലങ്ങളിൽ അമിത നിരക്കിൽ ഫേസ് ബുക്ക് ഉപയോഗിക്കുന്ന വ്യക്തിയായിരുന്നു ഞാൻ. പുതിയ ഫോൺ വാങ്ങിയതിനു ശേഷം മൂന്നു മാസത്തിലധികം ഫേസ്ബുക്ക് ഉപയോഗിക്കാതെ ഇരുന്നിട്ടും എനിക്ക് നഷ്ടം സംഭവിച്ചിട്ടില്ല. അത്യാവശ്യമായി അറിയേണ്ട കാര്യങ്ങൾ കൂട്ടുകാരിൽ നിന്നും മറ്റു ഇടങ്ങളിൽ നിന്നും നമുക്ക് കരസ്ഥമാക്കാൻ സാധിക്കുന്നതാണ്.


യൂസുഫ് നൂറാനി: ചുരുക്കത്തിൽ, സ്വയനിയന്ത്രണമാണ് നമുക്ക് അത്യാവശ്യം. അനാവശ്യ കാര്യങ്ങൾ ഒഴിവാക്കുന്നതിലൂടെയാണ് ഒരു വ്യക്തിയുടെ വിശ്വാസത്തിനു ഭംഗിയുണ്ടാകുന്നത് എന്ന സുന്ദരമായ ഹദീസ് കാണാൻ സാധിക്കും. ഡിജിറ്റൽ മിനിമലിസമാണ് പ്രധാനമായും പരിഗണിക്കേണ്ടത്. ഹദീസിൽ പറഞ്ഞത് അനുസരിച്ച്, ആവശ്യമുള്ളത് ഉപയോഗിക്കുകയും ആവശ്യമില്ലാത്തതിനെ മാറ്റി നിർത്തുകയുമാണ് വിശ്വാസി ചെയ്യേണ്ടത്. പൊന്നാനി, നിസാമി ദർസി ചിട്ടകളും ബ്രെയിൻ റോട്ടിനെ തടയുന്നുണ്ട്. വാമൊഴിയിലൂടെ ചൊല്ലി പഠിക്കുന്ന പൊന്നാനി ശൈലിയിൽ അറ്റൻഷൻ സ്പാൻ (Attention Span) വർധിക്കുന്നു. ഇത്തരം പരമ്പരാഗത വിദ്യകളെ അനുകരിക്കുകയും നൂതന സാങ്കേതിക വിദ്യകളെ അവഗണിക്കുകയും ചെയ്യുന്നതിലൂടെ വലിയ ഉപകാരങ്ങൾ കൈവരിക്കാൻ സാധിക്കുന്നതാണ്.


ഇസ്ലാമിൽ ഇസ്റാഫിന് (അമിതവ്യയം) വലിയ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഭൂമിയിലുള്ള എല്ലാ വസ്തുക്കളും ഉപയോഗിക്കാൻ അനുവാദമുണ്ടെങ്കിലും ആവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് ചെലവഴിക്കേണ്ടത്. പുഴയിൽ നിന്നു അംഗശുദ്ധി വരുത്തുകയാണെങ്കിലും മൂന്ന് തവണ മാത്രം കഴുകുക എന്ന ഇസ്ലാമിന്റെ ശൈലി മാതൃകാപരമാണ്. എന്തു കാര്യവും ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും തീരുമാനിക്കൽ ആദ്യമായി ബുദ്ധിമുട്ടാണെങ്കിലും ഒരു പ്രാവശ്യം തടഞ്ഞു നിർത്തിയാൽ, അല്ലെങ്കിൽ ഉപയോഗിച്ചാൽ പിന്നീട് എളുപ്പമായി തോന്നുന്നതാണ്.


ബ്രെയിൻ റോട്ടിന്റെ എതിർ വശമായി സർഗ്ഗാത്മകതയെ കൊണ്ടു വരാൻ സാധിക്കുന്നതാണ്. ഇത്തരം പരിപാടികൾ അതിനുദാഹരണമാണ്. നിരന്തരമായി വായിക്കുകയും, എഴുതുകയും ചെയ്യുന്നതിലൂടെ കർമ്മോദ്യുക്തരായ വിദ്യാർത്ഥികളെ വളർത്തിയെടുക്കാൻ കഴിയുന്നതാണ്. വിദ്യാർത്ഥി സുഹൃത്തുക്കൾ എന്ന നിലയ്ക്ക് ഈ വിഷയത്തിൽ നമുക്ക് വലിയ ദൗത്യമുണ്ട്. വിവിധ അക്കാദമിക മേഖലകളിൽ പഠിക്കുന്നവർ, ഇത്തരം വിഷയങ്ങളിൽ പഠനം നടത്തുകയും ജനങ്ങളെ സംരക്ഷിക്കുകയും വേണമെന്ന് ഓർമ്മപ്പെടുത്തുകയാണ്.


പ്രേക്ഷകർ നടത്തിയ ഇടപെടലുകൾ

ശാമിൽ: അർത്ഥമില്ലാത്ത കാര്യങ്ങൾ വിശദീകരിക്കുന്നത് കാരണമാണോ ബ്രെയിൻ റോട്ട് വെളിവാകുന്നത്? നിത്യ ജീവിതത്തെ ബാധിക്കാത്ത രീതിയിൽ ഫോൺ ഉപയോഗിക്കുന്നത്, അതായത് ജോലി സമയത്തിന്റെ ദൈർഘ്യം കുറഞ്ഞതിനാൽ മൊബൈൽ ഉപയോഗിക്കുന്നവരെ അത്യാസക്തമായ വിഭാഗത്തിൽ ഉൾപ്പെടുത്തുമോ?


അഹ്‌മദ് ഷറീൻ: അതൊരു വാദമാണ്. ജീവിതത്തെ ബാധിക്കാത്തത് എന്നാണ് അഡിക്ഷനെ സാധാരണയിൽ നിർവ്വചിക്കാറുള്ളത്. ജോലിരഹിതനായവൻ നിത്യമായി ഫോൺ ഉപയോഗിക്കുന്നതും പ്രശ്നമല്ലേ!? എന്നാൽ, പ്രവർത്തനങ്ങളെ ബാധിക്കുമ്പോൾ അഡിക്ഷനിൽ നിന്നും മാറി ആശ്രയത്വമായി തീരുന്നു. അതു വലിയൊരു പ്രശ്നമാണ്. നിത്യ ജീവിതത്തിലെ സാധാരണ പ്രവർത്തനങ്ങൾ കൃത്യമായി ചെയ്യുന്നുണ്ടെങ്കിൽ ഉപയോഗിക്കാൻ അനുവദനീയമാണ് എന്നു പറയാൻ സാധിക്കുമോ? അവധി ദിവസങ്ങളിൽ കുട്ടികൾ രാവിലെ മുതൽ രാത്രി വരെ മൊബൈൽ ഉപയോഗിക്കാൻ രക്ഷിതാക്കൾ അനുവദിക്കാറില്ലല്ലോ. അങ്ങനെ ഉപയോഗിക്കുന്നത് കോഗ്‌നിറ്റീവ് കപ്പാസിറ്റിയെ ബാധിക്കുന്നതാണ്. എന്ത്, എന്തിന് എന്ന തിരിച്ചറിവില്ലാതെ മണിക്കൂറുകൾ കളഞ്ഞു കുളിക്കുന്നതാണ് ബ്രെയിൻ റോട്ടിന്റ പ്രശ്നം. സാധാരണയിൽ നാൽപതാം വയസ്സിൽ ബ്രെയിൻ അട്രൊഫി ആരംഭിക്കുകയും, പിന്നീട് പാർക്കിൻസൺസ് പോലെയുള്ള അസുഖങ്ങൾ പിടിമുറുക്കുകയും ചെയ്യാറുണ്ട്. വിവിധ സൂക്ഷ്മ പരിശോധനയിലൂടെ ഇത്തരം കാര്യങ്ങൾ തിരിച്ചറിയാൻ സാധിക്കുമെങ്കിലും ബ്രെയിൻ റോട്ട് അളക്കാൻ കഴിയുന്നതല്ല.


സമകാലികമായി ഒരുപാട് മൊബൈൽ ഗൈമിങ്ങ് ചൂതാട്ടങ്ങൾ നടക്കുന്നുണ്ട്. ഇന്നലെ, പതിനേഴ് വയസ്സുള്ള ഒരു കുട്ടി ഇരുപത്തി ഏഴ് ലക്ഷം രൂപയും, മുപ്പത് വയസ്സുള്ള ഒരാൾ രണ്ടരക്കോടിയും കളഞ്ഞതായി കേൾക്കാൻ സാധിച്ചു. ഇത്തരം സന്ദർഭങ്ങളിലൂടെ നാടുകളിൽ നിന്ന് സമ്പാദ്യം അനാവശ്യമായി ഇല്ലാതാവുന്നു എന്നതാണ് സത്യം.


സാബിത്ത് സുലൈമാൻ: സൈക്കോളജിയിൽ ജോൺ ലോക്കിന്റെ ടാബുലാ റാസ തിയറിയിൽ (Tabula Rasa Theory) ഒന്നുമില്ലാതെ ജീവിക്കുന്ന ജനങ്ങൾ, അനുഭവജ്ഞാനത്തിലൂടെ കാര്യങ്ങൾ നേടുന്നു എന്നു പറയുന്നുണ്ടല്ലോ. യാഥാർത്ഥ്യത്തിൽ, കോഗ്നിറ്റീസ് ഫംങ്ഷൻ, മോട്ടിവേഷൻ തുടങ്ങി ബ്രെയിൻ പ്രവർത്തിക്കുന്നതിലൂടെ മനുഷ്യൻ സോഷ്യൽ മീഡിയ അനുഭവിക്കുകയല്ലേ ചെയ്യുന്നത്? അതുപോലെ, നെഗറ്റീവ് കണ്ടെന്റ് വായിക്കുന്നതിലൂടെ ബ്രെയിൻ റോട്ട് സംഭവിക്കുന്നുണ്ടോ?


ഹുസൈൻ അഹ്‌മദ്‌: വായനയിലൂടെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുമെങ്കിലും വീഡിയോകളിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ വിവരങ്ങൾ ലഭിക്കുന്നു എന്നതാണ് എന്റെ കാഴ്ചപ്പാട്. അതിലൂടെ ഗുണവും ദോഷവുമുണ്ട്. ഫലപ്രാപ്തി ലഭിക്കുന്ന വീഡിയോകൾ തെരഞ്ഞെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അനാവശ്യമായ കണ്ടെന്റ് ലഭിക്കുകയാണെങ്കിൽ റിപ്പോർട്ട് ചെയ്യുക. പരീക്ഷാ സമയങ്ങളിലും സന്ദർഭങ്ങളിലുമാണ് കുട്ടികൾ ഭയക്കുന്നത്. അതല്ലാത്ത ദിവസങ്ങൾ വീഡിയോ കാണാനുള്ള അവസരം കൂടുകയാണ്. ഫ്രീ ഫയർ പോലോത്ത ഗെയിം കളിക്കുന്നവർ, ചിലപ്പോൾ ആഴ്ചയിൽ ഒരുപാട് കളിയിൽ തോൽക്കുമ്പോൾ മാറി നിൽക്കുന്നതിനു ഗോസ്റ്റിംഗ് (Ghosting) എന്ന് പറയാറുണ്ട്. ഇങ്ങനെ ചെറിയ വിദ്യകൾ പയറ്റുന്നതിലൂടെ വ്യത്യാസങ്ങൾ സംഭവിക്കും.


അഞ്ചു നേരത്തെ നിസ്കാരം പോലെ നിശ്ചിത സമയം ഇതിനു വേണ്ടി മാറ്റി വെക്കുക. പറയാൻ എളുപ്പമാണെങ്കിലും പ്രവൃത്തിപദത്തിൽ കൊണ്ടുവരിക എന്നത് ബുദ്ധിമുട്ടേറിയതാണ്. വിർച്വൽ ലോകത്തിൽ നല്ലതും ചീത്തയുമായ വിവിധ തരം കാര്യങ്ങളുണ്ടാകും. അതിൽ നിന്നും നല്ലത് തെരഞ്ഞെടുക്കുകയാണ് വേണ്ടത്. വിർച്വൽ ലോകത്ത് നാം തനിച്ചാണ് ഉണ്ടാവുക. സ്വയം നിയന്ത്രണത്തിലൂടെയാണ് ബ്രെയിൻ റോട്ടിന്റെ പ്രതീതി ഇല്ലാതാക്കാൻ സാധിക്കുകയുളളു.


അഹ്‌മദ്‌ ഷറീൻ: ആനന്ദത്തിനു വേണ്ടി വീഡിയോ കാണുന്നവരുണ്ട്. കുറച്ചു കഴിഞ്ഞാൽ, പ്രതിഫലം കിട്ടുന്നതിലൂടെയും മറ്റും അഭിനിവേശം കൂടും. ബ്രെയിനിനകത്തെ റിവാർഡ് സെർക്യൂട്ട്സ് (Reward Circuits) പ്രയോഗക്ഷമമാകുന്നു എന്നതാണ് അഡിക്ഷന്റെ അടിസ്ഥാന തിയറി. പിന്നീട്, സന്തോഷത്തിൽ നിന്നും മാറി അതില്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് എത്തുന്നു. അത് ഇല്ലാതാകുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതയെ ഒഴിവാക്കാനാണ് അഡിക്റ്റായ സാധനത്തിലേക്ക് വീണ്ടും പോകുന്നത്.


ലിങ്ക്ഡിൻ എന്ന് പറയുന്ന ഒരു ആപ്പുണ്ട്. ജനങ്ങൾക്ക് സജീവമാവാൻ കഴിയുന്ന പ്രൊഫഷണൽ പ്ലാറ്റ്ഫോമാണ് ഈ ആപ്പ്. പക്ഷേ, സാധാരണയിൽ ഒരു മണിക്കൂറിലധികം ഉപയോഗിക്കുന്നില്ല എന്നതാണ് വാസ്തവം. അതിൽ സമയം ചെലവഴിക്കുക എന്നത് വളരെ മുശിപ്പു നിറഞ്ഞതാണ്. ഒരു വസ്തുവിന്റെ ഫീഡ്ബാക്ക് പറയാൻ പറഞ്ഞാൽ, കുറച്ചു കഴിഞ്ഞ് ഇടപെടാമെന്ന് ന്യായീകരിക്കുകയാണ് ചെയ്യുന്നത്. ലിങ്ക്ഡിൻ പോലെയുള്ളവകൾ ഒട്ടേറെ ഉണ്ടെങ്കിലും അതിൽ ഇടപെടുന്നത് അത്രത്തോളം സാധ്യമല്ല. അവിടെ ഡോപ്പമിൻ ഇംപാക്ട് (Dopamine Impact) കുറവാണ്.


യൂസുഫ് നൂറാനി: നമുക്ക് സമാഹരിക്കാം. സോഷ്യൽ മീഡിയ എന്നാണ് നമ്മെ കൺട്രോൾ ചെയ്യുന്നത്, അവിടെ നിന്നാണ് പ്രശ്നം തുടങ്ങുന്നത്. സോഷ്യൽ മീഡിയ ആശ്വാസത്തിനു വേണ്ടി ഉപയോഗിക്കുന്നതാണ് എന്നൊരു ധാരണയുണ്ട്. യഥാർത്ഥത്തിൽ, വീഡിയോ കാണുന്നതിലൂടെ വ്യത്യസ്ത ഭാവങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സങ്കടം, സന്തോഷം, വിദ്വേഷം, വൈരാഗ്യം തുടങ്ങി പല വികാരങ്ങളിലൂടെയാണ് ഈ സമയത്തിൽ കടന്നു പോകുന്നത്. അതിലൂടെ മാനസിക ക്ഷീണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.


യൂട്യൂബ് ഷോർട്സിൽ ഒരുപാട് നിയന്ത്രണം ഉണ്ടെങ്കിലും ഇൻസ്റ്റഗ്രാം റീൽസിൽ പരിധിയില്ല എന്നതാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അതിനാൽ, ചൈൽഡ് പോണോഗ്രഫി (Child Pornograghy) തുടങ്ങി ദുരന്തമായിട്ടുള്ള കാര്യങ്ങൾ കുട്ടികൾ കാണുന്നു. ഇവിടെ സാങ്കേതിക വിദ്യയോട് പിന്തിരിപ്പൻ നിലപാട് സ്വീകരിക്കുന്നതിനു പുറമേ, നെല്ലും പതിരും തിരിച്ചറിയാനും ശരി സ്വീകരിക്കാനുമുളള ഭൗതിക നിലവാരം നാം പകർത്തേണ്ടതുണ്ട്.


കേട്ടെഴുത്ത് : അമീൻ മയ്യിൽ

Psychology

Related Posts

Loading