KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

ശത്രുദൃഷ്ടി: ഫാഷിസത്തിന്റെ അസ്ഥിവേരുരുക്കുന്ന കാൽവിനോ തുറിച്ചുനോട്ടം

ശിബിലി നൂറാനി മഞ്ചേരി

പതിനെട്ടാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് ദാർശനികനും സാമൂഹിക ചിന്തകനുമായ ജെറമി ബെന്ഥാം (Jeremy Bentham) രൂപകൽപ്പന ചെയ്ത പ്രത്യേക ജയിൽ കെട്ടിട മാതൃകയാണ് പനോപ്റ്റിക്കോൺ (Panopticon). തങ്ങൾ നിരീക്ഷിക്കപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് തടവുകാർക്ക് തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ, ഒരു സ്ഥാപനത്തിലെ എല്ലാ തടവുകാരെയും ഒരൊറ്റ ജയിൽ ഉദ്യോഗസ്ഥനു നിരീക്ഷിക്കാൻ സാധിക്കുക എന്നതാണ് ഈ നിർമ്മിതിയുടെ അടിസ്ഥാന ആശയം. കാവൽക്കാരനെ നേരിട്ട് കാണാൻ കഴിയില്ലെങ്കിലും, അദൃശ്യമായ ആ നോട്ടം തടവുകാരെ സ്വയം നിയന്ത്രിക്കാൻ പ്രേരിപ്പിക്കുന്നു.


പിന്നീട്, ഫ്രഞ്ച് ദാർശനികനായ മിഷേൽ ഫൂക്കോ (Michel Foucault) തന്റെ പ്രശസ്തമായ Discipline and Punish എന്ന കൃതിയിൽ ഈ സങ്കൽപ്പത്തെ പനോപ്റ്റിസിസം (Panopticism) എന്ന വിശാലമായ അധികാര പ്രയോഗമായി വികസിപ്പിക്കുകയുണ്ടായി. താൻ നിരന്തരവും ബോധപൂർവവുമായ നിരീക്ഷണത്തിലാണെന്ന (Visible) ഒരവസ്ഥ തടവുകാരനിൽ ജനിപ്പിക്കുകയും, അതുവഴി അധികാരത്തിന്റെ സ്വയമേവയുള്ള പ്രവർത്തനം (Automatic Functioning) ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് പനോപ്റ്റിക്കോണിന്റെ ഏറ്റവും പ്രധാനപ്പെട്ട അനന്തരഫലം, എന്നു ഫൂക്കോ അഭിപ്രായപ്പെട്ടു. ആധുനിക ഭരണകൂടങ്ങളും വ്യവസ്ഥിതികളും പൗരന്മാർക്കുമേൽ എങ്ങനെയാണ് അദൃശ്യമായ നിരീക്ഷണത്തിലൂടെയും നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന ഭയം ജനിപ്പിച്ചും അധികാരം സ്ഥാപിക്കുന്നത് എന്ന സൂക്ഷ്മമായ വിശദീകരണമാണ് അതിന്റെ തുടർച്ചയിൽ വായിക്കാനാവുക.


ഉപര്യുക്ത ആശയത്തിന്റെ സർഗാത്മക ആവിഷ്കാരമായി വായിക്കാവുന്ന ഒന്നാണ്, ഇറ്റാലോ കാൽവിനോയുടെ (Italo Calvino) ശത്രുദൃഷ്ടി (Enemy Eyes) എന്ന കഥ. രണ്ടാം ലോകമഹായുദ്ധാനന്തര യൂറോപ്പിന്റെ മാനസികാവസ്ഥയെ, നിരന്തരമായ ഒരു നിരീക്ഷണത്തിന്റെ നിഴലിൽ, അതായത് ഫാഷിസത്തിന്റെ അദൃശ്യമായ തുറിച്ചുനോട്ടത്തിന്റെ പശ്ചാത്തലത്തിൽ, സൈക്കളോജിക്കൽ റിയലിസത്തിന്റെ (Psychological Realism) പിൻബലത്തോടെ വിശദീകരിക്കാൻ ശ്രമിക്കുകയാണ് കാൽവിനോ ചെയ്യുന്നത്. യുദ്ധാനന്തര ആഘാതങ്ങളും (Trauma) ഫാഷിസത്തിന്റെ പുനരാഗമനത്തെക്കുറിച്ചുള്ള ഭയവും ഒരു സമൂഹത്തിന്റെ അബോധമനസ്സിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന അന്വേഷണമാണ് കഥയുടെ തന്തു.


പ്രധാന കഥാപാത്രമായ പിയേട്രോയ്ക്ക് അനുഭവപ്പെടുന്ന അകാരണമായ അസ്വസ്ഥതയും നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന തോന്നലും ഒരു വ്യക്തിപരമായ ചിത്തഭ്രമം എന്നതിലുപരി, ഒരു ജനതയുടെ മുഴുവൻ കൂട്ടായ ഓർമ്മകളുടെ (Collective Memory) ജീവിക്കുന്ന പ്രതിഫലനമാണ്. അദൃശ്യമായ ഏതോ ശത്രുവിന്റെ കണ്ണുകൾ തന്നെ നിരന്തരം പിന്തുടരുന്നു എന്ന തോന്നൽ, ഫൂക്കോൾഡിയൻ അർത്ഥത്തിലുള്ള അധികാരത്തിന്റെ നിരീക്ഷണ സ്വഭാവത്തെ (Surveillance Nature) കൃത്യമായി അടയാളപ്പെടുത്തുന്നതാണ്. ശരത്കാല പ്രഭാതത്തിന്റെ ശാന്തതയിൽ നിന്നുകൊണ്ട്, ഒരു അദൃശ്യശക്തി തന്നെ കാർന്നുതിന്നുന്നു എന്ന പിയേട്രോയുടെ തോന്നൽ, വ്യക്തിയും സ്റ്റേറ്റും തമ്മിലുള്ള സംഘർഷത്തിന്റെ ആന്തരിക രൂപമാണ്.


ഒരു സാധാരണ തെരുവിൽ നടക്കുമ്പോൾ പോലും പിയേട്രോയ്ക്ക് അനുഭവപ്പെടുന്ന ഈ അരക്ഷിതാവസ്ഥ, ഭരണകൂട ഭീകരത എങ്ങനെയാണ് മനുഷ്യന്റെ സാമാന്യബോധത്തെ കീഴടക്കുന്നത് എന്നതിന്റെ തീക്ഷ്ണതയുടെ നേർചിത്രമാണ്. തെരുവിലെ സാധാരണ മനുഷ്യരിലും തന്റെ സുഹൃത്തായ കൊറാഡോയിലും പിയേട്രോ കാണുന്ന ഉത്കണ്ഠ, യുദ്ധം അവസാനിച്ചാലും മനുഷ്യ മനസ്സുകളിൽ അവശേഷിപ്പിക്കുന്ന ആഘാതങ്ങളുടെ ആഴത്തിന്റെ പ്രതീകമാണ്. ഇവിടെ പനോപ്റ്റിക്കോണിലെ കാവൽക്കാരനെപ്പോലെത്തന്നെ, നിരീക്ഷകനായ ശത്രു മുന്നിലില്ല. അതേസമയം, ‘ഉണ്ടായേക്കാവുന്ന’ ആ ‘നോട്ടം’ നിരന്തരം ഭയം ജനിപ്പിക്കുകയും ചെയ്യുന്നു. കാഫ്കയുടെ (Franz Kafka) ‘നിയമത്തിനു മുമ്പിൽ’ (Before the Law (1916)) എന്ന വിശ്വവിഖ്യാത കഥയിലും മറികടക്കാൻ കഴിയാത്ത ഒരു തരം നിസ്സഹായതയായി ഈ പരിഭ്രാന്തിയെ കാണാനാകും.


ചരിത്രത്തിന്റെ ആവർത്തനത്തെക്കുറിച്ചുള്ള രാഷ്ട്രീയമായ ഉത്കണ്ഠകയാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. നാസി ജനറലായ കെസ്സൽറിങ്ങിനു മാപ്പു നൽകിയതും നിയോ-നാസിസത്തിന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളെക്കുറിച്ചുള്ള വാർത്തകളും കഥാപാത്രങ്ങളെ അസ്വസ്ഥതപ്പെടുത്തുന്നു. കോൺസെൻട്രേഷൻ ക്യാമ്പിൽ തന്റെ സഹോദരനെ നഷ്ടപ്പെട്ട പിയേട്രോയ്ക്കും സദാ ഭയപ്പാടോടെ കഴിയുന്ന അയാളുടെ അമ്മയ്ക്കും, യുദ്ധം കഴിഞ്ഞുപോയ ഒരു ചരിത്രസംഭവമല്ല. ശത്രുക്കൾക്കു പഴയ മുഖം തിരികെ ലഭിച്ചിരിക്കുന്നു എന്ന പിയേട്രോയുടെ തിരിച്ചറിവ്, ഫാഷിസം എപ്പോൾ വേണമെങ്കിലും ഏതു രൂപത്തിലും തിരികെ വരാമെന്നുള്ള ഭീതിയാണ്. സൈനികമായി പരാജയപ്പെട്ട പഴയകാല ശത്രുക്കളുടെ പ്രത്യയശാസ്ത്രം സമൂഹത്തിൽ തന്നെ സജീവമായി നിലനിൽക്കുന്നുവെന്ന യാഥാർത്ഥ്യത്തെ നിശിതമായി വിമർശിക്കുക കൂടെയാണ് കാൽവിനോ.


കഥയുടെ ഏറ്റവും ദാർശനികവും രാഷ്ട്രീയവുമായ തലം വെളിപ്പെടുന്നത് അതിന്റെ അവസാന ഭാഗത്താണ്. മഴയുള്ള രാത്രിയിൽ പുറത്തേക്കു നോക്കിനിൽക്കുന്ന അമ്മയുടെ ചിന്തകളിലൂടെ കാൽവിനോ പ്രതിരോധത്തിന്റെ പുതിയൊരു ഭാഷയെ നിർമ്മിക്കുകയാണ്. ശത്രുക്കൾ ഇരുളിലിരുന്ന് തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന ഭയത്തിൽ നിന്ന്, “അവർ നമ്മുടെ കണ്ണുകളും കാണുന്നുണ്ടാകുമല്ലോ” എന്ന ധൈര്യത്തിലേക്ക് ആ സ്ത്രീ വളരുന്നു. ഇരകളായി ഒളിച്ചിരിക്കുന്നതിനു പകരം, ശത്രുവിന്റെ കണ്ണുകളിലേക്കു നേരിട്ടു നോക്കാനുള്ള ആർജവം നേടുന്നതിനെ ഫാഷിസത്തിനെതിരെയുള്ള ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രഖ്യാപനമായി വായിക്കാം.


അടിച്ചമർത്തുന്നവന്റെ നോട്ടത്തെ (Oppressive Gaze) അതേ തീവ്രതയോടെ തിരികെ നോക്കുന്നതിലൂടെ (Subversive Gaze), അധികാരത്തിന്റെ ഏകപക്ഷീയമായ പനോപ്റ്റിക് നിരീക്ഷണത്തെ അവർ റദ്ദാക്കുകയാണു യഥാർഥത്തിൽ ചെയ്യുന്നത്. ഭയപ്പാടിൽ നിന്ന് ആത്മവിശ്വാസത്തിലേക്കും സജീവമായ പ്രതിരോധത്തിലേക്കുമുള്ള (Resistance) ഈ മാനസിക പരിണാമത്തിൽ വെച്ചാണ് കഥ അവസാനിക്കുന്നത്.


ശത്രുദൃഷ്ടി

അന്ന് രാവിലെ നടന്നുപോകുമ്പോഴാണ്, തന്നെ എന്തോ അലട്ടുന്നുണ്ടെന്ന് പിയേട്രോ തിരിച്ചറിയുന്നത്. കുറച്ചു നേരമായി ആ തോന്നലുണ്ടായിരുന്നെങ്കിലും അയാൾ അതത്ര ശ്രദ്ധിച്ചിരുന്നില്ല: ആരോ തന്റെ പിന്നിലുണ്ടെന്ന, കാണാമറയത്തിരുന്ന് ആരോ തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന തോന്നൽ.


പെട്ടെന്നയാൾ തിരിഞ്ഞു നോക്കി; അധികമാരും സഞ്ചരിക്കാത്ത ഒരു ഇടവഴിയിലായിരുന്നു അയാളപ്പോൾ. ഗേറ്റുകൾക്കരികിലെ വേലികളും കീറിയ പോസ്റ്ററുകൾ ഒട്ടിച്ച മരപ്പലകകളുമുണ്ടായിരുന്നു അവിടെ. പരിസരത്തൊന്നും ആരുമുണ്ടായിരുന്നില്ല; തിരിഞ്ഞു നോക്കാനുള്ള ആ വിഡ്ഢിത്തം കാണിച്ചതിൽ പിയേട്രോയ്ക്കു തന്നോടു തന്നെ ദേഷ്യം തോന്നി; മുറിഞ്ഞുപോയ ചിന്തകളുടെ തന്തു വീണ്ടെടുക്കാനുറച്ച് അയാൾ നടപ്പു തുടർന്നു.


വലിയ സന്തോഷം തരാത്ത, എന്നാൽ ആരെയും സങ്കടപ്പെടുത്തുകയും ചെയ്യാത്ത, ഇളം വെയിലുള്ള ഒരു ശരത്കാല പ്രഭാതമായിരുന്നു അത്. എന്നിട്ടും ആ അസ്വസ്ഥത അയാളെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു; ഒരിക്കലും തന്നെ നോട്ടത്തിൽ നിന്നൊഴിവാക്കാത്ത കണ്ണുകൾ പോലെ, ഏതോ വിധേനയുള്ള ശത്രുതാപരമായ ഒരു സാന്നിധ്യത്തിന്റെ സാമീപ്യം പോലെ, ചിലപ്പോൾ അതയാളുടെ കഴുത്തിന്റെ പിൻഭാഗത്തോ ചുമലുകളിലോ തറപ്പിച്ചു നോക്കുന്നതായി അയാൾക്കു തോന്നി.


ആ പരിഭ്രമം മറികടക്കാൻ, ചുറ്റും ആളുകളുണ്ടാകണമെന്ന് അയാൾക്കു തോന്നി. കൂടുതൽ തിരക്കുള്ള ഒരു തെരുവിലേക്കയാൾ നടന്നു നീങ്ങി, പക്ഷേ, തിരിവിൽ വെച്ച് അയാൾ വീണ്ടും തിരിഞ്ഞു നോക്കി. ഒരു സൈക്കിൾ യാത്രികൻ കടന്നുപോയി, ഒരു സ്ത്രീ റോഡു മുറിച്ചുകടന്നു, പക്ഷേ ചുറ്റുമുള്ള ആളുകളും വസ്തുക്കളും തന്നെ കാർന്നു തിന്നുന്ന ഉത്കണ്ഠയും തമ്മിൽ യാതൊരു ബന്ധവും കണ്ടെത്താൻ അയാൾക്കു കഴിഞ്ഞില്ല. തിരിഞ്ഞു നോക്കിയപ്പോൾ അയാളുടെ കണ്ണുകൾ ഉടക്കിയത്, അതേസമയം തന്നെ തന്നെപ്പോലെ തിരിഞ്ഞു നോക്കിയ മറ്റൊരാളുടെ കണ്ണുകളിലാണ്. ഇരുവരും മറ്റെന്തോ അന്വേഷിക്കുകയാണെന്ന ഭാവത്തിൽ, പെട്ടെന്നു തന്നെ ഒരേ സമയം പരസ്പരം നോട്ടം തെറ്റിച്ചു. പിയേട്രോ ചിന്തിച്ചു: ‘ഒരുപക്ഷേ ഞാൻ അയാളെ നോക്കുകയാണെന്ന് അയാൾക്കു തോന്നിയിരിക്കാം. ഈ വെളുപ്പാൻകാലത്ത് ഈ അസ്വസ്ഥത അനുഭവിക്കുന്നത് ഒരുപക്ഷേ ഞാൻ മാത്രമായിരിക്കില്ല; ഇന്നത്തെ കാലാവസ്ഥയുടെയോ ദിവസത്തിന്റെയോ പ്രത്യേകതയായിരിക്കാം ഞങ്ങളെ അസ്വസ്ഥരാക്കുന്നത്.’


അയാളൊരു തിരക്കേറിയ തെരുവിലായിരുന്നു. തന്നെ അലട്ടുന്ന ചിന്തയോടെ അയാൾ ആളുകളെ നിരീക്ഷിക്കാൻ തുടങ്ങി. അവരുടെ പെട്ടെന്നുള്ള ചലനങ്ങളും, അസ്വസ്ഥതയോടെ കൈകൾ മുഖത്തേക്ക് ഉയർത്തുന്നതും, പെട്ടെന്നുള്ള ഉത്കണ്ഠയോ അരോചകമായ ഓർമയോ കടന്നുവന്നതു പോലെ പുരികം ചുളിക്കുന്നതും അയാൾ ശ്രദ്ധിച്ചു. ‘എന്തൊരു വൃത്തികെട്ട ദിവസം!’ പിയേട്രോ തന്നോടു തന്നെ ആവർത്തിച്ചു പറഞ്ഞു, ‘എന്തൊരു വൃത്തികെട്ട ദിവസം!’ വൈദ്യുതി വണ്ടിയുടെ സ്റ്റോപ്പിൽ കാൽ നിലത്തടിച്ചുകൊണ്ട് അയാൾ നിന്നു. അവിടെ കാത്തുനിൽക്കുന്ന മറ്റുള്ളവരും തന്നെപ്പോലെ കാൽ നിലത്തടിക്കുന്നതും, ബോർഡിൽ എഴുതിയിട്ടില്ലാത്തതെന്തോ തിരയുന്നതു പോലെ അവരെല്ലാം വണ്ടിയുടെ സമയവിവരപ്പട്ടിക വായിച്ചു നോക്കുന്നതും അയാൾ ശ്രദ്ധിച്ചു.


ട്രാമിൽ വെച്ച് ചില്ലറ നൽകുന്നതിനിടയിൽ കണ്ടക്ടർക്കെന്തോ തെറ്റു പറ്റുകയും അയാളുടെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. ഡ്രൈവർ കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും നേരെ അസഹനീയമാം വിധം ബെല്ലടിച്ചുകൊണ്ടിരുന്നു; വണ്ടിയിലുണ്ടായിരുന്ന യാത്രക്കാർ തകർന്ന കപ്പലിലെ നാവികരെപ്പോലെ കൈവരികളിൽ മുറുകെ പിടിക്കുകയും ചെയ്തു.


തന്റെ സുഹൃത്തായ കൊറാഡോയുടെ ശരീരപ്രകൃതി കണ്ട് പിയേട്രോ അയാളെ തിരിച്ചറിഞ്ഞു. ഇരിക്കുകയായിരുന്ന അയാൾ പിയേട്രോയെ കണ്ടിരുന്നില്ല. അയാൾ നഖം കൊണ്ട് കവിളിൽ കുത്തിക്കൊണ്ട് അശ്രദ്ധമായി ജനലിലൂടെ പുറത്തേക്കു നോക്കുകയായിരുന്നു.


“കോറാഡോ!” അയാളുടെ തലക്കു മുകളിൽ ചെന്ന് പിയേട്രോ വിളിച്ചു.


അയാളുടെ സുഹൃത്തൊന്നു ഞെട്ടി. “ഓ, നീയാണോ! ഞാൻ കണ്ടില്ല. ഞാൻ ഓരോന്ന് ആലോചിച്ചിരിക്കുകയായിരുന്നു.”


“നിന്നെ കണ്ടിട്ട് വല്ലാത്ത ടെൻഷനിലാണെന്ന് തോന്നുന്നല്ലോ,”പിയേട്രോ പറഞ്ഞു. തന്റെ അവസ്ഥ മറ്റൊരാളിൽ കൂടി കാണാൻ അതിയായി ആഗ്രഹിക്കുന്നെന്നു മനസ്സിലാക്കിയ അയാൾ തുടർന്നു: “ഞാനേതായാലും വല്ലാത്ത ടെൻഷനിലാണ് ഇന്ന്.”


“ആർക്കാണിതില്ലാത്തത്?” കൊറാഡോ പറഞ്ഞു. ആളുകളെക്കൊണ്ട് ശ്രദ്ധിപ്പിക്കാനും വിശ്വസിപ്പിക്കാനും പ്രേരിപ്പിക്കുന്ന ആ ക്ഷമയോടു കൂടിയ, പരിഹാസം കലർന്ന ചിരിയുണ്ടായിരുന്നു അയാളുടെ മുഖത്തപ്പോൾ.


“എനിക്കെന്താ തോന്നുന്നതെന്നറിയാമോ?” പിയേട്രോ ചോദിച്ചു. “ഏതോ കണ്ണുകൾ എന്നെ തുറിച്ചു നോക്കുന്നതു പോലെയാണ് എനിക്ക് തോന്നുന്നത്.”


“എന്താണു നീ പറയുന്നത്, കണ്ണുകളോ? ”
“മുമ്പെവിടെയോ വെച്ചു കണ്ടിട്ടുള്ള, എന്നാൽ ഓർത്തെടുക്കാൻ കഴിയാത്ത ഒരാളുടെ കണ്ണുകൾ. കഠിനമായ, വൈരാഗ്യം നിറഞ്ഞ കണ്ണുകൾ...”
“നോക്കാൻ കൊള്ളില്ലെന്നു തോന്നുന്ന, എന്നാൽ നീ തീർച്ചയായും ഗൗരവമായി കാണേണ്ട കണ്ണുകൾ.”
“അതെ... ഏതു പോലുള്ള കണ്ണുകളാണെന്നോ...”
“ജർമ്മൻകാരെപ്പോലെയാണോ?” കൊറാഡോ ചോദിച്ചു.
“അത് തന്നെ, ഒരു ജർമ്മൻകാരന്റെ കണ്ണുകൾ പോലെത്തന്നെ.”


“ഉം, അത് മനസ്സിലാക്കാവുന്നതേയുള്ളൂ,” കൊറാഡോ പത്രം തുറന്നുകൊണ്ടു പറഞ്ഞു. ചില പ്രധാന വാർത്തകളിലേക്കു വിരൽ ചൂണ്ടി അയാൾ വായിച്ചു: “കെസ്സൽറിങ്ങിനു മാപ്പു നൽകി... എസ് എസ് റാലികൾ... നവ-നാസികൾക്ക് അമേരിക്കക്കാരുടെ സാമ്പത്തിക സഹായം..., ഇതുപോലുള്ള വാർത്തകൾ വരുമ്പോൾ അവർ വീണ്ടും നമ്മുടെ പിന്നാലെയുണ്ടെന്നു തോന്നുന്നതിൽ അതിശയിക്കാനില്ല.”


“ഓ, അങ്ങനെ... അതാണെന്നാണ് നീ കരുതുന്നതല്ലേ... പക്ഷേ എന്തുകൊണ്ടാണ് ഇപ്പോൾ മാത്രം നമുക്കിങ്ങനെ അനുഭവപ്പെടുന്നത്? കെസ്സൽറിങ്ങും എസ് എസും കുറെ കാലമായി, ഒന്നോ രണ്ടോ വർഷമായി, ഇവിടെത്തന്നെയുണ്ട്. അവർ അന്ന് ജയിലിലായിരുന്നിരിക്കാം, പക്ഷേ അവർ അവിടെയുണ്ടെന്നു നമുക്കു വ്യക്തമായി അറിയാമായിരുന്നു, നമ്മളവരെ ഒരിക്കലും മറന്നിട്ടില്ലായിരുന്നു...”


“ആ കണ്ണുകൾ,” കൊറാഡോ പറഞ്ഞു തുടങ്ങി. “ആ കണ്ണുകൾ തുറിച്ചു നോക്കുന്നതു പോലെ തോന്നുന്നുവെന്നു നീ പറഞ്ഞില്ലേ. ഇതുവരെ അവർ തുറിച്ചു നോക്കിയിരുന്നില്ല. അവർ കണ്ണുകൾ താഴ്ത്തിയാണു നടന്നിരുന്നത്, നമ്മൾ അവരെയത്ര പരിചയിച്ചിരുന്നില്ല... അവർ പഴയകാലത്തെ ശത്രുക്കളായിരുന്നു, അന്നത്തെ അവരെയായിരുന്നു നാം വെറുത്തിരുന്നത്, ഇപ്പോഴുള്ള അവരെയല്ല. പക്ഷേ, ഇപ്പോൾ അവർക്ക് അവരുടെ ആ പഴയ നോട്ടം തിരികെ ലഭിച്ചിരിക്കുന്നു... എട്ടു വർഷം മുമ്പ് അവർ നമ്മളെ നോക്കിയിരുന്ന അതേ നോട്ടം... നമ്മളത് ഓർക്കുന്നു, വീണ്ടും അവരുടെ ആ നോട്ടം നമ്മുടെ മേൽ പതിക്കുന്നതായി നമുക്കനുഭവപ്പെടാൻ തുടങ്ങുന്നു...”


പിയേട്രോയ്ക്കും കൊറാഡോയ്ക്കും പൊതുവായി ഒരുപാട് ഓർമ്മകൾ ഉണ്ടായിരുന്നു. സ്വാഭാവികമായും അവയൊന്നും സന്തോഷം തരുന്നവയായിരുന്നില്ല.


പിയേട്രോയുടെ സഹോദരൻ ഒരു കോൺസെൻട്രേഷൻ ക്യാമ്പിൽ വെച്ചാണു മരണപ്പെട്ടത്. തന്റെ അമ്മയോടൊപ്പം പഴയ കുടുംബ വീട്ടിലായിരുന്നു പിയേട്രോയുടെ താമസം. വൈകുന്നേരത്തോടെ അവൻ മടങ്ങിയെത്തി. ഗേറ്റ് എപ്പോഴത്തെയും പോലെ കിറുകിറു ശബ്ദമുണ്ടാക്കി. കാലൊച്ച കേൾക്കാൻ ചെവി കൂർപ്പിച്ചിരുന്നാൽ എല്ലായ്പ്പോഴും കേൾക്കാവുന്നതു പോലെയുള്ള, നടപ്പാതയിലെ കല്ലുകൾ അയാളുടെ കാലുകൾക്കടിയിൽ ഞെരിഞ്ഞമരുന്നതിന്റെ ശബ്ദവും.


അന്നു വൈകുന്നേരം വന്ന ആ ജർമ്മൻകാരൻ ഇപ്പോൾ എവിടെ നടക്കുകയായിരിക്കും? ഒരുപക്ഷേ, കനാലിനു കുറുകെയുള്ള ഒരു പാലം മുറിച്ചു കടക്കുകയായിരിക്കാം. അല്ലെങ്കിൽ കൽക്കരിയും അവശിഷ്ടങ്ങളും നിറഞ്ഞ ജർമ്മനിയിലെ വെളിച്ചം തെളിഞ്ഞു കിടക്കുന്ന വരിവരിയായുള്ള കൊച്ചു വീടുകൾക്കരികിലൂടെ മന്ദം നടക്കുകയായിരിക്കാം. അയാൾ ഇപ്പോൾ സാധാരണ വസ്ത്രങ്ങളായിരിക്കാം ധരിച്ചിട്ടുണ്ടാവുക, കഴുത്തു വരെ കുടുക്കിട്ട ഒരു കറുത്ത കോട്ടും പച്ച തൊപ്പിയും കണ്ണടയും. അയാൾ പിയേട്രോയെ തന്നെ തുറിച്ചു നോക്കുകയായിരിക്കാം.


അവൻ വാതിൽ തുറന്നു. “ഓ, നീയായിരുന്നോ!” അമ്മയുടെ ശബ്ദമാണ്. “ഒടുവിൽ നീ വന്നല്ലോ!”


“ഇതുവരെ ഞാൻ വരില്ലെന്ന് നിങ്ങൾ മനസ്സിലാക്കിയല്ലേ,” പിയേട്രോ പറഞ്ഞു.


“അതെ, പക്ഷേ എനിക്ക് കാത്തിരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല,” അവർ പറഞ്ഞു. “ഇന്നത്തെ ദിവസം മുഴുവൻ ഞാൻ തീ തിന്നുകയായിരുന്നു... എന്തിനാണെന്നെനിക്കറിയില്ല... ഈ വാർത്തകൾ... ഈ ജനറൽമാർ ഇപ്പോഴും അധികാരമേറ്റെടുക്കുന്നു... അവർ പറഞ്ഞതായിരുന്നു ശരിയെന്നു പറയുന്നു...”


“നിങ്ങൾക്കും തോന്നിയോ!” പിയേട്രോ പറഞ്ഞു. “കൊറാഡോ എന്താ പറഞ്ഞതെന്നറിയാമോ? ആ ജർമ്മൻകാർ നമ്മളെ നിരീക്ഷിക്കുന്നുണ്ടെന്ന് നമുക്കെല്ലാവർക്കും തോന്നുന്നുണ്ടെന്ന്... അതുകൊണ്ടാണത്രെ നമ്മളെല്ലാവരും ഇങ്ങനെ അസ്വസ്ഥരായിരിക്കുന്നത്...” പറഞ്ഞു നിർത്തിയ ശേഷം, കൊറാഡോയ്ക്കു മാത്രമേ അങ്ങനെ തോന്നിയുള്ളൂ എന്ന മട്ടിൽ അവനൊരു ചിരി ചിരിച്ചു.


എന്നാൽ, അവന്റെ അമ്മ മുഖത്തു കൈവെക്കുകയാണു ചെയ്തത്. “പിയേട്രോ, ഇനിയുമൊരു യുദ്ധമുണ്ടാകുമോ? അവർ തിരിച്ചു വരികയാണോ?”


“അതാണ്,” പിയേട്രോ ചിന്തിച്ചു, “ഇന്നലെ വരെ, ഇനിയുമൊരു യുദ്ധമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ആരെങ്കിലും പറയുന്നത് കേട്ടാൽ, കൃത്യമായി ഒന്നും സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല, കാരണം പഴയ യുദ്ധത്തിന് അവരുടെ മുഖമായിരുന്നു, പുതിയതിന് എന്തു മുഖമായിരിക്കുമെന്ന് ആർക്കും അറിയുകയുമില്ലായിരുന്നു. എന്നാൽ ഇപ്പോൾ നമുക്കറിയാം: യുദ്ധത്തിന് അതിന്റെ പഴയ മുഖം തിരികെ ലഭിച്ചിരിക്കുന്നു: വീണ്ടും അതവരുടേതു തന്നെയാകുന്നു.”


അത്താഴത്തിനു ശേഷം പിയേട്രോ പുറത്തിറങ്ങി; പുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു.
“പിയേട്രോ?” അമ്മ വിളിച്ചു.
“എന്താ?”
“ഈ കാലാവസ്ഥയിൽ പുറത്തു പോകുകയാണോ...”
“അതിനെന്താ?”
“ഒന്നുമില്ല... വരാൻ വൈകരുത്...”
“ഞാനിപ്പോൾ ഒരു കൊച്ചുകുട്ടിയൊന്നുമല്ല അമ്മേ...”
“ശരി... ശരി...”


അമ്മ വാതിലടച്ച്, വഴിയിലെ ചരൽ കല്ലുകളിലൂടെയുള്ള അയാളുടെ കാലൊച്ചയും ഗേറ്റ് അടയുന്ന ശബ്ദവും മഴയുടെ താളവും കേട്ടു നിന്നു. ജർമ്മനി വളരെ അകലെയായിരുന്നു, ആൽപ്സ് പർവതനിരകൾക്കും അപ്പുറം. ഒരുപക്ഷേ, അവിടെയും മഴ പെയ്യുന്നുണ്ടാകാം. കെസ്സൽറിംഗ് തന്റെ കാറിൽ ചെളി തെറിപ്പിച്ചു കടന്നുപോയി; തന്റെ മകനെ കൊണ്ടുപോയ ആ എസ് എസ് ഉദ്യോഗസ്ഥൻ തന്റെ പഴയ പട്ടാളക്കോട്ടായ തിളങ്ങുന്ന കറുത്ത റെയിൻകോട്ടണിഞ്ഞ്, ഒരു റാലിക്കു പോവുകയായിരുന്നു. ഇന്നു രാത്രി വിഷമിക്കുന്നത് വിഡ്ഢിത്തമായിരുന്നു എന്നത് ശരിയാണ്; നാളെ രാത്രിയും അങ്ങനെ തന്നെ; ഒരുപക്ഷേ ഒരു വർഷത്തിനുള്ളിൽ പോലും പേടിക്കേണ്ട സാഹചര്യമില്ല. പക്ഷേ, എത്ര കാലം വിഷമിക്കാതിരിക്കാൻ അവൾക്കു സ്വാതന്ത്ര്യമുണ്ടാകുമെന്ന് അവൾക്കറിയില്ലായിരുന്നു; യുദ്ധകാലത്തു പോലും വിഷമിക്കേണ്ടതില്ലാത്ത ചില രാത്രികളുണ്ടാകും, എന്നാൽ അപ്പോഴേക്കും അടുത്ത രാത്രിയെ കുറിച്ചോർത്ത് നിങ്ങൾ വിഷമിച്ചു തുടങ്ങിയിട്ടുമുണ്ടാകും.


ആ സ്ത്രീയവിടെ ഒറ്റയ്ക്കായിരുന്നു. പുറത്തു മഴയുടെ ശബ്ദമായിരുന്നു. മഴയിൽ കുതിർന്ന യൂറോപ്പിനു കുറുകെ പഴയ ശത്രുക്കളുടെ കണ്ണുകൾ, രാത്രിയെ കീറിമുറിച്ച്, ആ സ്ത്രീക്കു നേരെ തുളച്ചു കയറുന്നുണ്ടായിരുന്നു.


“എനിക്ക് അവരുടെ കണ്ണുകൾ കാണാം,” ആ സ്ത്രീ ചിന്തിച്ചു, “പക്ഷേ, അവർ നമ്മുടെ കണ്ണുകളും കാണുന്നുണ്ടാകുമല്ലോ.”


ഇരുട്ടിലേക്കു തന്നെ തറപ്പിച്ചു നോക്കിക്കൊണ്ട് ആ സ്ത്രീയവിടെ ഉറച്ചുനിന്നു.

Literature
History
Politics

Related Posts

Loading