മാനസികാരോഗ്യം ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. മാനുഷിക ജീവിതത്തിൻ്റെ സമഗ്ര ക്ഷേമം സാധ്യമാക്കുന്നത് ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യവും മെച്ചപ്പെടുമ്പോൾ ആണെന്ന തിരിച്ചറിവിലേക്ക് സമൂഹം എത്തി തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഏറെക്കാലമായി മാനസിക രോഗങ്ങളെ സ്റ്റിഗ്മയായി കണക്കാക്കിയിരുന്ന ജനങ്ങൾ അതിൽ നിന്നും മാറി ചിന്തിക്കാനുള്ള കാരണങ്ങളിൽ ഒന്ന് സ്വാഭാവികമായും മാനസിക രോഗങ്ങളുടെയും രോഗികളുടെയും വ്യാപനം തന്നെയാണ്. സമൂഹം പുരോഗമിക്കുന്തോറും മാനസികാരോഗ്യത്തിനുള്ള വെല്ലുവിളികളും വർദ്ധിച്ചു വരുന്നു. ടെക്നോളജിയുടെയും സോഷ്യൽ മീഡിയകളുടെയും വികാസം പലവിധത്തിൽ ജനങ്ങളുടെ മാനസികാരോഗ്യത്തെ ബാധിച്ചതായി കാണാം. തൽഫലമായി രൂപം കൊണ്ട അല്ലെങ്കിൽ വ്യാപിച്ച ഒന്നാണ് സെലിബ്രിറ്റി വേർഷിപ്പ് സിൻഡ്രോം (CWS).
ഇൻ്റർനെറ്റിൻ്റെ വരവോട് കൂടി സിനിമാ-സംഗീത-ടെലിവിഷൻ ലോകം ഭാഷാന്തരങ്ങളില്ലാതെ വളർന്നതോടെ ഇന്ന് സെലിബ്രിറ്റികൾ സുലഭമാണ്. എന്ത്കൊണ്ടും സൂചിത മനോ വൈകല്യത്തിന് വളക്കൂറുള്ള മണ്ണായി പുതിയ ലോകം പരിവർത്തിച്ചിട്ടുണ്ട്.
ഏകദേശം രണ്ട് വർഷം മുമ്പ് ബോളിവുഡ് താരം സുഷാന്ത് സിംഗ് രജ്പുതിൻ്റെ അകാലമരണത്തിന് ശേഷം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ താരത്തിൻ്റെ ആരാധകരായ നിരവധി കൗമാരപ്രായക്കാർ ആത്മഹത്യ ചെയ്തതും സോഷ്യൽ മീഡിയകളിലുണ്ടായ വൈകാരിക പ്രളയവും, കേരളത്തിൽ രണ്ട് യൂട്യൂബ് സെലിബ്രിറ്റി സഹോദരങ്ങളുടെ അറസ്റ്റിന് ശേഷം അവരുടെ ആരാധകർ നടത്തിയ ലഹളാ സമാനമായ പ്രകടനങ്ങളും കേരളം കത്തിക്കും എന്നതടക്കമുള്ള വിധ്വംസക മുദ്രാവാക്യങ്ങളും ഇത്തരം "മൂത്ത" ആരാധനയുടെ ദുരന്ത ഫലങ്ങളായിരുന്നു. ലോകകപ്പ് ജ്വരം കാര്യമായി ബാധിച്ച രാജ്യങ്ങളിൽ നടന്ന അക്രമാസക്ത സംഭവങ്ങളും പ്രിയപ്പെട്ട താരങ്ങൾക്ക് വേണ്ടി അലമുറയിടലും അതിൻ്റെ പേരിലുണ്ടാകുന്ന പ്രാണഹത്യാപരമായ സംഘട്ടനങ്ങളും താരാരാധനയുടെ ദുരന്ത പരിണതികളുടെ പരിധിയിൽ പെടുന്നതാണ്. ഇവ്വിഷയകമായി സംഭവിച്ച സംഭവ വികാസങ്ങളിൽ ക്രമ സമാധാന സംവിധാനം വരെ പലയിടങ്ങളിലും ഇടപെടേണ്ടി വരുന്നെങ്കിൽ ഇത് കേവലം കളിയും അതിനോടനുബന്ധിയായ സ്വാഭാവിക പ്രതികരണങ്ങളുമാണെന്ന് കരുതാൻ നിർവാഹമില്ല. തങ്ങളുടെ ടീമിൻ്റെ ജയ പരാജയങ്ങളെ അപക്വമായി സമീപിക്കുന്നവരാണ് ആരാധകരിൽ സിംഹഭാഗവും. പ്രത്യേകിച്ചും അസംഖ്യം വരുന്ന കുട്ടി ആരാധകർക്ക് ടീമിൻ്റെ പരാജയത്തിന് ശേഷമുള്ള കടുത്ത മാനസിക വിഷമവും മറ്റു ടീമിനെ പിന്തുണക്കുന്നവരിൽ നിന്നും നേരിടേണ്ടി വരുന്ന ബുള്ളിയിങ്ങും കനത്ത വെല്ലുവിളിയാണ്. പലപ്പോഴും അതവരുടെ സ്വാഭാവികമായ ദൈനംദിന പ്രവർത്തനങ്ങളെ (Normal Daily Functioning) വരെ സാരമായി ബാധിക്കുന്നു. ഗുണദോഷിക്കുന്നവരെ പ്രാകൃതരായികണക്കാക്കി തള്ളികളയുന്നത് വഴി നാം പ്രശ്നത്തിൻ്റെ ഗുരുതരാവസ്ഥക്ക് വളം പകരുകയാണ്. അസംഖ്യം വരുന്ന സമാന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സെലിബ്രിറ്റി വേർഷിപ്പിനെ കുറിച്ചും അതിൻ്റെ അനന്തര ഫലങ്ങളെ കുറിച്ചും ജനം ബോധവാന്മാരാവേണ്ടതുണ്ട് എന്ന് തോന്നുന്നു.
CWS എന്ത്? എങ്ങനെ?
വിവിധ മേഖലകളിൽ പ്രസിദ്ധരായ സെലിബ്രിറ്റി വ്യക്തിത്വങ്ങളോട് തോന്നുന്ന തീവ്രമായ അടുപ്പത്തെയാണ് താരോപാസന അല്ലെങ്കിൽ സെലിബ്രിറ്റി വേർഷിപ്പ് എന്ന് പറയുന്നത്. അല്ലെങ്കിൽ ഒരു വ്യക്തി സ്വപ്രാധാന്യത്തെ മറന്ന് ഒരു സെലിബ്രിറ്റിയെ പറ്റി ആകുലനാവുകയും ആ സെലിബ്രിറ്റി അയാളുടെ ദൈനം ദിന ജീവിതത്തിൻ്റെ ഭ്രമണ ബിന്ദുവായി മാറുകയും ചെയ്യുക എന്നും ഇതിനെ ലളിതമായി വിവക്ഷിക്കാം. ഒരു സെലിബ്രിറ്റിയുടെ തൊഴിൽപരവും വ്യക്തിപരവുമായ വിശദാംശങ്ങളിൽ സെലിബ്രിറ്റി വേർഷിപ്പ് സിൻഡ്രോം ബാധിച്ച വ്യക്തി മുഴുകുന്നതായി കാണാം. പ്രധാനമായും സിനിമ, ടെലിവിഷൻ, സ്പോർട്സ്, സംഗീതം തുടങ്ങിയ മേഖലകളിലെ പ്രസിദ്ധരെയാണ് ആളുകൾ ഇത്തരമൊരു ആരാധനക്ക് ബിംബങ്ങളാക്കുന്നത്.
മറ്റെല്ലാ മാനസിക വൈകല്യങ്ങളെയും പോലെ ചെറുതിൽ തുടങ്ങി തീവ്ര രൂപം പ്രാപിക്കുന്ന സ്വഭാവമാണ് സെലിബ്രിറ്റി വേർഷിപ്പ് സിൻഡ്രോമിനുമുള്ളത്. സാമൂഹിക മാധ്യമങ്ങളിലൂടെ വല്ലപ്പോഴും സെലിബ്രിറ്റി അക്കൗണ്ടുകൾ പരിശോധിക്കുകയോ പുതിയ ഫാഷൻ ട്രെൻഡുകൾ മനസ്സിലാക്കുകയോ അല്ലെങ്കിൽ പൊതു വിജ്ഞാന സമ്പാദനമെന്നോണം സെലിബ്രിറ്റി കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ മനസ്സിലാക്കുകയോ ആണെങ്കിൽ അതിൽ വേവലാതിപ്പെടാനില്ല. മറിച്ച് അവരുടെ വ്യക്തിജീവിതത്തെ കുറിച്ചും മറ്റും ഇടതടവില്ലാതെ പരതുകയും ഇൻ്റർവ്യൂകളും ഫീച്ചറുകളും നിരന്തരം വായിക്കുകയും അവരെ പറ്റി ഫാൻ്റസികൾ മെനയുകയും ചെയ്യുമ്പോൾ അത് ആപൽക്കരമാവുന്നു. കേവലമൊരു ജിജ്ഞാസയിൽ തുടങ്ങിയത് പൂർണമായ അഭിനിവേശത്തിലേക്കും ദുരന്തത്തിലേക്കും നയിച്ചേക്കാം.
പാരാസോഷ്യൽ ബന്ധങ്ങളെ (ഒരു കാഴ്ചക്കാരനും സെലിബ്രിറ്റിയും തമ്മിലുള്ള ഏകപക്ഷീയമായ ബന്ധം) കുറിച്ചുള്ള ചിന്തകൾ ആദ്യം രൂപം കൊണ്ടത് 1956 ൽ ഡൊണാൾഡ് ഹോർട്ടൻ, റിച്ചാർഡ് വോൾ എന്നിവരിലൂടെയാണ്. പൊതുവെ, പ്രമുഖ വ്യക്തികളുമായി പൊതുജനങ്ങൾക്കുണ്ടാകുന്ന ബന്ധങ്ങൾ മാനസികമായി ആരോഗ്യദായകമാണെന്നും, സെലിബ്രിറ്റികൾ അടങ്ങുന്ന സാമൂഹിക ശ്രേണി ആളുകൾ ആസ്വദിക്കുന്നുവെന്നും മനഃശാസ്ത്രം പറയുന്നു. പല സെലിബ്രിറ്റികളും ജീവിതത്തിലെ ക്ലേശകരമായ കടമ്പകളും അവഗണനയും താണ്ടി വന്നവരാണെന്നിരിക്കെ അവരെ പൊതുജനങ്ങൾ പ്രചോദന ഹേതുവായി ഗണിക്കുന്നതും ഇവിടെ പ്രശ്നവൽകരിക്കാനില്ല. എന്നാൽ അമിതമായാൽ അമൃതും വിഷം എന്നത് ഇവിടെയും മറിച്ചല്ല. സെലിബ്രിറ്റി വേർഷിപ്പ് സിൻഡ്രോം എന്ന പുതിയ സംജ്ഞ ഇത്തരം പാരാസോഷ്യൽ ബന്ധങ്ങളുടെ ഗുരുതരവശങ്ങളെ തുറന്നു കാട്ടുകയാണ്. അക്കാദമിക ഗവേഷകൻമാർക്കിടയിൽ ഈയൊരു സംജ്ഞ ആദ്യമായി ഉപയോഗിച്ചത് ലിൻ മക്കച്ചിനും (Lynn McCutcheon) ജോൺ മാൾട്ബി (Jhon Maltby) യും നയിക്കുന്ന ഗവേഷകസംഘമാണ്. സെലിബ്രിറ്റികളുടെയും അവരുടെ സ്വകാര്യജീവിതത്തിൻ്റെയും വർദ്ധിച്ചു വരുന്ന മീഡിയ കവറേജിൻ്റെ പശ്ചാത്തലത്തിൽ രണ്ടായിരത്തിൻ്റെ ആരംഭങ്ങളിലാണ് ലിന്നും സംഘവും സെലിബ്രിറ്റി വേർഷിപ്പിനെയും അതിൻ്റെ അവസ്ഥാന്തരങ്ങളെയും മനസ്സിലാക്കാൻ സെലിബ്രിറ്റി ആറ്റിറ്റ്യൂഡ് സ്കെയിൽ വികസിപ്പിക്കുന്നത്. കുട്ടികളും കൗമാരക്കാരും സെലിബ്രിറ്റികളോട് താൽപര്യം കാണിക്കുന്നതും അനുകരിക്കാൻ ശ്രമിക്കുന്നതും സാധാരണമാണെങ്കിലും പ്രായമാവും തോറും അത്തരം ആസക്തികൾ കുറയുമെന്ന് അവർ നിരീക്ഷിക്കുന്നു. പക്ഷേ ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങി അനേകം സാമൂഹിക മാധ്യമങ്ങളുടെ വരവോടെ തങ്ങളുടെ ഇഷ്ട സെലിബ്രിറ്റികളെ നിരന്തരം പിന്തുടരാനും വിവരങ്ങൾ അറിയാനും കൂടുതൽ സൗകര്യമായത് പുതിയ കാലത്ത് സെലിബ്രിറ്റി വേർഷിപ്പിൻ്റെ തീവ്രവ്യാപനത്തിന് ഇന്ധനമായി.
സാധാരണയിൽ ആളുകൾ വിനോദലക്ഷ്യങ്ങൾക്കായി സെലിബ്രിറ്റികളെ കുറിച്ചുള്ള വിവരങ്ങൾ തേടുമെങ്കിലും ദൃഢമായ സ്വത്വബോധമില്ലാത്തവർ (Solid Personal Identity) തങ്ങളുടെ സാമൂഹിക ആവശ്യങ്ങൾ (Social Needs) നിറവേറ്റാനായി സെലിബ്രിറ്റികളുമായി പാരാസോഷ്യൽ ബന്ധം സൃഷ്ടിച്ചെടുക്കുകയും അവരുമായി സംബന്ധിച്ച വിവരങ്ങളിൽ മുഴുകി സാമൂഹികാവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ് ലിന്നിൻ്റെ Absorption-Addiction Model വിഭാവനം ചെയ്തത്. ഇത് അത്തരം ആളുകളുടെ സാമൂഹികാവശ്യങ്ങൾ താൽകാലികമായി നിറവേറ്റുമെങ്കിലും, ക്രമേണ ആളുകൾ അവരുടെ ആസക്തിയുമായി പൊരുത്തപ്പെടുകയും മാനസിക പ്രശ്നങ്ങളിലേക്ക് ചെന്നെത്തുകയും ചെയ്യുന്നു.
വിവിധ തലങ്ങൾ
ലിന്നിൻ്റെയും സംഘത്തിൻ്റെയും പിൽക്കാല പഠനങ്ങൾ നിർദേശിച്ച സെലിബ്രിറ്റി വേർഷിപ്പിൻെറ മൂന്ന് തലങ്ങൾ ഇപ്രകാരമാണ്; വിനോദ- സാമൂഹിക തലം (Entertainment-social level) തീവ്ര- വ്യക്തിഗത തലം ( Intense- personal level) ബോർഡർലൈൻ - പതോളജിക്കൾ തലം ( Borderline- pathological level). സെലിബ്രിറ്റി വേർഷിപ്പിൻെറ താഴ്ന്ന തലമായ വിനോദ സാമൂഹിക തലത്തിൽ വ്യക്തികൾ ഒരു സെലിബ്രിറ്റിയുടെ പ്രകടനങ്ങൾ ആസ്വദിക്കുക, അവരുടെ ഫാൻ ക്ലബ്ബുകളിൽ അംഗമാകുക, സുഹൃത്തുക്കളുമായി തൻ്റെ പ്രിയ താരത്തിൻ്റെ വിവരങ്ങൾ പങ്കു വെക്കുക തുടങ്ങിയ സാമാന്യ പ്രവർത്തനങ്ങളാണ് സംഭവിക്കുന്നത്.
തീവ്ര-വ്യക്തിപര തലത്തിൽ ആളുകൾ തങ്ങളുടെ ഇഷ്ട സെലിബ്രിറ്റിയെ കുറിച്ച് ആകുലപ്പെടുകയും വികാരപ്രകടനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നത് കാണാം. ഇത്തരം ആളുകൾ സദാ വിഷണ്ണരും, ഉത്കണ്ഠാകുലരും, വൈകാരികമായി പ്രതികരിക്കുന്നവരുമായിരിക്കും. പഠന വിധേയരായവരിൽ ഇരുപത് ശതമാനത്തോളം ആളുകളും ഈ തലത്തിൽ പെടുന്നവരാണ്.
ആളുകൾക്ക് തങ്ങളുടെ ഇഷ്ട സെലിബ്രിറ്റികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളോ ഫാൻ്റസികളോ നിയന്ത്രിക്കാനാവാതെ വരുന്ന സ്ഥിതിയാണ് എറ്റവും ഉയർന്ന തലമായ ബോർഡർലൈൻ-പതോളജികൾ തലത്തിലുള്ളത്. ഇതുമൂലം അവരുടെ മാനസികാരോഗ്യം ക്ഷയിക്കുകയും ക്രമേണ രോഗഗ്രസ്തരാവുകയും ചെയ്യുന്നു. പഠന വിധേയരായവരിൽ ഏഴ് ശതമാനത്തോളം ആളുകൾ ഈ തലത്തിൽ പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബോർഡർലൈൻ- പതോളജികൽ തലത്തിലെത്തുന്നത്തിന് മുൻപായി ആദ്യ രണ്ട് തലങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട്. വിനോദ-സാമൂഹിക തലത്തിനപ്പുറത്തേക്ക് നല്ലൊരു ശതമാനം ആളുകളും നീങ്ങുന്നില്ലെങ്കിലും അവർ പതോളജികൽ ലെവലിൽ എത്താനും തന്മൂലം അനാരോഗ്യകരമായ പെരുമാറ്റത്തിനും മാനസികാസാസ്ഥ്യങ്ങൾക്കും ഇരയാവാനും ഏറിയ സാധ്യതകളുണ്ടെന്ന് മക്കച്ചിൻ്റെയും സംഘത്തിൻ്റെയും പഠനങ്ങൾ തെളിയിക്കുന്നു.
താരോപാസനയും മാനസികാരോഗ്യവും
പ്രത്യക്ഷത്തിൽ പ്രശ്നരഹിതമായി തോന്നുമെങ്കിലും സെലിബ്രിറ്റി വേർഷിപ്പ് ആളുകളുടെ മാനസികാരോഗ്യത്തെ സാരമായി തന്നെ ബാധിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. ഇവ്വിഷയകമായി ഇതിനോടകം നിരവധി പഠനങ്ങൾ നടത്തിയ മക്കച്ചിനും സംഘവും താഴെ പറയുന്നവയടക്കം നിരവധി പ്രശ്നങ്ങളെ CWS ൻ്റെ ദാരുണ ഫലങ്ങളായി എണ്ണുന്നുണ്ട്. സെലിബ്രിറ്റി ആറ്റിറ്റ്യൂഡ് സ്കെയിലിൽ ഉയർന്ന സ്കോർ രേഖപ്പെടുത്തിയവർക്കിടയിൽ വിഷാദ-ഉത്കണ്ഠ രോഗങ്ങൾ വ്യാപകമായി കണ്ടെത്തിയിട്ടുണ്ട്.
തങ്ങളുടെ ഇഷ്ട സെലിബ്രിറ്റികൾക്ക് അവരുടെ വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലുമുണ്ടാകുന്ന നഷ്ടങ്ങളും പ്രതിസന്ധികളും തൻ്റെ വ്യക്തിപരമായ പ്രശ്നങ്ങളായി കണ്ട് അനാവശ്യമായ മനസംഘർഷങ്ങളിൽ ചെന്ന് ചാടുക മൂലമാണ് ആളുകൾ വിഷാദ രോഗങ്ങൾക്കിരയാവുന്നത്. വിവിധ തരം പേഴ്സണാലിറ്റി വൈകല്യങ്ങളും, ഭോജന വൈകല്യവും (Eating disorder) തുടങ്ങി പതോളജികൽ ലെവലിൽ എത്തുമ്പോൾ ഒ സി ഡി (Obsessive Compulsive Disorder) വരെ ഇത്തരം ആളുകളിൽ കണ്ടുവരുന്നു. സൗന്ദര്യ വർദ്ധക വസ്തുക്കളോടും ശസ്ത്രക്രിയ യോടും അനുകൂല മനോഭാവം പുലർത്തുന്ന ഇവർ സദാ സൗന്ദര്യ സംരക്ഷണത്തിൽ വ്യാകുലരും (Body Image Concern) അതിനായി ധാരാളം ചെലവഴിക്കുകയും ചെയ്യുന്നു. സ്കൈ ഡൈവിങ് പോലുള്ള സാഹസികവും അപകടകരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള ഇവരുടെ അനിയന്ത്രിതമായ പ്രവണതയും (Sensation Seeking) ഭീതിജനകമാണ്. മാനസിക പിരിമുറുക്കത്തിലേക്ക് നയിക്കുന്ന അമിതവും നിയന്ത്രണാതീതവുമായ ഇൻ്റർനെറ്റ് ഉപയോഗം (Problematic Internet Use) സാധനങ്ങൾ അനാവശ്യമായി വാങ്ങി കൂട്ടുവാനുള്ള നിർബന്ധിത ത്വര (Oniomania) എന്നിവയും CWS ൻ്റെ ഭാഗമായി ഉണ്ടായേക്കാം. മറ്റുള്ളവരുടെ ആവശ്യങ്ങൾക്കോ വികാരങ്ങൾക്കോയാതൊരു പരിഗണനയും നൽകാതിരിക്കുക, ജനങ്ങൾക്കിടെ ശ്രദ്ധിക്കപ്പെടാൻ ആഗ്രഹിക്കുക, അപകടകരമായ പ്രകർഷബോധം (Perfectionism) തുടങ്ങിയ ആത്മാരാധന (Narcissism) യുടെ ലക്ഷണങ്ങൾ ഇത്തരം ആളുകളിൽ കണ്ടുവരാറുണ്ട്. തീരുമാനമെടുക്കാനുള്ള കഴിവിനെയും വിമർശനാത്മക ശേഷിയെയും (Critical Thinking) പ്രതികൂലമായി ബാധിക്കുന്ന CSW ആളുകളിൽ ഹിംസാത്മകവും സാമൂഹിക വിരുദ്ധവുമായ സ്വഭാവം ഉടലെടുക്കുന്നതിനും കാരണമാകുന്നു.
ദൈനംദിന ജീവിതത്തിൻ്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്ന തീവ്രവും സംഭ്രാന്തവുമായ ദിവാസ്വപ്നങ്ങൾ (Maladaptive Daydreaming) അനുഭവിക്കുക, വ്യക്തി തൻ്റെ ആഗ്രഹങ്ങൾ, നിലപാടുകൾ, ലക്ഷ്യങ്ങൾ എന്നിവയെ കുറിച്ചുള്ള അനിശ്ചിതത്വാബോധവും ആശയക്കുഴപ്പവും അനുഭവിക്കുക (Identity Diffusion), ചിന്തകളും വികാരങ്ങളും പ്രവർത്തനങ്ങളും തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ട് പരിസര യാഥാർത്ഥ്യങ്ങളോട് പ്രതികരിക്കാനാവാത്ത അവസ്ഥ (Disassociation) യടക്കം സെലിബ്രിറ്റി വേർഷിപ്പിൻ്റെ ആപൽഫലങ്ങളിൽപ്പെടുന്നു. ക്രമേണ ബന്ധങ്ങളിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നും വിട്ട് നിൽക്കാൻ തുടങ്ങുന്നത് അവരുടെ മാനസികാരോഗ്യത്തെ കൂടുതൽ സങ്കീർണമാക്കുകയും രോഗികളാക്കുകയും ചെയ്യുന്നു.
മറ്റുളള രോഗങ്ങൾക്ക് വിപരീതമായി മാനസിക വൈകല്യങ്ങൾ ഒരു പരിധി വരെ സ്വയം രോഗനിർണയം നടത്താവുന്നതും കാരണങ്ങൾ മനസ്സിലാക്കി അതിൽ നിന്നും വിട്ടുനിൽക്കുക വഴി രോഗമുക്തി സാധ്യമാവുന്നതുമാണ്. CWS പോലുള്ള വൈകല്യങ്ങൾ രൂപപ്പെടാനുള്ള സകല സൗകര്യങ്ങളും ഒരു വിരൽ സ്പർശമകലെ ലഭ്യമാണെന്നിരിക്കെ, ഇൻ്റർനെറ്റ് ഉപയോഗമടക്കം ഇത്തരം ആസക്തികളിലേക്ക് കൊണ്ടെത്തിക്കുന്ന സാഹചര്യങ്ങളിൽ നിന്നൊക്കെ അകലം പാലിച്ചാൽ തന്നെയും നാം അപകടമുക്തരാണ്. കൗമാരക്കാരിലാണ് ഇത് വ്യാപകമെന്നതിനാൽ രക്ഷിതാക്കൾ അവരെ വേണ്ട വിധം നിരീക്ഷിക്കുകയും ആവശ്യമായ മുൻകരുതൽ സ്വീകരിക്കുകയും വേണം. നിങ്ങളുടെ ജീവിതം സുപ്രധാനമാണെന്നിരിക്കെ പാരാസോഷ്യൽ ബന്ധങ്ങളിൽ പെട്ട് സ്വന്തത്തെ മറക്കുന്നത് ലജ്ജാവഹമാണെന്ന സാമാന്യബോധം അവർക്ക് നാം പകർന്നു നൽകണം. ഇൻ്റർനെറ്റിൽ ചടഞ്ഞിരിക്കാൻ അനുവദിക്കാതെ അവരെ സാമൂഹികമായ ഇടപെടലുകൾക്ക് പ്രേരിപ്പിക്കണം.
പക്ഷേ സമൂഹത്തിൽ മാനസികാരോഗ്യത്തെ കുറിച്ചുളള തികഞ്ഞ അവബോധത്തിൻ്റെ അഭാവം മൂലം ആളുകൾ ലക്ഷണങ്ങളെ തൃണവല്ഗണിക്കുന്നതും വൈദ്യസഹായം നേടാൻ വിമുഖത കാണിക്കുന്നതും ഇവിടെ വില്ലനാകുന്നു. സെലിബ്രിറ്റി വേർഷിപ്പ് സിൻഡ്രോമിൻ്റെ കണ്ടെത്തലിന് ശേഷമുള്ള ഈ ചുരുങ്ങിയ കാലയളവിൽ റിപ്പോർട്ട് ചെയ്ത കേസുകൾ അത്രകണ്ട് ഭീകരമല്ലെങ്കിലും സാഹചര്യങ്ങൾ സുലഭമാണെന്നിരിക്കെ വരുംകാലങ്ങളിൽ ഇത് പെരുകാനും തീവ്രമാവാനും ഉറച്ച സാധ്യതകളുണ്ട്.
പോപ് ഗായിക ബില്ലി ഐലിഷ് വർഷങ്ങൾക്ക് മുമ്പ് താനും സെലിബ്രിറ്റി വേർഷിപ്പ് സിൻഡ്രോമിലൂടെ കടന്നു പോയിട്ടുണ്ടെന്നും വിഷാദ രോഗിയായിരുന്നുവെന്നും ഈയിടെ പുറത്തിറങ്ങിയ തൻ്റെ ആത്മകഥാംശമുള്ള ഡോക്യുമെൻ്ററിയിലൂടെ വെളിപ്പെടുത്തുകയുണ്ടായി. ചുരുക്കത്തിൽ വേർഷിപ്പ് സിൻഡ്രോം സർവ്വവ്യാപിയായ ഒന്നാണ്. പുതിയ കാലത്ത് കൗമാരക്കാരിൽ സിംഹഭാഗവും CWS ൻ്റെ താഴ്ന്ന തലമെങ്കിലും അനുഭവിക്കുന്നവരാണെങ്കിലും മൂർച്ഛിച്ച് കഴിഞ്ഞാലും നിസ്സാരവൽകരിച്ച് മുന്നോട്ട് പോകുന്ന രീതിയാണ് നമുക്കിടയിലുള്ളത്. ആരാധന മൂത്ത് തങ്ങളുടെ ഇഷ്ട താരങ്ങളുടെ കാർഡ്ബോർഡ് കട്ടൗട്ടുകളെ വരെ വിവാഹം ചെയ്ത വാർത്തകൾ വരുന്ന ഈ ലോകത്ത് ഇനിയും സെലിബ്രിറ്റി വേർഷിപ്പ് സിൻഡ്രോം ഇല്ലാത്ത കഥയാണെന്നും കാര്യമാക്കേണ്ടതില്ലെന്നും വാദിക്കുന്നവരുടെ അജ്ഞതയുടെ ആഴമെത്രയാണ്. ഓർക്കുക, പക്വമായ മുൻകരുതലുകൾക്ക് ഭീഷണമായ അപകടങ്ങളെ തടയാനാവും.
2022 ജൂൺ 01 ന് രിസാല വാരികയിൽ പ്രസിദ്ധീകരിച്ച ലേഖനം.