KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

ദസ്തഗീർ സാഹിബ് മസ്ജിദ്: സാംസ്കാരിക സംരക്ഷണത്തിൻ്റെ പ്രൗഢി

റിഷാദ് ഇഖ്ബാൽ

വിഷാദം നിറഞ്ഞ കാശ്മീരിൻ്റെ പ്രൗഢമായ ചരിത്രത്തിലേക്ക് ശ്രീനഗറിൽ നിന്നുമുള്ള ദൂരം 3.1 കിലോമീറ്റർ മാത്രമാണ്. ശൈഖ് ശാഹെ ഹമദാനിയുടെ പലായനം ഇസ്ലാമിക വ്യാപനത്തോടൊപ്പം കാശ്മീരിൽ കൊണ്ടുവന്ന കലാസാംസ്കാരിക തനിമകളിൽ ഇന്നും ജീവനോടെ നിലനിൽക്കുന്ന നിർമ്മിതിയാണ് ദസ്തഗീർ സാഹിബ് മസ്ജിദ്.



പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലാണ് ദസ്തഗീർ സാഹിബ് മസ്ജിദ് നിർമ്മിക്കുന്നത്. തുടർന്ന് പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഖാജാ സനാഉല്ല ഷാൾ മസ്ജിദ് പുതുക്കി പണിയുകയുമുണ്ടായി. ഇസ്ലാമിക ലോകത്തെ പ്രമുഖ സൂഫിവര്യനായ അബ്ദുൽ ഖാദിർ ജീലാനി തങ്ങളുടെ തിരുശേഷിപ്പുകൾ ഉൾക്കൊള്ളുന്നതിനാലാണ് മസ്ജിദിന് കാശ്മീരിൽ മഹാനവർകളുടെ പ്രസിദ്ധമായ നാമം പീർ ദസ്തഗീറ് സാഹിബ് എന്ന് നാമകരണം ചെയ്യപ്പെട്ടത്. കൂടാതെ ഹസ്റത്ത് അലി(റ)യുടെ കൈപ്പടയിലെഴുതിയ ഖുർആനും മസ്ജിദിൽ സൂക്ഷിക്കപ്പെടുന്നു.


dastagir

ഷാഹെ ഹമദാനിയുടെ മദ്ധ്യേഷ്യൻ കലാ കൈമാറ്റത്തിൻ്റെ സുവനീർ ആണ് മസ്ജിദിലെ ഖതംബന്ദ് (Khatamband) സീലിങ്ങും പഞ്ജ്‌റകരി (Panjrakari) കരകൗശല വിദ്യയും. പതിനാലാം നൂറ്റാണ്ടിൽ കാശ്മീരിൽ എത്തിയെന്ന് കണക്കാക്കപ്പെടുന്ന ഖതംബന്ദ് സീലിങ് രീതി ജ്യാമിതീയ രൂപങ്ങളുടെ ദൃശ്യവിസ്മയമാണ്. സങ്കീർണ്ണമായ ജ്യാമിതീയ പാറ്റേണുകൾ രൂപപ്പെടുത്തുന്ന കരകൗശല വിദ്യയാണ് പഞ്ജ്‌റകരി.


dastagir

പേർഷ്യൻ നിർമ്മിതികളിലും കലകളിലും നിറസാന്നിദ്ധ്യമായ വർണ്ണവൈവിധ്യം ദസ്തഗീർ സാഹിബ് മസ്ജിദിൻ്റെ വേരുകൾ വഴി വീണ്ടും പേർഷ്യയിലേക്ക് എത്തിക്കുന്നു. പേർഷ്യൻ കലകളിലെ പ്രധാന വർണ്ണങ്ങളാണ് നീല ഓറഞ്ച് തുടങ്ങിയവ. ദസ്തഗീർ സാഹിബ് മസ്ജിദിലെ ഇൻ്റീരിയർ വർക്കുകളിൽ നിറഞ്ഞു നിൽക്കുന്നതും ഈ വർണ്ണങ്ങൾ തന്നെയാണ്.


dastagir

കാശ്മീരിലെ മിക്ക ദർഗകളിലും നടന്നു വരാറുള്ള വിശുദ്ധ കർമ്മമാണ് ഇടവിട്ടുള്ള ലങ്കർ വിതരണം. ഒന്നിനു പിറകെ മറ്റൊന്നായി മഹാന്മാരുടെ പേരിൽ മനുഷ്യർ തന്നെ മനുഷ്യന് നൽകുന്ന സ്നേഹം. ദസ്തഗീർ സാഹിബ് മസ്ജിദിനോട് ചേർന്ന് ഇളം മധുരമുള്ള മഞ്ഞച്ചോറ് മുതൽ വെട്ടിനുറുക്കിയ ആട്ടിറച്ചി വരെ ലങ്കറായി നൽകപ്പെടുന്നുണ്ട്.



ഇസ്ലാമിക-ബുദ്ധ-ഹിന്ദു സംസ്കാരങ്ങളുടെ വിഹിതം ആയിട്ടാണ് കാശ്മീരി വാസ്തുവിദ്യ അറിയപ്പെടുന്നത്. വാസ്തുവിദ്യയിലെ ചൈനീസ് പഗോഡ സ്റ്റൈലിലാണ് ദസ്തഗീർ സാഹിബ് മസ്ജിദ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. വ്യത്യസ്ത നൂറ്റാണ്ടുകളിലെ സാംസ്കാരിക വൈവിധ്യങ്ങളുടെ അടയാളമെന്നോണം കാശ്മീരിൽ വാസ്തുവിദ്യയും ദസ്തഗീർ സാഹിബ് മസ്ജിദും ചരിത്രത്തിൽ വേറിട്ടുനിൽക്കുന്നു.


Photo Essay

Related Posts

Loading