KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

നഗരങ്ങളുടെ ദില്ലിയും ഗല്ലിക്കാഴ്ച്ചകളും

അസീസ് ശരീഫ്

www.flickr.com/photos/barneymoss

കണ്ടു തീർക്കാൻ അസാധ്യമായ ചരിത്രത്തിന്റെ തിരുമുറിവുകൾക്കപ്പുറം എന്താണ് ഡൽഹി?
ഡൽഹി എന്നാൽ വൈരുദ്ധ്യങ്ങളാണ്. ചരിത്രത്തിന്റെ വിവിധ തലങ്ങളിൽ നാടു വാണ ചക്രവർത്തിമാർ ബാക്കി വെച്ച നഗരങ്ങൾ ചിതറിക്കിടക്കുന്ന ഈ മഹാനഗരം ഇവിടത്തെ മനുഷ്യരെ, അവരുടെ ജീവിതങ്ങളെ, അങ്ങിങ്ങായി ചിതറിയിട്ടിരിക്കുകയാണെന്ന് തോന്നും. ഡൽഹിയുടെ ചരിത്രവും സാസ്‌കാരികതയും തീർക്കുന്ന മാന്ത്രികതക്കപ്പുറം ഈ നഗരം വീണു പോയവരുടേതാണ്. മനുഷ്യർ പറ്റം ചേരുന്ന ഓരോ ഇടങ്ങൾക്കും പുറത്ത് പ്രതീക്ഷയോടെ നീളുന്ന ആയിരം കൈകളുടെ, അതിനറ്റത്ത് പശിയിൽ എരിയുന്ന വയറുകളുടേതാണ്. ഒരായിരം തിരിച്ചറിവുകളുടേതാണ്.

ചേരിവൽക്കരണം (Ghettoisation)എന്ന രാഷ്ട്രീയ സാമൂഹ്യശാസ്ത്ര പ്രക്രിയയെ കേരളീയ പരിസരങ്ങളിൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടുന്ന ഏതൊരാൾക്കും ഡൽഹിയിലേക്ക് വരാം, ഇവിടെ അതൊരു അസ്വാഭാവികതയല്ല, വേർതിരിക്കാൻ പറ്റാത്ത വിധം ഇവിടത്തോട് ചേർന്ന യാഥാർഥ്യമാണ്. ഇന്ത്യാ വിഭജനക്കാലത്ത് പഞ്ചാബ് പ്രവിശ്യക്ക് കുറുകെ വരച്ച അതിർത്തി ഡൽഹിയുടെ ജനജീവിതത്തെ, ജനസംഘ്യയെ, സാസ്‌കാരികതയെ മുമ്പെങ്ങുമില്ലാത്ത വിധം മാറ്റി മറിച്ചു. വിഭജനത്തിന്റെ മുറിവും പേറി ലാഹോറിൽ നിന്നും തീവണ്ടികൾ ഡൽഹിയിലേക്കെത്തിക്കൊണ്ടിരുന്നു. ഡൽഹിയുടെ ഹവേലികളിൽ നിന്നും, കൂരകളിൽ നിന്നും പാക്കിസ്ഥാൻ സ്വപ്നം കണ്ടും, കലാപം ഭയന്നും മനുഷ്യർ മറുപുറത്തേക്ക് തീവണ്ടി കയറി. ദശലക്ഷങ്ങളുടെ ആയുസ്സൊടുക്കിയ വേരറുക്കപ്പെട്ട പീഡിത ജന്മങ്ങൾ വേലികൾക്കിരുപുറവും ശ്വാസം മുട്ടി പരസ്പരം നോക്കി നിന്ന ആ ഇരുണ്ട കാലത്ത് കലാപം പേടിച്ചു മനുഷ്യർ തങ്ങളുടെ ജീവിതം മതങ്ങളും, ജാതികളും മാത്രമുള്ള ഗല്ലികളിലേക്ക് അവർ പറിച്ചു നട്ടു. ഡൽഹിയെന്ന മഹാനഗരം വികസനത്തിന്റെ പുക തുപ്പി തുടങ്ങിയ കാലത്ത് രാജ്യത്തിന്റെ പല കോണിൽ നിന്നും മനുഷ്യർ ഡൽഹിയിലെത്തി. മെട്രോയുടെ വേഗത്തിൽ കുതിക്കുന്ന ഡൽഹിയിൽ ഇന്നും മുസ്ലിം, ഹിന്ദു, സിഖ് ഗല്ലികളുണ്ട്.


നഗരങ്ങളുടെ നഗരമെന്നു ഡൽഹിക്കൊരു വിളിപ്പേരുണ്ട്. തുഗ്ലക്കരും, ഖൽജിയും, മുഗളരുമെല്ലാം പണിത പൗരാണിക നഗരങ്ങളിലേക്ക് സൂചിപ്പിച്ചാണ് അങ്ങനെയൊരു പേര് വന്നത്. ഡൽഹിയുടെ പൗരാണികത പോലെ വ്യത്യസ്തമാണ് അതിന്റെ ആധുനികത. വിരുദ്ധ ധ്രുവങ്ങളെ ഒരുമിച്ചു വഹിക്കുന്ന ഒരു കാന്തം പോലെ ഡൽഹി അതിലെ വിരുദ്ധ ജീവിതങ്ങളെ വഹിച്ചാണ് നിലനിൽക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച കേന്ദ്ര സർവകലാശാലകളൊന്നിന് വിളിപ്പാടകലെ സ്വന്തം പേര് എഴുതാനോ, വായിക്കാനോ അറിയാത്ത കുട്ടികളുണ്ടാവുന്നു എന്നതും അവർ ദിനേന അക്കാദമിക് ബുദ്ധി ജീവികളായ മനുഷ്യരെ കണ്ടുമുട്ടുകയും അവരോടു നാണയ തുട്ടുകൾക്കായി കൈ നീട്ടുകയും ചെയ്യുന്നു എന്നറിയുന്നതിലും നന്നായി വർഗ്ഗ വ്യത്യാസങ്ങളെ നമുക്ക് മനസ്സിലാക്കാൻ കഴിയും എന്ന് തോന്നുന്നില്ല.


Cycle Wala

വർഗ്ഗ വ്യത്യാസങ്ങൾ പ്രതലത്തിൽ തന്നെ പ്രകടമാണ് ഡൽഹിയിൽ. സമ്പന്നതയെ മാത്രം കാരുണ്യത്തോടെ പുൽകുന്ന വ്യവസ്ഥിതിയാണ് ഏതൊരു ആധുനിക നഗരം പോലെ ഡൽഹിക്കും പഥ്യം. തെരുവോരങ്ങളിലും, മെട്രോയിലെ കൂറ്റൻ പാലങ്ങളുടെ ചുവട്ടിലും കൊടും വേനലിൽ ചൂടേറ്റും ശൈത്യക്കാലത്തു തണുപ്പിലും കിടന്നുറങ്ങുന്ന മനുഷ്യരെ കാണാം. ഡിസംബറിൽ അതിശൈത്യത്തിന്റെ മൂർത്തത്തിൽ എല്ലു കോച്ചിയും രക്തം മരവിച്ചും ഈ തെരുവുകളിൽ മനുഷ്യർ മരിക്കാറുണ്ട്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കത്തിച്ചു അതിന്റെ അവസാന ചൂടും ആവാഹിച്ചെടുക്കാൻ ചുറ്റും കൂടി നിൽക്കുന്ന മനുഷ്യരെ ഡൽഹിയുടെ ശൈത്യക്കാലം നിങ്ങൾക്ക് കാണിച്ച് തരും.


ഡൽഹിയുടെ പ്രാദേശിക വ്യതിയാനങ്ങൾ സാമ്പത്തിക സാമൂഹിക അസമത്വങ്ങളെക്കുറിച്ചും സാമൂഹിക മൂലധനത്തിന്റെ തൂക്കമൊപ്പിക്കാനാവാത്ത വിതരണത്തെപ്പറ്റിയും പഠിക്കുന്ന, പഠിക്കാൻ താൽപ്പര്യപ്പെടുന്ന മനുഷ്യരുടെ ചിന്തകൾക്ക് തീ പകരാൻ പോന്നതാണ്. ദക്ഷിണ ഡൽഹിയുടെ ഒരറ്റത്തു ജാമിയ മില്ലിയ സർവകലാശാലയുടെ പരിസരത്ത് നിന്നും ആരംഭിക്കുന്ന ഒരു യാത്ര അധികമൊന്നും ദൂരമില്ലാത്ത ദക്ഷിണ ഡൽഹിയുടെ മറ്റൊരു വശത്ത് എത്തിച്ചേരുമ്പോൾ നിങ്ങൾ കാണുന്ന ലോകം തീർത്തും വ്യത്യസ്തമായിരിക്കും. ഈ നഗരത്തിന്റെ ഓരോ വശത്തും എത്ര മാത്രം അന്തരങ്ങളിലാണ് മനുഷ്യർ പാർക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. ഈ നഗരത്തിൽ റോഡു പാകിയിരിക്കുന്നതിലും, മാലിന്യം നിർമാർജനം ചെയ്യുന്നതിലും, വിളക്ക് കാലുകളിലും ഈ അസമത്വത്തിന്റെ ചിഹ്നങ്ങൾ നിങ്ങൾക്ക് കാണാനാകും. പുതിയ കാല ക്യാപിറ്റൽ ഓറിയന്റ്ഡ് ലോകത്തിലെ മിക്ക നഗരങ്ങളെയും പോലെ ഡൽഹിയും അരികുവൽകരിക്കപ്പെട്ട ജീവിതങ്ങളോട് പരമമായ അവജ്ഞത തന്നെയാണ് കാഴ്ച്ച വെക്കുന്നത്.


ആധുനിക ഒളിവെട്ടങ്ങൾക്കകത്ത് പൗരാണിക ഡൽഹി ഒളിച്ചിരിപ്പുണ്ട്. മധ്യകാല ചരിത്രത്തിൽ സൂഫിസത്തിന്റെ അടിവേര് തെളിയുന്ന നഗരമാണ് ഡൽഹി. അസംഖ്യം സൂഫികൾ ഡൽഹിയുടെ കോണുകളിൽ മണ്മറഞ്ഞു കിടപ്പുണ്ട്. സൂഫി ഖവാലികളിന്നും ഡൽഹിയെ പ്രിയപ്പെട്ടതാക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. സൂഫി ഖാൻകാഹുകളിലും ചക്രവർത്തിമാരുടെ ഓർമ്മ കുടീരങ്ങളുടെ പച്ച വിരിച്ച തോപ്പുകളിലും നിങ്ങൾക്ക് ഡൽഹിയെ കാണാം. ചരിത്രത്തിന്റെ വക്കും പൊട്ടും തേടിയിറങ്ങിയ മനുഷ്യരോട് സംസാരിക്കാം. നൂറ്റാണ്ടുകൾ മുമ്പ് മാർബിളിലും ചെങ്കല്ലിലും പണിത മിനാരങ്ങളും കോട്ടകളും കണ്ട് ആശ്ചര്യപ്പെടാം. കാഴ്ചക്കാരില്ലാതെ ഒഴിഞ്ഞു നിൽക്കുന്ന ഗല്ലികൾക്കിടയിലെ ഹവേലികളും ദർഗകളും തേടി നടക്കാം. ഡൽഹിയുടെ പൈതൃകം കണ്ടു തീർക്കുന്നതിനൊപ്പം നല്ല ഭക്ഷണം കഴിക്കാം. നൂറ്റാണ്ടുകളായി വിവിധ സാംസ്കാരികതകളുടെ സംഗമ ഭൂമിയാണ് ഈ നഗരം. ഡൽഹിയുടെ ഭക്ഷണ വൈവിധ്യം അതിന്റെ സാംസ്കാരിക ചരിത്രത്തിന്റെ പ്രതിഫലനം തന്നെയാണ്. ഇവിടെ വന്ന മനുഷ്യരെല്ലാം അവരുടെ ഭക്ഷണം ഡൽഹിക്ക് കടം കൊടുത്തിട്ടുണ്ട്.


ഡൽഹിയിൽ മനുഷ്യരെ തളച്ചിടുന്നത് ഡൽഹിയുടെ മറഞ്ഞു പോവാൻ കൂട്ടാക്കാത്ത പൗരാണികതയുടെ കാൽപ്പനിക ശേഷിപ്പുകളാണ്. അല്ലെങ്കിൽ പട്ടിണി, മറ്റു സാമ്പത്തികമോ രാഷ്ട്രീയമോ ആയ നേട്ടങ്ങൾ, അതുമല്ലെങ്കിൽ അവസരം തേടുന്ന മനുഷ്യർ. ഇതൊന്നിലും താൽപ്പര്യമില്ലാതൊരാൾ ഡൽഹിയിൽ തുടരാനുള്ള സാധ്യതകൾ വിരളമാണ്. ഈ നഗരം നിങ്ങളെ മടുപ്പിക്കും, ത്രസിപ്പിക്കും, വേനലുകളിൽ കൊടും ചൂടത്തു നിങ്ങളെ വറുത്തെടുക്കും, ശൈത്യത്തിൽ എല്ലുകളെ പോലും വിറപ്പിക്കും. വസന്തത്തിൽ പൂക്കൾ വിരിയിപ്പിച്ചു മയക്കി നിർത്തും. ഇടയ്ക്കിടെ മഴ പെയ്യിക്കും, മഴയുടെ കുളിരിന് ശേഷം ഓടകൾ നിറഞ്ഞൊഴുകുന്ന വെള്ളം നിങ്ങളുടെ മുട്ട് നനയിക്കും. കറുത്ത ചെളി നിങ്ങളിൽ പറ്റിപിടിക്കും. എന്നിട്ടും മനുഷ്യർ ഡൽഹിയിലേക്ക് അന്ത്യമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്നു.


പുതിയ രാഷ്ട്രീയ കാലാവസ്ഥയിൽ സംഘ പരിവാരം മുന്നോട്ട് വെക്കുന്ന സാസ്‌കാരിക ഏകതാനത ഇന്ത്യൻ ദേശ രാഷ്ട്രത്തിന്റെ തലസ്ഥാന നഗരിയെന്ന നിലയിൽ ആദ്യം നിഴലിക്കുന്ന നഗരം ഡൽഹിയായിരിക്കും. അതിന്റെ ആദ്യ പടപ്പുറപ്പാടുകൾ ഈ നഗരത്തിന്റെ ചുവരുകളിലും റോഡുകളിലും ബാക്കി നിൽക്കുന്നുണ്ട്. കോവിഡിന്റെ മറവിൽ ഒതുക്കി തീർത്ത പൗരത്വ പ്രക്ഷോഭത്തിന്റെ അടയാളങ്ങൾക്ക് മീതെ വാരി തേച്ച വെളുത്ത ചായങ്ങൾ നമ്മളോട് പറയുന്നത് സിംഘു അതിർത്തിയിൽ കൊടും തണുപ്പും പൊള്ളുന്ന വേനലും കടന്ന് ഇന്നും വ്യവസ്ഥിതിയോട്, അതിന്റെ മേലാളന്മാരോട് പോരാട്ടം തുടരുന്ന കർഷകരോട് ഈ രാജ്യം എന്ത് ചെയ്യുന്നു എന്നത് തന്നെയാണ്. ഭീമമായൊരു നിസ്സംഗത ഈ നഗരത്തെ പൊതിഞ്ഞു നിൽപ്പുണ്ട്. ആയിരങ്ങൾ ഈ തെരുവിൽ മുദ്രാവാക്യം മുഴക്കിയിരുന്നു. നാഗരാതിർത്തിയിൽ മനുഷ്യൻ പട്ടിണിയില്ലാതിരിക്കാൻ നിത്യം വെയിൽ കൊള്ളുന്നുണ്ടെന്ന് അറിഞ്ഞിട്ടും ഈ നഗരം അറിയാതിരിക്കുന്നു. ഡൽഹിയുടെ നിസ്സംഗത ഈ രാജ്യത്തിന്റെ പരിച്ഛേദമാണ്. മറക്കരുതാത്ത പലതും ഈ രാജ്യം മറന്നു പോയിരിക്കുന്നു. ഡൽഹിയിലൊരു കലാപം നടന്നിരുന്നെന്നും അതിൽ ഈ രാജ്യത്തെ മുസ്ലിംകളെ കൃത്യമായി കുറി വെച്ച് വേട്ടയാടിയെന്നും കേവലം ഒരു വർഷം കൊണ്ട് ഈ നഗരത്തിൻ്റെ ഓർമ്മയിൽ നിന്നും മാഞ്ഞു പോയിരിക്കുന്നു.


Jama Masjid West Gate

ഡൽഹി വാണ മന്നന്മാരെല്ലാം ഡൽഹിയിൽ കൊട്ടാരങ്ങളും ഓർമ്മ കുടീരങ്ങളും തീർത്തിട്ടുണ്ട്. വ്യവസ്ഥാപിത വ്യവസ്ഥയുടെ പ്രൗഢി ലക്ഷ്യം വെച്ചു ഇന്ത്യയുടെ പുതിയ 'രാജാക്കന്മാർ' പുതിയ കൊട്ടാരം പണിയുന്ന തിരക്കിലാണ്. രാജ്യം തെരുവിൽ അന്ത്യശ്വാസം വലിച്ചാലും, കർഷകർ പൊരി വെയിലിൽ കാലു വിണ്ടു വീണു പോയാലും രാജ്യതലസ്ഥാനത്ത് അഭിനവ നീറോ ചക്രവർത്തിമാർ സെൻട്രൽ വ്യവസ്ഥക്ക് കോപ്പ് കൂട്ടുകയാണ്. ഡൽഹിയെന്ന ലോകത്തിലെ തന്നെ ഏറ്റവും മലിനീകരിക്കപ്പെട്ട വായുവുള്ള നഗരത്തിൽ മുറിച്ചു മാറ്റുന്ന ഓരോ പച്ചപ്പിനും പൊളിച്ചു തീർക്കുന്ന കോൺക്രീറ്റ് മാലിന്യത്തിനും ഇവിടുത്തെ ഓരോ തെരുവിലെയും ഭാവിയിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ പോലും ശ്വാസകോശം കണക്ക് പറയേണ്ടി വരും എന്ന് പരിസ്ഥിതി പ്രവർത്തകർ നിരന്തരം മുന്നറിയിപ്പ് നൽകിയതാണ്. ഒട്ടും അപ്രതീക്ഷിതമല്ലാതെ കേന്ദ്ര ഗവണ്മെന്റ് എല്ലാ മുന്നറിയിപ്പുകളും തീർത്തും തള്ളി കളഞ്ഞു. ഡൽഹിയുടെ ശ്വാസകോശങ്ങൾക്ക് ദ്വാരമിട്ട് ഇവിടത്തെ സാംസ്കാരിക ചിഹ്നങ്ങൾക്കൊരു ബദൽ തീർക്കുകയാണ് ഇപ്പോൾ കേന്ദ്രം. ചരിത്രത്തിൽ ദിശാസന്ധികളുടെ നഗരമാണ് ഡൽഹി. പുതിയ കാല ഡൽഹിയുടെ നിരാശകളും പ്രതീക്ഷകളും കാലത്തിൻ്റെ ഉത്തരത്തിനായി കാത്തിരിക്കുകയാണ്.


Featured Images:

  1. "New Delhi" by Padmanaba01 is licensed under CC BY-SA 2.0
  2. "Delhi IND - Jama Masjid west gate" by Daniel Mennerich is licensed under CC BY-NC-ND 2.0

Feature

Related Posts

Loading