2017 ൽ ചൈനീസ് എ.ഐ എഞ്ചിനീറായ zheng jiajia, അദ്ദേഹത്തിന്റെ സാങ്കേതിക പരിജ്ഞാനത്തിൽ ഒരു റോബോട്ടിനെ ഡെവലപ്പ് ചെയ്യുകയും, അതിനെ വിവാഹം കഴിക്കുകയും ചെയ്ത വാർത്ത ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. യിങ്യിങ് (Yingying) എന്ന പേരുള്ള റോബോട്ടുമായുള്ള അദ്ദേഹത്തിന്റെ വിവാഹം, പരമ്പരാഗത ചൈനീസ് ആചാരങ്ങളിലൂടെയായിരുന്നു നടന്നത്. ചൈനയിലെ പ്രാദേശിക പാരമ്പര്യ ചടങ്ങിൽ കണ്ടുവരുന്ന ചുവന്ന തുണി തലയിൽ ധരിച്ച റോബോട്ട് ഭാര്യയുടെ ചിത്രം അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു (1).
ജപ്പാനിലെ Akihiko Kondo യുടെയും വിവാഹം സമാനമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. ലോകവ്യാപക ഡിജിറ്റൽ പോപ്പ് കൾച്ചറിലെ മുഖമായ വെർച്വൽ സിംഗറും സാങ്കൽപ്പിക കഥാപാത്രവുമായ Hatsune Miku നെയാണ് അദ്ദേഹം വധുവായി സ്വീകരിച്ചത്. പാവയുടെ രൂപസാദൃശ്യത്തിൽ, പ്രകാശകിരണങ്ങളുടെ സഹായത്തോടെ ത്രിമാന രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഡിജിറ്റൽ പ്രതിരൂപമായ ഹോളോഗ്രാമിനുള്ളിലാണ് അകിഹിക്കോ തന്റെ ജീവിതപങ്കാളിയെ ആവിഷ്കരിച്ചത്. അന്ന് ലഭ്യമായിരുന്ന Gatebox എന്ന കൃത്രിമബുദ്ധിയും ഹോളോഗ്രാമിക് പ്രൊജക്ഷനും സംയോജിപ്പിച്ച ഒരു സ്മാർട്ട് ഉപകരണത്തിലൂടെ Miku വുമായുള്ള വൈകാരികവും സൗഹൃദപരവുമായ ആശയവിനിമയം അദ്ദേഹം സാധ്യമാക്കിയിരുന്നു. 17000 ഡോളറാണ് അദ്ദേഹം ഈ ഉദ്യമത്തിനായി ചെലവാക്കിയത്. പിന്നീട് ഗേറ്റ്ബോക്സ് സർവീസ് നിർത്തലാക്കിയെങ്കിലും, തനിക്കിപ്പോഴും മിക്കുവുമായി മാനസികമായി അടുപ്പമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു (2).
My VR porn diary എന്ന അമേരിക്കൻ ജേർണലിസ്റ്റായ എമിലി വിറ്റിന്റെ വെർച്വൽ സെക്സുമായി ബന്ധപ്പെട്ട നിരവധി പ്ലാറ്റ്ഫോമുകളിലേക്കുള്ള ഒരു വ്യക്തിഗത അനുഭവക്കുറിപ്പിനെ പ്രതിപാദിച്ചു കൊണ്ടാണ് കനേഡിയൻ തത്ത്വചിന്തകനായ Neil McArthur ഉം സെക്സോളജിസ്റ്റായ Markie Twist ഉം, തങ്ങളുടെ ഡിജിസെക്ഷ്വാലിറ്റിയെ ആധാരമാക്കിയുള്ള പ്രഥമ അക്കാദമിക രചന ആരംഭിക്കുന്നത്. അത് ഇപ്രകാരമാണ്: 2016 മാർച്ച് 23-ന് ലോകത്തിലെ ഏറ്റവും വലിയ അഡൾട്ട് വെബ്സൈറ്റുകളിലൊന്നായ Pornhub സൗജന്യ വെർച്വൽ റിയാലിറ്റി (VR) സ്ട്രീമിംഗ് സേവനം ആരംഭിച്ചു. ഇതിന് അഞ്ച് ദിവസങ്ങൾക്കുശേഷം Oculus കമ്പനി ഉപഭോക്താക്കൾക്കായി Oculus Rift VR ഹെഡ്സെറ്റ് വിപണിയിലെത്തിച്ചു. ഈ സാങ്കേതിക മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിൽ, ഒരു വർഷത്തിനുള്ളിൽ തന്നെ Oculus Rift-നും അതിന്റെ പ്രധാന എതിരാളിയായ HTC Vive-നും അനുയോജ്യമായ അശ്ലീല ദൃശ്യവസ്തുക്കളുടെ ലഭ്യത ഗണ്യമായി വർധിക്കുകയും അവയുടെ വിപണി അതിവേഗം വികസിക്കുകയും ചെയ്തു. മാത്രമല്ല, VR സാങ്കേതികവിദ്യ പരമ്പരാഗത അശ്ലീല ദൃശ്യങ്ങളുടെ നിഷ്ക്രിയ ഉപഭോഗത്തിൽ മാത്രം ഒതുങ്ങിയില്ല. ഉപയോക്താക്കൾക്ക് FemDomination പോലുള്ള സംവേദനാത്മക (interactive) വെർച്വൽ റിയാലിറ്റി ഗെയിമുകളിൽ പങ്കാളികളാകാനും 3dxChat പോലുള്ള വൻതോതിലുള്ള മൾട്ടിപ്ലെയർ ഓൺലൈൻ റോൾ-പ്ലേയിംഗ് പ്ലാറ്റ്ഫോമുകളിലൂടെ അവതാറുകളുടെ (avatars) സഹായത്തോടെ യഥാർത്ഥ വ്യക്തികളുമായി ലൈംഗിക സ്വഭാവമുള്ള വെർച്വൽ ഇടപെടലുകളിൽ ഏർപ്പെടാനും സാധിക്കുന്ന സാഹചര്യം രൂപപ്പെട്ടു (3).
അഭൂതപൂർവമായ സാങ്കേതിക മുന്നേറ്റങ്ങളുടെ ഭാഗമായി സംഭവിക്കുന്ന പുതിയ ലൈംഗിക പെരുമാറ്റങ്ങളെയും ബന്ധങ്ങളുടെ ആധുനിക പരിണാമങ്ങളെയും അന്വേഷിക്കുന്ന ഡിജിസെക്ഷ്വാലിറ്റിയെന്ന അതിനാതന ലൈംഗിക സംസ്കാരത്തിന്റെ ചില ഉദാഹരണങ്ങൾ മാത്രമാണ് മുകളിൽ പ്രതിപാദിച്ചത്. വീഡിയോ കോളുകളിലൂടെയുള്ള പ്രണയസല്ലാപങ്ങൾ മുതൽ സെക്സ് റോബോട്ടുകളുമായുള്ള ലൈംഗിക ആഭിമുഖ്യം വരെ നീളുന്ന വിശാലമായൊരു ഗവേഷണ പ്രതലത്തെ ഡിജിസെക്ഷ്വാലിറ്റി ഉൾക്കൊള്ളുന്നു. ക്രമേണ, ലിബറൽ മോഡേണിറ്റിയുടെ രാഷ്ട്രീയ ലൈംഗിക ഐഡന്റിറ്റിയിലേക്കുള്ള ഒരു പുതിയ വർഗ്ഗമായി ഡിജിസെക്ഷ്വൽസ് ഉയർന്നുവന്നിട്ടുമുണ്ട്.
അതുകൊണ്ടുതന്നെ, ഉപയോഗത്തയും ലൈംഗിക പങ്കാളികളുടെ അസ്തിത്വത്തെയും അടിസ്ഥാനമാക്കിയുള്ള രണ്ട് വികാസഘട്ടങ്ങളിലേക്ക്, ഇരു തരംഗങ്ങളായി ഡിജിസെക്ഷ്വാലിറ്റിയെ മനസ്സിലാക്കുക സാധ്യമാണ്. Tinder, Bumble തുടങ്ങിയ ഓൺലൈൻ ഡേറ്റിംഗ് ആപ്പുകൾ, ഓൺലൈൻ പോൺഗ്രാഫി, സെക്സ്റ്റിംഗ്, വീഡിയോ കോളുകൾ തുടങ്ങിയ മനുഷ്യബന്ധങ്ങളുടെ ഇടപെടലുകളിലും ലൈംഗികാഭിവാഞ്ഛകളുടെ സംതൃപ്തീകരണത്തിലും പുതിയ മാധ്യമങ്ങളും ചോയ്സുകളും വരുത്തിയ ടെക്നോളജി-മാധ്യമ മാറ്റങ്ങളാണ് ഡിജിസെക്ഷ്വാലിറ്റിയുടെ ആദ്യ തരംഗം. എന്നാൽ, ആദ്യഘട്ടത്തിൽ മനുഷ്യസമ്പർക്കത്തിന്റെ മാധ്യമമായിരുന്ന ടെക്നോളജി തന്നെ ലൈംഗിക സമ്പർക്കങ്ങളിൽ പങ്കാളിയായി മാറുകയാണ് രണ്ടാം തരംഗത്തിൽ. സെക്സ് റോബോട്ടുകൾ, വി.ആർ അവതാറുകൾ, എ.ഐ. ചാറ്റ്ബോട്ടുകൾ എന്നിവ പോലെയുള്ള വെർച്വൽ പങ്കാളികളുമായുള്ള പ്രണയവും ലൈംഗികതയുമാണ് ഇവിടെ വിഷയീഭവിക്കുന്നത് (4).
ഡിജിസെക്ഷ്വാലിറ്റി (Digisexuality) എന്ന പ്രതിഭാസത്തിന്റെ സാമൂഹിക സ്വീകാര്യതയിലും ആശയപരമായ വികാസത്തിലും സാങ്കേതിക പുരോഗതിക്കൊപ്പം സിനിമകളും സയൻസ് ഫിക്ഷൻ സാഹിത്യവും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മനുഷ്യനും യന്ത്രവും തമ്മിലുള്ള വൈകാരികവും ലൈംഗികവുമായ ബന്ധസാധ്യതകളെ ആവിഷ്കരിച്ച നിരവധി സയൻസ് ഫിക്ഷൻ കൃതികൾ ഈ ആശയത്തെ പൊതുസമൂഹത്തിന്റെ ഭാവനയിൽ സ്ഥാപിക്കാൻ സഹായിച്ചു. Her, Ex Machina, Blade Runner 2049 എന്നീ സിനിമകളും Westworld, Black Mirror പോലുള്ള ടെലിവിഷൻ പരമ്പരകളും കൃത്രിമബുദ്ധി, ഹ്യൂമനോയിഡ് റോബോട്ടുകൾ, വെർച്വൽ പങ്കാളികൾ എന്നിവയുമായുള്ള അടുപ്പമുള്ള ബന്ധങ്ങളെ സാങ്കൽപ്പിക വിനോദം എന്നതിലുപരി ഭാവിയിലെ സാമൂഹിക യാഥാർഥ്യങ്ങളുടെ സാധ്യതകളായി അവതരിപ്പിച്ചു. അതേസമയം, David Levyയുടെ Love and Sex with Robots, Emily Wittയുടെ Future Sex, John Danaherയും Neil McArthurയും എഡിറ്റ് ചെയ്ത Robot Sex: Social and Ethical Implications തുടങ്ങിയ കൃതികൾ ഇത്തരം സാങ്കൽപ്പിക ദൃശ്യങ്ങളെ അക്കാദമിക ചർച്ചകളുടെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നു. ഇങ്ങനെ ജനപ്രിയ സംസ്കാരവും സയൻസ് ഫിക്ഷനും സാങ്കേതികവിദ്യയും പരസ്പരം സ്വാധീനിച്ചുകൊണ്ട് ഡിജിസെക്ഷ്വാലിറ്റിയെ ഒരു സാംസ്കാരിക ഭാവനയിൽ നിന്ന് ഗൗരവമായ സാമൂഹിക-നൈതിക പഠനവിഷയമായി രൂപാന്തരപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു (5).
ഡിജിസെക്ഷ്വാലിറ്റി ഉയർത്തുന്ന നിയമപരവും നൈതികവുമായ നിരവധി ചോദ്യങ്ങളുണ്ട്. ഡിജിസെക്ഷ്വൽസ് എന്ന നിലയിൽ തങ്ങളുടെ ലൈംഗിക ഐഡന്റിറ്റിയെ മനസ്സിലാക്കുന്ന പൗരന്മാർക്ക് സെക്സ് റോബോട്ടുകളുമായുള്ള വിവാഹത്തിന് രാജ്യത്ത് നിയമസാധുത ഉണ്ടാകുമോ? എ.ഐ. കമ്പാനിയൻസ് നടത്തുന്ന സെക്സ് അബ്യൂസുകൾക്ക് ആരാണ് ഉത്തരവാദി? മെക്കാനിക്കൽ പാറ്റേൺ വായനയിലൂടെ മാത്രം ഗ്രഹിക്കാനും പ്രതികരിക്കാനും കഴിയുന്ന ചാറ്റ്ബോട്ടുകളുമായുള്ള പ്രണയബന്ധങ്ങൾ മനുഷ്യരുടെ മാനസിക വൈകാരികതകളെ എങ്ങനെ സ്വാധീനിക്കും? ഇങ്ങനെ നിരവധി നൈതിക, മതകീയ, രാഷ്ട്രീയ വെല്ലുവിളികളും ചോദ്യങ്ങളും ഗവേഷകർ പഠനവിഷയമാക്കിയിട്ടുണ്ടെങ്കിലും പരിമിതമാണ്.
കേവലമായ സാങ്കേതിക നവീകരണം എന്നതിൽ കവിഞ്ഞു വെർച്വൽ സെക്സ് അനുഭവങ്ങളും ഡിജിറ്റൽ റിലേഷനുകളും, ദാമ്പത്യം, വിശ്വാസം, മാതൃപിതൃബന്ധം, അടുപ്പം എന്നീ സമസ്യകൾ ഫാമിലി ഡൈനാമിക്സിനെ ഘടനാപരമായി എങ്ങനെ പരിവർത്തിപ്പിക്കുന്നുവെന്നും, പരമ്പരാഗത ബന്ധസങ്കൽപങ്ങളിൽ അത് സൃഷ്ടിക്കുന്ന സാരമായ വ്യതിയാനങ്ങൾ എന്തൊക്കെയെന്നും അപഗ്രഥിക്കുന്ന ഗവേഷണ മേഖലയാണ് Couple and family technology framework . നമ്മുടെ ബന്ധങ്ങളും റിലേഷനുകളും ഡിജിറ്റൽ തലത്തിലേക്ക് പരിവർത്തിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ മാനസിക വൈദ്യങ്ങളിലും തെറാപ്പികളിലും ഇതിന്റെ സാധ്യതകൾ പലതാണ് (6).
ഒരുമിച്ചിരിക്കുമ്പോഴും ഫോണിൽ മുഴുകിയിരിക്കുന്ന അവസ്ഥ (Phubbing - Phone Snubbing) ഇന്ന് സാർവത്രികമാണ്. ഡിജിറ്റൽ ഉപകരണങ്ങൾ ദമ്പതികൾക്കിടയിലോ മാതാപിതാക്കളും കുട്ടികളും തമ്മിലോ ഉള്ള ആശയവിനിമയത്തെ തടസ്സപ്പെടുത്തുന്ന 'ടെക്നോഫെറൻസ്'(Technoference) എന്ന പ്രതിഭാസം പങ്കാളികൾക്കിടയിൽ അവഗണനയും അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നു എന്ന പഠനങ്ങൾ കാര്യക്ഷമമായി പരിഗണിക്കേണ്ടതുണ്ട്.
(pornography) വർധിച്ചുവരുന്ന ഉപഭോഗം ദാമ്പത്യബന്ധങ്ങളുടെ സ്ഥിരതയെയും ഗുണനിലവാരത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് നിരവധി അനുഭവപരിശോധനാ പഠനങ്ങൾ സൂചിപ്പിക്കുന്നു. Samuel L. Perryയും Cyrus Schleiferയും നടത്തിയ ദീർഘകാല (longitudinal) പഠനത്തിൽ, വിവാഹിതരായ വ്യക്തികൾ അശ്ലീല ഉള്ളടക്കം ഉപയോഗിക്കാൻ ആരംഭിച്ചാൽ അവരുടെ വിവാഹമോചനസാധ്യത ഏകദേശം ഇരട്ടിയാകുന്നതായി കണ്ടെത്തി (Odds Ratio = 2.19). അതേസമയം, അശ്ലീല ഉള്ളടക്കത്തിന്റെ ഉപയോഗം അവസാനിപ്പിച്ച സ്ത്രീകളിൽ വിവാഹമോചനസാധ്യത ഗണ്യമായി കുറയുന്നതായും റിപ്പോർട്ട് ചെയ്യുന്നു (7). സാങ്കേതികവിദ്യ ബന്ധങ്ങളെ എളുപ്പമാക്കുന്നുണ്ടെങ്കിലും, അതിന്റെ അനിയന്ത്രിതമായ ഉപയോഗം കുടുംബബന്ധങ്ങളുടെ ആഴവും വിശ്വാസവും തകർക്കുന്ന ഘടകമായി മാറുകയാണ്. ഇതിനെ പ്രതിരോധിക്കാൻ ഡിജിറ്റൽ സാക്ഷരതയും ബോധപൂർവമായ നിയന്ത്രണവും അത്യന്താപേക്ഷിതമാണ്.
കോളേജ് ഹുക്കപ്പ് കൾച്ചറുകളെക്കുറിച്ച് പഠനം നടത്തിയ ലിസാ വേഡ്, വൈകാരിക ഇടപെടൽ ഇല്ലാത്തതും ദീർഘകാലാടിസ്ഥാനത്തിൽ നിലനിൽക്കാത്തതുമായ റിലേഷൻഷിപ്പുകളെ സൃഷ്ടിക്കുന്നതിലും അതൊരു അംഗീകൃത സിസ്റ്റമായി വളർത്തുന്നതിലുമുള്ള തന്റെ ആശങ്ക American Hookup: The New Culture of Sex on Campus എന്ന പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഡേറ്റിംഗ് ആപ്പുകളിലെ പ്രൊഫൈലുകളുടെ ആധിക്യം പങ്കാളിയെ സംബന്ധിച്ചുള്ള അസംതൃപ്തിയും ഉത്കണ്ഠയും വർധിപ്പിച്ചേക്കാമെന്ന ആശയം, Barry Schwartz ന്റെ Paradox of Choice എന്ന ചിന്താപരിസരവുമായി ചേർത്തുവെക്കാവുന്നതാണ് (8). ഏറ്റവും മികച്ച പങ്കാളിയെ മാത്രം തിരയുന്ന 'മാക്സിമൈസർമാർ' എപ്പോഴും ഉത്കണ്ഠാകുലരായിരിക്കും. എന്നാൽ തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരാളെ സ്വീകരിക്കുന്ന 'സാറ്റിസ്ഫയർമാർ' കൂടുതൽ സന്തുഷ്ടരായിരിക്കും. ലിസ വേഡ് ചൂണ്ടിക്കാണിക്കുന്ന വൈകാരിക ശൂന്യതയും, ബാരി ഷ്വാർട്സ് പറയുന്ന ചോയ്സുകളുടെ ആധിക്യവും ചേർന്ന് ആധുനിക മനുഷ്യനെ കൂടുതൽ ഏകാന്തതയിലേക്കാണ് നയിക്കുന്നത്. സാങ്കേതികവിദ്യ നൽകുന്ന സ്വാതന്ത്ര്യം യഥാർത്ഥത്തിൽ വൈകാരികമായ ഒരു കെണിയായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്.
മാനുഷിക ബന്ധങ്ങളിൽ പ്രണയനൈരാശ്യങ്ങളിലൂടെയും അല്ലാതെയും ഉണ്ടായേക്കാവുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും, പുതിയ ടെക്നോ ഡിവൈസുകളിലേക്ക് കടന്നുവരുമ്പോഴുള്ള പ്രതിസന്ധികൾ കൂടി കാര്യഗൗരവത്തോടെ പരിഗണിക്കണമെന്ന് Nicola Henry യും Anastasia Powell ഉം സൂചിപ്പിക്കുന്നത് കാണാം. ഡിജിറ്റൽ സാങ്കേതികവിദ്യകൾ ലൈംഗിക അതിക്രമത്തിനും ചൂഷണത്തിനും പുതിയ വഴികൾ സൃഷ്ടിക്കുന്നതെങ്ങനെയാണെന്ന് വിശദമായി വിശകലനം ചെയ്ത ഗവേഷകരാണ് ഇവർ. സാങ്കേതികവിദ്യ-സഹായിത ലൈംഗിക അതിക്രമം (Technology-Facilitated Sexual Violence) എന്ന പഠനമേഖലയെ വികസിപ്പിക്കുന്നതിൽ അവരുടെ സംഭാവന ശ്രദ്ധേയമാണ് (9).
കൂടുതൽ സ്വകാര്യ ചിത്രങ്ങൾ അയച്ചില്ലെങ്കിൽ, പഴയ ചിത്രങ്ങൾ മോർഫ് ചെയ്ത് ഉപഭോക്താവിന്റെ മറ്റു കോൺടാക്ടുകളിലേക്ക് അയയ്ക്കുമെന്ന് എ.ഐ. ചാറ്റ്ബോട്ടുകൾ ഭീഷണി മുഴക്കുന്നതും (social coercion) ബ്ലാക്ക്മയിലും നടത്തുന്നതും ഉദാഹരണമാണ്. വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് ലൈംഗിക ചൂഷണോദ്ദേശ്യത്തോടെ പിന്തുടരുന്നതും (cyberstalking), ഓൺലൈൻ സെക്സ്വൽ ഹരാസ്മെന്റുകളും , പേഴ്സണൽ പ്രൈവസിയിലേക്കുള്ള കടന്നുകയറ്റവും (privacy violation) തുടങ്ങിയതെല്ലാം സാധ്യമായ ഡിജിറ്റൽ ലൈംഗിക അതിക്രമങ്ങളാണ് (digital sexual violence).
ടെക്നോളജി പ്രതിയാകുന്ന ഇത്തരം കുറ്റകൃത്യങ്ങളിൽ ആരെയാണ് നിയമപരമായി ശിക്ഷിക്കേണ്ടത്? സെക്സ് റോബോട്ടുകളെയാണോ, അതോ അവ നിർമ്മിച്ച കമ്പനികളെയാണോ കുറ്റക്കാരായി കണക്കാക്കേണ്ടത്? അൽഗോരിതങ്ങളുടെ നൈതികതയും അവ ഉയർത്തുന്ന നൈതിക അഭാവങ്ങളെയും പരിഗണിച്ചുകൊണ്ട് മാത്രമേ ഡിജിറ്റൽ സെക്ഷ്വാലിറ്റിയുടെ സാമൂഹിക കർത്തൃത്വങ്ങളെയും, നിയമപരവും രാഷ്ട്രീയവുമായ പ്രവർത്തനക്ഷമതയെയും പ്രാവർത്തികതയെയും വിലയിരുത്താൻ കഴിയൂ.
നിരന്തരമായ ബന്ധസ്ഥാപനത്തിലൂടെയും കമ്മ്യൂണിക്കേഷൻ മാധ്യമങ്ങളുടെ സാർവത്രികമായ ലഭ്യതയിലൂടെയും ഡിജിറ്റൽ സാങ്കേതികത ബന്ധങ്ങളുടെ പാരസ്പര്യത്തെ ദൃഢമാക്കുകയും, മനുഷ്യരെ കൂടുതൽ വൈകാരികമായി ഒരുമിപ്പിക്കുകയും ചെയ്യുന്നുവെന്ന പൊതുധാരണയെ വിമർശനാത്മകമായി പുനർവിചാരിക്കുന്നതാണ് Alone Together എന്ന Sherry Turkle ന്റെ ഗ്രന്ഥം. യന്ത്രങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും ഏകാന്തതയ്ക്ക് താൽക്കാലിക ആശ്വാസം നൽകുന്നുവെങ്കിലും, മനുഷ്യരുടെ വൈകാരിക പരസ്പരതയ്ക്ക് പകരമാകാൻ അവയ്ക്ക് കഴിയില്ലെന്ന് അവർ വാദിക്കുന്നു. മാത്രമല്ല, ഇത്തരം സാങ്കേതിക മധ്യസ്ഥതകൾ യഥാർഥ മാനുഷിക ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനുപകരം അവയിൽ അകൽച്ചയും (Alienation) വിഘടനവും സൃഷ്ടിക്കുന്ന ഒരു പ്രതിഭാസത്തിനാണ് വഴിവെക്കുന്നതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു (10).
സ്മാർട്ട്ഫോണുകളും സോഷ്യൽ നെറ്റ്വർക്കുകളും കൂടുതൽ സൗകര്യപ്രദമായ സംവേദനങ്ങളെ സാധ്യമാക്കുമെന്നും, അനൽപവും വ്യാപ്തിയുമുള്ള സൗഹൃദവലയം സൃഷ്ടിക്കാൻ സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന പ്രതീക്ഷയും, മറുവശത്ത്, പരമ്പരാഗത മനുഷ്യ ഇടപെടലുകൾ വിസ്തൃതമായ സംവേദനവൃത്തത്തെ തടസ്സപ്പെടുത്തുന്നുവെന്നുമുള്ള ധാരണയും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് ടർക്കലിന്റെ ചിന്തയുടെ പ്രസക്തി. why we expect more from technology and less from each other എന്ന പുസ്തകത്തിന്റെ സെക്കന്റ് ഫ്രേസ് സൂചിപ്പിക്കുന്നത് ഈ തെറ്റിദ്ധാരണയിലേക്കാണ്. ടെക്നോളജി യഥാർഥവും മൂല്യവത്തായതുമായ സംഭാഷണങ്ങളെയും മുഖാമുഖമുള്ള ബന്ധങ്ങളുടെ ദൃഢതയെയും ദുർബലപ്പെടുത്തുന്നുവെന്ന് ടർക്കിൾ വ്യക്തമാക്കുന്നു.
കൃത്രിമബുദ്ധിയുടെയും റോബോട്ടിക്സിന്റെയും നൈതിക രൂപകൽപനയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന നെതർലൻഡ്സിലെ Foundation for Responsible Robotics-ന്റെ സഹസ്ഥാപകനായ നോയൽ ഷാർക്കി (Noel Sharkey), സെക്സ് ഡോളുകളുടെയും സെക്സ് റോബോട്ടുകളുടെയും ഉപയോഗം നിയന്ത്രിക്കുന്നതിന് സർക്കാരുകൾ അനുയോജ്യമായ നയപരമായ ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാങ്കേതികവിദ്യകൾ സൃഷ്ടിക്കാനിടയുള്ള സാമൂഹികവും ധാർമികവുമായ പ്രതിസന്ധികളാണ് അദ്ദേഹത്തിന്റെ ആശങ്കയുടെ അടിസ്ഥാനം (11).
പ്രത്യേകിച്ച്, കെയർ ഹോമുകളിലെ പ്രായമായ താമസക്കാരുടെ ഏകാന്തത ലഘൂകരിക്കുന്നതിനോ ലൈംഗിക ചികിത്സയുടെ ഭാഗമായോ സെക്സ് റോബോട്ടുകളെ ഉപയോഗിക്കണമെന്ന നിർദേശങ്ങൾ ഗൗരവമായ വിമർശനത്തിന് വിധേയമാക്കപ്പെടേണ്ടതാണ്.
Digisexual activism
ഡിജിറ്റൽ ലൈംഗികതയുടെ ഏറ്റവും വലിയ പ്രത്യാഘാതവും പരിണിതഫലവും ഡിജിസെക്ഷ്വൽ എന്ന സെക്ഷ്വൽ ഐഡന്റിറ്റിയുടെ ആവിർഭാവവും, അതിന് ലഭിക്കുന്ന സാമൂഹിക സ്വീകാര്യതയുമാണ് (12).ലിബറൽ മോഡേണിറ്റിയുടെ രാഷ്ട്രീയ, നിയമിക ചട്ടക്കൂടിൽ, ലെസ്ബിയൻ, ഗേ, തുടങ്ങിയ ലൈംഗിക ഐഡന്റിറ്റികൾക്ക് ലഭിച്ച പരിഗണനയും പ്രാധാന്യവും, ഡിജിസെക്ഷ്വലുകൾക്ക് ലഭിക്കുമോ, അവയുമായുള്ള വിവാഹാവകാശങ്ങൾക്ക് വേണ്ടി ലിബറൽ ആക്ടിവിസം ശബ്ദം ഉയർത്തുമോ, സൈദ്ധാന്തികമായും ചരിത്രപരമായും സാധ്യമാണ്. ഇവിടെ വ്യക്തിസ്വാതന്ത്ര്യത്തെ പരമമൂല്യമായി ഉയർത്തിപ്പിടിക്കുന്ന ലിബറൽ ഇൻഡിവിഡ്വലിസം, ഡിജിസെക്ഷ്വാലിറ്റിയെ ഒരു അവകാശവാദമായി അവതരിപ്പിക്കുമ്പോൾ, അതുവഴി സമൂഹത്തിൽ രൂപപ്പെടാവുന്ന ദീർഘകാല സാമൂഹികവും സാംസ്കാരികവുമായ പ്രത്യാഘാതങ്ങളെ ഗൗരവമായി അഭിമുഖീകരിക്കുന്നതിൽ പരാജയപ്പെടുന്നുവെന്നതാണ് പ്രധാന വിമർശനം. 2016-ലാണ് ലില്ലി എന്ന ഫ്രഞ്ച് വനിത താൻ ഒരു റോബോസെക്ഷ്വൽ (robosexual) ആണെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. പത്തൊമ്പതാം വയസ്സിൽ തന്നെ, തന്റെ ലൈംഗിക ആഭിമുഖ്യം മനുഷ്യരുമായുള്ള ബന്ധങ്ങളിൽ സംതൃപ്തി കണ്ടെത്താൻ കഴിയാത്തതാണെന്നും, തന്റെ ആർട്ടിഫിഷ്യൽ പങ്കാളിയായ ഇന്മു (Inmoov) വിലാണ് തന്റെ വൈകാരികവും ലൈംഗികവുമായ ആകർഷണം കേന്ദ്രീകരിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു (13).
കേവലം ലൈംഗിക അഭിനിവേശത്തിന്റെ പ്രകടനം എന്നതിനപ്പുറം, ഡിജിസെക്ഷ്വൽ ഐഡന്റിറ്റിയെ ഒരു സാമൂഹിക-സാംസ്കാരിക ആക്ടിവിസമായി രൂപപ്പെടുത്താനുള്ള ശ്രമങ്ങളും സമീപകാലത്ത് ശക്തിപ്പെട്ടുവരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്പാനിഷ്–ഡച്ച് കലാകാരിയും ആക്ടിവിസ്റ്റുമായ അലീഷ്യ ഫ്രാമിസ് (Alicia Framis) തന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഹോളോഗ്രാം പങ്കാളിയായ Ailex-നൊപ്പം ഒരു പ്രതീകാത്മക വിവാഹച്ചടങ്ങ് പ്രഖ്യാപിച്ചത്. തന്റെ മുൻകാല മനുഷ്യബന്ധങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ചാണ് അവർ Ailex-നെ പരിശീലിപ്പിച്ചതെന്ന് ഫ്രാമിസ് വ്യക്തമാക്കിയിരുന്നു. റോട്ടർഡാമിൽ സംഘടിപ്പിച്ച ഈ കലാപരിപാടിയുടെ പ്രധാന ലക്ഷ്യം, “The Hybrid Couple” അഥവാ മനുഷ്യ–AI ബന്ധങ്ങളുടെ സാമൂഹിക അംഗീകാരത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിടുകയും, സ്നേഹത്തിന്റെയും ദാമ്പത്യത്തിന്റെയും പുതിയ സാധ്യതകളെക്കുറിച്ചുള്ള സംവാദം ഉയർത്തിക്കൊണ്ടുവരികയുമായിരുന്നു (14).
അതിനാൽ, ഡിജിസെക്ഷ്വാലിറ്റിയെ സമൂഹത്തിലെ ഒരു ചെറിയ വിഭാഗത്തിന്റെ വ്യക്തിപരമായ ലൈംഗിക ആഭിമുഖ്യമെന്ന നിലയിൽ മാത്രം മനസ്സിലാക്കുന്നത് അപര്യാപ്തമാണ്. മറിച്ച്, മനുഷ്യ–സാങ്കേതിക ബന്ധങ്ങളെ സാമൂഹികമായി സാധൂകരിക്കുകയും, അവയെ പുതിയൊരു ബന്ധരൂപമായും ലൈംഗിക ഐഡന്റിറ്റിയായും പൊതുസമൂഹത്തിൽ സ്ഥാപിക്കുകയും ചെയ്യാനുള്ള വ്യവസ്ഥാപിതമായ സാംസ്കാരികവും ആശയപരവുമായ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം ആക്ടിവിസങ്ങളെ വായിക്കേണ്ടത്. ഈ നിലയിൽ, ഡിജിസെക്ഷ്വൽ ആക്ടിവിസം ഒരു വ്യക്തിയുടെ സ്വകാര്യ തിരഞ്ഞെടുപ്പിന്റെ പ്രകടനം മാത്രമല്ല; സാങ്കേതികവിദ്യയുമായുള്ള മനുഷ്യബന്ധങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ഒരു വിശാലമായ സാംസ്കാരിക-രാഷ്ട്രീയ സംവാദത്തിന്റെ ഭാഗം കൂടിയാണ്.
യൂറോപ്യൻ പ്രബുദ്ധതയുടെ ധാർമിക നയങ്ങളിൽ ഉരുവം കൊണ്ട, ലൈംഗിക പ്രധിനിധാനങ്ങൾ നേടിയെടുത്ത ഐഡന്റിറ്റികളുമായി തങ്ങളെയും സമാന്തരമായി പ്രതിഷ്ഠിച്ചുകൊണ്ടാണ് ഡിജിസെക്ഷ്വൽ ആക്ടിവിസവും പുരോഗമിക്കുന്നത്.ഒരു ഡിജിസെക്ഷ്വലിനോട് മനുഷ്യപങ്കാളിയെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുന്നത്, ഒരു സ്വവർഗാനുരാഗിയോട് (gay) സ്ത്രീയെഡേറ്റ് ചെയ്യാൻ പറയുന്നതുപോലെയുള്ള അവിവേകമാണെന്ന്” അക്കിഹിക്കോ കോണ്ടോ പറയുന്നതിലെ സാംഗത്യം അതാണ് (15).
യാഥാർഥ്യത്തിൽ, സെക്സ് ഡോളുകളെ കേന്ദ്രീകരിച്ചുള്ള വേശ്യാലയങ്ങൾ സ്പെയിൻ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ, സ്വയം ഡിജിസെക്ഷ്വലുകളായി തിരിച്ചറിയുന്നവരുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും, സാങ്കേതിക അധിഷ്ഠിത ലൈംഗിക സേവനങ്ങളും ഉപകരണങ്ങളും പതിവായി ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമാണ്.
അക്കിഹിക്കോ കോണ്ടോയുടെ സംഭവത്തിലും ഇതിന്റെ സൂചന കാണാം. അദ്ദേഹത്തിന്റെ വെർച്വൽ പങ്കാളിയുമായുള്ള ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന Gatebox സേവനം അവസാനിപ്പിക്കപ്പെട്ടപ്പോൾ, കോണ്ടോയെപ്പോലെ ഏകദേശം നാലായിരം ഉപയോക്താക്കൾക്ക് തങ്ങളുടെ വെർച്വൽ പങ്കാളിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായി അറിയിപ്പ് ലഭിച്ചു. ഈ സംഭവം ഡിജിസെക്ഷ്വൽ ബന്ധങ്ങളുടെ വ്യാപനത്തെയും, അവ സാങ്കേതിക പ്ലാറ്റ്ഫോമുകളെ എത്രത്തോളം ആശ്രയിക്കുന്നുവെന്നതിനെയും വ്യക്തമാക്കുന്നു.
‘ടെലിഡിൽഡോണിക്സ്’ (Teledildonics) എന്നറിയപ്പെടുന്ന ഇന്റർനെറ്റ്-ബന്ധിത സെക്സ് ടോയ്സുകളുടെ ഉപയോഗം വ്യക്തിഗത ഉപയോക്താക്കൾക്കൊപ്പം സെക്സ് വർക്കർമാരും വിനിയോഗിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ, സാങ്കേതികവിദ്യയിലൂടെ രൂപംകൊള്ളുന്ന ലൈംഗിക സേവനങ്ങളുടെ പുതിയ രൂപങ്ങളും ഡിജിസെക്ഷ്വാലിറ്റിയുടെ പഠനപരിധിയിൽ ഉൾപ്പെടുന്നു. ഫോൺ ഓഡിയോ വീഡിയോ കോളുകൾ നൽകുന്ന അനുഭവത്തേക്കാൾ കൂടുതൽ സ്പർശാനുഭവസദൃശമായ (tactile) ലൈംഗിക ഇടപെടലുകളും തത്സമയ (live) പരസ്പര ഇടപെടലുകളും സാധ്യമാക്കുന്ന സാങ്കേതികവിദ്യയാണ് ടെലിഡിൽഡോണിക് ഉപകരണങ്ങൾ. വേശ്യവൃത്തിയുടെ പുതിയ തുറകളിലേക്ക് വഴിതെളിക്കുന്ന സാങ്കേതിക മാറ്റങ്ങൾ, സമൂഹത്തിൽ അന്തർലീനമായ ഇത്തരം നീചമായ മാനുഷിക ദുർ ചെയ്തികളുടെ ആഘാതം വർധിപ്പിക്കുകയാണ്.
നീൽ മക്കാർത്തറുടെ ഡിജിസെക്ഷ്വൽ എന്ന ഐഡൻറിറ്റിയോടുള്ള സ്വാഗതാർഹമായ സമീപനത്തോട് വ്യക്തിപരമായ വ്യോജിപ്പുണ്ട്. ഡിജിസെക്ഷ്വാലിറ്റി ഒരു സ്വതന്ത്ര ലൈംഗിക ഐഡന്റിറ്റിയായി അംഗീകരിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ അദ്ദേഹം പല വാദങ്ങളിലൂടെ വിശദീകരിക്കുന്നു. ശാരീരികമോ മാനസികമോ ആയ പരിമിതികൾ മൂലം മനുഷ്യപങ്കാളികളുമായി ലൈംഗികബന്ധം സ്ഥാപിക്കാൻ പ്രയാസം നേരിടുന്നവർക്കും, അസന്തുലിതമായ ലിംഗാനുപാതമുള്ള സമൂഹങ്ങളിൽ ജീവിക്കുന്നവർക്കും, സ്വവർഗബന്ധങ്ങളോ ബഹുപങ്കാളി ബന്ധങ്ങളോ സാമൂഹികമായോ നിയമപരമായോ നിയന്ത്രിക്കപ്പെടുന്ന സാഹചര്യങ്ങളിലുള്ളവർക്കും ഡിജിസെക്ഷ്വാലിറ്റി തുറക്കുന്ന അവസരങ്ങളെക്കുറിച്ച് അദ്ദേഹം വാചാലമാകുന്നുണ്ട്. എന്നാൽ, ബഹുമുഖമായ പരിണിത ഫലങ്ങളുടെ ആധിക്യത്തെ അദ്ദേഹം തിരിച്ചറിയുന്നില്ല (1).
ഡിജിസെക്ഷ്വാലിറ്റിയിലേക്ക് എത്തുന്ന ലൈംഗിക അരാജകത്വത്തിന്റെ പാത, ലൈംഗികതയെയും കുടുംബമെന്ന ഇൻസ്റ്റിറ്റ്യൂഷനെയും അധികരിച്ചുള്ള വികലമായ പല വിചാരധാരകളിലൂടെ ഉള്ള തുടർച്ച മാത്രമാണ്. അതിൽ റാഡിക്കൽ ഫെമിനിസവും ഹൊമോസെക്ഷ്വാലിറ്റിയും എൽജിബിടി പോളിറ്റിക്സും പലതായ പങ്കുവഹിക്കുന്നുണ്ട്. പരമ്പരാഗത മതകീയ പ്രത്യയശാസ്ത്രങ്ങൾ മാതൃത്വത്തിനും സ്ത്രീക്കും നൽകിയ പരിശുദ്ധിയേയും പ്രാധാന്യത്തെയും കൂടി ചോദ്യം ചെയ്തുകൊണ്ടും, കുടുംബമെന്ന സാമൂഹിക ഘടനയെ പൊളിച്ചെഴുതിക്കൊണ്ടുമാണ്, സ്ത്രീകൾ നേരിട്ട ചരിത്രപരമായ അടിച്ചമർത്തലിനെ ഷുലാമിഥ് ഫയർസ്റ്റോൺ പോലെയുള്ള റാഡിക്കൽ ഫെമിനിസ്റ്റുകൾ നേരിട്ടത്. സ്വവർഗ്ഗാനുരാഗികൾക്ക് നിയമപരമായ അസ്തിത്വം ഉറപ്പാക്കുന്നതിൽ ഹൊമോസെക്ഷ്വാലിറ്റിക്കും മറ്റ് ലൈംഗിക ഐഡൻറിറ്റികൾക്കുമായ് വാദിച്ച എൽജിബിടി പോളിറ്റിക്സിനും സാധിച്ചു. ഇതിലൂടെയെല്ലാം, ഉത്തരവാദിത്വങ്ങളിലും കർത്തവ്യങ്ങളിലും അടിസ്ഥാനപ്പെട്ട കുടുംബം എന്ന സ്ഥാപനവും, സന്താനോൽപാദനം എന്ന പ്രാഥമിക ലക്ഷ്യവും ചോദ്യം ചെയ്യപ്പെട്ടു. കേവലം ലൈംഗിക ആസ്വാദനത്തിനും രതിവൃത്തിക്കുമായി മാത്രം വൈവാഹിക ബന്ധങ്ങൾ പരിണമിക്കുകയും ചെയ്തു.
നെക്രോഫീലിയയെയും ബെസ്റ്റിയാലിറ്റിയെയും എതിർക്കാൻ സൈദ്ധാന്തികമായിട്ട് തടസമുള്ള ലിബറൽ ധാർമ്മികതയ്ക്ക്, ഡിജിസെക്ഷ്വാലിറ്റിയെ എതിർക്കേണ്ടതില്ല. പക്ഷേ, ചില സാമൂഹിക സാമ്പത്തിക പുനർവിചിന്തനങ്ങൾ സാധ്യമാണ്.
മാതൃത്വവും സന്താന പരിപാലനവും സ്ത്രീകളുടെ പരിശുദ്ധ കൃത്യങ്ങളായി കണക്കാക്കപ്പെട്ടിരുന്ന മതകീയ വീക്ഷണത്തിൽ നിന്നും , കരിയറിസത്തിലേക്ക് അവരെ നിർബന്ധിപ്പിക്കപ്പെടുകയും, സ്ത്രീവർഗത്തിന്റെ മാതൃഭാവനകൾക്ക് മങ്ങലേൽക്കുകയും ചെയ്തു. ഒരു നല്ല സ്ത്രീ കുട്ടികളുടെ നല്ല അമ്മയല്ല, മറിച്ച് സ്വന്തമായി സമ്പാദിക്കുന്നവളും സ്വയംപര്യാപ്തിയുമാണ് എന്ന നറേറ്റീവ് സൃഷ്ടിക്കപ്പെട്ടു. കരിയറിന് വിഘാതമാകുമെങ്കിൽ, മക്കൾ വേണ്ടതില്ല എന്ന ചിന്തയിലേക്ക് ഉള്ള മാറ്റവും കാണാം. ഇങ്ങനെയുള്ള പല സാമൂഹിക പരികൽപ്പനകളാൽ മക്കൾ എന്നത് വിവാഹത്തിന്റെ അവിഭാജ്യ ഘടകമല്ലാതെയും മാറി. ഈ സാമൂഹിക പരിസ്ഥിതിയിൽ നിന്ന് പ്രത്യുൽപാദനം സാധ്യമല്ലാത്ത വൈവാഹിക ബന്ധങ്ങളിലേക്ക് ഉള്ള ദൂരം ഹ്രസ്വമായിരുന്നു.
ഹെട്രോസെക്ഷ്വൽ ബന്ധങ്ങളേക്കാൾ ഉത്തരവാദിത്തങ്ങളിൽ കുറവായ ലെസ്ബിയൻ, ഗേ ഐഡൻറിറ്റികൾക്ക് ജനങ്ങളിൽ സ്വീകരിതി വർദ്ധിച്ചേക്കും. അക്കിഹിക്കോ കോണ്ടോയുടെ തന്റെ സെക്സ് റോബോട്ടുമായുള്ള വിവാഹത്തെക്കുറിച്ച് ജപ്പാനിലെ വീചാറ്റ് എന്ന സാമൂഹിക മാധ്യമത്തിൽ വന്ന ഒരു പ്രതികരണം ഇങ്ങനെയായിരുന്നു: “നിങ്ങളുടെ അമ്മായിയമ്മയെ നിങ്ങൾക്ക് പുച്ഛത്തോട് കാണേണ്ടി വരില്ല. ഒരു വീട് വാങ്ങാനുള്ള സമ്മർദ്ദം നിങ്ങൾക്കുണ്ടാകില്ല. നിങ്ങൾക്ക് പണവും എനർജിയും ലാഭിക്കാം. ഇതിന് പ്രസവമോ മക്കളുടെ ജീവിതച്ചെലവോ വഹിക്കേണ്ടതില്ല.” ഗേ, ലെസ്ബിയൻ കുടുംബ മാതൃകകളിലെ പോലെ ഡിജിസെക്സ്വാലിറ്റിയുടെ സൗകര്യങ്ങളെയും ആഖ്യാനം ചെയ്യുന്ന ഒരു കമന്റാണിത്.
എന്നാൽ, ഈ പ്രവണതയും അതിന് ലഭിക്കുന്ന സ്വീകാര്യതയും സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങൾ സമൂഹത്തിലെ ജനനനിരക്കിൽ (birth rate) പ്രതിഫലിക്കും. ജനനനിരക്കിലെ ഇടിവ് ഭാവിയിൽ മനുഷ്യവിഭവശേഷിയിലും (human resources) തൊഴിൽശക്തിയിലും (workforce) പ്രകടമാകും. സാമ്പത്തിക രംഗത്തെ സംബന്ധിച്ചിടത്തോളം, മനുഷ്യവിഭവശേഷി കുറയുന്നത് സാമൂഹിക അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. കാരണം, ജനനനിരക്ക് കുറഞ്ഞ കാലഘട്ടത്തിൽ ജനിച്ച തലമുറ തൊഴിൽശക്തിയുടെ ഭാഗമാകുന്ന സമയത്ത്, വൃദ്ധജനങ്ങളുടെ എണ്ണം വർധിക്കുകയും യുവജനങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്ന ഒരു ജനസംഖ്യാപരമായ ഇൻബാലൻസ് രൂപപ്പെടും. അതുവഴി, സമ്പാദനത്തിലൂടെയും സംരംഭകത്വത്തിലൂടെയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് സംഭാവന ചെയ്യേണ്ട മനുഷ്യവിഭവശേഷിയുടെ എണ്ണം ഗണ്യമായി കുറയുകയും, അതേസമയം വൃദ്ധജനങ്ങളുടെ ആരോഗ്യസംരക്ഷണം, സാമൂഹിക സുരക്ഷ, പെൻഷൻ തുടങ്ങിയ ആവശ്യങ്ങൾക്കായി ചെലവഴിക്കേണ്ട വിഭവങ്ങൾ വർധിക്കുകയും ചെയ്യും. ചുരുക്കത്തിൽ സന്താനോല്പാദനം ഇല്ലാത്ത ഡിജിസെക്ഷ്വാലിറ്റി സൃഷ്ടിച്ചെക്കാവുന്ന ഒരു സാമൂഹിക-സാമ്പത്തിക പ്രതിസന്ധിയായി ഇതിനെ കാണേണ്ടതുണ്ട്.
മുതലാളിത്ത താല്പര്യം
ഡിജിസെക്ഷ്വാലിറ്റി എന്നത് ലൈംഗിക വിമോചനത്തിന്റെ പുതിയ ഘട്ടമായി കാണുന്നതിനേക്കാൾ, മനുഷ്യന്റെ ഏകാന്തതയെയും വൈകാരിക ദൗർബല്യങ്ങളെയും ചുഷണം ചെയ്യുന്ന ക്യാപിറ്റലിസ്റ്റ് അജണ്ടയായി വായിക്കേണ്ടത് പ്രധാനമാണ്. പോസ്റ്റ്-ഇൻഫർമേഷൻ യുഗത്തിലെ നവമാധ്യമങ്ങളും, ഡിജിറ്റൽ ഉള്ളടക്ക ഉപഭോഗത്തിന്റെ വ്യാപനവും, അതിലൂടെ ടെക്നോക്രറ്റുകൾ നേടിയ വൻ സാമ്പത്തിക നേട്ടവും തന്നെയാണ് മനുഷ്യന്റെ വികാരങ്ങളെയും ലൈംഗികാഭിലാഷങ്ങളെയും ഡിജിറ്റാലിറ്റിയുടെ പുതിയ മാർക്കറ്റിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പ്രധാന പ്രേരകശക്തികളായി മാറിയിരിക്കുന്നത്.
REFERENCES:
1. “Chinese Man Marries Robot He Built Himself.” The Guardian, April 4, 2017. https://www.theguardian.com/world/2017/apr/04/chinese-man-marries-robot-built-himself.
2. “Meet the Digisexuals: People Who Prefer Cyber-Sex to Human Sex. Is That Just Another Choice?” DailyO. Accessed July 14, 2026. https://www.dailyo.in/variety/digisexuals-sex-dolls-sex-robots-sexual-identities-29033.
3. Witt, Emily. “The VR Porn Diaries.” VICE, February 6, 2017. https://www.vice.com/en/article/the-vr-porn-diaries/.
4. McArthur, Neil, and Markie L. C. Twist. “The Rise of Digisexuality: Therapeutic Challenges and Possibilities.” Sexual and Relationship Therapy 32, nos. 3–4 (2017): 334–344. https://doi.org/10.1080/14681994.2017.1397950.
5. Danaher, John, and Neil McArthur, eds. Robot Sex: Social and Ethical Implications. Cambridge, MA: MIT Press, 2017.
6. Hertlein, Katherine M., and Markie L. C. Blumer. The Couple and Family Technology Framework: Intimate Relationships in a Digital Age. New York: Routledge, 2013.
7. Perry, Samuel L., and Cyrus Schleifer. “Pornography Use and the Likelihood of Divorce: Evidence from Panel Data.” Archives of Sexual Behavior 47, no. 6 (2018): 1869–1880. https://doi.org/10.1007/s10508-017-1080-8.
8. Schwartz, Barry. The Paradox of Choice: Why More Is Less. New York: Harper Perennial, 2004.
9. Henry, Nicola, and Anastasia Powell. “Beyond the ‘Sext’: Technology-Facilitated Sexual Violence and Harassment against Adult Women.” Australian & New Zealand Journal of Criminology 48, no. 1 (2015): 104–118. https://doi.org/10.1177/0004865814524218.
10. Turkle, Sherry. Alone Together: Why We Expect More from Technology and Less from Each Other. New York: Basic Books, 2011.
11. “Meet the Digisexuals: People Who Prefer Cyber-Sex to Human Sex. Is That Just Another Choice?” DailyO. Accessed July 14, 2026. https://www.dailyo.in/variety/digisexuals-sex-dolls-sex-robots-sexual-identities-29033.
12. McArthur, Neil, and Markie L. C. Twist. “The Rise of Digisexuality: Therapeutic Challenges and Possibilities.” Sexual and Relationship Therapy 32, nos. 3–4 (2017): 334–344. https://doi.org/10.1080/14681994.2017.1397950.
13. “French ‘Robosexual’ Woman Lives with Robot Fiancé She Built.” Stuff, January 3, 2017. https://www.stuff.co.nz/technology/87929343/french-robosexual-woman-lives-with-robot-fiancee-she-built.
14. “Alicia Framis Marries AI Hologram Ailex.” Museum Boijmans Van Beuningen. Accessed July 14, 2026. https://www.boijmans.nl/en/exhibitions/alicia-framis-marries-ai-hologram-ailex.
15. “Meet the Digisexuals: People Who Prefer Cyber-Sex to Human Sex. Is That Just Another Choice?” DailyO. Accessed July 14, 2026. https://www.dailyo.in/variety/digisexuals-sex-dolls-sex-robots-sexual-identities-29033.
16. McArthur, Neil, and Markie L. C. Twist. “The Rise of Digisexuality: Therapeutic Challenges and Possibilities.” Sexual and Relationship Therapy 32, nos. 3–4 (2017): 334–344. https://doi.org/10.1080/14681994.2017.1397950.