KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

പ്രവാചക സ്നേഹത്തിലെ ദൈവിക പ്രയാണങ്ങൾ

ദിൽദാർ പരപ്പനങ്ങാടി

ഹൃദയത്തിന്റെ നിത്യവസന്തമാണ് സ്നേഹം. നിർവചനങ്ങൾക്ക് വഴങ്ങാത്ത ഏറ്റവും നല്ല ജീവിതസത്യമാകുന്നു സ്നേഹം എന്ന് ഓഷോ പറയുന്നുണ്ട്. സ്നേഹം മാത്രമാണ് യഥാർത്ഥ രാസവിദ്യ(Alchemy)യെന്നാണ് ആചാര്യന്മാരുടെ പക്ഷം. സ്നേഹപൂർണമായ ജീവിതം വർണങ്ങൾ നിറഞ്ഞതാണ്. പ്രബഞ്ചത്തിന്റെ താളവും, ജീവിതത്തിന്റെ തുടിപ്പും സ്നേഹമെന്ന മഹത്തായ സങ്കൽപത്തിലാണ് നിലനിൽക്കുന്നത്. സ്നേഹമില്ലാത്ത ജീവിതം ഇലകളും പഴങ്ങളും ഇല്ലാത്ത മരം പോലെയാണെന്ന് ഖലീൽ ജിബ്രാൻ പറയുന്നുണ്ട്. Dialogues of plato എന്ന പുസ്തകത്തിൽ എഴുപത്തിരണ്ടോളം പേജുകളുലായി ഗ്രീക്ക് ചിന്തകനായ പ്ലാറ്റോ സ്നേഹത്തെ കുറിച്ച് വാചാലനാവുന്നുണ്ട്. എന്നാൽ സ്നേഹം വ്യാഖ്യാനിച്ച് വശപ്പെടുത്താനോ, നിർവചിക്കാനോ സാധ്യമല്ല എന്നതാണ് യാഥാർഥ്യം.


വിശുദ്ധ ഇസ്‌ലാമിനോളം സ്നേഹത്തെ പ്രതിപാദിച്ച മതമോ, ദർശനങ്ങളോ വേറെയില്ല. പരസ്പരം സ്നേഹിക്കാനും, ബന്ധങ്ങളെ കാത്തുസൂക്ഷിക്കാനുമുള്ള ആഹ്വാനം വിശുദ്ധ ഖുർആനിലും, തിരുവചനങ്ങളിലും ധാരാളമുണ്ട്. നബി(സ) പറയുന്നു: "എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനിൽ സത്യം, വിശ്വാസികളാകാതെ നിങ്ങളാരും സ്വർഗം പൂകുകയില്ല. പരസ്പരം സ്നേഹിക്കാതെ നിങ്ങൾ വിശ്വാസികളുമാകില്ല. " നബി(സ്വ)യുടെ ജീവിതം മുഴുവൻ സ്നേഹസമ്പന്നമായിരുന്നു. ഇസ്ലാം വിഭാവനം ചെയ്യുന്നതും ആ സ്നേഹവഴിയേയാണ്. ഏകഇലാഹിലും,അവന്റെ റസൂലിലും, സൃഷ്ടികളിലും സ്നേഹം പകരുന്നതിലൂടെയാണ് പ്രബഞ്ചത്തിന്റെ നിലനിൽപ്പ് സാധ്യമാകുന്നത്.


സ്നേഹത്തിന്റെ പാരമ്യഭാവവും, പൂർണതയും ഇലാഹീപ്രണയമാണ്(Divine love). മനുഷ്യന്റെ പ്രഥമവും, അവാച്യവുമായ സ്നേഹം അവന്റെ സൃഷ്ടാവിനോടായിരിക്കണം. നിത്യചൈതന്യമായി ഹൃദയാന്തരങ്ങളിൽ അനുസ്യൂതം അത് പടർന്ന് കൊണ്ടേയിരിക്കും. സൃഷ്ടാവിനോടുള്ള സൃഷ്ടിയുടെ അനന്തമായ പ്രേമമാണ് ലോകത്തിന്റെ നിലനിൽപ്പിന്നാധാരം. സ്നേഹത്തിന്റെ ഭൗതിക തലങ്ങൾ നശ്വരവും, നിഴൽ സമാനവുമാണ്. ഇലാഹീസ്നേഹം അനശ്വരമായി നിലനിൽക്കും. അനുരാഗിയായ ദാസൻ തന്റെ പ്രേമഭാജനമായ ഉടമസ്ഥനിൽ ഹൃദയം ലയിപ്പിക്കുമ്പോഴാണ് ആ ബന്ധം സുദൃഡമായി മാറുന്നത്. സൃഷ്ടിയുടെ ഓരോ സൽകർമ്മവും സൃഷ്ടാവിനോടുള്ള സ്നേഹപ്രകടനത്തിനുള്ള അവസരങ്ങളാണ്.


ഏറ്റവും ഉന്നതമായ അനുഗ്രഹങ്ങൾ ലഭ്യമാക്കിയവനോടാണ് ഏറ്റവും വലിയ സ്നേഹം കാണിക്കേണ്ടത്. അത് അല്ലാഹു മാത്രമാണ്. അനന്തവും, അമൂല്യവുമാണ് ആ സ്നേഹം. Secrets of Divine Love:A Spiritual Journey into the Heart of Islam എന്ന ഗ്രന്ഥത്തിൽ എ ഹെൽവ ദൈവികാനുരാഗത്തിന്റെ മനോഹാരിതകളെ ഖുർആനിന്റെയും, പ്രവാചകാധ്യാപനങ്ങളുടെയും വെളിച്ചത്തിൽ വരച്ചിടുന്നുണ്ട്. ദൈവികസ്നേഹത്തിന്റെ അനന്തതലങ്ങളെയും, അവാച്യമായ അനുഭൂതിയെയും അതിൽ വിശദീകരിക്കുന്നുണ്ട്.


അല്ലാഹു സ്നേഹിച്ചവരെ കൂടി സ്നേഹിക്കുമ്പോഴാണ് അല്ലാഹുവോടുള്ള സ്നേഹം സമ്പൂർണത പ്രാപിക്കുന്നത്. സൃഷ്ടികളിൽ ശ്രേഷ്ഠരായ തിരുനബിയെയാണ് മുഅമിനീങ്ങൾ ഏറ്റവും സ്നേഹിക്കേണ്ടത്. "ഖിയാമത് നാളിൽ ഞാൻ ആദം സന്തതികളുടെ നേതാവാണ്"എന്ന ഹദീസ് സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠൻ നബി(സ്വ)യാണെന്നതിന്റെ തെളിവാണ് എന്ന് ഇമാം നവവി(റ) സാക്ഷ്യപ്പെടുത്തുന്നു (ശർഹ് മുസ്ലിം 15:32). തിരുനബി(സ്വ) പറയുന്നു: "ആദ്യത്തവരിലും, അവസാനത്തവരിലും ഏറ്റവും ആദരണീയൻ ഞാനാകുന്നു. അന്തസ് പറയുകയല്ല" (തിർമിദി-3616, കിതാബുശിഫ-1:163). ഇമാം ബാജൂരി(റ) പറഞ്ഞു: മുഴുവൻ സൃഷ്ടികളേക്കാളും നബി(സ്വ) ശ്രേഷ്ഠരാണ് എന്നത് മുസ്‌ലിംകളുടെ ഇജ്മാഇൽ പെട്ടതാണ്. മുഅതസിലിയാക്കൾ പോലും ഇതിൽ യോജിച്ചിട്ടുണ്ട് (ശറഹു ജൗഹറത്തുതൗഹീദ്-144).


തിരുനബി സ്നേഹം സൃഷ്ടാവിന്റെ കല്പനകളെ പൂർണമായും അനുസരിക്കുന്നതിന്റെ ഭാഗമാണ്. ഖുർആൻ പറയുന്നു: "നബി, സത്യാവശ്വാസികൾക്ക് അവരുടെ സ്വന്തം ദേഹത്തേക്കാൾ ഏറ്റവും ബന്ധപ്പെട്ടവരാണ്(അഹ്സാബ്-6). ഈ ആയത്തിന്റെ വിശദീകരണമായി വന്ന ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം ഖസ്തല്ലാനി(റ) രേഖപ്പെടുത്തുന്നു: "നബി(സ) സത്യവിശ്വാസികൾക്ക് അവരുടെ സ്വന്തം ശരീരത്തെക്കാൾ ഏറ്റവും ബന്ധപ്പെട്ടവരാണ് എന്ന് പറഞ്ഞതിൽ നിന്ന് സ്വന്തം ഇഷ്ടത്തേക്കാൾ നബി(സ്വ)യെ വഴിപ്പെടുന്നതിനെ തിരഞ്ഞെടുക്കൽ നിർബന്ധമാണെന്നും, സ്വശരീരങ്ങളെക്കാൾ ഉപരിയായി നബി(സ)യെ സ്നേഹിക്കണമെന്നും വന്നു. (ഇർശാദുസ്സാരി 5:391).


മസ്ജിദുന്നബവിയിൽ സ്വഹാബത്ത് കഴിഞ്ഞ് പോയ അമ്പിയാക്കളുടെ മദ്ഹ് കീർത്തനങ്ങൾ പറഞ്ഞ് കൊണ്ടിരുന്നു. ഇബ്രാഹിം നബിയെ ഖലീൽ ആയും, ഈസാനബിയെ റൂഹുല്ലാഹി ആയും തിരഞ്ഞെടുക്കപ്പെട്ടതിനെ പറ്റി പറയുന്ന വേളയിൽ നബി(സ) പറഞ്ഞു: "ഓരോരുത്തർക്കും അല്ലാഹുവിന്റെ അടുക്കലുള്ള സ്ഥാനമനുസരിച്ചാണ് അറിയപ്പെടുന്നത്. നിശ്ചയം ഞാൻ അല്ലാഹുവിന്റെ ഹബീബാണ്, ഞാൻ ആത്മപ്രശംസനടത്തുകയല്ല"(തിർമുദി). പരസപരസ്നേഹം ഉത്തുംഗതയിൽ എത്തിച്ചേരുമ്പോഴാണ് ഹബീബ് എന്ന വാചകം പ്രയോഗിക്കുക. അല്ലാഹുവും, അവന്റെ ഹബീബും തമ്മിലുള്ള അഗാധമായ ആത്മബന്ധത്തെയാണ് ഇത് വ്യക്തമാക്കുന്നത്. അനവധി സൂറത്തുകളിൽ അല്ലാഹുവിന്റെ നാമത്തോടൊപ്പം തിരുനബിയുടെ നാമത്തെയും ചേർത്ത് പറഞ്ഞതായി കാണാം (അന്നിസാ:13,14) (ആലു ഇംറാൻ-132) (അൽ അൻഫാൽ -1,20,46) (അൽ മാഇദ-55). അർശിന്റെ തൂണിലും സ്വർഗ്ഗത്തിലെ എല്ലാ സ്ഥലങ്ങളിലും അല്ലാഹുവിന്റെ നാമത്തോടൊപ്പം തിരുനബിയുടെയും നാമം രേഖപ്പെടുത്തപ്പെട്ടതായി റിപ്പോർട്ട് വന്നിട്ടുണ്ടെന്ന് ഇമാം ഖസ്തല്ലാനി(റ) പറയുന്നു (അൽമവാഹിബുല്ലദുന്നിയ്യ -1:55). തിരുനബിയും അല്ലാഹുവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയാണ് ഇത് കുറിക്കുന്നത്.


ഇസ്ലാമിൽ ഒരു വ്യക്തിക്ക് അംഗത്വം ലഭിക്കുന്നത് അല്ലാഹുവല്ലാതെ ആരാധ്യനില്ല, മുഹമ്മദ് നബി(സ്വ) അവൻ്റെ അടിമയും ദൂതനുമാകുന്നു എന്ന സത്യസാക്ഷ്യവചനം ഹൃദയത്തിൽ വിശ്വസിച്ചു നാവുകൊണ്ട് ഉച്ചരിക്കുന്നതിലൂടെ മാത്രമാണ്. അല്ലാഹുവിൽ വിശ്വസിക്കുകയും, നബി (സ്വ)യിൽ അവിശ്വസിക്കുകയും ചെയ്താൽ അവൻ വിശ്വാസിയാകുന്നില്ല. ശഹാദത് കലിമക്ക് പുറമെ വാങ്കിലും ഇഖാമത്തിലും നിസ്കാരത്തിലും ഹജ്ജ് കർമത്തിലും തുടങ്ങി ഒരു വിശ്വാസിയുടെ ഓരോ ചലനങ്ങളും നബി(സ്വ)യുമായി ബന്ധപ്പെടുന്ന രീതിയിലാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. "അറിയുക, അല്ലാഹുവിനെ സ്മരിക്കുന്നതിലൂടെ ഹൃദയങ്ങൾ ശാന്തമാകുന്നു" (ഖുർആൻ 13:28) എന്ന ആയത്തിന് മുജാഹിദ്‌ ബിനു ജബ്ർ (റ) നൽകുന്ന വ്യാഖ്യാനം നബി(സ്വ)യിലൂടെ ഹൃദയങ്ങൾ ശാന്തമാകുന്നു എന്നാണ്. (ദിക്റുല്ലാഹി എന്നത് തിരുനബിയുടെ മറ്റൊരു നാമമാണ്). പ്രവാചകസ്മരണ അല്ലാഹുവിന്റെ സ്മരണകൂടിയാണെന്ന് ഇതിലൂടെ വ്യകതമാകുന്നു. നബി(സ്വ)യെ പൂർണമായും അനുസരിക്കാനും പിന്തുടരാനുമാണ് അല്ലാഹു നിർദ്ദേശിക്കുന്നത്. അല്ലാഹു പറഞ്ഞു: "പ്രവാചകൻ കൊണ്ട് വന്നതിനെ നിങ്ങൾ സ്വീകരിക്കുക, നിരോധിച്ച കാര്യങ്ങളെ നിങ്ങൾ വെടിയുക"(ഖുർആൻ 59:7). പ്രവാചകനെ അനുസരിച്ചാൽ അവൻ അല്ലാഹുവിനെയും അനുസരിച്ചവനായി എന്ന് സൂറത്തുന്നിസാഇലൂടെ അല്ലാഹു ഉണർത്തുന്നു. ഹദീസുകളിലും പ്രസ്തുത ആശയം അടങ്ങിയ വചനങ്ങൾ കാണാം.


മുഹമ്മദ് ബിൻ അല്ലാൻ പറയുന്നു: "പ്രവാചകനോടുള്ള സ്നേഹം അല്ലാഹുവിനോടുള്ള സ്നേഹം കൊണ്ടല്ലാതെ ലഭിക്കുകയില്ല. അല്ലാഹുവിനോടുള്ള സ്നേഹം പൂർണമാകുന്നത് പ്രവാചകനെ സ്‌നേഹിക്കുമ്പോൾ കൂടിയാണ്. രണ്ട് സ്നേഹങ്ങളും പരസ്പരം പൂരകങ്ങളാണ്‌. ഒന്ന് മറ്റൊന്നിൽ നിന്ന് വ്യതിരിക്തമാകുന്നില്ല.(ദലീലുൽ ഫാലിഹീൻ 1/318). സൂറത്തു അൻഫാലിലെ "സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും അനുസരിക്കുക. ആ പ്രവാചകനിൽ നിന്ന് നിങ്ങൾ തിരിഞ്ഞു കളയരുത്" എന്ന ആയതിന്റെ വിശദീകരണത്തിൽ രണ്ട് അനുസരണയും പരസ്പരം പൂരകങ്ങളാണ്‌ എന്ന് പറയുന്നുണ്ട് (ശർഹുഷിഫ 2/10). യഥാർത്ഥത്തിൽ അല്ലാഹുവിനോടുള്ള സ്നേഹം പൂർണമാകുന്നത് മുഹമ്മദ് നബി(സ)യെ കൂടി അകമഴിഞ്ഞ് സ്നേഹിക്കുമ്പോൾ മാത്രമാണ്. നബി(സ്വ)യിലൂടെയാണ് അല്ലാഹുവിലേക്കും എത്തിചേരാൻ സാധിക്കുക.


പ്രവാചകസ്നേഹം വിശ്വാസിയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്നതാണ്. നബി (സ്വ)യെ സ്നേഹിക്കൽ വിശ്വാസികളുടെ മേൽ ബാധ്യതയാണ്. ഈമാനിക പൂർത്തീകരണത്തിനും, സ്വീകാര്യതയ്ക്കും അത് അനിവാര്യവുമാണ്‌. പ്രവാചകൻ പറയുന്നു: "പുത്രമിത്രകളത്രാദികളേക്കാളും, മുഴുവൻ ജനങ്ങളെക്കാളും നിങ്ങൾക്ക് ഞാൻ പ്രിയപ്പെട്ടയാളാകുന്നത് വരെ നിങ്ങളിലാരും സത്യവിശ്വാസിയാകുകയില്ല" (ബുഖാരി). തിരുനബിയെ ഹൃദയത്തിൽ നിറയ്ക്കുകയും, അവിടുത്തെ ചര്യകൾ പിന്തുടരുകയും, ആ സ്നേഹലോകത്തു അഭയം തേടുകയും ചെയ്യുന്നവരാണ് വിശ്വാസികൾ. പ്രവാചകപ്രണയത്തിന്റെ സമ്പൂർണത തിരുസുന്നത്തുകളെ അനുധാവനം ചെയ്യലും, ദേഹേച്ഛയെക്കാൾ പ്രവാചകാഭിലാഷത്തിന് പ്രാമുഖ്യം നൽകലുമാണ്.


ഒരാൾ നബി(സ)യുടെ അടുക്കൽ വന്ന് ചോദിച്ചു: "പ്രവാചകരെ, എന്നാണ് അന്ത്യനാൾ? "തിരുനബി തിരിച്ചു ചോദിച്ചു "നീ അതിനു വേണ്ടി എന്താണ് ഒരുക്കി വെച്ചിട്ടുള്ളത്? "ഞാൻ അധികമായി നിസ്കാരമോ, നോമ്പോ, സ്വദഖയോ കരുതി വെച്ചിട്ടില്ല. എങ്കിലും അല്ലാഹുവിനെയും,അവന്റെ പ്രവാചകനെയും ഞാൻ ഇഷ്ടപ്പെടുന്നു" ആഗതൻ മറുപടി നൽകി. നബി(സ)അദ്ദേഹത്തോട് പറഞ്ഞു: "നീ സ്‌നേഹിക്കുന്നവരോട് കൂടിയാണ് നീ". അല്ലാഹു പറയുന്നു: "നബിയെ,പറയുക നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ പിന്തുടരുക"(ആലുഇംറാൻ-31). അസീമിതവും, അഭേദ്യവുമായ തിരുനബിസ്നേഹത്തിലൂടെ കരസ്ഥമാകാനുള്ളത് ഇലാഹീപ്രണയമാണ്. തിരുനബിയിലൂടെ വിശ്വാസികൾ അല്ലാഹുവിലേക്ക് നടന്നടുക്കുന്നു. ദിവ്യാനുരാഗത്തിന്റെ മധുചഷകം ആവോളം പാനം ചെയ്യുന്നു.

Religion
Prophet
Spirituality

Related Posts

Loading