അല്പ സമയത്തെ ഏകാന്ത വാസത്തിനു ശേഷം ശൈഖ് ഇബ്നുൽ അറബി കിഴക്കോട്ടേക്ക് സഞ്ചരിക്കുകയാണ്. ലക്ഷ്യം പരിശുദ്ധ കഅബ. കൂടെ ശൈഖ് ബദ്റുൽ ഹിബ്ശിക്ക് പുറമെ ശൈഖ് മുഹമ്മദ് ഹസ്വാർ (റ) എന്നവരും കൂടിയുണ്ട്. ഫാസിൽ നിന്നും ശൈഖ് ഇബ്നുൽ അറബിയോടൊപ്പം ചേർന്നതായിരുന്നു ഇദ്ദേഹം. ഇടക്ക് മിസ്റിൽ ഇറങ്ങേണ്ടി വന്നിട്ടുണ്ടായിരുന്നു. അവിടെ വെച്ച് ശൈഖ് മുഹമ്മദ് ഹസ്വാർ വിയോഗം വരിക്കുകയും ചെയ്തു. അങ്ങനെ മൊറൊക്കൊയിൽ നിന്നും വീണ്ടും മക്കയിലേക്കുള്ള യാത്ര തുടർന്നു. ഇടയിൽ പ്രവാചകൻ ഇബ്രാഹിം (അ) മറവിട്ടു കിടക്കുന്ന ഖുദ്സിലേക്ക് പോകുന്നു, സന്ദർശനം നടത്തുന്നു. ശേഷം മക്കയിൽ എത്തി ഹജ്ജ് കർമ്മം നിർവ്വഹിച്ച ശൈഖ് ഇബ്നുൽ അറബി പെട്ടെന്ന് തന്നെ മടങ്ങിയില്ല എന്നാണ് അനുമാനം. അഥവാ, രണ്ട് വർഷം വരേക്കും ശൈഖ് അവിടെ തന്നെ തങ്ങിയിട്ടുണ്ട്. ഈ കാലയളവിൽ അനേകം ശിഷ്യന്മാർ, വൈജ്ഞാനിക സദസ്സുകൾ എന്നിവ അദ്ദേഹത്തിന് ലഭിച്ചു. ലോകത്തെ വ്യത്യസ്ത ഇടങ്ങളിൽ നിന്നും ശൈഖിനെ അന്വേഷിച്ചു വരുന്നവരുടെ എണ്ണം വർധിച്ചു കൊണ്ടിരുന്നു.
സഞ്ചരിച്ച ഇടങ്ങൾ:
സലെ (salé), മറാക്കെശ് (Marrakesh), ഫാസ്തി, ലിംസാൻ (Tlemcen), ബുജായ (Béjaïa), ടുണീഷ്യ, മിസ്ർ, ഫിലസ്തീൻ, മദീന മുനവ്വറ, മക്ക മുകറമ
സംഗമിച്ച പ്രധാന മഹത് വ്യക്തിത്വങ്ങൾ:
ശൈഖ് അബ്ദുൽ ഹലീം ഗുമാദ്ശൈ,ഖ് അബുൽ അബ്ബാസ് സബ്ത്തീ, ശൈഖ് മുഹമ്മദ് മറാക്കെശീ, ശൈഖ്അബൂ സകരിയ്യ യഹ്‌യ ബിൻ ഹസൻ, ഇമാം അബൂ മുഹമ്മദ് അബ്ദുൽ അസീസ് മഹ്ദവി, ശൈഖ് മുഹമ്മദ് അബ്‌ദുല്ല ബർജാനീ, ശൈഖ് അബു ശുജാഅ് ഇസ്ഫഹാനി, ഫഖ്റു ന്നിസാഅ്
സലെ (salé)
▪ ശൈഖ് അബ്ദുൽ ഹലീം ഗുമാദ്
‘സലെ’ യിൽ വെച്ച് ശൈഖ് ഇബ്നുൽ അറബി കണ്ടുമുട്ടിയ വലിയ ആത്മീയ ഗുരുവാണ് ഇദ്ദേഹം. നശ്വരമായ ഈ ലോകത്തിന് അതിന്റെതായ സ്ഥാനം മാത്രം നൽകി ജീവിക്കുന്ന ഉന്നത സ്വഭാവത്തിന് ഉടമകൂടിയാണ് ഇദ്ദേഹം. ജനങ്ങൾ ബഹുമാന പൂർവ്വം കാണുന്ന ഒരു വ്യക്തി വാഹനപ്പുറത്ത് സഞ്ചരിക്കുന്നത് കണ്ട ശൈഖ് പറഞ്ഞു: “മണ്ണ് മണ്ണിന്റെ മേൽ സഞ്ചരിക്കുന്നു”.³⁰
മറാക്കെശ് (Marrakesh)
▪ ശൈഖ് അബുൽ അബ്ബാസ് സബ്ത്തീ
മറാക്കെശിൽ നിന്നും കണ്ടു മുട്ടിയ വലിയ ആത്മീയ ഗുരുവാണ് ഇദ്ദേഹം. ആത്മീയോന്നതികളിൽ എത്തിയ ഇദ്ദേഹത്തിന് അല്ലാഹു നൽകിയ ബഹുമാനങ്ങൾ വളരെ അധികമുണ്ടെന്ന് ശൈഖ് ഇബ്നുൽ അറബി രേഖപ്പെടുത്തുന്നു. അതോടൊപ്പം തന്നെ, ഈ ശൈഖിന് ഈ സ്ഥാനങ്ങൾ ലഭിക്കാനുള്ള പ്രധാന കാരണം അദ്ദേഹം ചെയ്ത ദാന ധർമ്മങ്ങളാണെന്നും ഇബ്നുൽ അറബി അടിവരയിടുന്നുണ്ട്.
▪ ശൈഖ് മുഹമ്മദ് മറാക്കെശീ
ഔലിയാക്കളിൽ ’ഖുത്ബ്’ എന്ന സ്ഥാനത്തിന് അർഹരായ ഇദ്ദേഹത്തിന്റെ വലിയ പ്രത്യേകത ക്ഷമയായിരുന്നു. എത്ര വലിയ പ്രതിസന്ധികൾ അനുഭവിക്കേണ്ടി വന്നാലും നല്ല പുഞ്ചിരിയോടെയാണ് ഇദ്ദേഹം അതിനെ വരവേൽക്കുക. ഈ ക്ഷമ കാരണം പ്രയാസങ്ങൾ നീങ്ങുകയും ചെയ്യും.
ശൈഖ് മുഹമ്മദ് മറാക്കെശീ (റ) എന്നും നന്മകളിലേക്ക് ജനങ്ങളെ ക്ഷണിച്ചു കൊണ്ടിരിക്കും. സംസാരം ഒഴിവായ അവസ്ഥ അദ്ദേഹത്തിനുണ്ടാവാറില്ല. ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ ഇല്ലേ എന്ന് അദ്ദേഹം ഗൗനിക്കുക പോലുമില്ല. ഇതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: ‘ഞാൻ എന്റെ ബാധ്യത നിറവേറ്റുകയാണ്. വേണ്ടവർക്ക് സ്വീകരിക്കാം, സ്വീകരിക്കാതിരിക്കാം’. ശൈഖ് ഇബ്നുൽ അറബിയോടൊപ്പം യാത്ര ചെയ്യാൻ ഇദ്ദേഹം ഏറെ കൊതിച്ചെങ്കിലും സാധിച്ചില്ല. ഏറെ സങ്കടത്തോടെയായിരുന്നു ഇബ്നുൽ അറബിയെ ശൈഖ് മുഹമ്മദ് മറാക്കെശീ പിരിഞ്ഞത്.
മറാക്കെശ് ജീവിതത്തിനിടയിൽ ഒരു സ്വപ്ന ദർശനം കാരണം ഫാസിലേക്ക് തന്നെ ശൈഖ് ഇബ്നുൽ അറബി പോകുകയും, കൂടെ ശൈഖ് മുഹമ്മദ് ഹസ്വാർ ചേരുന്നുമുണ്ട്. അദ്ദേഹം മിസ്ർ വരെയായിരുന്നു ശൈഖിന്റെ കൂടെ യാത്ര ചെയ്തത്. ശേഷം തിലിംസാനിലേക്കും പോകുന്നു. തിലിംസാനിലേക്കുള്ള ഈ യാത്രയിൽ ശൈഖ് അബൂ മദ് യനെ സിയാറത്ത് ചെയ്യുന്നുണ്ട്.³¹
ബിജായ (Béjaïa)
▪ ശൈഖ് അബൂ സകരിയ്യ യഹ്‌യ ബിൻ ഹസൻ അൽ ഹുസൈനീ
ഇബ്നുൽ അറബി പറയുന്നു: “പ്രപഞ്ച പരിത്യാഗം, സൂക്ഷ്മത, ഗുണകാംഷ എന്നിവയായിരുന്നു ശൈഖ് അബൂ സകരിയ്യ എന്നവരുടെ മുഖ മുദ്ര. ഇലാഹീ ഭയം നിറഞ്ഞ പ്രകൃതമാണ് ഇദ്ദേഹത്തിന്’’.³²
ടുണീഷ്യയിലേക്ക് വീണ്ടും വരുന്നു.
ശൈഖ് ഇബ്നുൽ അറബിയുടെ ചില ഗ്രന്ഥങ്ങളുടെ രചന ഈ സമയത്ത് നടന്നിരുന്നു. ഇമാം അബൂ മുഹമ്മദ് അബ്ദുൽ അസീസ് മഹ്ദവിയോടൊപ്പമായിരുന്നു (റ) ടുണീഷ്യയിലെ താമസം.
▪ ശൈഖ് മുഹമ്മദ് അബ്‌ദുല്ല ബർജാനീ
ഇമാം അബൂ മുഹമ്മദ് അബ്ദുൽ അസീസ് മഹ്ദവിയുടെ സഹചാരിയാണ് ഇദ്ദേഹം. തിരു സുന്നത്തിനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു ഇദ്ദേഹം. മൗനം അവിടുത്തെ വലിയ പ്രത്യേകതയായിരുന്നു.³³
ഏകദേശം ഹി.598, ശൈഖ് ഇബ്നുൽ അറബി മിസ്റിലേക്ക് കടന്നു വന്ന് അലക്സാണ്ടറിയയിൽ ചിലരോട് സംവദിക്കുന്നുമുണ്ട്. ശേഷം ഫലസ്തീൻ ലക്ഷ്യമാക്കിയുള്ള യാത്രയാണ്. അവിടെ പ്രവാചകന്മാരായ ഇബ്രാഹിം (അ), ലൂത് (അ) എന്നിവരെ സിയാറത്ത് ചെയ്യുകയും ശേഷം ഖുദ്സിൽ മസ്ജിദുൽ അഖ്സ സന്ദർശിക്കുകയും ചെയുന്നു.
ഖുദ്സിൽ നിന്നും ഹറമുകളിലേക്കുള്ള യാത്ര കാൽനടയായിട്ടായിരുന്നു എന്ന് ഇബ്നുൽ അറബി തന്നെ രേഖപ്പെടുത്തുന്നുണ്ട്.³⁴ ഇരു ഹറമുകളിൽ നിന്നും ആദ്യം വിശുദ്ധ മദീനയിലേക്കാണ് ശൈഖ് പോയത്.
മക്കയിലേക്ക്
▪ ശൈഖ് അബു ശുജാഅ് ഇസ്ഫഹാനി
ആക്കാലത്തെ മക്കയിലെ വലിയ പണ്ഡിതനും, ഹറം ശരീഫിൽ വലിയ സ്ഥാനീയനുമായിരുന്നു ഇദ്ദേഹം. മക്കയിൽ ഹദീസ് അനുബന്ധമായി അധ്യാപനവും നടത്തിയിരുന്നു. ശൈഖ് ഇബ്നുൽ അറബിയുടെയും, ശൈഖ് അബു ശുജാഅ് (റ) എന്നവരുടെയും ഇടയിൽ വലിയ ബന്ധം ഉടലെടുത്തു. ശൈഖ് അബു ശുജാഇൽ നിന്നും ചില ഹദീസ് ഗ്രന്ഥങ്ങൾ ഇബ്നുൽ അറബി പാരായണം ചെയ്തിട്ടുണ്ട്.
‘ഫഖ്റു ന്നിസാഅ്’ എന്ന അപര നാമത്തിൽ അറിയപ്പെട്ട ശൈഖ് അബു ശുജാഇന്റെ സഹോദരിയും വലിയ പണ്ഡിതയായിരുന്നു. മഹതിയിൽ നിന്നും വിജ്ഞാനം നുകരാൻ ആഗ്രഹിച്ച ശൈഖ് ഇബ്നുൽ അറബിക്ക് ആദ്യം സമ്മതം ലഭിച്ചില്ലായെങ്കിലും ശൈഖിന്റെ അതിയായ താല്പര്യം കാരണം ധാരാളം ആത്മീയാനുവാദങ്ങൾ (ഇജാസ) മഹതി ശൈഖിന് നൽകുകയുണ്ടായി.
മക്കയിൽ തങ്ങിയ സമയം ധാരാളം രചനകൾ ശൈഖ് ഇബ്നുൽ അറബിയുടെ തൂലികയിലൂടെ വിരചിതമായി. “അൽ ഫുതൂഹാതുൽ ഇലാഹിയ്യ”യുടെ രചനയുടെ ആരംഭവും ഈ സമയത്താണ്. ഇതിനിടയിൽ തന്നെ ശൈഖ് അബ്ദുൽ ഖാദർ ജീലാനിയുടെ (റ) ശൈഖ് യൂനുസ് ബിൻ യഹ്‌യ (റ) എന്ന ശിഷ്യനിലൂടെ നേരിട്ട് തന്നെ ‘ഖാദിരിയ്യ’ ആത്‍മീയ സരണിയുടെ സ്ഥാന വസ്ത്രവും ശൈഖ് ഇബ്നുൽ അറബിക്ക് ലഭിക്കുന്നുണ്ട്.