KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

പ്രൊപഗണ്ട: എഡ്വേർഡ് ബെർണായിസിൻ്റെ മാധ്യമ വികൃതികൾ

സനീർ നുറാനി ഗോളിയടുക്ക

ഇന്ദ്രിയങ്ങൾ കാട്ടിത്തരുന്നത് അറിവും യാഥാർഥ്യവുമാണ് എന്ന 'പോസിറ്റീവിസ്റ്റ്' സങ്കല്പവഴിയിലൂടെ സഞ്ചരിക്കുന്ന ശാന്തിവാദികളിലേക്ക് ഒരു തരം യുദ്ധോൽസുകത ഇൻജെക്ട് ചെയ്ത് സൈക്കോസിസത്തിന്റെ പല അവസ്ഥാന്തരങ്ങളെ സൃഷ്ടിക്കുന്നതിൽ എഡ്വെർഡ് ബെർണായിസും (Edward Bernays 1891-1995) അദ്ദേഹത്തിന്റെ പ്രൊപഗണ്ടയും പൂർണ്ണ വിജയം കണ്ടു എന്ന് വേണം കരുതാൻ. 1920 മുതൽ വികാസം പ്രാപിച്ചു വരുന്ന 'പൊതു ജനസമ്പർക്ക വ്യവസായം' പൊതുമനസ്സിനെ നിയന്ത്രിക്കുകയും, ക്രമേണ മാനസാന്തരപ്പെട്ട സമൂഹത്തെ മൂലധനമാക്കി ലാഭം കൊയ്യുന്ന നികൃഷ്ടമായ കൊള്ളയെ പ്രോത്സാഹിപ്പിക്കാനും, വിഷലിപ്തമായ നൂതന ചിന്തകൾ രൂപപ്പെടുത്താനുമാണ് പ്രൊപഗണ്ടയിലൂടെ ബെർണായിസ് താല്പര്യപ്പെടുന്നത്. മതം, രാഷ്ട്രീയം, ലിംഗസമത്വം തുടങ്ങിയ സാമൂഹിക സത്തുക്കളെ മുൻനിർത്തി ജനമനസ്സുകളെ വ്യഭിചരിക്കുക എന്ന ബെർണായിസിൻ്റെ വിചാരഗതിയുടെ പരിണിത ഫലങ്ങളാണ് ലോകയുദ്ധങ്ങളെന്ന് എജെപി ടെയ്‌ലറെപ്പോലുള്ള (AJP Taylor) ചരിത്രകാരന്മാർ വിലയിരുത്തുന്നുണ്ട്.


ഒന്നാം ലോകയുദ്ധങ്ങൾക്കുള്ള മുന്നൊരുക്കത്തിൽ ബൗദ്ധിക നയങ്ങളെ രൂപപ്പെടുത്തുന്നതിന് വളരെ വ്യത്യസ്തത നിറഞ്ഞ ആശയഗതിയിലധിഷ്ഠിതമായ ഒരു സംരംഭത്തെക്കുറിച്ചുള്ള അമേരിക്കൻ പ്രസിഡന്റ്‌ വുഡ്രോ വിൽസന്റെ (Woodrow Wilson) ആലോചനയുടെ പ്രത്യാഘാതമായിട്ടാണ് ബെർണായിസിന്റെ ആശയഗതികൾ തെളിഞ്ഞു വരുന്നതും മുഖ്യധാരയിൽ ഇടം നേടുന്നതും. ഇത്തരം 'പ്രചാരവേല തന്ത്രങ്ങൾ'ക്ക്‌ (Campaign Strategies) കോളനിവത്കരണത്തിലും മറ്റു നിർണ്ണായക അധികാര താൽപര്യങ്ങളിലും വലിയ സ്വാധീനം ചെലുത്താനുള്ള ശേഷിയുള്ളത് കൊണ്ടാണ് ഇതിനെ യുദ്ധ നയങ്ങളിൽ ഉൾപെടുത്താൻ അമേരിക്ക നിർബന്ധിതരായത്. യുദ്ധ വിരുദ്ധനായിരുന്ന വുഡ്രോ വിൽസനെ ഒരു തീവ്ര യുദ്ധക്കൊതിയനാക്കി മാറ്റിയത് പ്രൊപഗണ്ടയുടെ ആശയത്തിലധിഷ്ഠിതമായി ബ്രിട്ടൻ വികസിപ്പിച്ചെടുത്ത വാർത്താവിതരണ മന്ത്രാലയത്തിന്റെ മനഃശാസ്ത്രപരമായ നീക്കങ്ങളാണ്. അമേരിക്കൻ ബുദ്ധിജീവികളെ വശീകരിക്കാനും അവരിൽ വളർന്നു വരുന്ന ബൗദ്ധിക തന്ത്രങ്ങളെ തച്ചുടക്കാനും ബ്രിട്ടന് സാധിച്ചത് ഇത്തരം മാധ്യമങ്ങളിലൂടെയായിരുന്നു. ഫോർത്ത് എസ്റ്റേറ്റിന്റെ കഴിവും സാധൂകരണ തന്ത്രവും അന്ന് മുതലാണ് ജനം മനസ്സിലാക്കിത്തുടങ്ങുന്നത്.


ബ്രിട്ടന്റെ വാർത്താ വിതരണ മന്ത്രാലയം പ്രൊപഗണ്ടയെ അതേ പടി പകർത്തുകയായിരുന്നു. നിഷ്ഠൂരമായ ഹിംസ്രജന്തുക്കളെ മനുഷ്യ മനസ്സുകളിൽ രൂപപ്പെടുത്തുകയോ, പ്രതിഷ്ഠിക്കുകയോ ചെയ്യുന്ന പ്രക്രിയ വളരെ കൃത്യമായിത്തന്നെ പ്രൊപഗണ്ട നിർവഹിക്കുന്നുണ്ട്. മത-രാഷ്ട്രീയ പ്രത്യയശാസ്ത്രപരമായ സമൂഹനിർമ്മാണം സാധ്യമാക്കേണ്ട മാധ്യമങ്ങൾ സാമൂദായിക ധ്രുവീകരണമാണ് അന്ന് നടത്തിയത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭ ഘട്ടങ്ങളിൽ നിലനിന്നിരുന്ന 'മാധ്യമധർമ്മം' എന്ന അതിമഹത്വവും, മനോഹരവുമായ ഒരു സങ്കല്പത്തെ പാടേ ചവച്ചു തുപ്പുന്ന നയങ്ങളാണ് ബേർണായിസ് ഉയർത്തിപ്പിടിച്ചത്. മാധ്യമധർമ്മം സമൂഹനിർമ്മാണത്തിൽ വഹിക്കുന്ന പങ്കിനെപ്പറ്റി ഏതു ലളിതയുക്തിക്കും മനസ്സിലാകും. വസ്തുനിഷ്ഠമായ വാർത്തകളും, ട്രൂത് എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന ക്രിയാത്മക ചിന്തകളും സമൂഹത്തിൽ വിതരണം ചെയ്യുന്നതിന്റെ പ്രസക്തി പെയ്ഡ് ന്യൂസിന്റെയും കലർപ്പുവാർത്തകളുടെയും കാലത്തു മനസ്സിലായിക്കൊള്ളണമെന്നില്ല.


ഇത്തരം പ്രചാരവേലകൾ വഴി അധികാര വികേന്ദ്രീകരണം വലിയ തോതിൽ സംഭവിച്ചിട്ടുണ്ട്. അധികാര ധ്വംസനത്തിന്റെ ആദ്യ ഘട്ടമായിരുന്നു അമേരിക്കയുടെ ഇരുപത്തിയെട്ടാം പ്രസിഡൻ്റിലൂടെ വെളിച്ചത്തായത്. വുഡ്രോ വിൽസന്റെ യുദ്ധോൽസുകതയാണ് ഒന്നാം ലോകയുദ്ധകാലത്ത്‌ 'പ്രൊപഗണ്ട ഓർഗനൈസേഷൻ' രൂപീകരിക്കാനും അതിന്റെ തലവനായി ഒരു ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിനെ തന്നെ നിയമിക്കുവാനും ഹേതുവായത്. അപകോളനീകരണവും അപനിർമ്മാണ വായനകളും നടത്താൻ ഉചിതമായി അദ്ദേഹം കണ്ടത് ഒരു ജേണലിസ്റ്റിനെയാണത്രെ. ബൗദ്ധിക തലത്തിൽ വിഹരിക്കുന്ന ഒരു മാധ്യമപ്രവർത്തകൻ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമാവുന്ന അവസ്ഥാവിശേഷം അക്കാലത്ത് കുറവായിരുന്നു. കക്ഷിരാഷ്ട്രീയത്തിൽ ചേരാനുള്ള സ്വാതന്ത്ര്യ ഹാനിയെക്കുറിച്ചല്ല പറയുന്നത്. പഠനവും ബിരുദവും എന്നതിനപ്പുറം പ്രകൃതി ദത്തമായി കരസ്തമാകുന്ന ജേണലിസം എന്ന ജീവിതചര്യയുള്ള മാധ്യമപ്രവർത്തകരെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വാദങ്ങളൊക്കെയുമുള്ളത്. ഇത്തരം മാധ്യമപ്രവർത്തകർക്ക്‌ മാധ്യമധർമ്മം മറന്ന് തസ്തികകളുടെ ഉയർച്ച നോക്കിപ്പോവാനുള്ള മനസ്സൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല. വസ്തുനിഷ്ഠമായ വാർത്താവിതരണ സ്വഭാവത്തിൽ നിന്നും അർദ്ധ സത്യങ്ങളും, അബദ്ധങ്ങളും എഴുതുന്നതിലേക്കുള്ള പരിണാമം ഇന്ന് വ്യാപകമാണെങ്കിലും, മീഡിയ കോർപറേഷൻ വലിയ തോതിൽ സ്വാധീനം ചെലുത്താത്ത കാലത്ത് അപസർപ്പക കഥകൾ ചമച്ച് അസത്യവത്കരണത്തിന്റെയും ആശയാതിക്രമണത്തിന്റെയും നാഥന്മാരായി സ്വയം വാഴുകയായിരുന്നോ ജോർജ് ക്രീലും (George Creel (1876-1953)) എഡ്വെർഡ് ബെർണായിസുമൊക്കെ? ഉത്തരങ്ങളില്ലാത്ത അനേകം ചോദ്യങ്ങൾക്ക് കെട്ടുകഥകൾ ഉത്തരമാക്കാനുള്ള കെൽപ്പും, തന്റേടവുമൊക്കെ 'ആത്മനിഷ്ഠ' എഴുത്തുകളിലൂടെ മാധ്യമങ്ങൾക്ക് കൈവന്നിട്ടുണ്ട്.


ക്രീൽ കമ്മിറ്റിയും, ജോർജ് ക്രീലും പ്രൊപഗണ്ടയുടെ അപ്ഡേറ്റഡ് വേർഷനായിരുന്നു അവതരിപ്പിച്ചത്. 1917-1919 കാലയളവിലാണ് പ്രധാനമായും ക്രീൽ കമ്മിറ്റി പ്രവർത്തിച്ചത്. ഈ കമ്മിറ്റിയുടെ കാര്യനിർവഹണം അമേരിക്കൻ ജേണലിസ്റ്റായിരുന്ന ജോർജ് ക്രീലിയായിരുന്നത് കൊണ്ടാണ് ഈ കമ്മിറ്റിക്ക് ക്രീൽ കമ്മിറ്റി എന്ന നാമം കൂടി നൽകിയത്. പ്രൊപഗണ്ടയെ പൂർണമായും ഉൾക്കൊണ്ട്‌ വർത്തിച്ച ഈ കമ്മിറ്റി യുദ്ധങ്ങളിൽ ആശയപരമായ സഹായം ചെയ്തുവെന്ന് ആവർത്തിക്കേണ്ടതില്ലല്ലോ. 75000 ൽ പരം വരുന്ന വോളന്റിയെഴ്‌സും അനേകം ഉപഘടകങ്ങളും അടങ്ങിയതായിരുന്നു 'ക്രീൽ കമ്മിറ്റി' എന്ന കമ്മിറ്റീ ഓഫ് പബ്ലിക് ഇൻഫോർമേഷൻ (Committee of Public Information) നിഷ്കളങ്കരിൽ യുദ്ധോൽസുകതാ വികാരങ്ങളെ ഇളക്കിവിടുകയും ചെയ്തപ്പോൾ ജർമ്മൻ വിരുദ്ധ ഭ്രാന്തുള്ളവരായ ഒരു പറ്റം ജനങ്ങൾ പരിവർത്തനപ്പെട്ടു. ജർമ്മൻ വിരുദ്ധതയുടെ ആളുകളാക്കി മാറ്റുന്നതിൽ 'പ്രചാരവേല മിഷണറി' (Campaign Missionary) വിജയം കണ്ടു എന്ന കാര്യത്തിൽ സന്ദേഹമില്ല. ക്രീൽ കമ്മിറ്റി കൂടുതലായും ശ്രമിച്ചത് മനുഷ്യ മനസ്സുകളെ സൈനികവൽകരിക്കാനാണ്. സമയോചിത തന്ത്രങ്ങൾ വ്യവസ്ഥാപിതമായി തയ്യാറാക്കുകയും ചെയ്തു. ലഘുലേഖകളുടെ സാമൂഹ്യ വിതരണം സാധ്യമാക്കുന്നതിലൂടെ യുദ്ധവികാരത്തെ ജനമനസ്സുകളിലേക്ക് കുത്തിയിറക്കി. വിദ്യാലയങ്ങളിൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കുക വഴി 'അധാർമ്മിക ഹരം' ഇൻജെക്ട് ചെയ്തപ്പോൾ ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളിൽ ക്രൂരതയുടെ മുഖം രൂപാന്തരപ്പെട്ടു. യുദ്ധക്കൊതി ആസ്‌പദമാക്കിയ സിനിമകളുടെയും മാഗസിൻ പരസ്യങ്ങളുടെയും വ്യാപനത്തിന്റെ പരിണിത ഫലമായി സിനിമ വ്യവസായം യുദ്ധസിനിമകളെക്കുറിച്ച് ആലോചിച്ചു തുടങ്ങി. 'പ്രൊപഗണ്ട ഫിലിം ഇൻഡസ്ട്രിയും', 2014-ൽ റിലീസ് ചെയ്ത 'ബെല്ലിക്കൊസിറ്റി' എന്ന സിനിമയും ഇത്തരം നയങ്ങളുടെ അനുരണനങ്ങളാണെന്ന് നിസ്സംശയം പറയാം.


ബേർണായിസും, ജോർജ് ക്രീലും തമ്മിലെന്തെന്നു ചോദിച്ചാൽ, പ്രൊപഗണ്ടയെ ഒരാളെഴുതുകയും മറ്റെയാൾ അവതരിപ്പിക്കുകയും ചെയ്തു എന്നുള്ളതാണ് അതിന്റെ ഉത്തരം. അവതരണ മികവിലൂടെ ക്രീൽ കൂടുതൽ മുന്നോട്ടു സഞ്ചരിച്ചെന്ന് മാത്രം. പ്രമാണിമാരുടെ മേൽ 'ഹിസ്റ്റീരിയ' (Histeria) യെ സൃഷ്ടിക്കുന്ന ഭാഗമാണ് ബെർണായിസിന്റെ എഴുത്തുകളിൽ ക്രീലിന് കൂടുതൽ ഗുണം ചെയ്യുന്നത്. ബേർണായിസ് പ്രാധാന്യം നൽകിയ മറ്റൊരു വിഭാഗമായിരുന്നു പ്രമാണിമാർ. സമൂഹത്തിലെ പ്രമാണിമാരെ ഹിസ്റ്റീരിയ കൊണ്ട് പുതപ്പിച്ച് കിടത്താനുള്ള തന്ത്രങ്ങളൊക്കെ സൃഷ്ടിച്ചെടുത്ത് അതിന്റെ പിന്നാമ്പുറങ്ങളെ പ്രൊപഗണ്ടയിൽ വിഭാവന ചെയ്തു. തുടർന്ന് അനിയന്ത്രിത വൈകാരിക സ്വഭാവങ്ങൾ പ്രമാണികളിൽ രൂപപ്പെടുകയും, മീഡിയ കോർപറേഷന് വേണ്ടി ഉപയോഗിക്കുകയും ചെയ്തപ്പോൾ എല്ലാ അർത്ഥത്തിലുമുള്ള സാമ്പത്തിക അടിത്തറ സാധ്യമായി. സത്യവും, യാഥാർത്ഥ്യവും മുതൽക്കൂട്ടാക്കിയ മാധ്യമങ്ങളെ 'മുതൽ മുടക്കിനു ലാഭം' എന്ന ചിന്താഗതിയിലേക്ക് വഴിതിരിച്ചു വിടുന്നതിൽ പ്രൊപഗണ്ടക്ക് വലിയ പങ്ക് തന്നെയുണ്ടെന്ന് വേണം പറയാൻ.



കോർപറേറ്റിന്റെ പ്രതിനിധികളായി മാധ്യമങ്ങൾ വാർത്തകളെ വിൽക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയെങ്കിലും, ഇന്നത് അനുദിനം വ്യാപിക്കുകയാണ്. പെയ്ഡ് ന്യൂസും, പ്രൈവറ്റ് ട്രീറ്റീസും(Paid news and private treaties) മാധ്യമധർമ്മത്തെ ഉള്ളിലാക്കി വാതിലടച്ച് പൂട്ടാനുള്ള ഒരുക്കത്തിലാണിപ്പോൾ. ആശയാധിഷ്ഠിത ലോകത്തെ പണക്കൊഴുപ്പ് കാർന്നു തിന്നുമ്പോൾ പരസ്യമെന്ന പുകമറയിൽ പെട്ട് വസ്തുനിഷ്ഠ വാർത്തകൾ മറഞ്ഞു പോവുന്നുണ്ടെന്ന് സാരം. പരസ്യങ്ങളെ വേർതിരിക്കാനും അവക്കിടയിലെ സ്ഥലം നിറക്കാനും ചേർക്കുന്ന വസ്തുവാണ് വാർത്ത എന്ന 'മാർഡൂക് തത്വത്തെ' അഭിമാനാർഹമായ കാര്യമായിട്ടാണ് ഇന്നത്തെ കമ്പനികൾ മനസ്സിലാക്കുന്നത്. പരസ്യത്തെക്കാൾ അപ്രധാനമാണ് വാർത്ത എന്ന സങ്കല്പം മാധ്യമലോകത്തെ നിരന്തരമായി അലട്ടുകയും, നിഷേധാത്മകമായി ബാധിക്കുകയും ചെയ്യുന്നു. കോർപറേറ്റുകൾക്ക് പൂർണമായി വഴങ്ങാത്ത മാധ്യമധർമ്മ ലംഘനത്തോട് താല്പര്യപ്പെടാത്ത ചുരുക്കം ചില മാധ്യമപ്രസ്ഥാനങ്ങൾ വാർത്തകൾ പരസ്യങ്ങളായി വേഷം കെട്ടുന്ന കാലത്തെ ന്യൂനപക്ഷങ്ങളായി ഗണിക്കപ്പെടുന്നതിന്റെ പ്രധാന കാരണം അനുവാചകരുടെ മൗനം തന്നെയാണ്.


പണം കൊടുത്ത് എഴുതുന്നതെല്ലാം പരസ്യമാണെന്നാണ് പ്രശസ്ത മാധ്യമ ഗവേഷകൻ 'ബെൻ ഭാഗ്ദികയാൻ' (Ben-hur Haig Bagdikian) തന്റെ 'മീഡിയ മോണോപളി' എന്ന പുസ്തകത്തിൽ പറയുന്നത്. ചരിത്രപരമായ നിക്ഷിപ്ത താല്പര്യങ്ങൾക്കു വേണ്ടി പെയ്ഡ് ന്യൂസെന്ന ആധുനിക വിപത്തിനെ സൃഷ്ടിച്ചു എന്നാണ് ഭാഗ്ദികയാൻ തന്റെ പുസ്തകത്തിലൂടെ പറയാതെ പറയുന്നത്. എഡ്വെർഡ് ബെർണായിസിനെയും അദ്ദേഹത്തിന്റെ തന്ത്രങ്ങളെയും അദ്ദേഹം വിമർശനാത്മകമായി വിലയിരുത്തുന്നുണ്ട്. ജനകീയ നിയന്ത്രണം മാധ്യമ വ്യവസായത്തിന്റെ അടിത്തറയാണെന്ന്, ബെർണായിസിനെ മുൻനിർത്തി അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിൻ്റെ വാക്കുകളിൽ 'വായനക്കാരെ നിർമ്മിക്കുക എന്ന ദൗത്യമാണ് ആദ്യം നിർവഹിക്കേണ്ടത്'. ഉല്പതിഷ്ണുക്കളും ബുദ്ധിജീവികളും വായനക്കാരാവുക എന്നത് മാധ്യമ വ്യവസായത്തിൽ അത്യന്താപേക്ഷിതമാണ്. ചിന്തകരും, രാഷ്ട്രമീമാംസകരും എഴുതുകയും വായിക്കുകയും ചെയ്യുന്നുണ്ടെങ്കിലേ പത്രമാധ്യമ വ്യവസായത്തിന് നിലനിൽപ്പുള്ളൂ എന്ന ബെർണായിസിന്റെ വാദത്തോട് ഘടനാപരമായി ഭാഗ്ദികയാൻ യോജിക്കുന്നതായി കാണാം. വ്യാവസായിക മുന്നേറ്റം മാധ്യമപ്രവർത്തനത്തിലൂടെ എങ്ങനെ സാധ്യമാക്കാമെന്ന് നൈരന്തര്യ പ്രയോഗങ്ങളിലൂടെ അദ്ദേഹം പരോക്ഷമായി പറയുന്നു.


ബെർണായിസിന്റെ ആത്മകഥയായ 'ദി ഫാദർ ഓഫ് സ്പിന്നിൽ' (The Father of Spin) ബെർണായിസിന്റെ വ്യതിരിക്തത നിറഞ്ഞ സ്വഭാവ സവിശേഷതകളെക്കുറിച്ച് 'ലാരി ടൈ' (Larry Tye) വ്യക്തമാക്കുന്നുണ്ട്. പബ്ലിക് റിലേഷൻസിന്റെ നെടുംതൂണായി വാഴ്ത്തപ്പെടുന്ന ബെർണായിസ് ചിന്താവൈവിധ്യങ്ങളെയെല്ലാം പരീക്ഷണശാലയിലേക്കെടുക്കുകയായിരുന്നു.1800 കളുടെ അവസാനത്തിൽ ഒരു പ്രൊഫഷനായി ആരംഭിച്ച പത്രമാധ്യമ ശൃംഖലയെ വ്യവസായവത്കരിക്കാനും അർദ്ധസത്യപ്രചാരണ ഇടമാക്കി മാറ്റുന്നതിലും വലിയൊരു പങ്ക് ബെർണായിസിന് അർഹതപ്പെട്ടതാണ്. വരേണ്യ മാധ്യമങ്ങളെന്ന ആധികാരിക തലം ഉയർന്നു വന്നത് ബെർണായിസിന്റെ അശ്രാന്ത പരിശ്രമം കൊണ്ട് മാത്രമാണെന്ന് പറയുന്നതിൽ തെറ്റില്ല.


ജനങ്ങളാണ് ഏറ്റവും നല്ല വിധികർത്താക്കളെന്ന ജനാധിപത്യ പ്രമാണവാദത്തിന് മുമ്പിൽ വഴങ്ങേണ്ടതില്ല. യഥാർത്ഥത്തിൽ അവർ സ്വന്തം താല്പര്യങ്ങളുടെ ഭയാനകവിധികർത്താക്കളാണ് എന്ന സങ്കല്പത്തെ നിരാകരിച്ച്, അവരാണ് ഏറ്റവും നല്ല ഉത്പന്നങ്ങളെന്നും, സ്വാർത്ഥതാല്പര്യങ്ങളുടെ വിധികർത്താക്കൾ ഞങ്ങളാണെന്നുമായിരുന്നു ബെർണായിസിന്റെ വാദം. രാഷ്ട്രീയ ഉച്ചനീചത്വങ്ങളെ മഹത്വവൽക്കരിക്കുകയും മാധ്യമധർമ്മത്തെ നീരസ സ്വഭാവത്തോടെ സമീപിക്കുകയും ചെയ്യുന്നതിലൂടെ വ്യക്തിപരമായ സാമൂഹിക വെറുപ്പ് ബെർണായിസ് സ്വായത്തമാക്കിയിട്ടുണ്ട്. വിഷലിപ്തമായ ചിന്തകൾ കൊണ്ട് വ്യക്തിഹത്യകളും, സാമൂഹ്യഹത്യകളും നടത്തുന്നതിൽ പ്രൊപഗണ്ടയുടെ വിജയം ചരിത്രപരമായ ഒരു വസ്തുത തന്നെയാണെന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും. കുതന്ത്രങ്ങൾ വ്യക്തിമുദ്രയാക്കിയ ഈ ജൂതചിന്തകൻ നിരത്തിയ അക്കങ്ങളൊക്കെ പുതിയ കാലത്തേക്കുള്ള നൂതന തന്ത്രങ്ങളുടെ അടിസ്ഥാനമായി മാറിയിട്ടുണ്ടെന്നത് പൂർണ്ണ സത്യമാണ്.

Politics
Media

Related Posts

Loading