KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

കാലഗണനയുടെ പരിണാമം: ഹിജ്റിയിൽ നിന്ന് ഗ്രിഗോറിയനിലേക്ക്

സിനാൻ ഉസ്മാൻ ഇരിങ്ങാവൂർ

ക്രിസ്തുവർഷം 638, പ്രവാചകൻ മുഹമ്മദ് നബിയുടെ വഫാത്തിന് ആറു വർഷങ്ങൾക്ക് ശേഷം, പുതുതായി കീഴടക്കിയ പ്രദേശങ്ങളിലെ സൈനിക-സിവിൽ ഉദ്യോഗസ്ഥരുമായി നടത്തിയിരുന്ന കത്തിടപാടുകളിൽ തീയതി രേഖപ്പെടുത്തേണ്ടത് അനിവാര്യമായതിനാൽ, രണ്ടാം ഖലീഫ ഉമർ ഇബ്‌നുൽ ഖത്താബ് (റ) മുസ്ലിം സമൂഹത്തിന്റെ ഭരണകാര്യങ്ങൾ ക്രമപ്പെടുത്തുന്നതിനായി ഒരു ഔദ്യോഗിക കലണ്ടറിന്റെ ആവശ്യകത മനസ്സിലാക്കി നിർമിക്കപ്പെട്ടതാണ് ഹിജ്റ കലണ്ടർ.


ഇസ്‌ലാമിന് മുമ്പുള്ള അറബികൾ സുപ്രധാന സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് വർഷങ്ങളെ അടയാളപ്പെടുത്തിയത്. ഓരോ കലണ്ടറിനും വ്യത്യസ്തമായ ആരംഭബിന്ദു(Epoch)വും ഉണ്ടായിരുന്നു. പേർഷ്യയിലെ സസാനിയൻ രാജവംശം അവസാന ഭരണാധികാരിയായ യസ്‌ദഗിർദ് മൂന്നാമൻ സിംഹാസനമേറിയ 632 ജൂൺ 16-നെയാണ് തുടക്കമായി കണക്കാക്കിയത്. പിന്നീട് ഖിലാഫത്തിന്റെ കേന്ദ്രമായ സിറിയയിൽ ജൂലിയൻ കലണ്ടർ ഉപയോഗിച്ചിരുന്നു. അതിന്റെ ആരംഭം ക്രി.മു. 312 ഒക്ടോബർ 1 ആയിരുന്നു. ഈജിപ്തിൽ കോപ്റ്റിക് കലണ്ടർ നിലവിലുണ്ടായിരുന്നു. എന്നാൽ അതിന്റെ ആരംഭം 284 ആഗസ്റ്റ് 29 ആയിരുന്നു. ഇവയെല്ലാം സൗരകലണ്ടറുകളായതിനാൽ 365 ദിവസങ്ങളുള്ള വർഷങ്ങളായിരുന്നു. യഥാർത്ഥ സൗരവർഷം 365 ദിവസങ്ങളായതിനാൽ ഇടയ്ക്കിടെ അധികദിവസങ്ങൾ ചേർത്ത് ക്രമീകരിക്കുന്ന രീതികൾ ഓരോ കലണ്ടറിലും വ്യത്യസ്തമായിരുന്നു.


ഇസ്‌ലാമിന് മുമ്പുള്ള അറേബ്യയിൽ സമയനിർണയത്തിന് പല രീതികളും നിലനിന്നിരുന്നു. ദക്ഷിണ അറേബ്യയിലെ ചില കലണ്ടറുകൾ പൂർണ്ണമായും ചാന്ദ്രകലണ്ടറുകളായിരുന്നു. ചിലത് ചാന്ദ്ര–സൗര (Lunisolar) രീതിയിലായിരുന്നു. അതായത് മാസങ്ങൾ ചന്ദ്രന്റെ ഘട്ടങ്ങളെ അടിസ്ഥാനമാക്കിയിരുന്നെങ്കിലും, കാലാവസ്ഥയുമായി പൊരുത്തപ്പെടുത്താൻ ഇടയ്ക്കിടെ അധികദിവസങ്ങൾ ചേർക്കുമായിരുന്നു. ഇസ്‌ലാമിന്റെ ആവിർഭാവസമയത്ത് ഹിംയരികൾ ജൂലിയൻ കലണ്ടറിനെ അടിസ്ഥാനമാക്കി ക്രി.മു. 110-നെ തുടക്കമായി കണക്കാക്കിയ ഒരു കലണ്ടർ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. മധ്യഅറേബ്യയിൽ വർഷത്തിന്റെ ഗതി സൂര്യോദയത്തിലും സൂര്യാസ്തമയത്തിലും നക്ഷത്രങ്ങളുടെ സ്ഥാനമനുസരിച്ചായിരുന്നു നിർണയിച്ചിരുന്നത്. ആകാശപഥം 28 തുല്യഭാഗങ്ങളായി വിഭജിച്ച് ഓരോ രാത്രിയിലും ചന്ദ്രന്റെ സ്ഥാനവുമായി അവയെ ബന്ധപ്പെടുത്തി. ആ കലണ്ടറിലെ മാസങ്ങളുടെ പേരുകളാണ് ഇന്നും ഇസ്‌ലാമിക കലണ്ടറിൽ നിലനിൽക്കുന്നത്. അതുകൊണ്ട് തന്നെ ഇസ്‌ലാമിന് മുമ്പ് അറബികളിൽ ഏതെങ്കിലും തരത്തിലുള്ള ചാന്ദ്ര–സൗര കലണ്ടർ നിലവിലുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു. എന്നാൽ പ്രധാനപ്പെട്ട പ്രാദേശിക സംഭവങ്ങളല്ലാതെ അതിന് മറ്റൊരു നിശ്ചിത ആരംഭവർഷം ഉണ്ടായിരുന്നതായി തെളിവില്ല.


ഉമർ(റ) നിലവിലുണ്ടായിരുന്ന സൗരകലണ്ടറുകൾ സ്വീകരിക്കാതിരുന്നതിന് മറ്റൊരു പ്രധാന കാരണവുമുണ്ടായിരുന്നു. ഖുർആൻ സൂറത്ത് യൂനുസ് (10:5)ൽ സമയം ചന്ദ്രനെ അടിസ്ഥാനമാക്കി കണക്കാക്കണമെന്ന് സൂചിപ്പിക്കുന്നു. കൂടാതെ പേർഷ്യൻ, സിറിയൻ, ഈജിപ്ഷ്യൻ കലണ്ടറുകൾ അവിടങ്ങളിലെ മത-സാംസ്കാരിക പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. അതിനാൽ മുസ്ലിം സമൂഹത്തിനായി പ്രത്യേകമായ ഒരു കലണ്ടർ രൂപപ്പെടുത്താൻ അദ്ദേഹം തീരുമാനിച്ചു. ഈ പുതിയ കലണ്ടർ പൂർണ്ണമായും ചാന്ദ്രകലണ്ടർ ആയിരുന്നു. അതിൽ 12 മാസങ്ങൾ ഉണ്ടായിരുന്നു. ഓരോ മാസത്തിനും 29,30 ദിവസങ്ങൾ വീതമാണ് ഉണ്ടായത്. ഒരു ചാന്ദ്രവർഷം 354 ദിവസങ്ങൾ മാത്രമായതിനാൽ അത് സൗരവർഷത്തേക്കാൾ പതിനൊന്ന് ദിവസം കുറവാണ്.


പുതിയ ഇസ്‌ലാമിക കലണ്ടറിന്റെ ആരംഭമായി ഉമർ (റ) തെരഞ്ഞെടുത്തത് ഹിജ്റ ആയിരുന്നു. അതായത് പ്രവാചകൻ മുഹമ്മദ് നബിയും ഏകദേശം 70 മുസ്ലിംകളും മക്കയിൽ നിന്ന് മദീനയിലേക്ക് നടത്തിയ ചരിത്രപ്രസിദ്ധമായ പലായനം. അവിടെയാണ് മുസ്ലിംകൾക്ക് ആദ്യമായി മതപരവും രാഷ്ട്രീയപരവുമായ സ്വാതന്ത്ര്യം ലഭിച്ചത്. അതുകൊണ്ടാണ് ഹിജ്റ വർഷം മുഹറം ഒന്നാം തീയതി ഇസ്‌ലാമിക കലണ്ടറിന്റെ തുടക്കമായി കണക്കാക്കുന്നത്. ഇത് ഗ്രിഗോറിയൻ കലണ്ടറിലെ 622 ജൂലൈ 16-നോട് യോജിക്കുന്നു.പാശ്ചാത്യരാജ്യങ്ങളിൽ ഹിജ്റ വർഷം സൂചിപ്പിക്കുമ്പോൾ സാധാരണയായി AH (Anno Hegirae) എന്ന ചുരുക്കെഴുത്താണ് ഉപയോഗിക്കുന്നത്. അതിന്റെ അർഥം "ഹിജ്റയുടെ വർഷം" എന്നതാണ്.


ചാന്ദ്രവർഷം സൗരവർഷത്തേക്കാൾ പതിനൊന്ന് ദിവസം ചെറുതായതിനാൽ ഇസ്‌ലാമിക കലണ്ടർ കാലാവസ്ഥകളുമായി പൊരുത്തപ്പെടുന്നില്ല. അതിനാൽ റമദാൻ, ഹജ്ജ്, ഈദുകൾ തുടങ്ങിയ ആഘോഷങ്ങൾ ഓരോ വർഷവും ഏകദേശം പതിനൊന്ന് ദിവസം നേരത്തെയായി വരികയും മുപ്പത്തിമൂന്ന് സൗരവർഷത്തിനുള്ളിൽ എല്ലാ ഋതുക്കളിലൂടെയും സഞ്ചരിക്കുകയും ചെയ്യുന്നു.ഇതുതന്നെയാണ് ഹിജ്റി-ഗ്രിഗോറിയൻ തീയതികൾ തമ്മിൽ കൃത്യമായി മാറ്റുന്നത് ബുദ്ധിമുട്ടാകുന്നതിനുള്ള പ്രധാന കാരണം.


റോമൻ സാമ്രാജ്യത്തിന്റെ ആദ്യകാല കലണ്ടർ ചാന്ദ്ര–സൗര (Lunisolar) രീതിയിലായിരുന്നു. അതിൽ 355 ദിവസങ്ങളും പന്ത്രണ്ട് മാസങ്ങളും ഉണ്ടായിരുന്നു. വർഷം ജനുവരി ഒന്നിനാണ് ആരംഭിച്ചിരുന്നത്. സൗരവർഷവുമായി പൊരുത്തപ്പെടുത്താൻ രണ്ട് വർഷത്തിലൊരിക്കൽ ഒരു അധികമാസം ചേർക്കുമായിരുന്നു. എന്നാൽ ഈ രീതി വളരെ സങ്കീർണ്ണമായിരുന്നതിനാൽ കാലക്രമേണ പിശകുകൾ കൂടിക്കൂടി വന്നു. ക്രി.മു. നാൽപത്താറോടെ കലണ്ടർ കാലാവസ്ഥയിൽ നിന്ന് ഏകദേശം മൂന്നു മാസം പിന്നിലായി.


ഇതിന്റെ ന്യൂനത മനസ്സിലാക്കിയ ജൂലിയസ് സീസർ ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞരുടെ സഹായത്തോടെ കലണ്ടർ പരിഷ്കരിച്ചു. ഓരോ നാലാം വർഷവും ഫെബ്രുവരിയിൽ ഒരു ദിവസം അധികമായി ചേർക്കുന്ന ജൂലിയൻ കലണ്ടർ അദ്ദേഹം അവതരിപ്പിച്ചു. ഇത് സൗരവർഷത്തിന്റെ ദൈർഘ്യവുമായി ഏറെ പൊരുത്തപ്പെട്ടു. ഈ ജൂലിയൻ കലണ്ടർ 1582 ക്രിസ്തുവർഷം വരെ യൂറോപ്പിലുടനീളം ഉപയോഗിച്ചു. മധ്യകാലഘട്ടത്തിൽ ക്രൈസ്തവ മതാചാരങ്ങളും ഈ കലണ്ടറുമായി ബന്ധിപ്പിക്കപ്പെട്ടു. പ്രത്യേകിച്ച് ഈസ്റ്റർ ദിനം കണക്കാക്കുന്നത് വലിയ വെല്ലുവിളിയായിരുന്നു. ക്രി.വ. ഒന്നാം വർഷത്തെ (1 CE) അടിസ്ഥാനമാക്കിയുള്ള വർഷഗണന ആറാം നൂറ്റാണ്ടിൽ ആരംഭിച്ചെങ്കിലും പത്താം നൂറ്റാണ്ടോടെയാണ് വ്യാപകമായത്. എങ്കിലും ജൂലിയൻ വർഷം യഥാർത്ഥ സൗരവർഷത്തേക്കാൾ പതിനൊന്ന് മിനിറ്റും പതിനാല് സെക്കൻഡും കൂടുതലായിരുന്നു. ഈ ചെറിയ വ്യത്യാസം നൂറ്റാണ്ടുകളോളം കൂട്ടിച്ചേർന്നതോടെ പതിനാറാം നൂറ്റാണ്ടിൽ വസന്ത വിഷുവം (Spring Equinox) മാർച്ച് 21-ന് പകരം മാർച്ച് 11-നാണ് സംഭവിക്കാൻ തുടങ്ങിയത്.


ഇത് പരിഹരിക്കാൻ കോപ്പർണിക്കസ്, ക്രിസ്റ്റോഫറസ് ക്ലാവിയസ്, അലോയ്സിയസ് ലിലിയസ് എന്നിവർ കണക്കുകൂട്ടലുകൾ നടത്തി. തുടർന്ന് 1582-ൽ പോപ്പ് ഗ്രിഗറി പതിമൂന്നാമൻ പുതിയ കലണ്ടർ നടപ്പിലാക്കി. അദ്ദേഹത്തിന്റെ ഉത്തരവ് പ്രകാരം 1582 ഒക്ടോബർ 4-ാം തീയതി വ്യാഴാഴ്ചയ്ക്ക് ശേഷം നേരിട്ട് ഒക്ടോബർ 15-ാം തീയതി വെള്ളിയാഴ്ച വന്നു. ഇടയിലുള്ള പത്ത് ദിവസങ്ങൾ കലണ്ടറിൽ നിന്ന് ഒഴിവാക്കി. പല ക്രൈസ്തവ രാജ്യങ്ങളും ഉടൻ തന്നെ ഈ ഗ്രിഗോറിയൻ കലണ്ടർ സ്വീകരിച്ചു. എന്നാൽ ഇംഗ്ലണ്ടും അമേരിക്കയും ഇത് സ്വീകരിച്ചത് 18-ാം നൂറ്റാണ്ടിലാണ്. ഇന്ന് ലോകമെമ്പാടും പ്രധാനമായും ഉപയോഗിക്കുന്നത് ഗ്രിഗോറിയൻ കലണ്ടറാണ്. എന്നിരുന്നാലും ഇത് യഥാർത്ഥ സൗരവർഷത്തേക്കാൾ 25.96 സെക്കൻഡ് കൂടുതലാണ്. ഈ ചെറിയ വ്യത്യാസം തുടർന്നാൽ 4909-ആം വർഷത്തോടെ ഒരു ദിവസം അധികമാകും.


എന്നാൽ ഇസ്ലാമിക ലോകം നിലവിൽ രണ്ട് കലണ്ടറുകളും ഉപയോഗിക്കുന്നുണ്ട്. മുസ്ലിങ്ങൾ അവരുടെ ആരാധനകൾ, മതപരമായ മറ്റു ആചാരങ്ങൾ എന്നിവക്ക് ചന്ദ്ര കലണ്ടറായ ഹിജിരി കലണ്ടറാണ് ഉപയോഗിക്കുന്നത്. എന്നാൽ ദൈനംദിന ജീവിതം, ഭരണനിർവഹണം, വിദ്യാഭ്യാസം, ശാസ്ത്രം, അന്താരാഷ്ട്ര ഇടപെടലുകൾ, എന്നിവക്ക് ഗ്രിഗോറിയൻ കലണ്ടർ തന്നെയാണ് ഉപയോഗിക്കുന്നത്. ഇത് സൂര്യ വർഷത്തെ അടിസ്ഥാനമാക്കിയുള്ളതിനാൽ ഋതുക്കളുമായി സ്ഥിരമായ പൊരുത്തം നിലനിർത്തുന്നു എന്നുള്ളതാണ് ഇതിനു പ്രധാന കാരണം. അതിനാൽ രണ്ടും മനുഷ്യ ചരിത്രത്തിൽ സുപ്രധാന സ്ഥാനമുള്ള കാലഗണന സംവിധാനങ്ങളാണ്. ഇന്നും അവകൾ പ്രത്യേക ആവശ്യങ്ങൾക്കായി ലോകമെമ്പാടും ഉപയോഗിച്ചുവരുന്നു.


കടപ്പാട്:

  1. പീറ്റേഴ്സ്, എഫ്. ഇ. മുഹമ്മദ് ആൻഡ് ദി ഒറിജിൻസ് ഓഫ് ഇസ്‌ലാം. ആൽബനി: സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക് പ്രസ്സ്, 1994.
  2. ഹോട്ടിംഗ്, ജെറാൾഡ് ആർ. ദി ഫസ്റ്റ് ഡൈനസ്റ്റി ഓഫ് ഇസ്‌ലാം: ദി ഉമയ്യദ് ഖിലാഫത്ത് (എ.ഡി. 661–750). രണ്ടാം പതിപ്പ്. ലണ്ടൻ: റൂട്ട്ലഡ്ജ്, 2000.
  3. ഡാവുഡ്, എൻ. ജെ. (പരിഭാഷ). ദി ഖുർആൻ. ലണ്ടൻ: പെൻഗ്വിൻ ക്ലാസിക്സ്.
  4. റിച്ചാർഡ്സ്, എഡ്വേഡ് ജി. മാപ്പിംഗ് ടൈം: ദി കലണ്ടർ ആൻഡ് ഇറ്റ്സ് ഹിസ്റ്ററി. ഓക്സ്ഫോർഡ്: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, 1998.
  5. ഡങ്കൻ, ഡേവിഡ് യൂവിങ്. ദി കലണ്ടർ. ന്യൂയോർക്ക്: ഏവൺ ബുക്സ്, 1998.
  6. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. കലണ്ടർ & ഹിജ്റി കലണ്ടർ. ഓൺലൈൻ പതിപ്പ്.
  7. പോൾ ലുണ്ടെ. ദ ഹിജ്റി കലണ്ടർ. അറാംകോ വേൾഡ്.

Articles
History

Related Posts

Loading