ഇബ്നുൽ അറബിയുടെ (റ) ഖ്യാതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ആത്മീയതയുടെ പടവുകൾ താണ്ടി ഉന്നതങ്ങളിൽ വിരാചിക്കുമ്പോഴും കേൾക്കുന്ന, അറിയുന്ന ആത്മ ജ്ഞാനികളെ അന്വേഷിച്ചു കൊണ്ട് യാത്ര ചെയ്യലും, അവരിൽ നിന്നും പഠിക്കലും, വൈജ്ഞാനിക കൈമാറ്റങ്ങൾ നടത്തലും അവിടുത്തെ പതിവായി മാറി.
തന്റെ ലോകം ഒന്ന് കൂടി വിശാലമാക്കാൻ തീരുമാനിച്ച ഇബ്നുൽ അറബിക്ക് ഉത്തര ആഫ്രിക്കയിലെ അൽജീരിയയുടെയും ലിബിയയുടെയും അതിർത്തിയായ ടുണീഷ്യയിലേക്ക് പോകുവാൻ ആഗ്രഹം ജനിക്കുകയാണ്. ഹി.589 കാല ഘട്ടത്തിലാണ് ഇതെന്ന് അനുമാനിക്കപ്പെടുന്നു. ലക്ഷ്യം ആത്മീയ ലോകത്തെ ഉന്നതരായ ശൈഖ് അബ്ദുൽ അസീസ് അൽമഹ്ദീ (റ) എന്നവരാണ്.
കൂടാതെ, ശൈഖ് അബൂ മദ് യൻ (റ) എന്ന പ്രിയപ്പെട്ട ഗുരുവിനെ കാണണമെന്ന ലക്ഷ്യം കൂടി ശൈഖിന് ഉണ്ടാവണം. ഇമാം അബൂ മദ് യന്റെ വളരെ അടുത്ത ശിഷ്യൻ എന്നൊരു വിശേഷണം കൂടി ശൈഖ് അബ്ദുൽ അസീസ് അൽമഹ്ദീ എന്നവർക്കുണ്ട് . യാത്ര ചെയ്യാനുള്ള ആഗ്രഹത്താൽ മുപ്പത് വയസ്സിനടുത്ത് പ്രായമുള്ള ആ യുവാവ് നേരെ മാതാവിന്റെയടുക്കൽ ചെന്ന് സമ്മതം ചോദിക്കുന്നു, മാതാവ് സമ്മതം നൽകുന്നു.²⁴ ശൈഖിന്റെ മാതാപിതാക്കളോടുള്ള സ്തുത്യാർഹമായ സമീപനം ഇതിൽ നിന്നും നമുക്ക് വായിച്ചെടുക്കാം. ടുണീഷ്യയിലേക്കുള്ള ദീർഘ യാത്രക്കിടയിൽ ഇബ്നുൽ അറബിക്ക് ചില ഇടങ്ങളെ സ്പർശിക്കേണ്ടി വരുന്നുണ്ട്. അൽജെസിറാസ് (Algeciras), Tlemcen തുടങ്ങിയവ അതിൽ പ്രധാനപ്പെട്ടവയാണ്.
വർഷം: 589/1192
പ്രായം:29
സഞ്ചരിച്ച ഇടങ്ങൾ:
അന്തലൂസ്, അൽജെസിറാസ് (Algeciras), സിയൂട്ട (Ceuta), തിലിംസാൻ (Tlemcen), ഫാസ് (fes), അന്തലൂസ്, സെവില്ല, റോന്ത (ronda )
സംഗമിച്ച പ്രധാന മഹത് വ്യക്തിത്വങ്ങൾ: 7
ശൈഖ് അബൂ ഇസ്ഹാഖ് ഇബ്നു ത്വരീഫ്,ഖാളീ ബിൻ യഅ്മൂർ മുഹദ്ദിസ് ഇബ്നു സ്വാഇഅ്, ശൈഖ് അബ്‌ദുല്ല ത്വർതൂസി , ശൈഖ് അബൂ അബ്‌ദുല്ല മുഹമ്മദ് ബിൻ ഖാസിം തമീമീ, ശൈഖ് അബൂ മസ്ഊദ് ബദ്റുൽ ഹിബ്ശീ, ശൈഖ് അബൂ മുഹമ്മദ് അബ്‌ദുല്ല ബിൻ ഇബ്രാഹിം, ശൈഖ് അബൂ മുഹമ്മദ് അബ്‌ദുല്ല ഷികാസ്
അൽജെസിറയിലേക്ക്
▪ ശൈഖ് അബൂ ഇസ്ഹാഖ് ഇബ്നു ത്വരീഫ്
ആത്മീയ ലോകത്തെ ഉന്നതങ്ങൾ താണ്ടുമ്പോഴും കേവലം മൺപാത്രങ്ങൾ വിറ്റു ജീവിച്ച ലാളിത്യ ജീവിതത്തിന് ഉടമയായിയുന്നു ഇദ്ദേഹം. ജനങ്ങളോട് അങ്ങേയറ്റം കൃപ കാണിക്കുന്ന പ്രകൃതമായിരുന്നു ശൈഖിന്.²⁵
സിയൂട്ട (Ceuta)
▪ ഖാളീ ബിൻ യഅ്മൂർ മുഹദ്ദിസ് ഇബ്നു സ്വാഇഅ്
ആക്കാലത്തെ സിയൂട്ടയുടെ ഖാളീ സ്ഥാനം വഹിച്ച സൂഫിയും, പണ്ഡിതനും, നീതിമാനായ ന്യായാധിപനുമാണ് ഇദ്ദേഹം. ആവശ്യത്തിന് വേണ്ടിയല്ലാതെ ഒരിക്കൽ പോലും അദ്ദേഹം ഒരാളോടും ദേഷ്യം പ്രകടിപ്പിക്കാത്തതും, നീതിയുക്തമായ ഇടപെടലുകളുമാണ് ഇദ്ദേഹത്തിന്റെ സ്വഭാവത്തിൽ നിന്നും ശൈഖ് ഇബ്നുൽ അറബിയെ ഏറെ സ്വാധീച്ചത് എന്ന് കാണാം. അത് പോലെ തന്നെ രൂക്ഷമായ പ്രശ്നങ്ങൾ ഉടലെടുക്കുന്ന വേളയിൽ ഇദ്ദേഹത്തിന്റെ ഇടപെടലുകളും ഏറെ ഹൃദ്യമായിരുന്നു.²⁶ ഇലാഹീ ചിന്തയിലും, സ്മരണയിലുമാണ് ഖാളീ ബിൻ യഅ്മൂർ തന്റെ സമയത്തെ ഏറെയും ചിലവഴിച്ചത്. ഇദ്ദേഹത്തോടൊപ്പം പ്രമുഖ സ്വഹാബി അബൂ അയ്യൂബിൽ അൻസ്വാരിയുടെ (റ) സന്താന പരമ്പരയിലെ പ്രമുഖ പണ്ഡിതൻ ശൈഖ് അബുൽ ഹുസൈൻ ബിൻ സ്വാഇഅ് (റ) എന്നവരുടെ സമക്ഷത്തിൽ ഹദീസ് പഠനത്തിനു വേണ്ടി പോയത് ഇബ്നുൽ അറബി ഓർക്കുന്നുണ്ട്.
തിലിംസാൻ
കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിൽ കേളി കേട്ട പ്രദേശമായിരുന്നു അന്ന് തിലിംസാൻ. ഇബ്നുൽ അറബി ഓർക്കുന്നു: ‘അമ്പുകൾ നിർമ്മിക്കുന്നതിൽ നല്ല പാടവമുള്ള ഒരു വ്യക്തിയെ ഞാൻ കാണാൻ ഇടയായി. ഒരു പ്രത്യേക തരം അമ്പായിരുന്നു ആന്നദ്ദേഹം പരീക്ഷിച്ചത്. അദ്ദേഹം അമ്പെയ്തു കഴിഞ്ഞാൽ ലക്ഷ്യ സ്ഥാനത്ത് എത്തി അയാളിലേക്ക് തന്നെ അത് തിരിച്ചു വരുന്നു! ഇതു കണ്ടപ്പോൾ, ഓരോ പ്രവർത്തനവും അത് ചെയ്തവരിലേക്ക് തന്നെ മടങ്ങി വരും എന്ന വലിയ പാഠം എനിക്ക് ലഭിച്ചു.’²⁷
ശൈഖ് ഇബ്നുൽ അറബിയുടെ അമ്മാവനായ ശൈഖ് യഹ്‌യ ബിൻ യുആൻ, ശൈഖ് അബൂ അബ്‌ദുല്ല തൂണിസീ, ശൈഖ് അബൂ മദ് യൻ (റ) എന്നവരെ മറവ് ചെയ്യപ്പട്ടത് ഇവിടെയാണ്. ധാരാളം മഹത്തുക്കളെ അദ്ദേഹം ഇവിടെ വെച്ച് സന്ദർശിച്ചിരുന്നു.
▪ ശൈഖ് അബ്‌ദുല്ല ത്വർതൂസി
ഇമാം അബൂ മദ് യൻ എന്നവരോട് വലിയ സ്നേഹമായിരുന്നു ഇബ്നുൽ അറബിക്ക്. തിലിംസാനിലെ ആക്കാലത്തെ വലിയ ശൈഖായിരുന്ന അബ്‌ദുല്ല ത്വർതൂസിയുമായി (റ) ഒരിക്കൽ ഇബ്നുൽ അറബി സംസാരിക്കുകയുണ്ടായി. ഇടയിൽ ശൈഖ് അബൂ മദ് യനും സംസാര വിഷയമായി. ശൈഖ് അബൂ മദ് യനുമായുള്ള ചില വിയോജിപ്പുകൾ ശൈഖ് അബ്‌ദുല്ല ത്വർതൂസി ഉണർത്തിയപ്പോൾ ശൈഖ് ഇബ്നുൽ അറബിക്ക് അദ്ദേഹത്തോട് അല്പം ദേഷ്യം ഉടലെടുത്തു. അന്ന് രാത്രിയിൽ ഇബ്നുൽ അറബി തിരുനബിയെ (സ്വ) സ്വപ്നത്തിൽ ദർശിക്കുകയുണ്ടായി. സ്വപ്നത്തിൽ തിരുനബി (സ്വ) ചോദിച്ചു: താങ്കൾക്കെന്തിനാണ് ശൈഖ് അബ്‌ദുല്ല ത്വർതൂസിയോട് ദേഷ്യം? അദ്ദേഹം അല്ലാഹുവിനെയും, എന്നെയും സ്നേഹിക്കുന്ന വ്യക്തിയല്ലെ? ചെറിയൊരു വിയോജിപ്പ് കേൾക്കുമ്പോഴേക്ക് അദ്ദേഹത്തോട് ദേശ്യമോ? ഇത് കേട്ട ഇബ്നുൽ അറബി തൽക്ഷണം ഖേദിച്ചു മടങ്ങി.
ഉറക്കിൽ നിന്നും ഉണർന്നപ്പോൾ കുറച്ച് സമ്മാനങ്ങളുമായി ശൈഖ് അബ്‌ദുല്ല ത്വർതൂസിയെ കാണാൻ വേണ്ടി ശൈഖ് പോയി. വിഷയങ്ങൾ പറഞ്ഞു. കാര്യങ്ങൾ കേട്ട ഉടനെ ശൈഖ് ത്വർതൂസി കരഞ്ഞു പോയി. അദ്ദേഹം പറഞ്ഞു ‘ശൈഖ് അബൂ മദ് യൻ ഈ നിമിഷം മുതൽ എനിക്കേറെ സ്വീകാര്യനായിരിക്കുന്നു’.²⁸
വലിയ പണ്ഡിതനും, ആത്മീയ ലോകത്തെ നിസ്തുലനായ സ്ഥാനീയനുമാണ് ശൈഖ് അബൂ മദ് യൻ. ഇദ്ദേഹത്തെ ശൈഖ് ഇബ്നുൽ അറബി നേരിൽ കണ്ടിട്ടുണ്ടോ ഇല്ലയോ എന്നതിൽ വ്യത്യസ്ത നിലപാടുകളുണ്ട്. നേരിൽ അനുഭവിച്ചില്ലായെങ്കിലും ചെറു പ്രായത്തിൽ തന്നെ ശൈഖ് അബൂ മദ് യന്റെ വാക്കുകളും, കഥകളും ഇബ്നുൽ അറബിയുടെ വ്യക്തിത്വ രൂപീകരണത്തിൽ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചരിത്രം ഹൃസ്വമായെങ്കിലും മനസ്സിലാക്കാൽ അനിവാര്യമായി വരുന്നു.
ഹി.514ലാണ് ശൈഖ് അബൂ മദ് യൻ ജനിക്കുന്നത്. തീലിംസാനിലായിരുന്നു അവിടുത്തെ ജീവിതത്തിന്റെ സിംഹ ഭാഗവും ചിലയിച്ചത്. ശൈഖ് സ്വാലിഹ് അബുൽ ഹസൻ അലി (റ) എന്ന ഉന്നത ഗുരുവര്യനാണ് പഠനവും, പരിചരണവും നൽകി അദ്ദേഹത്തെ വളർത്തിയത്. വിജ്ഞാനവും, അതനുസരിച്ചുള്ള ജീവിത ക്രമീകരണവും ശൈഖ് അബൂ മദ് യനെ ഉന്നതങ്ങളിലേക്ക് എത്തിച്ചു. ശൈഖ് അബൂ മദ് യന്റെ ശിഷ്യരിൽ ധാരാളം പേർ ഇബ്നുൽ അറബിയുടെ ഗുരുവര്യരായത് നിമിത്തം ശൈഖ് അബൂ മദ് യനെ അറിയാൻ വലിയ തോതിൽ ഇത് ഹേതുവായി മാറി.
തിലിംസാനിൽ അനേകം ഗുരുക്കന്മാരെ അനുഭവിച്ചു കൊണ്ടിരിക്കുമ്പോഴാണ് ശൈഖ് ഇബ്നുൽ അറബി അന്തലൂസിലേക്ക് തന്നെ മടങ്ങേണ്ടി വരുന്നത്. പിതാവിന് ബാധിച്ച അസുഖമാണ് ഇതിനുള്ള കാരണമെന്നും, ഇതേ വർഷം തന്നെ വന്ദ്യ പിതാവും മാതാവും ഇഹലോക വാസം വെടിഞ്ഞിരുന്നു എന്ന് ചരിത്രം പറയുന്നു. തിരിച്ചു പോകുമ്പോഴും അൽജെസിറയിലൂടെയായിരുന്നു അദ്ദേഹം സഞ്ചരിച്ചത്. ഈ യാത്രയിൽ നടന്ന ചില സംവാദങ്ങളെ കുറിച്ച് ചരിത്രം സംസാരിക്കുന്നുണ്ട്.
ഫാസിലേക്ക് (Fes)
അന്തലൂസിൽ അധികമൊന്നും ശൈഖ് ഇബ്നുൽ അറബി താമസിച്ചില്ല. ഹി.591ൽ തന്നെ മൊറൊക്കോയിലേക്ക് തിരികെ വന്നിട്ടുണ്ട്.
▪ അബൂ അബ്‌ദുല്ല മുഹമ്മദ് ബിൻ ഖാസിം തമീമീ
ഇമാമും, ഹദീസ് പണ്ഡിതനും, കർമ്മ ശാസ്ത്ര പണ്ഡിതനും വിജ്ഞാനത്തിനു വേണ്ടി ധാരാളം സഞ്ചരിച്ചവരുമായ ഇദ്ദേഹം ഫാസിലെ ഇബ്നുൽ അറബിയുടെ ശൈഖുമാരിൽ പ്രാധാനിയാണ്. ശൈഖ് ഇബ്നുൽ അറബിയുടെ അമ്മാവനായ ശൈഖ് യഹ്‌യ ബിൻ യുആൻ, ശൈഖ് അബൂ മദ് യൻ എന്നിവരുടെ ശിഷ്യൻ കൂടിയാണ് ഇദ്ദേഹം. ശൈഖ് അബൂ അബ്‌ദുല്ലയുടെ (റ) മസ്ജിദിൽ വെച്ച് ഇരുവരും വൈജ്ഞാനിക ചർച്ചകളിൽ ഏർപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിൽ നിന്നും ഇബ്നുൽ അറബി ചില നിവേദനങ്ങൾ തന്റെ പ്രശസ്ത ഗ്രന്ഥം ‘ഫുതൂഹാതുൽ മക്കിയ്യ’യിൽ ഉദ്ധരിക്കുന്നുണ്ട്. ഈ മസ്ജിദിൽ വെച്ചു തന്നെ ദിക്ർ ഹൽഖകൾ സംഘടിപ്പിക്കൽ ശൈഖ് ഇബ്നുൽ അറബിയുടെ പതിവായിരുന്നു. മിക്കവാറും ഖുർആൻ പ്രമേയമായുള്ള ഹൽഖകളാവും സംഘടിപ്പിക്കപ്പെടുക.
ഇടക്കാലത്ത് ഇബ്നുൽ അറബി അന്തലൂസിലേക്ക് തന്നെ തിരിച്ചു പോകുന്നുണ്ട്. ഹി.591ലാണ് ഇതെന്ന് അനുമാനിക്കപ്പെടുന്നു. തന്റെ സഹോദരിമാർ കാരണമായാണ് ശൈഖ് തിരികെ പോയതെന്ന് ചില നിരീക്ഷണങ്ങളുണ്ട്. ഹി.592ൽ തന്നെ ശൈഖ് മോറോക്കോയിലേക്ക് തന്നെ മടങ്ങി വരികയും ചെയ്തിട്ടുണ്ട്. ശേഷം ഫാസിൽ വെച്ച് സഹോദരിമാരെ വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു.
▪അബൂ മസ്ഊദ് ശൈഖ് ബദ്റുൽ ഹിബ്ശീ
ശൈഖ് ഇബ്നുൽ അറബിയുടെ ഏറ്റവും അടുത്ത സഹചാരിയായിരുന്നു ഇദ്ദേഹം. ശൈഖിന്റെ രഹസ്യ സൂക്ഷിപ്പുകാരൻ എന്ന് പോലും ഇദ്ദേഹത്തെ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അന്തലൂസിലേക്കുള്ള മടക്കത്തിൽ ഇദ്ദേഹം കൂടെ ഉണ്ടായിരുന്നതായി കാണാം. അവസാന കാലത്ത് ശൈഖിന്റെ കൂടെ തന്നെ നിന്ന വ്യക്തിയാണ് ഇദ്ദേഹം. ഏകദേശം ഇരുപത്തി മൂന്ന് വർഷക്കാലം ആ ബന്ധം തുടർന്ന് നിന്നു. ശൈഖ് ഇബ്നുൽ അറബിയുടെ ഉപദേശങ്ങളെയും നിർദ്ദേശങ്ങളെയും ഒരുമിച്ചു കൂട്ടി തയ്യാർ ചെയ്ത ഒരു ഗ്രന്ഥം ഇദ്ദേഹത്തിനുണ്ട്. ‘അൽ ഇമ്പാഹ്’ എന്നാണ് അതിന്റെ നാമം.
ശൈഖ് ബദ്റുൽ ഹിബ്ശീയോട് ഏറെ പ്രിയമുള്ള ഇബ്നുൽ അറബി തന്റെ ഗുരുക്കന്മാരോടൊക്കെയും അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊടുക്കും. ഈ സ്നേഹം കാരണം അദ്ദേഹത്തിന്റെ ഗുണത്തിനു വേണ്ടിയുള്ള ഇബ്നുൽ അറബിയുടെ കാവ്യ രൂപത്തിലുള്ള പ്രാർത്ഥന ‘ദീവാനുൽ കബീറി’ൽ ഉദ്ധരിച്ചതായി കാണാം. രഹസ്യ സൂക്ഷിപ്പായിരുന്നു ശൈഖ് ബദ്റുൽ ഹിബ്ശീയുടെ വലിയ പ്രത്യേകത. വിശ്വസ്ഥനായ തന്റെ സഹചാരിയെ ഇബ്നുൽ അറബി തന്റെ വ്യത്യസ്ത ഗ്രന്ഥങ്ങളിൽ പലയിടങ്ങളിലായി പരാമർശിക്കുന്നുണ്ട്.
വീണ്ടും സിയൂട്ട (Ceuta)
▪ ശൈഖ് അബൂ മുഹമ്മദ് അബ്‌ദുല്ല ബിൻ ഇബ്രാഹിം
അന്തലൂസിലേക്കുള്ള മടക്കം സിയൂട്ട വഴിയായത്തിനാലാവണം ഈ ശൈഖുമായുള്ള സംഗമം സാധിച്ചത്. ‘മറ്റുള്ളവർക്കു വേണ്ടി ജീവിക്കുക’ എന്നതാണ് അദ്ദേഹത്തിന്റെ വിശേഷണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായതെന്ന് ശൈഖ് ഇബ്നുൽ അറബി പറയുന്നുണ്ട്. സ്വന്തം കാര്യത്തിൽ അതീവ ഗൗരവം കാണിക്കാത്ത പ്രകൃതം. ഭരണാധികാരികളുടെ സമക്ഷത്തിൽ അവിടുന്ന് പോകുന്നുണ്ടെങ്കിൽ മറ്റുള്ളവരുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കാൻ വേണ്ടിയായിരുന്നു. മാത്രവുമല്ല, ശൈഖ് അബൂ മുഹമ്മദ് അബ്‌ദുല്ല (റ) എന്നവരുടെ ഭവനം പാവങ്ങൾക്കുള്ളതായിരുന്നു. അതേ സമയം, ഇസ്‌ലാമിക ആശയാദർശങ്ങളിൽ അവിടുന്ന് അണു അളവ് വിട്ടു വീഴ്ചയും ചെയ്തിരുന്നില്ല.
ഹി.595ൽ തന്നെ അന്തലൂസിൽ എത്തിയ ശൈഖ് റോന്തയിലേക്കും, സെവില്ല, കുർത്തുബ, മൂർസ്യ എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുകയും, അനേകം മഹത്തുക്കളുമായി സംഗമിക്കുകയും, വിജ്ഞാനം കരസ്തമാക്കുകയും ചെയ്തിട്ടുണ്ട്.
▪ ശൈഖ് അബൂ മുഹമ്മദ് അബ്‌ദുല്ല ഷികാസ്
റോന്തയിൽ വെച്ചു കണ്ടുമുട്ടിയ ശൈഖായിരുന്നു ഇത്. ആരാധനകളിലെ ഇദ്ദേഹത്തിന്റെ പരിശ്രമം ഇബ്നുൽ അറബിയെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു. അല്ലാഹുവിന് നന്ദി ചെയ്യാൻ സാധിച്ചില്ല എന്ന ചിന്ത അദ്ദേഹത്തെ എന്നും അലട്ടിയിരുന്നു. ചെറിയ പാപങ്ങളെ പോലും വലിയ പാപങ്ങളോട് സമാനപ്പെടുത്തി സൂക്ഷിച്ചു ജീവിക്കുന്ന പ്രകൃതമായിരുന്നു ശൈഖ് അബൂ മുഹമ്മദ് (റ) എന്നവരുടേത്. അദ്ദേഹത്തെ കുറിച്ച് ആലോചിച്ചാൽ പാപ സുരക്ഷ ലഭിച്ചവരാണെന്ന് പോലും തോന്നിപ്പോകും.²⁹
ശൈഖ് ഇബ്നു അറബിയുടെ വൈജ്ഞാനിക സംമ്പാദനത്തിനും, പ്രസരണത്തിനും രചനകളുടെ സാന്നിധ്യം ഏറെയുണ്ടായ കാലഘട്ടം കൂടിയായിരുന്നു ഇത്. അനേകം രചനകൾ ഈ കാലത്ത് വെളിച്ചം കണ്ടിട്ടുണ്ട്. ശൈഖിന്റെ രചനകളെ കുറിച്ച് മാത്രം സ്വതന്ത്രമായ പരാമർശങ്ങൾ ആവശ്യമാണ്. ശേഷം ഹി.597 വരെ ഇബ്നുൽ അറബിയുടെ ചരിത്രത്തിലെ നിശബ്ദതയുടെ കാലമായാണ് ചരിത്രകാരന്മാർ എഴുതുന്നത്. ഈ കുറഞ്ഞ കാലത്തെ നിശ്ചലനത്തിന് വ്യത്യസ്ത കാരണങ്ങളും പറഞ്ഞതായി കാണാം.