KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

ഉറുമ്പ് പറഞ്ഞ കഥ

സഫ്‌വാൻ ഹസൻ കണ്ണൂർ

ഉച്ച വെയിൽ തട്ടി പരിപ്പ് ഉണങ്ങാൻ തുടങ്ങിയിരുന്നു. സാമ്പാറിന്റെ കഷ്ണങ്ങൾ അരി മില്ലിലെ ഗ്രൈന്ഡറിൽ ചതയുന്ന നെൽകതിർ പോലെ ചതഞ്ഞു. സഹദേവൻ ഉണർന്നു. ചുമരിന്റെ അറ്റത്ത് കീറിവെച്ച ഭാഗത്തിലൂടെ അവൻ ലോകത്തിന് പുറത്തുള്ളതിനെ കണ്ടു. പുതിയ ലോകം കൈപിടിയിലായതിന് ശേഷം അവൻ ലോകത്തിന് പുറത്തുള്ളതിനെ ശ്രദ്ധിക്കാറേ ഉണ്ടായിരുന്നില്ല. എന്നാൽ അന്ന്, അവനത് ശ്രദ്ധിച്ചു.


ആണിയിൽ നിന്നൊരു മോചനം ലഭിക്കാനായി ചുമരിൽ ആണിയിലേറ്റപ്പെട്ട കലണ്ടറിലെ ബാക്കിയുള്ള ദിനങ്ങൾ കൂടെ വ്യഗ്രത കാണിച്ചു. കലണ്ടറിൽ മെയ് മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. അതു വഴി നീങ്ങിയ ഉറുമ്പ് തല കറങ്ങി വീണു. വർഷാവസാനം നൽകേണ്ട ചുങ്കം, മാസം തെറ്റി ഇന്നലെയാണ് മൂപ്പന് കൊടുത്തത്. പിന്നീട് ആ ഉറുമ്പിനെ തേടി ആരും വന്നില്ല. വീണിടം ഒരു തരം മണ്ണ് കട്ട പിടിച്ചു. മരിച്ച ജീവികൾ കാലക്രമേണ മണ്ണായി തീരുമത്രെ.


വീട് അണിഞ്ഞൊരുങ്ങി. വീട്ടുകാരെ കാക്കാതെ. മരണം നടന്ന വീട്ടിൽ ജനനം നടന്നാൽ വീട്ടുകാർ ഏത് ആഘോഷിക്കും? മരണമോ ജനനമോ? അവിടെയും സംശയമായി. മകളുടെ മകൻ കാലനോ? അമ്മയുറുമ്പ് കാലത്തെ ശപിച്ചു. മരിച്ചു പോയ അച്ഛനുറുമ്പ് മീതെ നിന്നും, കാലമാകാതെ ചുങ്കം കൊടുത്ത വിഡ്ഢിയായ തന്നെത്തന്നെ ശപിച്ചു. അവസാനം ആ കുഞ്ഞും അച്ഛനായി, അച്ഛച്ഛനായി, അങ്ങനെ അങ്ങനെ..!


അച്ഛച്ഛനിൽ നിന്ന് കേട്ടറിഞ്ഞ പഴയ ലോകം മാത്രമേ പുതിയുറുമ്പ് കണ്ടുള്ളൂ. സഹദേവന്മാർ കണ്ട പുതിയ ലോകം കാണാൻ അവന് കൊതിയായി. അപ്പോഴേക്കും തിരി കത്തിച്ച് വെച്ച ചില്ല് കൂടിനുള്ളിലേക്ക് സഹദേവൻ വലിഞ്ഞു കേറിയിരുന്നു. പകരം മറ്റൊരു ദേവൻ പ്രത്യക്ഷപ്പെട്ടു. ഉറുമ്പ് പതിയെ അയാളുടെ കാലിലൂടെ കയറി. തലയിൽ കയറി പുതിയ ലോകത്തിലേക്ക് കടക്കാൻ തുനിഞ്ഞു. പക്ഷേ, ക്രൂരനായ ദേവൻ പുതിയ ലോകത്തെ വീക്ഷിക്കാതെ പഠേന്ന് നിലത്തു വീണു. ആകസ്മികം. നൂറായിരം സ്വപ്നങ്ങളോടെ, യുഗാന്തരങ്ങളെ പേറുന്ന ബീജത്തുള്ളികളുമായി ആ വീഴ്ച്ചയിൽ ആ ഉറുമ്പും മൃതിയടഞ്ഞു.

Fictions

Related Posts

Loading