രാത്രിയായാൽ എനിക്കാരേലും കൂട്ട് വേണം. പകലാണേലും വേണം, എന്നാലും പറച്ചിലിൽ അങ്ങനെ വന്നൂടാൻ പാടില്ലാലോ. പ്രിയതമൻ മരണപ്പെട്ട് പത്ത് പതിനഞ്ചു വർഷമായെങ്കിലും ഓരെ ചൂടും ചൂരും കിട്ടാണ്ട് ഒരു രാത്രി പോലും ഞാൻ ഉറങ്ങീട്ടില്ല. ഇന്നലെ രാത്രിയിലും വന്നിരുന്നു. പുള്ളിയുടെ പതിവ് വേഷമായ വെള്ള മുണ്ടും കോട്ടൺ ഷർട്ടുമിട്ട്. പക്ഷെ വർത്താനത്തിൽ എന്തോ നിരാശ പോലൊന്ന് നിഴലിച്ചിരുന്നു. "എന്താ ങ്ങക്ക് പറ്റ്യേ", എന്ന് ഞാൻ ചോദിച്ചതുമാണ്. മൗനം എനിക്ക് ചുംബനം തന്നു. പതിയെ എന്റടുത്തേക്ക് ചേർന്നിരുന്നു. ഞാൻ ദീർഘമായി ഓര്ടെ മണം ഉള്ളിലേക്കെടുത്തു. അന്ന് ടവ്വലും കെട്ടി പുതുമണവാട്ടിയെ കാണാൻ മുറിയിലേക്ക് കയറുമ്പോഴുണ്ടായ അതേ മണം. വർഷങ്ങൾക്കിപ്പുറവും അയാൾ എങ്ങനെ ആ മണം കൊണ്ട് നടക്കുന്നു, സന്ദേഹം അയാളുടെ ചുണ്ടുകളിൽ നിന്ന് ഞാൻ തിരിച്ചറിഞ്ഞു. "മണോം ഭംഗിയുമെല്ലാം ഇശ്‌ഖിന്റെ പര്യായാ സൈനബാ", എപ്പോഴോ അങ്ങേര് പറഞ്ഞിരുന്നത്രെ.
അതിരാവിലെ സുബ്ഹിക്ക് എണീറ്റ് എന്നെ വിളിക്കും. തഹജ്ജുദ് നിസ്കരിച്ച് ഞങ്ങൾ ബാങ്ക് കൊടുക്കുന്നോളം ഖുർആൻ ഓതും. ബാങ്ക് കൊടുത്താൽ മൂപ്പര് പള്ളീല് പോവും. എന്നാൽ ഇന്നലെ അതൊന്നുമുണ്ടായില്ല. കുട്ട്യോളും കുടുംബക്കാരുമെല്ലാം കൊറേ ദീസായിട്ട് ഈട തന്നെയാണ്, എനിക്കെന്തോ വെല്യ സൂക്കേടാണെന്ന് മിഞ്ഞാന്ന് ഉക്കിണിയോട് മോള് സാറ പതിഞ്ഞ സ്വരത്തിൽ പറയുന്നത് കേട്ടപ്പോഴാണ് ഞാനറിഞ്ഞത്.
കിടപ്പിലായാൽ പിന്നെ നാം ഭൂമിയിലെ ജീവിയല്ലാതാവും. അടക്കം പറച്ചിലുകൾ മാത്രമാവും നമുക്ക് കേൾക്കാവുന്ന സ്വരങ്ങളും സംസാരങ്ങളും. കൈകൾ പിടിച്ച് മുത്തം തന്നിരുന്ന പേരമക്കൾ പോലും നമ്മുടെ അടുത്ത് വരുന്നതിൽ നിന്ന് വിലക്കപ്പെടും. അത് കൊണ്ടൊക്കെയാകാം വയസ്സായ ഉമ്മാമമാരും ഉപ്പാപ്പാമാരും പേരമക്കൾക്ക് മുട്ടായി വാങ്ങാൻ പൈസ കൊടുക്കുന്നത്. അങ്ങിനെയെങ്കിലുമവർ അടുത്ത് വരണേ എന്ന ആഗ്രഹത്താൽ.
കട്ടിലിന്റെ മുഷിപ്പിക്കുന്ന മണം എനിക്ക് ഉന്മാദമായി. ഞാൻ അതുമായി സമവായത്തിലായി. കഥകൾക്കായി കൊഴിഞ്ഞ കാലങ്ങൾ എന്നെയും തേടി കാറ്റിന്റെയും മിന്നലിന്റെയും രൂപത്തിൽ വന്നു. കാറ്റും മിന്നും ഇടിയുമൊക്കെ ഇത്രെയേറെ കഥകൾ പേറുന്നുവല്ലോ, ഇതിനെയാണോ ഉണങ്ങാതിരിക്കുന്ന വസ്ത്രത്തിന് വേണ്ടി ഞാൻ പഴിചാരിയത്, നശിച്ചതെന്ന് പറഞ്ഞത്. കഷ്ടം.
ജീവനോടെ ഞാൻ താഴ്ന്നിറങ്ങി അങ്ങേരുടെ ഖബ്റിലേക്ക് ഇറങ്ങിച്ചെന്നത് പോലെ. ആരോടെങ്കിലും അനുഭവങ്ങൾ പങ്ക് വെക്കാനായി എന്റെ മനസ്സ് പിടഞ്ഞു. പങ്ക് വെക്കാത്ത ജീവിതം എന്താകും. പങ്ക് വെപ്പിലാണ് ആത്മാവ് എന്നാണല്ലോ ഓരോ ആഘോഷങ്ങളിലൂടെ വേഷത്തിലും ഇലാഹ് പറയാതെ പറയുന്നത്. പടച്ചോൻ പലപ്പോഴും മിണ്ടുന്നതു നാം കേൾക്കാത്തതാണോ അതോ അവൻ മിണ്ടാത്തതോ? അവനോട് മിണ്ടാൻ ഞാനടങ്ങുന്ന ജനം ശ്രമിക്കുന്നുവോ?
തലയിലെ തിരി കറങ്ങുന്നത് എന്നിൽ ഭീതി പരത്തി. ഹിറാ ഗുഹയിൽ വെച്ച് പ്രവാചകന്റെ തിരി തെളിഞ്ഞത് അവിടുത്തെ സുലൂക്കിന്റെ ഘട്ടത്തിലാണല്ലോ. എന്നാൽ ഞാനടങ്ങുന്ന വൃന്ദം പേരുടെ സുലൂക് തുടങ്ങുന്നത് ഇവിടം വെടിയൽ കൊണ്ടാണല്ലോ. വീട് വിട്ടൊഴിയലാണ് സൂഫിസത്തിന്റെ സൗന്ദര്യമായി കാണുന്നത്. വീട് വീട്ടിറങ്ങി ഇമാം ഗസ്സാലിയും ഇബ്രാഹീം ഇബ്നു അദ്ഹമും നടന്നതിന്റെ അർത്ഥം മരിക്കൂ എന്നാണെന്ന് എത്രപേർക്ക് മനസ്സിലായിക്കാണും. ആ ഇറക്കം ഒരു തരത്തിൽ മരിക്കലാണ്. അതാണ് മരിക്കുന്നതിന്റെ മുമ്പുള്ള മരണം. ഞാനത് കുറെ അനുഭവിച്ചു. ഇനി വയ്യ. എന്തായാലും ഇന്നത്തെ അസ്തമയത്തിൽ എനിക്കത് തെളിയുന്നതായി തോന്നുന്നു. അങ്ങനെ ഞാൻ തീ കൊളുത്താനൊരുങ്ങി, തീയെയും കാത്ത്.
ദിവസം ചൊവ്വ, രാവിലെ പത്തര ആയിക്കാണും. അങ്ങേര് അറൂസാവാത്ത കാലം. എന്റെ പുത്യാപ്പളയായ കാലം. എന്നെയും കൂട്ടി സിയാറത്തിന് പോയി. മമ്പുറത്തേക്ക്. ഒരുപാട് കാലമായി ഞാൻ അങ്ങേരോട് പറഞ്ഞ ആഗ്രഹമായിരുന്നു. എന്നോട് പോകാമെന്ന് കിടപ്പറയിൽ വെച്ച് മന്ത്രിച്ചപ്പോൾ ഉന്മാദ ലഹരിയിൽ വായിൽ നിന്നൊലിച്ചതാണെന്ന് ധരിച്ച എനിക്ക് തെറ്റി.
ഞങ്ങൾ ശെരിക്കും കണ്ണൂരിൽ നിന്നും ട്രെയിൻ കയറി. മഖാമിലെത്തി അവിടെ കുറെ നേരം ചിലവഴിച്ചു. ന്റെ മമ്പർത്തെ തങ്ങളെ കുളിർക്കെ കണ്ട് ആസ്വദിക്കാൻ അങ്ങേര് കാത്ത് നിന്നു. ശക്തമായ ഒരു ഗന്ധം എന്നെ ഭൂമിയിൽ നിന്നും വലിച്ചു കൊണ്ട് പോയി. ആകാശപ്രയാണമല്ല, സ്വപ്ന സഞ്ചാരം. അവിടെ ഞാൻ പൂക്കളും സ്നേഹവും നിറഞ്ഞ ശാന്തമായ ദ്വീപ് കണ്ടു. അലസ്‌തുവിന്റെ ലോകം? ആയിരിക്കാം. മുൻപ് കണ്ടൊരോർമ്മ. അങ്ങേരോടൊത്ത് ഈ പാറക്കല്ലിൻ ചുവട്ടിലിരുന്നല്ലേ കുണുങ്ങി നിന്നത്. അതോ ഇത് ആലമുൽ മിസാനാണോ? അത് കാണാൻ മാത്രം ഞാൻ വളർന്നുവോ. മമ്പ്രത്തുപ്പാപ്പ കാണിച്ചു തരുന്നതോ. അവരുടെ ഗന്ധം ചലിക്കുന്ന ഇടത്തിൽ പെടാനായെന്ന ഭാഗ്യം കൊണ്ട് ഞാനെത്തിയതോ ഈ സുവർഗ്ഗത്തിൽ. മഹാരഥന്മാരുടെ ചെറിയ സ്പർശം നമ്മെ നന്മയിലെത്തിക്കുമെന്ന അറിവ് തിരിച്ചറിഞ്ഞു.
'പോവല്ലേ', അങ്ങേര് പതിയെ എന്നെ തൊട്ടു. ഞാൻ ഭൂമിയിലേക്ക് തെറിച്ചു വീണു. എന്റെ ശ്രദ്ധ തിരിഞ്ഞത് കൊണ്ടാകാം, അനുഭൂതി എനിക്ക് അന്യമായത്. ശ്രദ്ധ തിരിയുമ്പോൾ അകലം കൂടും. അതില്ലാതിരിക്കാനാണ് സാഷ്ടാംഗം ചെയ്ത് സഹായിക്കാൻ നബി അരുളിയത്. സുജൂദിലാവുമ്പോഴാണ് എന്റെ അടിമ എന്നോട് ഏറെ അടുക്കുന്നതെന്ന് ഇലാഹ് പറഞ്ഞത് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. ഞങ്ങൾ പതിയെ തങ്ങളുപ്പാപ്പയോട് സലാം പറഞ്ഞ് മടങ്ങി.
ദിവസം വ്യാഴം, സൂര്യനസ്തമിച്ചു. ഞാനും. മണ്ണിനുള്ളിൽ മിനുക്കപ്പണികൾ നടക്കുന്നു. പതിയെ പുതുമണവാട്ടിയെ ആനയിക്കുന്ന പോലെ എന്നെയും ആനയിച്ചു. ഒരുപാട് പേരൊന്നുമില്ലെങ്കിലും അത്യാവശ്യത്തിനാളുകൾ എന്നെയും അനുഗമിച്ചു. അമലുകൾ കുറഞ്ഞവരെ ആര് അനുഗമിക്കാൻ, അതോ അനുഗമിക്കാൻ നല്ലവരെ മാത്രം ദൈവം തിരഞ്ഞെടുത്തതോ? ദൈവത്തിന്റെ എല്ലാ പ്രവർത്തികളും നമുക്ക് മനസിലായെന്ന് വരില്ല, ഒന്നും.
ഞാൻ നാണത്തോടെ ഖബ്റിലേക്കിറങ്ങി. ആളുകൾ ഞങ്ങൾക്ക് വേണ്ടി ഒഴിഞ്ഞു തന്നു. "നിന്നെ മണ്ണിലേക്ക് മടക്കുന്നു" എന്ന് മൊല്ലാക്ക പറഞ്ഞപ്പോൾ ഒരൂർജ്ജം ശരീരത്തെ വിറപ്പിച്ചു. അവസാന ചവിട്ടടിയും കടന്നു പോയപ്പോൾ വീടുകളിൽ നിന്നും ഓരോ ആളുകൾ പാരായണം ചെയ്ത ദിവ്യമാല എന്റെ കഴുത്തിലണിയാനായി വന്നു. മുൻകർ വന്നു, നകീറും. മയങ്ങിക്കോളൂ, പുതുമണവാട്ടിയെപ്പോലെ. ഞാൻ വിളക്കണച്ച് ഉറങ്ങാൻ അങ്ങേരോടൊത്ത് കിടന്നപ്പോൾ വീട്ടിൽ നിന്നും തിരി കൊളുത്താനുള്ള ശ്രമം കണ്ട് ഞാൻ തേങ്ങി. ഒന്നും ചെയ്യാനാവാതെ ഞാൻ അങ്ങേരുടെ ഉള്ളിൽ അഭയം പ്രാപിച്ചു. ചെറിയൊരു ചൂട് കാറ്റ്, അടുത്തെവിടെയോ കത്തുന്നുണ്ടാകാം. തിരി കൊളുത്താതെ കത്തുന്ന തീ.
കുറച്ചു മുമ്പ് എൻ്റെ കുടുംബത്തിലെ ഒരു ഉമ്മാമ മരണപ്പെട്ടിരുന്നു, രോഗാവസ്ഥയിൽ പല കുറി ഞാനവരെ സന്ദർശിച്ചതാണ്. അപ്പോഴൊക്കെ അവരുടെ കണ്ണുകൾ എന്നോട് എന്തൊക്കെയോ പറയുന്നതായി അനുഭവപ്പെടാറുണ്ടായിരുന്നു. പ്രായമായവരോടുള്ള സ്നേഹവും ബഹുമാനവും പലപ്പോഴും അവരെ കാണുമ്പോൾ കൂടി വരും. അവരുടെ ആത്മീയ ജീവിതം, സാമൂഹിക ഇടപെടൽ എല്ലാം ഞാൻ സാകൂതം ശ്രദ്ധിക്കാൻ ശ്രമിക്കാറുള്ള കാര്യമായിരുന്നു. ഈ തരത്തിൽ ശ്രദ്ധ പോകുന്ന ഒരു കൂട്ടം ആളുകൾ തന്നെ എനിക്കുണ്ട്. അവരുടെ വേർപാടുകളും, മുറിവുകളും എന്നെ വല്ലാതെ തളർത്താറുമുണ്ട്. Religion of old women എന്ന ഏരിയ വായിച്ച് തുടങ്ങുന്നതും ഈ താൽപര്യത്തിൽ നിന്നാണ്.
അങ്ങിനെയിരിക്കെയാണ് ഉമ്മാമയുടെ മരണം. അത് എന്നെ വല്ലാതെ ഞെട്ടിച്ച സംഭവമായിരുന്നു. അവരുടെ മരണാനന്തര ജീവിതം അവരിലും അവരുടെ പരിസരത്തും ഉണ്ടായേക്കാവുന്ന മാറ്റത്തെ ആസ്പദമാക്കിയാണ് ഈ കഥ പിറക്കുന്നത്.