അദബിനെക്കുറിച്ചുള്ള ആധുനിക ചർച്ചകളിലെ ഒരു പ്രധാന സമീപനം, അതിനെ സാമൂഹിക മര്യാദകളുടെ പരിധിക്കപ്പുറം അധികാരത്തിന്റെ ഒരു സാങ്കേതികവിദ്യയായി വായിക്കുന്നതാണ്. ആരാണ് സംസാരിക്കേണ്ടത്, ആരാണ് മിണ്ടാതിരിക്കേണ്ടത്, ആരുടെ വാക്കിന് സാധുത ലഭിക്കണം, ആരുടെ വിമർശനം "അനാദരം" എന്ന പേരിൽ തള്ളപ്പെടണം എന്നീ ചോദ്യങ്ങളാണ് ഈ വായനയിൽ കേന്ദ്രസ്ഥാനത്ത്. ഈ രൂപത്തിലാണ് ഫൂക്കോളിയൻ വിശകലനം അദബിന്റെ ഭാഷയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന അദൃശ്യമായ അധികാരബന്ധങ്ങളെ തുറന്നുകാട്ടാൻ ശ്രമിക്കുന്നത്. ഇതനുസരിച്ച്, അദബ് എന്ന പേരിൽ വ്യക്തിയുടെ ശരീരവും ഭാഷയും ആഗ്രഹങ്ങളും അഭിപ്രായങ്ങളും സ്വയം നിയന്ത്രിക്കപ്പെടുകയും അധികാരശ്രേണികൾ സ്വാഭാവികവും ചോദ്യം ചെയ്യാനാവാത്തതുമായി മാറുകയും ചെയ്യാം എന്ന വായനയാണ് നടക്കുന്നത്.
ഈ വിമർശനം സാമൂഹിക യാഥാർഥ്യത്തിന്റെ ചില നിർണായക വശങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. എന്നാൽ ഇസ്ലാമിക അദബിന്റെ അടിസ്ഥാന സങ്കൽപ്പത്തെ പൂർണമായി വിശദീകരിക്കാൻ അതിന് കഴിയുമോ എന്നത് വേറെ ചോദ്യമാണ്. ഫൂക്കോളിയൻ വായനയിൽ അധികാരം പ്രധാനമായും മനുഷ്യബന്ധങ്ങൾക്കുള്ളിൽ രൂപപ്പെടുന്ന സാമൂഹിക-ചരിത്രപരമായ ബന്ധമാണ്. ഇസ്ലാമിക പാരമ്പര്യത്തിൽ അദബിന്റെ അന്തിമ മാനദണ്ഡം മനുഷ്യനിർമിതമായ അധികാരബന്ധമല്ല താനും. അല്ലാഹുവുമായുള്ള മനുഷ്യന്റെ ബന്ധവും സൃഷ്ടിയെന്ന നിലയിലുള്ള അവന്റെ ഉത്തരവാദിത്വവുമാണ് ഇസ്ലാമിലെ അദബിന്റെ അടിസ്ഥാനം. അതിനാൽ അദബിനെ അധികാരത്തിന്റെ ഭാഷയിൽ മാത്രം വായിക്കുമ്പോൾ അതിന്റെ ദൈവശാസ്ത്രപരവും ആത്മീയവും ജ്ഞാനശാസ്ത്രപരവുമായ ഘടനകൾ ചുരുങ്ങിപ്പോകാനിടയുണ്ട്. അദബിന് പരസ്പരബാധ്യതയിലധിഷ്ഠിതമായ ഒരു നൈതിക ഘടനയുണ്ടെന്നും, അത് വിമർശനത്തെ ഇല്ലാതാക്കാതെ വിമർശനത്തിന് ഒരു നൈതിക ചട്ടക്കൂട് നൽകുന്നുവെന്നും, ഫൂക്കോയൻ വിമർശനം ദുരുപയോഗത്തിനെതിരായ ജാഗ്രതയെന്ന നിലയിൽ ഇപ്പോഴും പ്രസക്തമാണെന്നതും ഈ വിശകലത്തിൽ പ്രസക്തമാണ്.
അദബിന്റെ അർത്ഥപരിധിയും പരസ്പരബാധ്യതയും
അദബിനെ "മര്യാദ" എന്ന ഒറ്റവാക്കിൽ പരിഭാഷപ്പെടുത്തുന്നത് അതിന്റെ ഇസ്ലാമിക അർത്ഥവ്യാപ്തിയെ ഗണ്യമായി ചുരുക്കുകയാണ് ചെയ്യുന്നത്. ഇസ്ലാമിക പാരമ്പര്യത്തിൽ അദബ് മറ്റൊരാളോടുള്ള പെരുമാറ്റം മാത്രമല്ല. മനുഷ്യൻ തന്റെ അസ്തിത്വത്തിൽ വഹിക്കുന്ന സ്ഥാനം, ചുറ്റുമുള്ള സൃഷ്ടികളുമായുള്ള ബന്ധം, അറിവിനോടും അധികാരത്തോടുമുള്ള സമീപനം, ആഗ്രഹങ്ങളുടെ നിയന്ത്രണം, സത്യത്തോടുള്ള പ്രതികരണം എന്നിവയെല്ലാം ഉൾക്കൊള്ളുന്ന നൈതിക ഘടനയാണത്. അതുകൊണ്ട് അദബിന്റെ അടിസ്ഥാന ചോദ്യം "എനിക്ക് മുകളിൽ ആരാണ്?" എന്നതല്ല, "എന്റെ നിലനിൽപ്പിന്റെ യഥാർത്ഥ മാനദണ്ഡം എന്താണ്?" എന്നതാണ്.
സയ്യിദ് നഖീബുൽ അത്താസിന്റെ വ്യാഖ്യാനത്തിൽ അദബിന്റെ കേന്ദ്രസങ്കൽപ്പം കാര്യങ്ങളെ അവയുടെ യഥാസ്ഥാനത്ത് സ്ഥാപിക്കുക എന്നതാണ്. ഈ "സ്ഥാനം" മനുഷ്യരുടെ സാമൂഹിക പദവികളുടെ ലളിതമായ ശ്രേണിയായി (hierarchy) വായിക്കപ്പെടുമ്പോൾ ആശയത്തിന്റെ പരിധി ചുരുങ്ങുന്നു. യഥാസ്ഥാനം എന്നതിൽ അല്ലാഹുവും സൃഷ്ടിയും, സത്യവും അഭിപ്രായവും, അറിവും അജ്ഞതയും, അവകാശവും ആഗ്രഹവും തമ്മിലുള്ള യഥാർത്ഥ വ്യത്യാസങ്ങൾ തിരിച്ചറിയുന്നതും ഉൾപ്പെടുന്നതാണ്. അതിനാൽ അദബ് ശ്രേണിയെ അന്ധമായി അംഗീകരിക്കലല്ല, വ്യത്യാസങ്ങളെ ശരിയായി തിരിച്ചറിയാനുള്ള ധാർമിക വിവേകമാണ്.
അദബ് അധികാരബന്ധങ്ങളെ സംരക്ഷിക്കാനുള്ള ഉപാധിയാണെങ്കിൽ അധികാരമുള്ളവൻ അതിന്റെ മാനദണ്ഡത്തിന് മുകളിലായിരിക്കണം. ഇസ്ലാമിക പാരമ്പര്യത്തിൽ സ്ഥിതി മറിച്ചാണ്: അധികാരമുള്ളവനും അദബിന് വിധേയനാണ്. വിദ്യാർത്ഥിയിൽ നിന്ന് ആദരം ലഭിക്കാൻ അധ്യാപകന് അവകാശമുള്ളതുപോലെ, വിദ്യാർത്ഥിയോടുള്ള ഉത്തരവാദിത്വവും അധ്യാപകന്റെ അദബിന്റെ ഭാഗമാണ്. പിതാവിന് മക്കളോട് അവകാശങ്ങളുള്ളതുപോലെ, മക്കളോടുള്ള നീതിയും കരുണയും പിതാവിന്റെ ബാധ്യതയാണ്. ഭരണാധികാരിക്ക് ലഭിക്കുന്ന അധികാരത്തോടൊപ്പം അമാനത്ത് എന്ന ഉത്തരവാദിത്വവും വരുന്നു. അതിനാൽ അദബ് ഭരണാധികാരിയെ വിമർശനാതീതനാക്കുന്നില്ല; അധികാരത്തെ ഉത്തരവാദിത്വത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നു. ഭരണാധികാരിയുടെ അദബ് നീതിയും, അധ്യാപകന്റെ അദബ് അമാനത്തും, വിദ്യാർത്ഥിയുടെ അദബ് വിനയവും, പണ്ഡിതന്റെ അദബ് സത്യനിഷ്ഠയുമാണ്. അതിനാൽ "അദബ് ആരെ മിണ്ടാതാക്കുന്നു?" എന്ന ഫൂക്കോളിയൻ ചോദ്യത്തോടൊപ്പം "അദബ് അധികാരമുള്ളവനോട് എന്താണ് ആവശ്യപ്പെടുന്നത്?" എന്നും ചോദിക്കേണ്ടതുണ്ട്. അദബിനെ അധികാരത്തിന്റെ അച്ചടക്കസംവിധാനം (disciplinary mechanism) മാത്രമായി വായിക്കുന്നത് അതിന്റെ ഈ പരസ്പര നൈതിക ഘടനയെ കാണാതെ പോകുന്നു.
അറിവിന്റെ മേഖലയിലും ഇതേ ഘടന കാണാം. ഇസ്ലാമിക വിദ്യാഭ്യാസ പാരമ്പര്യത്തിൽ ഇൽമ് വിവരശേഖരം മാത്രമല്ല; മനുഷ്യനെ മാറ്റിയെടുക്കുന്ന നൈതിക പ്രക്രിയയാണ്. അതിനാൽ അദബ് വിദ്യാഭ്യാസത്തിന്റെ പുറംചട്ടയല്ല, അതിന്റെ ആന്തരിക ഘടകമാണ്. അൽജാഹിളിന്റെ പാരമ്പര്യത്തിൽ അദബ് സാഹിത്യം, ബുദ്ധി, പ്രായോഗിക ജ്ഞാനം, സാമൂഹിക പെരുമാറ്റം എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ ബൗദ്ധിക സംസ്കരണമായി പ്രത്യക്ഷപ്പെടുന്നതായി കാണാം. ഇമാം ഗസാലിയുടെ ചിന്തയിൽ അത് കൂടുതൽ ആന്തരികമായി തഹ്ദീബുന്നഫ്സ് എന്ന ആത്മസംസ്കരണവുമായി ബന്ധപ്പെടുന്നു. ഇവ രണ്ടും ചേർത്തു വായിക്കുമ്പോൾ, അറിവ് നേടുന്നതിന് മുമ്പ് അറിവിനോടുള്ള തന്റെ നിലപാടുതന്നെ സംസ്കരിക്കേണ്ടതുണ്ടെന്ന് വ്യക്തമാകുന്നതാണ്. അഹങ്കാരം നിറഞ്ഞ ജ്ഞാനം അജ്ഞതയുടെ മറ്റൊരു രൂപമാകാം, എല്ലാം അറിയാമെന്ന് കരുതുന്ന മനസ്സിന് പഠിക്കാൻ കഴിയില്ല. ഈ അർത്ഥത്തിൽ അദബ് മനുഷ്യനെ മിണ്ടാതാക്കുകയല്ല, കേൾക്കാൻ കഴിയുന്നവനാക്കുകയാണ് ചെയ്യുന്നത്.
ഇവിടെ ഫൂക്കോളിയൻ subjectification-ഉം ഇസ്ലാമിക തഹ്ദീബും തമ്മിലുള്ള വ്യത്യാസം വ്യക്തമാകുന്നു. ഫൂക്കോളിയൻ വിശകലനത്തിൽ വ്യക്തിയുടെ സ്വത്വം അധികാരബന്ധങ്ങളിലൂടെ നിർമിക്കപ്പെടുന്നതാണ്. ഇസ്ലാമിക ആത്മസംസ്കരണത്തിൽ മനുഷ്യന്റെ സ്വത്വം സാമൂഹിക അധികാരത്തിന്റെ ഉൽപ്പന്നം മാത്രമല്ല. അല്ലാഹുവിന്റെ മുമ്പിൽ ഉത്തരവാദിത്വമുള്ള നൈതിക ജീവിയെന്ന നിലയിലാണ് അത് രൂപപ്പെടുന്നത്. സ്വയംനിയന്ത്രണത്തെക്കുറിച്ചുള്ള വിമർശനത്തിനും ഇതേ വേർതിരിവ് ബാധകമാണ്. സാമൂഹിക അപമാനത്തെയും ഒറ്റപ്പെടലിനെയും "അനാദരവുകാരൻ" എന്ന മുദ്രയെയും ഭയന്ന് വ്യക്തി സ്വയം സെൻസർ ചെയ്യുന്നു എന്നതാണ് ആ വിമർശനം. എന്നാൽ എല്ലാ സ്വയംനിയന്ത്രണത്തെയും അച്ചടക്കാധികാരമായി വായിക്കുന്നത് വർഗീകരണത്തിലെ പിഴവാണ്. ഒരാൾ മോഷ്ടിക്കാതിരിക്കുന്നത് പോലീസിനെ ഭയന്നാകാം, അല്ലെങ്കിൽ അത് തെറ്റാണെന്ന് തിരിച്ചറിഞ്ഞിട്ടാകാം. കള്ളം പറയാതിരിക്കുന്നത് സാമൂഹിക നിരീക്ഷണത്തെ ഭയന്നാകാം, അല്ലെങ്കിൽ സിദ്ഖ് എന്ന മൂല്യത്തോടുള്ള പ്രതിബദ്ധത കൊണ്ടാകാം. തഖ്വ ബാഹ്യ നിരീക്ഷണത്തെക്കുറിച്ചുള്ള ഭയമല്ല, അല്ലാഹുവിന്റെ സാന്നിധ്യബോധത്തിൽ നിന്നുണ്ടാകുന്ന ആന്തരിക ഉത്തരവാദിത്വമാണ്. അതിനാൽ ഇസ്ലാമിക സ്വയംശിക്ഷണത്തെ ഫൂക്കോളിയൻ നിരീക്ഷണത്തിന്റെ (surveillance) മതപരമായ പതിപ്പായി ചുരുക്കാനാവില്ല. രണ്ടിലും വ്യക്തി സ്വയം നിയന്ത്രിക്കുന്നവനാകുന്നുണ്ടെങ്കിലും അടിത്തറകൾ വ്യത്യസ്തമാണ്. ഒന്നിൽ നിരീക്ഷണവും അധികാരബന്ധവും, മറ്റതിൽ അല്ലാഹുവിനോടുള്ള ഉത്തരവാദിത്വവും ആത്മസംസ്കരണവും.
വിമർശനം, അറിവ്, ഉത്തരവാദിത്വം
ഫൂക്കോളിയൻ വായനയിലെ ശക്തമായ ചോദ്യങ്ങളിലൊന്ന് ഇതാണ്, "നിനക്ക് അദബില്ല" എന്ന ആരോപണം വാദത്തിന്റെ ഉള്ളടക്കത്തിൽ നിന്ന് ശ്രദ്ധ മാറ്റി സംസാരിക്കുന്നവന്റെ സാമൂഹിക സ്ഥാനത്തിലേക്ക് ചർച്ചയെ തിരിക്കുന്നുണ്ടോ? ഈ സാധ്യത യാഥാർഥ്യത്തിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ വിമർശനവും അപമാനവും ഒന്നല്ല, ചോദ്യം ചെയ്യലും അനാദരവും ഒന്നല്ല, വിയോജിപ്പും വൈരാഗ്യവും ഒന്നല്ല. ഇസ്ലാമിക അദബ് വിമർശനത്തെ ഇല്ലാതാക്കുന്നില്ല, അതിന് ഒരു നൈതിക വ്യാകരണം നൽകുകയാണ് ചെയ്യുന്നത്. മൂസാ നബിയോടും ഹാറൂൻ നബിയോടും ഫിർഔനോട് സംസാരിക്കാൻ ഖുർആൻ നിർദേശിക്കുന്നത് മൃദുവായ വാക്കാണ്:
فَقُولَا لَهُ قَوْلًا لَيِّنًا (ത്വാഹാ 44)
"നിങ്ങൾ ഇരുവരും അവനോട് സൗമ്യമായ വാക്ക് പറയുക."
അധികാരത്തിന്റെ പ്രതീകമായ ഫിർഔനോടു പോലും സംസാരിക്കുമ്പോൾ ഭാഷയുടെ നൈതികത കാത്തുസൂക്ഷിക്കണമെന്നാണ് ഇവിടെ പഠിപ്പിക്കുന്നത്. ഫിർഔന്റെ അധികാരം ന്യായമാണെന്ന് ഇതിനർത്ഥമില്ല. സത്യത്തിന്റെ നൈതികത അതിനെ എതിർക്കുന്നവന്റെ ഭാഷയെയും നിയന്ത്രിക്കുന്നു എന്നാണ് ഇതിനർത്ഥം. അതിനാൽ ചില സന്ദർഭങ്ങളിൽ അദബ് അധികാരത്തെ സംരക്ഷിക്കുന്നതിനു പകരം അധികാരത്തെ എതിർക്കുന്നവനെയും ധാർമിക ഉത്തരവാദിത്വത്തിന് വിധേയനാക്കുന്നു.
അറിവിന്റെ സാധുതയെക്കുറിച്ചുള്ള ചർച്ചയിൽ ഫൂക്കോളിയൻ സമീപനം ശ്രദ്ധേയമായ ഒരു നിരീക്ഷണം മുന്നോട്ടുവയ്ക്കുന്നതായി കാണാം. സാമൂഹിക സ്ഥാപനങ്ങൾ പലപ്പോഴും സംസാരിക്കുന്നവന്റെ പദവിക്ക് അമിത പ്രാധാന്യം നൽകുന്നു. ഒരേ വാദം പ്രൊഫസറിൽ നിന്ന് വരുമ്പോൾ "വിദ്വത്തായ അഭിപ്രായ"മായും വിദ്യാർത്ഥിയിൽ നിന്ന് വരുമ്പോൾ "അനാദരവാ"യും വായിക്കപ്പെടാം. ഇസ്ലാമിക ജ്ഞാനശാസ്ത്രത്തിന്റെ അടിസ്ഥാനതത്വങ്ങൾ ഈ പ്രശ്നത്തെ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. സത്യം സംസാരിക്കുന്നവന്റെ സാമൂഹിക പദവിയുടെ ഉടമസ്ഥതയിലുള്ളതല്ല. ഹുജ്ജ എന്ന സങ്കൽപ്പം ഇതുമായി ബന്ധപ്പെടുത്തി മനസ്സിലാക്കണം. ഒരു വാദത്തിന്റെ സത്യത അതിന്റെ വക്താവിന്റെ പ്രായം, വംശം, സാമൂഹിക സ്ഥാനം എന്നിവ കൊണ്ടുമാത്രം നിർണയിക്കപ്പെടുന്നില്ല. അതേസമയം അറിവിന്റെ മേഖലയിലെ വൈദഗ്ധ്യത്തിനും ഇസ്ലാം പ്രാധാന്യം നൽകുന്നു. അതിനാൽ രണ്ട് അതിരുകളും ഒഴിവാക്കേണ്ടതുണ്ട്: "മുതിർന്നവൻ പറഞ്ഞതുകൊണ്ട് ശരി" എന്ന അധികാരവാദവും, "എല്ലാ അഭിപ്രായങ്ങൾക്കും ഒരേ ജ്ഞാനശാസ്ത്രപരമായ ഭാരമുണ്ട്" എന്ന സമതലവാദവും. അദബ് ജ്ഞാനത്തെ ജനാധിപത്യവൽക്കരിക്കുകയല്ല; ജ്ഞാനത്തോടുള്ള ഉത്തരവാദിത്വം സ്ഥാപിക്കുകയാണ് ചെയ്യുന്നത്. വിദ്യാർത്ഥിക്ക് അധ്യാപകനെ ചോദ്യം ചെയ്യാം, പക്ഷേ ചോദ്യം അറിവിനുവേണ്ടിയായിരിക്കണം, അപമാനിക്കാനാകരുത്. അധ്യാപകൻ വിദ്യാർത്ഥിയുടെ വിയോജിപ്പ് പരിഗണിക്കണം, പദവി ഉപയോഗിച്ച് ആ ചോദ്യത്തെ ഇല്ലാതാക്കരുത്. രണ്ട് സാഹചര്യങ്ങളിലും അദബ് നിലനിൽക്കുന്നു.
അദബ് അധികാരത്തെ സംരക്ഷിക്കുന്നു എന്ന ആരോപണത്തിന് ഇസ്ലാമിക ചരിത്രം തന്നെ ഒരു മറുപടി നൽകുന്നുണ്ട്. പണ്ഡിതപരമ്പര എല്ലായ്പ്പോഴും അധികാരത്തെ അനുകൂലിച്ചിരുന്നില്ല. ഭരണാധികാരിയുടെ തെറ്റ് ചൂണ്ടിക്കാണിക്കുക, അനീതിക്കെതിരെ നിലകൊള്ളുക, അറിവിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്നിവ ഇസ്ലാമിക നൈതിക പാരമ്പര്യത്തിൽ പ്രസക്തമായ വിഷയങ്ങളാണ്. അതിനാൽ അദബ് "അധികാരിയെ എതിർക്കരുത്" എന്ന നിയമമല്ല, എങ്ങനെ എതിർക്കണം എന്ന നൈതിക ചോദ്യം കൂടിയാണ്. ഫൂക്കോളിയൻ വിമർശനം "അധികാരം സംസാരത്തെ എങ്ങനെ നിയന്ത്രിക്കുന്നു?" എന്ന് ചോദിക്കുമ്പോൾ, ഇസ്ലാമിക അദബ് അതോടൊപ്പം "സത്യം പറയുന്നവൻ സ്വന്തം നഫ്സിന്റെ അധികാരത്തെ എങ്ങനെ നിയന്ത്രിക്കും?" എന്നും ചോദിക്കുന്നു. ഭരണാധികാരിയുടെ അധികാരവും വിമർശകന്റെ അഹങ്കാരവും ഒരുപോലെ നൈതിക പരിശോധനയ്ക്ക് വിധേയമാണ്. ഈ അർത്ഥത്തിൽ അധികാരം സ്വയം ഒരു നൈതിക മാനദണ്ഡമല്ല. ഉയർന്ന സ്ഥാനത്താണെന്നതുകൊണ്ടുമാത്രം ഒരാൾ ആദരിക്കപ്പെടേണ്ടവനാകുന്നില്ല. ആ സ്ഥാനത്തിന് നിശ്ചയിച്ചിട്ടുള്ള ഉത്തരവാദിത്വം നിറവേറ്റുമ്പോഴാണ് സ്ഥാനത്തിന്റെ നൈതിക അർത്ഥം പൂർണമാകുന്നത്. അതുകൊണ്ട് ഇസ്ലാമിക അദബ് ലംബമായ അനുസരണത്തിന്റെ (vertical obedience) മാതൃക മാത്രമല്ല, അതിന് തിരശ്ചീനമായ നൈതിക മാനവുമുണ്ട്. അധ്യാപകനും വിദ്യാർത്ഥിക്കും, ഭരണാധികാരിക്കും ജനങ്ങൾക്കും, പണ്ഡിതനും സമൂഹത്തിനും പരസ്പരം ഉത്തരവാദിത്വങ്ങളുണ്ട്. അദബിന്റെ യഥാർത്ഥ ചോദ്യം "ആരാണ് മുകളിൽ?" എന്നതല്ല, "ആർക്കാണ് ആരോടുള്ള എന്ത് ഉത്തരവാദിത്വം?" എന്നതാണ്.
അപ്പോൾ ഇത് ഫൂക്കോളിയൻ വിമർശനത്തെ പൂർണമായി തള്ളിക്കളയുന്നില്ല. അതിന്റെ പരിമിതി ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്യുന്നത്. അദബിന്റെ പേരിൽ അധികാര ദുരുപയോഗം നടക്കാം. പ്രായത്തിന്റെ പേരിൽ അനാവശ്യമായ മൗനം ആവശ്യപ്പെടാം. മതപദവി വിമർശനത്തിൽ നിന്നുള്ള സാമൂഹിക കവചമായി മാറാം. "മര്യാദ" എന്ന വാക്കുപയോഗിച്ച് യുക്തിസഹമായ വിമർശനത്തെ തടയാനും കഴിയും. ഈ സാധ്യതകൾ ഗൗരവമായി പരിശോധിക്കേണ്ടതാണ്. എങ്കിലും ഒരു ആശയത്തിന്റെ ദുരുപയോഗം അതിന്റെ അടിസ്ഥാന അർത്ഥത്തെ നിർവചിക്കുന്നില്ല. നിയമം ദുരുപയോഗിക്കപ്പെടാം എന്നതുകൊണ്ട് നിയമം സ്വഭാവത്താൽ തന്നെ അധികാരശിക്ഷണമാണെന്ന് പറയാനാവാത്തതുപോലെ, അദബ് ദുരുപയോഗിക്കപ്പെടുന്നു എന്നതുകൊണ്ട് അദബ് അടിസ്ഥാനപരമായി അധികാരശിക്ഷണമാണെന്നും പറയാനാവില്ല. ഇവിടെ ആവശ്യമായത് അദബിന്റെ normative criterion കണ്ടെത്തുകയാണ്. ഒരു പെരുമാറ്റം അദബാണോ എന്ന് നിർണയിക്കേണ്ടത് അത് അധികാരത്തെ സംരക്ഷിക്കുന്നുണ്ടോ എന്നതുകൊണ്ടുമാത്രമല്ല, നീതി, സത്യം, വിനയം, ഉത്തരവാദിത്വം, കരുണ, ആത്മസംസ്കരണം എന്നിവയുമായി അതിനുള്ള ബന്ധം കൊണ്ടുകൂടിയാണ്.
അദബിനെക്കുറിച്ചുള്ള ചർച്ചയിൽ മുന്നോട്ടുവയ്ക്കപ്പെടുന്ന reflexive adab എന്ന ആശയം, അദബിന്റെ പേരിൽ വിയോജിപ്പുകളെ അടച്ചുപൂട്ടാതെ അതിന്റെ കാമ്പിനെ ഉൾക്കൊള്ളുന്ന ആത്മപരിശോധനാപരമായ അദബാണ്. ഇസ്ലാമിക കാഴ്ചപ്പാടിൽ ഈ ആശയം ഒരു പടികൂടി വികസിപ്പിക്കാം, അദബ് reflexive മാത്രമല്ല, responsible കൂടിയാണ്. "ഞാൻ അധികാരത്തെ സംരക്ഷിക്കുകയാണോ?" എന്ന് സ്വയം ചോദിക്കുന്നതിനൊപ്പം, താൻ സത്യത്തോടും സംസാരിക്കുന്ന വ്യക്തിയോടും നീതി പുലർത്തുന്നുണ്ടോ, എതിർക്കുന്ന വ്യക്തിയുടെ മാന്യത സംരക്ഷിക്കുന്നുണ്ടോ, തന്റെ വിമർശനം നഫ്സിന്റെ പ്രകടനമായി മാറുന്നുണ്ടോ, താൻ അന്വേഷിക്കുന്നത് അറിവാണോ സ്വന്തം വിജയമാണോ, അധികാരത്തെ ചോദ്യം ചെയ്യുമ്പോൾ താൻ തന്നെ ഒരു പുതിയ അധികാരരൂപമായി മാറുന്നുണ്ടോ എന്നും അത് ചോദിക്കുന്നു. ഈ ചോദ്യങ്ങൾ ഇസ്ലാമിക അദബിന്റെ കൂടുതൽ ആഴമുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. അദബ് മൗനത്തിന്റെ സംസ്കാരമല്ല, സംസാരത്തിന്റെ നൈതികതയാണ്. അത് അധികാരത്തിന് കീഴടങ്ങലല്ല, അധികാരത്തെയും അധികാരവിമർശനത്തെയും ഒരുപോലെ നൈതിക ഉത്തരവാദിത്വത്തിന് വിധേയമാക്കലാണ്.
ഇവിടെ അദബിനെക്കുറിച്ചുള്ള ഫൂക്കോളിയൻ വിമർശനം ഒരു പ്രധാന മുന്നറിയിപ്പ് നൽകുന്നുണ്ട്. മര്യാദയുടെ പേരിൽ അധികാരബന്ധങ്ങളെ സ്വാഭാവികമാക്കാനും വിമർശനത്തെ തടയാനും കഴിയും. ആ മുന്നറിയിപ്പ് അവഗണിക്കേണ്ടതില്ല. എന്നാൽ ഇസ്ലാമിക അദബിന്റെ ആന്തരിക ഘടന പരിശോധിക്കുമ്പോൾ അതിന്റെ ഉറവിടം മനുഷ്യാധികാരം മാത്രമല്ലെന്നും അന്തിമ മാനദണ്ഡം ദൈവിക നീതിയാണെന്നും കാണാം. അദബിന്റെ യഥാർത്ഥ വിപരീതം അനുസരണക്കേടല്ല, അഹങ്കാരമാണ്. അതിന്റെ ലക്ഷ്യം മിണ്ടാതാക്കലല്ല, സത്യത്തെ ശരിയായ രീതിയിൽ സംസാരിക്കാൻ മനുഷ്യനെ പരിശീലിപ്പിക്കലാണ്. അധികാരശ്രേണിയെ സംരക്ഷിക്കലല്ല, ഓരോ സ്ഥാനത്തെയും അതിന്റെ ഉത്തരവാദിത്വവുമായി ബന്ധിപ്പിക്കലാണ്. അതിനാൽ അദബിനെ "ആരാണ് ആരെ നിയന്ത്രിക്കുന്നത്?" എന്ന ഫൂക്കോളിയൻ ചോദ്യത്തിൽ മാത്രം ഒതുക്കാതെ, "മനുഷ്യൻ സത്യത്തോടും ദൈവത്തോടും മറ്റുള്ളവരോടും സ്വന്തം നഫ്സിനോടും എങ്ങനെ ഉത്തരവാദിത്വമുള്ള ബന്ധം സ്ഥാപിക്കുന്നു?" എന്ന ഇസ്ലാമിക ചോദ്യത്തിലൂടെയും വായിക്കണം. അങ്ങനെ വായിക്കുമ്പോൾ അദബ് അധികാരത്തിന്റെ ഭാഷയിൽ നിന്ന് പുറത്തുവന്ന് അസ്തിത്വത്തിന്റെ നൈതിക വ്യാകരണമായി മാറുന്നു. മനുഷ്യൻ തന്റെ സ്ഥാനം തിരിച്ചറിയുന്നതോടൊപ്പം ആ സ്ഥാനത്തോടൊപ്പം വരുന്ന ഉത്തരവാദിത്വവും തിരിച്ചറിയുന്ന ജ്ഞാനശാസ്ത്രവും ആത്മസംസ്കരണവും സാമൂഹിക നൈതികതയുമായി അദബിനെ കാണണം.