KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

ഫുതൂഹ് അൽ ഹറമയ്നി; ഇസ്ലാമിക തീർത്ഥാടനങ്ങളും ടോപോഗ്രഫിയും

മുഹമ്മദ് സിറാജുറഹ്മാൻ നൂറാനി

Pélerins allant à la Mecque by Léon Belly

ഇസ്ലാമിക പുണ്യഭൂമികളുടെ ദൃശ്യാവിഷ്കാര പ്രതിനിധാനങ്ങളുടെയും ചിത്രവിവരണങ്ങളുടെയും (Topography) ദൃഷ്ടിപരമായ ഓർമകളുടെയും (Optical memory) ഏറിയ പങ്കും മക്കയെയും പരിസരങ്ങളെയും കേന്ദ്രീകരിച്ചാണ് എന്നതിൽ അസ്വഭാവികത ആരോപിക്കപ്പെടാൻ സാധ്യതയില്ല. വിശ്വാസികളുടെ മുഖ്യമായ ആരാധനകളായ നിസ്കാരത്തിന്റെയും ഹജ്ജ് കർമത്തിന്റെയും മറ്റും നിർവഹണത്തിലെ പ്രാധാന്യത്തൊടൊപ്പം കഅബയുടെ ദിശയിലേക്ക് അഭിമുഖീകരിച്ചുള്ള മരണാനന്തര സംസ്കരണരീതിയെയും ഇതിന്റെ നിദാനമായി പ്രമുഖ ആർട്ട് ചരിത്രകാരനായ ഡേവീഡ് ജെ. റോക്സ്ബർഗ്(David J. Roxburgh) നിരീക്ഷിക്കുന്നുണ്ട്. ഇത്തരം ദൃശ്യാവിഷ്കാര പ്രതിനിധാനങ്ങളുടെ ആവൃത്തിയിൽ തുടർന്നുവരുന്ന മദീനയെക്കാൾ ബൈത്തുൽ മുഖദ്ദസ് പ്രപഞ്ചശാസ്ത്രപരവും(Cosmological) യുഗാന്ത ശാസ്ത്രപരവുമായി (Eschatological) മക്കയോട് കിടപിടിക്കുന്നുമുണ്ട്.



എന്തായാലും, പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ആധുനികഘട്ടത്തിന്റെ ആദ്യകാലം വരെയുളള ലഭ്യമായ ഇസ്ലാമിക തീർത്ഥാടനയാത്രകളുടെ ടോപോഗ്രഫിക്കൽ വിവരണങ്ങൾ മക്ക,മദീന,ഖുദ്സ് എന്നീ പുണ്യഭൂമികളിലൊതുങ്ങാതെ ദർഗാ സംസ്കാരവുമായി (Dargah Culture) ബന്ധപ്പെട്ട് വികാസം പ്രാപിച്ചതായി നിരീക്ഷിക്കാനാവും. 1787 - 88 കാലയളവിലെ ഒരു ടോപോഗ്രഫിയിൽ സയ്യിദ് മുഹമ്മദ് ചിശ്തി മേൽ പ്രതിപാദിച്ച മൂന്നു പുണ്യഭൂമികളൊടൊപ്പം അലിയ്യ് ബ്നു അബീത്വാലിബ് (റ) വിന്റെ അന്ത്യ വിശ്രമസ്ഥാനമായ നജാഫടക്കം നിരവധി പള്ളികളും മറ്റും അടയാളപ്പെടുത്തിയത് ഉദ്ദാഹരണം. തീർത്ഥാടനങ്ങളിൽ വഹിക്കാവുന്ന ഏറ്റവും ലളിതമായ മനുഷ്യനിർമിതികളിലൊന്ന് എന്ന നിലയിൽ കടലാസുകളിലെ പകർത്തലുകളിലൂടെയും ബ്ലോക്ക് പ്രിന്റിലൂടെയും മറ്റും ഇത്തരം ടോപോഗ്രഫികൾ ജനകീയവുമായിരുന്നു.



മധ്യകാലത്തിനു ശേഷമുള്ള മക്ക, മദീന എന്നിവിടങ്ങളുടെയും പരിസരങ്ങളുടെയും കാലാനുക്രമമായ മാറ്റങ്ങൾ അപഗ്രഥിക്കുക എന്നതിനുമപ്പുറം ഒരു ചരിത്ര ഉപാദാനം എന്ന നിലയിൽ ടോപോഗ്രഫികൾ അതിലെ എഴുത്തുകളിലുടെ വക്കാലത്ത് (പ്രതിനിധി) ഹജ്ജ് നിർവഹണങ്ങളെയും യാത്രാ വിവരണങ്ങളെയും രേഖപ്പെടുത്തുന്നുണ്ട്. അയ്യൂബി, സെൽജൂക്ക്, മംലൂക് കാലങ്ങളിലെ ടോപോഗ്രഫികളിൽ ഇവ്വിഷയകമായി കൂടുതൽ ഉദ്ദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനാവും.



അപ്പോഴും, ഇത്തരം ചിത്രവിവരണങ്ങൾ പുണ്യസ്ഥലങ്ങളിലെ കർമങ്ങളെക്കുറിച്ചും അതിന്റെ സമകാലീനമായ സ്വീകാര്യതയെക്കുറിച്ചും ഇതരസംവാദമണ്ഡലങ്ങളെ സംബന്ധിച്ചും മറ്റും ആപേക്ഷികമായി വലിയ വിവരങ്ങൾ കൈമാറുന്നില്ല എന്ന പരിമിതി നിലനിൽക്കുന്നുണ്ട്. ഇത്തരമൊരു വിമർശനം നിലനിൽക്കുമ്പോഴും, അവകളിലൂടെ സംവേദനം ചെയ്യപ്പെടുന്ന സംസ്കാരിക അർത്ഥങ്ങളും ഭക്തിയും ഏറെ പ്രാധാന്യമർഹിക്കുന്നതാണ് എന്ന വസ്തുത പരിഗണനീയമാണ്.


മക്ക, മദീന തുടങ്ങിയ പുണ്യസ്ഥലങ്ങളുടെ ചിത്രവിവരണങ്ങളുടെ സ്വാധീനം പ്രസ്തുത പ്രദേശങ്ങളുടെ ഭൂമിശാസ്ത്രത്തെ മതപരമായ ഭൂപ്രകൃതിയാക്കി രൂപപ്പെടുത്തുകയും തീർത്ഥാടന സ്ഥലങ്ങളെ അവയുടെ പ്രതീകാത്മക ഘടനകളിലൂടെ അവതരിപ്പിക്കുകയും ഫലത്തിൽ ഒരു കൂട്ടം മതപരമായ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ആധികാരികത ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. അതൊടൊപ്പം അത്തരം ടോപോഗ്രഫികൾ ജീവിച്ചിരിക്കുന്ന അനുഭവങ്ങളുടെ അനുബന്ധമായി പ്രവർത്തിക്കുക വഴി മനസ്സിന്റെയും ശരീരചലനങ്ങളുടെയും ഓർമ്മകൾ സജീവമാക്കുകയും സാങ്കൽപ്പിക യാത്രകൾക്ക് വിശ്വാസികളെ പ്രാപ്തമാക്കുകയും ചെയ്തിരുന്നു.


ഫുതൂഹ് അൽ ഹറമയ്നി; രചനയുടെ പശ്ചാത്തലങ്ങൾ


മുഹ്‌യിദ്ദീൻ ലാറി (മരണം : ഹി. 933 / 1526-27) പേർഷ്യൻ ഭാഷയിൽ തയ്യാറാക്കിയ ഹജ്ജ് തീർത്ഥാടന കേന്ദ്രങ്ങളുടെ കാവ്യാത്മക വിവരണമായ ഫുതൂഹ് അൽ ഹറമയ്ൻ അന്നത്തെ ഗുജറാത്ത് സുൽത്താനായിരുന്ന മുസഫർ ബിൻ മഹമൂദ് ഷായുടെ (ഭരണം : ഹി.911/1505-1506) പേരിൽ സമർപ്പിക്കപ്പെടുന്നത് ഇന്ത്യൻ സമുദ്രതീരങ്ങളിലെ പോർച്ചുഗീസ് കോളനീകരണ ശ്രമങ്ങൾക്കിടയിലാണ്. വാസ്കോഡ ഗാമ ഏഷ്യലേക്കുള്ള നാവിക സഞ്ചാരമാർഗം കണ്ടെത്തിയതിനെത്തുടർന്ന്, ഈജിപ്തിലെ മംലൂക്കുകളും പോർച്ചുഗീസ് നാവികസേനയും തമ്മിൽ രൂപപ്പെട്ട അറേബ്യൻ - ഇന്ത്യൻ തീരങ്ങളിലെ അധികാരത്തർക്കത്തിൽ ഗുജറാത്തിലെ സുൽത്താൻമാരും ഭാഗഭാക്കായിരുന്നു. ഇതിനു മുമ്പോ ശേഷമോ ഗുജറാത്ത് ഭരണാധികാരികളിൽ ഒരാൾ മക്കയിൽ വിശാലമായ ഒരു പഠനകേന്ദ്രവും(മദ്രസ) സൂഫി സത്രവും സ്ഥാപിച്ചതായി ഫുതൂഹ് അൽ ഹറമയ്നിയുടെ ഒരു ചിത്രവിവരണ പകർപ്പിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നതായി റാച്ചൽ മിൽസ്റ്റൈയ്ൻ (Rachel Milstein) പരാമർശിക്കുന്നുണ്ട്.


1516 - 1517 കാലഘട്ടത്തിൽ മംലൂക് ഭരണകൂടം നാമാവശേഷമാവുകയും 1540- കൾ മുതൽ ഇന്ത്യൻ മഹാസമുദ്രത്തിലെ രാഷ്ട്രീയ കിടമത്സരം ഓട്ടോമൻ - പോർത്തുഗീസ് ദ്വന്ദ്യത്തിൽ കേന്ദ്രീകരിക്കുകയും ചെയ്തതോടെയാണ് സമുദ്രാനന്തര ഹജ്ജ് യാത്രകൾ സാമാന്യം സുരക്ഷിതവും സുഗമവുമായി തീരുന്നത്.



തുടർന്നുള്ള പതിറ്റാണ്ടുകളിൽ ഭരണകൂടം ശക്തിപ്പെട്ടതോടെ തങ്ങളുടെ അധികാരപരിധിയിലെ ഹജ്ജ് തീർത്ഥാടകരുടെ സംരക്ഷണം മുഗൾ ഭരണാധികാരികൾ ഏറ്റെടുക്കുകയും കപ്പലേർപ്പെടുത്തിയും സൗജന്യമായും ജനങ്ങളെ മക്കയിലേക്ക് അയക്കുകയും ചെയ്യുന്നുണ്ട്. 1570 ൽ അക്ബർ "മീർ ഹജ്ജ് " എന്ന തസ്തിക ആരംഭിക്കുകയും പാവപ്പെട്ടവരിൽ നിന്ന് കുറഞ്ഞ പണം ഈടാക്കിയും സൗജന്യമായും ഹജ്ജ് യാത്രകൾ തരപ്പെടുത്തുകയും ചെയ്തതായും കാണാം. 1576-82 കാലയളവിൽ ഇതിനായി മാത്രം അന്നത്തെ ആറരലക്ഷം അനുവദിച്ചതായും രേഖകളുണ്ട്. ഔറംഗസീബിന്റെ മകൾ സൈഫുന്നീസയും ഷാജഹാന്റെ ഭാര്യ മുംതാസും അടക്കം രാജകുടുംബത്തിലെ വനിതകൾ ധാരാളം ദരിദ്രരുടെ യാത്രാ ചിലവുകൾ വഹിച്ചതും ഇതിന് പുറമേയാവണം. 1500 യാത്രക്കാരെ വരെ വഹിക്കാൻ ശേഷിയുള്ള കപ്പലുകളടക്കം അന്ന് "ബാബുൽ മക്ക" എന്നു പോലും വിശേഷിപ്പിക്കപ്പെട്ടിരുന്ന ഗുജറാത്തിലെ സൂറത്തിൽ നിന്ന് പുറപ്പെട്ടിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ തീർത്ഥാടന വിപണികളിലൂടെയും അല്ലാതെയും ലാറിയുടെ ഗ്രന്ഥം വിപുലമായി പ്രചാരം സിദ്ധിക്കുകയും ജനകീയമാവുകയും ചെയ്തിരിക്കണം.


ഉള്ളടക്കവും പകർപ്പെഴുത്തുകളിലെ പ്രവണതകളും

ലാറി അലങ്കാര ഭാഷാസങ്കേതങ്ങൾ (ornate language) ഉപയോഗിച്ച് രചിച്ച ഈ കാവ്യത്തിലെ ചില ആവർത്തനങ്ങൾ വിരസത സൃഷ്ടിക്കുന്നുണ്ടെങ്കിലും മതകീയ സ്വഭാവത്തിലൂന്നിയ ഉയർന്ന വൈകാരിക രൂപകങ്ങളാൽ(emotional metaphors) ഗ്രന്ഥം സമൃദ്ധമാണെന്ന് റാച്ചൽ മിൽസ്റ്റൻ(Rachel Milstein) നിരീക്ഷിക്കുന്നു. നിർബന്ധിതവും ആചാരപരവുമായ ഹജ്ജിന്റെ അനുഷ്ഠാനങ്ങളെ അവയുടെ ശരിയായ ക്രമത്തിൽ ഈ കാവ്യം പൂർണ്ണമായി വിവരിക്കുകയും താൻ സന്ദർശിച്ച ഇടങ്ങളെ ഗ്രന്ഥകർത്താവ് കൂടുതൽ സംക്ഷിപ്തമായി പരിഗണിക്കുകയും ചെയ്യുന്നുണ്ട്. അപ്പോഴും, അതിശയോക്തി കലർന്നതും ആത്മീയ വാക്ചാതുര്യത്തോടെയുമുള്ള വിവരണവും വ്യക്തമായ വിശദാംശങ്ങളുടെ അഭാവവും ഫുതൂഹ് അൽ ഹറമയ്നിയെ സങ്കീർണമാക്കുന്നു എന്നു കാണാം. വ്യാകരണപരമായ ദുർബലത മൂലം കവിയുടെ ഭാഷ എല്ലായ്പ്പോഴും മനസ്സിലാക്കാൻ സാധിക്കാത്തത് ഗ്രന്ഥത്തിന്റെ വിവിധ പകർപ്പുകൾക്കിടയിലുള്ള പൊരുത്തക്കേടുകൾക്ക് ഭാഗികമായെങ്കിലും നിദാനമായി എന്നു ഇവിടെ കരുതേണ്ടി വരും. പകർപ്പെഴുത്തുകാർക്ക് മനസ്സിലാക്കാൻ കഴിയാത്ത വാക്കുകൾക്ക് ബദലുകൾ നൽകപ്പെട്ടതും തെറ്റായി പകർത്തപ്പെട്ടതും ചെയ്തത് അങ്ങനെയാവണം.



ഇതിന്റെയൊക്കെ പുറമേ കൈയെഴുത്തുപ്രതികൾ തമ്മിലുള്ള താരതമ്യത്തിൽ വ്യത്യസ്ത ആരംഭങ്ങളുള്ള ഫുതൂഹ് അൽ ഹറമയ്നിയുടെ രണ്ട് പ്രധാന പാഠഭേദങ്ങളും ഇന്ന് ലഭ്യമാണ്. വ്യതിരക്തതകളൊടൊപ്പം സമാനതകളും പുലർത്തുന്ന ഇവകൾ ഒരു പക്ഷേ മക്കയിലും നിന്നും മറ്റു പ്രദേശങ്ങളിൽ നിന്നും രണ്ടു കാലഘട്ടങ്ങളിലായി പകർത്തിയതാവാം. അനേകം വരികൾ തിരുത്തപ്പെട്ടതും വാക്യങ്ങളുടെ ക്രമം ചില ബെയ്ത്തുകൾക്കുള്ളിൽ മാറുന്നതും ഉദ്ദാഹരണം. ഗുലാം സയ്യിദ് അലി ,അൽ ഹുസൈനി പോലെയുള്ള പകർപ്പെഴുത്തുകാർ സാമാന്യം വലിയ ആമുഖവും ഗദ്ദ്യഖണ്ഡികകളും ചിത്രവിവരണങ്ങളും ചരിത്രവിവരങ്ങളും കൂട്ടിച്ചേർത്ത് ഫുതൂഹ് അൽ ഹറമയ്നിയുടെ പാഠം (text) തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നതും ഉന്നയിക്കുന്നതും കാണാം. അതോടൊപ്പം, പകർപ്പെഴുത്തുകളിൽ സ്വതവേ സംഭവിക്കുന്ന സാമ്യതയില്ലായ്മ ഈ ഗ്രന്ഥത്തിന്റെ പകർപ്പുകളിലും വന്നിട്ടുണ്ട്.


ചിത്രീകരണങ്ങളിലെ സ്വാധീനങ്ങൾ

ഫുതൂഹ് അൽ ഹറമയ്നിയിലെ വരികൾ കറുത്ത മഷിയിലും ഖുർആനിക വചനങ്ങൾ, പ്രാർഥന, അധ്യായങ്ങളുടെ നാമം എന്നിവ ചുവപ്പ് , മഞ്ഞ നിറങ്ങളിലും എഴുതുന്ന മിക്ക പ്രതികളിലും 15 - 20 വരെ തീർത്ഥാടനസ്ഥലങ്ങളുടെ ചിത്രീകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പച്ച, നീല, കറുപ്പ്, കുങ്കുമം, സുവർണ നിറങ്ങളിലാണ് പകർപ്പുകളിലെ മിക്ക ചിത്രീകരണങ്ങളും. ജനകീയമല്ലാത്ത ചില തീർത്ഥാടന കേന്ദ്രങ്ങളുടേത് ഒഴിച്ചുനിർത്തിയാൽ എല്ലാ കൈയെഴുത്തുപ്രതികളിലും ചിത്രീകരണങ്ങളുടെ രീതി അടിസ്ഥാനപരമായി ഒരുപോലെയാണ് എന്നു കാണാം. കാവ്യത്തിലെ പരാമർശങ്ങളുടെ ക്രമമനുസരിച്ചും ഹജ്ജ് കർമങ്ങളുടെ ക്രമമനുസരിച്ചും ക്രമീകരിച്ചിരുന്ന പകർപ്പുകളൊടൊപ്പം ലാറി തന്റെ കാവ്യത്തിൽ പരാമർശിക്കാത്ത മസ്ജിദുൽ അഖ്സയുടെയും പ്രവാചകരുടെ പാദരക്ഷകളുടെ മാതൃകയുടെയും ചിത്രീകരണങ്ങൾ ചില കയ്യെഴുത്തുപ്രതികളിൽ കാണാൻ സാധിക്കും. തങ്ങളുടെ ചിത്രങ്ങൾ കൂടുതൽ വിവരദായകമാവാൻ ദൃശ്യങ്ങൾക്ക് പൊതുസ്വഭാവം കൊണ്ടുവരാനും അനുബന്ധമായി അറബി, പേർഷ്യൻ ഭാഷകളിൽ എഴുത്തുകളും ഉപയോഗിക്കാൻ ചിത്രകാരന്മാർ തയ്യാറായിരുന്നു. ഉദ്ദാഹരണത്തിന് പൂർണ്ണ വൃത്തം, ചതുരം, പടികളുടെ രൂപം എന്നിവ യഥാക്രമം ആഴമുള്ള കിണർ, വലുതും ആഴം കുറഞ്ഞതുമായ കുളം, ആഴത്തിലുള്ള സംഭരണി എന്നീ ജലസ്രോതസ്സുകളെയാണ് സൂചിപ്പിക്കുന്നത്. അതേസമയം, ജന്നത്തുൽ ബഖീഅ്, ജന്നത്തുൽ മുഅല്ല പോലോത്തവയുടെ ചിത്രീകരണങ്ങളിൽ ഒരു സ്മാരകത്തിന്റെ വലിപ്പവും രൂപവും അലങ്കാരവും അതിന്റെ ആപേക്ഷികമായ പ്രാധാന്യം പ്രതിഫലിപ്പിക്കുന്നുണ്ട്. പകർപ്പുകളിലെ ഓട്ടോമൻ - അയ്യൂബിദ് കാലിഗ്രഫിയുടെയും കലകളുടെയും അലങ്കാരരീതികളുടെയും സ്വാധീന്യവും ശ്രദ്ധേയമാണ്.


പകർപ്പുകളുടെ അച്ചടി സംബന്ധിയായ വിവരങ്ങളിലെ (Colophon) പരാമർശങ്ങൾ പ്രകാരം ചിത്രകാരന്മാരിൽ പകുതിയിലധികം മക്കയിൽ ചിത്രങ്ങളും മറ്റും തയ്യാറാക്കി ഉപജീവനമാർഗം കണ്ടെത്തിയിരുന്ന ഇറാൻ- ഇന്ത്യൻ സ്വദേശികളായ മുജവ്വിർ (mujawirun) കലാകാരന്മാരാണ്. വ്യത്യസ്ത ചിത്രശൈലികളും മറ്റും ഇവരിൽ പലരും പകർപ്പെഴുത്തുകാരുമായി ഒന്നിച്ചിരുന്നില്ല എന്നതിലേക്കാവണം സൂചന നൽകുന്നത്. മക്ക, ഇസ്താംബുൾ, ഇന്ത്യ തുടങ്ങിയ ഇടങ്ങളിൽ നിന്ന് വ്യത്യസ്ത നിലവാരത്തിലുള്ള കടലാസുകളിൽ അച്ചടിച്ച പകർപ്പുകളിൽ പ്രാദേശികമായ അനുരണനങ്ങളും സംഭവിച്ചിട്ടുണ്ടാവും.


ചിത്രകാരന്മാരുടെ വ്യക്തിപരതയുടെ സ്വാധീനങ്ങൾക്കപ്പുറം വിവിധ കാലങ്ങളിലായി അച്ചടിക്കപ്പെട്ട ഫുതൂഹ് അൽ ഹറമയ്നിയുടെ പകർപ്പുകളിലെ ചിത്രീകരണങ്ങളിൽ വരുന്ന വ്യത്യാസങ്ങൾ മേൽ സൂചിപ്പിച്ച പോലെ തീർത്ഥാടനകേന്ദ്രങ്ങളിലെ വാസ്തുശില്പശാസ്ത്രത്തിലെ വികാസത്തെയാണ് കുറിക്കുന്നത്. ഈയൊരു പ്രവണത ദലാഇലുൽ ഖൈറാത്തിന്റെ പകർപ്പുകളിലും അതാതു കാലങ്ങളിലെ ഹജ്ജ് സാക്ഷ്യപത്രങ്ങളിലും കാണാം. അച്ചടി കേന്ദ്രങ്ങളെയും ശൈലിയെയും പരിഗണിക്കുമ്പോൾ ഇവകളുടെയൊക്കെ മുജവ്വിറുകളിൽ ഗണ്യമായ എണ്ണത്തെയും വംശാവലി ക്രമങ്ങളിലേക്ക് (genealogical order) നിരീക്ഷിക്കാനുമാവും.


മിക്ക പകർപ്പുകളിലും കാണാവുന്ന രണ്ടു പേജുകളിലായുള്ള (double page spread) ചിത്രങ്ങളുടെ സംവിധാനം, തീർത്ഥാടനകേന്ദ്രങ്ങളുടെ സ്ഥൂലനിരീക്ഷണരീതി (Birds eye view), സൂചകങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന ഫുതൂഹ് അൽ ഹറമയ്നിയിലെ ഡയഗ്രമാറ്റിക്( diagrammatic) ചിത്രീകരണങ്ങൾ 1465-ൽ തന്റെ വിയോഗത്തിന് മുമ്പ് മുഹമ്മദ് ഇബ്നു സുലൈമാൻ അൽ ജസൂലി(റ) തയ്യാറാക്കിയ "ദലാഇലുൽ ഖൈറാത്ത്" പകർപ്പുകളുമായും ഹജ്ജ് സാക്ഷ്യപത്രങ്ങളുമായും ഉണ്ടായേക്കാവുന്ന അനുകരണസാധ്യതകളിലേക്ക് വെളിച്ചം വീശുന്നുണ്ട്. ഹിജാസിലെ വഹാബി അധിനിവേശത്തിന് മുമ്പുള്ള ദർഗ സംസ്കാരത്തെ ഈ രണ്ടു ഗ്രന്ഥങ്ങളിലെ ചിത്രീകരണങ്ങളും കൃത്യമായി അടയാളപ്പെടുത്തുന്നു എന്നും കാണാം.


1676-ലെ സൂറത്തിൽ നിന്ന് പുറപ്പെട്ട ഹജ്ജ് യാത്രസംഘത്തിൽ ഔറംഗസീബിന്റെ പുത്രി സൈബുന്നീസയുടെ സഹയാത്രികനായിരുന്ന സാഫി ബിൻ വാലി തയ്യാറാക്കായ അനീസ് അൽ ഹുജ്ജാജ്, 1767 - 68 (ഹിജ്റ 1181)ൽ സ്ഥാപിക്കപ്പെട്ട അരീക്കോട് താഴത്തങ്ങാടി വലിയ പള്ളിയിലെ ചുമർ ചിത്രങ്ങൾ തുടങ്ങിയവയുടെ സ്വാധിനവും പ്രേരണയും മാതൃകയും കൃത്യമായി നിർണയിക്കൽ അൽപ്പം സങ്കീർണമാണെങ്കിലും ഫുതൂഹ് അൽ ഹറമയ്നി, ദലാഇലുൽ ഖൈറാത്ത്, ഹജ്ജ് സാക്ഷ്യപാത്രങ്ങൾ എന്നിവയൊടൊപ്പം ഇന്ത്യൻ മഹാസമുദ്രലോകത്തെ പ്രാദേശികാനന്തര വ്യവഹാരങ്ങളും അതിനു പിറകിൽ പ്രവൃത്തിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ തെറ്റാവില്ല.


അധിക വായനക്ക് :

Futuh-i Haramayn: sixteenth-century illustrations of the Hajj route, Rachel Milstein (Mamluks and Ottomans, Edited by J. Wasserstein and Ami Ayalon, Routledge Studies in Middle Eastern History, 2006)


Visualising the sites and monuments of Islamic pilgrimage, Devid J. Roxburgh, Aga Khan trust for culture


Futuh al-Haramayn:A Guide for Pilgrims, Nurul Iman Rusli (Curator of the Qur’an and Manuscript Gallery Islamic Arts Museum Malaysia), January 2022

Religion
History

Related Posts

Loading