KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

ഹദീസ് കൈമാറ്റത്തിന്റെ ചരിത്രം; ക്രോഡീകരണാനന്തര കാലത്തെ ആയിരം വർഷങ്ങൾ

ബാസിത് ഹംസ നൂറാനി

ഗോൾസിയർ (Ignaz Goldziher) മുതൽ ജോസഫ് ശാഖ്ത് (Joseph Scchaat) വരെയുള്ള ആദ്യകാല പഠനങ്ങളും പിന്നീട് ജെയ്ൻബോളിലൂടെ (Juynboll) ഹറാൾഡ് മോഡ്സ്കി ( Harald Motzki), ജോനാഥൻ ബ്രൗൺ (Jonathan Brown) എന്നിവരിൽ എത്തിനിൽക്കുന്ന പടിഞ്ഞാറൻ ഹദീസ് വായനയുടെ ശ്രദ്ധാബിന്ദുവും തിരുമൊഴികളുടെ ആധികാരികതയെ കുറിച്ചായിരുന്നു. ഹദീസിൻ്റെ ആധികാരികതയെ കുറിച്ചുള്ള അത്തരം ചർച്ചകൾ വ്യത്യസ്തങ്ങളായ രൂപകൽപ്പനകളിൽ അനവധി വ്യാഖ്യാനങ്ങളിലായി കഴിഞ്ഞ രണ്ടു നൂറ്റാണ്ട് കൊണ്ട് പാശ്ചാത്യലോകത്ത് വികസിച്ചു വന്നു. തിരുനബിയുടെ വാക്കുകൾ എങ്ങനെയാണ് ലോകത്തിൽ കൈമാറ്റം ചെയ്തു വന്നതെന്നും ഇസ്ലാമിക ചരിത്രത്തിൻ്റെ ഭാഗമായി അവകൾ എങ്ങനെയാണ് നിലനിന്നതെന്നും തുടങ്ങിയ ചർച്ചകൾ മാത്രമായിരുന്നു പ്രധാനമായും അവയിൽ നിഴലിച്ചു നിന്നിരുന്നത്. ജോർജ് മക്ദിസി (George Makdisi), റിച്ചാർഡ് ബുള്ളിയേറ്റ് (Richard Bulliet) തുടങ്ങിയവരുടെ ചർച്ചകൾ ഹദീസുകളെ ഒരു രണ്ടാംതര സ്രോതസ്സായിട്ടായിരുന്നു അഭിമുഖീകരിച്ചത്. വളരെ നിഷ്പക്ഷമായി ഹദീസ് സാഹിത്യത്തെ സമീപിച്ച ഗവേഷകരുമുണ്ട് :- ഗ്രഗർ ഷോളർ (Gregor Scheoler), ഹറാൾഡ് മോഡ്സ്കി ( Harald Motzki) തുടങ്ങിയവരുടെ പഠനങ്ങൾ അത്തരം സ്വഭാവമുള്ളതാണ്. എന്നാൽ ഗാരറ്റ്. എ. ഡേവിഡ്സൺ രചിച്ച Carrying on the tradition; a social and intellectual history of Hadith transmission across thousand years എന്ന പുസ്തകം പടിഞ്ഞാറൻ ഹദീസ് പഠനങ്ങളെ ഒരു പുതിയ വഴിത്തിരിവിലേക്ക് കൊണ്ടുവരികയാണ്. ഹദീസ് കൈമാറ്റത്തിന്റെ രൂപം, പ്രത്യയശാസ്ത്രം, കാരണങ്ങൾ, മാധ്യമങ്ങൾ, വ്യത്യസ്ത തരങ്ങൾ തുടങ്ങിയ സാഹിത്യപരവും ആന്തരികവുമായ അനല്പമായ ചർച്ചകൾ പങ്കിടുന്ന ആദ്യത്തെ പടിഞ്ഞാറൻ പഠനമായി നമുക്കിതിനെ വിശേഷിപ്പിക്കാം. ഹദീസുകളുടെ അന്തസത്തയെയാണ് ഡേവിഡ്സൺ അക്കാദമിക ലോകത്ത് പരിചയപ്പെടുത്തിയിരിക്കുന്നത്. സാഹിത്യ മേഖലയിലെ ഹദീസുകളുടെ പ്രാതിനിധ്യം അക്കാദമിക തലത്തിൽ വായിക്കാൻ വളരെ വൈകി എന്നു വേണം മനസ്സിലാക്കാൻ.


ഡേവിഡ്സൺ തൻ്റെ ആശയങ്ങളും അവയുടെ ഉത്ഭവവും, ഹദീസ് കൈമാറ്റത്തിന്റെ ചരിത്രാത്മക വംശാവലിയും വ്യത്യസ്തങ്ങളായ വിഭാഗങ്ങളിലെ പരിണാമവും അവതരിപ്പിക്കുവാൻ ഇബ്നു സലാഹിന്റെ മുഖദ്ദിമ പോലെയുള്ള മധ്യകാല മുസ്ലിം പണ്ഡിതരുടെ ഗ്രന്ഥങ്ങളെ മാത്രമല്ല അവലംബമാക്കുന്നത്. ഒഡിഷനുകൾ (audition), ബയോഗ്രഫിക് ഗ്രന്ഥങ്ങൾ (Tabaqat), കയ്യെഴുത്തുപ്രതികൾ, കാറ്റലോഗുകൾ, ഹദീസ് നിവേദനത്തിൻ്റെ ഇജാസത്തുകൾ തുടങ്ങിയ വിവിധങ്ങളായ സ്രോതസ്സുകളാണ് ഡേവിഡ്സൺ മുന്നോട്ട് വെക്കുന്നത്. വളരെ കൃത്യമായ വിശകലനം നൽകുക വഴി തൻ്റെ രചന അനുവാചകർക്ക് ഹൃദ്യമായ രീതിയിലാണ് അദ്ദേഹം രചിച്ചിട്ടുള്ളത്. ഏഴോളം അധ്യായങ്ങൾ അടങ്ങുന്ന അദ്ദേഹത്തിൻ്റെ പുസ്തകത്തെ പ്രധാനമായും മൂന്നു ഭാഗങ്ങളായി തിരിക്കാം. ഹദീസ് കൈമാറ്റത്തിന്റെ കാലക്രമാനുസരത്തിലാണ് അവകൾ തരംതിരിച്ചിട്ടുള്ളത്. ഹദീസുകളെ സംരക്ഷിക്കാൻ വേണ്ടിയായിരുന്ന ആദ്യകാലം മുതൽ ഹദീസ് ശൃംഖലയെ സംരക്ഷിക്കാൻ വേണ്ടിയുള്ള പിൽക്കാല വിവരണങ്ങളും അതിൽ ഉൾപ്പെടുന്നു. മുസ്ലിം നാഗരികതയെ മനുഷ്യചരിത്രത്തിൽ വ്യത്യസ്തമായി നിലനിർത്തുന്ന ഹദീസ് ശൃംഖലകളെ സംരക്ഷിക്കൽ ഒരു വലിയ ഘടകം തന്നെയായിരുന്നു. ഹദീസ് കൈമാറ്റത്തിന്റെ പരിണാമവും ശൃംഖലയുടെ പരിവർത്തന ഘട്ടങ്ങളുമാണ് ആദ്യഭാഗത്ത് ചർച്ച ചെയ്യുന്നത്. തികഞ്ഞ ഭക്തിയുടെയും ആത്മീയ ഉത്തേജനത്തിന്റെയും മാധ്യമമായിട്ടാണ് ഹദീസ് കൈമാറ്റത്തെ ആദ്യ കാലത്ത് മുസ്ലിം സമൂഹം സമീപിച്ചിരുന്നത് എന്ന് ഒന്നാം അധ്യായത്തിൽ ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ഹദീസ് ക്രോഡീകരണ കാലത്തിൻ്റെ തുടക്കത്തിൽ ഉണ്ടായ ഹദീസ് നിവേദന രീതി കാലഹരണം ചെയ്യപ്പെട്ടു പോകുമോ എന്നതുമായി ബന്ധപ്പെട്ട സംവാദങ്ങളും കൂട്ടിച്ചേർക്കുന്നുണ്ട്. രണ്ടാമത്തെ അധ്യായത്തിൽ ഹദീസ് ക്രോഡീകരണാനന്തരം നിലവിൽ വന്ന മാറ്റങ്ങളും ഇസ്നാദിൻ്റെ ഉപയോഗവും സാധ്യതകളുമാണ് പരിചയപ്പെടുത്തുന്നത്. ഹദീസ് നിവേദനത്തിനായി ഇജാസത്തുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത് ഈ കാലയളവിലാണ്. ക്രോഡീകരണാനന്തര സംസ്കാരത്തിൽ (Post Canonical Culture) ഇജാസത്തുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും ഇജാസത്ത് സ്വീകരിക്കൽ ഒരു പുണ്യകർമ്മമായും ഭക്തിയുടെ ഭാഗമായും മാറുന്നതും ഡേവിഡ്സൺ വിവരിക്കുന്നുണ്ട്. രണ്ടാം ഭാഗത്തിലെ അധ്യായങ്ങളിൽ പ്രധാനമായും രണ്ട് വിഭാഗം ടെസ്റ്റുകളെ കുറിച്ചാണ് ഡേവിഡ്സൺ സംസാരിക്കുന്നത്. ഒന്ന്, ഹദീസ് സമാഹാരങ്ങൾ ഉദാ:-40 ഹദീസുകളുടെ സമാഹാരങ്ങൾ, രണ്ട്, കാറ്റലോഗ് രചനകൾ. ഇവ രണ്ടും ഹദീസ് കൈമാറ്റത്തിന്റെ വേഗതയെ എങ്ങനെയാണ് സ്വാധീനിച്ചതെന്നും നേരിട്ട് ക്ലാസുകളിൽ പങ്കെടുക്കാതെ തന്നെ ഇജാസത്തുകൾ മുഖേന ആളുകളിലേക്ക് ഹദീസുകൾ വ്യാപിച്ചതിനെ കുറിച്ചുമാണ് ചർച്ച ചെയ്യുന്നത്. അവസാന ഭാഗത്തെ അധ്യായങ്ങളിൽ ആധുനിക കാലത്ത് ഹദീസ് കൈമാറ്റത്തിന്റെ സാധ്യതകളും അതിനെതിരെയുള്ള ഉൽപതിഷ്ണുക്കളുടെ ആശയങ്ങളെയുമാണ് അവലോകനം ചെയ്യുന്നത്.



മതനവീകരണ ശ്രമങ്ങളുടെ ഭാഗമായി എല്ലാ വിശ്വാസങ്ങളെയും യുക്തിയുടെ മാപ്പിനി വെച്ച് അളക്കുന്ന ഇത്തരം ബിദഈ ആധുനികവാദികളുടെ ശ്രമങ്ങൾ എങ്ങനെയാണ് ഹദീസ് കൈമാറ്റത്തെ സ്വാധീനിച്ചതെന്നും ലേഖകൻ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ആധുനിക കാലത്ത് സ്വഹീഹുൽ ബുഖാരിയുടെയും മറ്റു സ്വിഹാഹ് ഗ്രന്ഥങ്ങളുടെയും ഇജാസത്തുകൾ കൈമാറുന്നതിൽ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ഇജാസകളും സമാഅകളും ആധുനികതയുടെ തുടക്കത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സജീവമായിരുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഹദീസ് കൈമാറ്റത്തിന്റെ പരിണാമത്തിലെ ഭൂമിശാസ്ത്രപരമായുള്ള സ്വാധീനങ്ങളായി ഗണിക്കപ്പെടുന്നു.


ഈ പുസ്തകത്തിൻ്റെ പ്രധാന ഉള്ളടക്കം ഹദീസ് ക്രോഡീകരണാനന്തരം മുതൽ നവീകരണഘട്ടം വരെയുള്ള കഴിഞ്ഞ ആയിരം വർഷങ്ങളിലെ ഹദീസ് കൈമാറ്റത്തിന്റെ ചരിത്രമാണ്. ഈ ചരിത്രം മനുഷ്യ ചരിത്രത്തിലെ കേവലം ഒരു അദ്ധ്യായം മാത്രമല്ല, മറിച്ച് വളരെ സൂക്ഷ്മമായ കണ്ണികൾ കൊണ്ട് കോർത്തിണക്കപ്പെട്ട സുന്ദരമായ മുസ്ലിം പാരമ്പര്യത്തിന്റെ കൂടി അടയാളമാണ്. ഇസ്നാദ് എന്ന ആശയം ക്രോഡീകരണാനന്തരം കാലഹരണം ചെയ്യപ്പെട്ടു പോയിട്ടില്ലെന്നും അവ ഇന്നും പ്രവാചകരിലേക്കുള്ള ജീവിക്കുന്ന ലിങ്കുകളായി വർത്തിക്കുന്നുവെന്നും ഡേവിഡ്സൺ വരച്ചുകാട്ടുന്നു. തന്റെ പുസ്തകത്തിൽ പ്രധാനമായും ആധുനിക ഹദീസ് പണ്ഡിതരിലെ അൽബാനിയുടെ സ്വാധീനത്തെ കുറിച്ച് ഡേവിഡ്സൺ സംസാരിക്കുന്നുണ്ട്. അൽബാനിയുടെ ഹദീസ് ക്ലാസുകൾ തൻ്റെ കേൾവിക്കാരെ ടെക്സ്റ്റുമായി ബന്ധിപ്പിക്കുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറിച്ച് ഹദീസ് കൈമാറ്റം ചെയ്തു വന്ന കണ്ണികളിലെ നിവേദകരുമായി ബന്ധിപ്പിക്കുന്നതിൽ അൽബാനി താൽപര്യം കാണിക്കുന്നില്ലെന്നും ഡേവിഡ്സൺ ശ്രദ്ധിക്കുന്നു. ആധുനിക കാലത്ത് ഇജാസ സമ്പ്രദായത്തിന് വലിയ ആഘാതം സൃഷ്ടിക്കാൻ ഇത് കാരണമായിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തുന്നു. മുസൽസലാത്ത് പോലെയുള്ള ഹദീസ് ശാഖയിൽ വളരെ വലിയ സ്വാധീനം ചെലുത്തിയ ഇന്തോനേഷ്യൻ പണ്ഡിതൻ യാസീൻ അൽ ഫാദാനിയുടെ പ്രവർത്തനങ്ങൾ ഡേവിഡ്സൺ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ അതേ സമയം ആധുനിക ഹദീസ് ലിറ്ററേച്ചറിൽ മഹത്തായ സംഭാവനകൾ നൽകിയ ടർക്കിഷ് പണ്ഡിതൻ നൂറുദ്ദീൻ അൽ ഇസ്റിനെ പോലെയുളള പണ്ഡിതരെ പരാമർശിക്കാതെ പോയത് സങ്കടകരമാണ്.



എന്തുകൊണ്ട് ഞാൻ എന്നും ഹദീസ് പണ്ഡിതരായി നിലകൊള്ളുന്നു? ഹദീസ് പണ്ഡിതനായിരിക്കുക എന്നതിൻ്റെ വിവക്ഷ എന്താണ്? ഹദീസുകൾ കൈമാറ്റം ചെയ്യുന്നതിനുള്ള ഇജാസകൾ എല്ലാവർക്കും സ്വീകരിക്കാമോ? അതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും സംവാദങ്ങളും എന്താണ്? ക്രോഡീകരണാനന്തര കാലത്തെ ഇജാസകൾക്ക് അത്തരത്തിലുള്ള നിബന്ധനകൾ ആവശ്യമാണോ? എന്ന് തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾക്കുള്ള മറുപടിയും പരിഹാരവും ഡേവിഡ്സൺ ഉൾക്കൊള്ളിക്കുന്നുണ്ട്. ഇജാസകൾ കേവലം ഒരു ഐഡന്റിറ്റി മാത്രമല്ല, പണ്ഡിതോചിതമായ നിലവാരത്തിന്റെയും ധാർമികമായ മൂല്യങ്ങളുടെയും അംഗീകാരം കൂടിയാണ്. അതുകൊണ്ടുതന്നെ അവകൾ സ്വീകരിക്കുന്നവർ അതിന് അർഹരാകണമെന്ന് ഡേവിഡ്സൺ ഊന്നിപ്പറയുന്നുണ്ട്. Carrying on the tradition എന്ന കൃതി ഹദീസ് സാഹിത്യത്തിൻ്റെ വളരെ വിപുലമായ അർത്ഥതലങ്ങളെയാണ് ആധുനിക ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുന്നത്. ഹദീസ് കൈമാറ്റ ചരിത്രത്തെ നൂതന രീതിശാസ്ത്രമുപയോഗിച്ച് കൊണ്ട് അവതരിപ്പിച്ച ഈ കൃതി പടിഞ്ഞാറൻ ഹദീസ് സമീപനങ്ങൾക്ക് പുതിയ ഉൾക്കാഴ്ച നൽകുമെന്നതിൽ സംശയമില്ല. ഇനിയും ഇത്തരത്തിലുള്ള നല്ല സംഭാവനകൾ പടിഞ്ഞാറൻ ലോകത്തു നിന്ന് ഉണ്ടാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

Book Review
Religion
Hadith Literature

Related Posts

Loading