KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

ഹജ്ജ് സാക്ഷ്യപത്രങ്ങൾ; രൂപവും രൂപാന്തരങ്ങളും

മുഹമ്മദ് സിറാജുറഹ്മാൻ നൂറാനി

ഹജ്ജ് നിർവഹണ കാലയളവിലെ വിശുദ്ധ നഗരങ്ങളുടെ ചിത്രീകരണങ്ങൾ ഉൾക്കൊള്ളുന്നതോ, പ്രത്യേകമായി പരാമർശിക്കുന്നതോ ആയ കയ്യെഴുത്തു പ്രതികൾ, ഛായാചിത്രങ്ങൾ തുടങ്ങിയവ മധ്യകാലം മുതൽക്കെയുള്ള ഇസ്ലാമിക തീർത്ഥാടന അനുഭവങ്ങളുടെ വായനകൾക്കുള്ള ഒരു മുഖ്യസ്രോതസ്സായാണ് കണക്കാക്കപ്പെടുന്നത്. മക്കയുടെയും മദീനയുടെയും ഫോട്ടോഗ്രാഫുകൾ, ചിത്രീകരണങ്ങൾ ഉൾപ്പെട്ട പോസ്റ്റ്കാർഡുകൾ, പോസ്റ്ററുകൾ, ടൈലുകൾ തുടങ്ങിയവയും ഇവകളൊടൊപ്പം ഈ വർഗീകരണത്തിൽ ചേർത്തു വെക്കാനാവും.


ഇത്തരത്തിൽ, മുഹ്‌യിദ്ദീൻ ലാറിയുടെ ഫുതുഹ് അൽ ഹറമയ്നി പോലെയുള്ള, വഴികാട്ടി ഗ്രന്ഥമായും (Guidebook) ജ്ഞാപകക്കുറിപ്പായും (Memento) പ്രവർത്തിച്ചിരുന്ന ടോപോഗ്രഫി കയ്യെഴുത്തുപ്രതികളിലെ ചിത്രീകരണങ്ങൾ മക്കയുടെ ദേശഭാവന വിദൂരതയിലും വിശ്വാസികൾക്ക് സാധ്യമാക്കിയിരുന്നു എന്നു കാണാം. പരാമർശിത ഗ്രന്ഥത്തിലെ പേർഷ്യൻ ഭാഷയിലുള്ള കർമ വിശദീകരണങ്ങൾ (text) വായനക്കാരനും അവലംബകനും വിശുദ്ധദേശങ്ങളുടെ ആത്മീയ ജൈവികത കൈമാറാൻ മാത്രമുള്ള ഊർജം ഉൾവഹിക്കുന്നത് ശ്രദ്ധിക്കാനാവും. ഹജ്റുൽ അസ്‌വദ് ചുംബിച്ചപ്പോൾ "ഞാൻ ഒരു പുഴുവായി, അവൻ(അല്ലാഹു) പ്രകാശമുള്ള മെഴുകുതിരിയായി" എന്ന ലാറിയുടെ പരാമർശം ഉദ്ദാഹരണം. ഫുതൂഹ് അൽ ഹറമയ്നിയോടു സമാനമായി, ദക്ഷിണേഷ്യൻ തീർത്ഥാടകരുടെ സൗകര്യാർഥം 1907-ൽ ഇന്ത്യൻ ഫോട്ടോഗ്രാഫറായിരുന്ന ഹുസൈൻ മിർസ ഹജ്ജ് കേന്ദ്രങ്ങളുടെയും ഹിജാസിലെ മറ്റ് പുണ്യഭൂമികളുടെയും ഫോട്ടോഗ്രാഫുകളെ ഒരു ഉറുദു കവിതയ്ക്കൊപ്പം സംവിധാനിച്ചതായി കാണാം.


siraj-hajj-1.jpg/

ഒരു തലത്തിൽ ചിന്തിക്കുമ്പോൾ തീർത്ഥാടനം നിർവഹിച്ചവർക്ക് ദൃഷ്ടിപരമായ ഓർമകൾ (Optical memory) പിൽക്കാലത്ത് ഉണർത്തുന്ന സ്രോതസ്സായി മേൽ പ്രതിപാദിച്ച പ്രതികളും സമസ്വഭാവം പുലർത്തുന്നവയും വർത്തിച്ചിരിക്കണം. ഈ ഇനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി കടലാസ് ചുരുളുകളിൽ തയ്യാറാക്കപ്പെട്ടിരുന്ന ഹജ്ജ് സാക്ഷ്യപത്രങ്ങളെ കണക്കാക്കേണ്ടതുണ്ട്.


ഒരു വ്യക്തി മക്കയിലേക്കുള്ള തീർത്ഥാടനത്തിൽ പങ്കെടുത്തുവെന്നും അതിന്റെ പൂർത്തീകരണത്തിന് ആവശ്യമായ ആചാരങ്ങൾ അനുഷ്ഠിച്ചുവെന്നും സാക്ഷ്യപ്പെടുത്തുന്ന ശൈലിയിലുള്ള നിയമപരമായ രേഖകളാണ് ഹജ്ജ് സർട്ടിഫിക്കറ്റുകൾ. പതിനൊന്നാം നൂറ്റാണ്ട് മുതൽ അവ നിലവിലുണ്ട് എന്നാണ് അനുമാനിക്കപ്പെടുന്നത്. ഇത്തരത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ, തീർത്ഥാടകർക്ക് സാധാരണയായി കടലാസുകളിൽ എഴുതി തയ്യാറാക്കിയ ഹജ്ജ് സർട്ടിഫിക്കറ്റുകൾ ലഭിച്ചതായി കാണാം. സ്വയം ഹജ്ജ് പൂർത്തിയാക്കി എന്ന നിലയിലും മറ്റൊരാളുടെ പേരിൽ ഒരു വ്യക്തി അത് നിർവഹിച്ചു എന്ന രീതിയിലും മദീനയിൽ ചെന്ന് പ്രവാചകരെയും സന്ദർശിച്ചിട്ടുണ്ടെന്ന് പരാമർശിക്കുന്നതായും മൂന്ന് തരങ്ങളായി ഈ സാക്ഷ്യപത്രങ്ങളെ പൊതുവിൽ വർഗീകരിക്കാനുമാവും.


siraj-hajj-2.jpg/

ആദ്യകാല മാതൃകകളായ പന്ത്രണ്ടാം നൂറ്റാണ്ടിലെ സാക്ഷ്യപത്രങ്ങളിൽ ഹജ്ജിന്റെ ഓരോ കേന്ദ്രങ്ങളിലും തീർഥാടകൻ സ്വീകരിച്ച കൃത്യമായ പ്രവർത്തനങ്ങൾ അതോടൊപ്പമുള്ള വാചകത്തിൽ വ്യക്തമാക്കുന്നുണ്ട്. മറ്റു ചില സാക്ഷ്യപത്രങ്ങളിൽ ഖുദ്സ്, നജാഫ്, കർബല പോലുള്ള മറ്റു പ്രദേശങ്ങളും ഉൾപ്പെടുത്തപ്പെട്ടിരുന്നു. അവകളിൽ പലതും ഫുതുഹ് അൽ ഹറമയ്നിയിൽ അവലംബിച്ചിരിക്കുന്ന ദ്വിമാന രീതിയിലും (Two-dimensional) പരന്ന പ്രാതിനിധ്യ ശൈലിയിലുമാണ് (flat style of representation) ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.


ഫുതുഹ് അൽ ഹറമയ്നിയുടെ കയ്യെഴുത്തുപ്രതികളുടെ പശ്ചാത്തലത്തിൽ ആദ്യകാലങ്ങളിലെ ഹജ്ജ് സർട്ടിഫിക്കറ്റുകളിൽ മിക്കതും മക്കയിൽ തന്നെ നിർമ്മിച്ചതാവാനുള്ള സാധ്യത കൂടുതൽ തെളിയുന്നുണ്ട്. 1853-ൽ മക്കയിലുണ്ടായിരുന്ന ബ്രിട്ടീഷ് യാത്രികൻ റിച്ചാർഡ് ഫ്രാൻസിസ് ബർട്ടൺ (Richard Francis Burton), വിശുദ്ധകേന്ദ്രങ്ങളെ ചിത്രീകരിക്കുന്ന അത്തരം ഇന്ത്യൻ കലാകാരന്മാരുടെ സാന്നിധ്യത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. അതേസമയം തന്റെ ഹജ്ജ് യാത്രയ്ക്ക് ശേഷം, ഹിജ്റ വർഷം1250 (1834/1835 സി.ഇ.) ൽ മരണപ്പെട്ട ഓട്ടോമൻ കാലിഗ്രാഫർ മുഹമ്മദ് ശാക്കിർ ആണ് ഓട്ടോമൻ ശൈലിയിലുള്ള കൈയെഴുത്തുപ്രതികൾ മക്കയിൽ സൃഷ്ടിച്ചത് എന്ന വീക്ഷണം ചരിത്രകാരനായ ടിം സ്റ്റാൻലി (Tim Stanley) മുന്നോട്ടു വെക്കുന്നതായും കാണാം. ഹജ്ജ് സാക്ഷ്യപത്രങ്ങളിലെ ചിത്രീകരണങ്ങൾക്ക് ദലാഇലുൽ ഖൈറാത്ത് പ്രതികളുടെ സ്വാധീനങ്ങളും സവിശേഷമായി ഇവിടെ പരാമർശിക്കേണ്ടതാണ്.


പതിനഞ്ചാം നൂറ്റാണ്ടിലെ ചിത്രമുള്ള ഒരു രേഖ മുഹമ്മദ് ഇബ്നു അബ്ദുല്ലാഹ് അൽ സർദാലിയുടെ മകൾ മൈമൂന മക്കയിലേക്ക് തീർത്ഥാടനം നടത്തുകയും മദീന സന്ദർശിക്കുകയും ചെയ്തത് ഹിജ്റ 836-ൽ (1432/1433 സി.ഇ.) ആണെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. മക്കയുടെയും മറ്റു സ്ഥലങ്ങളുടെയും ചിത്രങ്ങൾ സഹിതം ചിത്രീകരിച്ചിരിക്കുന്ന ഈ സാക്ഷ്യപത്രം മതപരവും ഭൂമിശാസ്ത്രപരവുമായ വിവരങ്ങൾ സംയോജിപ്പിക്കുന്ന ഒരു ആകർഷകമായ രേഖയാണ് എന്നു പരിശോധനയിൽ മനസ്സിലാക്കാൻ സാധിക്കും. പ്രസ്തുത സാക്ഷ്യപത്രം മുസ്ലീം പുണ്യസ്ഥലങ്ങളെ കൃത്യമായും വിശദമായും പ്രതിനിധീകരിക്കുന്ന ചിത്രീകരണ പാരമ്പര്യത്തിൽ പെട്ടതാണ് താനും. കലാകാരൻ അതനുസരിച്ച് ഓരോ അന്ത്യവിശ്രമസ്ഥാനങ്ങളും ഇതര ആദരണീയ പ്രദേശങ്ങളും സാക്ഷ്യപത്രത്തിൽ ചിത്രീകരിക്കുകയും അടയാളപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്നു കാണാം.


siraj-hajj-3.jpg/

അച്ചടിച്ച ഹജ്ജ് സാക്ഷ്യപത്രങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് പ്രചാരത്തിലാവുന്നത്. മക്കയിലെ കഅബ, മദീനയിലെ മസ്ജിദുന്നബവി, ഖുദുസിലെ ഡോം ഓഫ് ദ റോക്ക് എന്നിവയുടെ ചിത്രങ്ങൾ 1920-ൽ പ്രസ് അൽ-മഷ്ഹദ് അൽ-ഹുസൈനി ലൈബ്രറി ആന്റ് പ്രിന്റിംഗ് അച്ചടിച്ചു പുറത്തിറക്കിയ ഹജ്ജ് സാക്ഷ്യപത്രത്തിൽ കാണാനാവും. ഇതിനു സമാനമായ 1930-ലോ അതിനുമുമ്പോ അബ്ബാസ് കരാറ എന്ന തീർത്ഥാടകന്റെ അച്ചടിക്കപ്പെട്ട ഈജിപ്ഷ്യൻ സാക്ഷ്യപത്രം ഖലീലി കലക്ഷൻസിൽ (Khalilli Collections) നിലവിൽ ലഭ്യമാണ്. കൈറോയിലെ ദാറു മിസ്ർ ലിൽ തിബായ അച്ചടിച്ച സാക്ഷ്യപത്രങ്ങളിലും കേന്ദ്രഭാഗം മസ്ജിദുൽ അഖ്സയും മസ്ജിദുന്നബവിയും കഅബയുമായാണ് ചിത്രീകരിച്ചിട്ടുള്ളത് എന്നു കാണാം.


കാലക്രമേണ ഹജ്ജ് സർട്ടിഫിക്കറ്റുകൾ കൂടുതൽ വർണ്ണാഭമായിത്തീർന്നു എന്നു നിരീക്ഷിക്കാൻ സാധിക്കും. തീർത്ഥാടകരിലൂടെ മുസ്ലീം ലോകമെമ്പാടും വിതരണം ചെയ്യപ്പെട്ടതിനാൽ, പുണ്യസ്ഥലങ്ങളുടെ മറ്റു കലാപരമായ ചിത്രീകരണങ്ങൾക്ക് അവ അവലംബമായി ഉപയോഗിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.


ചരിത്രപരമായി, ഹജ്ജ് സാക്ഷ്യപത്രങ്ങൾ തീർഥാടന പാതകളിലേക്കുള്ള ഭൂപടങ്ങളായും വഴികാട്ടികളായും വർത്തിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാക്കാനാവുന്നത്. പിന്നീടുള്ള സാക്ഷ്യപത്രങ്ങൾ ഓരോ സ്ഥലത്തും ഒരു തീർത്ഥാടകൻ അനുഷ്ഠിച്ച ആചാരങ്ങൾ പരാമർശിക്കുകയും ലംബമായ ക്രമത്തിൽ സ്ഥലങ്ങൾ ചിത്രീകരിക്കുകയുമാണ് ചെയ്തത് എന്നു കാണാം. എന്തായാലും, തീർഥാടകന്റെ ഭക്തിനിർഭരമായ കർമങ്ങളും പ്രവർത്തനങ്ങളും സ്ഥിരീകരിക്കുന്നതിലൂടെ, ഹജ്ജ് സർട്ടിഫിക്കറ്റുകൾ അനുഗ്രഹത്തിന്റെയും ആത്മീയ സായൂജ്യത്തിന്റെയും ഉറവിടമായിട്ടാവും വിശ്വസികൾ ഉൾക്കൊണ്ടിട്ടുണ്ടാവുക.


അവലംബം :

Hajj; Global Interactions Hajj through Pilgrimage, Edited by Luitgard Mols & Marjo Buitelaar, Mededelingen van het Rijksmuseum voor Volkenkunde, Leiden, ISBN 978-90-8890-285-7

Mamluks and Ottomans, Edited by J. Wasserstein and Ami Ayalon, Routledge Studies in Middle Eastern History, 2006

Hajj Certificates: A Beautiful History, Bayt al fann

Religion
History

Related Posts

Loading