"എൻറെ തീർത്ഥാടനം സ്വാതന്ത്ര്യത്തിലേക്കുള്ള കാൽവെപ്പായിരുന്നു. പുതിയ ഉൾക്കാഴ്ചകൾ ഇതെനിക്ക് സമ്മാനിച്ചു. രണ്ടാഴ്ച കാലത്തോളം ഈ വിശുദ്ധ ഭൂമിയിൽ ഞാൻ കണ്ട കാഴ്ചകൾ 39 വർഷക്കാലം അമേരിക്കയിൽ ഒരിക്കലും എനിക്ക് കാണാൻ സാധിക്കാത്തതായിരുന്നു. അവിടെ എല്ലാജാതിക്കാരും വിവിധ വർണമുള്ളവരും നീലക്കണ്ണുള്ളവരും തുടങ്ങി കറുത്തവരായ ആഫ്രിക്കൻ വംശജർ വരെ ഉണ്ടായിരുന്നു. എല്ലാവരും സാഹോദര്യത്തിലും ഐക്യത്തിലുമാണ്. ഞാൻ അവിടെ ദർശിച്ച, അനുഭവിച്ച ഈ സാഹോദര്യ ബോധമാണ് എന്നെ മുച്ചൂടും മാറ്റിമറിച്ചത്. എന്നെ ഒരു സഹോദരനായി കണ്ടതല്ല, മറിച്ച് സകല മനുഷ്യർക്കിടയിലും ദേശക്കാർക്കിടയിലും ഭാഷക്കാർക്കിടയിലും ഒരു സാഹോദര്യം മനോഭാവം അവിടെ നിലനിൽക്കുന്നുണ്ട് എന്നതാണ് എന്നെ ഏറെ ആകർഷിച്ചത്."
മാൽക്കം എക്സ് തന്റെ ആത്മകഥാകുറിപ്പ് അവസാനിപ്പിക്കുന്നത് ഹജ്ജ് അനുഭവങ്ങളിൽ നിന്നുള്ള ഈ ഭാഗം പരാമർശിച്ചു കൊണ്ടാണ്. അദ്ദേഹത്തിൻറെ ഹജ്ജ് അനുഭവങ്ങൾ കൂടുതൽ കരുത്തും പ്രചോദനവും നൽകുന്നതാണ്. മാൽക്കമിനെ പോലെ ഹജ്ജ് വിശേഷങ്ങളിൽ ആകൃഷ്ടരായി ഇസ്ലാമിലേക്ക് കടന്നുവന്ന ആളുകൾ നിരവധിയാണ്. മൈലുകളും കിലോമീറ്ററുകളും കപ്പലിലും കാൽനടയായും വാഹനപ്പുറത്തും യാത്ര ചെയ്തിരുന്ന തീർത്ഥാടക സംഘങ്ങൾ മക്കയിലും കഅ്ബയുടെ പ്രാന്ത പ്രദേശങ്ങളിലും സുരക്ഷിതത്വവും ആത്മീയാനുഭൂതിയുമാണ് കൈവരിക്കുന്നത്. അതിലുപരി വൈവിധ്യമാർന്ന സാമൂഹ്യ സംസ്കാരത്തിന്റെ സംഗമഭൂമി എന്ന നിലയിൽ മാനസികാവസ്ഥയെയും ധാരണകളെയും അത് മാറ്റിമറിക്കുന്നുമുണ്ട്. ഈ മാനസിക പരിവർത്തനത്തിന്റെ മന:ശാസ്ത്രപരമായ വീക്ഷണങ്ങളിലൂടെയാണ് ലേഖനം പുരോഗമിക്കുത്.
സുരക്ഷിതത്വം, വിമോചനം: ഹാജിയുടെ സന്തുലിത മനോഭാവം
പാക്ക് സാമ്പത്തിക വിദഗ്ദനായ ക്ലിംഗിഗ് സ്മിത്ത് (clinging Smith) ഒരു വേള ഹജ്ജിൽ ആളുകൾ അനുഭവിക്കുന്ന സുരക്ഷിതത്വ ബോധത്തെ (safety Sense) കുറിച്ച് ഗവേഷണം നടത്തുകയുണ്ടായി. ആൾകൂട്ടങ്ങൾക്കിടയിൽ (Crowd) തിങ്ങിനിൽക്കുമ്പോഴും സുരഷിതത്വ മാനസികാവസ്ഥക്കും സഹകരണ മനോഭാവത്തിനും തെല്ലും മങ്ങലേൽക്കുന്നില്ല. ഇത് ഒരുമിച്ച് കൂടിയ ജനങ്ങൾക്കിടയിലെ മുസ്ലിം സാമൂഹ്യ സ്വത്വബോധത്തിന്റെ പ്രകടമായ അനുരണനങ്ങളായാണ് അദ്ദേഹം വിലയിരുത്തുന്നത്.
മതവും അതിൻറെ ആചാരങ്ങളും ജനജീവിതത്തിന്റെ സകല തലങ്ങളെയും അഗാധമായി സ്പർശിക്കുന്നുണ്ടെന്ന തത്വജ്ഞാനികളുടെ വിചിന്തന വീക്ഷണങ്ങൾ മതകർമ്മങ്ങളെ മനശാസ്ത്രപരമായി സമീപിക്കാൻ പ്രേരകമായി. ഓസ്ട്രേലിയൻ മനശാസ്ത്രജ്ഞനായ റോബർട്ട് ഫോണ്ടാന (Robert Fontana) അഭിപ്രായപെടുന്നതു പ്രകാരം മനുഷ്യന്റെ ധാർമ്മിക നൈതിക മൂല്യങ്ങളെ രൂപപ്പെടുത്താനും വളർത്തിക്കൊണ്ടു വരാനും മതങ്ങൾക്ക് ചെറുതല്ലാത്ത പങ്കുണ്ടെന്നതാണ്. കൂടാതെ സ്വന്തം സ്വഭാവങ്ങളെ വീക്ഷിക്കാനും ജീവിതത്തിൻറെ ആത്യന്തിക ലക്ഷ്യം മനസ്സിലാക്കാനും ഈ ലോകത്തിനപ്പുറത്ത് പരലോക ജീവിതം വരാനിരിക്കുന്നുണ്ടെന്ന ബോധം നിലനിർത്താനും മതങ്ങൾ വിശ്വാസികളെ നിരന്തരം പ്രേരിപ്പിക്കുന്നു. ഓരോ നാടിന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും പ്രാതിനിധ്യമാണ് ഹജ്ജിന്റെ ഈ ലോക സമ്മേളനത്തിലൂടെ നിർവഹിക്കപ്പെടുന്നത്. ഓരോ മുസ്ലിമും ഹജ്ജിനെ ഒരു സുവർണ്ണ അവസരമായി നോക്കിക്കാണുന്നു. മനശാന്തിയുടെ ആത്മനിർവൃതിയുടെ അനിർവചനീയമായ ആത്മീയ അനുഭവമാണ് ഓരോ ഹജ്ജും വിശ്വാസിക്ക് സമ്മാനിക്കുന്നത്. ഹജ്ജിന്റെ ഓരോ കർമ്മങ്ങളും ചെയ്തുതീർക്കുമ്പോൾ ജീവിതത്തിൻറെ അർത്ഥങ്ങളെ കണ്ടെത്താനും ജീവിതവഴിയിലെ പ്രശ്നങ്ങളോട് സമരസപ്പെടാനുള്ള ആത്മവീര്യം ലഭിക്കുകയും ചെയ്യുന്നു. ഹജ്ജും അനുബന്ധ കർമ്മങ്ങളും മനുഷ്യൻറെ വൈയക്തികമായ മാനശാസ്ത്ര (Individual psychology) പുരോഗതിക്കും സാമൂഹിക സ്വത്വ രൂപീകരണത്തിനും സഹായകമാവുന്നുണ്ട്. ഹജ്ജ് യാത്ര ആരംഭിക്കുന്നത് മനസ്സിൽ നിന്നാണ്. അതൊരു സ്വപ്നമായാണ് തുടങ്ങുക പിന്നെ അടങ്ങാത്ത അഭിലാഷമായി അത് പരിവർത്തനം ചെയ്യപ്പെടുന്നു. അതിനുമുന്നിലെ പ്രായോഗിക തടസ്സങ്ങളെല്ലാം തകർത്തെറിയപ്പെടുന്നു. ഭൗതിക സൗകര്യങ്ങൾക്കുപരി മാനസികമായ ഒരുക്കങ്ങളാണ് ഹജ്ജിനെ സാധ്യമാക്കിയെടുക്കുന്നുണ്ട്.
സാമൂഹ്യ സമ്പർക്കവും മാനസിക പരിവർത്തനങ്ങളും
കഅബയെ ചുറ്റുന്നതും അറഫയിലെ ജനസംഗമവും കേവലമായ കൂടിപിരിയലുകളല്ല. സാമൂഹ്യശാസ്ത്രത്തിൽ നിന്നും നരവംശശാസ്ത്രത്തിൽ നിന്നും ഭിന്നമായി മന:ശാസ്ത്ര വ്യവഹാരങ്ങൾ കൂടെ ഹജ്ജനുഭവങ്ങളിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കും. യഥാർത്ഥത്തിൽ ജനസമ്പർക്കത്തിലൂടെ നവ്യാനുഭവങ്ങളോടൊപ്പം മനുഷ്യന്റെ കാഴ്ച്ചപ്പാടുകളിലും ധാരണകളിലും എന്താണ് പുന:ക്രമീകരിക്കപ്പെടുന്നത്. വിശേഷിച്ചും വിഭാഗീയ ചിന്തകളും നവീന ആശയങ്ങളും (Ideologies) നിരന്തരം ഉത്പാദിപ്പിക്കപ്പെടുന്ന ആഗോള വ്യാവസായികലോകത്ത് സഹജമായ മാനുഷിക സ്വഭാവത്തിന്റെ (ഫിത്റ) ശരിയായ പ്രകടനങ്ങളാണ് ഹജ്ജിന്റെ സന്ദർഭങ്ങൾ മാനവരാശിയോട് മുഴുവൻ വിളിച്ചു പറയുന്നത്.
ാശ്ചാത്യ സംസ്കാരം അതിൻറെ ലിബറൽ ജീവിതരീതി ജനങ്ങളെ പഠിപ്പിക്കുമ്പോൾ സാമൂഹികമായി അവർക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങളെയാണ് ഹജ്ജും അറഫയും തുടങ്ങിയുള്ള മാനവ സംഗമങ്ങൾ പുന:സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യർ അവരുടെ ആത്മീയമായ പരിഹാരങ്ങൾ തേടുന്നതോടൊപ്പം അവരുടെ സ്വത്വത്തെയും തിരിച്ചറിയുന്നു.
ഫ്രഞ്ച് പ്രതിഭാസ വിജ്ഞാനീയൻ ജോൺ ലോക്കിന്റെ സാമൂഹ്യ സമ്പർക്ക ദർശനം (Social Contact Theory) സാമൂഹ്യ മന:ശാസ്ത്ര വ്യവഹാരങ്ങളിൽ ഏറെ പ്രചാരം നേടിയതാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ മനുഷ്യരുടെ സജീവമായ സാമൂഹിക ഇടപെടലുകൾ അപരനോട് തോന്നുന്ന തെറ്റായ മുൻധാരണകളെ നിരന്തരം ധ്വംസിക്കുകയും യാഥാർത്ഥ്യത്തെ പുന:നിർമിക്കുകയും ചെയ്യുന്നുണ്ടെന്നാണ്. ഇതിനു സമാനമായി ഹജ്ജിന്റെ വിശുദ്ധ സംഗമങ്ങളിൽ പങ്കെടുക്കുന്ന ജനങ്ങൾക്ക് കേവലമായ സാമൂഹിക ഇടപെടലുകളിൽ നിന്ന് ഭിന്നമായി ആത്മീയവും വിശ്വാസപരവുമായ നൈതികതയുടെ സാന്നിധ്യം കൂടെ കാണാൻ സാധിക്കും. ഈ മതപരമായ നൈതിക പാഠങ്ങളുടെ പിൻബലം മാനുഷിക ബന്ധളുടെ വിശുദ്ധിയും ചാരുതയും കാത്തു സൂക്ഷിക്കുന്നുണ്ട്. സാധാരണ നഗരമധ്യത്തിലെ പുരുഷാര സ്വഭാവത്തിൽ നിന്ന് വിശുദ്ധയിടങ്ങളിലെ ജനസംഗമത്തെ വേർതിരിക്കുന്നത് ഈ മതാത്മകമായ മൂല്യങ്ങളാണ്.
ഫ്രഞ്ച് സാമൂഹ്യ മന:ശാസ്ത്രജ്ഞൻ (Social Psychologist) ജോൺ ചാൾസ് ടർണർ മുന്നോട്ടുവെക്കുന്ന തന്റെ വിഖ്യാതമായ സാമൂഹ്യ സ്വത്വസിദ്ധാന്ത (Social Identity Theory) മനുസരിച്ച് ഒരാൾക്ക് അദ്ദേഹം ഉൾചേർന്നിരിക്കുന്ന വിഭാഗത്തെ കുറിച്ചുള്ള ആലോചനകൾ പൊതുവായ സാമൂഹ്യ സ്വത്വരൂപീകരണത്തിലേക്ക് നയിക്കുമെന്നതാണ്. വിശേഷിച്ചും മതപരമോ വിശ്വാസപരമോ അനുഷ്ഠാനപരമോ ആയ സംഘശക്തി മനുഷ്യന്റെ സാമൂഹ്യ സ്വത്വ (Social Identity) ത്തെ നിർമിക്കുകയും ഒറ്റപ്പെടലിൽ നിന്നും ഏകാത്മകമായ സങ്കുചിത മനോഭാവത്തിൽ നിന്നും മോചനം നൽകുകയും ചെയ്യുന്നു. അതാണ് ഹജ്ജുൾപ്പെടെയുള്ള വിശുദ്ധ സംഗമങ്ങൾ മുസ്ലിം സ്വത്വത്തെ വളർത്തി കൊണ്ടുവരുന്നു എന്നു പറയുന്നതിലെ സാംഗത്യം.
നിറത്തിന്റെ പേരിൽ ലോകത്ത് വിവേചനങ്ങളും അടിച്ചമർത്തലുകളും അരങ്ങേറുന്നുണ്ട്. വംശ വെറിയുടെ പരിണിത ഫലങ്ങൾ വംശീയ ധ്വംസനങ്ങളിൽ വരെ എത്തി നിൽക്കുന്നു. ഇവിടെ വംശ-വർണ-വർഗ ഭേതമന്യേ എല്ലാവരും ഏകമനോഭാവത്തിൽ സംഘടിക്കുന്നത് സമത്വ പ്രതീകമായി മാറിയിരിക്കുന്നു. ഈയൊരു ഏകാത്മകത എല്ലാവരും ഏകനായ ദൈവത്തിന്റെ അടിമകളാണെന്നും മനുഷ്യർ സാമൂഹികമായി പരസ്പര പരിഗണനയർഹിക്കുന്നുണ്ടെന്നുമുള്ള പൊതു ബോധത്തെ വളർത്തിയെടുക്കാൻ സഹായിക്കുന്നുണ്ട്. മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണെന്ന നിലയിൽ സംഘടിതമായി നിൽക്കാനാണ് അവൻ ഏറെ താൽപര്യപ്പെടുന്നത്. ഈ താൽപര്യം അവന്റെ ജന്മനാലുള്ള സഹജഭാവത്തിന്റെ ഭാഗമാണ്. കൂടുതൽ സുരക്ഷിതത്വ മനോഭാവം സൃഷ്ടിക്കുന്നതിൽ പ്രസ്തുത സംഘടിത ബോധത്തിന്റെ പ്രാധാന്യം വലുതാണ്.
ോകത്ത് ഏറ്റവും കൂടുതൽ പ്രക്ഷോഭങ്ങൾ നടത്തപ്പെട്ടത് സമത്വത്തിന് വേണ്ടിയാണ്. ഇന്നും ഒരളവ് വരെ പരിഹരിക്കപ്പെടാത്ത സാമൂഹിക പ്രശ്ണവുമാണത്. തൊഴിലാളികളും സ്ത്രീകളും കറുത്ത വംശജരും കുട്ടികളും അടങ്ങുന്ന സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്ന് കാലങ്ങളായി മുറവിളി കൂട്ടിയിട്ടും പൂർണമായി നേടിയെടുക്കാൻ സാധിക്കാത്ത, സമത്വത്തിന്റെ ഋജുവായ മാതൃകയാണ് കഅബയുടെ സമീപത്തും അറഫയിലും നമുക്ക് കാണാൻ സാധിക്കുന്നത്. മാൽകം എക്സിനെ പോലുള്ള നിരവധി ആളുകൾ ഇസ്ലാമാശ്ലേഷണം നടത്തിയത് പ്രസ്തുത ഹജ്ജനുഭവങ്ങളിൽ ആകൃഷ്ടനായി കൊണ്ടാണല്ലോ. ഈ സമത്വ വിചാരം സമൂഹത്തിൽ അധമരെ അടിച്ചമർത്തി അധികാരം കൈയാളുന്ന സകല ഭരണ കർത്താക്കളോടുമുള്ള പുച്ഛമനോഭാവത്തെയാണ് സൃഷ്ടിക്കുന്നത്. ഈ സമത്വ സങ്കല്പത്തിന്റെ പ്രായോഗികത ഹജ്ജ് വേളയിലെ വസ്ത്രത്തിൽ പോലും പ്രകടമാണ്. സമ്പന്നരും പാവപ്പെട്ടവരും പണ്ഡിതനും പാമരനും അടിമയും ഉടമയും ഭരണകർത്താക്കളും ഭരണിയരും അടങ്ങുന്ന എല്ലാവരും ഒരേ വസ്ത്രധാരികളാണ്.
ഇടങ്ങളും ജനപെരുമാറ്റങ്ങളും
ാപ്പകലുകൾ വ്യത്യാസമില്ലാത്ത ജനനിബിഢമായ ഇടമാണ് കഅ്ബയുടെ പരിസരം. എല്ലാവർക്കും ഭക്തിനിർഭരമായ അനുഭൂതിയാണ് അനുഭവിക്കാൻ സാധിക്കുന്നത്. കഅ്ബയെ വലയം ചെയ്യുന്ന ഹാജിമാരുടെ ആകാശക്കാഴ്ച ഒരു ബിന്ദുവിനെ കേന്ദ്രമാക്കി വൃത്താകൃതിയിലുള്ള രേഖകളിൽ പ്രദിക്ഷണം ചെയ്യുന്ന ശുഭ്ര വസ്ത്ര ധാരികളെയാണ് കാണാൻ സാധിക്കുക. നിസ്കാര സമയങ്ങളിൽ ഈ വൃത്താകൃതിയിലുള്ള നിരകളെയും അവയുടെ ചലന വ്യത്യാസങ്ങളെയും വ്യക്തമായി തന്നെ മനസ്സിലാവും. ലോകത്തെവിടെയും ദർശിക്കപ്പെടാൻ സാധിക്കാത്തത്രയും മനോഹരമായ ജമാഅത്ത് നിസ്കാരമാണ് കഅബയുടെ പരിസരത്ത് അനുഭവപ്പെടുക. ഇസ്ലാമിൽ ദിനേന അഞ്ചു നേരങ്ങളിൽ നിർവഹിക്കേണ്ട ഈ പ്രാർത്ഥന സംഗമത്തിന്റെ മക്കാമോഡൽ ത്വവാഫിൻറെ ഇടത്തെ വിശേഷപ്പെടുത്തുന്നുണ്ട്. ഇത്തരം ജന പെരുമാറ്റത്തിന്റെ രീതിയിലും സ്വാധീനത്തിലും ചില വ്യത്യാസങ്ങളും കാണാം.
്വവാഫിന്റെ (കഅബയെ വലയം ചെയ്യൽ) വേളയിലെ ജനപെരുമാറ്റമാണ് ഇതിൽ പ്രധാനപ്പെട്ടത്. ജനങ്ങൾ പരസ്പരം വളരെ അടുത്തടുത്തായിട്ടാണ് നിസ്കാരവും ത്വവാഫുമെല്ലാം നിർവഹിക്കപ്പെടുന്നത്. എഡ്വേഡ് ഹാൾ (Edward Hall) നിരീക്ഷിക്കുന്ന ശരീരത്തിനോട് ഏറ്റവും അടുത്ത ഇടങ്ങളിലേക്ക് (Intimate space) പോലും ജനപെരുപ്പം മൂലം ആളുകൾ പ്രവേശിക്കുന്നു. ഇത്രമാത്രം തിരക്ക് അനുഭവിക്കുന്നതിനിടയിലും വീണ്ടും അടുക്കാൻ ശ്രമിക്കുന്ന ആളുകളെയും അവിടെ കാണാം. കഅബയുടെ ഒരു മൂലയിൽ സ്ഥിതിചെയ്യുന്ന ഹജറുൽ അസ്‌വദ് (സ്വർഗ്ഗത്തിൽ നിന്നും ഇറക്കപ്പെട്ടുവെന്ന് കരുതുന്ന പവിത്രമായ കല്ല്) ചുംബിക്കാനുള്ള തിടുക്ക സമാന പെരുമാറ്റത്തിലുള്ള ആൾക്കൂട്ടങ്ങളെ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം ഇടപരമായ സവിശേഷതകൾ ചിലപ്പോഴെല്ലാം അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ പോലും സാമൂഹിക സ്വത്വബോധവും വിട്ടുവീഴ്ച്ചാ മനോഭാവവും അതു തന്നെ പരിഹരിക്കുന്നു.
ഹജ്ജിന്റെ സന്ദർഭങ്ങളിൽ മറ്റൊരു സ്ഥല വിശേഷണം സാമൂഹിക സഹകരണ മനോഭാവമാണ് (social cooperation). തെരുവുകളിലും നഗരമധ്യങ്ങളിലും മറ്റു ജനസംഗമയിടങ്ങളിലുമുള്ള സഹകരണം അത്ര ആത്മാർത്ഥമാവുകയില്ല. വ്യാവസായികവൽക്കരണത്തിന്റെ (Industrialisation) അനന്തരഫലമായി മാനുഷിക സഹകരണ സ്വഭാവത്തെ കൂടുതൽ വാണിജ്യവൽക്കരിക്കപ്പെട്ടു. സ്വത്ത് താൽപര്യങ്ങൾക്ക് കൂടുതൽ മഹത്വം നൽകി അപരന്റെ കഷ്ടതകളും നിസ്സഹായതയും അന്യമായി മാറി. എല്ലാ പ്രവർത്തനങ്ങൾക്കും പ്രത്യുപകാരം ആവശ്യപ്പെടുകയോ പ്രതിഫലദായകമായ പ്രവർത്തനങ്ങളിൽ മാത്രം ഇടപെടുകയോ ചെയ്യുന്ന അനുകമ്പ ശൂന്യമായ യന്ത്ര മനുഷ്യരായി സമൂഹം മാറി തുടങ്ങി. ഇവിടെ സാമൂഹിക സഹകരണത്വം ഒരു അനിവാര്യതയായി മാറിക്കഴിഞ്ഞു. മതപരമായ മൂല്യങ്ങൾക്കു മാത്രമേ അതിൻറെ തനതായ ആവിഷ്കാരത്തിലേക്ക് എത്തിച്ചേരാൻ സാധിക്കു. വിശ്വാസപരമായ വിശുദ്ധയിടങ്ങളിലാണല്ലോ മതാത്മകമൂല്യങ്ങളുടെ പൂർണ്ണരൂപത്തെ ദർശിക്കാനാവുന്നത്. അതിന്റെ തെളിഞ്ഞ ഉദാഹരണമാണ് കഅ്ബയും പരിസരവും. കഅബയുടെ പരിസരത്ത് കാണപ്പെടുന്ന സഹകരണ സ്വഭാവമുള്ള ആളുകളെ കുറിച്ചും അവരുടെ സ്വാന്തന പ്രവർത്തനങ്ങളെക്കുറിച്ചുമെല്ലാം The road to macca എന്ന വിഖ്യാതമായ സഞ്ചാര സാഹിത്യത്തിൽ മുഹമ്മദ് അസദ് വിശദീകരിക്കുന്നുണ്ട്. മതങ്ങളുമായി ചേർന്ന് നിൽക്കുന്ന ഇടങ്ങളിൽ മാത്രമാണ് ജനങ്ങൾക്ക് ഇത്രയും നിസ്വാർത്ഥമായി സഹകരണ സ്വാന്തന പ്രക്രിയയിൽ ഏർപ്പെടാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. സഹകരണത്തിന്റെയും സ്വാന്തനത്തിന്റെയും മറ്റൊരു തലം ഇവിടെ പ്രസക്തമാണ് അത് പ്രവർത്തനത്തിനുള്ള പ്രതിഫലവുമായി ബന്ധപ്പെട്ടതാണ്. അപരനെ/സഹോദരനെ സഹായിക്കുക എന്നത് ഇസ്ലാമിൽ പുണ്യമുള്ളതായും പ്രതിഫലദായകമായും കരുതപ്പെടുന്നു. അപ്പോൾ മനുഷ്യർക്കിടയിലെ ഭൗതികമായ പാരസ്പര്യ ഇടപാടുകൾക്കപുറത്ത് മനുഷ്യനും ദൈവവും തമ്മിലുള്ള അതീന്ദ്രിയമായ ഒരു ബന്ധം കൂടെ നിലനിൽക്കുന്നുണ്ട്. നിസ്വാർത്ഥ സാമൂഹ്യ സേവനം മുസ്ലിമിൻറെ ഉത്തരവാദിത്തമായി മനസ്സിലാക്കപ്പെടുമ്പോൾ Robert Trivers ന്റെ ചാക്രിക തത്വം (Reciprocity Theory) പറയുന്നതു പോലെ സഹായിക്കുന്നവൻ സഹായം സ്വീകരിക്കുന്നവരിൽ നിന്ന് തിരിച്ചൊന്നും പ്രതീക്ഷിക്കുകയില്ല.
മതകിയ ബിംബങ്ങളെ മുൻനിർത്തി പുതിയ സാമൂഹികതകളെയുംസ്വത്വങ്ങളെയും സങ്കൽപ്പിക്കാൻ ഹജ്ജ് അവസരം ഒരുക്കുന്നുണ്ട് എന്ന് നൈൽ ഗ്രീനും ഒമൈറ സിയാദും വ്യക്തമാക്കുന്നുണ്ട്. കഅബ, ഹറം പള്ളിയുടെ അങ്കണം, മിനാരങ്ങൾ തുടങ്ങി ഇടപരമായ അടയാളങ്ങൾക്കും മനുഷ്യൻറെ മനോനിലയെ സ്വാധീനിക്കാനും പരിവർത്തനങ്ങൾക്ക് വിധേയപ്പെടുത്താനുമുള്ള ശേഷിയുണ്ട്. പരിസ്ഥിതി മന:ശാസ്ത്രത്തിൽ വലിയ ഒരു ജ്ഞാന
മേഖല തന്നെ സ്ഥലടിസ്ഥാനത്തിൽ മനസ്സിൻറെ ബാഹ്യ സ്വാധീനശക്തി (External Factors)കളെ കുറിച്ചുള്ള പഠനമാണ്. വിശ്വാസം, വൈകാരിക വകഭേദങ്ങൾ, മാനസിക ദൃഢത, തുടങ്ങി വ്യക്തികളുടെ മനസ്സിൻറെ വിവിധ തലങ്ങളിൽ വിശുദ്ധ ഇടങ്ങൾ ഐച്ഛികമായോ അനൈച്ഛികമായോ വ്യവഹരിക്കുന്നുണ്ട്. ഈ വിശുദ്ധയിടങ്ങൾ ദൈവിക സ്മരണകളിലേക്കും ആത്മീയാനന്ദത്തിലേക്കുമാണ് വിശ്വാസിയെ കൂട്ടിക്കൊണ്ടുപോകുന്നത്. ഹജ്ജാനന്തര കാലത്തെ മക്കയെ കുറിച്ചുള്ള വിശ്വാസിയുടെ ഓർമ്മകളിൽ (Memories) നിറഞ്ഞുനിൽക്കുന്നതും കഅ്ബയും അത് നിൽക്കുന്ന പരിസരവുമാണ്. ഇടങ്ങൾക്ക് ദീർഘകാലത്തേക്കുള്ള ഓർമ്മകളും അനുഭവങ്ങളും സമ്മാനിക്കാൻ സാധിക്കുന്നുണ്ടെന്ന് അമേരിക്കൻ മന:ശാസ്ത്രജ്ഞനായ എഡ്വാഡ് ടോൾമാൻ (Edward Tolman) Spatial Memory യെ കുറിച്ചുള്ള തൻറെ പഠനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.