KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

വിശാലമായ ഹജ്ജ്: കലയും സാഹിത്യവും നിർവഹിക്കുന്ന ഒരു ആത്മീയ പ്രയാണം

മുബഷിർ. എം

ആരാധനയ്ക്കപ്പുറം സാമൂഹിക മുന്നേറ്റങ്ങളിലെ കലയുടെ നിർമാണാത്മകമായ ചലനങ്ങളിൽ ഹജ്ജ് വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. എ.ഡി ഏഴാം നൂറ്റാണ്ട് മുതൽ ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെയുള്ള ഇസ്ലാമിക കലയുടെ ശ്രേണീപരമായ തുടർച്ചകളിൽ ഹജ്ജിന്റെ ഇടപെടലുകൾ വ്യക്തമാകുന്നതാണ്. ജീവിക്കുന്ന നാട്ടിൽ നിന്ന് മക്കയിലേക്കുള്ള പ്രയാണമായി ഹജ്ജിന്റെ യാത്രയെ വിശേഷിപ്പിക്കാമെങ്കിലും ആ യാത്രയുടെ അനുരണനങ്ങളിൽ നിന്നാണ് ഹജ്ജ് സാഹിത്യത്തിന്റെ (Hajj Literature) പിറവി രൂപപ്പെടുന്നത്. വഴിച്ചെലവുകളുടെയും സാധനസാമഗ്രികളുടെയും ചെറിയ ചെറിയ വിവരണങ്ങളിൽ നിന്ന് കാലക്രമേണ ഹജ്ജ് യാത്രികർ അവരുടെ അനുഭവങ്ങൾ രേഖപ്പെടുത്താൻ തുടങ്ങി. പിന്നീട് യാത്രാവിവരണമെന്ന ബോധത്തോടെ ആളുകൾ ആ രചനയെ സമീപിക്കുവാനും എഴുതുവാനും ആരംഭിച്ചു. ഹജ്ജ് സാഹിത്യത്തിന്റെ അടിസ്ഥാന സാഹിതീയരീതി യാത്രാവിവരണം തന്നെയാണ്. പുതിയതും വ്യത്യസ്തവുമായ അനുഭവങ്ങളുൾക്കൊള്ളുന്ന കുറിപ്പുകൾക്ക് വലിയ തരത്തിൽ വായനക്കാരുമുണ്ടായിരുന്നു. ഒരു പുസ്തകരൂപേണ ആ കുറിപ്പുകൾ സമൂഹത്തിൽ മാറ്റം ചെയ്യപ്പെടാതിരുന്ന സമയത്തൊക്കെയും സഹയാത്രികരായിരുന്നു ആദ്യ വായനക്കാരും ആസ്വാദകരും. ഇബ്നു ജുബൈറിന്റെയും (AD 1145-1217) ഇബ്നു ബത്തൂത്തയുടെയും (AD 1304-1369). തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ ഹജ്ജിന് പുറപ്പെട്ട ബത്തൂത്ത പിന്നീട് ലോകത്തിന്റെ അന്തരംഗങ്ങളിലൂടെ നടത്തിയ അവിസ്മരണീയമായ ചരിത്രയാത്രകളുടെ ഊർജ്ജവും ധിക്ഷണയും നേടുന്നത് തന്റെ ഹജ്ജ് യാത്രയിൽ നിന്നാണ്. ഹജ്ജ് സാഹിത്യത്തിലെ ആദ്യ രചന ഇബ്നു ജുബൈറിന്റെ (1145-1217) റിഹ്‌ലയായിരുന്നുവെങ്കിലും ആ തുടക്കത്തിന്റെ പിന്തുടർച്ചയായി ധാരാളം രചനകൾ ലോകത്ത് സംഭവിക്കുകയുണ്ടായി. അവയിൽ ഏറ്റവും മൗലികവും ലോക യാത്രാ സാഹിത്യത്തിന് (World Travel Literature) ഇപ്പോഴും വഴികാട്ടിയായി വിരാജിക്കുന്ന ഇബ്നു ബത്തൂത്തയുടെ (1304-1369) റിഹ്‌ലയാണ്. ആ വലിയ രചനയുടെ ഓരം പറ്റി വ്യത്യസ്തമായ സാഹിതീയരൂപങ്ങളിലേക്ക് ഹജ്ജ് സാഹിത്യം പിന്നീട് ചേക്കേറുകയുണ്ടായി. കേവല യാത്രക്കുറിപ്പുകളിൽ നിന്ന് മാറി കവിതകളെയും നോവലുകളെയും പരീക്ഷിക്കാൻ തന്നെ 'ഹജ്ജ്' തയ്യാറാവുകയിരുന്നു.


photo_2023-06-28_20-25-16.jpg.jpg/

അനാദിയായ ദൈവത്തോടുള്ള അടിമയുടെ അടങ്ങാത്ത പ്രേമനിർഭരമായ ചിന്തയുടെയും ഭയപ്പാടിന്റെയും കുത്തൊഴുക്ക് റൂമിയുടെ മസ്നവിയിൽ നമുക്ക് കാണാം. കഅബയെ ബിംബവൽക്കരിച്ച് ഏകനായ ദൈവത്തിന്റെ അനിർവചനീയമായ കാരുണ്യത്തെയും അതേറ്റുവാങ്ങുന്ന അടിയാളുകളിലെ പവിത്രീകരണത്തെയും അദ്ദേഹം പരാമർശിക്കുന്നുണ്ട്. സൂഫി കവിതകളായിരുന്നു ഹജ്ജുമായി ബന്ധപ്പെട്ട് ആദ്യ കാലങ്ങളിൽ വന്നു തുടങ്ങിയത്. ആത്മനിർഭരത കേവലം ഭാഷയ്ക്കകത്ത് നിറക്കാൻ സാധിക്കുന്നതല്ലെന്ന പൂർണബോധ്യം കവിക്കും, ഒരു പരിധിവരെ ആ അസാധ്യതയെ ചലിപ്പിക്കാൻ സാധിക്കുമെന്ന് കവിതയ്ക്കും ഉണ്ടായിരുന്നത് കൊണ്ട് തന്നെ അത്തരം രചനകളുടെ അർഥപരിസരങ്ങൾ കവിഞ്ഞു തൂകിയിരിക്കുന്നതായി നമുക്ക് കാണാം. പൊതുവായ ഭാഷയിൽ നിന്നും ഇതിവൃത്തത്തിൽ നിന്നും മാറി ആത്മീയമായ സാത്വികമായ (spiritual) വിഷയങ്ങളെ കൂടി കൈകാര്യം ചെയ്യാൻ കവിതയും നോവലും പരുവപ്പെട്ടു. നിലവിലുള്ള സാഹിത്യവീക്ഷണത്തിൽ മേല്പറഞ്ഞ രണ്ടു സാഹിത്യ രൂപങ്ങളും നിർധാരണം ചെയ്യുന്ന വിഷയങ്ങളുടെ പ്രമേയങ്ങൾ മാനുഷിക മൂല്യങ്ങളോടൊപ്പം അവരുടെ സാമൂഹിക ഇടപെടലുകളും ക്രിയാത്മക മുന്നേറ്റങ്ങളും ഒറ്റപ്പെട്ട സംസ്കാര പ്രവണതകളുമാണ്. ആ അർത്ഥത്തിൽ തന്നെയാണ് പതിമൂന്നാം നൂറ്റാണ്ട് മുതലേ ഇസ്‌ലാമിക യാത്രികരും എഴുത്തുകാരും സാഹിത്യത്തെ സമീപിച്ചിരുന്നത്. ആരാധനകളുടെ പ്രതീകാത്മകവും പ്രകടനപരവുമായ വശങ്ങൾ ഗദ്യ-പദ്യങ്ങളുടെ പരിധികളിലേക്ക് കടന്നുവന്നതോടു കൂടി മുസ്‌ലിം വിശ്വാസത്തെയും അവരുടെ പാരസ്പര്യ ബോധത്തെയും ലോകം ശ്രദ്ധിക്കാൻ തുടങ്ങി. ഹജ്ജ് നൽകുന്ന വലിയ ബോധ്യം അതുതന്നെയാണ്. പ്രതീകാത്മകത (Symbolism) ഭാഷയുടെ ബിംബസ്വരൂപങ്ങളുടെ വലിയൊരു ലോകമാണ്. കഅബയെ കേന്ദ്രവത്കരിച്ച് നടക്കുന്ന ഹജ്ജ് പ്രക്രിയകൾ ഏകനായ ദൈവത്തോടുള്ള അനുസരണയും, ആത്മത്യാഗത്തിന് വേണ്ട സഹനവും സന്നദ്ധതയും, ചരിത്രത്തിന്റെ വീണ്ടെടുപ്പുകളുടെ പ്രാധാന്യവും ലോകത്തിന് നൽകുന്നുണ്ട്. ആ അർത്ഥത്തിൽ സാഹിത്യത്തിൽ കഅബ ഒരു പ്രതീകമായി (symbol) വർത്തിച്ചുവെന്ന് മാത്രമല്ല തുടർന്നുള്ള അനുഭവകൈമാറ്റങ്ങളിൽ അവയ്ക്ക് വലിയൊരു ഇടം കണ്ടെത്താൻ സാധിക്കുകയും ചെയ്തു. പാരമ്പര്യത്തെക്കുറിച്ച് എട്വർഡ് ഷിൽസ് (Edward Shills) പറഞ്ഞത് മുൻകാലരിൽ നിന്ന് കൈമാറിവന്ന എന്തിനെയും നമുക്കങ്ങനെ വിളിക്കാമെന്നാണ്. പക്ഷെ, ആ കൈമാറ്റം നിലവിലുള്ള സംസ്കാരത്തിന് കൃത്യമായ ഒരു സാമൂഹികക്രമവും (Social order) നിരന്തരമായ താല്പര്യവും (continuity) ഒരുക്കുന്നതാകണമെന്ന അദ്ദേഹത്തിന്റെ നിർവചനം ശ്രദ്ധനീയമാണ്.


photo_2023-06-28_20-25-24.jpg.jpg/

അമേരിക്കൻ സംസ്കാരത്തിന്റെ ഗതിവിഗതികളെക്കുറിച്ച് പര്യാലോചനകൾ നടത്തിയ മൈക്കൽ കമ്മൻ (Michael Kammen) പറഞ്ഞ പാരമ്പര്യം "ഒരു ജനതയെന്ന നിലയിൽ നമ്മൾ ആരാണെന്ന് നിർവചിക്കാൻ സഹായിക്കുന്ന ചിഹ്നങ്ങളുടെയും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും സങ്കീർണ്ണമായ ഒരു പദ്ധതി" എന്നാണ്. ഈ രണ്ടു വാദങ്ങളും ഇസ്‌ലാമിക പാരമ്പര്യത്തിന്റെ ഊഷ്മളതയെയും കെട്ടുറപ്പിനെയും സൂചിപ്പിക്കുന്നുണ്ട്. പാരമ്പര്യമെന്ന് മലയാളീകരിക്കുന്നതിനേക്കാൾ 'വീണ്ടെടുപ്പ്' എന്ന് പ്രയോഗിക്കുന്നതായിരിക്കും ഉചിതമെന്ന് കരുതുന്നു. നമുക്കൊരു ചരിത്രമുണ്ടെന്ന് സധൈര്യം ലോകത്തിന് മുന്നിൽ വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യവും അഭിമാനബോധവും ഹജ്ജ് നൽകുന്ന വലിയൊരു ചിന്തയാണ്. ഇപ്പറഞ്ഞ അനേകം ധാരകളുടെ അടിസ്ഥാനത്തിലാണ് ഹജ്ജുമായി ബന്ധപ്പെട്ട മിക്ക രചനകളും ലോകത്ത് പിറവി കൊണ്ടിട്ടുള്ളത്. പാട്രിക് എൽഹാഗിന്റെ The Holy City എന്ന നോവൽ മക്കയിലേക്കുള്ള യാത്രയിൽ കണ്ടുമുട്ടുന്ന ധാരാളം ഹജ്ജ് യാത്രക്കാരുമായി മൂന്ന് കഥാപാത്രങ്ങൾ നടത്തുന്ന സംസാരങ്ങളാണ്. യാത്രയിൽ അവർ നേരിട്ട പ്രശ്നങ്ങൾ, വ്യക്തിപരമായ കഥകൾ, പോരാട്ടങ്ങൾ, ആത്മീയ പരിവർത്തനങ്ങൾ തുടങ്ങിയ വ്യത്യസ്ത തലങ്ങളെ നോവൽ പരിചയപ്പെടുത്തുന്നുണ്ട്. ഒരു മഹാജനസഞ്ചയത്തിന്റെയാകെ കഥ പറയുന്ന പുസ്തകം കൂടിയാണ് ഈ നോവൽ. സ്വയം വിലയിരുത്തുന്നതിലൂടെയാണ് മറ്റുള്ളവരെ പരിഗണിക്കാൻ ആരംഭിക്കുന്നതെന്ന ധാർമികസ്ഥിതിയെക്കൂടി ഈ നോവൽ പറഞ്ഞുവെക്കുന്നുണ്ട്. നോബൽ ജേതാവായ നഖിബ് മഹ്ഫൂസിന്റെ The Mirage എന്ന നോവൽ ഹജ്ജിനെക്കുറിച്ചുള്ള സവിശേഷമായ ഒരു കാഴ്ചപ്പാടാണ് ലോകത്തിന് നൽകിയത്. ഒരു ബദൽ യാഥാർഥ്യം സൃഷ്ടിക്കുന്ന ഇത്, തങ്ങൾ ഹജ്ജിന് പോവുകയാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം കഥാപാത്രങ്ങളുടെ യാത്രയെക്കുറിച്ച് പറയുന്നു. പക്ഷെ, മരീചികയിൽ എത്തിപ്പെടുന്ന ആ യാത്രാസങ്കേതം നേരിടുന്ന ആധികളും സത്യാന്വേഷണണങ്ങളും ഉൾകൊള്ളുന്ന വിശേഷമായ രചന മിത്ത്, വിശ്വാസം, വിധി തുടങ്ങിയ അതിപ്രധാന വിഷയങ്ങളെക്കൂടി പ്രതിനിധീകരിക്കുന്ന ഒന്നായി ലോകം വായിച്ചു.


Ritual theory, Myth theory, Narrative theory തുടങ്ങിയ മൂന്ന് പ്രധാന മാനദണ്ഡങ്ങളിലൂടെയാണ് ഇത്തരം കൃതികളെയെല്ലാം നിരൂപകർ സമീപിക്കുന്നത്. ഹജ്ജ് സാഹിത്യത്തിലെ രചനകൾ അധികവും മുസ്‌ലിംകൾക്കിടയിൽ തന്നെയുള്ള സംസ്കാരങ്ങളുടെയും ധാരണകളുടെയും പരസ്പര കൈമാറ്റങ്ങളായും മതത്തിന്റെ അനുസ്യൂതമായ ദൈവനീതിയുടെ അന്വേഷികളായും വ്യാഖ്യാനിക്കപ്പെട്ടു. ഘടനാപരമായ ചില മാറ്റങ്ങളും അവയിൽ ശ്രദ്ധേയമാണ്. മുസ്‌ലിംകൾക്ക് അവരുടെ ജീവിതവും ലോകത്തിലുള്ള അവരുടെ സ്ഥാനവും മനസ്സിലാക്കുന്നതിനുള്ള ഒരു ചട്ടക്കൂട് നൽകിക്കൊണ്ട് തന്നെ കഥ, പശ്ചാത്തലം, ക്രമീകരണം തുടങ്ങിയവയിൽ പൂർണ ബോധ്യത്തോടെ ചരിത്രവും വാർത്തമാനവും പറയാൻ അവയ്ക്ക് സാധിച്ചുവെന്നത് ചെറിയ കാര്യമല്ല. ആ പ്രലോഭനത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും വീണ്ടും മുസ്‌ലിം രചനകളെ പ്രത്യേകിച്ച് ഹജ്ജനുഭവങ്ങളെ ലോക സാഹിത്യം സസൂക്ഷ്മം നിരീക്ഷിക്കുന്നത്.

Religion
Literature

Related Posts

Loading