KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

ഗതികേടുകൾ

ശിബിലി നൂറാനി മഞ്ചേരി

റോഡ് ക്രോസ് ചെയ്യാൻ എനിക്ക് ഭയങ്കര പേടിയായിരുന്നു. എങ്കിലും, ഞാൻ പലപ്പോഴും അതിനായി ശ്രമിച്ചുകൊണ്ടിരുന്നു. ഇന്നലത്തെ ഒരു രാത്രിയോടു കൂടി, ഞാനാ ശ്രമത്തെയും കൂടെ ഉപേക്ഷിക്കുകയാണ്. നാല് മീറ്റർ ദൈർഘ്യമുള്ള ഒരു റോഡ് ക്രോസ് ചെയ്യാൻ ഞങ്ങൾ പാമ്പുകളെടുക്കുന്ന അധ്വാനം ചെറുതൊന്നുമല്ല. ഇഴഞ്ഞു പോകുമ്പോൾ നേർരേഖയിൽ നിന്നും 45-50 ഡിഗ്രി ഒക്കെ തെറ്റിയിട്ടാണ് അപ്പുറത്തെത്തുക. അതിനാൽ, ഞങ്ങൾക്ക് റോഡിൻ്റെ വീതി നാല് മീറ്ററിനേക്കാൾ കൂടുതലാണ്. പകലിൽ പൊതുവെ ഞങ്ങളതിന് തുനിയാറില്ല. രാത്രിയിലും ചിലപ്പോൾ അനിഷ്ടങ്ങൾ സംഭവിക്കുന്നു എന്നതാണ് കഷ്ടം. പടം പൊഴിക്കാനിരിക്കെ, കൂടുതൽ പരുക്കനായ തൊലിയുമായിട്ടാണ് ഇന്നലെ ഞാൻ റോഡിലിറങ്ങിയത്. ഞാൻ ആദ്യ മീറ്ററിൽ നിൽക്കുമ്പോൾ ഒരു ഭാഗത്തു നിന്നും ഒരു ലക്ഷ്വറി കാർ വന്നു. ഞാൻ പേടിച്ച് അനങ്ങാതെ നിന്നു. ആ കാർ എന്നെ വെട്ടിച്ച് അതിനും എനിക്കും പരിക്കില്ലാതെ കടന്നുപോയി. രണ്ടാമത്തെ മീറ്ററിലും അതേ ദിശയിൽ നിന്നും ഒരു കാർ വന്നു. സമാധാനത്തിൻ്റെ ഒരു ചുവന്ന കാർ. അത് പതുക്കെയായിരുന്നു വന്നുകൊണ്ടിരുന്നത്. എന്നെ കണ്ടപാടെ അതിനു നിർത്താൻ ബുദ്ധിമുട്ടുണ്ടായില്ല. അതും എന്നെ തടസ്സപ്പെടുത്താതെ ഒരു ഭാഗത്തിലൂടെ കടന്നു പോയി. ആദ്യം വന്ന രണ്ടു വണ്ടികളുടെ എതിർദിശയിൽ നിന്നും, ക്രോധം പിടിച്ച ഒരു വെള്ളക്കാറാണ് മൂന്നാം മീറ്ററിൽ നിൽക്കുമ്പോൾ വന്നത്. പെട്ടെന്ന് മഴ പെയ്തു. വളരെ അടുത്തെത്തിയപ്പോഴാണ് അതെന്നെ കണ്ടത്. അപ്രതീക്ഷിതമായി കണ്ടതും, എന്നെ തട്ടാതിരിക്കാൻ ചില പരാക്രമങ്ങൾ അത് നടത്തി. ആ കാറിൻ്റെ രണ്ടു ചക്രങ്ങൾക്കിടയിൽ അപകടമൊന്നുമില്ലാതെ തന്നെ എനിക്ക് കിടക്കാൻ കഴിയുമായിരുന്നു. പക്ഷേ ആ കാർ ഇളകി മറിഞ്ഞു. അതിൻ്റെ ബ്രേക്കമർന്നു. ഒരു വശത്തേക്ക് ചെരിഞ്ഞു. ചില്ലിലൂടെ എന്തൊക്കെയോ സാധനങ്ങൾ നിലത്തു വീണു. അതുവരെ വന്നിരുന്ന അതേ വേഗത്തിൽ വായുവിലൂടെയും പിന്നെ റോഡിലൂടെയും അത് കുറച്ചു കൂടി ദൂരം സഞ്ചരിച്ചു. അപ്പുറത്തു നിന്നും പതുക്കെ വന്നുകൊണ്ടിരുന്ന ഒരു ലോറിയിൽ ചെന്നിടിച്ച് ആ കാർ നിന്നു. അപ്പോഴേക്കും കാർ പൊളിഞ്ഞില്ലാതായിട്ടുണ്ടായിരുന്നു. നാലാം മീറ്ററിലേക്ക് തല വെക്കുമ്പോൾ ദൂരെ നിന്നും ഒരു മൂളക്കം കേൾക്കുന്നുണ്ടായിരുന്നു. ആദ്യത്തെ രണ്ടു വണ്ടികൾ വന്ന ദിശയിൽ നിന്നാണ് ശബ്ദം കേട്ടത്. ഒരു നിയന്ത്രണവുമില്ലാതെയാണ് ആ ബൈക്ക് വന്നുകൊണ്ടിരുന്നത്. അതെൻ്റെ വാലിലൂടെ കയറിയിറങ്ങി. വലിയ ശബ്ദത്തോെടെ അത് മറിഞ്ഞു വീണു. റോഡിലൂടെ അല്പ ദൂരം ഇഴഞ്ഞു പോയി. എനിക്ക് നല്ല വേദനയുണ്ടായിരുന്നു. എൻ്റെ വാൽ നിലത്ത് പതിഞ്ഞ് കിടന്നു. അപ്പുറത്തെത്താൻ ഞാൻ പ്രയാസപ്പെട്ടു. നിലത്ത് ഒട്ടിപ്പിടിച്ച എൻ്റെ വാലിനെ ഒരുവിധം ഞാൻ പറിച്ചെടുത്തു. ആ ബൈക്ക് വീണ ഭാഗത്തേക്ക് ഞാൻ നോക്കി. അവിടെ പുക പൊന്തുന്നുണ്ടായിരുന്നു. തീ കത്തുന്നുണ്ടായിരുന്നു. കുറച്ചാളുകൾ ഒരുമിച്ചു കൂടിയിരുന്നു. ഒരു ഹോണിൻ്റെ അമറലും ചില ലൈറ്റുകളും അന്തരീക്ഷത്തിൽ വെറുതെ പരന്നു. നിലത്തു വീണ് കിടന്നിരുന്ന ഒരു ഹെൽമെറ്റ് കറങ്ങിക്കറങ്ങി എൻ്റെ നേരെ തിരിഞ്ഞ് കിടന്നു. ഞാനതിനേയും അതെന്നേയും കുറേ നേരം നോക്കി നിന്നു. കുറ്റിക്കാട്ടിൽ നിന്നും എൻ്റെ മക്കൾ പേടിച്ച് കരയുന്നതിൻ്റെ ശബ്ദം എൻ്റെ ഉടലിൽ തട്ടുന്നത് വരെ ഞാനവിടെത്തന്നെ നിന്നു. അപ്പോഴേക്കും മഴ തോർന്നിരുന്നു.

Fictions

Related Posts

Loading