KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

ആസ്വാദനത്തിൻ്റെ റൂഹ് അഫ്സൻ ചരിത്രം

മുഹമ്മദ് സിറാജുറഹ്മാൻ നൂറാനി

ന റൂഹ് അഫ്സ സ കോയി ശറാബത്ത്
കബി ബനേഗ ന ബൻ ചുകാ ഹെ
(റൂഹ് അഫ്സയില്ലാതെ ഒരു സർബത്തും തയ്യാറാക്കിയിട്ടില്ല, ഇനി തയ്യാറാക്കുകയുമില്ല)
– ഉർദു കവി സായിൽ ദഹലവി

ഓരോ സ്വാദിനും ഗന്ധത്തിനും നിറത്തിനുമൊക്കെ കഴിഞ്ഞ കാലങ്ങളിലെ സുന്ദരമായ ഊടുവഴികളും ഓർമകളുമുണ്ടാവും. ഇത്തരത്തിൽ ചരിത്രത്തിൻ്റെ ഇന്നലെകളിൽ കൃത്യമായ ഇടങ്ങൾ രൂപപ്പെടുത്തിയതും സൂക്ഷ്മാർത്ഥത്തിൽ വരെ ഒരു സംസ്കാരമായി പരിണമിച്ചതുമായ രുചിഭേദങ്ങൾ സ്വന്തം പരിസരങ്ങളിൽ നിന്ന് നമുക്ക് തന്നെ കണ്ടെടുക്കാൻ സാധിക്കും. അതാവട്ടെ ഓരോ ജനതയുടെ പൈതൃകത്തേയും മുൻകാല ജീവിതവഴികളെയും കൃത്യമായി നിർണയിക്കുന്നതിൽ ഭാഗവാക്കാവുന്നുമുണ്ടാവും. അപ്രകാരം വിഭക്തഭാരതത്തിൻ്റെ ആപേക്ഷികമായി ഉഷ്ണമേറിയ ഉത്തരമേഖലകളിലും പിൽക്കാലത്ത് ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, മിഡിൽ ഈസ്റ്റ് ഗൾഫ് രാജ്യങ്ങളിലും ജനപ്രിയമായിത്തീർന്ന വിഭവമാണ് റൂഹ് അഫ്സ എന്ന പാനീയം.


കഴിഞ്ഞ റമളാൻ വ്രതകാലത്ത് അജ്മീർ ഗഗ്വാന ജാമിഅ മുഈനിയ കാമ്പസിലെ പുൽത്തകിടിൽ ഇഫ്താർ ഒരുക്കങ്ങൾ തകൃതിയാവുമ്പോഴാണ് റൂഹ് അഫ്സയെ പരിചയപ്പെടുന്നത്. ഗൾഫ് കുടിയേറ്റത്തിൻ്റെ ഭാഗമായി ഇന്ത്യയുടെ തന്നെ ഈ തനത് വിഭവം മലയാളിയിലേക്ക് ചെറിയ തോതിലെങ്കിലും എത്തിച്ചേർന്നിട്ടുണ്ടെങ്കിലും നമുക്ക് റൂഹ് അഫ്സയെ മനസ്സിലായില്ല എന്നതാണ് യാഥാർത്ഥ്യം. അല്ലെങ്കിൽ അതൊരു അറേബ്യൻ വിഭവമായി നമ്മളിൽ ചിലരെങ്കിലും സ്വാഭാവികമായും തെറ്റിദ്ധരിച്ചു എന്നു പറയാം.


റൂഹ് അഫ്സ എന്നത് ആത്മാവിനെ ശുദ്ധീകരിക്കുന്നത്/ഉന്മേഷം പകരുന്നത്/ശാന്തനാക്കുന്നത് എന്നതിന് സമാനമായ അർത്ഥമുള്ള പദമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഉറുദു കവി പണ്ഡിറ്റ് ദയാ ശങ്കർ നസീം ലഖ്നവി രചിച്ച മസ്നവി ഗുൽസാർ-ഇ-നസീം എന്ന ഗ്രന്ഥത്തിലെ റൂഹ് അഫ്സ എന്ന കഥാപാത്രത്തിൻ്റെ പേരിൽ നിന്നാണ് റൂഹ് അഫ്സയുടെ ഉപജ്ഞാതാവായ ഹകീം അബ്ദുൽമജീദ് തൻ്റെ പാനീയത്തിനുള്ള നാമം കണ്ടെത്തിയതെന്നാണ് പൊതുവെ പറയപ്പെടാറുള്ളത്. ഇതിനുപുറമെ, പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഉത്തർപ്രദേശിലെ ജൻപൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന റൂഹ് അഫ്സ എന്ന പ്രതിവാരമാസികയുടെ പേരിൽ നിന്നുള്ള സ്വാധീനമാണെന്ന നിരീക്ഷണവും ഹകീം അബ്ദുൽമജീദിൻ്റെ സ്വതന്ത്ര്യമായ സൃഷ്ടിയാണെന്ന അഭിപ്രായവും ചിലരെങ്കിലും മുന്നോട്ടുവെക്കുന്നതും കാണാം.



1906 ൽ ദില്ലിയിലെ ജനങ്ങളെ വേനൽക്കാലത്ത് തണുപ്പിക്കുന്നതിനും ജലനഷ്ടം കുറക്കുന്നതിനും സഹായിക്കുന്ന ഒരു ഔഷധമിശ്രിതം നിർമിക്കാൻ ഹകീം അബ്ദുൽ മജീദ് ആഗ്രഹിച്ചുവത്രെ. അതിനെ തുടർന്നാണ്, പരമ്പരാഗത യുനാനി ഔഷധസസ്യങ്ങളിൽ നിന്നും സിറപ്പുകളിൽ നിന്നും തിരഞ്ഞെടുത്തവ ഉപയോഗിച്ച് അദ്ദേഹം റൂഹ് അഫ്സ എന്ന ഒരു പാനീയം സൃഷ്ടിക്കുന്നത്.


ഖൂർഫ (khurfa), ചിക്കറി(Chicory) പോലോത്ത വിവിധയിനം ഔഷധങ്ങളും ഓറഞ്ച്, പൈനാപ്പിൾ, മുന്തിരി, തണ്ണിമത്തൻ മുതലായ ഫലവർഗങ്ങളും പനിനീർ, കേവ്ര (kewra) പോലോത്ത പൂവുകളും ചീര, കാരറ്റ് തുടങ്ങിയ പച്ചക്കറികളും ചിലയിനം വേരുകളുമാണ് റൂഹ് അഫ്സയുടെ പ്രധാനചേരുവകൾ. ഇത്രമേൽ ഔഷധമേന്മ പുലർത്തുന്നതിനാൽ തന്നെയാണ് റൂഹ് അഫ്സ കുറഞ്ഞ കാലയളവിൽ ജനകീയമായതെന്ന് കരുതുന്നതിൽ വൈരുദ്ധ്യമില്ല. വിപണിയിൽ ലഭ്യമാവുന്ന റൂഹ് അഫ്സയുടെ അപരന്മാർ ഈ ജനകീയതയുടെ തെളിവായിട്ടും കാണണം.


മറ്റൊരു ഉദാഹരണം പറയാം. 1995 സെപംറ്റംബറിൽ ക്ഷേത്രങ്ങളിൽ ഗണപതി വിഗ്രഹം പാലു കുടിക്കുന്നു എന്ന അഭ്യൂഹം പരന്നപ്പോൾ, ഒരു സുമുഖ് ഹേർ ലേക്കർ എന്ന പത്തുവയസ്സുകാരൻ പാലിൽ റൂഹ് അഫ്സ മിശ്രിതമാക്കി ക്ഷേത്രത്തിൽ സമർപ്പിക്കാൻ പോയ രസകരമായ സംഭവം റൂഹ് അഫ്‌സയെ സംബന്ധിച്ച ഒരു കുറിപ്പിന്റെ ആമുഖത്തിൽ സാമന്ത് സുബ്രമണ്യൻ പങ്കുവെക്കുന്നുണ്ട്. പലരിൽ നിന്നും വഴക്കു കേട്ടെങ്കിലും ഉഷ്ണമേറിയ ദിനങ്ങളിൽ പാലിനൊടൊപ്പം റൂഹ് അഫ്സയെ പോലൊരു ചേരുവയില്ല എന്നതായിരുന്നുവത്രെ ആ ബാലൻ അങ്ങനെ പ്രവർത്തിച്ചതിൻ്റെ യുക്തി!

നിലവിൽ രാജ്യത്ത് റൂഹ് അഫ്സയുടെ നിർമ്മാണവും വിതരണവും നടക്കുന്ന ഇന്ത്യയിലെ ശ്രദ്ധേയമായ യുനാനി പഠനകേന്ദ്രമായ ഡൽഹി ഹംദർദ് ലബോറട്ടറി 1906 ലാണ് പ്രസിദ്ധ യുനാനി വൈദ്യനായ ഹകീം അബ്ദുൽ മജീദ് സ്ഥാപിക്കുന്നത്. 1922 ൽ അദ്ദേഹത്തിൻ്റെ മരണാനന്തരം പതിനാലുകാരനായ മകൻ ഹകീം അബ്ദുൽ ഹമീദാണ് സ്ഥാപനത്തിന് മേൽനോട്ടം വഹിച്ചത്. പിന്നീട് 1979ൽ ഡൽഹിയിൽ സ്ഥാപിക്കപ്പെട്ട ഹംദർദ് സർവ്വകലാശാലയുടെ സ്ഥാപകനും ആദ്യ ചാൻസലറുമായിരുന്നു അദ്ദേഹം. ഹകീം അബ്ദുൽ ഹമീദ്‌ റൂഹ് അഫ്സയെ കൂടുതൽ ജനകീയമാക്കിയെങ്കിലും 1947-ലെ വിഭജനം അദ്ദേഹത്തിൻ്റെ കുടുംബത്തെ അതിർത്തിയുടെ രണ്ടുപുറങ്ങളിലായി വിഭജിച്ചിരുന്നു. എന്നാൽ 1948 ൽ പാക്കിസ്ഥാനിലെ കറാച്ചിയിലെത്തിയ അബ്ദുൽഹമീദിൻ്റെ ഇളയ സഹോദരനായ ഹകീം മുഹമ്മദ് സൈദ് അവിടെയും ഹംദർദിൻ്റെ ഒരു ശാഖ ആരംഭിക്കുകയായിരുന്നു (ഇടക്കാലത്ത് സിന്ധ് പ്രവിശ്യ ഗവർണറായി സേവനമനുഷ്ഠിച്ച ഹകീം മുഹമ്മദ് സൈദ് പാക്കിസ്ഥാൻ പരമോന്നത സിവിലിയൻ ബഹുമതിയായ നിഷാൻ-ഇ-ഇംതിയാസിന് അർഹനായിട്ടുണ്ട്). ഇന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള റൂഹ് അഫ്സയുടെ കയറ്റുമതി പ്രധാനമായും കറാച്ചിയിൽ നിന്നാണെന്നും ഓർക്കേണ്ടതാണ്. 1971 ൽ ബംഗ്ലാദേശ് രൂപീകരണത്തിന് ശേഷം ഹകീം മുഹമ്മദ് സൈദ് അവിടെ ധാക്കയിൽ താൻ 1953 ൽ സ്ഥാപിച്ച ഹംദർദിൻ്റെ ശാഖയെ സ്വതന്ത്യമാക്കി ജീവനക്കാരുടെ പേരിൽ എഴുതിക്കൊടുക്കുകയായിരുന്നു എന്ന് അദ്ദേഹത്തിൻ്റെ മകളും ഹംദർദ് ഫൗണ്ടേഷൻ്റെ ഇപ്പോഴത്തെ പ്രസിഡൻ്റുമായ സാദിയ റഷീദ് പറയുന്നത് കാണാം. ഈയൊരർഥത്തിൽ "യുദ്ധങ്ങൾക്കും മൂന്ന് രാജ്യങ്ങളുടെ രക്തരൂക്ഷിതമായ പിറവികൾക്കും വിദേശപാനീയങ്ങളൊടൊപ്പം തന്നെ തദ്ദേശീയപാനീയങ്ങളാലും വെല്ലുവിളിക്കപ്പെട്ട പാനീയം” എന്നാണ് അനന്യ ബറോവ റൂഹ് അഫ്സയെ വിശേഷിപ്പിക്കുന്നത്. വിഖ്യാത ഇന്ത്യൻ എഴുത്തുകാരിയായ അരുന്ധതി റോയ് തൻ്റെ The Ministry Of Utmost Happiness (2017) ൽ റൂഹ് അഫ്സയെക്കുറിച്ച് സമാനമായ പരാമർശം നടത്തുന്നുണ്ട്.


“ഇന്ത്യയുടെയും പാകിസ്ഥാനിൻ്റെയും ഇടയിലുള്ള പുതിയ അതിർത്തിയിൽ ദൈവത്തിന്റെ കരോറ്റിഡ് (carotid) പൊട്ടിത്തെറിക്കുകയും വിദ്വേഷം മൂലം ഒരു ദശലക്ഷം ആളുകൾ മരിക്കുകയുമുണ്ടായി.


ഒരിക്കലും പരസ്പരം അറിയാത്തവരെയും പരസ്പരം വിവാഹങ്ങളിൽ ഏർപ്പെടാത്തവരെയും ഒന്നിച്ച് ഗാനങ്ങൾ ആലപിച്ചിട്ടില്ലാത്തവരെയും പോലെ അയൽക്കാർ പരസ്പരം ബദ്ധവൈരികളായി.


മതിലുകൾ നിറഞ്ഞ നഗരം ബലപ്രയോഗത്തിലൂടെ തുറന്നു. പഴയ കുടുംബങ്ങൾ(മുസ്ലിം) ഓടിപ്പോയി. പുതിയവ (ഹിന്ദു) എത്തിച്ചേരുകയും നഗരമതിലുകൾക്ക് ചുറ്റും താമസമാക്കുകയും ചെയ്തു.


റൂഹ് അഫ്സയ്ക്ക് ഗുരുതരമായ തിരിച്ചടി നേരിട്ടെങ്കിലും താമസിയാതെ പുരോഗതി പ്രാപിക്കുകയും പാക്കിസ്ഥാനിൽ ഒരു ബ്രാഞ്ച് തുറക്കുകയുമുണ്ടായി. കാൽനൂറ്റാണ്ടാനന്തരം, കിഴക്കൻ പാക്കിസ്ഥാനിലെ കൂട്ടക്കൊലയ്ക്ക് ശേഷം, അത് പുതിയ രാജ്യമായ ബംഗ്ലാദേശിൽ മറ്റൊരു ശാഖ തുറന്നു.”

റൂഹ് അഫ്സയുടെ ബോട്ടിലിന് പുറമെ പതിച്ചിരിക്കുന്ന ഉറുദു, ഇംഗ്ലീഷ് അക്ഷരങ്ങളിലായി എഴുതിവെച്ചിരിക്കുന്ന ലേബലിനും ഒരു നൂറ്റാണ്ടിലധികമുള്ള പഴക്കത്തിന്റെ കഥ പറയാനുണ്ട്. വ്യത്യസ്തങ്ങളായ പഴവർഗ്ഗങ്ങളുടെ ചിത്രങ്ങളെ കൊണ്ടും ആകർഷകമായി നിറങ്ങൾ സംയോജിപ്പിച്ചുമുള്ള ഈ ലേബൽ വരച്ച് ഡിസൈൻ ചെയ്തത്​ ഡൽഹിയിലെ പ്രധാന ആർട്ടിസ്റ്റായി അറിയപ്പെട്ടിരുന്ന മിർസാ നൂർ അഹമദായിരുന്നു. 1910 ലാണ് റൂഹ് അഫ്സയുടെ പരസ്യങ്ങളിൽ മിർസാ നൂർ അഹ്മദി​​​ന്റെ വരകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. ബോംബെയിൽ നിന്നായിരുന്നുവത്രെ സ്വാതന്ത്ര്യം വരെ ഇത് അച്ചടിച്ചിരുന്നത്. പാനീയത്തിന്റെ ഒരു മുഖ്യ ആകർഷണം ഈ ലേബൽ കൂടിയാണെന്ന് പറഞ്ഞാൽ തെറ്റാവില്ല.

ഡൽഹി ഭരിച്ച മുൻകാല നവാബുമാരും രാജക്കന്മാരും ഈ സർബത്ത് ഉപയോഗിച്ചിരുന്നതായി റൂഹ് അഫ്സയുടെ പഴയകാലത്തെ ഡൽഹി പരസ്യങ്ങൾ സൂചന നൽകുന്നുണ്ട്. ഒരുദാഹരണം ശ്രദ്ധിക്കുക:

“മോട്ടോർ കാർ അകത്തേക്ക് പോകുമ്പോഴും കുതിര ബഗ്ഗി പുറത്തേക്ക് പോകുമ്പോഴും ഷർബത്ത് റൂഹ് അഫ്സ അവിടെ ഉണ്ടായിരുന്നു”

ഏകദേശം 4 ബില്യൺ രൂപ(279 ദശലക്ഷം ദിർഹം) വരുന്ന കോൺസെൻട്രേറ്റ് സിറപ്പുകളുടെ ഇന്ത്യൻ വിപണിയെ പകുതിയിലേറെ നിയന്ത്രിക്കുന്നത് റൂഫ് അഫ്സയാണെന്ന് ഡൽഹി ഹംദർദ് മാർക്കറ്റിംഗ് ജനറൽ മാനേജറായിരുന്ന തരുൺദീപ് സിംഗ് റാണ 2012 ൽ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. ഇന്ത്യയിലെ വേനൽക്കാലത്താണത്രെ റൂഹ് അഫ്സയുടെ 70 ശതമാനം വിപണനവും സാധ്യമാവുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി അമേരിക്കൻ വിപണിയിലും ഈ പാനീയത്തിന് ആവശ്യക്കാരുണ്ടെന്ന് സാമന്ത് സുബ്രമണ്യൻ എഴുതുന്നുണ്ട്.


2019 ൽ ഇന്ത്യയിൽ റൂഹ് അഫ്സക്ക് രൂക്ഷമായ ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഒരു ഘട്ടത്തിൽ പാക്കിസ്ഥാനിലെ ഹംദർദ് ലബോട്ടറി ഇന്ത്യയിലെ ഭരണകൂടം സമ്മതം നൽകിയാൽ തങ്ങൾ റൂഹ് അഫ്സ കയറ്റുമതി ചെയ്യാം എന്നു വരെ അറിയിച്ചിരുന്നു. "ഇത് ഞങ്ങളിൽ ഭൂരിഭാഗം പേരെയും ബാല്യകാലത്തേക്ക് എത്തിക്കുന്ന പാനീയമാണ്,റൂഹ് അഫ്സയുടെ ലഭ്യതക്കുറവിനെ കുറിച്ചുള്ള വാർത്ത ഞങ്ങൾ കേൾക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല” എന്നാണ് ഒരു ഉപഭോക്താവ് അന്ന് ട്വിറ്ററിൽ കുറിച്ചത്.

ഇന്നും ഉത്തരേന്ത്യയിലെയും മറ്റും ഇഫ്താർ സദസ്സുകളിലെ പ്രതാപിയാണ് റൂഹ് അഫ്സ. ഗൾഫ് നാടുകളിൽ റൂഹ് അഫ്സ വിപണികളിൽ ഇടം പിടിക്കുന്നത് നോക്കി റമദാൻ മാസം അടുത്തുവെന്ന് പറയുന്ന പ്രവാസികളുണ്ടെന്ന് ഫേസ്ബുക്ക് കുറിപ്പ് അടുത്തിടെയാണ് വായിച്ചത്. ജ്യൂസുകളോടൊപ്പവും പാലൊഴിച്ചും തണുത്ത വെള്ളത്തിലൊക്കെയുമായിട്ടാണ് അവിടങ്ങളിൽ റൂഹ് അഫ്സ രുചി പകരാറുള്ളത്.അവർക്ക് ഇത് വെറുമൊരു പാനീയമല്ല, ഒരു പൈതൃകമാണ്.
റമദാനിൽ റൂഹ് അഫ്സയുടെ ഗന്ധത്താൽ നിറഞ്ഞ ജമാ മസ്ജിദിന്റെ തെരുവുവീഥികളിലൂടെ ഡൽഹി സന്ദർശിക്കുന്നവർക്ക് ഇത് ഇന്നും അനുഭവിക്കാവുന്നതേയുള്ളൂ.

ഉർദു കവി സായിൽ ദഹ്ലവിയുടെ വരികളിലേക്ക് തന്നെ തിരിച്ചു വരാം.
“അതിന്റെ നിറം നിങ്ങളുടെ ഹൃദയത്തെ ആകർഷിക്കുന്നു ,
അതിന്റെ സുഗന്ധം പൂക്കളുടെ സുഗന്ധത്തെ മറികടക്കുന്നു".

History

Related Posts

Loading