KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

ഇച്ച മസ്താൻ വിരുത്തങ്ങളിലെ തിരു നബി പ്രകീർത്തനങ്ങൾ

സൽമാൻ ഉമർ

കേരളത്തിലെ തസവ്വുഫ് കാവ്യസാഹിത്യത്തിലെ പ്രഥമഗണനീയനും അനൽപമായ ആത്മഭാഷണപരമായ വിരുത്തങ്ങളുടെ രചയിതാവുമാണ് ഇച്ച മസ്താൻ എന്ന അപരനാമത്താൽ ജനകീയനായ അബ്ദുൾ ഖാദിർ മസ്താൻ. വടക്കെ മലബാറിലെ കണ്ണൂരിൽ പരമ്പരാഗതമായി പിച്ചളപ്പാത്രങ്ങൾ വിറ്റ് ജീവിച്ചിരുന്ന സാമ്പത്തികമായി അത്ര പിന്നോട്ടല്ലാതിരുന്ന ഒരു മുസ്ലിം കുടുംബത്തിലാണ് ഇച്ച മസ്താൻ ജനിക്കുന്നത്. 1860 -കളിൽ കാസർഗോഡിലെ മൊഗ്രാലിൽ ആണ് ജനിച്ചത് എന്ന് അഭിപ്രായവുമുണ്ട്. അതേ സമയം 1953 -ൽ അദ്ദേഹത്തിന്റെ വിരുത്തങ്ങൾ ശേഖരിച്ച് പുറത്തിറക്കിയ ഒ.ആബു സാഹിബ് അതിന്റെ രണ്ട് പതിറ്റാണ്ട് മുമ്പ് ഇച്ച മസ്താൻ ഇഹലോക വാസം വെടിഞ്ഞതായി രേഖപ്പെടുത്തുന്നുണ്ട്. 62 വയസ്സു വരെ ജീവിച്ചു എന്ന് കരുതപ്പെടുന്ന ഇച്ച മസ്താന്റെ ജീവിത കാലയളവിലെ ഈ ആശയക്കുഴപ്പം കൂടുതൽ അന്വേഷണങ്ങളിലൂടെ സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു.


പാത്രക്കച്ചവട യാത്രകൾക്കിടയിൽ ഇച്ച ജലാലുദ്ധീൻ മസ്താനുമായി കണ്ടുമുട്ടാറുണ്ടായിരുന്നു. അദ്ദേഹവുമായി ഉണ്ടായിരുന്ന നിരന്തര ഇടപെടലുകളും അദ്ദേഹം പകർന്നു നൽകിയ അറിവന്വേഷണത്തിനുള്ള ത്വരയുമാണ് അവരുടെ ശിഷ്യത്വം സ്വീകരിച്ച് തമിഴ്നാട്ടിലെ തെനാലിയിൽ പോയി പഠിക്കുന്നതിനും അതിലൂടെ ആദ്ധ്യാത്മിക ലോകത്തേക്ക് കാലെടുത്തുവെക്കുന്നതിനും പ്രേരകമായിത്തീർന്നത്. കണ്ണൂരിലെ സയ്യിദ് മൗലൽ ബുഖാരി തങ്ങളായിരുന്നു അദ്ദേഹത്തിന്റെ ശൈഖെന്നും അഭിപ്രായമുണ്ട്. ഈ കാരണത്താൽ തന്നെ മരണശേഷം ഇച്ച മസ്താന്റെ ഖബറിടം കണ്ണൂർ സിറ്റി പള്ളിയിലെ മൗലാ ബുഖാരി തങ്ങളുടെ മഖ്‌ബറയുടെ പരിസരത്താണെന്നും നിരീക്ഷിക്കുന്നു.


ആത്മീയതയുടെ അത്യുന്നതിയിൽ എത്തിയ ഇച്ച പിന്നീട് പറഞ്ഞതും പാടിയതും അദ്ദേഹത്തിന്റെ ജീവിതമെന്ന പോലെ സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ദുർഗ്രഹങ്ങളായിരുന്നു. താൻ സഞ്ചരിച്ച ഇടങ്ങളിലെ പാറയിലും പീടികത്തിണ്ണയിലും പള്ളികളിലുമായി ഇച്ച കുറിച്ചിട്ട വിരുത്തങ്ങൾ മലയാളം, തമിഴ്, ചെന്തമിഴ്, അറബി, പേർഷ്യൻ, ഉറുദു, സംസ്‌കൃതം എന്നീ ഭാഷകളിലെ പദങ്ങൾ ഇടകലർന്നവയായിരുന്നു. കാല്‍പനിക ഭാവനയും ദര്‍ശനവും കലര്‍ന്ന സവിശേഷ കവിതാവരികള്‍ എന്ന അര്‍ഥമാണു ‘വിരുത്തം’ എന്ന ചെന്തമിഴ് പദത്തിനുള്ളത്. ഇത്തരത്തിൽ 12000 വിരുത്തങ്ങൾ ഉണ്ടായിരുന്നതായി ഒ ആബു സാഹിബ് രേഖപ്പെടുത്തുന്നു. ഇച്ച മസ്താന്റെ വിരുത്തങ്ങൾ അദ്ദേഹം ശേഖരിക്കുകയും 1953 ൽ 30 വിരുത്തങ്ങൾ അടങ്ങിയ ആദ്യ ഭാഗവും പിന്നീട് 1965 ൽ 31 വിരുത്തങ്ങൾ കൂടി ചേർത്ത് രണ്ടാം ഭാഗവും പുറത്തിറക്കി. എന്നാൽ ഇച്ചയുടെ സമ്പൂർണ ജീവചരിത്രം രേഖപ്പെടുത്തുന്നതിനോ വിരുത്തങ്ങൾക്ക് വ്യാഖ്യാനം നൽകുന്നതിനോ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും അദ്ദേഹത്തിന് സാധിച്ചില്ല. ഇച്ച മസ്താന്റെ വരികളുടെ കൃത്യമായ താത്പര്യം പലപ്പോഴും വ്യക്തമാവാറില്ല. അതേസമയം സാന്ദർഭികവും ആത്മീയവുമായ ചില അർത്ഥതലങ്ങൾ നൽകുകയെന്നതാണ് ഒ ആബു സാഹിബും ശേഷം അവയുടെ അർത്ഥ -താത്പര്യങ്ങളെ വിശദീകരിക്കാൻ ശ്രമം നടത്തിയവരും സ്വീകരിച്ചിട്ടുള്ള സമീപനം.


സൃഷ്ടാവിനോടും പ്രവാചകനോടുമുള്ള സ്‌നേഹവും, വിശ്വാസ ജീവിതത്തില്‍ ആത്മീയമായി മുന്നേറാനുള്ള തന്റെ ആഗ്രഹവുമായിരുന്നു ഇച്ചമസ്താന്‍ വിരുത്തങ്ങളിലൂടെ പ്രകടമാക്കിയത്. പ്രവാചക പ്രകീർത്തനപരമായ പ്രമേയം കൈകാര്യം ചെയ്യുന്ന വരികൾ അദ്ദേഹത്തിന്റെ വിരുത്തങ്ങളിൽ ഉടനീളം കാണാം. അത്തരത്തിൽ ഒരു വിരുത്തമാണ് കാഫ് നൂന് കമാലിയ്യത്ത് എന്ന നാമത്തിൽ അറിയപ്പെടുന്ന വരികൾ.


"ഖാഫ് നൂന് കമാലിയത്ത്
ഖദം പിടിച്ച് മണക്കുവാന്‍
ഖാദിറായ മുഹമ്മദോട്
കരഞ്ഞ് നീണ്ട് കൊതിച്ച് ഞാന്‍
(വിരുത്തം-10)


ആദ്യ വരിയിലൂടെ തന്നെ പ്രാപഞ്ചികമായ ഒരു ഉണ്മരഹസ്യത്തിന്റെ വെളിപ്പെടുത്തലിനെ നിർവഹിക്കുകയാണ് ഇച്ച മസ്താൻ. കാഫ്, നൂന് എന്നീ അറബി അക്ഷരങ്ങൾ ലോപിച്ചാണ് കുൻ (ഉണ്ടാവുക) എന്ന അംറ് (കൽപനാ വാക്യം) നിഷ്പന്നമാവുന്നത്. അത് തന്നെ ഔന്നിത്യമാർന്ന ഒരു സൃഷ്ടിയുടെ പ്രകാശ ചൈതന്യത്തിലേക്കാണ് നമ്മെ നയിക്കുന്നത്. അഥവാ കാഫ്, നൂന് എന്നീ അക്ഷരങ്ങളുടെ കമാലിയ്യത്ത് (സമ്പൂർണത) കുൻ എന്നതിന്റെ കമാലിയ്യത്തിലേക്ക് നമ്മെ വഴി നടത്തുന്നു. അതാവട്ടെ സൃഷ്ടിയുടെയും ഉണ്മയുടെയും കമാലിയ്യത്തിലേക്കാണ് നമുക്ക് വെളിച്ചം പകരുന്നത്.


നൂന് എന്ന അക്ഷരത്തിന് വകവെച്ച് നൽകുന്ന കുലീനമായ സ്ഥാനമാണ് കുൻ എന്ന കല്പനാവാക്യത്തിനെന്ന് വിവക്ഷിച്ചവരുമുണ്ട്. നൂന് എന്നത് പ്രവാചകവിശേഷണമായതിനാലും നൂന് എന്ന ഖുർആൻ അദ്ധ്യായത്തിലാണ് നബി(സ)യുടെ സ്വഭാവഗുണങ്ങൾ കൂടുതലായി വെളിപ്പെടുന്നത് എന്നതിനാലും ഈ നിരീക്ഷണം പ്രസക്തമാവുന്നുമുണ്ട്.
ഇത്തരുണത്തിലുള്ള ഉണ്മയുടെ സാരസമ്പൂർണത ഉൾക്കൊള്ളുന്ന പ്രവാചകർ(സ) യുടെ തൃപാദങ്ങൾ ചുംബിച്ച് മണക്കാൻ കണ്ണീരണിഞ്ഞ് പ്രാർഥനയിൽ മുഴുകുന്ന ഇച്ച മസ്താൻ പുണ്യ നബിയുടെ കാലടി പിടിച്ചു കേഴുന്ന നിസ്സാരനായ തനിക്ക് സമ്പൂർണമായ ആത്മവെളിച്ചമേകാൻ സ്രഷ്ടാവായ പരമാധികാരിയോട് തേടിക്കൊണ്ടാണ് വിരുത്തം ആരംഭിക്കുന്നത്. ഇതേ ആശയങ്ങളോടെ തിരുനബി (സ്വ) യെ പ്രകീർത്തിക്കുന്ന വിരുത്ത ശകലങ്ങൾ വേറെയും കാണാം.


"മുന്നമെ മുന്നമൊ –
രുനുഖ്തക്ഷരം
മുന്നിലെ വെച്ച വെടി അത്
മിന്നിമിന്നിക്കളി-
ച്ചെണ്ടബൂആദമില്‍
മീമ് മുളച്ചതെടി ” (വിരുത്തം ഒന്ന്)


അനാധിയിൽ സൃഷ്ടാവ് പ്രവചകൻ മുഹമ്മദ് നബിയുടെ തിരുനൂറിനെ സൃഷ്ടിക്കുകയും പിന്നീട് സർവ്വ ചരാചരങ്ങളെയും സൃഷ്ടിപ്പിലേക്ക് നയിക്കുന്ന ഒരു മഹാവിസ്ഫോടനത്തെയുമാണ് വരികളിൽ സൂചിപ്പിക്കുന്നത് എന്നാണ് ഒരു നിരീക്ഷണം. ആ ദിവ്യ പ്രകാശം പിന്നീട് ആദ്യ മനുഷ്യനും പ്രവാചകനുമായ ആദം നബി മുതൽ പ്രവാചക പരമ്പരകളിലൂടെ കൈമാറി വരികയും ചെയ്തുവെന്ന ആശയമാണ് ഇവിടെ ആവിഷ്‌കരിക്കുന്നത്. ആദം നബിയുടെ ചുമലിൽ പ്രതിഷ്ഠിച്ചിരുന്ന നൂറ് പിന്നീട് അവിടുത്തെ നെറ്റിയിലേക്കും ശേഷം തനിക്ക് കൂടി ദർശിക്കാൻ സൗകര്യപ്രദമാം വിധം പുനഃപ്രതിഷ്ഠിക്കണമെന്ന അഭ്യർത്ഥന മാനിച്ച് അവിടുത്തെ വലതു കൈയിലെ നാടുവിരലിലേക്ക് മാറ്റുകയും ചെയ്ത ചരിത്രത്തിലേക്കും ഈ വരികൾ വെളിച്ചം വീശുന്നുണ്ട്.


"കന്നമില്ലാ സ്വിഫ-
തെണ്ടേ ജവാഹിറാൽ
കത്തി മറിന്തെ കൊടീ അത്
കരുണ നൂറ് മു-
ഹമ്മദിയ്യ എന്ന്
പേര് വിളിച്ചതേടീ "


അറ്റമില്ലാത്ത വിശേഷണങ്ങൾക്ക് ഉടമയായ പ്രവാചകൻ (സ്വ)യുടെ നൂറ് മുഹമ്മദിയ്യ എന്ന ദിവ്യപ്രകാശത്തെയാണ് മേൽ പ്രസ്താവിച്ച വരികളിൽ അത്രയും അടയാളപ്പെടുത്തുന്നത്. പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനും മനുഷ്യകുലത്തിന്റെ പ്രാരംഭത്തിനും പ്രവാചകൻ (സ്വ)യുടെ ആ തിരു പ്രകാശം കാരണമായിത്തീരുന്നതിനെയും കൃത്യമായി വരച്ചു കാണിക്കുകയാണ് ഇച്ച ഈ വരികളിലൂടെ.
വരികളിൽ 'ടീ' എന്ന് വിശേഷിപ്പിക്കുന്നത് നഫ്സിനെ (സ്വശരീരത്തെ) തന്നെയാണ് . വിശുദ്ധ ഖുർആനിൽ 89 ആം അദ്ധ്യായത്തിന്റെ അവസാനത്തിൽ നഫ്സിനോടുള്ള അഭിസംബോധനയിൽ നിന്നും മാതൃക സ്വീകരിച്ചാണ് ഇച്ച ഇത്തരമൊരു പ്രയോഗം നടത്തുന്നത്.


"മുത്തൊളി മുഹമ്മദെന്റെ
മുമ്പിരുന്ന സിർറെടാ
മുത്തിലുള്ള പത്തെടുത്ത്
മുത്തി മുത്തി കൊള്ളട" (വിരുത്തം 5 )


അല്ലാഹുവിന്റെ സന്നിധിയിലെ അമൂല്യ രഹസ്യമായിരുന്നു നൂറ് മുഹമ്മദിയ്യ എന്ന തിരുപ്രവാചകരുടെ ഒളി /പ്രകാശം എന്ന് സൃഷ്ടാവിന്റെ വാക്കുകളിലൂടെ തന്നെ രേഖപ്പെടുത്തും വിധമാണ് ഈ വിരുത്തം ആരംഭിക്കുന്നത്. ശേഷമുള്ള വരികളിൽ മുത്ത് എന്ന് സൂചിപ്പിക്കുന്നത് സത്യസാക്ഷ്യമായ ശഹാദത് കലിമയാണ്. അതിലെ 'പത്ത് 'അറബിയിൽ അല്ലാഹു എന്നതിലെ അഞ്ചക്ഷരങ്ങളും മുഹമ്മദ് എന്നതിലെ അഞ്ചക്ഷരങ്ങളും ചേർന്നതാണ് എന്ന് മനസിലാക്കുന്നു .
സൃഷ്ടാവിനെയും അവന്റെ തിരുദൂദരെയും വേണ്ടവിധം അടുത്തറിഞ്ഞ് പുൽകുകയും ജീവിത വിജയം കൈവരിച്ചു കൊള്ളുവാനും ഇച്ച നിർദ്ദേശിക്കുന്നു. പ്രവാചകർ (സ്വ )
യുടെ ശിഷ്യഗണങ്ങളിൽ സ്വർഗവാഗ്ദാനം നൽകപ്പെട്ട പത്തുപേരെ (അശ്റത്തുൽ മുബഷിരീൻ )യാണ് അത് സൂചിപ്പിക്കുന്നതെന്നും നിരീക്ഷണമുണ്ട്.


"പുത്തിമാൻകൾ ഒക്കയും
പുടം കുടിക്കും കള്ളേടാ
പുള്ള് ലാ ഇലാഹ ഹു
മുഹമ്മദുർ റസൂലുല്ല"


അറിവും വിവേകവമുള്ള എല്ലാവരും കൃത്യമായി സ്ഫുടം ചെയ്ത് മനസ്സിലാക്കി ഉൾക്കൊള്ളുന്ന സവിശേഷമായ മധുരപാനീയമാണ് നേരത്തെ വിശേഷിപ്പിച്ച കലിമത്തു തൗഹീദ് എന്ന് ഇച്ച മസ്താൻ അടിവരയിടുന്നു.
പ്രവാചകർ (സ്വ)യെ പ്രകീർത്തിച്ചുകൊണ്ടാണ് ഇച്ച വിരുത്തം തുടരുന്നത്.


"ചിത്തമാം ഖുറൈശിയത്തിൽ
ചിക്കയിട്ട പുള്ളെടാ
ചിങ്കറാദം മക്കളിൽ
ജികം പെരുത്ത മുള്ളെടാ
അത്തിമാമരത്തിലെ
അമർന്തിരുന്ത എള്ളെടാ
ഹഖ് ലാ ഇലാഹ ഹു
മുഹമ്മദുർ റസൂലുല്ലാഹ്"


ഖുറൈശി കുടുംബത്തിൽ ജനിക്കുകയും സൃഷ്ടാവ് ബഹുമാനാദരവുകൾ നൽകിയ ആദം മക്കളിൽ ഏറ്റവും പ്രശസ്‌തിയാർജിച്ചവരുമായ പ്രവാചകർ (സ്വ )യാണ് ഇലാഹാകുന്ന വലിയ വൃക്ഷത്തോട് ഏറ്റവും അടുത്തവർ എന്ന് തിരുദൂതരെ പ്രകീർത്തിച്ച് ഇച്ച പാടുന്നു.


സൃഷ്ടാവായ അല്ലാഹുവോടും അവന്റെ തിരുദൂദരോടും തന്റെ വിരുത്തങ്ങളിലൂടെ പ്രകടമാക്കുന്ന അനശ്വര സ്നേഹം കൊണ്ട് താൻ ലക്ഷ്യമാക്കുന്നതെന്തെന്ന് ഇച്ച കാഫ് നൂന് കമാലിയാത്ത് എന്ന വിരുത്തത്തിന്റെ അവസാന ഭാഗങ്ങളിൽ കൊണ്ട് വരുന്നുണ്ട്.


"ആഫിയത്ത് തടിക്കും ഖല്‍ബിലും
ആക്കി ദീനിലെടുക്കുവാന്‍
ആദരക്കനി സയ്യിദീ ഹള്-
റത്ത് നല്ല മുഹമ്മദാ ”


തന്റെ ശരീരത്തിനും ഖൽബിനും ഒരു പഴം തിന്നുന്ന ലാഘവത്തോടെ ആഫിയത്ത് നേടിത്തരാൻ സാധ്യമായ സന്നിധി നബി (സ) യുടേത് തന്നെയാണെന്ന് ഇച്ച ആണയിടുന്നു. ഇതിലൂടെ ആഫിയത്ത് എന്ന പദത്തിന് സാധാരണയായി നാം കൽപ്പിച്ചു പോരുന്ന ഉതവി/ശേഷി എന്ന വാക്കാർഥത്തിന്റെ പരിമിതിയെ തന്റെ വരികളിലൂടെ കൃത്യമായി ഇച്ച മറികടക്കുന്നുമുണ്ട്. ശരീരത്തിന്റെ ശേഷി എന്നതിനുമപ്പുറം ആത്മീയ പരമായ ദിവ്യമായ ശേഷിയാണതെന്ന് ഇച്ച തിരുത്തെഴുതുന്നത് ഇങ്ങനെയാണ്.


"സൂഫിയായ മുഖാബിലാക
സുസൂഫിലെന്നെ വളർത്തണേ
സ്വാദിഖിന്റെ സമാധി തന്നിലും
സൗമ് കൊണ്ടു മടക്കണേ "


പ്രവാചകസന്നിധിയിൽ ദൃഢതയോടെ വിനയപൂർവ്വം അണിനിരന്നു നിൽക്കുന്ന പിൻഗാമികളുടെയും ഗുരുപരമ്പരകളുടെയും കൂടെ കണ്ണി ചേർന്ന് നിൽക്കുവാൻ തന്നിൽ പ്രാപ്തി വർധിപ്പിക്കണേ എന്ന് ഇച്ച പ്രാർത്ഥിക്കുന്നു. അതിനായി എല്ലാ സത്യങ്ങളെയും സ്വമനസ്സാലെ അംഗീകരിക്കുന്ന സാദിഖും സിദ്ദീഖുമായ അബൂബക്കർ (റ)വിന്റെ സ്ഥാനതലത്തിലേക്ക് ഉയരാനായി അദ്ദേഹത്തിന്റെ മനസ്സ് വെമ്പൽ കൊള്ളുന്നു.


ലക്ഷ്യാർഥം തിന്മയെ വർജിക്കാനുള്ള ശുദ്ധിയാർന്ന മാനസികാവസ്ഥയിലേക്ക് തന്നെ മടക്കിയെടുത്ത് സൂഫിയാക്കുന്ന തരത്തിൽ / ആത്മം തെളിഞ്ഞ് സുതാര്യമാവുന്ന തരത്തിൽ തന്നെ പരിവർത്തിപ്പിക്കാനാണ് ഇച്ച തേടുന്നത്.


"മൂപ്പരമ്പിയ മുമ്പിരുന്നിലും
മൂടടിച്ച് തിരിക്കണേ
മുസ്ത്വഫായ മുഹമ്മദെന്റെ
മുറാദ് വീട്ടിയെടുക്കണേ "


പരലോകത്ത് പ്രവാചകൻ(സ്വ) എല്ലാത്തിനെക്കാളുമുപരിയായി നിലകൊള്ളാനുള്ള മുസ്തഫാ എന്ന സവിശേഷ തിരഞ്ഞെടുപ്പിന് അർഹതപ്പെട്ട ഗുരുത്വമുള്ള പ്രവാചകനിലേക്കാണ് അദ്ദേഹം എത്തിച്ചേരുന്നത്. ഇത്തരത്തിൽ സൃഷ്ടാവിനോടും അവന്റെ തിരുദൂതരോടുമുള്ള അങ്ങേയറ്റത്തെ സ്നേഹവും അതുവഴി വിശ്വാസ ജീവിതത്തിലും ആത്മീയതയിലും മുന്നേറുന്നതിനുള്ള തന്റെ അദമ്യമായ ആഗ്രഹത്തെയാണ് ഇച്ച തന്റെ വിരുത്തങ്ങളിൽ നിരന്തരം പ്രകടിപ്പിക്കുന്നത്.

Sufism
Religion
Spirituality

Related Posts

Loading