KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

ഇജാസതു രിവായ; വാമൊഴി സംസ്കാരത്തിൽ നിന്നുമുള്ള പര്യാലോചനകൾ

ബാസിത് ഹംസ നൂറാനി

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഒരു വസന്ത കാലത്ത് ബൈറൂത്തിൽ വെച്ച് അവസാന ഓട്ടോമൻ ചീഫ് ജസ്റ്റിസായിരുന്ന യൂസുഫുന്നബ്ഹാനി തന്റെ പണ്ഡിത ജീവിതത്തിൽ ശേഖരിച്ച ഹദീസ് പരമ്പരകളുടെ ഇജാസതുകളെ ക്രോഡീകരിക്കുകയുണ്ടായി. ഹാദി അൽ മുരീദ് ഇലാ തുറുഖിൽ അസാനീദ് (ഹദീസൊഴുകിയ വഴികളിലേക്കൊരു മാർഗ്ഗദർശി) എന്ന ആ ഗ്രന്ഥത്തിന്റെ അവസാന പേജുകളിൽ അദ്ദേഹം പറയുന്നുണ്ട്; "എന്റെ സമകാലികരായ എല്ലാവർക്കും ഇതിലുള്ളത് നിവേദനം ചെയ്യാൻ ഞാൻ സമ്മതം നൽകിയിരിക്കുന്നു". ഏകദേശം മുൻകാല പണ്ഡിതന്മാരുടെയെല്ലാം ശൃംഖലകളിലൂടെ കടന്നുചെന്ന് നബി തങ്ങളിൽ എത്തുന്ന ഒരു പരമ്പരയിൽ കണ്ണിയാവാനുള്ള അവസരമാണ് യൂസുഫുന്നബ്ഹാനി മുസ്ലിം ലോകത്തിന് അതിലൂടെ സമ്മാനിച്ചത്. മുൻകാല വാമൊഴി സംസ്കാരത്തിൽ നിന്ന് ഇജാസത് സമ്പ്രദായം വഴി യൂസുഫുന്നബ്ഹാനി വരെ എത്തിനിൽക്കുന്ന ഹദീസ് ആഖ്യാന ചരിത്രത്തിന് പിന്നിട്ട നൂറ്റാണ്ടുകളുടെ പരിണാമത്തിന്റെ കഥ പറയാനുണ്ട്. ആ കഥക്ക് തിരുമൊഴികൾ തേടി വർഷങ്ങൾ അലഞ്ഞിരുന്ന മുഹദ്ദിസുകളിൽ നിന്ന് ഒരു മുഹദ്ദിസിന്റെ സമകാലികനാവുക വഴി ആ മഹത്തായ പാരമ്പര്യത്തിന്റെ ഭാഗമാകുന്ന ഇജാസയുടെ ലോകം വരെയുള്ള ദൂരമുണ്ട്. വാമൊഴി സംസ്കാരത്തിൽ നിന്നും ഇജാസ സമ്പ്രദായത്തിലേക്ക് വഴിമാറുമ്പോൾ ഹദീസ് കൈമാറ്റത്തിന്റെ ആധികാരികതയും പരിശുദ്ധിയും നഷ്ടപ്പെടുന്നുണ്ടോ? ഇത്തരമൊരു പരിണാമത്തിലേക്ക് നയിച്ച ഘടകങ്ങൾ എന്തെല്ലാമായിരുന്നു? തുടങ്ങിയ ചോദ്യങ്ങൾ ഉൾകൊള്ളുന്ന ഇജാസ സമ്പ്രദായത്തിന്റെ വേരുകളും സ്വഭാവങ്ങളും വികാസവുമാണ് ഈ പഠനം മുന്നോട്ട് വെക്കുന്നത്.


ഇജാസതുകളുടെ സ്വഭാവവും വികാസവും

ഹദീസ് ശാസ്ത്രത്തിൽ സ്വീകാര്യമായ ഏഴു കൈമാറ്റ രൂപങ്ങളിലൊന്നാണ് ഇജാസത്. ഭാഷാപരമായി 'അനുവാദം' എന്ന അർത്ഥം കുറിക്കുന്ന ഇജാസത്, ഒരു ആഖ്യാതാവ് മറ്റൊരാൾക്ക് തന്റെ ആഖ്യാന ശൃംഖലകളെയും മൂലസ്രോതസ്സിനെയും ഉദ്ധരിക്കാനോ കൈമാറാനോ അനുവാദം നൽകുന്നതിനാണ് സാങ്കേതിക അർത്ഥത്തിൽ ഉപയോഗിക്കുന്നത്. വാമൊഴിയായി കൈമാറുന്നതിന് സമയം, ദൂരം തുടങ്ങി മറ്റു പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നപ്പോഴാണ് ഇജാസത് സമ്പ്രദായം വ്യാപകമാകുന്നത്. പിന്നീട്, മുസ്‌ലിം സമുദായത്തിന്റെ ഒരു പ്രത്യേക ഐഡന്റിറ്റിയും ഹദീസ് ശ്യംഖലകളുടെ കൈമാറ്റത്തിന്റെ തുടർച്ചയെ സംരക്ഷിക്കുന്നതിനുള്ള മാധ്യമവുമായി ഇജാസ മാറുകയുണ്ടായി. ജൂത - ക്രിസ്ത്യൻ സമൂഹങ്ങളിൽ നിന്ന് വ്യത്യസ്തമായി മത സ്ഥാപകനിലേക്ക് പിൽക്കാല ജനതയെ ആത്മീയമായി ബന്ധിപ്പിക്കുന്ന ഇത്തരം ശൃംഖലകൾ ഇജാസ സമ്പ്രദായത്തോട് കൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടു.


ഇറാഖീ പണ്ഡിതൻ ഖതീബുൽ ബാഗ്ദാദിയുടെ (ഹി. 463) അഭിപ്രായത്തിൽ ഇജാസ സമ്പ്രദായത്തിന്റെ ആവിർഭാവം ഹിജ്റ രണ്ടാം നൂറ്റാണ്ടിൽ തന്നെ ഉടലെടുത്തിട്ടുണ്ട്. ഇമാം റാമഹുർമുസിയും ഖതീബുൽ ബാഗ്ദാദിയും ഇജാസത് സംബന്ധിയായി ആദ്യകാല പണ്ഡിതന്മാർക്കിടയിൽ നിലനിന്നിരുന്ന അഭിപ്രായങ്ങളെ ക്രോഡീകരിക്കുന്നുണ്ട്. ഇമാം മാലിക് (റ) വിൽ നിന്ന് തന്നെ ഇജാസത് സമ്പ്രദായത്തിന് അനുകൂലമായും പ്രതികൂലമായും സമീപനങ്ങൾ ഉണ്ടായതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കൽ മാലിക് (റ) നോട് തൻ്റെ പ്രധാന കൃതിയായ മുവത്വയുടെ ഇജാസത് തേടിയ വ്യക്തിക്ക് പരിപൂർണ്ണ സമ്മതം നൽകുകയും മറ്റൊരിക്കൽ ഇജാസത് ആവശ്യപ്പെട്ട വ്യക്തിയോട് "ഞാൻ ഇജാസതിന് സാധുത കൽപ്പിക്കുന്നില്ലെന്നും ചുരുങ്ങിയ സമയം ചെലവഴിച്ച് ഒരുപാട് കാര്യങ്ങൾ ശേഖരിക്കാൻ ശ്രമിക്കുന്ന സമ്പ്രദായത്തോട് എനിക്ക് താല്പര്യമില്ലെന്നും" അഭിപ്രായപ്പെടുകയുണ്ടായി. ഇമാം ശാഫി (റ) വിൽ നിന്നും സമാനമായ അനുഭവം പങ്കുവെക്കുന്നവരുണ്ട്. പിന്നീട് ഹിജ്റ മൂന്നാം നൂറ്റാണ്ടിൽ ഹദീസ് ക്രോഡീകരണ പ്രവർത്തനങ്ങൾ സജീവമാവുകയും ലിഖിത രൂപങ്ങൾ വ്യാപകമാവുകയും ചെയ്തപ്പോൾ വാമൊഴി സംസ്കാരത്തിൽ നിന്നും ഒരു പരിധി വരെയെങ്കിലും ഹദീസ് പരമ്പരകളെ സംരക്ഷിക്കാൻ ഇജാസതുകൾ സമയത്തിന്റെ ആവശ്യമായി മാറി.


ഹദീസ് ഗ്രന്ഥങ്ങളുടെ രചനാലോകം അതിവേഗം വ്യാപകമായപ്പോൾ ഹിജ്റ നാലാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ വാമൊഴി ഇതര സംസ്കാരത്തോടുള്ള വിയോജിപ്പ് കുറഞ്ഞു വന്നു. പ്രശസ്ത ഈജിപ്ഷ്യൻ ഹനഫി പണ്ഡിതനായ അബൂ ജഅഫർ അത്വഹാവി തന്റെ പ്രധാന രചനയായ ശറഹു മആനിൽ ആസാർ എന്ന എന്ന ഗ്രന്ഥത്തിൽ ഇത് സൂചിപ്പിക്കുന്നുണ്ട്. നാലാം നൂറ്റാണ്ടിന്റെ പകുതി ആയപ്പോഴേക്കും ഇജാസത്ത് സമ്പ്രദായത്തിന് പണ്ഡിതർ കൂടുതൽ പ്രാമുഖ്യം കൽപ്പിച്ചു തുടങ്ങി. ഇജാസതിന്റെ സാധുതയിൽ നിന്ന് ചർച്ചകൾ ഇജാസതുകളെ എങ്ങനെ ശരിയായ വിധം ഉപയോഗപ്പെടുത്താം എന്ന രീതിയിലേക്ക് വഴി മാറി. അതിന്റെ ഗഹനമായ സംവാദ പരിസരങ്ങൾ ഇമാം റാമഹുർമുസിയുടെ "മുഹദ്ദിസ് അൽ ഫാസ്വിൽ" എന്ന ഗ്രന്ഥത്തിൽ കാണാവുന്നതാണ്. ഹദീസ് കൈമാറ്റത്തിന്റെ വാമൊഴി സംസ്കാരത്തിൽ മാത്രം ഉപയോഗിച്ചു വന്നിരുന്ന "ഹദ്ദസനാ", "അഖ്ബറനാ" തുടങ്ങിയ സാങ്കേതിക പ്രയോഗങ്ങൾ ഇജാസത് സമ്പ്രദായത്തിലും ഉപയോഗിക്കാവുന്നതാണെന്ന് റാമഹുർമുസി ചൂണ്ടിക്കാട്ടുന്നു. അതേസമയം അത്തരം പ്രയോഗങ്ങൾ വാമൊഴി സംസ്കാരത്തിൽ മാത്രം ഉപയോഗിക്കാനുള്ളതാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതരുമുണ്ട്.


അത് ഹദീസ് കൈമാറ്റത്തിന്റെ രൂപത്തെക്കുറിച്ച് പിൽക്കാലക്കാർക്ക് സംശയമുളവാക്കുമെന്നാണ് അവരുടെ പക്ഷം. ഈ ഒരു പ്രശ്നത്തിന് പ്രതിവിധിയായി റാമഹുർമുസി നിർദ്ദേശിക്കുന്നത് ഇജാസതിനെ ധ്വനിപ്പിക്കുന്ന പദങ്ങൾ ഉപയോഗിക്കണം എന്നതാണ്. ഉദാഹരണമായി അദ്ദേഹം നിർദ്ദേശിക്കുന്നത് കതബ ഇലയ്യ (എനിക്ക് എഴുതി തന്നത്) പോലോത്ത പ്രയോഗങ്ങളാണ്. ഇതിന് ഉപോൽബലകമാകുന്ന മുൻകാല പണ്ഡിതന്മാരിൽ നിന്നുള്ള ധാരാളം റിപ്പോർട്ടുകൾ റാമഹുർമുസി തൻ്റെ ഗ്രന്ഥത്തിൽ പരിചയപ്പെടുത്തുന്നുമുണ്ട്. എന്നാൽ ഇത്തരം പ്രയോഗങ്ങൾ മുഹദ്ദിസുകളിൽ നിന്ന് നേരിട്ട് മുഖാന്തരം ഇജാസത് വാങ്ങുന്നവരുടെ പ്രസക്തിയെ ചോദ്യം ചെയ്യുന്നതിനാൽ തന്നെ ഹദ്ദസനാ, അഖ്ബറനാ തുടങ്ങിയ പൊതു സാങ്കേതിക പ്രയോഗങ്ങൾ തന്നെ ഉപയോഗിക്കാം എന്ന് പിൽകാല പണ്ഡിതർ രേഖപ്പെടുത്തിയിട്ടു മുണ്ട്. റാമഹുർമുസിയുടെ തന്നെ സമകാലികനായ ഇബ്നു അദിയ്യ് തന്റെ അൽ കാമിൽ ഫീ ദുഅഫാഇ രിജാൽ എന്ന ഗ്രന്ഥത്തിൽ പറയുന്നു:- മുഖാന്തരം സ്വീകരിച്ച ഇജാസതുകൾക്ക് "അഖ്‌ബറനീ ഇജാസതൻ മുശാഫഹതൻ" എന്ന് പറയൽ അനിവാര്യമാണ്.


ഹിജ്റ നാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇജാസത് സമ്പ്രദായം പണ്ഡിത സംസ്കാരത്തിന്റെ ഒരു പ്രധാന സവിശേഷതയായി രൂപം പ്രാപിച്ചിരുന്നു. ആ സമയത്ത് തന്നെ ഇജാസത് സംബന്ധിയായി മാത്രം പണ്ഡിത രചനകൾ പുറത്തിറങ്ങി. ഹി.392 ൽ വഫാത്തായ അന്തലൂസിയൻ പണ്ഡിതൻ അൽ വലീദ് അൽ ഗമരി അസാറഖുസ്തിയുടെ "അൽ വജാസ ബി സ്വീഹത്തിൽ ഖവ്‌ലി ബിൽ ഇജാസ" എന്ന രചനയാണ് പ്രഥമ പഠനമായി അറിയപ്പെടുന്നത്. ഇതിന്റെ കയ്യെഴുത്ത് പ്രതികൾ ഇന്ന് ലഭ്യമല്ലെങ്കിലും ഈ മേഖലയിൽ പിന്നീട് ഇടപെട്ട പിൽക്കാല പണ്ഡിതരായ ഖതീബ് അൽ ബാഗ്ദാദി, ഖാദി ഇയാദ്, ഇമാം സുയൂഥി, ഇമാം സഖാവി തുടങ്ങിയവർ പ്രധാനമായും ആധാരമാക്കിയത് ഈ പഠനമാണെന്ന് അവരുടെ രചനകളിൽ കാണാൻ സാധിക്കും. ഖാദി ഇയാദ് ഗമരിയിൽ നിന്നും തന്റെ 'ഇൽമാഇ'ൽ റിപ്പോർട്ട് ചെയ്യുന്നതായി കാണാം, "ഹദീസ് പണ്ഡിതരിൽ ഭൂരിപക്ഷം പേരുടെയും അഭിപ്രായമനുസരിച്ച് ഒരു അറിയപ്പെട്ട ഹദീസ് ഗ്രന്ഥത്തിന് നൽകിയ ഇജാസത് ജ്ഞാനശാസ്ത്രപരമായി വാമൊഴി സംസ്കാരത്തിലുള്ള ഹദീസ് കൈമാറ്റത്തിൽ പങ്കാളിയായതിന് സമമാണ് (Epistemological Equivalent). ഏതാണ്ട് അതേ സമയത്താണ് പേർഷ്യൻ ഹദീസ് പണ്ഡിതനായ അബു അബ്ദുല്ല മുഹമ്മദ് ബ്നു ഇസ്ഹാഖ് എന്നവരും പിന്നീട് അബു മുത്വരിഫ് അബ്ദുറഹ്മാൻ അൽ ഖുർതുബിയും ഇജാസത് സംബന്ധിയായി ഗഹനമായ പഠനങ്ങൾ മുന്നോട്ടുവെക്കുന്നത്.


ഹിജ്റ അഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തന്നെ ഇജാസത് പണ്ഡിതന്മാർ ഏകോപന രൂപത്തിൽ അംഗീകരിച്ചതായി അന്തലൂസിയൻ ഹദീസ് പണ്ഡിതൻ അബുൽ വലീദ് അൽ ബാജി സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ കാലഘട്ടത്തിലാണ് ഇജാസത് സമ്പ്രദായത്തിന് പുതിയ ദിശ നിർണയിച്ച ഖതീബ് അൽ ബാഗ്ദാദിയുടെ ഇടപെടലുകൾ സജീവമാകുന്നത്. ഹദീസ് സാങ്കേതിക ശാസ്ത്രവുമായി ബന്ധപ്പെട്ട് അദ്ദേഹം രചിച്ച "അൽ കിഫായ ഫീ ഇൽമി രിവായ" എന്ന ഗ്രന്ഥത്തിൽ ഇജാസതിനെ കുറിച്ച് വിശദമായ പഠനം ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇജാസതിനെ കുറിച്ച് മാത്രം പരാമർശിക്കുന്ന അദ്ദേഹത്തിൻ്റെ പ്രബന്ധങ്ങളും ലഭ്യമാണ്. ഇജാസത് രീതിക്ക് നബി (സ) യുടെ കാലഘട്ടത്തിൽ തന്നെ മാതൃകകൾ ലഭ്യമാണെന്ന് ഖതീബ് അൽ ബാഗ്ദാദി പറയുന്നുണ്ട്, " നബി തങ്ങൾ ഒരിക്കൽ തൻ്റെ അനുചരന്മാരിൽ നിന്നുള്ള ചില ആളുകളെ ഒരു പ്രത്യേക ദൗത്യത്തിനായി പറഞ്ഞയക്കുകയും അയക്കുന്ന സമയത്ത് അവരുടെ കയ്യിൽ ഒരു കുറിപ്പ് ഏൽപ്പിക്കുകയും ചെയ്തു. നിങ്ങളുടെ ദൗത്യത്തിന്റെ മൂന്നാം ദിവസം മാത്രമേ ഇത് തുറന്നു നോക്കാൻ പാടുള്ളൂ എന്ന ആജ്ഞയും അവിടുന്ന് പുറപ്പെടുവിച്ചു. " ഈ സംഭവവും കൂടാതെ അബൂബകർ (റ), അലി(റ) തുടങ്ങിയവരിൽ നിന്നുള്ള ധാരാളം റിപ്പോർട്ടുകളും തൻ്റെ വാദത്തിന് ആധാരമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം ഇജാസത് സമ്പ്രദായം അംഗീകരിച്ചിരുന്ന തൻ്റെ സമകാലികരിൽ പലർക്കും വാമൊഴി സംസ്കാരത്തിലെ ഹദീസ് കൈമാറ്റത്തോട് തുലനം ചെയ്യാൻ സാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. അഥവാ, നിയമപരമായ പ്രശ്നങ്ങളിൽ തെളിവായി ഉദ്ധരിക്കാൻ പറ്റുമോ? എന്നാൽ ഭൂരിപക്ഷം പണ്ഡിതരും നിയമ പ്രശ്നങ്ങൾ ക്രോഡീകരിച്ചിട്ടുള്ളത് ഇത്തരം സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് തന്നെയാണ് എന്ന് ഖതീബ് അൽ ബാഗ്ദാദി സമർത്ഥിക്കുന്നുണ്ട്.


ഇജാസത് സമ്പ്രദായത്തിന്റെ ഒരു പ്രധാന വിനയായി ആദ്യകാല പണ്ഡിതർ നിരീക്ഷിച്ചത് വൈജ്ഞാനികമായ പരിമിതികളാണ്. ആദ്യകാലത്ത് ഹദീസുകൾ ശേഖരിക്കുന്നതിന് വേണ്ടി ദീർഘദൂരം യാത്ര ചെയ്ത് അറിവ് നേടിയവരിൽ നിന്നും വ്യത്യസ്തമായി അറിവുകൾ ഒരു ഭാണ്ഡത്തിൽ സൂക്ഷിച്ച് വെച്ച് സാക്ഷ്യപത്രവുമായി നടക്കുന്ന ഒരു പുതിയ സംസ്കാരം രൂപപ്പെടുമെന്നതാണ് ആ ഭീതിയുടെ കാതൽ. ആധുനിക കാലത്ത് പാരമ്പര്യ വിദ്യാഭ്യാസ രീതിയിലൂടെയല്ലാതെ ഓൺലൈൻ മുഫ്തിമാരെയും ശൈഖ് ഗൂഗിളിനെയും അവലംബമാക്കി മതപഠനം നടത്തുന്നതുപോലെ. എന്നാൽ ഹദീസിന്റെ വാമൊഴി സംസ്കാരത്തിന് ഭീഷണിയായി ഇജാസത് സമ്പ്രദായത്തെ വിലയിരുത്തുന്നതിന് പകരം ഹദീസ് പാരമ്പര്യത്തിന്റെ സംരക്ഷണമാണ് അത് നിർവഹിക്കുന്നത് എന്നാണ് ബാഗ്ദാദിയെ പോലുള്ള പണ്ഡിതർ അവകാശപ്പെടുന്നത്.


പിന്നീട് ആറ് നൂറ്റാണ്ടുകൾക്കിപ്പുറം ഇന്ത്യൻ ഹദീസ് പണ്ഡിതനായ അബ്ദുൽ ഹയ്യ് അലക്നവി യെ പോലുള്ളവർ " ഹദീസ് പാരമ്പര്യം മുസ്ലിം സമൂഹത്തിന്റെ ഒരു പ്രധാന സവിശേഷതയായതിനാൽ തന്നെ ഇജാസത് സുന്നത്താണെന്ന് " വരെ പ്രസ്താവിക്കുന്നുണ്ട്.


ഇജാസ അൽ മുത് ലഖ;

ഹദീസ് കൈമാറ്റത്തിന്റെ സംരക്ഷണാർത്ഥം ഇജാസത് സമ്പ്രദായത്തെ ഒന്നുകൂടി വിപുലപ്പെടുത്തിയതാണ് 'ഇജാസ അൽ മുത് ലഖ' എന്ന സംവിധാനത്തിന് ജന്മം നൽകിയത്. തനിക്ക് ഇജാസത് തന്ന വ്യക്തിയുടേതെന്ന് വിശ്വസനീയമായ ഏതൊരു കാര്യവും നിവേദനം ചെയ്യുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. ഹിജ്റ നാലാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ തന്നെ ഈ സംവിധാനം നിലവിൽ വന്നിട്ടുണ്ടെങ്കിലും ഖതീബ് അൽ ബാഗ്ദാദിയാണ് ഇതിനെ ആദ്യമായി വിശദ പഠനത്തിന് വിധേയമാക്കുന്നത്. ഖതീബ് അൽ ബാഗ്ദാദിയുടെ സമകാലികരും മുൻകാലക്കാരുമായ മിക്ക ആളുകളും ഒരു പ്രത്യേക ഗ്രന്ഥത്തിന്റെ അനുവാദത്തെ മാത്രമാണ് ഇജാസത് വഴി ഉപയോഗിച്ചിരുന്നത്. എന്നാൽ പിന്നീട് ഇസ്ലാമിക ധൈഷണിക പാരമ്പര്യം ത്വരിത വേഗത്തിൽ വികസിക്കുകയും ഹദീസ് സാഹിത്യത്തിൽ തന്നെ ധാരാളം രചനകൾ ഉടലെടുക്കുകയും ചെയ്തു. അങ്ങനെ ഒരു പണ്ഡിതന്റെ തന്നെ രചനകൾ മുഴുവൻ ലഭ്യമാക്കാൻ കഴിയാത്ത വിധം പ്രതിബന്ധങ്ങൾ നേരിട്ടപ്പോഴാണ് ഇജാസ അൽ മുത് ലഖ നിലവിൽ വരുന്നത്.


ഖതീബ് അൽ ബാഗ്ദാദി ഹദീസ് കൈമാറ്റത്തിന്റെ മറ്റൊരു രൂപമായ 'മുനാവല' യെ വിശദീകരിക്കുന്നിടത്ത് പറയുന്നതായി കാണാം, തന്റെ നിവേദക പരമ്പരയടങ്ങിയ കയ്യെഴുത്ത് പ്രതി ശിഷ്യന് നിവേദനം ചെയ്യാൻ നൽകുന്നതിനാണ് മുനാവല എന്ന് പറയുന്നത്. " ഒരു പണ്ഡിതന് തന്റെ ഗുരുക്കന്മാരിൽ നിന്നും ലഭ്യമായ അറിവുകൾ എല്ലാം ഒരുമിച്ചു കൂട്ടിയ ലൈബ്രറിയെ മുൻനിർത്തി പറയാം, "ഈ ലൈബ്രറിയിൽ ഉള്ളതെല്ലാം നിങ്ങൾക്ക് നിവേദനം ചെയ്യാൻ ഞാൻ സമ്മതം നൽകിയിരിക്കുന്നു". പിൽക്കാലത്ത് ഹിജ്റ ആറാം നൂറ്റാണ്ട് മുതൽ തങ്ങൾക്ക് ഗുരുക്കന്മാരിൽ നിന്ന് ലഭിച്ചിട്ടുള്ള എല്ലാ ഗ്രന്ഥങ്ങളുടെയും ഇജാസതുകളെ കുറിച്ച് മാത്രം പറയുന്ന രചനകൾ പുറത്തിറങ്ങുകയുണ്ടായി. ഇത്തരം ഇജാസതുകൾ തന്നെ നേരിട്ട് മുഖാന്തരം നൽകുന്നതും പരോക്ഷമായി നൽകുന്നതും വ്യത്യാസമില്ലെന്നാണ് ഖതീബ് അൽ ബാഗ്ദാദിയുടെ പക്ഷം. പക്ഷേ, പരോക്ഷരൂപത്തിൽ ആകുമ്പോൾ തനിക്ക് സമ്മതം അയച്ചു നൽകിയ വ്യക്തിയെ സ്ഥിരപ്പെടുത്തണമെന്ന് മാത്രം. എങ്കിലും ഇജാസ അൽ മുത് ലഖ ഒരിക്കലും പ്രത്യേകമായ ഇജാസതിനോട് (ഇജാസത് അൽ അഖസ്സ്) സമാന്തരപ്പെടുത്താൻ കഴിയില്ല എന്നാണ് പിൽക്കാല ഹദീസ് പണ്ഡിതനായ ഇബ്നു സ്വലാഹ് തന്റെ മുഖദ്ദിമയിൽ പറയുന്നത്.


ചുരുക്കത്തിൽ മുസ്ലിം വൈജ്ഞാനിക പാരമ്പര്യത്തിന്റെ ഒരു പ്രധാന ഭാഗമായി മാറിയ ഇജാസത് സമ്പ്രദായം ഹദീസ് കൈമാറ്റത്തിന്റെ വികസനത്തിൽ ഒഴിച്ചുകൂടാനാവാത്ത അദ്ധ്യായമാണ്. ഹദീസ് നിവേദനം ചെയ്യുന്നതിനുള്ള ഇജാസതുകൾക്ക് അധ്യാപനത്തിനുള്ള ഇജാസത് (ഇജാസതു ദിറായ) പോലെ ധാരാളം നിബന്ധനകൾ ഒന്നും ഇല്ലാത്തതിനാൽ തന്നെ, അത് മുസ്ലിം ധിഷണാ ലോകത്തെ കാലഘട്ടങ്ങളിലൂടെ അതിപ്രസരം മുന്നോട്ടുകൊണ്ടുപോയി. ഇന്നും സജീവമായി നിലനിൽക്കുന്ന ഇജാസത് സമ്പ്രദായം പാരമ്പര്യ സുന്നി പണ്ഡിതരുടെ ഒരു പ്രധാന മേഖലയായി തന്നെ വർത്തിക്കുന്നുണ്ട്. അത്തരം സമ്പ്രദായങ്ങളും സംസ്കാരങ്ങളുമാണല്ലോ പാരമ്പര്യത്തിന്റെ ജൈവികതയെ നിർവചിക്കുന്നതും.


അധിക വായനക്ക്:

1- അൽ കിഫായ ഫീ ഇൽമി രിവായ - അൽ ഖതീബുൽ ബാഗ്ദാദി (463/1071)
2- അൽ മുഹദ്ദിസ് അൽ ഫാസ്വിൽ - ഇമാം റാമഹുർമുസി
3- Carrying on the tradition; A social and Intellectual History of Hadith transmission across Thousand Years - Garrett Davidson

Religion
Prophet
Hadith Literature

Related Posts

Loading