ജീവിതത്തെ പ്രണയം കൊണ്ട് ഇതിഹാസമാക്കിയ മജ്നുവിനോട് ആളുകൾ ചോദിക്കാറുണ്ടായിരുന്നു, "ലൈലയേക്കാളും ഭംഗിയുള്ള യുവതികൾ ഉണ്ടല്ലോ" മജ്നുവിന്റെ മറുപടി ഇങ്ങനെയായിരുന്നു, "നല്ലത്, ഞാൻ ലൈലയെ പ്രണയിച്ചത് അവളുടെ ബാഹ്യാകാരം കണ്ടിട്ടല്ല. അവൾ അത്രമാത്രം ഭംഗിയുള്ളവളുമല്ല. എനിക്കു ലൈല ഒരു ചശകം പോലെയാണ്. ഞാൻ അതിൽ നിന്നും മുന്തിരിച്ചാറു കുടിക്കുന്നു. ആ മുന്തിരിച്ചാറുമായാണ് എൻറെ പ്രണയം. നിങ്ങൾക്ക് പക്ഷേ പാനപാത്രം കാണാനുള്ള കണ്ണേയുള്ളൂ." ഉൾകാഴ്ചയെയും ഉളളറിവിനെയും റൂമി ആവിഷ്കരിച്ചത് എത്ര മനോഹരമായാണ്. ദിവ്യാനുരാഗിയുടെ അകക്കാമ്പിനെയാണ് റൂമി പ്രതിഫലിപ്പിച്ചത്. സ്നേഹിക്കപ്പെടുന്നവന്റെ ഗുണങ്ങളത്രയും ബാഹ്യമാകുമ്പോൾ പോലും യഥാർത്ഥ സ്നേഹിതന്റെ കണ്ണ് ഉള്ളിലേക്കാണ്. ആ കാഴ്ചയിലേക്കുള്ള അകലമാണ് അറിയേണ്ടത്. ദിവ്യാനുരാഗത്തിന്റെ ദൂരം ലൈലയുടെ ബാഹ്യാകാരത്തിൽ ലയിച്ചവന് താണ്ടാനാകില്ല. മജ്നു കാണുന്നത് നാം കാണുന്നില്ല. ആ കാഴ്ചയിലേക്കുള്ള അകലം ഭൗതികമല്ല. ആത്മീയമാണ്. ദൈവത്തിൻറെ ഗുണങ്ങളിൽ അലിഞ്ഞുള്ള മനസ്സിലാക്കലായിരിക്കില്ല അത്. ആത്മ സഞ്ചാരമാണ് പ്രണയം.
ഇലാഹും സൃഷ്ടിയും തമ്മിലുള്ള വഴി ദൂരം ഭൗതിക മാത്രയിൽ കൂടുതലെന്ന് തോന്നുമെങ്കിലും ആത്മീയതയുടെ വീഥിയിൽ അത് ചെറുതാണ്. രണ്ടുപേർക്കിടയിലുള്ള ബന്ധനങ്ങൾ ഭേദിക്കുന്നതോടുകൂടി എല്ലാം സാക്ഷാത്കരിക്കപ്പെടുന്നു. ബന്ധനങ്ങൾ ഇഹത്തിന്റെ ചിഹ്നങ്ങളും വ്യാഖ്യാനങ്ങളുമാണ്. വ്യർത്ഥമായ കഥകളുടെ ആഖ്യാനങ്ങളാണ് അതൊക്കെയും എന്നിരിക്കെ തീവ്രാഭിലാഷത്തിലൂടെ അത് നേടിയെടുക്കാൻ സാധിക്കുന്നു.
ഇലാഹിനെ അറിയാനുള്ള വ്യാഖ്യാനങ്ങൾ ഏതൊക്കെയാണ്. സ്വയം നെയ്തെടുക്കേണ്ടതാണ് ആദ്യത്തെ കടമ്പകൾ. പരിശ്രമങ്ങൾ, ആഗ്രഹം, അടങ്ങാത്ത ഉത്സാഹം, ചോദ്യവും സംശയങ്ങളിലുമായുള്ള യാത്രകൾ. ഇമാം ഗസ്സാലി സഞ്ചരിച്ചിട്ടുണ്ട്. യാഥാർത്ഥ്യം തേടിയുള്ള ആത്മീയ യാത്ര. ജലാലുദ്ദീൻ റൂമി ആത്മജ്ഞാനികളെ ഉദാഹരിക്കുന്നുണ്ട് ഈ ആത്മീയ യാത്രയുടെ വേളയിൽ. അവർ ചോദ്യങ്ങൾ ചോദിക്കുന്നു. ആത്മീയമായി അവരെല്ലാം തേടുന്നത് യാഥാർത്ഥ്യത്തെയാകുമ്പോൾ തൃഷ്ണ അന്വേഷണത്തിന് മുതിരുന്നു. അന്വേഷണത്തിൽ ഭയമുണ്ടാകും. പ്രതീക്ഷയും ആഗ്രഹവും ഉൾച്ചേർന്ന ഭയം.
പ്രതീക്ഷയുടെ ആഴത്തിനനുസരിച്ച് ദൂരങ്ങൾ നമുക്ക് താണ്ടാനാകും. അകലങ്ങളെ അറിയാനാകും. റൂമി പറയുന്നതായി കാണാം, "പക്ഷികൾ പറക്കുന്നത് ചിറകിലേറിയാണ്, വിശ്വാസികൾ മോഹങ്ങളിലേറിയും".
ഒരു വിശ്വാസിക്ക് അവന്റെ സൽകർമ്മങ്ങളിൽ വിശ്വാസക്കുറവുണ്ടെങ്കിൽ, ദൈവസ്മരണയിലല്ലാത്ത പ്രാർത്ഥനകൾ പോലെ, നിരന്തരമായ പരിശീലനത്തിലൂടെ അവന് പൂർണ്ണത കൈവരിക്കാനാകും. ആരാധനകളിൽ സംതൃപ്തി കണ്ടെത്താനാകും. പൂർണ്ണതയിലേക്കുള്ള അകലങ്ങളെ ഹൃദയം കൊണ്ട് അല്ലാഹു തന്നോട് കൂടുതൽ കൂടുതൽ അടുപ്പിക്കുന്നതുപോലെ അവന് അനുഭവപ്പെടും. അവസാനം എല്ലാ പ്രാർത്ഥനകളും ഹൃദയത്തിൽ അള്ളാഹുവിനോടൊപ്പം നിർവഹിക്കപ്പെടും. ഒരുവന് പരിപൂർണ്ണമാകാൻ ആഗ്രഹം സഹായിക്കുമെന്ന് നിശ്ചയം.
അഭിലാഷത്തിന്റെ സത്യസന്ധതയിലാണ് അനുരാഗി സഞ്ചരിക്കുന്നത്. ആത്മവും ശരീരവും ഒന്നായി നിൽക്കുന്ന യാത്ര. യാത്രയും പ്രതീകമാണ്, അകലങ്ങളെ പോലെ. കർമ്മങ്ങളാണ് അവയെ മറികടക്കുന്നത്. നിഷ്ക്കപടമായ കർമ്മങ്ങൾ, ഹൃദയത്തെ ചലിപ്പിക്കുന്ന സ്മരണകൾ, ദൈവത്തെക്കുറിച്ച് മാത്രമുള്ള നിമിഷങ്ങളിൽ നിഗൂഢതയിൽ അകലങ്ങൾ അടുക്കുന്നു. ലൗകികമായ ചുറ്റുപാടിൽ നിന്നും പരമമായ ലക്ഷ്യപ്രാപ്തിലേക്ക് നീങ്ങുന്നു. അകലങ്ങളെ അറിയുന്നു.
അകലങ്ങളെ കുറിച്ച് ദൈവം തന്നെ സംസാരിക്കുന്നുണ്ട്. അവൻ എന്നോട് ഒരു ചാൺ അടുത്താൽ ഒരു മുഴം ഞാൻ അവനിലേക്ക് അടുക്കും. അവൻ ഒരു മുഴം എന്നിലേക്ക് അടുത്താൽ ഒരു മാറ് ഞാൻ അവനിലേക്ക് അടുക്കും. എൻ്റെ അടിമ എന്നിലേക്ക് നടന്ന് വരികയാണെങ്കിൽ ഞാൻ അവനിലേക്ക് ഓടി ചെല്ലും. (ബുഖാരി) ചാണും, മുഴവും, നടത്തവും, ഓട്ടവുമെല്ലാം പ്രതീകങ്ങളാണെങ്കിലും ആത്മീയതയുടെ ദൂരങ്ങളെ അത് അടയാളപ്പെടുത്തുന്നുണ്ട്. ദൈവത്തെ അറിഞ്ഞുകൊണ്ടാണ് ആ അകലം കുറയ്ക്കേണ്ടത്.
അല്ലാഹുവുമായുള്ള മനുഷ്യന്റെ ആന്തരിക ബന്ധമാണ് അവന്റെ വിശ്വാസത്തിന്റെ ബാഹ്യ പ്രകടനത്തിനും മതപരമായ കർത്തവ്യങ്ങളുടെ നിർവ്വഹണത്തിനും അർത്ഥവും മൂല്യവും നൽകുന്നത് എന്ന് പ്രവാചകർ മാലോകരെ പഠിപ്പിച്ചിട്ടുണ്ട്. ദൈവികമായ ആ ബന്ധത്തെ ശുദ്ധമായ കർമ്മങ്ങളിലൂടെയും നിരന്തരമായ ആഗ്രഹത്തിലൂടെയുമാണ് നേടിയെടുക്കാനാകുക. ആരാധന അറിയാനുള്ള മാർഗ്ഗമാണ്. അകലം കുറക്കാനുള്ളതും. അറിവാണ് അതിനെല്ലാം ആദ്യമെ കൈമുതലാക്കേണ്ടത്. ദൈവം ഉണ്ടെന്നതിൽ നിന്നും തുടങ്ങുന്ന അറിവ്. അതനുഭവിക്കാനുള്ളതിലേക്കും.
ദൈവത്തിലേക്കുള്ള പാത ആഖിറ മാർഗമാണ്. ലക്ഷ്യപൂർത്തീകരണത്തിനും നമ്മുടെ യാത്രക്കും ഇടയിലെ അകലങ്ങൾ എത്രയെന്ന് നിശ്ചയമില്ല. നമ്മോട് സഞ്ചരിക്കാനാണ് നിർദ്ദേശം. എന്നാൽ ആ വഴിയിലുള്ള ഇസ്‌ലാമിന്റെ സാരാംശം നാം അറിയണം. പ്രവാചകനോടുള്ള ആദരവും, പരലോകത്തോടുള്ള ആഗ്രഹവും, അല്ലാഹു സ്‌നേഹിക്കുന്ന അല്ലാഹുവിനോട് അടുപ്പമുള്ളവരോടുള്ള സ്‌നേഹവും കൈമുതലാക്കണം. അതാണ് ആത്മീയ വഴിയുടെ സാരാംശം. അദബും, ആദരവും ഇല്ലാതെ ഒന്നും നേടാനാകില്ലെന്ന് മാത്രമല്ല, പരാജയത്തിന്റെ പടുകുഴിയിലേക്കായിരിക്കും അവന്റെ വീഴ്ച എന്ന് മനുഷ്യ സൃഷ്ടിപ്പിന്റെ തുടക്കം മുതലെ അല്ലാഹു നമ്മെ ഉണർത്തിയിട്ടുണ്ട്.
നാമും ഇലാഹും തമ്മിലുള്ള അകലങ്ങളെ അറിയലാണ് പ്രധാനം. അറിഞ്ഞതനുസരിച്ച് സഞ്ചരിക്കലാണ് പിന്നീട് വേണ്ടത്. ആഗ്രഹമാണ് ഒപ്പമുണ്ടാകേണ്ടത്. പ്രതീക്ഷയാണ് മുന്നിൽ കാണേണ്ടത്. ഭയമാണ് നമ്മെ ഉണർത്തേണ്ടത്. ശേഷമുള്ളത് അകലങ്ങളെ ബേദിക്കലാണ്. ദൂരമായി, മറയായി ഒന്നുമുണ്ടായിരുന്നില്ല എന്ന തിരിച്ചറിവിലേക്കുള്ള അകലങ്ങളെ. അൽ ദർഖാവി പറയുന്നുണ്ട്, "അവനിലേക്കുള്ള യാത്രാ മധ്യേ ആരെങ്കിലും മരണപ്പെട്ടാൽ, തീർച്ചയായും മരണശേഷം വിലായ: അവന് നൽകപ്പെടും. അല്ലാഹുവിന്റെ ഔദാര്യമാണത്".