KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

സഞ്ചാരികളുടെ വഴിക്കുറിപ്പുകളും തിരിച്ചറിവുകളും

ആസഫ് അലവി

ഇബ്നുബത്തൂത്ത. പതിനാലാം നൂറ്റാണ്ടിന്റെ പ്രഭാതത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിലെ ടാൻജിയറിൽ നിന്ന് യാത്ര തിരിച്ച ഈ മൊറോക്കൊക്കാരൻ സ്ഥല കാലാതിരുകൾ ഭേദിച്ച് നീണ്ട 29 വർഷം - 75000ത്തിലധികം നാഴിക യാത്രചെയ്ത വിശ്വോത്തര സഞ്ചാരിയായി ചരിത്രം പുണർന്ന് കിടക്കുന്നു. ജീവിതത്തിന്റെ വലിയൊരു ഭാഗവും യാത്രയുടെ അത്യുഷ്ത്തിലും ശൈത്യത്തിലും ചിലവഴിച്ച ഈ യാത്രികനെ 'മൊറോക്കൊക്കാരൻ' എന്ന് വിശേഷിപ്പിക്കുന്നതിൽ എത്രമാത്രം വൈരുദ്ധ്യമുണ്ട്? ഇബ്നു ബത്തൂത്തയുടെ യാത്രയെക്കുറിച്ചുള്ള പഠനത്തിനിടെ അമേരിക്കയിലെ ഗവേഷണ വിദ്യാർത്ഥികളിൽ പലരും ഈ ചോദ്യം ചോദിക്കുന്നു. കടലും കരയും താണ്ടിക്കടന്ന് അന്യദേശങ്ങളിലേക്ക് പ്രവഹിച്ച മധ്യകാല മുസ്ലിം സഞ്ചാരികളുടെ ജീവിത സാഹചര്യങ്ങളിൽ യാത്ര എത കണ്ട് സ്വാധീനം ചെലുത്തി എന്നതിലേക്കാണ് ഇദംപ്രഥമായി ഈ ചോദ്യം നമ്മെ നയിക്കുന്നത്. അന്യമായ ജീവിത സന്ദർഭങ്ങളെയും വ്യക്തികളേയും വിദൂരമായ അപരിചിത സാഹചര്യങ്ങളിൽ വെച്ച് നേരിട്ടുകൊണ്ട് അനുഭവഭേദ്യമാക്കുന്ന അവരുടെ യാത്രാ കുറിപ്പുകൾ ലോകചരിത ത്തിലെ മങ്ങാത്ത അധ്യായങ്ങളാണ്. "അന്നു വൈകുന്നേരം ഞങ്ങൾ പ്രവാചകർ(സ) അന്ത്യവിശ്രമം കൊള്ളുന്ന മദീന മുനവ്വറയിലെ മനോഹരമായ ആ പള്ളിയിലെത്തി. പ്രണയ സാഫല്യങ്ങളുടെ ആ ശാന്തിതീരത്ത് മുഴുവൻ പ്രണാമവും സമർപ്പിച്ച് പ്രപഞ്ച നാഥനോട് കേണു പ്രാർത്ഥിക്കുമ്പോൾ എന്തെന്നില്ലാത്ത അശു പ്രവാഹത്താൽ ഹൃദയം നനഞ്ഞു. അവിടുന്ന് അന്ത്യവിശ്രമം കൊള്ളുന്ന ഖബർ ശരീഫിന്റെയും അറിവു പകർന്ന മിമ്പറിന്റെയും ഇടയിലുള്ള ആ സ്വർഗ്ഗീയ പൂങ്കാവനത്തിൽ നിൽക്കുമ്പോൾ തിരു സവിധത്തിലെത്തിപ്പെട്ടതിന്റെ പ്രതീതിയിൽ ഞങ്ങൾ പുളകം കൊണ്ടു. മുത്ത് നബി(സ) യുടെ ചാരെ അന്ത്യവിശ്രമം കൊള്ളുന്ന വിശുദ്ധരായ രണ്ട് അനുചരർ അബൂബക്കർ(റ), ഉമർ(റ) എന്നിവരുടെ ത്യാഗനിർഭരമായ ഓർമ്മകളിൽ ഞങ്ങൾ സ്വയം ആവേശം പൂണ്ടു. ജീവിതത്തോളം വലിയ ഒരു ലക്ഷ്യ സാക്ഷാത്ക്കാരത്തിന്റെ ആത്മനിർവൃതിയിൽ സ്രഷ്ടാവിനോട് നന്ദി പ്രകാശിപ്പിച്ച് ഇത് ഞങ്ങളുടെ അവസാന സന്ദർശനമാക്കരുതേയെന്ന് മനസ്സറിഞ്ഞു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. കൂടാരത്തിലേക്ക് തിരിക്കുമ്പോൾ തിരുസന്നിധിയിൽ നിന്ന് അനുഗ്രഹിക്കപ്പെട്ടവരെ പോലെ എന്തെന്നില്ലാത്ത ആവേശം ഞങ്ങളിൽ അലതല്ലി." (The Travels of Ibnu Battuta, Translated by H.A.R. GIBB).


യാത്രയുടെ പ്രഥമ ഘട്ടത്തിൽ മക്കയിലേക്കുള്ള വഴിയിൽ പ്രവാചകർ(സ) യുടെ ചാരെത്തെത്തുമ്പോൾ അനുഭവിച്ച വികാരവിഷ്ടവും ഊഷ്മളവുമായ ആനന്ദലഹരിയുടെ ശക്തമായ ആവിഷ്ക്കാരമാണ് ബത്തൂത്തയുടെ മേൽകുറിച്ച വരികൾ. യാത്രയുടെ നനവും നോവുമുണർത്തുന്ന ഇത്തരം അനുഭവ സാക്ഷ്യങ്ങൾ അദ്ദേഹത്തിന്റെ യാത്രാവിവരണത്തിന്റെ സവിശേഷതയാണ്. വസ്തുസ്ഥിതി കഥനത്തിന്റെ അപരിമേയ സാധ്യതകളിലേക്കു തുഴയെറിഞ്ഞ് പ്രകൃതിയും, ചരിത്ര സത്യങ്ങളും നിർഗ്ഗളിക്കുന്ന ഇത്തരം ഓർമ്മക്കുറിപ്പുകൾ അക്കാലത്തെ ലോകത്തെക്കുറിച്ചും വിവരം തരുന്നവയാണ്. പാവനമായ മുസ്ലിം സംസ്കാരത്തിന്റെ ചരിത്രവും വർത്ത മാനവും ഈ ആഖ്യാനകലയിൽ തുടിക്കുന്നു. ജീവിതത്തിന്റെ വലിയൊരു ഭാഗവും യാത്രയ്ക്കുവേണ്ടി നീക്കി വെച്ച അനേകം സഞ്ചാരികൾ ഇക്കാലത്ത് ഉണ്ടായിട്ടുണ്ട്. സഞ്ചാര സാഹിത്യത്തിലെ അതുല്യ പ്രതിഭാവിലാസങ്ങളായി കാലത്തിന്റെ ആത്മാവിലൂടെ ഇന്നും അവർ അനന്തമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.


യാത്രാവിവരണങ്ങളുടെ ചരിത്രവും പരിണാമവും

യാത്രയുടെ ചരിത്രം മനുഷ്യന്റെയും ചരിത്രമാണ്. പ്രാക്തന സമൂഹത്തിൽ മനുഷ്യന്റെ യാത്രകൾ നിത്യവൃത്തിക്കു വേണ്ടിയുള്ളതായിരുന്നെങ്കിൽ പിൽക്കാലത്ത് അത് തീർത്ഥാടനത്തിന്റെയും കച്ചവടത്തിന്റെയും സാങ്കേതി കത്വങ്ങളിലേക്ക് പരിണമിച്ചു. യാത്രക്കിടെ കണ്ട ഭൂപ്രകൃതിയെക്കുറിച്ചും ജനപദങ്ങളെക്കുറിച്ചും അന്വേഷണം നടത്തി കുറിച്ചുവെക്കാൻ തുടരെത്തുടരെ ശ്രമങ്ങൾ ആരംഭിച്ചതോടെയാണ് സഞ്ചാര സാഹിത്യത്തിന് നാമ്പുമുളക്കുന്നത്. ചരിത്ര രചനയുടെ പ്രാരംഭം തന്നെ ഈ അനുഭവ സാക്ഷ്യത്തിന്റെ ഉള്ളടക്കങ്ങളായിരുന്നു. ചരിത്രത്തിന്റെ പിതാവായ ഹെറോഡോട്ടസ് തന്റെ The Histories എന്ന ഗ്രന്ഥത്തിലൂടെ പേർഷ്യ, ഈജിപ്ത്, അനോട്ടോളിയ തുടങ്ങിയ നഗരങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ നൽകുന്നത് യാത്ര ചെയ്തിട്ടാണ്. ചരിത്രവും സഞ്ചാര സാഹിത്യവും ഏറെ അകന്ന് സഞ്ചരിക്കുന്ന ആധുനിക വീക്ഷണത്തിലും അവ തമ്മിലുള്ള ഗാഢാശ്ലേഷത്തിന്റെ ചിത്രമാണിത് തര്യപ്പെടുത്തുന്നത്.


യാത്രയുടെ മാനം ജ്ഞാനതേട്ടത്തിന്റെ വഴിയിലേക്ക് പറിച്ചുമാറ്റപ്പെടുന്നത് മധ്യകാലത്തോടുകൂടിയാണ്. 'യാത്ര' ഇസ്ലാമിക സംസ്കാരത്തിന്റെ ശക്തമായ പ്രതീകമായതോട് കൂടിയാണ് അറിവും യാത്രയും തമ്മിലുള്ള ബന്ധം ദൃഢപ്പെടുന്നത്. നിങ്ങൾ ചൈനയിൽ പോയെങ്കിലും അറിവ് നുകരണമെന്നും ലൗകിക ജീവിതത്തിൽ നിങ്ങൾ ഒരു വിദേശിയാവണമെന്നുമുള്ള പ്രവാചകാധ്യാപനങ്ങളുടെ വെളിച്ചത്തിൽ കാലദേശങ്ങൾ താണ്ടി അറബികൾ യാത്രചെയ്തു. നിങ്ങൾ എന്താണ് ഭൂമിയിലൂടെ യാത്ര ചെയ്യാത്തത്? എന്ന ഖുർആനിക ആഹ്വാനം അറിവനുഭവങ്ങളുടെ അനന്തമായ ചക്രവാളങ്ങളിലേക്ക് സഞ്ചരിക്കാൻ അവർക്ക് ഊർജ്ജം പകർന്നു.ജർമ്മൻ ചിന്തകനായ ഫാൻസ് റൊസാന്തൽ തന്റെ പുസ്തകത്തിൽ (knowledge Triumphant: The concept of knowledge in medieval Islam) അറിവും യാത്രയും തമ്മിലുള്ള താളൈക്യത്തെക്കുറിച്ച് ശക്തമായ വിചാരങ്ങൾ പങ്കുവെക്കുന്നുണ്ട്. മധ്യകാല മുസ്ലിം സഞ്ചാരികളുടെ അറിവിനു വേണ്ടിയുള്ള യാത്രകൾ വിജ്ഞാന സമ്പാദനത്തിന്റെ ആധുനിക രീതി ശാസ്ത്രങ്ങളോട് താദാത്മ്യം പ്രാപിക്കുന്നവയാണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. യാത്രയും അറിവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മൗലികമായി വിലയിരുത്തിയ ഇമാം ഗസാലി (റ) സൂക്ഷ്മ- സ്ഥല യാഥാർത്ഥ്യങ്ങളിലുള്ള അനുപമമായ നിരീക്ഷണത്വവും ഉദ്വിഗ്നമായ ഇന്ദ്രിയ ഗോചരത്വവും എങ്ങിനെയാണ് അറിവനുഭവങ്ങളായി പരിവർത്തിപ്പിക്കപ്പെടുന്നത് എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് രചിക്കപ്പെട്ടിട്ടുള്ള യാത്രാവിവരണങ്ങൾ ഈ രണ്ടു ഘടകങ്ങളെ പ്രതിഫലിപ്പിക്കാൻ പോന്നവയാണ്. ആധുനിക സഞ്ചാര സാഹിത്യത്തിലും ഈ ഘടകങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്.


മധ്യകാല അറബികൾ സഞ്ചാര സാഹിത്യത്തിൽ അത്യധികം തത്പരരായിരുന്നു. ചുട്ടുപൊള്ളുന്ന മരുക്കടലിനുമപ്പുറത്തെ മരുപ്പച്ച തേടിയുള്ള യാത്രകൾ ബദുക്കളുടെ ജീവിതത്തിലെ നിത്യ സാന്നിധ്യമായിരുന്നു. ഇത്തരം യാത്രകളിലുടനീളം അന്യദേശങ്ങളിലുള്ള സംസ്കാരത്തോടും ജനജീവിതത്തോടുമുള്ള അഭിവാജ്ഞ തന്നെയാണ് യാത്രയെക്കുറിച്ചുള്ള പൗരാണിക സങ്കൽപ്പങ്ങളിൽ നിന്ന് പുതിയ വിതാനത്തിലേക്ക് പറിച്ചു നടാൻ അവരെ പ്രേരിപ്പിച്ചത്. വടക്കുനോക്കി യന്ത്രത്തിന്റെ കണ്ടുപിടിത്തത്തോടു കൂടിയാണ് സമുദ്രയാത്രകൾ സജീവമാകുന്നത്. ഒമ്പത് മുതൽ പതിനഞ്ചാം നൂറ്റാണ്ടുവരെ ലോകവ്യാപാരത്തെ നിയന്ത്രിച്ചിരുന്നത് അറബികളായിരുന്നതിന്റെ കാരണം സമുദ്രയാത്രകളുടെ ബാഹുല്യമാണ്. ആധുനിക ശാസ്ത്ര ത്തിന്റെ പിതാവായ സാർട്ടൻ, വടക്കുനോക്കിയന്ത്രം ലോക വ്യാപകമായി ഉപയോഗിച്ചത് അറബികളായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതിന്റെ സഹായത്തോടെ ഭൂഖണ്ഡങ്ങൾ താണ്ടിയുള്ള യാത്രകൾ പുതിയ ഭൂപ്രകൃതിയേയും ജനപദങ്ങളെയും അവരുടെ സംസ്ക്കാരത്തെയും കുറിച്ചറിയുന്നതിന് അറബികളെ സഹായിച്ചു. അങ്ങിനെ അവർ കയറിച്ചെന്ന ഇടങ്ങളിലെല്ലാം ഇസ്ലാമിനെ പരിചയപ്പെടുത്തി. തുറമുഖങ്ങൾ കേന്ദ്രീകരിച്ച് വ്യാപാര കേന്ദ്രങ്ങൾ സ്ഥാപിച്ചു. മധ്യകാലത്ത് ലോകത്തിന്റെ മൂന്നിലൊരു ഭാഗവും ഇസ്ലാമിക ഭരണത്തിന്റെ കൊടിക്കീഴിൽ വന്നതിനു പിന്നിൽ ഇത്തരം സാഹസിക യജ്ഞങ്ങളുടെ ചരിത്രപരമായ ദൗത്യ മായിരുന്നുവെന്ന് കാണാം.


ലോകത്ത് രചിക്കപ്പെട്ടിട്ടുള്ള സഞ്ചാര സാഹിത്യത്തിലെ അനൽപമായ രചനകളും അറബികളുടെ സംഭാവനകളാണ്. മധ്യകാലഘട്ടത്തിലെ ലോക സാഹചര്യങ്ങളിലേക്ക് തുറന്നുവെച്ച റഡാറുകളായി ഇത്തരം കൃതികൾ ചരിത്രാതിർത്തി പങ്കിടുന്നു. ഇരുളടഞ്ഞുപോയ മധ്യകാല യൂറോപ്പിനെ ക്കുറിച്ചുള്ള വിവരം ലഭിക്കുന്നത് അഹ്മദ് ഫാന്റെ രിഹ്‌ലയിൽ നിന്നാണ്. അതിസാധാരണമായ വാസ്തവിക വിവരണത്തെ സാന്ദ്രമായ സാഹിത്യ ശില്പത്തിൽ പൊതിഞ്ഞെടുത്ത ഇത്തരം കുറിപ്പുകൾ സഞ്ചാര സാഹിത്യത്തിന് പുതിയ മട്ടും ഭാവവും പകർന്നിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടിലെ പ്രമുഖ ചരിത്രകനായിരുന്ന ഇബ്നു ഖൽദൂൻ തന്റെ മുഖദ്ധിമയിൽ പറയുന്നു. "പണ്ഡിത ശ്രേഷ്ടരുമായും സാധാരണക്കാരുമായുമുള്ള ആത്മബന്ധത്തിന്റെ അനുഭവജ്ഞാനമാണ് രിഹ് ലകൾ സമ്മാനിക്കുന്നത്. ജനജീവിത്തതിന്റെ വ്യവഹാരങ്ങളിലേക്ക് ഉൾക്കാഴ്ചയോടുകൂടി ഇറങ്ങിച്ചെല്ലുന്ന വാക്കുകളാണ് ഇതര സാഹിത്യരൂപങ്ങളിൽ നിന്ന് രിഹ് ലകളെ വായനക്ഷമമാക്കുന്നത്."


'രാഷ്ട്രങ്ങൾ' എന്ന ആധുനിക സങ്കൽപ്പം ഉദയം ചെയ്തിട്ടില്ലാത്ത അക്കാലത്ത് പൗരത്വത്തെക്കുറിച്ചുള്ള ചിന്തകൾ അപ്രസക്തമാണെങ്കിലും പ്രവിശാലമായ ഇസ്ലാമിക സംസ്കാരത്തിന്റെ പുറത്തേക്ക് സഞ്ചരിച്ചവരാണ് ഇബ്നു ബത്തൂത്ത, ഇബ്നു ജുബൈർ തുടങ്ങിയ പല യാത്രികരും, ഇത്തരം യാത്രകൾ എങ്ങനെയാണ് ആധുനിക യൂറോപ്പിന്റെ അസ്തിത്വം രൂപപ്പെടുത്തിയെടുത്തിയത് എന്നന്വേഷിക്കുന്നുണ്ട് എച്ച്. കോമർ (Th Legacy of Islam). അപരിചിതമായ ജീവിതസാഹചര്യങ്ങളിലൂടെ യാത്ര ചെയ്ത ജീവിതത്തിന്റെ നാനാർത്ഥങ്ങളെ ഉദ്ദീപിപ്പിക്കാനാണ് ഇത്തരം കൃതികൾ ഉദ്യമിക്കുന്നത്.


ഇസ്ലാമിക ജീവിത വ്യവസ്ഥിതിയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പരിശുദ്ധ ഹജ്ജ്. ഹജ്ജിനുവേണ്ടിയുള്ള യാത്രകൾ പ്രവാചകരുടെ കാലത്തിനു മുമ്പും ശേഷവും ഉണ്ടായിട്ടുണ്ട്. ഇത്തരം യാത്രകൾ നൽകുന്ന അനുഭവങ്ങൾ ഒപ്പിയെടുത്ത വിവരണങ്ങൾ പിൽക്കാലത്ത് രിഹ്ലകളുടെ ഭാഗമായിട്ടുണ്ട്. മധ്യകാല മുസ്ലിം സഞ്ചാരികളിലധികവും യാത്രയുടെ പ്രഥമഘട്ടമെന്നോണം വിശുദ്ധ മക്കയി ലേക്ക് ഹജ്ജിനുവേണ്ടി പുറപ്പെടുന്നു. മക്കയിൽ നിന്ന് ആവാഹിച്ച ഊർജ്ജം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നതായി കാണാം. യാത്രയുടെ പങ്ക് നിർണ്ണയിക്കുന്നതിൽ ഹജ്ജ് തീർത്ഥാടനം നടത്തുന്ന ഭാഗധേയം ഇവിടെ നിന്നും വ്യക്തമാണ്.


യാത്രാ വിവരണങ്ങളുടെ ചരിത്രത്തിൽ ഹെറോടോട്ടസിനും പൗസാനിയസിനും ശേഷം മൗലികമായി രചന നടത്തിയത് മുസ്ലിം സഞ്ചാരികളാണ്. സ്ഥലവും കാലവും അപ്രസക്തമാകുന്ന ഇത്തരം യാത്രകൾ മനുഷ്യ സംസ്ക്കാരങ്ങളുടെ ആത്മാവിലേക്കുള്ള പ്രയാണമാണെന്ന് അൽബിറൂനി നിരീക്ഷിക്കുന്നു(The Book of Demarkation of limits of Areas). യാത്രയുടെ ആധുനിക ശൈലിയോട് ഏറെ അടുത്തു നിൽക്കുന്ന ഇത്തരം രിഹ്ലകൾ മൂല്യവത്തായ പുനഃവായന ആവശ്യപ്പെടുന്നുണ്ട്.

Articles

Related Posts

Loading