KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

അതിവർത്തിയായ ദൈവവും യുക്തിയുടെ ലോകവും: മാതുരീദിയൻ വായനയിലൂടെ

രമോൺ ഹാർവി

"Geometric Tiles, Mosque of Moulay Idriss, Morocco"

വിശ്വാസത്തിന് ഇസ്‌ലാം നൽകുന്ന നിർവചനം വളരെ ലളിതമാണ്. അല്ലാഹുവിന്റെ ഏകത്വത്തോടും നബിയുടെ പ്രവാചകത്വത്തോടുമുള്ള സമ്പൂർണ്ണ സമർപ്പണം. എന്നാൽ വിശ്വാസ സംഹിതയിൽ നിന്ന് ആവിർഭവിക്കുന്നതിന്റെയെല്ലാം യുക്തിഭദ്രമായ വിശദീകരണമെന്ന് ഇസ്ലാമിക ദൈവശാസ്ത്രത്തെ നിർവചിക്കൽ അൽപ്പം സങ്കീർണ്ണമാണ്. ദിവ്യബോധനങൾ വ്യാഖ്യാനിക്കുന്നതിലെ വ്യത്യസ്തതയും അവയെ അറിയുന്നതിനുള്ള ധൈഷണിക ചിന്താപരിസരങ്ങളും ഉപകരണങ്ങളും ഒരുപാട് ദൈവശാസ്ത്ര ദർശനങ്ങളുടെ (theological school) പിറവിക്ക് വഴിതെളിയിച്ചിട്ടുണ്ട്. ഇസ്ലാമിക ചരിത്രത്തിലെ വിഖ്യാതമായ സുന്നി - ഷിയ വിഭജനങ്ങളെക്കുറിച്ച് അനൽപ്പമായ ചർച്ചകളുണ്ടെങ്കിലും തനതായ സഞ്ചാരപഥങ്ങളുള്ള ഇത്തരം ദൈവശാസ്ത്ര ദർശനങ്ങളുടെ ആന്തരികമായ വൈവിധ്യത്തെക്കുറിച്ചുള്ള ആലോചനകൾ വിരളമാണ്.


ഈ ആധിക്യത്തെ സൂചിപ്പിക്കുക വഴി ഒരു ദർശനത്തിന്റെയും വാദങ്ങളെ അപകീർത്തിപ്പെടുത്താനോ ഒന്നിന് അപ്രമാദിത്യം നൽകാനോ ആഗ്രഹിക്കുന്നില്ല. ഒരു ദർശനത്തിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടുവരെ അതിജീവിക്കാനായെങ്കിൽ ചുരുങ്ങിയ പക്ഷം സ്വന്തം അനുവാചകർക്കിടയിലെങ്കിലും അത്തരം വാദങ്ങളെ വിജയകരമായി സ്ഥാപിക്കാനായി എന്നതിന്റെ തെളിവാണ് അവയുടെ നിലനിൽപ്പ്. ഇസ്ലാമിക ദൈവശാസ്ത്ര ദർശനങ്ങൾക്ക് ഇത്തരത്തിൽ ആധികാരികത കൈവരണമെങ്കിൽ പ്രധാനമായും രണ്ട് മാനദണ്ഡങ്ങൾ അവ പാലിക്കേണ്ടതായി വരും. ഒന്നാമതായി വേണ്ടത് ആധികാരികത (Authenticity) തന്നെയാണ് അഥവാ ഇന്നത്തെ വിശ്വാസികളെ മുമ്പുള്ള പ്രത്യേക വിഭാഗത്തിലേക്കോ വ്യക്തിയിലേക്കോ കണ്ണിചേർക്കാവുന്ന ഒരു പാരമ്പര്യം. രണ്ടാമത്തേത് സമകാലികമായ താത്വിക വ്യവഹാരങ്ങളുടെ വെളിച്ചത്തിൽ ന്യായമായ ദൈവശാസ്ത്ര നിലപാടുകളാണെന്ന് സ്ഥാപിക്കാനാവുന്ന വിശ്വാസ്യതയുമാണ് (credibility). ഒന്നാമത്തേതിനോട് ചേർത്ത് വായിക്കുമ്പോൾ ഇന്നത്തെ ഒരു ദർശനം മുറുകെപിടിക്കുന്ന പ്രമാണം അതിന്റെ മുൻകാല വക്താക്കളോട് താദാത്മ്യം പുലർത്തുന്നതാവണം. കാരണം, ചില പുതിയ ആശയങ്ങളെ പുണരുക വഴി ഒരുപാട് ദർശനങ്ങൾ നൂറ്റാണ്ടുകൾക്കിപ്പുറം മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. അതേസമയം മുൻഗാമികളായ വ്യക്തികളെ പിന്തുടരാനുള്ള വംശാവലി ചരിത്രത്തിൽ ലഭ്യവുമാണ്. ഒരു ദർശനത്തിന് ആ കാലത്തിന്റെ ധൈക്ഷണികമായ ചുമരെഴുത്തുകൾ മനസ്സിലാക്കാൻ കഴിയണം എന്നാണ് വിശ്വാസ്യത കൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെയല്ലാത്ത പക്ഷം, പ്രയോഗികമായി ഒരു ചിന്താധാര ചരിത്ര നേട്ടങ്ങളിൽ അഭിരമിച്ച് പുതിയ പ്രശ്നങ്ങളെ അഭിസംബോധനം ചെയ്യൽ അസാധ്യമായി തീരും.


ഇസ്ലാമിക ദൈവശാസ്ത്രത്തിന്റെ ചരിത്ര പശ്ചാത്തലം വരച്ചിടുന്ന മുകളിൽ പരാമർശിക്കപ്പെട്ട നിരീക്ഷണങ്ങൾ എന്റെ പുതിയ പുസ്തകത്തിന്റെ (Transcendent God, Rational World: A Māturīdī Theology) താല്പര്യം വിശദീകരിക്കാൻ സഹായകമാകും. ആദ്യമായി, ഉപശീർഷകം തന്നെ പുസ്തകത്തെ ഇൽമുൽ കലാമിലെ ഹനഫി-മാതുരീദി പാരമ്പര്യത്തിൽ പ്രതിഷ്ഠിക്കാൻ വായനക്കാരനെ പ്രാപ്തനാക്കുന്നുണ്ട്. രണ്ടാമതായി, ഈ പാരമ്പര്യത്തെയും അതിന്റെ വക്താക്കളെയും വിശദീകരിക്കുന്ന ഒരു ചരിത്ര പുസ്തകത്തിനപ്പുറത്തേയ്ക്ക് സമകാലിക ദൈവശാസ്ത്ര ചോദ്യങ്ങളെ കൂടി കൃത്യമായി സംബോധനം ചെയ്യാനും ഞാൻ ശ്രമിക്കുന്നുണ്ട് അഥവാ ഒരു നിയോ-കലാം വർക്ക്‌ കൂടിയാണ് ഈ പുസ്തകം. മൂന്നാമതായി, ദൈവീക അതിഭൗതികതയോടും സൃഷ്ടി പ്രപഞ്ചത്തിന്റെ സഹജമായ യുക്തിയാധിഷ്ഠിതയോടുള്ള സുന്നി നിദർശനങ്ങളുടെ പ്രതിബദ്ധതയിലേക്കും തലവാചകം വിരൽചൂണ്ടുന്നുണ്ട്. കൂടാതെ, ഇലാഹിയ്യാത്ത് എന്ന ഘോഷിപ്പിക്കപ്പെട്ട ദൈവകേന്ദ്രീകൃത ചോദ്യങ്ങളോടുള്ള എന്റെ ജാഗ്രതയും ഇവിടെ പ്രസ്താവ്യമാണ്.


ഹനഫീ - മാതുരീദി ചിന്താധാര

വിഖ്യാത ദൈവശാത്രജ്ഞരായ ഇമാം അബു ഹനീഫ നുഅ്മാനുബ്‌നു സാബിതിന്റെയും (റ) (d. 150/767) ഇമാം അബു മൻസൂറുൽ മാതുരീദിയുടെയും (റ) (d. 333/944) നാമധേയത്തിലാണ് ഹനഫി-മാതുരീദീ ചിന്താധാര അറിയപ്പെടുന്നത്. അബു ഹനീഫ ഇമാമിന്റെ കർമശാസ്ത്ര സരണി പിന്തുടരുന്ന ബഹുഭൂരിപക്ഷവും അദ്ധേഹത്തിന്റെ അധ്യാപനങ്ങളിൽ നിന്നും പിറവിയെടുത്ത ദൈവശാസ്ത്ര ധാരയെ ആശ്ലേഷിച്ചു. വിശാലമായ രചനാലോകമുള്ള ഇമാം അബൂ ഹനീഫയുടെ മാസ്റ്റർ പീസ് രചന രിസാല തന്നെയാണ്. ഇമാമിന്റെ വീക്ഷണങ്ങൾ രേഖപ്പെടുത്തപ്പെട്ട ശിഷ്യർ എഴുതിയ സമർഖന്ദിലേയും ബൽഖിലേയും രചനകളും ധാരാളമുണ്ട്. ഇമാം അബൂ ഹനീഫ (റ) ദൈവ ശാസ്ത്ര അധ്യാപനങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയും അത് അബൂ ജാഫർ തഹാവിയുടെ (d. 321/933) പേരിൽ വിഖ്യാതമായ പാരമ്പര്യവാദ ഹനഫിസത്തിന്റെ (Traditionalist hanafism) ഉത്ഭവത്തിന് കാരണമായെന്നും പറയപ്പെടുന്നു.
സമർഖന്ദി-ഹനഫീ ദൈവശാസ്ത്രത്തിന്റെ പ്രാരംഭ ഘട്ടത്തിലെ വികാസം ചില വിശേഷണങ്ങളാൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. ഒന്ന്, അബൂ ഹനീഫ ഇമാമിനും അദ്ദേഹത്തിന്റെ ട്രാൻസോക്സിയാനയിലെ അനുചരനും അംഗീകൃതമായ ദൈവശാസ്ത്ര നിലപ്പാടുകളോടുള്ള പൊതു താല്പര്യം. രണ്ട്, ഇറാഖ് കേന്ദ്രീകൃതമായ മുഅതസലീ വിശ്വാസധാരയുടെ ചിന്താപദ്ധതിയോടുള്ള കടുത്ത വിരുദ്ധത. മൂന്ന്, പൗരസ്ത്യ നാടുകളിൽ വ്യത്യസ്ത ചിന്തകർ ഉപയോഗിച്ച യുക്തിസഹമായ ഉപകരണങ്ങളോടുള്ള തുറന്ന സമീപനം.


ഈ അസംസ്‌കൃത വസ്തുക്കൾ ചേർത്ത് ഒരു വ്യത്യസ്ത ദൈവശാസ്ത്രം ഇമാം മാതുരീദിക്ക് രൂപീകരിക്കാമായിരുന്നെങ്കിലും തന്റെ ഏക കൃതിയായ കിതാബുത്തൗഹീദിലൂടെ സരളമായ അറബി ഭാഷയിൽ ഇമാം ശാശ്വതമായ ദൈവശാസ്ത്ര ചോദ്യങ്ങൾക്കും സൈദ്ധാന്തിക സംവാദങ്ങൾക്കും കൃത്യമായ പരിഹാരങ്ങൾ മുന്നോട്ട് വെക്കുകയായിരുന്നു. മാതുരീദി ഇമാമിന്റെ അടുത്ത പിൻഗാമികൾ എഴുതിയ ഒരു പറ്റം രചനകൾ നഷ്ട്ടപ്പെട്ടിട്ടുണ്ടെങ്കിലും പതിനാലാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ ജീവിച്ച അബുൽ ഹസൻ അൽ റുസ്തുഖ്ഫാനി, അബു സലാമ അൽ സമർഖന്ദി, ഇബ്നു യഹ്‌യ അൽ ബശാഗരി തുടങ്ങിയവരുടെ സംഭാവനകൾ അതിന്റെ മുഖ്യ സംബോധിതരായ അശ്അരിസത്തിൽ നിന്നും സ്വാതന്ത്ര്യമായി വികസിച്ച പ്രാചീന സുന്നി ദൈവശാസ്ത്ര ചിന്താപദ്ധതിയുടെ അടിസ്ഥാന രൂപരേഖയാണ്. അബു ശക്കൂർ അൽ സാലിമി, അബുൽ യുസ്‌ർ അൽ-ബസ്ധാവി (d. 493/1099), അബുൽ മുഈൻ അന്നസഫി (d. 508/1114) തുടങ്ങി പിന്നീട് അറിയപ്പെട്ട ട്രാൻസോസിയൻ ഹനഫികൾ മാതുരീദിസത്തെ അശ്അരി സരണിയോട് സംവാദത്തിലേർപ്പെടുത്തുകയും അതുവഴി പുതിയ ശത്രുവിനോടുള്ള താർക്കിക ചൂഷണത്തിൽ നിന്നുള്ള മോചനത്തിനായി പ്രേരിപ്പിക്കുകയും ചെയ്തു. പിൽക്കാലത്തെ പണ്ഡിത വൃന്ദം രണ്ട് സ്കൂളുകളെ ഏകോപിപ്പിക്കാനും ഇന്നോളം നിലനിൽക്കുന്ന അശ്അരീ-മാതുരീദിയുടെ ഏകീകൃത രൂപം അവതരിപ്പിക്കാനും നിരന്തരം ശ്രമിച്ചു.

ഇമാം മാതുരീദിയുടെ മാസ്റ്റർപീസ്‌ കിതാബിനേയും അദ്ദേഹത്തിന്റെ സമർഖന്ദിലെ മുൻകാല അനുചരവൃന്ദത്തേയും കൃത്യമായി പരിഗണിക്കുന്നതാണ് ഈ രചന. ആ കാലയളവിൽ പ്രസിദ്ധീകൃതമായ കൃതികൾ പഠനാർഹവും സമകാലിക തിയോളജിയെ അഭിമുഖീകരിക്കാൻ പ്രാപ്തവുമാണ്. ഇത്തരത്തിൽ ക്ലാസിക്കൽ സ്കൂളുകളുടെയും സമകാലിക ദർശനങ്ങളുടെയും വ്യത്യസ്തത വരച്ചിടുക വഴി മാതുരീദി വിശ്വാസധാരക്ക് നവീനവും വ്യതിരിക്തവുമായ ദർശനം മുന്നോട്ട് വെക്കാനും കഴിഞ്ഞിട്ടുണ്ട്. പരാമർശിക്കപ്പെട്ട ക്ലാസിക്കൽ പണ്ഡിതന്മാരുടെ നിലപാടുകൾ വീക്ഷിച്ച് അവകൾ എത്രമാത്രം അവരുടെ തനതായ ധൈഷണിക പശ്ചാത്തലത്തിൽ നിന്ന് രൂപപ്പെട്ടതാണെന്ന് (വിശിഷ്യ അശ്അരിസത്തോടുള്ള സംവാദങ്ങളിൽ) ഞാൻ അന്വേഷിക്കുന്നുണ്ട്. പ്രാചീന കാലത്തും അതിനു ശേഷവും തിയോളജിയിൽ രൂപപ്പെട്ട മാറ്റങ്ങളോടും പരിഷ്കാരങ്ങളോടും എനിക്ക് തുറന്ന സമീപനമാണെങ്കിലും ദൈവീക വിശേഷണങ്ങളെ (Divine attributes) കുറിച്ച് അനുയോജ്യ ദൈവശാസ്ത്രം മുന്നോട്ട് വെക്കുന്നത് പ്രാചീന സ്കൂളുകൾ തന്നെയാണെന്നാണ് എന്റെ പക്ഷം. അഥവാ, മാതുരീദിയുടെയും അനുചരരുടെയും സമർഖന്ദീ-ഹനഫിസത്തിന്റെ പുനരുദ്ധീകരണമാണ് ഉളളടക്കത്തിലുള്ള വ്യവസ്ഥാപിത ലക്ഷ്യങ്ങളുടെ അടിസ്ഥാനം.

Transcendent god
Transcendent God, Rational World: A Māturīdī Theology

സുന്നി കലാം ജദീദ്: ആധുനിക വിചാരങ്ങൾ

ധൈക്ഷണിക അധിപരായ പാശ്ചാത്യരുടെ ഉയർത്തെഴുന്നേൽപ്പും ആധുനികതയും പാരമ്പര്യ കലാം രൂപങ്ങളിൽ തീർക്കുന്ന വെല്ലുവിളികളെ കുറിച്ച് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ തന്നെ മുസ്ലിം ദൈവശാസ്ത്ര പരിസരങ്ങൾ ബോധവാന്മാരായിരുന്നു. കലാം ജദീദ് (Neo-kalam) എന്ന പദം തന്നെ ആധുനിക കാലത്തെ താത്വികവും ശാസ്ത്രീയവുമായ വിജ്ഞാനീയങ്ങളെ ഇസ്ലാമിക തത്വചിന്ത പര്യാപ്തമായി സംബോധന ചെയ്യേണ്ടതിന്റെ ആവശ്യകത ഉണർത്തുന്നുണ്ട്. അത്കൊണ്ട് തന്നെ, സുന്നികൾ ശക്തമായ പുതിയ നിർമ്മാണാത്മക ദൈവശാസ്ത്രത്തിന് (constructive theology) രൂപം നൽക്കാൻ തയ്യാറാവാത്തതിനാൽ (ശീഇസം ശ്രമിച്ചിരുന്നു) മറ്റു രണ്ട് സമീപനങ്ങൾക്ക് പ്രാമുഖ്യമേറി. ഒന്നാമത്തേത്, ഇബ്നു തൈമിയ്യയുടെ തിയോളജിക്കൽ ചിന്തകളാൽ പരിപോഷിക്കപ്പെട്ട ഖുർആനിന്റെയും ഹദീസിന്റെയും പാരമ്പര്യ പ്രമാണീകരണത്തിൽ ഊന്നിനിൽക്കുന്ന സലഫിസവും; രണ്ടാമത്തേത്, ഖുർആനും ഹദീസുമടക്കമുള്ള പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്യാൻ വ്യത്യസ്ഥ സാങ്കേതിക തത്വങ്ങൾ ഉപയോഗിക്കുന്ന ആധുനികതയുമാണ് (Modernism).


കലാമിന്റെ സംഗ്രഹാലയമായി ഗണിച്ചിരുന്ന ഓട്ടോമൻ ചിന്താപദ്ധതിയിൽ നിന്ന് അശ്അരി മാതുരീദി സ്കൂളുകൾ കടമെടുത്തതായി പിൽക്കാലത്ത് ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ ആശയത്തിന്റെ വക്താക്കളുടെ അഭിപ്രായത്തിൽ "ദൃഢമല്ലാത്ത അടിത്തറയിൽ സ്ഥാപിച്ച ചിന്താപദ്ധതികൾ യൂറോപ്യൻ ജ്ഞാനോദയത്തിന്റെയും ആധുനികതയിലേക്കുള്ള പരിവർത്തനത്തിന്റെയും കാലത്തോടെ താത്വികമായ കാൽവെപ്പിന് സാക്ഷ്യം വഹിച്ചിരിക്കുന്നു". ഈ വാദം സമ്മതിക്കുകയാണെങ്കിൽ തന്നെ സമീപകാല ദൈവശാസ്ത്രത്തോടും തത്വചിന്തയോടുമുള്ള യഥാർത്ഥ എതിരിടലിലൂടെയോ ഉത്‌ഗ്രഥനത്തിലൂടെയോ ഒന്നും നേടാൻ പോകുന്നില്ല. മറിച്ച്, ക്ലാസികൽ ഇസ്ലാമിക് കലാമിൽ നിന്നും ഇന്നത്തേക്കുള്ള ഒരു ആശയ കണ്ണിചേർക്കലിലും ആധുനികപൂർവ ആശയങ്ങളിൽ നിന്നും വ്യതിചലിപ്പിക്കുന്ന ആധുനികതയുടെ ഘടകങ്ങളെ എതിരേൽക്കുന്നതിലും അവ കേന്ദ്രീകരിച്ചിരിക്കുന്നു.


കലാം ജദീദിനോടുള്ള ഈ പുസ്തകത്തിലെ എന്റെ സമീപനം മുമ്പ് സൂചിപ്പിച്ചത് പോലെയുള്ള മാതുരീദി വിശ്വാസശാസ്ത്രത്തോട് ന്യായാനുസാരമായി വർത്തിക്കുകയും ഈ വംശാവലിയെ വികസിപ്പിച്ച് ആധുനിക തത്വചിന്തക്കും ദൈവശാസ്ത്രത്തിനുമകത്ത് വ്യവഹാര സാധ്യതയെ രൂപപ്പെടുത്തുക കൂടിയാണ്. പുസ്തകത്തിൽ ഒരുപാട് സ്രോതസുകൾ ഞാൻ സൂചിപ്പിക്കുന്നുണ്ടെങ്കിലും രണ്ട് പ്രാധാനപ്പെട്ടവയെ രേഖപ്പെടുത്താം. ഒരു ഭാഗത്ത് എഡ്മണ്ട് ഹസ്സേളിന്റെയും പിൽകാലക്കാരുടെയും ഫിനോമിനോലോജിക്കലായ ദർശനങ്ങളെ ദൈവശാസ്ത്രത്തിലേക്ക് ഏറെ സഹായകരമായതിനാൽ കൂട്ടിച്ചേർത്തിട്ടുണ്ട്. കാരണം, എന്നെ സംബന്ധിച്ചിടത്തോളം ഹസ്സേൾ കാന്റിന്റെയോ അരിസ്റ്റോട്ടിലിന്റെയോ സ്ഥാനം വഹിക്കുന്ന ഒരു വിശിഷ്ട താത്വികനാണ്. മറു ഭാഗത്തു അനലറ്റിക് ഫിലോസഫിയിലും (analytic philosophy ) ക്രിസ്തീയർ നയിക്കുന്ന മതത്തിന്റെ തത്വശാസ്ത്രത്തിലും (philosophy of religion) ആൽവിൻ പ്ലാന്റിങ്ക, ബ്രിയൻ ലെഫ്ട്ടോ, റീചാർഡ് സ്വിൻബർണ് നിക്കോളസ് വോൽട്ടേഴ്‌സ്‌റ്റോർഫ് തുടങ്ങിയവരുടെ പഠനങ്ങളും ഏറെ ഉപകാരപ്രദമാണ്. ഇത്തരം പഠനങ്ങൾ മാതുരീദി പ്രൊജക്റ്റിൽ ഉപയോഗിക്കേണ്ട ഒരുപാട് ധൈക്ഷണിക ഉപകാരണങ്ങളും രീതിശാസ്ത്രങ്ങളും പ്രദാനം ചെയ്തിട്ടുണ്ട്. അത് കൊണ്ട് തന്നെ കലാം ജദീദിനേയും ആധുനിക ഇസ്ലാമിക തത്വചിന്തയെയും ഒരു വ്യവസ്ഥാപിത അക്കാദമിക ഉദ്യമാമായി മുന്നോട്ടു വെക്കാൻ ആഗ്രഹിക്കുന്നു.


അതിഭൗതികത ചുരുങ്ങുന്നുവോ ?

മാതുരീദിയൻ വീക്ഷണ പ്രകാരം അല്ലാഹുവിന്റെ രൂപം അജ്ഞാതമാണ്. മനുഷ്യൻ എന്താണെന്ന് വിശദീകരിക്കാൻ വർഗീകരിക്കുന്നതെല്ലാം ഐഹികമായ അസ്തിത്വമുള്ള സൃഷ്ട്ടിക്കപ്പെട്ടതിന്റെ വിശേഷണങ്ങൾ മാത്രമാണ്. എന്നിരുന്നാലും, മനുഷ്യരെ പോലെയല്ലെങ്കിലും ദൈവത്തിന് അസ്‌തിത്വപരമായ ചില ഗുണവിശേഷണങ്ങളുണ്ടെന്ന് യുക്തിസഹമായി സ്ഥാപിക്കാനാകും. ഇവയെല്ലാം ഖുർആനിൽ രേഖപ്പെടുത്തപ്പെട്ടതും നമ്മുടെ ലോക വീക്ഷണങ്ങളുടെ വെളിച്ചത്തിൽ തർക്കശാസ്ത്രമുപയോഗിച്ച് തെളിയിക്കാനാവുന്നതുമാണ്. ഈ ഖുർആനിക വിശേഷണമാണ് ആ പ്രമാണത്തെ അർത്ഥവത്തമാക്കി തീർക്കുന്നത്. അപ്പോൾ, അല്ലാഹുവിന്റേത് അതിഭൗതിക അസ്‌തിത്വം ആണെങ്കിലും പരിപൂർണ്ണമായും അജ്ഞാതമല്ലെന്ന് സാരം.
അൽ മാതുരീദിയുടെ അഭിപ്രായത്തിൽ മനുഷ്യന്റെ യുക്തിവിചാരശക്തി (microcosm) ലോകത്തെ പ്രതിഫലിപ്പിക്കുന്നു (macrocosm). മറ്റൊരു ഭാഷയിൽ പറഞ്ഞാൽ യുക്തി (reason) മനുഷ്യന്റെ അടിസ്ഥാന തലമാണെങ്കിൽ മനുഷ്യ മനസ്സും ലോകവും തമ്മിൽ സുദൃഢമായ ബന്ധത്തെ അല്ലാഹു തന്റെ അനശ്വര ജ്ഞാനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ബന്ധത്തെ തകർക്കുംവിധം മനസ്സിനേയും ലോകത്തേയും പരുവപ്പെടുത്താൻ ബൗദ്ധികമായി സാധ്യമാണെങ്കിലും അതിഭൗതികമായി (metaphysically) സങ്കല്പിക്കാവുന്നതല്ല. ഹസ്സേർലിന്റെ ഭാഷയിൽ ഈ അസാമാന്യ ലോകത്തെ വിശകലനം ചെയ്യേണ്ടത് താൽപ്പര്യത്തിന്റെയും ബോധത്തിന്റെ ശരികളുടെയും അടിസ്ഥാനത്തിലാണ്. ലൗകിക പ്രതിഭാസങ്ങളുടെ സംഭവ്യതക്ക് മുൻ ഉപാധിയായി എങ്ങെനെയാണ് ബോധാവസ്ഥ വർത്തിക്കുന്നതെന്ന വിശകലനമാണ് പ്രതിഭാസവിജ്ഞാനം ചെയ്യുന്നത്. പക്ഷേ, ലോക ക്രമത്തെ നിർണ്ണയിക്കുന്ന ഒന്നും ഈ ഭൂലോകത്തിലില്ല മറിച്ച് അവകളെല്ലാം ലോകത്തെ അനുഭവിക്കുന്നതിൽ കേന്ദ്രീകൃതമാണ്. ഈ പരമ യാഥാർഥ്യമാണ് ദൈവത്തെ പ്രപഞ്ചത്തിന്റെ അതിഭൗതിക സൃഷ്ടവായി സ്ഥാപിക്കുന്നതിലേക്ക് ഹസ്സേർലിനെ നയിച്ചത്. മാതുരീദിയൻ ചിന്താ പദ്ധതി പ്രകാരം മനുഷ്യ മനസ്സും ലോകവും തമ്മിലുള്ള ബന്ധത്തെ സ്ഥാപിക്കുന്നത് മനസ്സിലാക്കാൻ ഹസ്സേർൽസിന്റെ ഫിലോസഫി ഏറെ സഹായകമാണെന്ന് പുസ്തകത്തിലുടനീളം ഞാൻ വാദിക്കുന്നുണ്ട്.


ഈ രചന തുടങ്ങുന്നത് ചില അടിസ്ഥാന ജ്ഞാനശാസ്ത്രവും മെറ്റഫിസിക്കലുമായ ചോദ്യങ്ങൾ ഉന്നയിച്ചാണ്, തുടർന്ന് ദൈവാസ്ഥിക്യ തെളിവുകൾ ചർച്ച ചെയ്തും, പിന്നീട്, ദൈവത്തിന്റെ പ്രകൃതി, അറിവ്, ജ്ഞാനം, പ്രവർത്തി, സംസാരം, കലാമുമായുള്ള ഖുർആനിന്റെ ബന്ധം തുടങ്ങിയവയുടെ ദൈവശാസ്ത്ര ഗവേഷണവും നടത്തി പുരോഗമിക്കുന്നു. അതോടോപ്പം ഗണസിദ്ധാന്തം (set theory) ക്വാണ്ടം മെക്കാനിക്സ് (quantum mechanics) തുടങ്ങീ ആധുനിക സംഗതികളും വിഷയീഭവിക്കുന്നുണ്ട്. ആധുനീക രീതിയിലെ ചില ആവർത്തിക്കപ്പെടുന്ന ദൈവശസ്‌ത്രപരമായ ചോദ്യങ്ങൾക്ക് മാതുരീദിസം അടിസ്ഥാനമായി മാറിയിട്ടുണ്ട്. ഇത് തന്നെയാണ് ഇന്നത്തെ ഒരു വിശ്വാസശാസ്ത്രത്തിന്റെ യഥാർത്ഥ കർത്തവ്യമായി മനസ്സിലാക്കേണ്ടതും.

This essay was first published on The Maydan on August 25, 2021. This translation is published with the permission of Dr Harvey and the Maydan Editors.

വിവർത്തനം: ഹസീബ് ഹംസ

Religion
Theology

Related Posts

Loading