KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

പലസ്തീൻ -ഇസ്രയേൽ; ഭക്ഷണങ്ങളിലെ കൊളോണിയൽ കടന്നുകയറ്റങ്ങൾ

ജോസഫ് മസാദ്

കുറച്ച് വർഷങ്ങൾക്ക് മുമ്പ് മാൻഹട്ടനിലെ ഗ്രീൻവിച്ച് വില്ലേജിൽ ഞാൻ പതിവായി പോയിരുന്ന ഒരു  ഹിപ് റെസ്റ്റോറന്റിൽ/ബാറിൽ  അവരുടെ ആ ദിവസത്തെ പ്രത്യേകവിഭവമായി (Plat Du Jour)  "ഇസ്രായേലി കസ്‌കസ്" എന്ന് വിളിക്കുന്ന വിഭവത്തെ   പട്ടികപ്പെടുത്തിയത് എന്നെ വല്ലാതെ  ദേഷ്യപ്പെടുത്തി. ഞെട്ടിത്തരിച്ച ഞാൻ അവരോട് വിഭവത്തിന്റെ പേര് ഉടൻ തിരുത്തണമെന്ന് ആവശ്യപ്പെട്ടു.  "ഇസ്രായേൽ" കസ്‌കസ് എന്ന് അവർ വിളിച്ചത് യഥാർത്ഥത്തിൽ പരമ്പരാഗതമായി നിർമിക്കുന്ന ഫലസ്തീനിയൻ മഫ്‌തൂൽ  ആണെന്ന് ഞാൻ മാനേജരോട് വിശദീകരിച്ചു . കുട്ടിക്കാലത്ത് ഞങ്ങളുടെ അയൽക്കാരിയും കുടുംബസുഹൃത്തുമായ പരേതയായ മേരി ജോവാനെ മണിക്കൂറുകളോളം തഫ്തലി (Teftel) ഇരുന്ന് റവ മുത്തിന്റെ  ആകൃതിയിലുള്ള ഉരുളകളാക്കിയത് എങ്ങനെയായിരുന്നു എന്നു ഞാൻ ഓർത്തു. ചരിത്രപരമായ പരാമർശങ്ങൾ പറയുന്നതനുസരിച്ച് വടക്കൻ ആഫ്രിക്കൻ കസ്‌കസിനെക്കുറിച്ചുള്ള അറിവ് ഫലസ്തീനികൾക്ക് ലഭിക്കുന്നത് പതിനേഴാം നൂറ്റാണ്ടിലാണ്. അതിനുമുമ്പ്  കുരിശുയുദ്ധങ്ങൾക്കെതിരെ പോരാടിയ മുസ്ലീം സൈന്യത്തോടൊപ്പം ഫലസ്തീനിലേക്ക് എത്തിയ വടക്കൻ ആഫ്രിക്കക്കാർ ജറുസലേമിൽ സ്ഥിരതാമസമാക്കിയതിനാൽ വിഭവത്തിന്റെ ആധുനിക പതിപ്പായി പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും പലസ്തീനിലും ഗ്രേറ്റർ  സിറിയയിലും ഒരുപക്ഷേ ഇത് വീണ്ടും അവതരിക്കപ്പെട്ടതും ആവാം. ഫ്രഞ്ച്, ഇറ്റാലിയൻ കൊളോണിയലിസത്തിൽ നിന്ന് പലായനം ചെയ്ത അൾജീരിയൻ, മൊറോക്കൻ, ടുണീഷ്യൻ, ലിബിയൻ പ്രവാസികൾ ഇവിടേക്ക് താമസം മാറുന്നതോടെ വടക്കൻ ആഫ്രിക്കൻ കസ്‌കസിന്റെ വളരെ ചെറിയ രൂപം അവതരിപ്പിക്കുകയും ഫലസ്തീനികളും മറ്റു സിറിയക്കാരും ഇത് വലിയ മുത്തിന്റെ ആകൃതിയിലുള്ള മഫ്തൂലിലേക്ക് പരിഷ്‌കരിക്കുകയും ചെയ്തു. എന്തായാലും ഈ വിഭവം എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് തനിക്കറിയില്ലെന്നും ന്യൂയോർക്കിൽ ഇത് "ഇസ്രായേൽ" കസ്‌കസ് എന്നാണ് അറിയപ്പെടുന്നതെന്നും ദി സ്മഗ് ന്യൂയോർക്ക് റെസ്റ്റോറന്റ് മാനേജർ പറഞ്ഞു.  ഉപഭോക്താക്കളിലെ  ആശയക്കുഴപ്പം  ഒഴിവാക്കാൻ, ആ പേരിന്  പകരം അദ്ദേഹത്തിന് തെരഞ്ഞെടുക്കാവുന്ന "പേൾ കസ്‌കസ്" എന്ന "നിഷ്പക്ഷ" പദത്തിന് കീഴിലാണ് ന്യൂയോർക്കിലും ഈ ഇനം വിൽപന നടത്തിയിരുന്നത് എന്ന് ഞാൻ വിശദീകരിച്ചു.


തനിക്ക് ആധികാരികമായി നൽകാൻ കഴിയുന്ന ഏറ്റവും സമർത്ഥമായ മറുപടിയാണെന്ന്  കരുതി  മാനേജർ ബെൽജിയത്തിൽ നിന്നാണ് ഫ്രൈകൾ ഉത്ഭവിച്ചതെങ്കിലും റസ്റ്റോറന്റ് ഫ്രൈകളെ "ഫ്രഞ്ച് ഫ്രൈസ്" എന്നാണ് വിളിക്കുന്നതെന്ന് പ്രതികരിച്ചു. ഫ്രാൻസിൽ പോംസ് ഫ്രൈറ്റുകൾ എന്ന് വിളിക്കുന്ന ബെൽജിയൻ ഫ്രൈ മോഷ്ടിച്ചത് ഫ്രഞ്ചുകാരല്ലെന്നും പകരം അതിനെ "ഫ്രഞ്ച്" എന്ന് തെറ്റായി ലേബൽ ചെയ്തത് അമേരിക്കക്കാരാണെന്നും കടയുടെ  പുറത്തേക്ക് നടക്കുമ്പോൾ ഞാൻ മറുപടി പറഞ്ഞു. (ഒന്നാം ലോകമഹായുദ്ധസമയത്ത് ബെൽജിയത്തിലെ ഫ്രഞ്ച് സംസാരിക്കുന്ന പ്രദേശങ്ങളിൽ അമേരിക്കൻ സൈനികർ ഫ്രൈകൾ പരിചയപ്പെടുകയും നാട്ടിലേക്ക് മടങ്ങുമ്പോൾ അവരെ "ഫ്രഞ്ച്" എന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു എന്നതാണ്  യഥാർത്ഥത്തിലുള്ളതോ കെട്ടിച്ചമച്ചതോ ആയിട്ടുള്ള കഥ). ഫലസ്തീൻ മാതൃഭൂമിയോടും മറ്റു  ഫലസ്തീനിയൻ ഭക്ഷണങ്ങളോടും ചെയ്തതുപോലെ, ഇസ്രായേലികൾ പലസ്തീനിയൻ വിഭവമായ മഫ്തൂൽ  മോഷ്ടിക്കുകയും അവരുടേതായി വിപണനം ചെയ്യുകയും ചെയ്തു. പിന്നീട് ഞാൻ ഒരിക്കലും ആ റസ്റ്റോറന്റിലേക്ക് പോയിട്ടില്ല.


പ്രാദേശിക നവീകരണങ്ങൾ

ഫലസ്തീനിയൻ പാചകക്രമം വലുതും സമ്പന്നവുമായ സിറിയൻ പാചകരീതിയുടെ ഭാഗമാണ്. അതിൽ ഡമസ്കസ് പാചകരീതി, അലെപ്പോ പാചകരീതി എന്നീ രണ്ട് പ്രധാന ശാഖകൾ ഉൾപ്പെടുന്നുണ്ട്. പ്രാദേശികമായി വളരുന്ന പച്ചക്കറികൾ, ധാന്യങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവ ചില നൂതന രീതികളോടെ ആധുനിക സിറിയ, ലെബനൻ, ജോർദാൻ, ഫലസ്തീൻ എന്നിവിടങ്ങളിൽ പാകം ചെയ്യുന്ന മിക്ക വിഭവങ്ങളും ഈ രണ്ട് പാചകരീതികളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. 


ഫലാഫെൽ (falafel), ഹമ്മൂസ് (hummus), തബൂലെ (tabouleh), മഫ്തൂൽ (maftoul), ഫലസ്തീനിയൻ ഹിസോപ്പ് (hyssop ) കൊണ്ട് നിർമ്മിച്ച സാതർ (zaatar) എന്ന സുഗന്ധവ്യഞ്ജന മിശ്രിതം, ഗ്രാമീണ ഫാലാഹി സാലഡ് (rural fallahi salad - യുഎസിൽ "ഇസ്രായേൽ" സാലഡ് എന്നറിയപ്പെടുന്നു), നബുൽസി കനാഫ്  (Nabulsi knafeh) എന്നിവയും മറ്റു ഭക്ഷണങ്ങളും പതിറ്റാണ്ടുകളായി ഇസ്രായേലിലെ ജൂത കോളനിക്കാർ സ്വന്തമാക്കിയിരിക്കുന്നു. കൂടുതൽ കൃത്യമായി പറഞ്ഞാൽ മോഷ്ടിച്ചിരിക്കുന്നു. പാശ്ചാത്യ മാധ്യമങ്ങളിൽ ഇതിനുള്ള ന്യായീകരണങ്ങളുടെ ഒരു കൂമ്പാരം തന്നെയുണ്ട്. അടുത്തിടെ ശക്ഷുക ഓംലെറ്റും (shakshuka omelette) ലബാനെഹ് (Labaneh) അഥവാ  അരിച്ചെടുത്ത തൈരും (അതിന്റെ പേര് "ലബൻ" എന്ന അറബി പദത്തിന്റെ സ്ത്രീലിംഗ വിവർത്തനമാണ്, അതായത് സിറിയൻ അറബിയിൽ തൈര് എന്നർത്ഥം) ഇസ്രായേൽ അവകാശവാദമുന്നയിക്കുന്ന  ഭക്ഷണത്തിന്റെ പട്ടികയിൽ ചേർത്തതും നമുക്ക് കാണാം. ഔദ്യോഗിക ഇസ്രായേലിവൃത്തങ്ങൾ  രാജ്യത്തെ "കഠിനമായ അയൽപക്കത്ത്"  പ്രധാനമായും മിഡിൽ ഈസ്റ്റിൽ ജീവിക്കുന്നതായി വിശേഷിപ്പിച്ചത് പോലെയുള്ള പ്രശ്നങ്ങൾ ഇതിലില്ലെന്നും ജൂത ഇസ്രായേലികൾ നിലവിൽ  ഈ പ്രദേശത്തിന്റെ ഭാഗമാണെന്നും അതിനാൽ ആ ഭൂഭാഗത്ത ഭക്ഷണം  അവരുടേത് കൂടിയാണെന്ന്  ചിലർ സ്വഭാവികമായി അവകാശപ്പെട്ടേക്കാം. ഇസ്രായേൽ "റോം" ആണെന്നും അറബികൾ അതിനെ ഭീഷണിപ്പെടുത്തുന്ന "ബാർബേറിയൻമാർ" ആണെന്നും പ്രശസ്ത ഇസ്രായേലി ചരിത്രകാരൻ ബെന്നി മോറിസ് അവകാശപ്പെടുമ്പോൾ, മുൻ ഇസ്രായേലി പ്രധാനമന്ത്രി എഹൂദ് ബരാക് ഒരിക്കൽ ഇസ്രായേലിനെ "കാട്ടിലെ വില്ല" എന്നാണ്  വിശേഷിപ്പിച്ചത് . 


ഇസ്രായേൽ ഒരു പാശ്ചാത്യ രാജ്യമാണ്, ചിലപ്പോഴൊക്കെ പാശ്ചാത്യ ബന്ധു സമൂഹങ്ങൾ വഞ്ചനാപരമായ പെരുമാറ്റം കാണിക്കുന്നുണ്ടെങ്കിലും, സാംസ്കാരികമായും ആശയപരമായും സാമ്പത്തികമായും ഇപ്പോഴും ആ സ്ഥാനത്താണ് എന്ന് സ്വീഡനിലെയും ഈജിപ്തിലെയും മുൻ ഇസ്രായേൽ അംബാസഡർ സ്വീ മാസൽ (Zvi Mazel ) അവകാശപ്പെട്ടിട്ടുണ്ട്. പലസ്തീനിലേക്ക് കുടിയേറിയ പല യൂറോപ്യൻ ജൂതന്മാരും പീഡനത്തെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതിൽ പഴയ ഭക്ഷണം മറക്കാൻ ആഗ്രഹിച്ചതായി ബ്രിട്ടീഷ് -ജൂത പാചകപുസ്തക എഴുത്തുകാരി ക്ലോഡിയ റോഡൻ (സിറിയൻ വേരുകളുളള ഈജിപ്ഷ്യൻ ജൂതകുടുംബമാണ് അവരുടേത് ) തറപ്പിച്ചു പറയുന്നു . "അവരുടെ പലസ്തീൻ അയൽവാസികളുടെ ഭക്ഷണത്തിൽ, (ഇസ്രായേലി ജൂതന്മാർ) ഭൂമിയുമായും അവരുടെ പൂർവ്വികരുമായും ഒരു ബന്ധം കണ്ടെത്തി " എന്ന് ന്യൂയോർക്ക് ടൈംസിലെ ഒരു ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. പലസ്തീനികൾ ഇസ്രായേൽ ജൂതന്മാരുടെ അയൽക്കാരല്ല എന്നതും  മറിച്ച് അവർ ഇസ്രായേലി കോളനിക്കാർ കീഴടക്കിയ ആളുകളാണ് എന്നതും  ആരുടെ ഭൂമിയും ഭക്ഷണവും അവർ മോഷ്ടിച്ചു എന്നതുമാണ് പ്രശ്നം.


ഭക്ഷണത്തിന്റെ അവകാശികൾ

ഇസ്രയേലി പാചകക്കാരനും പാചകപുസ്തക രചയിതാവുമായ യോതം ഒട്ടോലെംഗി(Yotam Ottolenghi)യും അദ്ദേഹത്തിന്റെ പലസ്തീനിയൻ സഹ രചയിതാവ് സമി തമീമിയും(Sami Tamimi) ഭക്ഷണ "ഉടമസ്ഥാവകാശം", "കൊളോണിയൽ മോഷണം" എന്നീ ചർച്ചകളിൽ  നിന്ന് വിട്ടുനിൽക്കാനാണ് ആഗ്രഹിക്കുന്നത്. അവർ നിരുപാധികമായി ഞങ്ങളോട് പറഞ്ഞു : "ഉദാഹരണത്തിന് പ്രാദേശിക ഫലസ്തീൻ പ്രാദേശികജനതയുടെ പ്രധാന വിഭവമാണ് ഹമ്മൂസ്. എന്നാൽ അത് സഹസ്രാബ്ദങ്ങളായി സിറിയയിൽ താമസിക്കുകയും പിന്നീട് 1950-കളിലും 1960-കളിലും ജറുസലമിൽ എത്തുകയും ചെയ്ത അലപ്പോ ജൂതന്മാരുടെ തീന്മേശകളിലെ സ്ഥിരസാന്നിധ്യം കൂടിയായിരുന്നു. ആർക്കാണ് ഹമ്മൂസിനെ തങ്ങളുടേതെന്ന് വിളിക്കാൻ കൂടുതൽ അർഹതയുള്ളത്? ആരും ഒരു വിഭവം 'സ്വന്തമാക്കുന്നില്ല'. അവർക്കുമുമ്പ് മറ്റൊരാളും അവർക്ക് മുമ്പ് വേറെ ആരെങ്കിലും ആ ഭക്ഷണം പാകം ചെയ്തിരിക്കാൻ സാധ്യതയുണ്ട്." 


ഈ വിശദീകരണത്തിലുള്ള അപൂർണത  അലപ്പോയിലെ യഹൂദന്മാർ മാത്രമല്ല ഹമ്മൂസ് കഴിക്കുന്നത് എന്നതാണ്. മറ്റു  സിറിയക്കാർക്കൊപ്പം അലപ്പോയിലെ ഭൂരിപക്ഷം മുസ്ലീങ്ങളും ക്രിസ്ത്യാനികളും അത് ഒരു പ്രധാന ഭക്ഷണമായി കഴിച്ചിരുന്നു.  അലപ്പോയിലെ യഹൂദന്മാർ ഹമ്മൂസ് കഴിച്ചിരുന്നോ എന്നതല്ല പ്രശ്നം. മറിച്ച്   ഈ സംശയാസ്പദമായ വാദത്താൽ അത് ഇന്ന് "ജൂത" / "ഇസ്രായേൽ" ഭക്ഷണമായി തിരിച്ചറിയപ്പെടുന്നു എന്നതാണ്. ഭക്ഷണവിഭവങ്ങളുടെയും ഉടമസ്ഥാവകാശ വാദത്തിന്റെയും ശ്രമങ്ങൾ വ്യർത്ഥമാണെന്നും  അത് അടിസ്ഥാനപരമായ പ്രശ്നമല്ല എന്നും ഒട്ടോലെങ്കിയും തമീമിയും വാദിക്കുന്നുണ്ട്. മോഷ്ടിച്ച ഫലസ്തീൻ വിഭവങ്ങൾ തങ്ങളുടേതായി വിപണനം ചെയ്യുന്ന ഇസ്രായേലികൾക്കാണോ പാശ്ചാത്യ ഇസ്രായേൽ സൗഹൃദ പശ്ചാത്തലത്തിൽ സ്വന്തം വിഭവങ്ങൾ അവകാശപ്പെടാൻ പോലും കഴിയാത്ത ഫലസ്തീനികൾക്കാണോ ഇത് പ്രശ്നം അല്ലാത്തത് ? 
മിഡിൽ ഈസ്റ്റേൺ പാചകപുസ്തകങ്ങളിലും യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും "ഇസ്രായേലി" റെസ്റ്റോറന്റുകളിലെയും വ്യാപനം കണക്കിലെടുത്ത് ഫലസ്തീൻ, സിറിയൻ വിഭവങ്ങൾ ഇസ്രായേലികൾ മോഷ്ടിക്കുന്നത് വളരെ സാധാരണമായ ഒരു പ്രതിഭാസമായി മാറിയിട്ടുണ്ട്. ഇതുമൂലം പലസ്തീനികൾ റെസ്റ്റോറന്റുകൾ ആരംഭിക്കുകയാണെങ്കിൽ    തങ്ങളുടെ വിഭവങ്ങളായി അവതരിപ്പിക്കാൻ  ബുദ്ധിമുട്ടുകയാണ്. അടുത്തിടെ ബ്രൂക്ലിനിലെ ഒരു മുൻനിര പലസ്തീനിയൻ റെസ്റ്റോറന്റിനെ   അവിടെ ഇതുവരെ സന്ദർശിച്ചിട്ടു പോലുമില്ലാത്ത എന്നാൽ പലസ്തീൻ വിരുദ്ധ ശത്രുതയാൽ പ്രചോദിതരായ ആളുകൾ സൈബർ അറ്റാക്കിംഗ് വഴി  ഉപദ്രവിക്കുന്നതായി പരാതി വന്നിരുന്നു. തന്റെ റസ്റ്റോറന്റിനെ "പലസ്തീനിയൻ" എന്ന് വിളിക്കുന്നത് പോലും തങ്ങളെ ബുദ്ധിമുട്ടിക്കാൻ സാധ്യതയുള്ള കാര്യമാണ് എന്നാണ് അതിന്റെ ഉടമ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.


വംശീയ അനുമാനം


അറബ് രാജ്യങ്ങളിൽ വേരുള്ള ജൂതന്മാർ ഇസ്രായേലിന്റെ ജനസംഖ്യയുടെ പകുതിയാണെന്നും അതിനാൽ ഈ പ്രദേശത്തെ ഭക്ഷണത്തിൽ  പലസ്തീനികളെപ്പോലെ അവർക്കും  അവകാശമുണ്ടെന്നും വാദമുണ്ട്. മൊറോക്കോ - ഇറാഖ് മുതൽ യെമൻ വരെയുള്ള മുഴുവൻ അറബ് മേഖലയിലും ഒരു പാചകരീതിയാണ് എന്ന വംശീയ അനുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വീക്ഷണം. എന്നാൽ, ഇസ്രായേലിലെ അറബ് ജൂതന്മാരിൽ കൂടുതൽ പേരും അറബ് ലോകത്തിൽ സ്വന്തം പ്രാദേശിക പാചകരീതികളുള്ള മൊറോക്കോ, യമൻ, ഇറാഖ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഭരണഘടനപരമായി രാജ്യത്തെ "ചെറിയ വംശീയവിഭാഗങ്ങളിലൊന്നായി"  ഇസ്രായേലിൽ താമസിക്കുന്ന സിറിയൻ - ലെബനീസ് ജൂതന്മാരുടെ എണ്ണം വളരെ തുച്ഛമാണ്. അതിനുമപ്പുറം ഭൂരിഭാഗം ഇസ്രായേലി ജൂതന്മാരും ഗ്രേറ്റർ സിറിയയിൽ നിന്ന് വന്നതാണെങ്കിൽ പോലും "ഇസ്രായേലി" എന്നതിലുപരി സിറിയൻ / പലസ്തീനിയൻ ഭക്ഷണം കൊളോണിയൽ മോഷണം വഴിയല്ലാതെ എങ്ങനെ "ജൂതവിഭവങ്ങൾ" ആവും ?തന്നെപ്പോലുള്ള ഷെഫുകൾക്ക് വഴിയൊരുക്കിയതിന് ഒട്ടോലെംഗി റോഡെനോടാണ് കടപ്പെട്ടിരിക്കുന്നത്. ന്യൂയോർക്ക് ടൈംസിലെ റോഡെനെക്കുറിച്ചുള്ള ഒരു സമീപകാല ലേഖനമനുസരിച്ച് അവർ "സിറിയൻ ജൂതന്മാരുടെ പാചകരീതികൾ ധാരാളം ചേരുവകളുള്ളതും സമൃദ്ധവും വൈവിധ്യമാർന്നതും സങ്കീർണ്ണവും സമയമെടുക്കുന്നതുമാണെന്ന് വിവരിക്കുന്നുണ്ട്". സിറിയൻ ജൂതന്മാർക്ക് സിറിയൻ ക്രിസ്ത്യാനികളിൽ നിന്നോ സിറിയൻ  മുസ്ലീങ്ങളിൽ നിന്നോ വ്യത്യസ്തമായ പാചകരീതി ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെയൊരു പ്രശ്നം തന്നെ ഉണ്ടാവുമായിരുന്നില്ല. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും പോലെ ഗ്രേറ്റർ സിറിയയിലെ ജൂതന്മാർക്കും സിറിയൻ ദേശീയതയുടെയോ  പ്രാദേശികതയുടെയോ അടിസ്ഥാനത്തിൽ സിറിയൻ വിഭവങ്ങൾ തങ്ങളുടേതാണെന്ന് അവകാശപ്പെടാൻ എല്ലാ അധികാരവുമുണ്ട്. പക്ഷേ, ഈ മോഷണങ്ങളെ യൂറോപ്യൻ - യുഎസ് മാധ്യമങ്ങൾ "ഇസ്രായേൽ" ദേശീയ പാചകരീതിയായി ആഘോഷിക്കുന്നതിനോടൊപ്പം അവ ജൂതൻമാരുടെ വിഭവങ്ങളാണെന്ന  വാദമുന്നയിക്കാനും വിപണനം ചെയ്യാനും അവർക്ക് അവകാശമില്ല. കൊളോണിയൽ അധിനിവേശത്തിലൂടെയാണ് ഇസ്രായേൽ ഭൂഭാഗത്തിന്റെ ഭാഗമായത്. തങ്ങളുടെ ഭക്ഷണവും വിഭവങ്ങളും ഇസ്രായേലിന്റെ മൊത്തത്തിലുള്ള കോളനിവൽക്കരണ ശ്രമങ്ങളുടെ ഭാഗമായി മാറിയതിൽ മിക്ക അറബികളും രോഷാകുലരാണ്.


Source Text: Israel-Palestine: How Food Became a Target of Colonial Conquest, Published in Middleeasteye

Politics

Related Posts

Loading