'അകലങ്ങളെ അറിയുന്നു' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കപ്പെട്ട ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ, റോൻ്റിവ്യൂ' 24 ൻ്റെ വേദിയിൽ ഇസ്രായേൽ- സയണിസം ലോബി; അധിനിവേശത്തിൻ്റെ വേരുകൾ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സിറാജ് സീനിയർ എഡിറ്റർ മുസ്തഫ പി എറക്കലും ഫ്രൈ യൂനിവേഴ്സിറ്റി, ബെർലിൻ ഗവേഷകൻ ഇ പി എം സ്വാലിഹ് നൂറാനിയും സംസാരിക്കുന്നു.
സ്വാലിഹ് നൂറാനി ഗുലിസ്താൻ
ഇക്കഴിഞ്ഞ ഡിസംബർ 2, ഗസയിൽ കുഞ്ഞുങ്ങൾ മരിച്ചു വീണുകൊണ്ടിരിക്കുന്നു, കെട്ടിടങ്ങൾ തകർന്നു കൊണ്ടിരിക്കുന്നു, നമ്മളൊക്കെയും വിഷണ്ണരാവുന്നതിന്റെ തുടക്കഘട്ടത്തിൽ ജൂതരുടെ ഹനൂക്കാ സെലിബ്രേഷനിൻ്റെ (അവരുടെ ഹോളിഡേ) റിസപ്ഷൻ വാഷിംഗ്ടണിൽ സംഘടിപ്പിക്കപ്പെടുകയുണ്ടായി. അതിൽ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ സംസാരിക്കുമ്പോൾ പറഞ്ഞ വാക്കുകൾ ഇതാണ്. 35 വർഷങ്ങൾക്കു മുമ്പ് ഞാൻ ആദ്യമായി സെനറ്റിലേക്ക് മത്സരിക്കുമ്പോൾ ഒരു കാര്യം പറഞ്ഞപ്പോൾ എല്ലാവരും അത് വിവാദമാക്കി. You don't have to be a Jew in order to be Zionist, ഒരു സയണിസ്റ്റ് ആവാൻ ഒരു ജൂതൻ ആകേണ്ടതില്ല എന്ന്. അദ്ദേഹം ഉറപ്പിച്ച മട്ടിൽ, തമാശ മട്ടിൽ അദ്ദേഹം വീണ്ടും പറഞ്ഞു. I repeat that you don't have to be a Jew in order to be Zionist. ഇത് കേട്ടപ്പോൾ വൈയക്തികമായ തലത്തിൽ ഉള്ളിൽ നിന്നും ഒരു അത്ഭുതവും ആഘാതവും കടന്നുവന്നു. കഴിഞ്ഞ ഇലക്ഷനിൽ ട്രംപിനെ പരാജയപ്പെടുത്തിയപ്പോൾ അദ്ദേഹം ഒരു പ്രസംഗം നടത്തിയിരുന്നു. അമേരിക്കൻ പൊളിറ്റിക്സ് സാറിന്റെയത്ര വശമില്ലെങ്കിലും അതിനെ എളിയ രൂപത്തിൽ നിരീക്ഷിക്കുന്ന വ്യക്തി എന്ന നിലയിൽ, അന്ന് അദ്ദേഹം നടത്തിയ പ്രസംഗം ധാർമികതയെയും മൂല്യത്തെയും നൈതികതയെയും സംബന്ധിച്ചായിരുന്നു. അദ്ദേഹം പറഞ്ഞത് അധാർമികതയ്ക്കെതിരെ വിജയം കൈവരിച്ചിരിക്കുന്നു എന്നാണ്. അത് സ്റ്റാറ്റസ് വെച്ചിരുന്ന ഒരു വ്യക്തി കൂടിയായിരുന്നു ഞാൻ. ആ അദ്ദേഹം ഇത്രയും പ്രതിസന്ധി നിറഞ്ഞ, മൃഗീയമായ അധിനിവേശം നടക്കുന്ന, സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ എന്തുകൊണ്ട് ഇത് പറയുന്നു?! പശ്ചാത്തലം, വാക്കുകൾ എല്ലാം കൂടി നിർദ്ധാരണം ചെയ്യണമെന്നുണ്ടെങ്കിൽ ചരിത്രത്തിൻറെ വേരുകളിലേക്ക് നാം ഇറങ്ങി ചെല്ലേണ്ടതുണ്ട്.
ഇതത്ര സങ്കീർണ്ണമായ ചരിത്രം ഒന്നുമല്ല. സങ്കീർണത എന്നത് ഇവർ ഉണ്ടാക്കുന്ന പബ്ലിക് റിലേഷൻ സ്റ്റണ്ട് മാത്രമാണ്. അതുതന്നെയാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന വാർത്തകളും. 2008ലെ ഗസ ആക്രമണം ഓർമ്മയുണ്ടാകും. ആക്രമണം തുടങ്ങുന്നത് ബരാക് ഒബാമ ഇലക്ഷനിൽ ജയിച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസമായിരുന്നു. നാം തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ഡോക്യുമെൻററി ഉണ്ട്. റോജർ വാട്ടേഴ്‌സ് നരേറ്റ് ചെയ്ത The occupation of American minds, അമേരിക്കൻ മനസ്സിൻറെ അധിനിവേശം. കഴിഞ്ഞ ഒരുപാട് ദശകങ്ങളായി ഇസ്രായേൽ ലോബി എങ്ങനെയാണ് അമേരിക്കൻ മനസ്സിനെ അവരുടെ അധിനിവേശത്തിന് അനുകൂലമായി പൊതു താൽപര്യത്തെ രൂപപ്പെടുത്തിയത് എന്ന് കൃത്യമായി പ്രതിപാദിക്കുന്നുണ്ട് അതിൽ. ഇന്ന് ചരിത്ര കുതുകികൾക്കും വിഷണ്ണത നിറഞ്ഞ വാർത്തകൾ കണ്ട് മനംമടുത്തവർക്കും ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പ്രതിഷേധം എന്നത് ചരിത്രപരതയെ, ചരിത്രഘട്ടത്തെ കൃത്യമായി മനസ്സിലാക്കുകയും ലോബിയുടെ ഭാഗത്തുനിന്നുള്ള പബ്ലിക് റിലേഷൻ ക്യാമ്പയിനെ ആ വിധത്തിൽ തന്നെ തിരിച്ചടിക്കുകയും ചെയ്യുക എന്നുള്ളത് മാത്രമാണ്. ഒരർത്ഥത്തിൽ, ഇക്കാലമത്രയും അവർ ചെയ്തുകൊണ്ടിരിക്കുന്നത്, ഇപ്പോൾ ഈയൊരു ആക്രമണം നടന്ന സാഹചര്യത്തിലും അവർ പറയുന്നത് Israel has right to defend itself, ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട് എന്നാണ്. ഈയൊരു വാക്യം അമേരിക്കൻ മുഖ്യധാരാ മാധ്യമങ്ങളിലൂടെ പുറത്തെത്തിക്കുക എന്നുള്ളത് ഇസ്രായേൽ ലോബിയുടെ കൃത്യമായ പദ്ധതിയാണ്.
ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ജോൺ മിഷര്‍മെയറും ഹാർഡ് വാർഡ് യൂണിവേഴ്സിറ്റിയിലെ സ്റ്റീഫൻ വോൾട്ടും 2006 ലണ്ടൻ റിവ്യൂ ബുക്സിൽ ഒരു ലേഖനം എഴുതുകയുണ്ടായി. ആ കാലമത്രയും ഇസ്രായേൽ ലോബിയെ കുറിച്ച് സംസാരിക്കാനാകുമായിരുന്നില്ല. അമേരിക്കയിലെ രണ്ട് ശ്രദ്ധേയമായ യൂണിവേഴ്സിറ്റികളിലെ മികച്ച രണ്ട് പൊളിറ്റിക്കൽ സയന്റിസ്റ്റുകളാണ് ഇവർ. നോം ചോംസ്കിയെ പോലെയോ എഡ്വാർഡ് സഈദിനെ പോലെയോ ആക്ടിവിസ്റ്റുകൾ ആയിരുന്നില്ല. അവരുടെ Israel lobby and US foreign policy എന്ന പുസ്തകം ഇസ്രായേൽ ലോബിയെ കുറിച്ചുള്ള ചർച്ചകൾ തന്നെ മാറ്റിമറിച്ചു. അതിനിടയ്ക്ക് ഇവരുടെ സ്കോളർഷിപ്പിനെ മലീമസമാക്കാനുള്ള ശ്രമങ്ങൾ ഉണ്ടായി. അവരുടെ എംപിരിക്കൽ ഫൗണ്ടേഷനും പൊളിറ്റിക്കൽ സയൻസിലെ ശക്തമായ അടിത്തറയും കാരണം ഇതുവരെയും അവരുടെ വാദത്തെ പൊളിച്ചെഴുതാൻ സാധിച്ചിട്ടില്ല. ഈയൊരു ചർച്ചയിലും നാം കൊണ്ടുവരുന്നത് നിർബന്ധമായും വായിച്ചിരിക്കേണ്ട ഈയൊരു ഗ്രന്ഥം തന്നെയാണ്. യുഎൻ സെക്യൂരിറ്റി കൗൺസിലിൽ എല്ലാവരും പ്രതീക്ഷിച്ചു, അവർ മാറിനിൽക്കും എന്നത്. എന്നാൽ അവർ അനുകൂലമായി കൈ ഉയർത്തി. ഇതെങ്ങനെ സാധിക്കുന്നു എന്നതും അമേരിക്കൻ വിദേശനയത്തിൽ എങ്ങനെയാണ് ഡിപ്ലോമാറ്റുകൾക്ക്, പൊളിറ്റീഷ്യൻസിന് ഇങ്ങനെയൊരു തീരുമാനം എടുക്കാൻ സാധിക്കുന്നു എന്നതും നിരീക്ഷിക്കുന്നു. ഇസ്രായേലിനെ ഒരു 51ാമത് സ്റ്റേറ്റ് ആയി തങ്ങൾ കണക്കാക്കുന്നു എന്ന കാരണമാണ് ഇതിന് പിന്നിൽ. അമേരിക്കൻ- ഇസ്രായേൽ പബ്ലിക് അഫേഴ്സ് പോലെയുള്ള ലോബികളുടെ പ്രവർത്തനം ഇതിൽ പ്രധാനമാണ്. ലോബികളെക്കുറിച്ചും സയണിസത്തിന്റെ ചരിത്രപരമായ വേരുകളെ സംബന്ധിച്ചും വിശദമായി സംസാരിക്കാം.
മുസ്തഫ പി. എറക്കൽ
ഇപ്പോൾ നമ്മുടെ നാട്ടിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സുകളുടെ പെരുപ്പമാണ്. എല്ലായിടത്തും എല്ലാവരും ഇത് ചെയ്തുകൊണ്ടിരിക്കുന്നു. പല സംഘടനകളും വേറെന്തെക്കെയോ ലക്ഷ്യം വെച്ച്, ആൾക്കൂട്ടത്തെ സൃഷ്ടിക്കാൻ വേണ്ടി ഫലസ്തീൻ ഐക്യദാർഢ്യത്തെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ശ്രദ്ധിച്ചാൽ മനസ്സിലാകും, അവിടെയൊന്നും ഫലസ്തീൻ വിഷയമല്ല അടിത്തറയായി നിൽക്കുന്നത്. എന്നാൽ ഇതിന്റെയൊക്കെ ബാനറുകളിൽ നാം കാണുന്നത് ഐക്യദാർഢ്യ മഹാസമ്മേളനം എന്നൊക്കെയാണ്. എന്നാൽ, ആരും ഇസ്രായേൽ ഭീകരവിരുദ്ധ സദസ്സ് എന്നോ ഇസ്രായേലിനെ നേരിട്ട് ഫോക്കസ് ചെയ്യുന്ന രീതിയിലോ ചർച്ച ചെയ്യുന്നത് നാം കണ്ടിട്ടില്ല. നിങ്ങൾ ഏതെങ്കിലും ബാനറിൽ ആന്റി- ഇസ്രായേൽ ഒക്യുപേഷൻ എന്ന് കണ്ടോ? ഇസ്രായേൽ ലോബി എന്ന പദം കണ്ടോ? ഈ ഒരർത്ഥത്തിലാണ് റോൻ്റിവ്യുവിൻ്റെ ഈ വിഷയത്തിന്റെ തെരഞ്ഞെടുപ്പ് വ്യത്യസ്തമാകുന്നതും ചർച്ചയെ മുന്നോട്ടുകൊണ്ടുപോകുന്നതും. നാം ഇവിടെ ചർച്ച ചെയ്യുന്നത്, എങ്ങനെയാണ് ഇസ്രായേൽ ഇത് നേടിയെടുത്തിട്ടുള്ളത് എന്നാണ്. ഐക്യദാർഢ്യം ആർക്കും സാധ്യമാണ്. ഇപ്പോൾ ഞാൻ തല്ലു കൊണ്ടിരിക്കുകയാണെങ്കിൽ ആപ്പിളുമായി നിങ്ങൾക്ക് വരാം. അയ്യോ സാറിന് പറ്റിപ്പോയല്ലോ എന്ന് നിങ്ങൾക്ക് പറയാം. എന്നാൽ നിങ്ങൾ എന്നോട് ചോദിക്കണം, നിങ്ങൾ എവിടുന്നാണ് ഈ അടി വാങ്ങിച്ചത്? ആരാണ് നിങ്ങളെ തല്ലിയത്? തല്ലിയവന്റെ ലക്ഷ്യം എന്തായിരുന്നു? എന്ന്. പിന്നെ പുറത്തിറങ്ങിയിട്ട് മനുഷ്യരോട് പറയണം, ഈ മനുഷ്യനെ തല്ലിയ ആൾ തീർത്തും അധാർമികതയും അനീതിയുമാണ് ചെയ്തിട്ടുള്ളത്, ഉണ്ടാക്കിയെടുത്ത ഒരു വസ്തുതയുടെ പുറത്താണ് ഈ ഒരു ആക്രമണം നടന്നിട്ടുള്ളത്, ഇയാളാണ് ഇത് ചെയ്തത്, ഇയാളെ ഞാൻ വിസമ്മതിക്കുന്നു, ഇയാളുടെ ചരിത്രവും ഇയാൾ അയാളെ തല്ലിയതിൻ്റെ അധാർമികത എങ്ങനെ രൂപപ്പെട്ടുവെന്നും അതിന്റെ വേരുകളും എനിക്കറിയാം എന്ന് പറയുന്നതാണ് യഥാർത്ഥ ഐക്യദാർഢ്യം. അല്ലാത്തത് വെറും കണ്ണീരും മെലോ ഡ്രാമയും മാത്രമാണ്. അപ്പോൾ, ഈ ഒരു ഒത്തുകൂടലിൽ നാം പങ്കുവെക്കുന്ന ഒരു എൻപതി, വേദന, വിഷമം എന്നിവ മാത്രമാണോ നമ്മുടെ ദൗത്യം എന്ന് നാം ആലോചിക്കണം. മറിച്ച്, രണ്ടാമത്തെ രീതിയിലുള്ള പ്രതികരണത്തിലൂടെയുള്ള ഐക്യദാർഢ്യം ആയിരിക്കണം. അത്തിനൊത്തിരി വായിക്കുകയും പഠിക്കുകയും വേണം.
ലോബി എന്ന് മാത്രം എടുക്കുകയാണെങ്കിൽ ഒരർത്ഥത്തിൽ അതൊരു മോശം കാര്യമല്ല. നമ്മളൊക്കെ അത് ചെയ്യുന്നുണ്ട്. ഒരു നിയമനിർമ്മാണ സഭയെ, ഒരു ഭരണകൂടത്തെ നമ്മുടെ ആവശ്യ നിർവഹണങ്ങൾക്ക് വേണ്ടിയുള്ള സംവിധാനങ്ങൾ നാം ഉണ്ടാക്കുന്നതും ഭരണകർത്താവിനെ നമ്മുടെ സമ്മേളനത്തിൽ വിളിച്ചു ചേർക്കുന്നതും സംഗമായി അവരെ ചെന്ന് കാണുന്നതും സമീപിക്കുന്നതും ഒരർത്ഥത്തിൽ ലോബിയിങ് ആണ്. പല അർത്ഥത്തിൽ ഇത് ചെയ്യാൻ പറ്റും. പണം മുടക്കിയും ഇലക്ഷൻ ഫണ്ട് നൽകിയും പലയിടത്തും ഇത് ചെയ്തു കൊണ്ടിരിക്കുന്നു. ലോബിയിങ് എന്നത് തീർത്തും നെഗറ്റീവ് ആയിട്ടുള്ള ഒന്നാണ് എന്ന് എനിക്ക് അഭിപ്രായമില്ല. അത് വളരെ പോസിറ്റീവായും ചെയ്യാവുന്നതാണ്. ഓരോ സമുദായവും ഭരണതലത്തിൽ അവർക്ക് വേണ്ടതായ പ്രാധാന്യം ലഭിക്കുന്നതിന് ഇത് ചെയ്യേണ്ടതായി വരും.
അമേരിക്കയിൽ റൈഫിൽ അസോസിയേഷൻ, റിയൾട്ടേഴ്സ് തുടങ്ങി അതിശക്തലോബികൾ നിലനിൽക്കുന്നുണ്ട്. ഈ പുസ്തകത്തിൽ തന്നെ മുന്നോട്ടുവെക്കുന്നത്, ലോബിയിങ്ങിൽ മറ്റുള്ളവർക്കും താഴെയാണ് അമേരിക്കയുടെ സ്ഥാനം എന്നാണ്. മാത്രമല്ല, ഇൻറർനാഷണൽ ലെവലിൽ യുഎസിന്റെ പ്രതിച്ഛായ ഇടിഞ്ഞുപോകുന്നു, തുടക്കത്തിൽ പറഞ്ഞ നരേശൻ ഒന്നും ഇപ്പോൾ നിൽക്കുന്നില്ല. എന്നിട്ടുപോലും, - ഇത്ര ആളുകൾ മരിച്ചു വീണ സാഹചര്യത്തിലും - അമേരിക്ക തുടർന്നു പോരുന്ന ഈ നയമാണ് തിരിച്ചറിയേണ്ടത്. ഒക്ടോബർ ഏഴിന് നടന്ന ഹമാസിന്റെ സൈനിക നീക്കത്തിന് (അതിനെ പറ്റിയുള്ള വിശദമായ ചർച്ചകളിലേക്ക് പോകുന്നില്ല) പിറകെ നാട്ടിൽ മുഴുവൻ വൻ വേദന പടർത്താൻ അവർക്ക് കഴിഞ്ഞിരുന്നു. ആ സ്ഥിതി വിശേഷം മാറി, ഇപ്പോൾ സിവിലിയൻസ് ഇത്രയും കൊല്ലപ്പെട്ടു, ഹമാസിന് നേരിട്ട് ഇതിൽ ഇടപെടാൻ പറ്റില്ല എന്ന് വന്നതോടെ കാര്യങ്ങൾക്ക് മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു. എന്നിട്ടും, അവരുടെ നയത്തിൽ മാറ്റമുണ്ടോ?! ഈയടുത്ത്, യുഎസ് കോൺഗ്രസിനെ മറികടന്നുകൊണ്ട് ഇസ്രായേലിന് സൈനിക സഹായം നൽകാനാണ് തീരുമാനം എന്ന വാർത്ത പുറത്ത് വരികയുണ്ടായി. അപ്പോൾ, ഇത്രയും ശക്തമായി നിൽക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് നാം അന്വേഷിക്കേണ്ടത്. മറ്റു ലോബികളെക്കാൾ ചെറുതെങ്കിലും യുഎസിന് പല നഷ്ടങ്ങളും ഈ ലോബിക്ക് വഴങ്ങലിലൂടെ വരുന്നുണ്ട് എങ്കിലും ക്രിസ്ത്യൻ സയണിസം വളരെ ശക്തമായി വരുന്നുണ്ട് എന്നാണ് ഇത് തെളിയിക്കുന്നത്. ജൂതൻ ആകണമെന്നില്ല. മുസ്ലിം വിരുദ്ധത എന്നുള്ളത് ലോകത്ത് തന്നെ രാഷ്ട്രീയ ആശയമായി കടന്നുവന്നിരിക്കുന്നു. ഇന്ന് വളരെ എളുപ്പത്തിൽ ഒരു രാഷ്ട്രീയ മുന്നേറ്റം സാധ്യമാകണമെങ്കിൽ, അത് ഇന്ത്യയിൽ നോക്കിയാൽ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് മനസ്സിലാകും. ഇന്ത്യയിലെ ഫാസിസ്റ്റുകൾ യഥാർത്ഥത്തിൽ മുസ്ലിം വിരുദ്ധ സമീപനം എടുക്കുന്നത് രാഷ്ട്രീയ ഉപാധി എന്നതുകൊണ്ട് കൂടിയാണ്. മുസ്ലിംകളെ ആക്രമിച്ചാൽ, മുസ്ലീങ്ങൾക്കെതിരെ ശബ്ദമുയർത്തിയാൽ, അവർക്കെതിരെ നയങ്ങൾ കൊണ്ടുവന്നാൽ തീവ്ര വലതുപക്ഷ ആശയങ്ങൾ വേഗത്തിൽ മുന്നോട്ടു കൊണ്ടുപോകാൻ പറ്റും, തിരഞ്ഞെടുപ്പിൽ വിജയം കൈവരിക്കാൻ പറ്റും എന്നത് കൊണ്ടാണ്. ഏറ്റവും നല്ല ഉദാഹരണം നാം പഠിക്കേണ്ടത് ഫ്രാൻസിലെ മാരിനെ ലിപേൻ എന്നുപറയുന്ന കക്ഷിയിൽനിന്നാണ്. നിലവിൽ വലിയ കക്ഷിയായി വളർന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഇലക്ഷനിൽ 25 ശതമാനം വോട്ട് ലഭിച്ചു. അടുത്ത ഇലക്ഷനിൽ ആ പാർട്ടി അധികാരത്തിലേറും എന്നാണ് പറയപ്പെടുന്നത്. അവരാകെ പറഞ്ഞിട്ടുള്ളത് മുസ്ലിം വിരുദ്ധതയും കുടിയേറ്റ വിരുദ്ധതയും മാത്രമാണ്. ലോകത്തുടനീളം ഈ ഒരു സംഭവം നടന്നുകൊണ്ടിരിക്കുകയാണ്. ലോബിയിങിന് ശക്തിപകരാൻ ഈ മുസ്ലിം വിരുദ്ധ രാഷ്ട്രീയം കൂടെ ഉപയോഗപ്പെടുത്തുമ്പോൾ അമേരിക്കയിലെ എല്ലാ പാർട്ടികളും ഒരുപോലെ വഴങ്ങുന്ന ഒന്നായി ഇത് മാറുന്നു. ജിമ്മി കാറ്ററിനുശേഷം ബറാക് ഒബാമ മാത്രമാണ് കുറച്ചെങ്കിലും ഇതിന് വ്യത്യസ്തമായ നിലപാട് സ്വീകരിച്ച പ്രസിഡൻറ്. 1967 ലെ യുദ്ധത്തിനു മുമ്പുള്ള അതിർത്തിയിലേക്ക് ഇസ്രായേൽ പിന്മാറണമെന്ന് ഒരിക്കൽ മാത്രം അദ്ദേഹം പറയുകയുണ്ടായി. പക്ഷേ, അദ്ദേഹത്തിനും അതിൽ ഉറച്ചുനിൽക്കാൻ സാധിച്ചില്ല. അപ്പോൾ ഞാൻ പറഞ്ഞു വരുന്നത്, ഒരു രാഷ്ട്രീയമായി ഇത് പരിവർത്തിച്ചിരിക്കുന്നു എന്നാണ്. മുസ്ലീങ്ങളെയാണ് ആക്രമിക്കുന്നത് എന്ന് വന്നിരിക്കുന്നു. രണ്ടാം ഘട്ടത്തിലേക്ക് പോകുമ്പോഴും ബൈഡനും ഇതുതന്നെ രക്ഷയുള്ളൂ. ഒരു ലാർജ് വാർ അദ്ദേഹം ആഗ്രഹിക്കുന്നു. അത് കൊണ്ട് തന്നെ ഇത് തുടർന്നു കൊണ്ടിരിക്കുന്നു. രസകരമായ ഒരു കാര്യം പറയാം. യുഎസിലെ തന്നെ ജ്യൂസിന്റെ പൂർണ്ണപിന്തുണ ഇതിനില്ല എന്നാണ് ശരി. ഒരു ആന്റി- സയണിസ്റ്റ് ജ്യൂസ് മൂവ്മെൻറ് തന്നെ അവിടെ നടന്നുകൊണ്ടിരിക്കുകയാണ്. ഞാൻ യുഎസ്സിൽ പോയിട്ടുള്ള 2017 സമയം, ജറുസലേമിനെ ക്യാപിറ്റലായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ ക്യാപിറ്റൽ ആയി പ്രഖ്യാപിക്കൽ ലോബിക്ക് വഴങ്ങുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഇസ്രായേലിന്റെ തലസ്ഥാനം ജറുസലേം ആയി പ്രഖ്യാപിക്കുക എന്നതിൽ ട്രംപ് ആണ് ഒപ്പ് വെക്കുന്നത്. ലോബിയിൽ അത്ര ശക്തമായിട്ട് പോലും അതുവരെയുള്ള ഒരു പ്രസിഡണ്ടും അത് ചെയ്തിരുന്നില്ല. അദ്ദേഹത്തിൻറെ മരുമകൻ ജെറാഡ് കൃഷ്ണയുടെ ഉപദേശപ്രകാരമാണ് ട്രംപ് പ്രവർത്തിച്ചുകൊണ്ടിരുന്നത്. ട്രംപ് മുസ്ലിം വിരുദ്ധതയുടെ ആൾരൂപമായിരുന്നു. അത് തന്നെയാണ് അദ്ദേഹത്തിനെ ഇതിന് പ്രേരിപ്പിച്ചത്. ആ ദിവസവും യുഎസിൽ ശക്തമായ ജ്യൂസ് ഉൾപ്പെടുന്നവരുടെ ശക്തമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ലോബിന്റെ ശക്തി തീർച്ചയായും ഉണ്ട്. അവർ പണം കൊടുക്കുന്നുണ്ട്. ഇൻഫ്ലുവൻഷ്യൽ ആവുക എന്നുള്ളതിലാണ് കാര്യം. ആളുകളുടെ എണ്ണത്തിലല്ല. ജനാധിപത്യത്തിൽ എണ്ണം പ്രശ്നമായിട്ട് പോലും ഇന്ത്യയിൽ എണ്ണത്തിൽ കുറഞ്ഞു നിൽക്കുന്ന സവർണ്ണ വിഭാഗക്കാർക്ക് വേണ്ടി ചായുന്നത് എന്തുകൊണ്ടാണ്?! അതാണ് ഇൻഫ്ലുവൻഷ്യൽ എന്നു പറയുന്നത്. അവർ സമ്പത്ത് നിയന്ത്രിക്കുന്നു. ഒപ്പീനിയൻ നിയന്ത്രിക്കുന്നു. ഈയൊരു പണി ജ്യൂസ് സയണിസ്റ്റ് എടുത്തുകൊണ്ടിരിക്കുന്നു. അത് കൊണ്ട് തന്നെ ഈയൊരു ലോബിയിങ്ങിന് മറ്റെല്ലാ ലോബിയിങ്ങിനെക്കാളും ശക്തി പകരുകയും അതിൽ അവർ വിജയിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് സത്യം. അമേരിക്കയിൽ വന്നുകൊണ്ടിരിക്കുന്ന ലോബിയിങ് അതിൻറെ ആൾക്കൂട്ടം അല്ല. മറിച്ച്, ജിയോ പൊളിറ്റിക്സിൽ അമേരിക്കൻ താല്പര്യങ്ങൾ കൂടിച്ചേരുന്നതു കൂടി കൊണ്ടുണ്ടാവുന്നതാണ്. മിഡിൽ ഈസ്റ്റിൽ എന്നും പ്രശ്ന കലുഷിതമായ ഫലസ്തീനും ഇസ്രായേലും ഉണ്ടാകണം എന്നത് അമേരിക്കയിലെ ഏതൊരു ഭരണാധികാരിയുടെയും താല്പര്യമാണ്. അത് ഈ ലോബിയും തന്ത്രങ്ങളും മീഡിയയിലൂടെയും മീറ്റിങ്ങിലൂടെയും ഫണ്ടിങ്ങിലൂടെയും സ്വാധീനിക്കലിലൂടെയും വ്യാജസാധനങ്ങൾ ഉണ്ടാക്കലിലൂടെയും പ്രൊപ്പഗണ്ടയിലൂടെ ഉണ്ടാക്കിയെടുക്കുന്നതിലൂടെയുമുള്ള ദൈനംദിന കർമ്മമാണ്. ഇതിന് റിവ്യൂ നടക്കും, വിശകലനം നടക്കും, നാം എവിടെയെങ്കിലും പിന്നോട്ട് പോയോ എന്ന് ചർച്ചകൾ നടക്കും, മുന്നോട്ടുവരാനുള്ള പണികൾ എടുത്തു കൊണ്ടിരിക്കും. ഒരു ഭരണകൂടം പ്രവർത്തിക്കുന്നതുപോലെ തന്നെ ഈ ലോബിയിങ് നടക്കുന്നു എന്നുള്ളതുകൊണ്ടാണ് ഇതിൻ്റെ സുഗമമായ മുന്നോട്ട് പോക്ക് സാധ്യമാക്കുന്നത്.
സ്വാലിഹ് നൂറാനി ഗുലിസ്താൻ
സാറ് പറഞ്ഞതുപോലെ തന്നെ ലോബിയിങ് എന്നുള്ളത് വളരെയധികം ലെജിറ്റമിസി ഉള്ളതും ചെയ്യേണ്ടതുമായ കാര്യം തന്നെയാണ്. അമേരിക്കയിൽ ഗൺ ലോബിയും ഫാർമസിസ്റ്റ് ലോബിയും എൽഡർലി പീപ്പിളിൻ്റെ ലോബിയും ശക്തമാണ്. അനുകൂലമായ നിയമനിർമാണങ്ങൾ ഉണ്ടാക്കാൻ അവർക്ക് ഇതിലൂടെ സാധിക്കും. പക്ഷേ, എങ്ങനെയാണ് ഇസ്രായേൽ ലോബി വേറിട്ട് നിൽക്കുന്നത്. ഇവരെക്കാൾ പവർഫുൾ ആയിട്ടുള്ള ഒരു ലോബിയായിട്ട് വാഷിംഗ്ടണിൽ പ്രവർത്തിക്കാൻ സാധിക്കുന്നത് എങ്ങനെയാണ് എന്ന ചോദ്യമാണ് ഈ പുസ്തകം പ്രധാനമായും മുന്നോട്ട് വെക്കുന്നത്. അതിനുള്ള ഒരു പ്രധാന ഉത്തരം, മറ്റുള്ള ഒരു ലോബിയെ പോലെയും അല്ല, ഇസ്രായേൽ ലോബിക്ക് നിലനിൽക്കണമെങ്കിൽ ഒരു പ്രോപ്പഗണ്ട മെഷീൻ ആവശ്യമാണ്. ലോകത്തു തന്നെ ഇത്രയും വലിയ ഒരു പ്രോപ്പഗണ്ട മെഷീൻ ഉള്ള ഒരു ലോബി വേറെ എവിടെയും ഉണ്ടാകില്ല. ഏകധ്രുവസ്വപ്നങ്ങൾ നടപ്പിലാക്കാൻ വേണ്ടി അമേരിക്ക സ്ഥിരമായി സാമ്പത്തിക സഹായം നൽകി പോറ്റുന്ന മുപ്പതോളം രാജ്യങ്ങളുണ്ട്. ഈ രാജ്യങ്ങളിലേക്ക് അമേരിക്ക നൽകുന്ന സൈനിക, സാമ്പത്തിക സഹായങ്ങൾക്കെല്ലാം മുകളിലാണ് ഈ 90 ലക്ഷം പേര് മാത്രം വരുന്ന ഈ ചെറിയ രാജ്യത്തിന് നൽകുന്ന സഹായം. കണ്ണ് തള്ളുന്ന കണക്കുകളാണ് നമുക്ക് കാണാനാവുക. അമേരിക്കയിലെ സാധാരണ പൗരന്റെ ഡോളർ എടുത്തിട്ട് ഇസ്രായേലിലേക്ക് കൈമാറുകയാണ് ഇവർ ചെയ്യുന്നത്. ഇത്രയും ധൈര്യം അമേരിക്കൻ പൊളിറ്റിക്കൽ മിഷനറിക്ക് വരണമെന്നുണ്ടെങ്കിൽ അതിന്റെ പ്രോപ്പഗണ്ട മെഷീൻ അത്രയും നടക്കേണ്ടതുണ്ട് എന്നാണ് അവർ പറഞ്ഞുവെക്കുന്നത്. കഴിഞ്ഞ ഒരു 30 വർഷങ്ങളായുള്ള പല കേസുകൾ അവർ എടുക്കുന്നുണ്ട്. അവർ പറയുന്നത് Iraq war wouldn't have happened if it's not for the Israel lobby. അവർ പൊളിറ്റിക്കൽ സയൻസിന്റെ എല്ലാ പെരിമീറ്റര്‍സും മാനദണ്ഡങ്ങളും വെച്ചിട്ട് പറയുകയാണ്, ലക്ഷക്കണക്കിന് പേരെ കൊന്നു തള്ളിയ ഇറാഖ് യുദ്ധം, ഇസ്രായേൽ ലോബി ഉണ്ടായിരുന്നില്ല എങ്കിൽ നടക്കില്ലായിരുന്നു എന്ന്. അപ്പോൾ അത്രക്കും പവർഫുൾ ആയിട്ട് അമേരിക്കൻ വിദേശനയത്തിൽ ഇവർക്ക് ആധിപത്യം ചെലുത്താൻ കഴിയുന്നുണ്ടെങ്കിൽ അതിൻ്റെയൊക്കെ പിന്നിൽ പ്രവർത്തിക്കുന്ന മിഷനറി ഇൻഡസ്ട്രിയൽ കോംപ്ലക്സ് അത്രക്കും ശക്തമാണ് എന്നാണ് മനസ്സിലാക്കേണ്ടത്. കുറച്ചു ദിവസം മുമ്പ് ഹാഡ്‌വാഡ് യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ കറുത്ത വർഗക്കാരി കൂടിയായിട്ടുള്ള പ്രസിഡന്റ് രാജിവെക്കുകയുണ്ടായി. വാക്കിൽ എവിടെയോ ജൂതവിരുദ്ധത കടന്നുവന്നു എന്നതിൻറെ പേരിൽ അവർക്കെതിരെ ക്യാമ്പയിൻ നടത്തപ്പെടുകയും ഒരു മാസക്കാലം കൊണ്ട് തന്നെ രാജിവെക്കൽ അനിവാര്യമായി തീരുകയും ചെയ്തു. പക്ഷേ എന്തുകൊണ്ട് ഇത് സംഭവിച്ചു?! 800 മില്യൺ ഡോളർ വാർഷികാടിസ്ഥാനത്തിൽ ഹാഡ്‌വാഡ് യൂണിവേഴ്സിറ്റിക്ക് ഐപാക്ക് എന്ന അമേരിക്കൻ ഇസ്രായേൽ പബ്ലിക് അഫയേഴ്സ്, ഇസ്രായേലിലെ ഏറ്റവും ശക്തമായ കമ്മിറ്റി നൽകുന്നുണ്ട് എന്നാണ് വാസ്തവം. അതുപോലെ തന്നെ, റിപ്പബ്ലിക്കൻ പാർട്ടിയിലെയും ഡെമോക്രാറ്റിക് പാർട്ടിയിലെയും മുഴുവൻ സ്ഥാനാർഥികളെയും പണം കൊടുത്ത് വാങ്ങാനുള്ള കെൽപ്പ് ഇസ്രായേൽ ലോബിക്കുണ്ട് എന്നുള്ളത് നിരീക്ഷകർ എല്ലാം പറയുന്നു. അതുകൊണ്ടുതന്നെ, രണ്ടു കൂട്ടരും ഇസ്രായേൽ വിഷയം വരുമ്പോൾ ഒരേ ദിശയിൽ തന്നെ സഞ്ചരിക്കുന്നു. ചുരുക്കത്തിൽ, ഈ ജനപ്രതിനിധികളെയെല്ലാം ഓൺ ചെയ്യുന്നത് ഇസ്രായേൽ ലോബിയാണ് എന്നാണ് ഈ പുസ്തകം പറഞ്ഞുവെക്കുന്നത്. പിന്നെ എങ്ങനെയാണ് ഫലസ്തീൻ അനുകൂലമായിട്ടുള്ള ഒരു പ്രമേയം ബ്യൂറോക്രാറ്റിക് മിഷനറിയുടെ ഭാഗത്തുനിന്ന് പ്രതീക്ഷിക്കുക?!
പിന്നെ, എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ്. അമേരിക്കൻ ജനത അധിനിവേശവിരുദ്ധമാണല്ലോ. ഇതെങ്ങനെയാണ് സംഭവിക്കുന്നത്?
മുസ്തഫ പി എറക്കൽ
പ്രക്ഷോഭങ്ങൾ തെരുവിൽ നടക്കുന്നു. പക്ഷെ, പ്രത്യക്ഷ പ്രക്ഷോഭത്തിന് ഇറങ്ങാത്ത, വീട്ടിലിരിക്കുന്ന, തൊഴിലിടങ്ങളിൽ നിൽക്കുന്ന നിസ്സംഗമായ ജനങ്ങൾ ലോബിയുടെ മുന്നോട്ടുപോക്ക് ലളിതമാക്കുകയുമാണ് ചെയ്യുന്നത്. അമേരിക്കൻ പോളിറ്റിയുടെ ഒരു പ്രശ്നം, ഒക്യൂപാഷൻ ഓഫ് മൈൻഡ്സ്, മനസ്സിൽ അധികാരമുറപ്പിച്ച് ഒരുതരം നിസ്സംഗത അവിടെ രൂപപ്പെട്ടുവന്നിരിക്കുന്നു എന്നതാണ്. ആളുകൾ വ്യത്യസ്തമാണ്. പല സർവ്വേകളും അത് കാണിച്ചുതരുന്നുണ്ട്. ഫലസ്തീൻ ജനതയോടപ്പം നിൽക്കുന്ന ശക്തമായ വിഭാഗവും എന്തെങ്കിലും ആകട്ടെ എന്ന് വിചാരിക്കുന്ന ഒരു വലിയ വിഭാഗവും ഇസ്രായേൽ പക്ഷപാതിത്വം പുലർത്തുന്ന വിഭാഗവും അവിടെയുണ്ട്. ഈയൊരു ഇസ്രായേൽ പക്ഷപാതിത്വം പുലർത്തുന്നവരോട് കൂടെയാണ് യഥാർത്ഥത്തിൽ ഈ നിസ്സംഗത പുലർത്തുന്ന വിഭാഗവും നിലകൊള്ളുന്നത്. ഇപ്പൊ, ഇന്ത്യയിൽ, ഫാസിസ്റ്റുകളോട് കൂടെ തന്നെയുള്ള ഒരു വിഭാഗവും പ്രതികരിക്കുന്ന ഒരു വിഭാഗവും ഉണ്ട്. എന്നാൽ വലിയൊരു വിഭാഗം എന്തെങ്കിലും ആകട്ടെ എന്ന് വിചാരിക്കുന്ന വിഭാഗമാണ്. ഇവരുടെയും കൂടെ ശക്തി ലഭിക്കുന്നത് ഫാസിസത്തിന് വേണ്ടി നിലകൊള്ളുന്നവർക്ക് അനുകൂലമായാണ്. ഈ ഒരു അവസ്ഥ തന്നെയാണ് അമേരിക്കയിൽ ഉള്ളത് എന്ന് സത്യം.
തെരഞ്ഞെടുപ്പ് എന്ന് പറയുന്നത് ഒരു ഫണ്ടിങ്ങിന്റെ കൂടെ കളിയാണല്ലോ. അതിൻറെ ഒരു സെലിബ്രേഷനും കൂടിയാണ് ഡെമോക്രാറ്റിക് സെലിബ്രേഷൻ എന്ന് പറയുന്നത്. മാധ്യമങ്ങളെ വാങ്ങിക്കുക, അഭിപ്രായങ്ങൾ രൂപപ്പെടുത്തുക, ഇൻഫ്ലുവൻഷ്യൽ പീപ്പിളിനെ കൊണ്ട് നമുക്ക് വേണ്ടി സംസാരിപ്പിക്കുക. ഈ പണിയെല്ലാം ലോബിയിങ്ങിന്റെ ഭാഗമായി നടക്കുന്നതാണ്. അതിനാൽ തന്നെ, അവിടുത്തെ ജനത, വോട്ടിംഗ് പാറ്റേൺ എങ്ങനെ ചിന്തിച്ചാലും, ജനങ്ങളുടെ തന്നെ ചിന്തയെ അട്ടിമറിക്കുന്നതിനും അവരെ പൊതുവായ ബോധത്തിൽ നിന്നും മാറ്റുന്നതിനും ഇത് കാരണമാകുന്നു. ഒറ്റ ഉദാഹരണം, നമ്മളെ തന്നെ എടുക്കുക. ഞാൻ എത്രയോ പേരോട് സംസാരിച്ചിട്ടുണ്ട്. ഇത് സാധാരണ ആൾക്ക് എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നാം ചിന്തിച്ചാൽ മതി. എല്ലാവരും പറയും, ഇസ്രായേൽ എന്തൊരു ശക്തമായ രാജ്യമാണ്. ഒരു ചെറിയ രാജ്യം എന്തൊക്കെയാണ് ചെയ്യുന്നത്. സൈന്യം എന്തൊരു ശക്തമാണ്. ആ രാജ്യം എത്ര പെട്ടെന്നാണ് ഉണ്ടായി വന്നിട്ടുള്ളത്. വലിയ മരുഭൂമിയായിരുന്ന ഒരു പ്രദേശത്തെ എത്ര പെട്ടെന്നാണ് ഹരിതാഭമാക്കിയത്. എന്തൊരു കഠിനാധ്വാനികളാണ് അവർ. ഇത് വിശ്വസിച്ച് വശമായവർ അവരുടെ പ്രോപ്പഗണ്ടയിൽ വീണു എന്ന് കൃത്യം.
യഥാർത്ഥത്തിൽ ഇസ്രായേൽ എന്ന് പറയുന്നത് ഒരു രാജ്യമല്ല. പല രാജ്യങ്ങളുടെ ബിനാമിയാണ്. യുഎസ് പോലെയുള്ള അതിശക്തമായ രാജ്യങ്ങളും അവരുടെ സഖ്യത്തിൽ വരുന്ന രാജ്യങ്ങളും യൂറോപ്യൻ യൂണിയനിൽ ജർമ്മനി ഒഴിച്ച് നിർത്തിയാൽ ബാക്കി എല്ലാ രാജ്യങ്ങളും ഒരുപോലെ പിന്തുണക്കുന്നു. ഈ രാജ്യങ്ങളുടെയെല്ലാം ശക്തിയാണ് യഥാർത്ഥത്തിൽ ഇസ്രായേൽ എന്ന് പറയുന്നത്. ഇസ്രായേൽ വന്നതിനുശേഷമാണ് അവിടെ ഒരു പോളിറ്റി രൂപപ്പെട്ടത് എന്നും ഒരു പൊളിറ്റിക്സ് ഉണ്ടായിട്ടുള്ളത് എന്നും ഇന്ന് ഗസ്സ അടങ്ങുന്ന പലരുടെയും കയ്യിലുണ്ടായിരുന്ന പ്രദേശം ഇസ്രായേൽ വാങ്ങിച്ചു കൊടുക്കുകയാണ് ചെയ്തത് എന്നും തുടങ്ങിയ തെറ്റായ ധാരണകൾ നമുക്കിടയിൽ വ്യാപിച്ചിരിക്കുന്നു.
സ്വാലിഹ് നൂറാനി ഗുലിസ്താൻ
അവരുടെ സാമ്പത്തിക വ്യവസ്ഥയിലേക്ക് വരുമ്പോൾ, ഇസ്രായേൽ രാഷ്ട്രത്തിന്റെ തുടക്കം മുതൽക്ക് തന്നെ ഒരോ ഇസ്രായേലിക്കും പെർകാപ്പിറ്റ 500 ഡോളർ എങ്കിലും വാർഷികാടിസ്ഥാനത്തിൽ അമേരിക്ക നൽകുന്നുണ്ട് എന്ന് ഈ പുസ്തകം കൃത്യമായി അവതരിപ്പിക്കുന്നുണ്ട്.
മുസ്തഫ പി എറക്കൽ
എന്തിനാണ് ഒരു യുദ്ധക്കപ്പൽ വരേണ്ട ആവശ്യമുള്ളത്?! യുഎസ് യുദ്ധക്കപ്പൽ നങ്കൂരമിടുകയാണ്. ഈ ആത്മവിശ്വാസത്തിന്റെ പുറത്താണ് അവരുടെ സൈനികശക്തി എന്ന് പറയുന്നത്. തിയോഡർ ഹെർസൽ എന്ന വ്യക്തിയാണ് ജ്യൂസ് സ്റ്റേറ്റ് എന്ന് പറയുന്ന തൻ്റെ പുസ്തകത്തിലൂടെ ജൂത രാജ്യം എന്ന ആശയം മുന്നോട്ട് വെച്ചത്. ഇതാണ് സയണിസത്തിൻ്റെ പിറവിക്ക് പിറകിൽ. യൂറോപ്പിനകത്ത് ജൂതന്മാർ വലിയ പീഡനം അനുഭവിച്ചു എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. ജൂത ജനത എപ്പോഴെങ്കിലും സമാധാനം അനുഭവിച്ചിട്ടുണ്ടെങ്കിൽ അത് മുസ്ലിം അധ്യക്ഷതയായിരുന്നു; അന്തലൂസിയയിലും മുസ്ലിം സ്പെയിനിലും ആയിരുന്നു എന്ന് അവരുടെ ചരിത്രകാരന്മാർ തന്നെ പറയുന്നത് കാണാം. ഞങ്ങൾക്ക് എപ്പോഴെങ്കിലും ഒരു ശാന്തത ലഭിച്ചിട്ടുണ്ട് എങ്കിൽ അത് മക്കയിലും മദീനയിലും മുസ്ലിം ജനതകൾക്കിടയിലും ജീവിച്ചപ്പോഴായിരുന്നു എന്ന്. എന്നാൽ, യൂറോപ്പ് ജൂതന്മാരെ വേട്ടയാടിയതും ക്രിസ്തുവിനെ കൊന്നവർ എന്ന അർത്ഥത്തിൽ അവരെ പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഹോളോകോസ്റ്റ് വസ്തുത തന്നെയാണ്. നാസി ജർമ്മനിയുടെ കാലത്ത് ഇതെല്ലാം ഉണ്ടായിട്ടുണ്ട്. പക്ഷെ, ദീർഗമായി എഴുതപ്പെട്ടിട്ടുള്ള ചരിത്രങ്ങളെല്ലാം ഇതിനുള്ള പരിഹാരമായി നിർദ്ദേശിക്കുന്നത് ജനതയില്ലാത്ത നാട്ടിലേക്ക് ഇവരെ കുടിയിരുത്തുക എന്നുള്ളതാണ്. എത്ര വലിയ കളവാണത്?! എത്രയോ ടെക്സ്റ്റുകളിൽ ചരിത്രകാരന്മാർ എന്ന് വിശേഷിപ്പിക്കപ്പെടുന്നവർ തന്നെ ഫലസ്തീനിനെ വിശേഷിപ്പിച്ചിട്ടുള്ളത് ജനതയില്ലാത്ത നാട് എന്നാണ്. അവിടെ ജനത ഉണ്ടായിരുന്നില്ലേ?! നമ്മുടെ പടങ്ങൾക്കകത്ത് ചില ഊഷരമായ ഭൂമികൾ മാത്രം കാണിച്ച് ചരിത്രപുസ്തകത്തിനകത്ത് പടം വയ്ക്കുകയുണ്ടായി. അതാണ് തിയോഡർ ഹെർസലിന്റെ പുസ്തകത്തിനകത്തും സയണിസ്റ്റ് കോൺഗ്രസിനകത്തും അവർ പ്രധാനമായും ഉന്നയിച്ച വാദം. നമ്മൾ ഒരു ജനതയെയും കീഴടക്കുകയോ ആട്ടിയോടിക്കുകയോ ചെയ്യുന്നില്ല. ഒട്ടും ജനങ്ങൾ ഇല്ലാത്ത ഒരു നാട്ടിലേക്ക്, നമ്മൾ തോറയിലേയും ബൈബിളിലെയും ചരിത്രത്തെ മാത്രം മുന്നോട്ടു വെക്കുകയും വിശുദ്ധ ഭൂമി/ വാഗ്ദത്ത ഭൂമി എന്ന സംഗതി ആവിഷ്കരിക്കുകയും അതിനുമുമ്പുള്ള ഓട്ടോമൻ തുർക്കിയുടെയും ഒക്കെ ചരിത്രം മാറ്റിവെക്കുകയും പകരം അതിന് പിന്നിലുള്ള ചരിത്രത്തെ എടുക്കുകയും ചരിത്രപരമായ അട്ടിമറി നടത്തുകയും ഈ പ്രദേശത്തേക്ക് പോകുന്നതിന് യാതൊരുവിധ തടസ്സവുമില്ല എന്ന് വരികയും ചെയ്യുന്നു. ഇപ്പോൾ യുഎസിലൊക്കെ കാണുന്നതുപോലെ ജൂത കമ്മ്യൂണിറ്റിയിൽ തന്നെ അതിൽ നിന്നും എതിർപ്പുണ്ടായി എന്നാണ് രസം. ആഭ്യന്തരമായ ലോബിയിങ് നടന്നിട്ടുണ്ട് അവിടെ. എന്താണത്, നമ്മൾ ഇങ്ങനെ പോകേണ്ട കാര്യമില്ലെന്നും നാം പീഡനമനുഭവിച്ച യൂറോപ്പിലെ രാജ്യങ്ങൾക്കകത്തു തന്നെ നമുക്ക് മൗലികാവകാശം വേണമെന്നും ഒരു ജനതയായി ജീവിക്കാൻ പറ്റണമെന്നും റഷ്യൻ ജൂതന്മാരായി/ ബ്രിട്ടീഷ് ജൂതന്മാരായി/ ഫ്രഞ്ച് ജൂതന്മാരായി കഴിഞ്ഞുകൂടണം എന്നുമാണ് ജൂത കമ്മ്യൂണിറ്റിയിലെ നല്ലൊരു ശതമാനം ആളുകൾ പറയുന്നത്. എന്നാൽ അവരുടെ മനസ്സിലേക്ക് വേറൊരു ലോബിയിങ് നടക്കുകയുണ്ടായി. ഈയൊരു പ്രശ്നത്തിന് ഒരു പരിഹാരം, മതപരമായ രാഷ്ട്രം ഉണ്ടാക്കുകയും നമുക്ക് വേണ്ടി വാഗ്ദത്തം ചെയ്യപ്പെട്ട ഭൂമി അവിടെയുണ്ട് എന്ന് ബിബ്ലിക്കലായ തോറയിലെ കഥകൾ എടുത്തുദ്ധരിക്കുകയും ചെയ്തുകൊണ്ട് ആളുകളുടെ ഉള്ളിലേക്ക് ഈ ഒരു തോന്നൽ ഉണ്ടാക്കുകയാണ് ചെയ്തിട്ടുള്ളത്. അതുതന്നെയാണ് തിയോഡർ ഹെർസലും സയണിസ്റ്റ് കോൺഗ്രസും ചെയ്തതും. സയണിസത്തിൻ്റെ ആദ്യരൂപം പൊതുവേ പറയുന്ന കൾച്ചറൽ സയണിസവും റിലീജസ് സയണിസവും സിയോൺ കുന്നുകളെ മുൻനിർത്തി പ്രാർത്ഥന നിർവഹിച്ചു തിരികെ പോരുന്ന ഒരു സയണിസവുമായിരുന്നു എങ്കിൽ, പൊളിറ്റിക്കൽ സയണിസം വന്നതിനുശേഷമാണ് ഒരു രാഷ്ട്രം ഉണ്ടാക്കുക എന്ന രീതിയിലേക്ക് വന്നത്. അത് ഒട്ടും സ്വാഭാവികമായ ഒരു കാര്യമായിരുന്നില്ല.
നാം നമ്മുടെ വാക്കുകളുപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. അത് ഒരിക്കലും ഈ പ്രോപ്പഗണ്ടയിൽ നിന്നും കടമെടുത്ത വാക്കുകളാകരുത്. ഉദാഹരണമായി, വെസ്റ്റ് ബാങ്കിൽ നടക്കുന്നത് ജൂത കുടിയേറ്റം എന്നാണ് ഇപ്പോഴും പത്രങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ജ്യൂയിഷ് സെറ്റിൽമെൻറ് എന്നും അവർ ഇങ്ങോട്ട് കുടിയേറി വന്നു എന്നുമാണ് ഉപയോഗിക്കുന്നത്. എന്താണ് കുടിയേറ്റം?. എൻറെ വീടിൻറെ അകത്തളങ്ങളിലേക്ക് കയറി വന്ന് ഇറക്കിവിടുന്നത് എങ്ങനെയാണ് കുടിയേറ്റമാവുക?! എത്ര വലിയ ലോബിയിങ്ങാണ് ഇത്. ഒരിക്കലും സ്വാഭാവികമായ ഒരു മൈഗ്രേഷൻ ആയിരുന്നില്ല. തിയോഡർ ഹെർസലിന്റെ പുസ്തകം വന്നതിനും ബേസിലിൽ നടന്ന ജൂത കോൺഗ്രസിനും ശേഷം അവർ കണ്ടെത്തിയ ഭാഗമെന്താണെന്ന് ചോദിച്ചാൽ പരിശീലനം ലഭിച്ച ഒരു കുടിയേറ്റമാണ് നടന്നത് എന്നാണ്. വൃദ്ധന്മാരെയും സ്ത്രീകളെയും മാറ്റിനിർത്തി ആയുധ സജ്ജരായ യുവാക്കളെ ക്യാമ്പുകൾ നടത്തി കുടിയേറ്റത്തിന് സജ്ജരാക്കി തന്നെയാണ് അവിടെ വന്നിട്ടുള്ളത്. നമ്മൾ ഇന്ന് കേൾക്കുന്ന ചരിത്രത്തെ മുഴുവൻ ഇൻ്റേണൽ ലോബിയിങിന് വിധേയമാക്കുകയും ഹോളോകോസ്റ്റ് തന്നെ അതിശയോക്തിപരമായ രീതിയിൽ ജൂതർക്ക് മുന്നിൽ അവതരിപ്പിക്കുകയുമുണ്ടായി. റാൾഫ് ഷ്യൂമാൻ അദ്ദേഹത്തിൻ്റെ പുസ്തകത്തിൽ പറയുന്നുണ്ട്. അന്നത്തെ സയണിസ്റ്റുകൾ നാസി സംഘങ്ങളുമായി സംസാരിക്കുകയും നിങ്ങൾ ഞങ്ങളെ കുറച്ചുകൂടെ വിസിബിളായി അക്രമിക്കണം, എന്നാൽ മാത്രമേ ഞങ്ങൾക്ക് ഞങ്ങളുടെ ജനതയ്ക്ക് ഇത് കാണിച്ചു കൊടുക്കാൻ പറ്റുകയുള്ളൂ, എന്നിട്ട് വേണം ഈ ഒരു ജൂതരാഷ്ട്രം എന്ന സങ്കല്പത്തെ അവിടെ പൂർണമായി കൊണ്ടുവരാൻ എന്ന് പറയുകയുണ്ടായി. അങ്ങനെ ഇത് പടിപടിയായി രൂപപ്പെടുത്തി സയണിസത്തിൻ്റെ ഏറ്റവും കടുത്ത രൂപം പ്രാപിച്ച് പൊളിറ്റിക്കൽ സയണിസമായ സമയത്ത് ബ്രിട്ടനിൽ നടത്തിയ ലോബിയിങിൻ്റെ ഭാഗമാണ് ബാൽഫർ പ്രഖ്യാപനം ഉണ്ടാകുന്നത്.
സ്വാലിഹ് നൂറാനി ഗുലിസ്താൻ
സാർ പറഞ്ഞത് പോലെ, ഈ ചരിത്ര പശ്ചാത്തലത്തിൽ വാക്കുകളുടെ രാഷ്ട്രീയം വളരെ സൂക്ഷ്മമായി പഠന വിധേയമാക്കേണ്ടതാണ്. പൊളിറ്റിക്കൽ സയന്റിസ്റ്റുകൾ പറയുന്നത്, ഇത് സെക്കുലർ കൊളോണിയലിസത്തിന്റെ ഒരു രൂപമാണെന്നാണ്. ഇങ്ങോട്ട് കടന്നു വന്ന് കുരുമുളകും സുഗന്ധവ്യജ്ഞനങ്ങളും കൊള്ളയടിച്ച് കടത്തിക്കൊണ്ടുപോയി അവരുടെ രാഷ്ട്രത്തിന്റെ തിണ്ണ വീർപ്പിച്ചിരുന്ന പാമ്പരാഗത,കുടിയേറ്റ കൊളനിവൽക്കരണത്തിന്റെ ഒരു കാലഘട്ടമുണ്ടായിരുന്നു. ഇംഗ്ലണ്ടും ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും ചെയ്തിരുന്ന ഒരു കൊളോണിയലിസം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, ഇസ്രായേൽ നമ്മുടെ കൺമുമ്പിൽ ചെയ്തുകൊണ്ടിരിക്കുന്നത് സെക്കുലർ കൊളോണിയലിസമാണ്. ഗസ്സയിൽ മൃഗീയമായിട്ടുള്ള ആക്രമണം നടക്കുന്ന സമയം തന്നെ വെസ്റ്റ് ബാങ്കിൽ ശക്തമായ സെക്കുലർ കൊളോണിയൽ മൂവ്മെൻറ് നടന്നുകൊണ്ടിരിക്കുകയാണ്. അപ്പോൾ, ഈ പാവപ്പെട്ട വെസ്റ്റ് ബാങ്കിലെ ഫലസ്തീനിയൻ കർഷകന് തൻറെ ഒലിവ് മരം കൊഴിയാൻ കഴിയില്ല. അവനെ വെടിവെച്ചിടുന്നു. ഇത് വളരെ പച്ചയായ യാഥാർത്ഥ്യമാണ്. ഇൻകാർസിനേഷൻ, ഒരു കാരണവും കൂടാതെ ജയിലിലക്കുക, സ്ത്രീകളെ മാനഭംഗപ്പെടുത്തുക ഇതെല്ലാം ദൈനംദിന ജീവിതത്തിൻറെ ഭാഗമായിരിക്കുന്നു. രോഷാകുലരായിട്ടുള്ള ഒരു ചെറിയ ജനതയെയാണ് നിയന്ത്രണ വിധേയമായി ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയിലിനകത്തു നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. അവരെന്തെങ്കിലും ചെയ്തു കഴിഞ്ഞാൽ അവർ പറയുന്ന വാക്ക് ടെററിസം എന്നുള്ളതാണ്. അപ്പോൾ വാക്കുകളുടെ രാഷ്ട്രീയം നാം സൂക്ഷ്മമായി പഠിക്കൽ നിർണ്ണായകമാണ്. ഇസ്രായേൽ ലോബിയുടെ നിർവചനം ഈ പുസ്തകത്തിൽ വിശദമായി പറയുന്നുണ്ട്. പച്ചഭാഷയിൽ ഇതിന്റെ ഒരു നിർവചനം പറയുകയാണെങ്കിൽ, ഇവർ അമേരിക്കയുടെ എച്ചിൽ നക്കികളാണ് എന്നാണ്. അവരുടെ എച്ചിൽ വരാൻ ഉണ്ടാക്കിയിട്ടുള്ള എൻ്റിറ്റികളാണ് ഈ ലോബികൾ എന്നു പറയുന്നത്. കിട്ടുന്നതിൽ എന്തെങ്കിലും കുറവ് വരുമ്പോൾ, വളരെയധികം സ്വാധീനം ചെലുത്തി കൂടുതൽ ഇവരുടെ സെക്കുലർ കൊളോണിയലിസത്തിന്റെ സാക്ഷാൽക്കാരത്തിന് വേണ്ടി നിരന്തരമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ഇസ്രായേൽ ലോബികൾ. നേരത്തെ സൂചിപ്പിച്ച ഐപാക്ക് എന്ന ഓമന പേരിൽ വിളിക്കപ്പെടുന്ന അമേരിക്കൻ ഇസ്രായേൽ പബ്ലിക് അഫയേഴ്സ് കമ്മിറ്റിയുടെ കണക്കുകൾ ഈയടുത്ത് പുറത്തുവന്നിരുന്നു. കഴിഞ്ഞ ഇലക്ഷനിൽ ഏറ്റവും കൂടുതൽ റിപ്പബ്ലിക്, ഡെമോക്രാറ്റിക് പാർട്ടികൾക്ക് ഫണ്ടിംഗ് നൽകിയിട്ടുള്ളത് ഐപാക്ക് ആയിരുന്നു. ഈയൊരു ഫണ്ട് അധികാരത്തിലേറിയതിനുശേഷം ലാഭമുൾപ്പടെ അവർക്ക് തിരികെ ലഭിക്കുന്നുണ്ട്. കൊള്ളലാഭമടക്കം ഇസ്രായേലിലേക്കും എത്തുന്നുണ്ട്. മാഷ് സൂചിപ്പിച്ചതുപോലെ, ഐപാക്ക് എന്നത് വലിയൊരു ശൃംഖലയാണ്. വാഷിംഗ്ട്ടണിലെ വൈറ്റ് ഹൗസ് പോലെ പത്തഞ്ഞൂറ് പേർ ഇരുന്ന്, വർക്ക് ചെയ്യുന്ന ഒരു ഓഫീസും ലോകത്ത് മുഴുവൻ വ്യാപിച്ചുകിടക്കുന്ന എംപ്ലോയീസും അതിനുണ്ട്. ഈ ഒരു നിസ്സാര പോപ്പുലേഷന് അമേരിക്ക എന്ന് പറയുന്ന ഏകധ്രുവലോകത്തെ നിയന്ത്രിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അത് ആ പ്രോപ്പഗണ്ട മെഷീന്റെ വിജയം തന്നെയാണ് എന്നുള്ളത് നാം മനസ്സിലാക്കണം. മറ്റൊന്ന്, കുടിയേറ്റക്കാർ ഒരിക്കലും മുസ്ലിമിന്റെയും അറബിയുടെയും പ്രശ്നമായിരുന്നില്ലല്ലോ?. പിന്നെ എപ്പോഴാണ് മുസ്ലിം പ്രശ്നമായി, അറബികളും മുസ്ലിംകളും തീരുമാനിക്കേണ്ട ഒന്നായി വരുന്നത് എന്ന് നാം ഈ പശ്ചാത്തലത്തിൽ പഠിക്കേണ്ടതുണ്ട്.
മുസ്തഫ പി. എറയ്ക്കൽ
ഇത് നാം വായിച്ചാൽ വളരെയധികം രസകരമായി തോന്നും. ബ്രിട്ടീഷ് മാൻഡേറ്റ്, ഫലസ്തീൻ മാൻഡേറ്റ് എന്നാണ് അറിയപ്പെടുന്നത്. ഓട്ടോമനുകളുടെ ഭരണം അവസാനിക്കുകയും ശേഷം ഫ്രാൻസും ബ്രിട്ടനും ഈയൊരു പ്രദേശം കൈയ്യാളുകയും ചെയ്യുന്നു. ഒരു ജൂത പ്രശ്നം യൂറോപ്യനുണ്ട്. അവരെ എന്തെങ്കിലുമൊന്ന് ചെയ്തേ പറ്റൂ. ഇവർ കടുത്ത പീഡനം അനുഭവിക്കുന്നുണ്ട്. ഇവർ തന്നെ ഉണ്ടാക്കിയ ഒരു ഐഡിയോളജിയുടെ പ്രശ്നമാണിത്. ഒരു ജനതയെ കൊല്ലേണ്ടവരാണെന്നും ആട്ടിയോടിക്കപെടേണ്ടവരാണെന്നുമുള്ള ധാരണ ഒരു ഭരണകൂടമോ ഭരണകൂടത്തിന് അകത്തിരിക്കുന്നവരോ ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നെ ജനത പെരുമാറുക നമുക്ക് തന്നെ നിയന്ത്രിക്കാൻ പറ്റാത്ത രീതിയിലായിരിക്കും. ഇപ്പോൾ, റോഹിംഗ്യൻ മുസ്ലിങ്ങളെ കൊല്ലേണ്ടവരാണ് എന്ന് അവിടുത്തെ ഭരണാധികാരികൾ പൗരത്വത്തിൽ നിന്നും പുറത്താക്കലിലൂടെ തീരുമാനിക്കുന്നു. 1982 പൗരത്വ നിയമത്തിന്റെ ഭാഗമായി - ഇന്ത്യയിലിരുന്നു ഇത് കേൾക്കുമ്പോൾ വല്ലാത്തൊരു അനുഭവം നമുക്ക് വരും- റോഹിംഗ്യകളെ പുറത്താക്കലിലൂടെ പിന്നെ ഓരോ ജനങ്ങളും ആളുകളെ ആക്രമിക്കുന്നതിന് പ്രശ്നമില്ലാതെയായി വരികയാണ്. ഇതേ പ്രശ്നം ജൂത ജനതക്കുമുണ്ടായി. കണ്ടാൽ അവരെ ആക്രമിക്കേണ്ടതാണ് എന്ന ധാരണ വ്യാപിച്ചു. അതാണ് എരണപെട്രയുടെ കഥ പറഞ്ഞുവെക്കുന്നത്. ഈ സ്ത്രീ, അഞ്ചു ജൂത കുഞ്ഞുങ്ങളെ വീടിന് പിന്നിൽ കൊണ്ടുപോയി വെടിവച്ചുകൊന്നു. നാസി ജർമ്മനി ഒക്കെ അവസാനിച്ച് അവരോട് ചോദിച്ചപ്പോൾ പറയുന്നത്, എനിക്ക് തന്നെ അറിയില്ല എങ്ങനെയാണ് അത് ചെയ്തത് എന്ന്. അത്രമേൽ കടുത്ത ജൂത വിരുദ്ധ എൻറെ ഉള്ളിൽ ഉണ്ടായിരുന്നു എന്നും അത് എൻറെ ഉള്ളിൽ പ്രവർത്തിക്കുകയായിരുന്നു എന്നുമാണ് അവൾ പറഞ്ഞിട്ടുള്ളത്. ഒരു ജൂത പ്രോബ്ലം അവിടെ ഉണ്ടായിരുന്നു എന്നുള്ളതാണ്. എങ്ങനെ ഇവരെ സെറ്റിൽ ചെയ്യണം. അങ്ങനെയാണ് ബ്രിട്ടൻ തീരുമാനിക്കുന്നത്, കെനിയ, ആഫ്രിക്ക തുടങ്ങി വേറെ ഒരു ജനതയുള്ള നാട്ടിൽ ഇവരെ കുടിയിരുത്തുക. അവിടെയാണ് ജൂയിഷ് ലോബിയുടെ കഴിവ് എന്ന് പറയുന്നത്. അവർ വളരെ ശക്തമായി ബ്രിട്ടണിൽ വന്നുകഴിഞ്ഞിരുന്നു. സയണിസ്റ്റ് ഗ്രൂപ്പുകൾ ഭരണകൂടത്തിൽ അതിശക്തമായി സ്വാധീനിച്ചിരുന്നു. വളരെ ലളിതമായി കളവിന് പുറത്താണ് ഇത് നിർമ്മിക്കുക. ഇവർ പറയുന്നു, ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടന് കുറച്ച് തിരിച്ചടികൾ ഉണ്ടായ സമയം, നിങ്ങളെ ഞങ്ങൾ സഹായിക്കാം. ഞങ്ങൾക്ക് -കളവ് വരുന്നത് നോക്കണം - സോവിയറ്റ് യൂണിയനിൽ 1917ൽ ബോൾഷെവിക് റെവലൂഷനിലൂടെ പുതുതായി അധികാരത്തിലേറിയ ഭരണകൂടവുമായി നല്ല ബന്ധമുണ്ട്. സോവിയറ്റ് യൂണിയനിൽ ജൂതർ നല്ലവണ്ണമുണ്ട്. അത്കൊണ്ട് ഇതിന്റെ നെഗോസിയേഷൻസ് ഒക്കെ ഞങ്ങൾ നടത്തിത്തരാം. ഞങ്ങളുടെ കയ്യിൽ നിരവധി രഹസ്യങ്ങൾ ഉള്ളതിനാൽ -ആർക്കും പറയാൻ പറ്റുന്ന കാര്യമാണിത് - നിങ്ങളുടെ യുദ്ധത്തിൽ ഞങ്ങൾ സഹായിക്കാം. നിങ്ങൾ ഒരുറപ്പു മാത്രം പറഞ്ഞാൽ മതി, ഈ പ്രദേശത്ത് ഞങ്ങളെ കുടിയിരുത്തുമെന്ന്, ഹോം ലാൻഡ് ആക്കിത്തരുമെന്ന ഉറപ്പ് മാത്രം. ആ ഉറപ്പാണ്, ആ ഒരു രേഖയാണ് ബാൽഫർ ഡിക്ലറേഷൻ എന്ന് പറയുന്നത്. ഇതോടുകൂടി ജൂയിഷ് കമ്മ്യൂണിറ്റി വളരെ ആഹ്ലാദത്തിലാകുകയും യാതൊരുവിധ നിയന്ത്രണവുമില്ലാത്ത കുടിയേറ്റത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തു. ഒരു ലോബിയിങ്ങിന്റെ ഭാഗമായി ഭരണകൂടത്തെ ഒരു പരിധിയിൽ/ വെറും ഉറപ്പിലേക്ക് എത്തിച്ചു കഴിഞ്ഞാൽ പിന്നെ ബാക്കി തീവ്ര സംഗങ്ങൾ ഉപയോഗിച്ച് നടപ്പിലാക്കുകയാണ് ചെയ്യുക. ഈയൊരു ജൂത കുടിയേറ്റത്തിന് വേണ്ടിയുള്ള മണ്ണൊരുക്കൽ മാത്രമായിരുന്നു ബാൽഫർ ഡിക്ലറേഷൻ. ഫലസ്തീൻ രാജ്യം ഇല്ല എന്ന് പറയുന്നവർക്കുള്ള ഉത്തരം ആ ഒരു ഡിക്ലറേഷൻ തന്നെയാണ്. അതിൽ ഉപയോഗിക്കുന്നത് ഫലസ്തീൻ മാൻഡേറ്റ് എന്ന പദം തന്നെയാണ്. അവിടെ ജനത ഉണ്ടായിരുന്നില്ല എന്ന് പറയുന്നതിനുള്ള മറുപടി പ്രധാനമായും ബ്രിട്ടീഷ് രേഖകളാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം അത് വാദിച്ച് ജയിക്കേണ്ട ആവശ്യമില്ല. ഈ ഡിക്ലറേഷൻ വരുന്നതോടുകൂടി അക്രമാസക്തമായിട്ടുള്ള കുടിയേറ്റം നടക്കുന്നു. തീർച്ചയായും നാം അറിഞ്ഞിരിക്കേണ്ട രണ്ട് ഭീകര സംഘങ്ങളുണ്ട്; ഹഗാന, ഇർഗുൻ. ആഗോള ഭീകര സംഘടനകളെ എണ്ണുമ്പോൾ ഇവരെ എണ്ണുന്നില്ല എന്ന് നമുക്കറിയാം. നമ്മൾ തന്നെ ഭീകര സംഘടനകളെ അറബി പേരുകൾ മാത്രം ഉച്ചരിക്കുന്നവയാണ് എന്ന് നാം തീരുമാനിച്ചിരിക്കുന്നു. ആരും മ്യാൻമറിലെ ബുദ്ധ തീവ്ര വിഭാഗമായ, the face of buddist terror എന്ന് ടൈം മാഗസിൻ മുഖചിത്രം പ്രസിദ്ധീകരിച്ച അശ്വിൻ വിരാധിനെ എണ്ണാറില്ല. അതുപോലോത്ത രണ്ട് സംഘങ്ങളാണ് ഇവ രണ്ടും. ലോബിയിങ്ങിൻ്റെ ഭാഗമായി ഭരണകൂടത്തെ കൊണ്ട് തീരുമാനമെടുക്കുന്നു. മറുഭാഗത്ത് അവ നടപ്പിലാക്കാൻ വേണ്ടി ഭീകര സംഘങ്ങൾ രൂപപ്പെടുത്തുന്നു. ശേഷം ഇവ രണ്ടിനോടും പല ഏറ്റുമുട്ടുകല്ലുകളും ഉണ്ടാകുന്നു. ബ്രിട്ടൻ തന്നെ ഒരു ഘട്ടത്തിൽ പറയുന്നു, വൈറ്റ് പേപ്പർ ഇറക്കുന്നു, നിങ്ങൾ ഇങ്ങനെ കുടിയേറാൻ പറ്റില്ല, ഒരു പരിധി വെക്കണമെന്ന് അഭിപ്രായപ്പെടുന്നു. ഈയൊരു ഒറ്റ കാരണം കൊണ്ട് ഈ രണ്ടു ഭീകര സംഘടനകളും ബ്രിട്ടീഷ് മേൽ അധികാരികളെ തന്നെ ആക്രമിക്കുന്ന സ്ഥിതി വന്നു. നിരവധി ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോൾ ഞാൻ പറയുന്നത്, ഇസ്രായേൽ ഉണ്ടാവുന്നതിന് മുമ്പ് തന്നെ ടെററിസവും ഒക്യുപാഷനും രൂപപ്പെട്ടു വന്നിട്ടുണ്ടായിരുന്നു. 1948 നും ഹമാസ് രൂപപ്പെട്ടതിന് ശേഷവും ഉണ്ടായ ഒരു പ്രശ്നമേ അല്ല ഇത്. നിരന്തരമായി ലോകരാജ്യങ്ങളുടെ മേൽ സ്വാധീനം ചെലുത്തി നിർമ്മിതി ചരിത്രങ്ങൾ ഉണ്ടാക്കിയെടുത്ത ഒരു പ്രോപ്പഗണ്ടയും ശക്തിയുമാണിത്. അതുകൊണ്ട്, എന്താണ് അതിനുള്ള മറുമരുന്ന് എന്ന് ചോദിച്ചാൽ ഒരു ഉത്തരമേയുള്ളൂ. നിങ്ങൾ നിരന്തരം ഈ പ്രോപ്പഗണ്ടക്ക് എതിരായിട്ടുള്ള വാദങ്ങൾ നിരത്തി കൊണ്ടിരിക്കുക. അത് പഠിച്ച് അവതരിപ്പിക്കുക. ഒരിക്കലും വൈകാരികമായി ഇരിക്കലല്ല. ഞങ്ങളുടെ ബൈത്തുൽ മുഖദ്ദസ് അവിടെയുണ്ട് എന്ന് നിങ്ങൾ വൈകാരികമായി ആലോചിച്ചോളൂ.., കുഴപ്പമില്ല. ഉമർ ഖത്താബ് അവിടെ വന്ന് മറ്റുള്ളവരുടെ വിശ്വാസത്തിന് പിന്തുണ നൽകിയിരുന്നു എന്ന് നിങ്ങൾ പറഞ്ഞു കൊള്ളൂ..., പ്രശ്നമില്ല. സലാഹുദ്ദീൻ അയ്യൂബിയുടെ ചരിത്രം പറഞ്ഞുകൊള്ളൂ..., പ്രശ്നമില്ല. പക്ഷേ നിങ്ങളുടെ ഈ പ്രതിസന്ധിക്കുള്ള പരിഹാരം എന്ന് പറയുന്നത് പൊളിറ്റിക്കലായിട്ടുള്ള പരിഹാരമാണ്. അതിന് ലോകരാജ്യങ്ങളെ കൊണ്ടുവരണമെങ്കിൽ ലോകത്തിന്റെ നാനാഭാഗത്തുമുള്ള ഈ മസ്തിഷ്കങ്ങളിലെല്ലാം ഈ ലോബിയിങ്ങിന്റെ തന്ത്രങ്ങളെ പൊളിച്ചു കൊണ്ടിരിക്കാനുള്ള ചരിത്രപരമായിട്ടുള്ള കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുക എന്നുള്ളതാണ് യഥാർത്ഥ ഐക്യദാർഢ്യം എന്ന് പറയുന്നത്. ഏറ്റവും വലുതായി, ഇറാനെ ഇതിൽ ഇറക്കാൻ ഇരിക്കുകയാണ്. ഞാൻ പറയുന്നു, ഇറാനെ ഒരു പ്രോക്സി വാർ വിട്ട് ഇതിലേക്ക് ഇറക്കി കഴിഞ്ഞാൽ വളരെ വലുതായി ഗ്ലോറിഫൈ ചെയ്യരുത് എന്നാണ്. ഇറാൻ ഇറങ്ങും, ഹോത്തികൾ ഇറങ്ങും, ഹമാസിനെ പിന്തുണക്കും. ഒന്നും നടക്കാൻ പോകുന്നില്ല എന്ന് മാത്രമല്ല, ഇറാനെ ഇറക്കണം എന്ന് തന്നെയാണ് ഇവിടെ ഇപ്പോൾ ആഗ്രഹിക്കുന്നത്. ഒരു ദീർഘമായ യുദ്ധം തന്നെയാണ് നെതന്യാഹു ആഗ്രഹിക്കുന്നത്. പ്രശ്നം പരിഹരിച്ചാൽ ആഭ്യന്തരമായിട്ടുള്ള നിരവധി പ്രശ്നങ്ങൾ രൂപപ്പെട്ടു വരും. ലോകത്തുടനീളം യുദ്ധം തുടരണമെന്ന ആശയകഥ അദ്ദേഹം ഉണ്ടാക്കുന്നു. ലോകത്തെ മിക്ക രാജ്യങ്ങൾക്കും അത് ബോധ്യമില്ലാത്ത ഒരു കാര്യമാണ്. യുഎന്നിൽ വീറ്റോ അധികാരമുള്ളതു കൊണ്ട് മാത്രമാണ് യുഎസിന് ഇപ്പോൾ പിടിച്ചുനിൽക്കാൻ പറ്റുന്നത്. നല്ലൊരു ശതമാനം രാജ്യങ്ങൾ എതിരായി സംസാരിച്ചുകൊണ്ടിരിക്കുന്നു. അപ്പോൾ എന്തുവേണം, ജനങ്ങളുടെയും ലോകരാജ്യങ്ങളുടെയും സൈക്കിനെ മാറ്റണമെങ്കിൽ ഇറാൻ ഇറങ്ങണം. ഇറാൻ ഇറങ്ങിയാലെ, അരക്ഷിതമായ ഒരു മിഡിൽ ഈസ്റ്റ് ഉണ്ടായിരിക്കുന്നു എന്ന് ഇവർക്ക് പറയാൻ പറ്റൂ. അതുകൊണ്ട് ഞങ്ങൾക്കിനി ഇറങ്ങിയെ പറ്റൂ എന്ന ധാരണ അവർക്ക് ഇവിടെ പരത്താൻ സാധിക്കൂ. അതുകൊണ്ട് ഒരു ദീർഘമായ യുദ്ധത്തിലേക്ക് പോകുന്നതാവില്ല ശരിയെന്നു തോന്നുന്നു. അറബ് രാജ്യങ്ങൾക്കിതിലപ്പുറം ഒന്നും ചെയ്യാൻ പറ്റില്ല. അവരെ നാം കുറ്റപ്പെടുത്തുകയല്ല. അവർ ആരും തന്നെ സ്വതന്ത്രമായ തീരുമാനമെടുക്കുന്ന നിലയിലേക്ക് വന്നിട്ടുണ്ട് എന്ന് നമുക്ക് പറയാൻ പറ്റില്ല. ഇന്നും അവരുടെ ആശ്രിതത്വം ഈ രാജ്യങ്ങളൊക്കെ തന്നെയാണ്. അതുകൊണ്ടുതന്നെ അപ്പുറത്ത് ഒരു ഇസ്രായേൽ ലോബി പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഇപ്പുറത്ത് ഒരു ഫലസ്തീൻ ലോബി പ്രവർത്തിക്കണമെന്ന് കൂടിയാണ് നമുക്ക് പറയാനുള്ളത്. റഷ്യയും ചൈനയും ലാറ്റിനമേരിക്കൻ രാജ്യങ്ങളുമുണ്ടാവണം. ഇങ്ങനെ ചിന്തിക്കുന്ന ജനവിഭാഗങ്ങളുള്ള എല്ലാ നാടുകളും ഉണ്ടാകണം. ഇത്തരം ചിന്തകൾ ഉയർന്നു വരണം. അങ്ങനെ ആന്റി- ഇസ്രായേൽ ലോബി രൂപപ്പെട്ടു വരണം. അവർക്ക് സർക്കാരുകളെ സ്വാധീനിക്കാൻ കഴിയണം. അങ്ങനെ സർക്കാരുകളുടെ കൂട്ടായ്മ ഉണ്ടാകണം. അങ്ങനെ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയൂ എന്നാണ് എൻറെ അഭിപ്രായം.
സ്വാലിഹ് നൂറാനി ഗുലിസ്താൻ
കഴിഞ്ഞ 75 വർഷങ്ങളോളമായി മനുഷ്യർ ഈയൊരു നിസ്സാരമായ ഭൂപ്രദേശത്ത് കഷ്ടപ്പെടുന്ന അനുഭവങ്ങൾ, പീഡനങ്ങൾ, മർദ്ദനങ്ങൾ നമ്മുടേത് തന്നെയായി എൻപതിക്കലി നമ്മളും അനുഭവിക്കുന്നുണ്ട്. എനിക്ക് പറയാനുള്ളത് ഈയൊരു സംഭാഷണം ഗൗരവമായിട്ട് തുടരേണ്ട സംഭാഷണമാണ് എന്നാണ്. ഇസ്രായേൽ ലോബിയുടെ ശക്തമായിട്ടുള്ള ഈ കളികൾ ലോകത്തെ എല്ലാ രാഷ്ട്രങ്ങളിലേക്കും വ്യാപിക്കുന്ന ഒരു സാഹചര്യമാണുള്ളത്. ഈയൊരു സംഭാഷണം പൊളിറ്റിക്കൽ സയൻസിൽ താല്പര്യമുള്ള വിദ്യാർത്ഥികൾ ഹിസ്റ്ററിയിൽ താല്പര്യപ്പെടുന്ന വിദ്യാർത്ഥികൾ നിർബന്ധമായും പങ്കെടുക്കേണ്ട സംവാദമാണ് എന്ന് ഫൈനൽ നോട്ട് ആയി പങ്കുവെക്കുന്നു.
മുസ്തഫ പി. എറയ്ക്കൽ
നമ്മൾ അനുഭവിക്കുന്നവ ഡോക്യുമെന്റ് ചെയ്യുക എന്നുള്ളത് പ്രധാനമാണ്. ജൂത സമുദായം എന്ത് അനുഭവിച്ചു എന്ന് വളരെ വിശാലമായി നിങ്ങൾക്ക് വായിക്കാൻ ലഭിക്കും. അവരത് ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ നിങ്ങളുടെ മുന്നിലുണ്ട്. നിങ്ങൾ അനുഭവിച്ചതിന്റെ വല്ല രേഖളുമുണ്ടോ?! കൊറോണ കാലത്ത് നിങ്ങൾ എന്തെങ്കിലും എഴുതിയിട്ടുണ്ടോ?! വളരെ വ്യത്യസ്തമായ സാഹചര്യം നമ്മളിൽ ഉണ്ടാക്കിയ കോവിഡ് കാലത്തെ കുറിച്ച് നിങ്ങൾ എന്തെങ്കിലും രേഖപ്പെടുത്തി വെച്ചോ?! ഇല്ലെങ്കിൽ വരുംകാലത്തിനു മുമ്പിൽ നിങ്ങളുടെ കാലത്തെ ഒരുക്കി വെച്ചിട്ടില്ല എന്നാണ്. അതുകൊണ്ടുതന്നെ, ഒരു കളവ് വന്നു കഴിഞ്ഞാൽ നമുക്കത് തെളിയിക്കാനാവില്ല. ജൂയിഷ് ലോബി മുന്നോട്ട് വെക്കുന്ന കാര്യങ്ങൾക്ക് അതതു കാലഘട്ടത്തിൽ തന്നെ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട് എന്നുള്ളത് വളരെ ഗൗരവമായി എടുക്കേണ്ട ഒരു കാര്യമാണ്.
തയ്യാറാക്കിയത്: ശാഹിദ് മോങ്ങം