KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

ശൈഖുൽ അക്ബറിന്റെ സഞ്ചാരവും അന്തുലൂസിലെ ഗുരുക്കന്മാരും

അൽ വാരിസ് നഫ്സീർ അഹ്മദ്

ശൈഖ് ഇബ്നുൽ അറബി (റ), ആറ്-ഏഴ് നൂറ്റാണ്ടുകളിലെ ഇസ്‌ലാമിക ലോകത്തെ ബഹുമുഖ ഉന്നത പണ്ഡിതൻ. ഹി.560ൽ ജനിച്ച ശൈഖിന്റെ ഹി.638 വരെയുള്ള എഴുപത്തി എട്ട് വർഷ കാലയളവ് കൃത്യമായും, പൂർണ്ണമായും രേഖപ്പെടുത്തുക എന്നത് ശ്രമകരമായ ഉദ്യമമാണ്. രേഖപ്പെടുത്തിയതിൽ തന്നെ ശൈഖ് ഇബ്നുൽ അറബിയെ ‘ആത്മീയ ഗുരു’ എന്ന വിശേഷണത്തിൽ തന്നെ കൂടുതലായും തളച്ചിട്ടത് കൃത്യമായ രീതിയാണോ എന്ന് പരിശോധിക്കപ്പെടേണ്ടതുമുണ്ട്. അഥവാ, ശൈഖ് ഇബ്നുൽ അറബിയുടെ വിദ്യാർത്ഥി കാലം, പഠനം, അധ്യാപനം, വ്യത്യസ്ത വൈജ്ഞാനിക മേഖകളിലുള്ള ഇടപെടലുകൾ തുടങ്ങിയവയൊക്കെയും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.


പണ്ഡിതനും, സൂഫിയുമായ വന്ദ്യ പിതാവിന്റെ ശിഷ്യണത്തിൽ വളർന്ന ശൈഖ് ഇബ്നുൽ അറബിയുടെ (റ) ബാല്യം മാതൃകാ യോഗ്യമായിരുന്നു. പണ്ഡിതരോടും ഇലാഹീ സാമീപ്യം ലഭിച്ചവരോടുമുള്ള സ്നേഹത്തിലും, ആദരവിലും വളർന്ന യുവത്വം ആ ഭാവിയെ ധന്യമാക്കി. ഏറെ വൈകാതെ മിക്ക വൈജ്ഞാനിക മേഖലകളും വഴങ്ങിയ ശൈഖ് ഇബ്നുൽ അറബി നല്ലൊരു അധ്യാപകനും, അനേകം വിദ്യാർത്ഥികളുടെ ഗുരുവുമായി മാറി. സന്ദർഭോചിതമായി രചിക്കപ്പെട്ട മുന്നൂറ്റി അറുപത്തി മൂന്ന് ഗ്രന്ഥങ്ങൾ വ്യത്യസ്ത വിഷയങ്ങളിലായി ശൈഖിന്റേതായി കാണാൻ സാധിക്കുന്നതാണ്. ഇസ്‌ലാമിക ആശയങ്ങൾക്കെതിരെ നിൽക്കുന്ന നവീന വാദികളോടും മറ്റുമുള്ള സംവാദങ്ങൾ ആ ജീവിതത്തിലൂടെ വായിക്കാനുണ്ട്. ഇത്തരത്തിൽ വ്യത്യസ്തയിനം വായനകൾക്ക് സാധ്യതയേറെയുള്ള ശൈഖ് ഇബ്നുൽ അറബിയുടെ (റ) ചരിത്രം ആത്മീയ ലോകവുമായി മാത്രം ചുരുക്കേണ്ടതില്ല.


വായിച്ചും ഗുരുവിൽ നിന്ന് കേട്ടും പകർത്തുന്ന പാഠങ്ങൾക്ക് പുറമെ, വിഷയത്തിൽ നിന്നും സന്ദർഭത്തിൽ നിന്നുമുള്ള ഉൽബോധനം ശൈഖ് ഇബ്നുൽ അറബിയുടെ (റ) ജീവിതത്തിലെ ഭാഗമായിരുന്നു. ചെറു പ്രായത്തിൽ തന്നെ ഈ സ്വഭാവം ശൈഖിൽ മേളിച്ചതായി കാണാം. ആത്മീയ വിഷയത്തിൽ പ്രത്യേകിച്ചും. വ്യക്തിത്വ രൂപീകരണത്തിൽ ഗുരുക്കന്മാരെ തേടിയുള്ള വ്യത്യസ്ത ഇടങ്ങളിലേക്കുമുള്ള യാത്രകളായിരുന്നു ശൈഖ് ഇബ്നുൽ അറബിയുടെ പാഥേയം. പ്രധാനമായും കാൽനടയായുണ്ടായ ഈ യാത്ര ഏകദേശം ഇരുപത്തി അയ്യായിരം മൈൽ ദൂരം അഥവാ, ഭൂമിയെ ഒരു വട്ടം ചുറ്റി കറങ്ങാനുള്ള ദൂരം നീണ്ടു നിന്നെന്ന് ചരിത്രകാരന്മാർ വീക്ഷിക്കുന്നു.


ശൈഖ് ഇബ്നുൽ അറബിയുടെ (റ) സഞ്ചാരങ്ങളെ കുറിക്കാൻ ഈ പഠനം വ്യത്യസ്തമായൊരു രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ശൈഖിന്റെ ജനനം മുതൽ വിയോഗം വരെയുള്ള പ്രാധാന്യമർഹിക്കുന്ന യാത്രകളെയും, കണ്ടു മുട്ടിയ പ്രധാന ഗുരുക്കന്മാരെയും, അവരുടെ പ്രത്യേകതകൾ, അവർ നൽകിയ ഉപദേശങ്ങൾ തുടങ്ങിയവ ഈ പഠനത്തിലൂടെ കടന്നു പോകും. ആ ഉപദേശങ്ങൾ തന്നിൽ സ്വാധീനിച്ച വിധം ശൈഖ് ഇബ്നുൽ അറബി (റ) തന്നെ വിവരിച്ചത് പരമാവധി ചേർക്കാൻ ശ്രമിച്ചിട്ടുണ്ട്. വ്യത്യസ്ത വ്യക്തിത്വങ്ങളുള്ള അനേകം ആത്മീയ ഗുരുക്കളുടെ സ്വഭാവങ്ങൽ ഒന്ന് വ്യക്തിയിൽ ഒരുമിച്ചു കൂടുന്നു, അതായിരുന്നു ശൈഖ് ഇബ്നുൽ അറബി. ഗുരുക്കന്മാരെ കുറിച്ചും, യാത്രകളെ കുറിച്ചും, യാത്രകൾ നടന്ന വർഷങ്ങളെ കുറിച്ചും (ഭാഗികമായി) തന്റെ പ്രധാനപ്പെട്ട ചില രചനകളിൽ ഇബ്നുൽ അറബി (റ) വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അവ തന്നെയാണ് ഈ എഴുത്തിന്റെ അവലംബവും. എന്നിരുന്നാലും, ശൈഖ് വ്യക്തമാക്കാത്ത യാത്രകളുടെ വർഷങ്ങൾ കൃത്യമാക്കുക എന്നത് ഏറെ ശ്രമകരമായ വിഷയമായതിനാൽ മികച്ച ഭാവന മാത്രമാണ് അവയിൽ അവലംബം. തന്റെ ഗുരുക്കന്മാർ ഇങ്ങനെയാണ് എന്ന് പറയുന്നതിലപ്പുറം നാം ഇങ്ങനെയാണ് ആവേണ്ടത് എന്ന അധ്യാപനം കൂടി ഇത്തരം രേഖപ്പെടുത്തലുകൾ നമ്മോട് പറയുന്നുണ്ട്. അതു കൊണ്ട് തന്നെ ശൈഖ് ഇബ്നുൽ അറബിയുടെ യാത്രയിലൂന്നിയ അധ്യാപനങ്ങളാണ് ഈ പഠനത്തിൽ സാധ്യമാവുന്നത്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, അനേകം ആത്മീയ ഉണർവ്വ് നൽകുന്ന തസ്വവ്വുഫ് ഗ്രന്ഥങ്ങൾ വായിക്കുന്ന പ്രതീതിയാണ് ശൈഖ് ഇബ്നുൽ അറബിയുടെ യാത്രകൾ വായിക്കുമ്പോൾ വയനക്കാർക്ക് ലഭിക്കുന്നത് എന്ന് സാരം.


വർഷം: 560/1165 മുതൽ 589/1192

സഞ്ചരിച്ച ഇടങ്ങൾ: 6
സെവില്ല (sevilla) , കുർത്തുബ, അന്തലൂസ്മൊ, റോൻ (Moron), മാർച്ചീന (marchena)

സംഗമിച്ച മഹത് വ്യക്തിത്വങ്ങൾ: 9
ശൈഖ് അബ്‌ദുല്ല ബിൻ മുഹമ്മദ്‌ ബിൻ അറബി, ശൈഖ് മുഹമ്മദ്‌ ബിൻ ഖലഫ് ലഖ്മീ, ശൈഖ് മുഹമ്മദ്‌ ഖയ്യാത്, ശൈഖ് അഹ്‌മദ് ഹരീരീ, ശൈഖ് അബൂ മുഹമ്മദ്‌ അബ്‌ദുല്ല ഖത്വാൻ, ഇമാം അബൂ യൂസുഫ് ബിൻ യഖ്ലുഫ് കൂമീ , ശൈഖ് മുറബീ അബുൽ അബ്ബാസ് അരീബീ, ശൈഖ് അബൂ ഇമ്രാൻ മൂസ ഫാത്തിമതുൽ ഖുർതുബിയ്യ, ശൈഖ് അബ്‌ദുല്ല ബിൻ ഉസ്താദുൽ മോറോറീ യാസ്മീൻ മാർച്ചീന, ശൈഖ് സ്വാലിഹ് അദവീ, ശൈഖ് അബൂ അബ്ദുല്ല മുഹമ്മദ്‌ ശർകീ.


സെവില്ലയിലേക്ക് (ഹി.568)

അന്തലൂസിന്റെ കിഴക്ക് പ്രവിശ്യയായ മൂർസിയയിൽ ജനിച്ച ഇമാം ഇബ്നുൽ അറബി (റ) എട്ട് വർഷങ്ങൾക്കു ശേഷം സെവില്ലയിലേക്ക് കുടുംബത്തോടൊപ്പം പലായനം ചെയ്യേണ്ടി വരുന്നുണ്ട്.¹ ഹി.568ലായിരുന്നു ഇത്.² ശൈഖ് ഇബ്നുൽ അറബിയുടെ (റ) ആദ്യ യാത്ര കൂടിയായിരുന്നു ഇത്. ഭരണ ക്രമത്തിലെ ചില ഗതി മാറ്റങ്ങളാണ് ഇതിനുള്ള കാരണം.³ ഇബ്നുൽ അറബിയുടെ പ്രാഥമിക പഠനനാരംഭത്തിന് സാക്ഷിയായ അന്തലൂസിൽ അനേകം ഗുരുക്കന്മാരെ അദ്ദേഹത്തിന് ലഭിച്ചു. കുറഞ്ഞ കാലം കൊണ്ട് ധാരാളം വിജ്ഞാന ശാഖകളെ കീഴടക്കിയ ഇമാം ഇബ്നുൽ അറബി (റ) എന്ന യുവ പണ്ഡിതനെ അറിയാനും, അനുഭവിക്കാനും അനേകം ഇടങ്ങളിൽ നിന്നും വിജ്ഞാന ദാഹികൾ ഒഴുകാൻ തുടങ്ങി. ഈ കാല ഘട്ടത്തിന്റെ അവസാന സമയങ്ങളിൽ ആത്മീയ ഗുരുക്കളുമായുള്ള സംഗമങ്ങളാണ്. തന്റെ ജീവിതത്തിന്റെ വഴിത്തിരിവായ ഗുരു ശിഷ്യ ബന്ധത്തിന്റെ സംഗമങ്ങൾ.


സെവില്ലയിൽ നിൽക്കുന്ന കാലത്ത് കണ്ടുമുട്ടിയ ശൈഖുമാരും, അനുകരിക്കൽ അനിവാര്യമായ അവരുടെ ജീവിത ക്രമങ്ങളും:


ശൈഖ് അബ്‌ദുല്ല ബിൻ മുഹമ്മദ്‌ ബിൻ അറബി

ശൈഖ് ഇബ്നുൽ അറബിയുടെ പിതൃവ്യനാണ് ശൈഖ് അബ്‌ദുല്ല ബിൻ മുഹമ്മദ്‌ ബിൻ അറബി (റ).⁴ ചെറു പ്രായത്തിൽ തന്റെ പിതൃവ്യനൊത്ത് രാപ്പാർത്തതും, അദ്ദേഹത്തിന് സേവനങ്ങൾ ചെയ്തു കൊടുത്തതും ഇബ്നുൽ അറബി ഓർക്കുന്നുണ്ട്.⁵ പിതൃവ്യന്റെ ആത്മീയ ലോകത്തിലേക്കുള്ള രംഗ പ്രവേശത്തെ ഇബ്നുൽ അറബി തന്നെ വിവരിക്കുന്നത് കാണാം. അല്ലാഹുവുമായുള്ള ആത്മീയ അകലത്തെ മുൻ നിർത്തി പിതൃവ്യനോട്‌ ഒരു കുട്ടി ചോദിച്ച ചോദ്യമായിരുന്നു അദ്ദേഹത്തിന്റെ മാറ്റങ്ങൾക്ക് കാരണമായത്. ഈ സംഭവം ഉദ്ധരിക്കുന്നത്തിലൂടെ അനേകം പാഠങ്ങൾ ഇബ്നുൽ അറബി കൈമാറുന്നുണ്ട്.
സംഭവം ഇങ്ങനെയാണ്: ‘‘മാർക്കറ്റിന്റെ പരിസരത്തു നിൽക്കുന്ന ശൈഖ് അബ്‌ദുല്ല ബിൻ മുഹമ്മദ്‌ ബിൻ അറബിയോട് ഒരു കുട്ടി വന്നു ചോദിച്ചു: അല്പം വെളുത്ത കരിജ്ജീരകം നൽകാമോ?. ഇതു കേട്ട ശൈഖ് അബ്‌ദുല്ല ചിരിച്ചു പോയി. കുട്ടിയോട് പറഞ്ഞു: നിന്റെ അറിവില്ലായ്മയിൽ ഞാൻ അത്ഭുതപ്പെടുന്നു! വെളുത്ത കരിജ്ജീരകം ഉണ്ടാവുമോ?!.
ഇതു കേട്ട കുട്ടി പ്രതികരിച്ചു: “ഇത്തരം വിഷയത്തിലെ എന്റെ അല്പ ജ്ഞാനം ആത്യന്തികമായി എനിക്ക് ബുദ്ധിമുട്ടായി ഭവിക്കുമെന്ന് തോന്നുന്നില്ല. പക്ഷെ, പ്രായം കടന്നു പോയി കൊണ്ടിരിക്കുമ്പോഴും അല്ലാഹുവിനെ കുറിച്ചുള്ള താങ്കളുടെ അശ്രദ്ധയും, നിസ്സാര മനോഭാവവും വലിയ പ്രത്യാഘാതം സൃഷ്ടിക്കും തീർച്ച”. ഈ സംസാരം ശൈഖ് അബ്‌ദുല്ലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു. അധികം വൈകാതെ ആത്മീയതയുടെ ഉന്നത ലോകത്തേക്ക് അദ്ദേഹം പ്രവേശിക്കുകയും ചെയ്തു.
ഓരോ ദിവസവും ഒരു തവണ ഖുർആൻ മുഴുവനായും അദ്ദേഹം പാരായണം ചെയ്യാറുണ്ടായിരുന്നു.⁶ ശൈഖ് ഇബ്നുൽ അറബി (റ) പറയുന്നു: ആത്മീയ ലോകത്ത് ഉന്നത പദവി ലഭിച്ച വ്യക്തിയാണ് എന്റെ പിതൃവ്യൻ.⁷


ശൈഖ് മുഹമ്മദ്‌ ബിൻ ഖലഫ് ലഖ്മീ

ഹി.578, അന്ന് ശൈഖ് ഇബ്നു അറബിക്ക് 18 വയസ്സ്. ശൈഖ് ഇബ്നുൽ അറബി പറയുന്നു: “ശൈഖ് മുഹമ്മദ്‌ ബിൻ ഖലഫ് ലഖ്മീയിൽ നിന്നും അദ്ദേഹത്തിന്റെ മസ്ജിദിൽ വെച്ചു തന്നെ ഞാൻ ഖുർആൻ പഠനം നടത്തിയിട്ടുണ്ട്”. ⁸
ഖുർആൻ വിജ്ഞാനങ്ങൾക്ക് പുറമെ ഖുർആൻ വചനങ്ങളിൽ ചിന്തിക്കാനും, മര്യാദകളും, ചിട്ടകളും, എങ്ങനെയാണ് രഹസ്യം സൂക്ഷിക്കേണ്ടതെന്നും അദ്ദേഹം ശിഷ്യർക്ക് പഠിപ്പിച്ചിരുന്നെന്ന് ശൈഖ് ഇബ്നുൽ അറബി (റ) തന്നെ രേഖപ്പെടുത്തുന്നുണ്ട്.⁹


തന്റെ ഗുരു പറഞ്ഞു തന്ന തന്റെ വ്യക്തിത്വ വികാസത്തിൽ ഏറെ സ്വാധീനം ചെലുത്തിയ ഒരു കഥ ഇബ്നുൽ അറബി പറയുന്നത് കാണൂ: ‘‘ഓരോ രാത്രിയിലും ഖുർആൻ മുഴുവനും പാരായണം ചെയ്തു തീർക്കുന്ന ഒരു യുവാവുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ ഗുരു അയാളോട് പറഞ്ഞു: താങ്കൾ ഖുർആനിനെ ഖുർആനിനു തന്നെ ഓതി കേൾപ്പിക്കുന്നതായി സങ്കല്പിച്ച് പാരായണം ചെയ്തു നോക്കൂ. ഈ രീതിയിൽ ഓതിയ യുവാവിന് ഖുർആനിന്റെ പകുതി പോലും പാരായണം ചെയ്യാൻ സാധിച്ചില്ല. ശേഷം ഗുരു പറഞ്ഞു: താങ്കൾ തിരുനബിക്ക് (സ്വ) ഖുർആൻ കേൾപ്പിക്കുന്നതായി കരുതൂ, മറ്റൊരു വേള പറഞ്ഞു: നിങ്ങൾ മാലാഘ ജിബ്‌രീലിന്റെ മുന്നിലാണെന്ന് കരുതി പാരായണം ചെയ്യൂ. ഈ രീതിയിൽ പാരായണം ചെയ്യാൻ ശ്രമിച്ച യുവാവിന് വളരെ കുറഞ്ഞ സൂക്തങ്ങൾ മാത്രമാണ് ഓതാൻ സാധിച്ചത്. ഗുരു പറഞ്ഞു: താങ്കൾ തൗബ ചെയ്തു മടങ്ങുക. നിസ്കാരത്തിൽ തന്റെ രക്ഷിതാവുമായുള്ള സംഭാഷണവും, സംഗമവുമാണ് നടക്കുന്നത്. ആ സമയത്ത് പ്രത്യേകിച്ചും ഖുർആൻ അതിന്റെ നിബന്ധനകളോടെയല്ലാതെ കൈകാര്യം ചെയ്യാൻ പാടില്ല’’. ¹⁰


ശൈഖ് മുഹമ്മദ്‌ ഖയ്യാത്

ശൈഖ് മുഹമ്മദ്‌ ഖയ്യാത്, ശൈഖ് അഹ്‌മദ് ഹരീരീ (റ) എന്നിവർ സഹോദരങ്ങളും ഇബ്നുൽ അറബിയുടെ (റ) അടുത്ത സുഹൃത്തുക്കളുമാണ്. ഇവരിൽ നിന്നും ഇബ്നുൽ അറബി ഏറെ ബന്ധം പുലർത്തിയും, ഏറെ ആദരിച്ചതും ശൈഖ് മുഹമ്മദ്‌ ഖയ്യാത്തിനെയാണ്. ശൈഖ് ഇബ്നുൽ അറബി (റ) എഴുതുന്നു: “പെട്ടെന്ന് കണ്ടാൽ ഔന്നിത്യം തോന്നുന്ന പ്രകൃതത്തിന് ഉടമയാണ് അദ്ദേഹം. അദ്ദേഹത്തോട് സംസാരം ആരംഭിക്കുന്നവർ കുറവാണ്. സംസാരിച്ചാൽ തന്നെ വളരെ അത്യാവശ്യമായത് മാത്രം പറയും. മത കാര്യങ്ങളിൽ ഏറെ ശ്രദ്ധിക്കുന്നവരുമാണ്. ഞാൻ കണ്ടവരിൽ ഏറ്റവും പ്രിയപ്പെട്ടവരും, അനുകരിക്കാൻ കൊതിക്കുന്ന ഒരു വ്യക്തിയുമാണ് ശൈഖ് ഖയ്യാത്. അദ്ദേഹത്തെ പിൻ പറ്റി ജീവിക്കാൻ ഞാൻ ഏറെ ശ്രമിച്ചിട്ടുണ്ട്. രാപ്പകലുകൾ ആരാധനകൾക്ക് മാത്രം ചിലവഴിച്ച മനീഷി. പണ്ഡിതരെ അവിടുന്ന് ഏറെ സ്നേഹിച്ചിരുന്നു”.¹¹


ശൈഖ് അഹ്‌മദ് ഹരീരീ

സ്തുത്യാർഹമായ ഏറെ ഗുണങ്ങളുള്ള ശൈഖ് അഹ്‌മദ് ഹരീരിയുടെ (റ) പ്രത്യേകതകളിൽ ശ്രദ്ധേയമാണ് അദ്ദേഹം എന്നും ‘അല്ലാഹ്’ പരിശുദ്ധ നാമം ദിക്റായി സ്വീകരിച്ച വ്യക്തിയായിരുന്നു എന്നത്.¹²


ശൈഖ് അബൂ മുഹമ്മദ്‌ അബ്‌ദുല്ല ഖത്വാൻ

ആരോടും സത്യം മാത്രം പറയുന്ന പ്രകൃതത്തിനുടമയാണ് ഇദ്ദേഹം. സ്വതാല്പര്യങ്ങളെ സംരക്ഷിക്കാൻ വേണ്ടി നിലകൊള്ളുന്ന പണ്ഡിതരെ നിഷിതമായി അദ്ദേഹം വിമർശിച്ചിരുന്നു. ഈ രണ്ട് വിശേഷണങ്ങളും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ആത്മീയ വഴിയിലെ ആദ്യ ഘട്ടത്തിൽ ഇബ്നുൽ അറബി ഏറെ ആശ്രയിച്ച ഗുരു കൂടിയാണ് ഇദ്ദേഹം. ഇബ്നുൽ അറബി എഴുതുന്നു (റ): “ശൈഖ് അബൂ മുഹമ്മദ്‌ അബ്‌ദുല്ല ഖത്വാൻ (റ) എന്നവരുടെ സംസാരം ഖുർആൻ കൊണ്ടായിരുന്നു. ഖുർആൻ മാത്രം!. വലിയ പ്രപഞ്ച പരിത്യാഗി കൂടിയായിരുന്നു ശൈഖ്”.¹³


ഒരിക്കൽ ശൈഖ് ഇബ്നു അറബിയുടെ (റ)പിതാവ് ശൈഖ് അബൂ മുഹമ്മദ്‌ ഖത്വാനെ വിരുന്നിന് ക്ഷണിക്കുന്നുണ്ട്. ഇശാഅ് നിസ്കാരത്തിനു ശേഷം ഭക്ഷണം കൊണ്ടു വന്നു. ഇബ്നുൽ അറബിയുടെ പിതാവ് അനുഗ്രഹം പ്രതീക്ഷിച്ചു കൊണ്ട് ശൈഖ് ഖത്വാന്റെ അരികിൽ തന്നെ ഇരിക്കാൻ ശ്രദ്ധിച്ചു. ഉടനെ പിതാവിലേക്ക് മുഖം തിരിച്ചു കൊണ്ട് ശൈഖ് ഖത്വാൻ പറഞ്ഞു: “താങ്കൾക്ക് ലജ്ജയില്ലേ?! ആക്രമികളായ ഭരണാധികാരികളോട് എത്ര കാലം താങ്കൾ ഈ ബന്ധം നിലനിർത്തും? മരണത്തെ കുറിച്ചുള്ള ആലോചന തീരെ നഷ്ടമായോ? ഈ മകനിൽ താങ്കൾക്ക് വ്യക്തമായ പാഠമില്ലേ? ചെറിയൊരു യുവാവ്, യുവത്വത്തിന്റെ ജല്പനങ്ങൾക്ക് കീഴടങ്ങാതെ ജീവിക്കുന്ന വ്യക്തിത്വം. അല്ലാഹുവിന്റെ ഇഷ്ടക്കാരെ സ്നേഹിച്ചു ജീവിക്കുന്ന മകൻ.!”.
ഇത് കേട്ട ഉടൻ പിതാവ് കരയുവാൻ തുടങ്ങി.


ഈ സംഭവങ്ങളൊക്കെയും ശൈഖ് ഇബ്നുൽ അറബി (റ) ഏറെ ആശ്ചര്യത്തോടെ നോക്കി നിൽക്കുകയായിരുന്നു. ശൈഖ് ഖത്വാന്റെ ഈ വാക്കുകളിൽ ഇബ്നുൽ അറബിയുടെ ഉന്നത ജീവിതത്തിലേക്ക് സൂചനയുണ്ട്. പിൽകാലത്ത് ശൈഖ് ഖത്വാനെ ഇബ്നുൽ അറബി ഏറെ കടപ്പാടോടെ ഓർക്കുന്ന രംഗങ്ങളുമുണ്ട്.


ഇമാം അബൂ യൂസുഫ് ബിൻ യഖ്ലുഫ് കൂമീ¹⁴

പ്രശസ്ത ആത്മീയാചാര്യൻ ഇമാം അബൂ മദ് യൻ (റ) എന്നവരുടെ കൂടെ സഹവസിക്കാൻ ഭാഗ്യം ലഭിച്ച ഉന്നത പണ്ഡിതനാണ് ശൈഖ് യൂസുഫ് കൂമി (റ). ഗുരുവായ അബൂ മദ് യന് ശൈഖ് യൂസുഫ് കൂമിയോട് ഏറെ പ്രിയമായിരുന്നു. ഫാസിന്റെ അധികാരത്തിലിരിക്കാൻ ശൈഖ് കൂമിക്ക് അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രപഞ്ച പരിത്യാഗം അതിന് സമ്മതിച്ചില്ല. ഇബ്നുൽ അറബി തന്റെ ഗുരുവായ ശൈഖ് കൂമിയിൽ ഏറ്റവും അകൃഷ്ടനായത് നിസ്തുലമായ അദ്ദേഹത്തിന്റെ ധൈര്യത്തിലാണ്. സ്വന്തത്തെ ആക്ഷേപാർഹമായി കാണ്ട്, നിരന്തര വിചാരണക്ക് വിധേയമാക്കുക എന്നത് അദ്ദേഹത്തിന്റെ രീതിയാണ്.


ശൈഖ് കൂമിക്ക് ഇബ്നുൽ അറബിയോട് ഏറെ സ്നേഹമുണ്ടെങ്കിലും അദ്ദേഹം അത് പ്രകടമാക്കാറുണ്ടായിരുന്നില്ല. പ്രത്യക്ഷത്തിൽ മറ്റു ശിഷ്യന്മാരെ ചേർത്ത് പിടിച്ചു കൊണ്ട് ഇബ്നുൽ അറബിയെ അദ്ദേഹം മാറ്റി നിർത്തും. ചിലപ്പോയൊക്കെ ഗുരു ഇബ്നുൽ അറബിയെ ആക്ഷേപിക്കുകയും ചെയ്യും. പക്ഷെ, ശിഷ്യരുടെ കൂട്ടത്തിൽ ഏറ്റവും ഉൽകൃഷ്ടമായവർ ഇബ്നുൽ അറബിയാണെന്ന് ഗുരു തന്നെ പറയുകയും ചെയ്തിട്ടുണ്ട്.


ശൈഖ് മുറബീ അബുൽ അബ്ബാസ് അരീബീ

സെവില്ലയിൽ വെച്ചു തന്നെയാണ് ഈ ഗുരുവിനെ ഇബ്നുൽ അറബിക്ക് ലഭിക്കുന്നത്. ഗുരുവിന്റെ വിശേഷണങ്ങളിൽ നിന്നും തന്നെ സ്വാധീനിച്ച ഏറ്റവും വിശിഷ്ടമായ സ്വഭാവം ഇലാഹീ സാമീപ്യം ലഭിച്ചവരോടുള്ള സ്നേഹവും, അവരെ പരിഗണിക്കലുമായിരുന്നെന്ന് കഥാ പുരുഷൻ ഓർക്കുന്നുണ്ട്. ഇബ്നുൽ അറബി എഴുതുന്നു: “ഒരിക്കൽ ഞാൻ ശൈഖ് അബുൽ അബ്ബാസ് അരീബിയുടെ സമക്ഷത്തിൽ ഇരിക്കുകയായിരുന്നു. ധർമ്മം നൽകുന്നതുമായി ബന്ധപ്പെട്ട സംസാരം കടന്നു വന്നപ്പോൾ ഒരു വ്യക്തി ധർമ്മം നൽകാൻ അവകാശപ്പെട്ടവരെ പരാമർശിച്ച ഖുർആൻ സൂക്തം പാരായണം ചെയ്യുകയുണ്ടായി. ഖുർആൻ പറയുന്നു: ‘ധർമ്മത്തിന് അർഹരായവർ ഏറ്റവും അടുത്തവരാണ്’. സൂക്തം കേട്ടയുടനെ ശൈഖ് അരീബീ പറഞ്ഞു: ‘അല്ലാഹുവിലേക്ക്’. അഥവാ, അല്ലാഹുവിലേക്ക് ഏറ്റവും അടുത്തവരാണ് ധർമ്മത്തിന് അർഹരായവർ’. ആ വിശദീകരണം വളരെ മാധുര്യമുള്ളതായിരുന്നു. ”¹⁵


തന്റെ സമയത്തിന്റെ സിംഹ ഭാഗവും സൃഷ്ടിപ്പിലെ ചിന്തകളിലായിരുന്നു ശൈഖ് അരീബീ (റ). അല്ലാഹുവിന്റെ ഏകത്വം എന്ന വിഷയത്തിൽ തുല്യതയില്ലാത്ത ജ്ഞാനം അദ്ദേഹത്തിനുണ്ട്. പ്രസ്തുത വിഷയത്തിൽ അദ്ദേഹം സംസാരിക്കുന്നത് കേട്ടാൽ മറ്റൊരു വിശദീകരണം തേടി പോവേണ്ടതില്ലായെന്ന് ഇബ്നുൽ അറബി പറയുന്നുണ്ട്.¹⁶


ശൈഖ് അബൂ ഇമ്രാൻ മൂസ¹⁷

വലിയ പണ്ഡിതനായ ശൈഖ് സ്വന്തം വസതിയിൽ തന്നെ അറുപതോളം വർഷക്കാലം ആരാധനയിൽ കഴിഞ്ഞ വ്യക്തിയായിരുന്നു. ഇബ്നുൽ അറബിയോട് ഏറെ സ്നേഹമുള്ള ഈ ഗുരു ശിഷ്യനു വേണ്ടി ധാരാളം പ്രാർത്ഥന നടത്തുമായിരുന്നു. ഉന്നത സൂഫി പണ്ഡിതൻ ഹാരിസുൽ മുഹാസിബിയുടെ (റ) വഴിയെ നടന്ന ശൈഖ് ഒരോളോടും ഒന്നും ചോദിക്കാറില്ല, സ്വന്തത്തിനോ മറ്റുള്ളവർക്കോ ഒരു ആവശ്യവും തേടാറുമില്ല.¹⁸ വലിയ പണ്ഡിതനായിട്ടു പോലും തന്നെ ആരും അറിയേണ്ടതില്ല എന്ന ആഗ്രഹവും, അതിനുള്ള പരിശ്രമവും ഗുരുവിൽ നിന്നും ഉണ്ടാവാറുണ്ട്. ¹⁹ ഗുരുവിനോടുള്ള തന്റെ സ്നേഹം ചില കാവ്യ ശകലത്തിലൂടെ ഇബ്നുൽ അറബി രേഖപ്പെടുത്തിയിട്ടുണ്ട്.


ഫാത്തിമതുൽ ഖുർതുബിയ്യ

ഇബ്നുൽ അറബിയുടെ വ്യക്തിത്വ രൂപീകരണത്തിലും, ആത്മീയോന്നതിയിലും പങ്കു വഹിച്ച അനേകം വനിതകളെയും കാണുവാൻ സാധിക്കും. അതിൽ പ്രധാനിയാണ് ഫാത്തിമതുൽ ഖുർതുബിയ്യ (റ). മഹതിക്ക് അറുപത്തി അഞ്ചിലേറെ പ്രായമുള്ളപ്പോഴാണ് ഇരുവരും തമ്മിലെ സംഗമം. ഏതാനും ചില വർഷങ്ങൾ ഇബ്നുൽ അറബി മഹതിക്ക് സേവനം ചെയ്തിട്ടുണ്ട്.²⁰ ഒരുവേള ശൈഖ് ഇബ്നുൽ അറബിയുടെ സ്വഭാവ സവിശേഷതയെ മഹതി പറയുന്നതിങ്ങനെ: ‘ചെയ്യുന്ന കാര്യത്തിൽ ഏറെ ശ്രദ്ധയും, കൃത്യതയും പുലർത്തുന്ന വ്യക്തിത്വമായിരുന്നു ഇബ്നുൽ അറബി’.


മഹതി ഫാത്തിമതുൽ ഖുർതുബിയ്യയുടെ ഒരു ഉപദേശം ഇബ്നുൽ അറബി ഓർത്തെടുക്കുന്നുണ്ട്: ‘മഹതി പറഞ്ഞു: അല്ലാഹുവിനോടുള്ള സ്നേഹം വാദിക്കുകയും, ആരാധനകളിൽ വീഴ്ച്ച വരുത്തുകയും ചെയ്യുന്നവരുടെയും അവസ്ഥ എത്ര കഷ്ടം! ആ സ്നേഹം സത്യമാണെങ്കിൽ അവരുടെ ആരാധന മുറകൾ ഇങ്ങനെയാവുമായിരുന്നോ?’.


കുർത്തുബയിലേക്ക്

ശൈഖ് ഇബ്നുൽ അറബി കുർത്തുബയിലേക്ക് അനേകം തവണ വ്യത്യസ്ത ആവശ്യങ്ങൾക്ക് വേണ്ടി പ്രവേശിച്ചതായി ചരിത്രത്തിലുണ്ട്. കുർത്തുബയിൽ വെച്ചുള്ള ഇബ്നു റുശ്ദുമായുള്ള ശൈഖിന്റെ സംഗമം പ്രസിദ്ധമാണ്.


മോറോൻ

ശൈഖ് അബ്‌ദുല്ല ബിൻ ഉസ്താദുൽ മോറോറീ

"അല്ലാഹുവിൽ ഭരമേൽപ്പിക്കുക’ (തവക്കുൽ) എന്നതിന്റെ ആന്തരിക, ബാഹ്യ തലങ്ങൾ കൃത്യമാക്കുകയും, പകർത്തുകയും ചെയ്യണം എന്ന ലക്ഷ്യത്തോടെ ഇബ്നുൽ അറബി സഞ്ചരിച്ചിരുന്നു. ഇതിനുള്ള ഉത്തരമായാണ് ശൈഖ് അബ്‌ദുല്ലയുമായുള്ള (റ) ബന്ധം സാധിപ്പിച്ചത്. അദ്ദേഹത്തിന്റെ സ്വഭാവങ്ങളിൽ ഏറ്റവും ഉന്നതമായ ഒന്നായിരുന്നു അല്ലാഹുവിൽ ഭരമേൽപ്പിക്കുക എന്നത്. അരിസസ്റ്റോട്ടിലിന്റെ ഒരു ഗ്രന്ഥത്തെ കവച്ചു വെക്കുന്ന രചനക്ക് ഇബ്നുൽ അറബിക്ക് പ്രചോദനമായാത് ശൈഖ് അബ്‌ദുല്ലയായിരുന്നു.²¹


മാർച്ചീനയിലേക്ക്

യാസ്മീൻ മാർച്ചീന

ഫാത്തിമതുൽ കുർത്തുബിയ്യയെ പോലെ തന്നെ പ്രായം ചെന്ന മഹതിയാണ് യാസ്മീൻ (റ). ‘ശംസു ഉമ്മുൽ ഫുഖറാഅ്’ എന്ന് അപര നാമമുണ്ട്. ഔലിയാക്കളിലെ ഉന്നത സ്ഥാനീയരിൽ ഒരാളാണ് മഹതിയെന്ന് ഇബ്നുൽ അറബി പറയുന്നുണ്ട്.


അന്തലൂസിലേക്ക് (ഹി. 589)

ശൈഖ് സ്വാലിഹ് അദവീ

മുഴു സമയവും ഖുർആൻ പാരായണത്തിനു വേണ്ടി മാറ്റി വെച്ച ജീവിതമാണ് ഇദ്ദേഹത്തിന്റേത്. പ്രപഞ്ച പരിത്യാഗിയായ ഇദ്ദേഹത്തിന് സ്വന്തമായി വീട് പോലുമുണ്ടായിരുന്നില്ല എന്ന് ഇബ്നുൽ അറബി ഓർമ്മിക്കുന്നുണ്ട്.²² ധാരാളം ആരാധനകൾ ചെയ്യുന്ന ശൈഖ് സ്വാലിഹ് (റ) , അദ്ദേഹം ആരംഭിച്ച നിസ്കാരത്തിന്റെ ഒരു റകഅത്ത് പോലും പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടായിരുന്നതായി കാണാം. ഇലാഹീ ഭയത്താൽ നിറഞ്ഞ ജീവിതമായിരുന്നു അതിനു കാരണം.


ശൈഖ് ഇബ്നുൽ അറബി ശൈഖ് സ്വാലിഹ് അദവിയോടൊപ്പം അല്പം വർഷം മാത്രമാണ് ജീവിച്ചത്. ആ കാലയളവിലെ ശൈഖ് സ്വാലിഹ് ഉരുവിട്ട വാക്കുകളെ എനിക്ക് പറയാൻ സാധിക്കുമെന്ന് ഇബ്നുൽ അറബി പറയുന്നുണ്ട്. ശൈഖ് സ്വാലിഹിന്റെ അത്യാവശ്യത്തിനു വേണ്ടി മാത്രം സംസാരിക്കുന്ന പ്രകൃതമായിരുന്നു അതിന് കാരണം.


ശൈഖ് അബൂ അബ്ദുല്ല മുഹമ്മദ്‌ ശർകീ

ധാരാളം നിസ്കാരം നിർവ്വഹിച്ച കാരണത്താൽ ഇരു കാലുകൾക്കും നീർക്കെട്ട് ബാധിച്ചയാളാണ് ഇദ്ദേഹം. നിസ്കാരത്തിലേക്ക് പ്രവേശിച്ചാൽ അദ്ദേഹത്തിന്റെ താടി രോമത്തിലൂടെ കണ്ണു നീർ ഒഴുകുന്നത് കാണാം.


ഒരിക്കൽ ഇബ്നുൽ അറബി ജനങ്ങളോടൊപ്പം അശ്രദ്ധയിലായി നിനക്കുന്ന നേരം ഗുരുവായ അബൂ അബ്ദുല്ല (റ) ശിഷ്യന്റെ ഇരു കാതുകളിൽ പിടിച്ചു കൊണ്ട് ചോദിച്ചു: ‘നീ ഇത് ചെയ്യാൻ പാടുണ്ടോ?’. പൊടുന്നനെ കേട്ട ചോദ്യം ഇബ്നുൽ അറബിയെ ഭയപ്പെടുത്തി. അവിടുന്ന് മാറി ഗുരുവിനോടൊപ്പം പള്ളിയിലേക്ക് പ്രവേശിക്കുകയും ചെയ്തു.²³


Foot notes:

1. ശൈഖ് ഇബ്നുൽ അറബി പറയുന്നു: ഖലീഫ യൂസഫ് മുസ്തഞ്ചദ് ബില്ലാഹ് എന്നവരുടെ കാലത്താണ് സെവില്ലയിൽ ഞാൻ ജനിക്കുന്നത്. ജുമുഅ ദിവസത്തിലെ ഖുതുബയിൽ ഖലീഫ യൂസഫ് മുസ്തഞ്ചദ് ബില്ലാഹ് എന്നവരെ പരാമർശിക്കുന്നത് ഞാൻ കേൾക്കാറുണ്ടായിരുന്നു. (ഇബ്നുൽ അറബി: ജീവിതവും വിശ്വാസവും - അബ്ദുറഹ്മാൻ ബദവി)
ഖലീഫ യൂസഫ് മുസ്തഞ്ചദ് ബില്ലാഹ് എന്നവരുടെ ഭരണ കാലം ഹിജ്‌റ: 555 മുതൽ 566വരെയാണ്. (താരീഖുൽ ഖുലഫാ: ഇമാം സുയൂത്വി.)
2. സെവില്ലയിലേക്കുള്ള ഈ പലായനം കൃത്യമായി എപ്പോഴാണ് നടന്നതെന്നത് പറയാൻ സാധ്യമല്ല. പക്ഷെ, ഹിജ്‌റ:580 നു മുമ്പ് ഈ പലായനം നടന്നിട്ടുണ്ടെന്ന് ഉറപ്പാണ്. കാരണം ഈ വർഷത്തിലാണ് (അഥവാ ഹിജ്‌റ:580 ൽ) ശൈഖ് ഇബ്നുൽ അറബി സൂഫി ലോകത്തേക്ക് കടന്നു വരുന്നത്. ഈ വിഷയം ശൈഖ് ഇബ്നുൽ അറബി തന്നെ രേഖപ്പെടുത്തുന്നുണ്ട്. (ഇബ്നുൽ അറബി: ജീവിതവും വിശ്വാസവും- അബ്ദുറഹ്മാൻ ബദവി)
3. മുവഹിദീൻ ഭരണ കൂടത്തിന്റെ മൂർസിയയിലേക്കുള്ള വ്യാപനമാണ് ഈ ഗതിമാറ്റം കൊണ്ട് താല്പര്യം. മറാബിത്തീൻ ഭരണ കൂട നേതൃത്വം ഇബ്നു മർദനീശ് (ഹി.518-567) എന്ന ഭരണാധികാരിയുടെ പതനത്തോടെയാണ് മുവഹിദീൻ ഭരണ കൂടം കടന്നു വരുന്നത്.
4. പിതൃവ്യനായ ശൈഖ് അബ്‌ദുല്ല ബിൻ മുഹമ്മദ്‌ ബിൻ അറബിയുമായുള്ള സംഗമം ഹിജ്‌റ:580 ന് മുമ്പാണെന്നത് ശൈഖ് ഇബ്നുൽ അറബിയുടെ പരാമർശങ്ങൾ തെളിയിക്കുന്നുണ്ട്.
5. റൂഹുൽ ഖുദ്സ്
6. റൂഹുൽ ഖുദ്സ്
7. ഫുതൂഹാതുൽ മക്കിയ്യ
8. ഫുതൂഹാതുൽ മക്കിയ്യ
ശൈഖ് മുഹമ്മദ്‌ ബിൻ ഖലഫ് ലഖ്മീ.
ഈ ഗുരുവിനെ കണ്ടു മുട്ടുന്നത് ഹി.578 ലാണെന്നും ശൈഖ് ഇബ്നുൽ അറബി തന്നെ തന്റെ ഫുത്തൂഹാതിൽ മക്കിയ്യയിൽ രേഖപെടുത്തുന്നു.
9. ഫുതൂഹാതുൽ മക്കിയ്യ
10. ഫുതൂഹാതുൽ മക്കിയ്യ
11. റൂഹുൽ ഖുദ്സ് ഇദ്ദേഹവും, ശേഷം വരുന്ന ഗുരുവുമായുള്ള സഹവാസം തന്റെ ചെറു പ്രായത്തിൽ ആണെന്ന് ശൈഖ് ഇബ്നുൽ അറബി ഓർക്കുന്നുണ്ട്. അത് ഹി.589 ന് മുമ്പാണെന്ന് അനുമാനിക്കാം. മറ്റു ചില രേഖകളും ഇതിനെ ബലപ്പെടുത്തുന്നുണ്ട്.
12. റൂഹുൽ ഖുദ്സ്
13. റൂഹുൽ ഖുദ്സ്
14. പ്രസ്തുത ഗുരു ഹി. 586ൽ തന്നോട് ചോദിച്ച ചോദ്യവും, സന്ദർഭവും ശൈഖ് ഇബ്നുൽ അറബി ഫുതൂഹാതിൽ മക്കിയ്യയിൽ രേഖപ്പെടുത്തുന്നുണ്ട്.
15. ഫുതൂഹാതുൽ മക്കിയ്യ
16. റൂഹുൽ ഖുദ്സ്
17. പ്രസ്തുത കാലയളവിൽ സെവില്ലയിൽ വെച്ച് കണ്ടു മുട്ടിയ പ്രമുഖ മൂന്ന് സൂഫിയ്യാക്കളിൽ ഒരാളായി ഇദ്ദേഹത്തെ ഇബ്നുൽ അറബി റൂഹുൽ ഖുദ്സിൽ എഴുതുന്നുണ്ട്.
18. റൂഹുൽ ഖുദ്സ്
19. ഫുതൂഹാതുൽ മക്കിയ്യ
20. തദ്ബീറാത്തുൽ ഇലാഹിയ്യ
21. റൂഹുൽ ഖുദ്സ്
22. റൂഹുൽ ഖുദ്സ്
23. റൂഹുൽ ഖുദ്സ്

Sufism
Travellings
Ibnu Arabi
Islam

Related Posts

Loading