KATIB

KATIB

Search across Katib

Articles

Fictions

Podcasts

Quick Links

ജംഗിൾ പാർലമെന്റ്

സനീർ നുറാനി ഗോളിയടുക്ക

ഉച്ചയൂണിന് സമയമായി. കുശിനിയിൽ ചെന്ന് കുത്തരിച്ചോറും മീൻ കറിയും ക്യാരറ്റ് തോരനും വെണ്ടക്ക ഉപ്പേരിയും ഒറ്റ പാത്രത്തിലാക്കി ഞാൻ മേശപ്പുറത്തിരുന്നു. പിറകെയായി, അമ്മയിൽനിന്ന് ഊണും കൂട്ടുകറികളും സ്വീകരിച്ച് മകൻ മേശപ്പുറത്തെത്തി. പ്ലേറ്റിൽ ഒരുമിച്ചുകൂടിയ വിവിധ വർണ്ണങ്ങളെ പ്രതിനിധീകരിക്കുന്ന തോരൻമാരും ഉപ്പേരിമാരും ചോറിലേക്ക് അതിദ്രുതം പാഞ്ഞടുക്കാൻ ശ്രമിക്കുന്നതായി എനിക്ക് തോന്നിയതും, എല്ലാം കൂട്ടിക്കുഴച്ച് ഉരുളയാക്കി വിഴുങ്ങിയതും ഒന്നിച്ചായിരുന്നു. അവൻ എന്നെ അനുകരിച്ചു.


ലിവിങ് റൂമിലെ മൂകതയെ തകർത്ത് സ്മാർട്ട് ടെലിവിഷൻ പ്രവർത്തിച്ചു. റിമോട്ടിലെ ഫോർവേഡ് ബട്ടൻ ജംഗിൾ ന്യൂസ് ചാനലിൽ ചെന്നുനിന്നു. ട്വന്റിഫോർ-ലേക്കുള്ള എന്റെ ഓട്ടത്തെ, ഡിസ്കവറിയിൽ അനേകം കൂട്ടുകാരുള്ള അവൻ ജങ്കിൾ ന്യൂസ് കാണാൻ എന്നെ പ്രലോഭിപ്പിച്ച് നിർത്തുകയായിരുന്നു.


തൽസമയ സംപ്രേക്ഷണമാണ് ചാനലിൽ നടക്കുന്നത്. കാട്ടുസഭയിൽ വിവിധ മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഒരുഭാഗത്ത് ചമ്രംപടിയിട്ടിരിക്കുന്നു. മറുഭാഗത്ത് സ്പീക്കറും, മുൻ വരിയിൽ രാജാവും ആഭ്യന്തരമന്ത്രിയും ഇരിക്കുന്നുണ്ട്. സഭയിലെ നിശബ്ദതയെ ഭേദിച്ച് ഒരു പ്രസംഗശബ്ദം പൊങ്ങി. ആഭ്യന്തരമന്ത്രി കടുവ,പീഠത്തിനു മുന്നിൽ നിന്ന് സ്പീക്കറായ കരടിയോട് ആംഗ്യാനുവാദം തേടി, പ്രസംഗം തുടങ്ങി. സദസ്സ് ഗാഢമായ മൗനത്തിലേക്ക് നീങ്ങി. പുതിയ നിയമം വല്ലതും ആയിരിക്കുമോ എന്ന ആലോചനാഭയം മുറ്റിയ മുഖങ്ങളൊക്കെ ക്യാമറകണ്ണുകൾ വഴി ദൃശ്യമായിരുന്നു.


" ആദരവുള്ള സിംഹ രാജാവ്, മറ്റു പ്രിയപ്പെട്ട പാർലമെന്റ് അംഗങ്ങളെ…,നീണ്ട ആമുഖങ്ങളിലേക്ക് കടക്കാതെ വിഷയത്തിലേക്ക് പ്രവേശിക്കട്ടെ, സഭയിലെ പലരുടെയും സംസാരങ്ങൾ സിംഹ രാജാവിന് ഇഷ്ടപ്പെടുന്നില്ലതാനും. അതിനാൽ സഭയിൽ സ്ഥിരോപയുക്തമായ തുച്ഛം വാക്കുകൾക്ക് വിലക്കേർപ്പെടുത്താൻ രാജാവ് തീരുമാനിച്ചിരിക്കുകയാണ്. ഇത് നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം അല്ല. ഇനിയും നിങ്ങൾക്ക് അഭിപ്രായം പറയാം, പക്ഷേ, ഇവിടെ വിലക്കേർപ്പെടുത്താൻ തിരഞ്ഞെടുക്കപ്പെട്ട 65ഓളം വാക്കുകൾ സഭയിൽ ആരും ഉപയോഗിക്കരുത്. നിയമം ലംഘിക്കുക യാണെങ്കിൽ ആനയെ ഉപയോഗിച്ചുള്ള ഭവനഭേദനം, കാട്ടുതടങ്കൽ, കാടുകടത്തൽ തുടങ്ങിയ ശിക്ഷാനടപടികൾ രാജാവിന് സ്വീകരിക്കേണ്ടിവരും . ബഹുമാനപ്പെട്ട സിംഹ രാജാവിന് ഏറ്റവും അസഹ്യമായി തോന്നിയതിൽ നിന്ന് തെരഞ്ഞെടുത്ത വാക്കുകളാണ് ഞാൻ ഇവിടെ വായിക്കുന്നത്. ഇളിഭ്യൻ, മുതലക്കണ്ണീർ, കഴുത, ചോരക്കളം...,


സമയത്തിന്റെ അഭാവം കൊണ്ടും, സിംഹ രാജാവിന് വിദേശ കാട്ടിൽ ഒരു സന്ദർശനം ഉള്ളതിനാലും മുഴുവനും ഇവിടെ വായിക്കൽ സാധ്യമല്ല. സഭയിൽ നിരോധിച്ച മുഴുവൻ വാക്കുകളും പബ്ലിക് ജംഗിൾ ബോർഡ് വഴി പാർലമെന്റ് അംഗങ്ങളായ നിങ്ങളെ അറിയിക്കുന്നതായിരിക്കും. നന്ദി, ജയ്രാജ".


ആഭ്യന്തര മന്ത്രിയുടെ പ്രസംഗം കഴിഞ്ഞയുടനെ തന്നെ ആദിവാസി സമൂഹത്തിന്റെ പ്രതിനിധിയായ ചിമ്പാൻസി അഭിപ്രായത്തിനായി എഴുന്നേറ്റുനിന്നു. കഴുത എന്ന പദം ഉപയോഗിക്കാൻ പറ്റുകയില്ല എങ്കിൽ കഴുത ചേട്ടനെ നാം എന്ത് വിളിക്കും? ´. കഴുതയും സദസ്സും ഒരു ചോദ്യചിഹ്നം പോലെ കൂമ്പി ഇരുന്നു. അല്പക്ഷണം മൗനമായിരുന്നതിന് ശേഷം കടുവ അതിലാഘവത്തോടെ മറുപടി പറഞ്ഞു. 'അയാൾക്ക് പുതിയ നാമം സ്വീകരിക്കാവുന്നതാണ്.´ വസ്തുതാപരമായ ചോദ്യത്തെ എയറിൽ കേറ്റി കടുവ ഞെളിഞ്ഞു ചിരിച്ചു. സ്പീക്കറായ കരടിയും കടുവയുടെ ചിരിയിൽ പങ്കു ചേർന്നു. വർഗ്ഗ നാമം നഷ്ടപ്പെട്ട വ്യഥയിൽ കഴുത കരച്ചിലിന്റെ വക്കിലെത്തി. സുഹൃത്തുക്കളായ കുരങ്ങനും പുള്ളിമാനും സഭയിൽ കണ്ണുനീര് ഇറ്റി വീഴാത്ത വിധം ആശ്ലേഷിച്ചു. ചിമ്പാൻസി വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. അപ്പോൾ മുതലക്കണ്ണീരോ?´ വ്യക്തമായ മറുപടിയുടെ ക്ഷാമം കടുവയെ കുഴപ്പിച്ചു. ഉടനെത്തന്നെ സിംഹം വിക്ഷുബ്ദ്ധനായി. അതോടെ മൗനം വാചാലമായി. സ്പീക്കർ ഇടപെട്ടു. ക്രോക്കഡൈൽ ടീയേഴ്‌സ് ´ എന്ന് പറഞ്ഞാൽ മതിയെന്ന് ഫലിത വർത്തമാനം പറഞ്ഞു. ഇനിയുള്ള നിങ്ങളുടെ പ്രതികരണങ്ങൾ സൂക്ഷ്മമായി പരിശോധിച്ചു രാജാവിന് അസഹ്യമാകുന്നതെല്ലാം എടുത്തു കളയും എന്ന് കൂടെ അദ്ദേഹം കൂട്ടിച്ചേർത്ത് സഭ പിരിഞ്ഞു. കാട്ടിലെ ആനകളിൽ അതിസമ്പന്നനായ അദാനയെ കാണാൻ രാജാവ് വിദേശത്തേക്ക് നീങ്ങിയതോടെ ചാനൽ പരസ്യത്തിലേക്ക് നീങ്ങി.


എപ്പഴോ കാലിയായ പ്ലേറ്റ് ഉണങ്ങികിടപ്പാണ് . പെട്ടെന്ന് ചാനൽ മാറ്റി, ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു കുടിച്ചു. ദേ പിന്നെയും ലൈവ്. ഇത് എൻഡിടിവി യിൽ ആണെന്ന് മാത്രം. ലോക്സഭാ സമ്മേളനം നടക്കുന്നു.ഒരു ഭാഗത്ത് അംഗങ്ങൾ, മറുഭാഗത്ത് സ്പീക്കർ, മുൻ വരിയിൽ `രാജാവും´ തൊട്ടപ്പുറത്ത് ആഭ്യന്തരമന്ത്രി. ജംഗിൾ ന്യൂസിൽ കണ്ട അതേ സെറ്റപ്പ്, അതേ വിഷയം,അതേ സ്വരം, അതേ പ്രത്യയശാസ്ത്രം. രണ്ട് സംപ്രേഷണങ്ങൾ തമ്മിൽ ഒന്നോ രണ്ടോ വകഭേദങ്ങൾ മാത്രമാണുണ്ടായിരുന്നത് . അത് പറയാനായി എന്റെ മനസ്സ് ഉഴറി. പതിഞ്ഞ സ്വരത്തിൽ മനസ്സ് പറഞ്ഞു :' കാട്ടിൽ അധികാരം പുലമ്പുന്നത് വിവസ്ത്രരാണ്,ഇവിടെ അത് ധരിച്ചവരും', വസ്ത്രം ധരിച്ചവരിലും മൃഗങ്ങളുണ്ടോ എന്നന്വേഷിക്കുന്നതിനിടെ പവർ കട്ട് കറന്റ് കട്ടു.

Fictions

Related Posts

Loading