പ്രവാചക പ്രകീർത്തന കാവ്യങ്ങൾ പാരായണം ചെയ്ത് കഴിയുന്നതോടെ, പ്രകാശ പൂരിതമായ ജാമിഉൽ ഫതൂഹിനകത്തെ (മർകസ് നോളജ് സിറ്റി) വിളക്കുകൾ ഓരോന്നായി അണഞ്ഞ് തുടങ്ങും. ചെറിയ മിന്നാവെട്ടം മാത്രം ബാക്കിയാക്കി ഇരുട്ടൊ(ഭാഗികമായ)രുക്കുന്ന പ്രതീതിയിൽ ആത്മ നിർവൃതികൾ ഇസ്തിഗ്ഫാറിരക്കും (ചെയ്‌ത പാപങ്ങൾക്ക് അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്ന പ്രാർത്ഥന).
ആരാധനകൾ, അനുഷ്ഠാനങ്ങൾ എന്നിവ കൊണ്ട് സമ്പന്നമായ വിശ്വാസിയുടെ ജീവിത ലക്ഷ്യം സാധ്യമാകുന്നത് കർമ്മങ്ങളുടെ സ്വീകാര്യതയിലൂടെയാണ്. സ്രഷ്ടാവിൻ്റെ ഔദാര്യത്തോടൊപ്പം, സ്വീകാര്യത എന്നത്, നിർവഹണങ്ങളിലുള്ള വ്യക്തിയാത്മാർഥതയിലും ആശ്രയിച്ചിരിക്കുന്നു. കർമ്മോദ്ദേശത്തിൻ്റെ പൂർണ്ണതയും സാഫല്യത്തിൻ്റെ നിദാനവുമായും വർത്തിക്കുന്ന ഖുശൂഅ് (ആത്മാർഥത), വ്യക്തിയെ ഭൗതിക താൽപര്യങ്ങളിൽ നിന്നും ആത്യന്തികവും ദൈവികവുമായ ലക്ഷ്യത്തിലേക്ക് നയിക്കുന്നു. ഭൗതിക ബന്ധിതമായ ആത്മാവിൽ അഭൗതികതയും ദൈവികതയും രൂപപ്പെടുന്നത് ലൗകികതയോടുള്ള തിരസ്‌ക്കാരം കൊണ്ടാണ്. ഭാഗികമെങ്കിലും, ഈയൊരു ഭൗതിക വിരക്തി, ആരാധന- അനുഷ്ഠാന നിർവഹണങ്ങളിൽ സാധ്യമാക്കുന്ന രീതിയായി വിശ്വാസികൾ ഏകാന്ത ഇടങ്ങളെ കണക്കാക്കുന്നു, ഏകാന്തതയുടെ മാധ്യമമായി ഇരുട്ടിനെയും.
ഭൗതികമായ പരിസരത്തെയും വസ്തുവിനെയും നേത്ര ദൃഷ്ടിയിൽ നിന്നും മറക്കുന്ന ഇരുട്ട് (Darkness), സാങ്കൽപ്പിക (imaginative) വും ആന്തരിക(internal)വും അഭൗതിക(immaterial)വുമായ ഒരു ദൃഷ്ടിപദത്തെ അവതരിപ്പിക്കുന്നുണ്ട്. ഭീതിയുടെയും ശൂന്യതയുടെയും നിഗൂഢതയുടെയും പ്രതീകമായ ഇരുട്ടിനെ ബന്ധിതവും സങ്കുചിതവുമായ മനസ്സിൻ്റെയും ചിന്തയുടെയും മോക്ഷമായും കാണാനാകും. ലൗകികത വെടിഞ്ഞ്, സൃഷ്ടികളിൽ നിന്നും നിരാശ്രയനായി സമ്പൂർണ്ണ ദൈവ സമർപ്പണം നടത്തുന്ന സൂഫി ജീവിതങ്ങൾ, ഇരുളിട(Dark Zone)ങ്ങളിൽ അഭയം കണ്ടത്തുന്നതും ആത്മാവിൻ്റെ മോചനവും ഭൗതികതയുടെ അസാന്നിധ്യവും ലക്ഷ്യമാക്കി തന്നെയാണ്. ഇരുട്ടും വിശ്വാസിയാചാരങ്ങളും തമ്മിലുള്ള ഈയൊരു ബന്ധത്തിൻ്റെ അടിസ്ഥാനത്തിൽ തമസ്സിനെ വിശുദ്ധിയായും പവിത്രമായും വിശുദ്ധ തമസ്സെന്ന (Sacred Darkness & Holly Darkness) പ്രയോഗത്തോടെയും ഹോലി മൊയസ് (Holley Moyes), തൻ്റെ Sacred Darkness: A Global Perspective on the Ritual Use of Caves എന്ന പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്.
ഇത്തരത്തിൽ വിവിധ മത വിശ്വാസങ്ങളിൽ സ്വീകാര്യത നേടിയ ഇരുട്ടിനെയും ഇരുളിടങ്ങളെയും അതൊരുക്കുന്ന ഖുശൂഇ(ആത്മാർഥത)നെയും മാപ്പിള സാമൂഹികതയിൽ നിന്നും പഠന വിധേയമാക്കുകായാണിവിടെ. ഇരുട്ടിൽ നിർവഹിക്കുന്ന ആരാധനയുടെ കർമശാസ്ത്ര വിധിയും വീക്ഷണ വൈജാത്യവും വിഷയീഭവിക്കാതെ, പ്രകൃതിദത്തമായ ഇരുട്ടി(natural darkness)നുപരിയായി, മാപ്പിള മുസ്‌ലിംകൾ ആത്മാർത്ഥത രൂപീകരണ ഉപാധിയായി കണക്കാക്കുകയും നിർമ്മിക്കുകയും ചെയ്യുന്ന ക്രിയാത്മക ഇരുളിടങ്ങളു(creative dark zones)ടെയും ഇരുട്ടിൻ്റെയും വിവിധ രൂപങ്ങൾ, സമീപനങ്ങൾ എന്നിവ അന്വേഷിക്കുന്നു.
ഇരുട്ട്: മനുഷ്യനും മനശ്ശാസ്ത്രവും
മനുഷ്യ ചിന്തയെയും സാങ്കല്പികതയെയും സ്വാധീനിക്കുന്ന പുറം കാഴ്ചകളുടെ അഭാവം, ബന്ധിതമല്ലാത്തതും ഭൗതിക മോക്ഷം നേടിയതുമായ അകം കാഴ്ചകൾക്ക് വഴിയൊരുക്കുന്നു. ഇരുട്ടിൽ മറയുന്ന ഭൗതികതയുടെ സ്ഥാനത്ത് അഭൗതികവും അലൗകികവുമായ മനസ്സിൻ്റെ സഞ്ചാരവും സാധ്യമാകുന്നു. ഉത്തരവാദിത്വ ഭാരങ്ങളിൽ നിന്നും ദൈനംദിന തിരക്കുകളിൽ നിന്നും മനസ്സിനെ മോചിപ്പിക്കാനും സാഹചര്യങ്ങളും വിഷാദങ്ങളും സൃഷ്ടിച്ച അസ്വസ്ഥതകൾക്കും അസന്തുലിതമായ മാനസികാവസ്ഥക്കും പരിഹാരിയായി കണ്ണടച്ച് സ്വയം ഇരുട്ട് കണ്ടത്തുന്ന യോഗാസനങ്ങളും ഇരുട്ടിൽ ഏകാന്തത കണ്ടെത്തുന്ന രീതിയും മനുഷ്യൻ വർത്തിച്ച് പോരുന്നവയാണ്.
ഡാനിയൽ മോണ്ടെല്ലോയും ഹോളി മൊയസും (Deniel Montello & Holley Moyes, 2012), Why Dark Zones are Sacred: Turning to Behavioural and Cognitive Science for Answers എന്ന പ്രബന്ധത്തിലൂടെ ഗുഹകളുമായുള്ള യാഥാർത്ഥ്യവും സാങ്കൽപ്പികവുമായുള്ള മാനുഷിക ഇടപെടലുകളെ അന്വേഷണത്തിന് വിധേയമാക്കി, ഇരുണ്ട മേഖലകൾ മനുഷ്യ മനസ്സിൽ (human psych) ചില കൂടുതൽ അടിസ്ഥാനപരമായ കാര്യങ്ങൾ ഉൽപാദിക്കുന്നുവെന്ന് വാദിക്കുന്നുണ്ട്. എൻവിയോൺമെൻ്റൽ സൈക്കോളജി, കോഗ്നിറ്റീവ് & പേഴ്സപ്ഷ്യൽ സൈക്കോളജി, ബിഹാവിയറൽ & കോഗ്നിറ്റീവ് ജിയോഗ്രഫി, പ്ലാനിംഗ് & ആർക്കിടെക്ചർ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഭൗതിക പരിസരങ്ങൾ മനുഷ്യ മനസ്സിനെയും സ്വഭാവത്തെയും സ്വാധീനിക്കുന്ന വിധത്തെ ഇവർ പഠന വിധേയമാക്കിയത്. ഗുഹയുടെ ഭൗതിക ഗുണങ്ങൾ മനുഷ്യ മനസ്സിൻ്റെ പ്രതികരണങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് ഇവർ മുന്നോട്ട് വെക്കുന്നു. താമസയോഗ്യമല്ലെങ്കിലും, ഇരുളിടങ്ങൾ മനുഷ്യൻ്റെ സാങ്കല്പികതയെയും 'സാങ്കല്പിക ഭൂമിശാസ്ത്ര' (imaginary geographies) ത്തെയും ഉത്തേജിപ്പിക്കുന്നുണ്ടെന്ന് ഗല്ലെസെയും ലാകോഫും (Gallese & Lakof) The Role of Sensory- Motor System in Conceptual Knowledge എന്ന പഠനത്തിലൂടെ മുന്നോട്ട് വെക്കുന്നു.
ഇരുളിടങ്ങളിലെ ആരാധനകൾ
ഇരുളിടങ്ങൾ ആചാര, അനുഷ്ഠാനങ്ങളുടെ ഇടമായി ചരിത്രത്തിൻ്റെ വിവിധ കാലഘട്ടങ്ങളിൽ വർത്തിച്ചിരുന്നുവെന്ന് കാണാനാകും. മൈൽസ് ബർകിട്ടും ഫോൾക്‌നറും ഹോളും ഹൈസറും (Miles Burkitt, 1933; Faulkner, 1988; Hole & Heizer, 1965) പ്രാചീന ശിലായുഗത്തിൽ (Paleolithic) നിലന്നിരുന്ന ഗുഹക്കകത്തെ ഇരുണ്ട ഇടങ്ങൾ കൂടുതലും ആരാധന ഇടങ്ങളായിരുന്നുവെന്ന് അവകാശപ്പെടുന്നുണ്ട്. എല്ലായിടത്തും- സമയത്തും ഗുഹകളെക്കുറിച്ച് മനുഷ്യൻ ഭയഭക്തിയനുഭവങ്ങൾ നിലനിർത്തിയിരുന്നതായും അമാനുഷിക ശക്തികൾ, ദുർപ്രേതങ്ങൾ, ദൈവം, മരണം എന്നിവയുടെ വ്യവഹാര മണ്ഡലമായും ഗുഹകളെ ഗ്രീക്ക് മിത്തോളജി ഉദാഹരിച്ച് ജീൻ ക്ലോട്ടസ് (Jean Clottes, 2012) Ritual Cave Use in European Paleolithic Caves എന്ന ആർടിക്കിളിൽ പ്രതിപാദിക്കുന്നു. പരിസ്ഥിതി സൗന്ദര്യശാസ്ത്ര (environmental aesthetics) പഠനങ്ങളിൽ, ഗുഹാ ഇരുൾ മേഖലകൾ (cave dark zones) വിവരാത്മക ഗുണങ്ങളോടൊപ്പം (collative or informational properties) രഹസ്യവും സങ്കീർണ്ണതകളും നിറഞ്ഞ മേഖലയായി അവതരിപ്പിക്കുന്നുണ്ട്.
തമിഴ്നാട്, തഞ്ചാവൂരിലെ ബൃഹദേശ്വര ക്ഷേത്രത്തെ അടിസ്ഥാനമാക്കി, അനട് ഗേവയും അനുരാധ മുഖർജിയും (Anat Geva& Anuradha Mukharji) നടത്തിയ A Study of Light/Darkness in Sacred Settings: Digital Simulations എന്ന പഠനത്തിൽ, പരിശുദ്ധമായ ഇരുട്ട് (holy darkness), അനുഷ്ഠാനങ്ങളുടെ പ്രഗമനം സാധ്യമാക്കുന്നുവെന്ന പ്രസ്താവനയെ ശരിവെക്കുന്നുണ്ട്. മനുഷ്യ ദൃഷ്ടിയെ ഭൗതികതയിൽ നിന്നും വ്യതിചലിപ്പിച്ച് ദൈവികതയുടെ ആദ്ധ്യാത്മിക ലോകത്തേക്ക് നയിക്കുന്ന രീതിയിൽ ക്ഷേത്രകങ്ങൾ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നു. പ്രകൃതിദത്തമായ വെളിച്ചത്തെ ക്ഷേത്രത്തിനകത്ത് പ്രകാശത്തിൽ നിന്നും ഇരുട്ടിലേക്കുള്ള പുരോഗമനപരമായ പ്രകാശഗുണമായി അവതരിപ്പിച്ചത് ആരാധന നിർവഹിക്കുന്നവൻ്റെ ചലനത്തോട് ഇണക്കവും അവൻ്റെ/ അവളുടെ നേത്രത്തെ നിയന്ത്രണ വിധേയമാക്കുന്ന പരിസരവും സൃഷ്ടിച്ചുവെന്ന് അവർ നിരീക്ഷിക്കുന്നു.
സൃഷ്ടികളിൽ നിന്നും മോചനം നേടി, ഉപാസന, ആരാധന ഇടങ്ങളായി രൂപപ്പെടുത്തപ്പെട്ട ആശ്രമങ്ങളും ഖൽവകളും പർണ്ണശാലകളും ഇരുട്ടിനേയും അത് മുഖേനെ ഏകാന്തതയേയും ഉൽപ്പാദിപ്പിക്കുന്ന രീതികളെ വിവിധ മത വിശ്വാസങ്ങളിലും ആദ്ധ്യാത്മിക വിഭാഗങ്ങളിലും കാണാനാകും.
ക്രിയാത്മക ഇരുളിടങ്ങൾ; വിശ്വാസിയുടെ ആചാര- അനുഷ്ഠാനങ്ങൾ
"വെള്ളിയാഴ്ച രാവുകൾ, മർകസ് ഗാർഡനി(പൂനൂർ, കോഴിക്കോട്)ലെ മസ്ജിദ് സുവൈദാനിൽ സംഘടിപ്പിക്കുന്ന പ്രവാചക പ്രകീർത്തന, പ്രാർത്ഥന സംഗമത്തിൻ്റെ ഒടുവിൽ ഉസ്താദ് എണീറ്റ് നിൽക്കും. വലത് ഭാഗത്തെ ചുമരിലുള്ള പച്ച ഖുബ്ബയിലുള്ളതല്ലാത്ത ചുറ്റുമുള്ള എല്ലാ വെളിച്ചവും അണക്കുവാൻ ആവശ്യപ്പെടും. ഇരുട്ട് പരക്കുന്നതോടെ നിശബ്ദത തളം കെട്ടും. പതിഞ്ഞ സ്വരത്തോടെ ഉസ്താദ് പറഞ്ഞു തുടങ്ങും, 'എല്ലാവരും കണ്ണടക്കൂ... ചെയ്ത പാപങ്ങൾ, ഭൂതകാല ജീവിതം, ഭാവി ലക്ഷ്യം എല്ലാം ഓർത്തെടുക്കൂ...' പതിയെ കണ്ണ് തുറന്ന് പച്ച ഖുബ്ബയിലേക്ക് മാത്രം നോക്കാനാവശ്യപ്പെടും. തിരുനബി (മുഹമ്മദ് നബി) സാക്ഷിയാകും വിധം ചില ആത്മീയ അനുഷ്ഠാനങ്ങൾ പതിവാക്കാനുള്ള പ്രതിജ്ഞകൾ എടുപ്പിക്കും. വെളിച്ചം തെളിയുമ്പോഴേക്കും പരുക്കമെന്ന് സ്വനാമകരണം ചെയ്ത ഹൃദയാന്തരങ്ങൾ പോലും നനുത്ത് കാണും."
സദാസമയ-പ്രകൃതിദത്ത ഇരുളിടങ്ങളെ അനിവാര്യമാക്കുന്നതിന് പകരം, പ്രകാശ പരിസരങ്ങളിലും പൊതു ഇടങ്ങളിലും ഏകാന്തതയും ആത്മാർഥയും ആരാധനകളിൽ കൈവരാൻ ക്രിയാത്മക ഇരുട്ടിലൂടെ മാപ്പിളമാർ ശ്രമിക്കുന്ന സന്ദർഭങ്ങൾ നിരവധിയാണ്. ദൈനംദിനവും സാന്ദർഭികവുമായ അനുഷ്ഠാനങ്ങൾ (daily& occasional practices) ഇരുളിടങ്ങളിൽ നിർവഹിക്കലിലൂടെ കർമ്മങ്ങളിൽ സംതൃപ്തി കണ്ടെത്താൻ മാപ്പിളക്ക് സാധിക്കുന്നു. പൊതു ഇടങ്ങളിൽ അദ്കാറുകൾ (മന്ത്രങ്ങൾ) പാരായണം ചെയ്യുമ്പോഴും പ്രാർത്ഥന നിർവഹിക്കുമ്പോഴും മേൽപ്പോട്ടുയർത്തിയ ഇരുകരങ്ങളെ മുഖത്തോട് ചേർത്ത് പിടിച്ച് സ്വയം ഇരുട്ടൊരുക്കുന്നതും രാത്രി നിസ്‌ക്കാരത്തിനൊരുങ്ങുമ്പോൾ ജ്വലിച്ചുനിൽക്കുന്ന പ്രകാശമണക്കാൻ ആവശ്യപ്പെടുന്നതും അവനെ മുഖ്ലിസെന്ന് (ആത്മാർത്ഥമായി ആരാധന നിർവഹിക്കുന്നവൻ) നാമകരണം ചെയ്യുന്നതും ഇതിൻ്റെ മുസ്‌ലിം ജീവിതത്തിൽ നിന്നുമുള്ള ദൈനംദിന പ്രതിനിധാനങ്ങളാണ്. മാപ്പിളയുടെ പ്രധാന അനുഷ്ഠാനമായ ഖുതുബിയ്യത്തിൻ്റെ (മുഹിയുദ്ദീൻ ശൈഖിനെ വിളിക്കൽ) അനിവാര്യ ഘടകമായും ശൈഖിൻ്റെ അഭൗതിക സന്നിധ്യത്തിൻ്റെ കാരണമായും നിർവഹണ പരിസരത്തെ പൂർണ്ണമായ ഇരുട്ടിനെ പരിഗണിക്കുന്നു. പ്രത്യേക പ്രതിഫല രാത്രികളിലെ പാപമോക്ഷ (തൗബ സംഗമങ്ങൾ) പൊതു സംഗമങ്ങളിലെ ഇരുട്ട്, കർമ്മ സ്വീകാര്യതയുടെ മാനദണ്ഡമായ കുറ്റബോധത്തേയും വരുംകാല ഉപേക്ഷാ തീരുമാനങ്ങളെയും വിശ്വാസി ഹൃദയങ്ങളിൽ ഉൽപാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇരുട്ട് മൂടിയ പഴയകാല പള്ളിയുടെ അകവും മച്ചും ഖബർസ്ഥാനുകളും ജിന്ന് പോലോത്ത അഭൗതിക സാന്നിധ്യത്തിൻ്റെ ഇടമായി അവതരിപ്പിക്കപ്പെടുന്നു. ഖബറകത്തെ ഇരുട്ടിനെ മരണഭീതിയായി മതപ്രഭാഷണങ്ങളിലും ഗാനങ്ങളിലും പരിചയപ്പെടുത്തുന്നതിലൂടെ ഭയഭക്തി സന്നിവേഷം വിശ്വാസികളിൽ സാധ്യമാക്കുന്നു. സാർവകാല ഏകാന്തതയിലായി ആദ്ധ്യാത്മിക സരണിയിൽ അഭയം കണ്ടെത്തിയവരുണ്ടെങ്കിലും വിവിധ സമയങ്ങളിലും സന്ദർഭങ്ങളിലും ക്രിയാത്മക ഇരുൾ മേഖലകൾ സൃഷ്ടിച്ച് ആത്മീയ ചൈതന്യം നേടുകയാണ് സാധാരണ വിശ്വാസികൾ ആരാധനകളിലൂടെ ചെയ്യുന്നത്.